Tuesday 23 October 2012

അദ്വൈത ജ്ഞാനിയായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തിയത് എന്തിന് ?


മനുഷ്യനെ തെറ്റായ മാര്‍ഗത്തിലേക്ക് എല്ലായ്പോഴും നയിക്കുന്നത് അവന്റെ അഞ്ച്‌ ഇന്ദ്രിയങ്ങളാണ് എന്നതും, ഇന്ദ്രിയ വിഷയങ്ങളെ മനസ്സും, ബുദ്ധിയും സദാ പിന്തുടരുന്നു എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്.
നിങ്ങള്‍ കുറച്ച് "സാധാരണക്കാരായ" സുഹൃത്തുക്കളോട് കൂടിയിരിക്കുന്ന സമയത്ത് ഒരു ആത്മീയ വിഷയം എടുത്ത്, അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുക. ഉടനെ തന്നെ വിമര്‍ശനങ്ങള്‍ വരുന്നത് കാണാം, "വേറെ ഒന്നും പറയാന്‍ ഇല്ലേ" എന്നും മറ്റുമായി. ഒരു പക്ഷെ നിങ്ങളെ "ഭ്രാന്തന്‍" എന്ന് തന്നെ വിളിച്ചുകൂട എന്നില്ല. അതെ സമയം  ഒരു സ്ത്രീയെ കുറിച്ചോ, അങ്ങിനെ ഉള്ള വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ തുടങ്ങി എന്ന് കരുതുക, അഞ്ചു വയസ്സുള്ള ചെറിയ കുട്ടി മുതല്‍ നൂറു വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ പോലും കാതും കൂര്‍പ്പിച്ചു വരുന്നത് കാണാം, കൂടാതെ ഒരുപാട് "comments" ഉം "like" ഉം അവരില്‍ നിന്ന് കിട്ടുകയും ചെയ്യും. പരിമിതി മൂലം ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം. മനുഷ്യന്റെ ചെവി എന്ന ഇന്ദ്രിയം അവനെ നരകത്തിലേക്ക് നയിക്കുന്ന ഒരു ഉദാഹരണം ആണ് ഈ പറഞ്ഞത്. ഇതുപോലെ ഓരോ ഇന്ദ്രിയത്തിനും പൈശാചിക വിഷയങ്ങളിലേക്ക് അടുക്കുവാനുള്ള വാസന, സാത്വിക വിഷയങ്ങളെ അപേക്ഷിച്ച് എപ്പോഴും വളരെ കൂടുതലാണ്.
ഒളിമുതലാം പഴമഞ്ചുമുണ്ട് നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തി അകം വിളങ്ങിടെണം

എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരു നമ്മോടു പറഞ്ഞതിന്റെ സാരം ഇത് തന്നെ ആണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ..!

കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയാണ് മനുഷ്യന്റെ അഞ്ച്‌ ഇന്ദ്രിയങ്ങള്‍. വെറും സാധാരണക്കാര്‍ ആയ ജനങ്ങളുടെ ഈ പറഞ്ഞ ഇന്ദ്രിയങ്ങളെ വളരെ പെട്ടെന്ന് തന്നെ, സാത്വിക മാര്‍ഗത്തിലേക്ക് നയിക്കുവാനുള്ള ശാശ്ത്രീയമായ ഒരേ ഒരു മാര്‍ഗമാണ് ക്ഷേത്ര ദര്‍ശനം.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം, എന്നിവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും

2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും

3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും

4) ശങ്ഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം എന്നിവ നമ്മുടെ ചെവികളെയും

5) ചന്ദനം, ഭസ്മം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും

സ്വാര്‍ത്ഥ, ലൌകിക, പൈശാചിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സും ബുദ്ധിയും പിന്തുടരുന്നതിനാല്‍, കാലം ചെല്ലുമ്പോള് ആസക്തി മാറി, ഭക്തിയും വിരക്തിയും വര്‍ദ്ധിച്ച് ഇതൊന്നും കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രം അല്ലാതെ, സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരനെ ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു ചോദ്യം ഉടനെ തന്നെ ഉയരാം, അതായത് വിഗ്രഹം ഈശ്വരന്‍ ആണോ, അതോ വിഗ്രഹത്തില്‍ ഈശ്വരന്‍ ഉണ്ടോ... എന്നൊക്കെ. അതിനും മറുപടി ഉണ്ട്.

നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ ഫോട്ടോ കാണിച്ചിട്ട് ഞാന്‍ നിങ്ങളോട് "ഇതാരാണ്" എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും "എന്റെ അച്ഛന്‍" അല്ലെങ്കില്‍ "എന്റെ അമ്മ" എന്ന്. അത് ശരിയാണോ ? കാരണം ഞാന്‍ നിങ്ങളെ കാണിച്ചത് ഒരു കടലാസ് കഷണം, അത് എങ്ങിനെ നിങ്ങളുടെ "അച്ഛന്‍" അല്ലെങ്കില്‍ "അമ്മ" ആകും ?

സത്യത്തില്‍ ഞാന്‍ കാണിച്ചത് കടലാസ് ആണ് എന്ന് നിങ്ങള്ക്ക് പൂര്‍ണ്ണ ബോധം ഉണ്ട്. എന്നിട്ടും അതിനെ "അച്ഛന്‍" എന്ന് പറയാന്‍ കാരണം, നിങ്ങള്‍ കടലാസില്‍ കാണുന്നത് സ്വന്തം അച്ഛനെ ആണ് എന്നത് കൊണ്ടാണ്. ഒപ്പം അറിയുകയും ചെയ്യാം, അത് അച്ഛന്‍ അല്ല എന്ന്. ഇത് തന്നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരു "എല്ലാവരും ആരാധിക്കുന്നത് ഈശ്വരനെ ആണ്, ബിംബത്തെ അല്ല" എന്ന് "ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന" വിഡ്ഢികളായ യുക്തിവാദികളോട് വിളിച്ചു പറഞ്ഞത്.

ഈ സത്യം മനസ്സിലാക്കി ക്ഷേത്രദര്‍ശനം നടത്തുന്നവന് അതൊരു മഹാ അനുഭവം തന്നെ ആണ്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാത്തവര്‍‍‍, പട്ടി ചന്തക്കു പോകും പോലെ ക്ഷേത്രത്തില്‍ പോകുന്നു, ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു... ഞാനും അത് തന്നെ ചെയ്യുന്നു. ഇനി അതായിട്ടു ഒരു കുറവ് വേണ്ട, എന്ന മട്ടില്‍..!

ഈ ശാസ്തീയമായ വസ്തുത നിങ്ങളും നിങ്ങളുടെ എല്ലാ വേണ്ടപ്പെട്ടവരോടും, സ്നേഹത്തോടെ പറഞ്ഞു കൊടുത്ത്, അവരുടെ ശ്രദ്ധയെ അന്ധവിശ്വാസത്തിന്റെയും അജ്ഞാനതിന്റെയും മാര്‍ഗ്ഗത്തില്‍ നിന്നും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ അപേക്ഷിക്കുന്നു..!

0 comments:

Post a Comment