ഭാരതീയ ദര്‍ശന സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരകളിലൂടെ നമ്മുടെ ബുദ്ധിയെ നയിക്കുകയും അപാരവും സങ്കീര്‍ണവുമായ ദാര്‍ശനിക വശങ്ങള്‍ അയത്ന ലളിതമായി നമ്മുടെ മനീഷയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു കാവ്യ സംസ്കാരം ശ്രീ നാരായണ ഗുരു നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു ഒരു ഉത്തമോദാഹരണമാണ് ദൈവദശകം. അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ സ്തോത്രത്തിനു അനുവാചകന്‍റെ ഹൃദയത്തിലേക്ക് ഒരു തേന്‍ തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങാന്‍ കഴിയും.
ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകത്തെ നവജ്യോതിശ്രീ കരുണാകര ഗുരുവിന്‍റെ മൊഴികളുടെ വെളിച്ചത്തില്‍ നോക്കിക്കാണാനുള്ള ഒരു ശ്രമം ആണ് ഇത്.
'ദൈവമേ കാത്തുകൊള്‍കങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കോ
രാവിവന്‍തോണിനിന്‍പദം'
ആരാണ് ദൈവം? ദ്യോവില്‍ അഥവാ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോടാണ് പ്രാര്‍ത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തു കൊല്ലണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. ഭാരത ചിന്തയിലെ മര്‍ക്കട കിശോര ന്യായം, മാര്‍ജാരകിശോര ന്യായം എന്നിവ ഇവിടെ സ്മരണാര്‍ഹമാണ്. പിതാവിന്‍റെ അഥവാ മാതാവിന്‍റെ വിരലുകളില്‍ പിടിച്ചു കുഞ്ഞു നടക്കുന്നത് മര്‍ക്കട കിശോര ന്യായം. കുരങ്ങിന്റെ കുഞ്ഞു അമ്മയെ പിടിച്ചു ചെര്‍ന്നിരുന്നാണ് സഞ്ചാരം.എന്നാല്‍ പൂച്ച തന്റെ കുഞ്ഞിനെ സ്വയം കടിച്ചു പിടിച്ചു നടക്കുന്നു. ഇത് മാര്‍ജാര കിശോര ന്യായം. ദൈവത്തെ നാമല്ല മറിച്ച് ദൈവം നമ്മെ പിടിച്ചു നടത്തട്ടെ. അതാണ് കൂടുതല്‍ സുരക്ഷിതം.
ഈ സംസാര സാഗരത്തില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് ആശ്രയമായ വലിയ കപ്പലാണ് ആ പദം അഥവാ കാലടി. ആ വലിയ കപ്പലിനെ നിയന്ത്രിക്കുന്ന നാവികനും ആ ദൈവം തന്നെ.
ഞങ്ങളെ ഏവരെയും ഒരുപോലെ കാത്തു രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഈ ഞങ്ങള്‍ ആരാണ്? ഇങ്ങു കിടക്കുന്ന മര്‍ത്യന്‍. ഇങ്ങു കിടക്കുന്ന ഞങ്ങള്‍ക്കായി അങ്ങ് നില്‍ക്കുന്ന ദൈവതോടാണ് പ്രാര്‍ത്ഥന. ആസ്തിക ചിന്താഗതിക്കാരായ സാധാരണക്കാര്‍ ദൈവമെന്നും, ഈസ്വരനെന്നും ബ്രഹ്മമെന്നും ഒക്കെ പറയുന്നത് ഒന്നിനെ തന്നെയാണെന്ന് കരുണാകരഗുരു പറയുന്നു.
ജ്ഞാന ഘനവും സത്യപ്രകാശ സാന്ദ്രവുമായ ബ്രഹ്മം. അത് അങ്ങ് നില്‍ക്കുന്നു. മനുഷ്യന്‍ ഇങ്ങും.ബ്രഹ്മതിലെക്കുള്ള യാത്രയാവണം മനുഷ്യ ജീവിതത്തിന്റെ അര്‍ഥം.
പൌരാണിക കാലം മുതല്‍ ഇതു പഠനങ്ങള്‍ തുടങ്ങുമ്പോഴും ഗുരുവും ശിഷ്യനും ഒരുമിച്ചു പ്രാര്‍ഥിച്ചു,
'ഓം സഹനാ വവതു
സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാ വധീ തമസ്തു
മാ വിദ്വിഷാ വഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:
അങ്ങനെ ഞങ്ങളെ ഒരുമിച്ചു കാത്തു രക്ഷിക്കാനാണ് ആദ്യ ശ്ലോകത്തിലൂടെ ഗുരു ആവശ്യപ്പെടുന്നത്.
'ഒന്നൊന്നായെണ്ണിയെണ്ണി തൊ
ട്ടെണ്ണുമ് പൊരുളൊടുങ്ങിയാല്‍
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം'
ഭൌതികമായ ഈ ലോകത്തില്‍ കാണപ്പെടുന്ന ഓരോന്നിലും അടങ്ങിയിട്ടുള്ളത് ബ്രഹ്മത്തിന്‍റെ അംശം തന്നെയാണ്. ഈ കാണായതിന്‍റെയൊക്കെ അന്തരാര്‍ത്ഥങ്ങളിലേക്കിറങ്ങി ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ബ്രഹ്മം തന്നെയെന്നു മനസ്സിലാക്കാം. നമുക്ക് ഗോചരമായിട്ടുള്ള ഓരോന്നിന്‍റെയും തനതു സ്വഭാവം നഷ്ടമായാല്‍ കാഴ്ച ഒരിടത്തു തന്നെ ഉറയ്ക്കുന്നത് പോലെ എന്‍റെ ഉള്ളം നിന്നില്‍ തന്നെ സ്ഥിരമാകണം.
