Wednesday, 30 January 2019
ഗുരുവിന്റെ സംഘടനാ സിദ്ധാന്തം (ഗുരുസാഗരം കോട്ടയം പ്രഭാഷണത്തിന്റെ കാമ്പ്)
ശരിയായി യോജിപ്പിക്കപ്പെട്ടത് എന്നതാണ് സംഘടനയുടെ അർത്ഥം. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങൾ ഉൾബോധത്താൽ നിയന്ത്രിക്കപ്പെടുന്നതുപോലെയാവണം സംഘടനയുടെ പ്രവർത്തനം. ശരീരിയായിരിക്കുന്ന ഒരാൾക്ക് നന്നായി ജീവിക്കാൻ ബുദ്ധിക്ക് തെളിച്ചം ആവശ്യമാണ്. തെളിഞ്ഞബുദ്ധികൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിക്കുന്നവനാണ് വിജയിക്കുന്നത്. ശരീരത്തിലെ ഒരു ചെറുവിരൽ എന്നതിന് തലയുടെ അത്രയും പ്രാധാന്യമില്ലെന്നു വേണമെങ്കിൽ പറയാം. വിരൽ നഷ്ടപ്പെടുന്നതും തല നഷ്ടപ്പെടുന്നതും ഒരുപോലെയല്ലല്ലോ? എന്നാൽ നിങ്ങൾ നോക്കൂ ചെറുവിരലിലെ ഒരു നഖം മുറിഞ്ഞാൽപോലും തല പേടിക്കും. തലയ്ക്ക് നോവും. ആ മുറിഞ്ഞുപോയ ഇടത്തേക്ക് ശരീരത്തിന്റെ മുഴുവൻ കേന്ദ്രങ്ങളും ശ്രദ്ധകൊണ്ടുവരും ശരീരംതന്നെ ഒരു രക്ഷാപ്രവർത്തനം നടത്തും. അതുപോലെയാവണം സംഘടനാനേതാവ്. തന്റെ സംഘടനയിലെ ഏറ്റവും ദുർബലനുപോലും ഒരു പീഡവരുത്താതെ അവനുണ്ടാകുന്ന പീഡപോലും കണ്ടുനോവുന്ന ആർദ്രഹൃദയമാണ് നേതാവിനുണ്ടാവേണ്ടത്. തലച്ചോറിന്റെ നിർദ്ദേശമാണ് അംഗങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തീയെ പിടിക്ക് എന്ന് തലച്ചോർ പറഞ്ഞാൽ കൈചെന്ന് തീയിൽ പിടിച്ചിരിക്കും. പക്ഷേ, പിടിച്ച കൈക്ക് വേദനിച്ചു എന്നറിഞ്ഞാൽ തലച്ചോർ കൈവലിക്കും. പൊള്ളിയത് കൈക്കല്ലേ എനിക്കല്ലല്ലോ എന്നത് ചിന്തിക്കില്ല. അതുകൊണ്ടുതന്നെ കൈക്കുപൊള്ളുന്ന ഇടത്തേക്ക് ഇറങ്ങിച്ചെല്ലാൻ അതിനെ തല പറഞ്ഞയക്കില്ല. അതാണ് തലയുടെ ജാഗ്രതയും സ്നേഹവും.അതായത് തലച്ചോറും ബുദ്ധികേന്ദ്രവും ഹൃദയവും എല്ലാം ഒറ്റശരീരത്തിലെ ശരീരിയുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ വേണം സംഘടന പ്രവർത്തിക്കാൻ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി ഇവയെല്ലാം നേടുന്നവർ ലോകനന്മയ്ക്കായി തങ്ങളുടെ ശുചിത്വബോധവും അർപ്പണമനോഭാവവും ഉപയോഗിക്കാൻ ഉണ്ടാക്കുന്ന കൂട്ടായ്മയാണ് ഗുരുവിന്റെ ഭാഷയിലുള്ള സംഘടന. വിദ്യാഭ്യാസം എന്നത് എല്ലാം ഒന്നിൽനിന്നുണ്ടായത് അതിനാൽ എല്ലാം ഒന്നാണ് എന്ന ബോധം നേടലാണ്. ആ ബോധം ഉള്ളിൽ നിലനിറുത്താനുള്ള ആന്തരിക് ശുചിത്വമാണ് ഗുരുവിഭാവനം ചെയ്യുന്ന ശുചിത്വം. എല്ലാം ഒന്നാണെന്ന ആന്തരബോധത്തിലിരുന്നുകൊണ്ട് ഈശ്വരനെ നന്ദിയോടെ സ്മരിക്കുന്നതാണ് ഗുരുവിന്റെ ഭാഷയിലെ ഈശ്വരഭക്തി. അങ്ങനെയുള്ളവർ നല്ലകാര്യങ്ങൾക്കായി ഒത്തുകൂടുന്നു. ഒരു ശരീരത്തിലെ അംഗോപാംഗങ്ങൾ ശരീരമടങ്ങിയ സിസ്റ്റത്തെ എത്ര കാര്യക്ഷമതയോടെ നയിക്കുന്നുവോ അത്രയും ക്ഷമയും ജാഗ്രതയും ദീർഘവീക്ഷണവും അർപ്പണബോധവും വേണം സംഘടനയ്ക്ക്. സംഘടന ഒന്നിനെയും നശിപ്പിക്കാനുള്ള കൂട്ടായ്മയല്ല, പുതിയലോകം സഷ്ടിക്കാനുള്ളതാണ്. ആർക്കും