SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Wednesday 25 December 2013

ശ്രീനാരായണ സർവകലാശാല: ഒരു രൂപരേഖ ഡോ. ബി. അശോക്

Posted on: Saturday, 21 December 2013

ഏറെ രോഗാതുരങ്ങളായ സംസ്ഥാനത്തെ സർവകലാശാലകളുടെ ഇടയിലേക്ക് മറ്റൊരു സർവകലാശാലകൂടി വേണ്ടതുണ്ടോ എന്ന ന്യായമായ ചോദ്യത്തോടെയാവും പല പരിണതപ്രജ്ഞരും ശ്രീനാരായണഗുരുദേവന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ സർവകലാശാലയെ നിരീക്ഷിക്കുക. എന്നാൽ വസ്തുതകളും സാഹചര്യവും നന്നായി പരിശോധിക്കുന്ന പക്ഷം ആയത് വളരെ വൈകിപ്പോയെന്നും ഇനിയും ലഭ്യമായ ഭൗതികസാഹചര്യം ഉടൻ പ്രയോജനപ്പെടുത്തി സർവകലാശാല നിർമ്മിച്ചില്ലെങ്കിൽ ശ്രീനാരായണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസനിർമ്മിതികൾ ഇതരവിദ്യാഭ്യാസ മിഷനുകളെയപേക്ഷിച്ച് ദുർബലമാവുകയും ഇതരശക്തികളുടെ ചൊൽപ്പടിയിലാവുകയും ശ്രീനാരായണന്റെ വിപ്ളവകരമായ സന്ദേശം പ്രചരിപ്പിക്കാൻ പ്രാപ്തിപ്പെടാതിരിക്കുകയും ചെയ്യും.

മുപ്പതിലധികം അൺ എയ്ഡഡ് സെൽഫ് ഫിനാൻസിംഗ് കോളേജുകളും ലാ കോളേജ്, എൻജിനിയറിംഗ് പോളിടെക്‌നിക്, എൻജിനിയറിംഗ് കോളേജ് എന്നിവയും യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലുണ്ട്. മുപ്പതിനായിരത്തില്പരം ബിരുദധാരികൾ ഈ സ്ഥാപനങ്ങളിൽനിന്നു പുറത്തുവരുന്നു. മികവിനും ഗവേഷണത്തിനും പേരുകേട്ട നിരവധി സ്ഥാപനങ്ങളും ഇതിൽപ്പെടും. ഇതൊക്കെയാണെങ്കിലും ദേശീയതലത്തിൽ ഉന്നതവിദ്യാഭ്യാസത്തിൽ മാതൃകയായ ഒരു സ്ഥാപനം വളർത്തിയെടുക്കുന്നതിൽ ശ്രീനാരായണ സ്ഥാപനങ്ങൾ വേണ്ടത്ര വിജയിച്ചിട്ടില്ല. ദേശീയതല മത്സര പരീക്ഷകളിൽ ഇതിലധികം വിദ്യാർത്ഥികൾ വിജയിച്ചുകാണേണ്ടതാണ്. ആർട്സ് ആൻഡ് സയൻസ് കോളേജുകളെല്ലാം റേറ്റിംഗിലും മറ്റും നേടേണ്ട സ്ഥാനം നേടുന്നില്ല. ഇവ നൽകുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകളിലും പാഠ്യക്രമ നവീകരണവും വ്യത്യസ്ത തൊഴിലുകൾക്കുവേണ്ടതായ പുന:ക്രമീകരണങ്ങളും വേണ്ടത്ര നടന്നിട്ടില്ല. ഇതിലൊക്കെയുപരിയാണ് ഈ കോളേജുകാർ ശ്രീനാരായണഗുരുവിന്റെ സമഗ്ര സത്യദർശനം ലോകത്തു പ്രസരിപ്പിക്കുന്ന വലിയ പ്രക്ഷേപിണികളായി പ്രവർത്തിക്കുക എന്നുള്ളത്. മുപ്പതിനായിരം ബിരുദധാരികളിൽ നാരായണഗുരുദർശനം പാഠ്യക്രമത്തിന്റെ ഭാഗമാവണം. ബഹുഭൂരിഭാഗം വിദ്യാർത്ഥികളും കാന്പസിലോ അടുത്തോ താമസിക്കണം. ഗുരു നിശ്ചയിച്ച ദിനചര്യയിൽ അവർ വിദ്യ സ്വായത്തമാക്കണം. അതിരാവിലെ പാഠശാല ദൈവദശകത്തോടെ ആരംഭിക്കണം. മൂന്നോ നാലോ വർഷം സർവകലാശാലയിൽ ചെലവിടുന്ന വിദ്യാർത്ഥി പഠിക്കുന്നതു ഭൗതികമോ അതിഭൗതികമോ ആകട്ടെ, നാട്ടിലെ വേദാന്തവും ദർശനവും വികസനപ്രശ്നങ്ങളും സംസ്കാരവും കലയും സന്മാർഗവും അഭ്യസിക്കണം. ലളിതജീവിതം ശീലിക്കണം. അരുംകൊലയില്ലാത്ത ലളിത സസ്യഭക്ഷണം കഴിക്കണം. ദേഹശുദ്ധി, വാക്‌ശുദ്ധി, മന:ശുദ്ധി എന്നിവ കൈവരിക്കണം. വിഷയത്തിലോ, വിഷയങ്ങളിലോ പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് താത്പര്യവും മിടുക്കുമുള്ള ആയിരം ബിരുദധാരികളെ തിരഞ്ഞെടുത്ത് പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്ക് നിയോഗിക്കണം. ദേശവ്യാപകമായി ശ്രീനാരായണമിഷനുകളുയരണം. രണ്ടുവർഷം ജീവിതത്തിന്റെ യാഗഭൂമിയിൽ കൈവരിച്ച ഉൾക്കരുത്തുമായി വേണം തൊഴിലിടത്തേക്കോ ബിരുദാനന്തരബിരുദ പഠനത്തിലേക്കോ ഈ `ശ്രീനാരായണ ഫെലോ' കടന്നുവരാൻ. ക്ളാസ്‌മുറിയുടെ ശീതളച്ഛായയ്ക്കപ്പുറം ജീവിതത്തിന്റെ കയ്പുനീരാവണം ഈ ബിരുദധാരിയുടെ ഉൾക്കരുത്ത്. ഡോ. പല്പുവും ശങ്കറുമൊക്കെ നേരിട്ട പ്രതിബന്ധങ്ങളോർക്കുന്പോൾ ഇന്നത്തെ ലോകത്ത് മികവിന് വിലങ്ങുതടികളേയില്ല എന്നു പറയാം.

