Thursday, 24 January 2019

അദ്വൈതദീപിക വ്യാഖ്യാനം PDF – ജി. ബാലകൃഷ്ണന്‍ നായര്‍

ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപികയ്ക്ക് ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം ആണ് ഈ ഗ്രന്ഥം.
ലോകവിജ്ഞാനത്തിലെ അതിപുരാതന ഗ്രന്ഥങ്ങളായ ഉപനിഷത്തുക്കള്‍ക്ക് പരമസത്യസ്വരൂപത്തെക്കുറിച്ച് സംശയമേയില്ല. അപ്പോള്‍ സത്യസ്വരൂപത്തെക്കുറിച്ചുള്ള മതഭേദങ്ങളെല്ലാം പില്‍ക്കാലത്തുണ്ടായവയാണ്. മതഭേദങ്ങള്‍ പലതുള്ളതുകൊണ്ടുതന്നെ അവയെല്ലാംകൂടി സത്യമാവാനും വഴിയില്ലല്ലോ. പിന്നെ ഈ മതഭേദങ്ങള്‍ എങ്ങനെയുണ്ടായി?
നിരവധി അസത്യാനുഭവതലങ്ങളെ പിന്നിട്ട് നേരിട്ട് സാക്ഷാത്കരിക്കേണ്ടതാണ് ഉപനിഷത് സത്യമായ അദ്വൈതം. പരമസത്യം കണ്ടെത്തുന്നതിനുമുമ്പുള്ള അനുഭവതലങ്ങളെല്ലാം അവയെത്ര സൂക്ഷ്മരൂപത്തിലുള്ളവയായിരുന്നാലും അതിലെ നാമരൂപപ്രകടനങ്ങളില്‍പ്പെടുന്ന അല്പദൃശ്യങ്ങളേ ആയിരിക്കൂ. ബാഹ്യപ്രപഞ്ചദൃശ്യങ്ങളെ ഭൌതികവാദികള്‍ സത്യമെന്നു കരുതുന്നു.
അതുപോലെ സത്യാന്വേഷണമാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങുന്നവര്‍ മാര്‍ഗ്ഗമധ്യത്തിലുള്ള ഏതെങ്കിലും അല്പദര്‍ശനങ്ങളെ സത്യമായി ഭ്രമിച്ച് അതിനെ ലോകത്തിന്റെ മുന്‍പില്‍ പ്രഖ്യാപിക്കാനിടവരുന്നു. വാസ്തവത്തില്‍ ഇനി പോകാനിടമില്ലെന്നു വ്യക്തമായി തെളിയുന്നതുവരെ ഒരാള്‍ അന്വേഷണം തുടരേണ്ടതാണ്. അതിനുമുന്‍പ് അയാള്‍ കണ്ടെത്തുന്നതൊന്നും ലക്ഷ്യമല്ല, നേരെമറിച്ച് വഴിമദ്ധ്യത്തിലുള്ള കാഴ്ചകള്‍ മാത്രമാണ്. ഇങ്ങനെ മാര്‍ഗ്ഗത്തിലെ ഓരോ ഘട്ടങ്ങളിലെത്തിനിന്ന് അവിടത്തെ കാഴ്ചയെ സത്യമെന്നു ഭ്രമിച്ചവരും ഭ്രമിക്കുന്നവരുമാണ് സത്യാന്വേഷണവിഷയത്തില്‍ മതഭേദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍.
അദ്വൈതമാണ് പരമസത്യമെന്നും മറ്റു മതഭേദങ്ങളെല്ലാം അവിടെയെത്താനുള്ള മാര്‍ഗ്ഗങ്ങളാണെന്നും ധരിച്ചാല്‍ സത്യസ്വരൂപവുമായി ഈ മതങ്ങളെയെല്ലാം സമന്വയിപ്പിക്കാന്‍ കഴിയും.

0 comments:

Post a Comment