എതിരല്ല, എല്ലാവരുടെയും പൊതുനന്മയാണ് ലക്ഷ്യം വയ്ക്കുന്നത്. വിവേകിയായ മനുഷ്യൻ സംഘടനയ്ക്ക് ബീജാവാപം ചെയ്യുന്നത് സ്വന്തം കുടുംബത്തിലാണ്. കുടുംബമാണ് സാമൂഹ്യസംഘടനയുടെ അടിസ്ഥാനം. അത്രയ്ക്ക് മാതൃകാപരമാകണം സംഘടനാ പ്രവർത്തനം. വിദ്യാഭ്യാസവും ആന്തരിക ശുചിത്വവും ശരിയായ ഈശ്വരഭക്തിയും നിസ്വാർത്ഥതയും മമതയില്ലായ്മയും ലോകവീക്ഷണവും സർവം സോദരബുദ്ധിയും നേതാവിനുണ്ടാവണം. ഒരു ശരീരത്തിലെ അംഗങ്ങൾ ശരീരം എന്ന പൊതുവ്യവസ്ഥയ്ക്ക് തങ്ങളാലാകാവുന്നതൊക്കെയും മടിയില്ലാതെ ചെയ്യുന്നതുപോലെ വേണം അണികൾ. സർവം സോദരബുദ്ധയ എന്നതലത്തിലുള്ളവരാകണം അണികൾ. ബുദ്ധന്റെ സംഘമന്ത്രമാണ് ഗുരു ഇവിടെ നമുക്ക് പരിചയപ്പെടുത്തുന്നത്. ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി. ബുദ്ധിയുടെ തെളിച്ചം നേടലാണ് ആദ്യം വേണ്ടത്. അതാണ് ബുദ്ധം ശരണം. ധർമ്മബോധം നേടലാണ് ധർമ്മം ശരണം. ഇതു രണ്ടുംനേടിയവർ ഒന്നിച്ചുനിന്ന് ലോകഹിതത്തിനു പ്രവർത്തിക്കുന്നതാണ് സംഘം ശരണം. ഇത്തരം ശുദ്ധമായ സംഘടനാ സങ്കല്പത്തെ പ്രാവർത്തികമാക്കാനാണ് മഹാഗുരു രണ്ട് സംഘടനകൾക്ക് രൂപം നൽകിയത്. ഒന്ന് ഗൃഹസ്ഥർക്കും രണ്ടാമത്തേത് സംന്യാസിമാർക്കും. സംന്യാസം ഗാർഹസ്ഥ്യത്തിന്റെ തുടർച്ചയായതിനാൽ സംന്യാസസംഘം ഗൃഹസ്ഥ സംഘത്തിന്റെ വഴികാട്ടികളാവണം. അവർക്ക് പിഴയ്ക്കുന്നത് പറഞ്ഞുകൊടുക്കുന്ന ആചാര്യസ്ഥാനമാവണം സംന്യാസ സംഘം. ഗൃഹസ്ഥരുടെ സംഘം അപരനുവേണ്ടി അഹർന്നിശം പ്രയത്നിക്കുന്നവരുടെ കൂട്ടായ്മയാണ്. അതിന് മനുഷ്യരെ ഭേദഭാവത്തോടെ കാണാനാവില്ല. ഗുരുവിന്റെ പഞ്ചശുദ്ധിയും പഞ്ചധർമ്മവും പാലിച്ചുകൊണ്ട് ലോകജനതയെ ആ മാർഗത്തിലേക്ക് പ്രേരിപ്പിച്ച് നയിക്കുന്നതാവണം. അതിന് ഭൗതികവും ആത്മീയവുമായ ഇടപെടൽ ആവശ്യമാണ്. ആത്മീയ ഉന്നതിക്കുള്ള ഭൗതിക സാഹചര്യം ഉണ്ടാക്കലാണ് ഭൗതികമായ ഇടപെടൽ എന്നുപറയുന്നത്.
ശരീരത്തിന് മൂന്നവസ്ഥകൾ ഉണ്ട്. സ്ഥൂലമായത് സൂക്ഷ്മമായത് ഇതിന് കാരണമായത്. സ്ഥൂലശരീരമാണ് നാം കാണുന്ന ദേഹം, ബുദ്ധി, മനസ്, ജ്ഞാനേന്ദ്രിയങ്ങളാണ് സൂക്ഷ്മമായത്. ഇതിന് കാരണമായ പരമാത്മ പ്രതിബിംബമാണ് കാരണ ശരീരം. ഇവയുടെ സുസ്ഥിരമായ അവസ്ഥയാണ് ശാന്തഗംഭീരമായ ജീവിതം. അതുപോലെ സംഘടനയ്ക്കുമുണ്ട്. ഭൗതികമായ ഒരു ബാഹ്യരൂപമാണ് സംഘടനയുടെ സ്ഥൂലശരീരം, അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രമാണ് സൂക്ഷ്മദേഹം, അതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്താണോ അതാണ് സംഘടനയുടെ കാരണദേഹം. ഇവമൂന്നും ശരിയാം വണ്ണം പരിപാലിക്കപ്പെടാത്ത സംഘടനകളാണ് വഷളാകുന്നതും നാട്ടുകാരുടെ പരിഹാസപാത്രങ്ങളാകുന്നതും ഗുണ്ടാസംഘങ്ങളായി മാറുന്നതും രാഷ്ട്രീയ ചട്ടുകങ്ങളാകുന്നതുമെല്ലാം...
https://www.facebook.com/groups/agniguru/
2 comments:
-ഗുരുചരണം ശരണം
സംഘടനകൊണ്ട് ശക്തരാകുക.
ഗുരുചരണം ശരണം
Post a Comment