ഇന്നത്തെ ചുറ്റുപാടിൽ ഇങ്ങനെ ഒരു മികച്ച സ്ഥാപനം ഒരു ഉട്ട്യോപ്യയല്ലേ എന്നു കരുതുന്ന സിനിക്കുകളോടു പറയട്ടെ; കൊല്ലം കേന്ദ്രമാക്കി ഇത്തരം ഒരു സ്ഥാപനം പടുത്തുയർത്താൻ പറ്റിയ അവസരമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്ന `റൂസ' (RUSA) അഥവാ ഉന്നതവിദ്യാഭ്യാസ മിഷൻ. അടുത്തടുത്തുള്ള എയ്ഡഡ് കോളേജുകൾ ചേർത്ത് പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് 12, 13 പദ്ധതികളിലായി മൊത്തം 120 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രം നൽകുന്നത്. കൊല്ലം എസ്.എൻ. വിമെൻസ് കോളേജ്, ചാത്തന്നൂർ എസ്.എൻ. കോളേജ്, കൊട്ടിയം പോളിടെക്‌നിക്, മെഡിക്കൽ മിഷന്റെ സൗകര്യം, ട്രസ്റ്റിനും യോഗത്തിനും ശ്രീനാരായണ സാംസ്കാരികസമിതിക്കും കൊല്ലത്തുള്ള ഭൂമി എന്നിവ ചേർത്താൽ കേന്ദ്ര നിബന്ധനകളനുസരിച്ചുള്ള ഭൗതികസാഹചര്യമായി. നിലവിൽത്തന്നെ ഈ സ്ഥാപനങ്ങളിൽ വേണ്ടതിലധികം വിദ്യാർത്ഥികളുണ്ട്. സർവകലാശാലയാക്കുന്നപക്ഷം പതിനായിരം വിദ്യാർത്ഥികളെവരെ ഈ സ്ഥാപനങ്ങളിൽ ചേർക്കാം. ആദ്യഗഡുവായി ലഭിക്കുന്ന 55 കോടി ഉപയോഗിച്ച് ഭരണസമുച്ചയവും സയൻസ്, ആർട്സ്, സോഷ്യൽ സയൻസ്, പൊതുസൗകര്യങ്ങളായ ലൈബ്രറി, ഓ‌ഡിറ്റോറിയം, കളിസ്ഥലം എന്നിവയും ഒരുക്കാം. ഡോ. പല്പുവിന്റെയും ശങ്കറിന്റെയും ടി.കെ. മാധവന്റെയും സഹോദരനയ്യപ്പന്റെയും കുമാരനാശാന്റെയും പേരുകളിൽ ഈ ഫാക്കൽറ്റികൾ വരട്ടെ. യു.ജി.സി നിർദ്ദേശിക്കുന്ന ഭരണഘടനയ്ക്കനുസരിച്ചാകണം പുതിയ സർവകലാശാലാ നിയമം രൂപീകരിക്കേണ്ടത്. എയ്ഡഡ് സ്ഥാപനങ്ങളുടെ ഗ്രാന്റ് നിശ്ചിതകാലത്തേക്കു തുടരുന്നതോടൊപ്പം ധനകാര്യസ്വാതന്ത്ര്യം ലഭിക്കുന്ന സർവകലാശാലയ്ക്ക് പുതിയ കോഴ്സുകളാരംഭിക്കുകയും പുതിയ ധനാഗമമാർഗങ്ങൾ തേടുകയുമാവാം. കോഴ്സുകൾ പുന:ക്രമീകരിച്ചാൽ 10,000 വിദ്യാർത്ഥികളുള്ള പുതിയ സർവകലാശാലയ്ക്ക് 20 കോടിരൂപ ഫീസിനത്തിൽ നിന്നുതന്നെ ലഭിക്കും. യോഗത്തിനും ട്രസ്റ്റിനും ധർമ്മ സംഘത്തിനുമൊക്കെ പൊതുസഭയിലും ഭരണസമിതിയിലും അംഗത്വം നൽകേണ്ടതുണ്ട്. സർക്കാരുമായുള്ള ബന്ധവും വ്യക്തമാകണം. സ്വകാര്യ സർവകലാശാലാ നിയമം ഇനിയും നിലവിൽ വന്നിട്ടില്ലാത്ത കേരളത്തിൽ ശ്രീനാരായണ സർവകലാശാലയ്ക്കായി പ്രത്യേക ഓർഡിനൻസും ആക്ടും ചട്ടവും വേണ്ടിവരും.

