Thursday, 24 January 2019

ശിക്ഷിക്കുന്നത് അല്ല രക്ഷിക്കുന്നതാണ് ഗുരുധർമ്മം


അരിവിപ്പുറം ക്ഷേത്രത്തിൽ സമീപത്തായുള്ള മഠപ്പള്ളിയോട് ചേർന്ന് ഉടമസ്ഥനില്ലാത്ത കുറേ സ്ഥലം ഉണ്ടായിരുന്നു .അവിടെ ക്ഷേത്രത്തിൽ ഉള്ളവർ മരച്ചീനി ,ചേന, കാച്ചിൽ, വാഴ, ചേമ്പ് ,തുടങ്ങിയ കൃഷികൾ ചെയ്തിട്ടുണ്ടായിരുന്നു. ഒരുദിവസം മOപ്പള്ളി തൊട്ടടുത്തു നിന്നിരുന്ന നല്ലയിനം ഒരു വാഴയിൽ അസാമാന്യ വലിപ്പം ഉണ്ടായിരുന്ന ഒരു കുല ആരോ മോഷ്ടിച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് ആശ്രമത്തിൽ ഉണ്ടായിരുന്ന കുമാരനും (പിൽക്കാലത്ത് മഹാകവി ആയിത്തീർന്ന കുമാരനാശാൻ )മറ്റ് ചില അന്തേവാസികളും വളരെ ക്ഷോഭിച്ചു.
അന്ന് ആ സ്ഥലം കൈവശപ്പെടുത്താൻ ആഗ്രഹിച്ചു നടന്നിരുന്ന ഒരാളുണ്ടായിരുന്നു നാടാൻ എന്നായിരുന്നു എല്ലാവരും അയാളെ വിളിച്ചിരുന്നത്. വാഴക്കുല അയാൾതന്നെയാണ് മോഷ്ടിച്ചതെന്ന് എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല .അതിനാൽ അടുത്ത ദിവസംതന്നെ അയാൾക്കെതിരെ ആശ്രമത്തിൽ ഉണ്ടായിരുന്ന ഒരു സന്യാസിയെ വാതിയാക്കി ഒരു കേസ് കൊടുത്തു .ഗുരുദേവനോട് വളരെയേറെ ആദരവുണ്ടായിരുന്നു
കെ. പത്മനാഭൻ തമ്പിയായിരുന്നു അക്കാലത്ത് നെയ്യാറ്റിൻകര മജിസ്ട്രേട്ട് ആയിരുന്നത്.
ആ നാടാന്റെ പക്കൽ നിന്നും പോലീസ് കളവുമുതൽ കണ്ടെടുത്തു. അടുത്തദിവസം തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കി മോഷ്ടിക്കപ്പെട്ടത് ക്ഷേത്രം മുതൽ ആകയാൽ മജിസ്ട്രേറ്റിനോട് അളവറ്റ ദേഷ്യം ഉണ്ടായിരുന്നു.
അതിനിടയിൽ അയാളെ ക്ഷേത്രത്തിൽ വച്ച് തന്നെ മുക്കാലിയിൽ കെട്ടി അടിക്കുന്നതിനുള്ള ഒരു വിധി മജിസ്ട്രേട്ട് കല്പിക്കുവാൻ പോകുന്നു എന്നൊരു വാർത്ത കാട്ടുതീപോലെ അവിടമാകെ പരന്നുആ ദിവസങ്ങളിൽ ഗുരുദേവൻ തിരുവനന്തപുരത്തായിരുന്നു. അരുവിപ്പുറത്തേയ്ക്കുള്ള മടക്കയാത്രയിൽ നെയ്യാറ്റിൻകര ടൗണിൽ വന്നപ്പോൾ ഈ വിവരങ്ങളെല്ലാം ഗുരുദേവൻ അറിയുകയുണ്ടായി .അപ്പോൾ വളരെ വ്യസനത്തോടെ ആ കാരുണ്യമൂർത്തി കൂടെയുണ്ടായിരുന്ന അവരോട് ഇപ്രകാരം പറഞ്ഞു
"ഇനി നാം അവിടെ വരുന്നില്ല സന്യാസിമാരുടെ ഹൃദയത്തിൽ ഇങ്ങനെ രാഗദ്വേഷം നട്ടുവളർത്തിയാൽ ഇനി അവിടെ സന്യാസികൾ തമ്മിൽ കുത്തും വെട്ടും കൊലയും നടക്കും. ആ സാധുവിനെ ക്ഷേത്രപറമ്പിൽവച്ച് കെട്ടിയിട്ട് അടിച്ചാൽ ആ വാർത്ത നാദകലുഷമായ വായു സന്യാസിമാർക്ക് ശ്വസിക്കുവാൻ കൊള്ളുകയില്ല. അതുകൊണ്ട് നാം വേറെ എവിടെയെങ്കിലും പൊയ്ക്കൊള്ളാം"
അരുവി പുറത്തേക്കുള്ള ആ മടക്കയാത്ര ഉപേക്ഷിച്ച് ഗുരുദേവൻ കരിംകുളത്തുള്ള ഒരു ഭക്തന്റെ ഭവനത്തിലേക്ക് പോയി അവിടെ ഒരു ദിവസം വിശ്രമിച്ചു. ആ വിവരം അറിഞ്ഞ കുമാരൻ ഉടനെ മജിസ്ട്രേറ്റ് അടുക്കലെത്തി ഗുരുദേവന്റെ വ്യസനവും അഭിപ്രായവും അദ്ദേഹത്തെ അറിയിച്ചു. മോഷ്ടാവ് ആണെങ്കിലും ശിക്ഷിക്കുന്നത്ഗുരുവിന് അഹിതമാണെന്നുമജിസ്ട്രേറ്റ് പത്മനാഭൻ തമ്പി മനസ്സിലാക്കി.അതിനാൽ ഗുരുദേവ നോടുള്ള ആദരസൂചകമായി അയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കാമെന്നു അദ്ദേഹം കുമാരനു ഉറപ്പുനൽകി.
കുമാരൻ അരിവിപ്പുറം ക്ഷേത്രത്തിലെ ചില അന്തേവാസികളും ഒന്നിച്ച് അപ്പോൾതന്നെ കരിംകുളത്തുഎത്തി ഗുരുദേവനെ കണ്ട എല്ലാ വിവരങ്ങളും ധരിപ്പിക്കുകയും തങ്ങൾക്ക് പറ്റിപ്പോയ പിഴവിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ശിക്ഷിക്കുന്നതിനല്ല രക്ഷിക്കുന്നതിനാണ് ഗുരുധർമ്മം വഴികാട്ടുന്നത് എന്ന് ശിഷ്യന്മാർക്ക് ആ സംഭവത്തിലൂടെ വെളിവാക്കി കൊടുക്കുകയായിരുന്നു ഗുരുദേവൻ.
സ്നേഹത്തോടെ ഓമനാ രാജൻ..............
കടപ്പാട് - മങ്ങാടു ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം

https://www.facebook.com/280633372455492/photos/a.280640242454805/531389074046586/?type=3&theater

0 comments:

Post a Comment