ഒരു സാധാരണ വ്യക്തിയുടെ ചിന്തകള്‍ ഈ പ്രകൃതിയില്‍ തനിക്കു ചുറ്റും കാണുന്ന നാമരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ദര്‍ശന ഘട്ടം മുതല്‍ പരംപൊരുളിലേക്കുള്ള യാത്രയിലെ ഓരോ ഘട്ടത്തിലും ഈ നാമ രൂപങ്ങളുടെ വാസ്തവം തിരിച്ചറിഞ്ഞ് അതിലെ യഥാര്‍ത്ഥ സ്വത്വം ബ്രഹ്മം തന്നെ എന്ന് ഉറയ്ക്കാന്‍ തുടങ്ങും. അങ്ങനെ നമ്മുടെ മനസ്സ് ബ്രഹ്മത്തില്‍ തന്നെ കേന്ദ്രീകരിക്കപ്പെടും. നമുക്ക് ചുറ്റും കാണപ്പെടുന്ന ഇതൊരു വസ്തുവിന്‍റെയും അടിസ്ഥാന ഘടകം തന്മാത്രയാണ് എന്നും അതിനെ വിഘടിപ്പിച്ചാല്‍ അതിനുള്ളില്‍ ഇലക്ട്രോണ്‍, പ്രോടോണ്‍, ന്യൂട്രോണ്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും നമുക്കറിയാം. അവയുടെയും ആഴങ്ങളിലേക്കിറങ്ങി ചെന്നാല്‍ ഒരു പക്ഷെ സാന്ദ്ര ഘനമാര്‍ന്ന ബോധം തന്നെയാവാം അവശേഷിക്കുന്നതെന്ന് ഇപ്പോള്‍ ചില ശാസ്ത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. മണ്ണായാലും മരമായാലും മനുഷ്യനായാലും ഇതിനു മാറ്റം വരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏതു വസ്തുവിന്‍റെയും ഏറ്റവും ആഴങ്ങളിലേക്ക് കടന്നു ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കാം.
ശാസ്ത്രത്തിനു അതിനപ്പുറം കടക്കാന്‍ കഴിയുന്നില്ല. അത് തന്നെയാണ് നവജ്യോതിശ്രീ കരുണാകരഗുരു പറഞ്ഞിട്ടുള്ളത്, 'ശാസ്ത്രം എവിടെ ചെന്ന് മുട്ടുന്നുവോ അവിടെയാണ് ദൈവം ഇരിക്കുന്നത്' എന്ന്.
'അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍.'
ഭൌതിക ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം തുടങ്ങിയവ. ഇവയ്ക്കു മുട്ട് വരാതെ ഞങ്ങളെ തൃപ്തരാക്കുന്ന ആ ബ്രഹ്മം തന്നെയാണ് ഞങ്ങളുടെ ദൈവം. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാതെ എതോരാള്‍ക്കാണ് ആത്മീയ ചിന്തകള്‍ സാധ്യമാവുക? അതിനാലാണ് മനുഷ്യന്‍റെ പ്രാഥമിക കാഴ്ചപ്പാട് തന്നെ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുന്ന ശക്തി തന്നെയാണ് ദൈവം എന്നായി തീര്‍ന്നിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ട ശേഷം മാത്രമേ ആത്മീയ ചിന്തകള്‍ക്ക് പ്രസക്തിയുള്ളൂ.
ഈ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് ഗുരു നിര്‍ദേശപ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ ലകഷ്യങ്ങള്‍ ശാന്തിഗിരി ആശ്രമം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളത്. ഭക്ഷണവും വസ്ത്രവും രോഗമുക്തിയും ലഭിച്ച ശേഷമേ ആത്മ ചിന്തനത്തിനു സാഹചര്യം ഒരുങ്ങുകയുള്ളൂ.
'ആഹാരവും വസ്ത്രവും എങ്ങനെ പരിഷ്കരിച്ചുപയോഗിക്കണമെന്നും ജീവിതം എങ്ങനെ നയിക്കണം എന്നും നമ്മളെ മനസ്സിലാക്കി തന്നിട്ട് നമ്മുടെ ബുദ്ധി ആത്മീയ ചിന്തയിലേക്ക് തിരിച്ചു വിട്ട്, ജീവന്‍റെ മുക്തിക്ക് അവകാശപ്പെടുത്തി നിര്‍ത്തുന്ന പാതയിലേക്കാണ് ഇന്ന് നമ്മെ ദൈവം നയിക്കുന്നത്' എന്ന് നവജ്യോതിശ്രീ കരുണാകര ഗുരു അരുളിച്ചെയ്തത് ഇത്തരുണത്തിലാണ്.
1 comments:
ഏതൊരു വ്യക്തിയുടെ മനസ്സിലാണോ കാമം, ക്രോധം, അഹങ്കാരം അസൂയ തുടങ്ങിയവ നിലനില്‍ക്കുന്നത്, അവര്‍ എത്രതന്നെ പണ്ഡിതരായാലും വിഡ്ഢികള്‍ക്ക് തുല്യരാണ്.
- തുളസീദാസ്
അറിവ് മാത്രം ഒരു വ്യക്തിയെ മഹത്വമുള്ളവനാക്കുന്നില്ല. അറിവിന്റെ പ്രധാന ലക്ഷണംതന്നെ എളിമയാകുന്നു. മുകളില്‍പറഞ്ഞ ദുര്‍ഗുണങ്ങളൊന്നുമില്ലെങ്കില്‍ ജ്ഞാനി അല്ലെങ്കിലും ആ വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും എളിമയും ആ വ്യക്തിക്ക് ഏവരുടെയും ഹൃദയത്തില്‍ ഉയര്‍ന്ന സ്ഥാനം നല്‍കുന്നു.
Post a Comment