കൊല്ലത്തു രൂപീകരിക്കാവുന്ന സർവകലാശാല പിന്നീട് സംസ്ഥാനത്തുടനീളമുള്ള സമാന ചിന്താഗതിയും ദർശനങ്ങളുമുള്ള സ്ഥാപനങ്ങളെ നൂറിൽ കവിയാതെ അഫിലിയേറ്റ് ചെയ്യണം. അറിവിന്റെ എല്ലാ മണ്ഡലത്തിലും വെളിച്ചം വീശുന്ന ഇന്ത്യയിലെ ഏറ്റവും ബൃഹത്തായതും സമഗ്രമായതുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാകണം പുതിയ സർവകലാശാല.
ഒരുതരം വിവേചനവും പുതിയ സർവകലാശാലയിലുണ്ടാകരുത്. ശ്രീനാരായണ ദർശനത്തിലും തത്വചിന്തയിലും ഒക്കെ പ്രത്യേകം ചെയറുകളും പഠനഗവേഷണ വകുപ്പുകളും വരണം. നാരായണ ഗുരു പരിഷ്കരിച്ച ആരാധനാക്രമവും രീതിയും ലളിതമായ ആചാരശൈലിയും വരെ പഠിപ്പിക്കണം. അവിദ്യയെ `വിദ്യ'കൊണ്ട് സന്പുഷ്ടമാക്കുകയും സന്പൂർണ മനുഷ്യജീവികളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മഹദ്‌സ്ഥാപനമാകണം ശ്രീനാരായണഗുരു സർവകലാശാല.
ഏറെ വൈകാതെ സർവകലാശാലാ കരടുനിർദ്ദേശം സമർപ്പിക്കാൻ ബന്ധപ്പെട്ടവർ ഉത്സാഹിക്കുകയാണ് വേണ്ടത്. ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം ഐകകണ്ഠ്യേന ആവശ്യപ്പെടേണ്ടതും സമഗ്രമായ ഈ സ്ഥാപനനിർമ്മിതിയാണ്.

പഴയ കാല എടുകളിലൂടെ ഉള്ള ഒരു യാത്ര. അവലംബം ആക്കുന്നത് ചില ചരിത്ര രേഖകള്‍ മാത്രം.

ഞാന്‍ ഈ പോസ്റ്റിനു ഒരു ഹെഡിംഗ് ഇടുന്നില്ല. ഇത് കേവലം ഒരു പ്രയാണം മാത്രം ആണ് പഴയ കാല എടുകളിലൂടെ ഉള്ള ഒരു യാത്ര. അവലംബം ആക്കുന്നത് ചില ചരിത്ര രേഖകള്‍ മാത്രം. സാരാംശം വായനക്കാര്‍ തന്നെ മനസിലാക്കി അഭിപ്രായങ്ങള്‍ പറയുക .

1. ശ്രീ നാരായണ ധര്‍മ പരിപാലന യോഗം, നിബന്ധനകളും, വിവരണങ്ങളും എന്ന പേരില്‍ 1079 വൃശ്ചികം പത്താം തീയതി യോഗം ജെനെറല്‍ സെക്രടറി എന്‍. കുമാരനാശാന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള രൂല്സിന്റെ മുഖവുരയില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.

" ഒരു സമുദായ ശക്തിയുടെ ആവശ്യകത. നമ്മുടെ കാലോചിതമായ അഭിവൃദ്ധിക്ക് സര്‍വാത്മനാ ഒഴിച്ച് കൂടാതതാണ് . ഇവിടെ പ്രസ്തുതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തെ കുറിച്ച് കേള്‍ക്കുന്നതും അതികം ശ്രധാര്‍ഹാമായിരിക്കും ഏന് തോന്നുന്നു.

ഈ യോഗം അര്‍ത്ഥത്തില്‍ കേവലം മലയാളത്തിലെ ഈഴവ മഹാജനയോഗമാകുന്നു.എന്നാല്‍ ഇതിന്റെ നാമം വെളിപെടുതിന്നില്ല തന്നെ . ആ നാമത്തിനു പ്രയോജനാന്തരം ഉണ്ട് . നമ്മുടെ ധര്‍മ പരിപാലന യോഗം വന്ധ്യനായ അരുവിപുറം മഠത്തില്‍ ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരു സ്വാമികളുടെ നിര്‍മലമായ നാമകരണത്തില്‍ സ്ഥാപിക്കപെട്ടതാകുന്നു .

2. SNDP യോഗത്തിന്റെ അഞ്ചാമത്തെ യോഗ വാര്‍ഷികത്തിന് യോഗസ്ഥപകന്‍ ഡോ.പല്‍പു ചെയ്ത പ്രസംഗത്തില്‍ ഇപ്പ്രകാരം പറയുന്നു ...
" SNDP യോഗമെന്നത് ഈ പശ്ചിമ തീരത്ത് എത്രയും കോടി ജനസംഖ്യ ഉള്ള ഒരു ജന സമുദായമായ ഈഴവരുടെ ,അല്ലെങ്കില്‍ തെയന്മാരുടെ ഉദ്ഗതിയെ ഉദ്ദേശിച്ചു പ്രവര്‍ത്തിച്ചു പോരുന്ന രെജിസ്റെര്‍ ചെയ്തിട്ടുള്ള യോഗമാകുന്നു.ഈ യോഗം ഈ സമുദായത്തില്‍ ജനിച്ച ഒരു സന്യാസിയുടെ നാമത്തില്‍ സ്ഥാപിക്ക്പെട്ടിട്ടുള്ളതാകുന്നു".

3. 1916ല്‍ ആലുവ അദ്വൈത ആശ്രമത്തില്‍ ഇരുന്നു കൊണ്ട് മേയ് ഇരുപത്തിരണ്ടാം തീയതി ഗുരുദേവന്‍ ഡോ.പല്‍പുവിനു ഇപ്പ്രകാരം കത്തെഴുതി . ആ കത്തില്‍ ഇങ്ങനെ സൂചിപ്പിച്ചിരുന്നു
" മനസ്സില്‍ നിന്നും, വാക്കില്‍ നിന്നും, പ്രവര്‍ത്തിയില്‍ നിന്നും നാം യോഗത്തിനെ വിട്ടിരിക്കുന്നു ".

4.ശിവഗിരി സത്രത്തില്‍ വെച്ച് സഹോദരന്‍ അയ്യപ്പന്‍, എന്‍. കുമാരന്‍ ജഡ്ജി എന്നിവരുടെ സാന്നിധ്യത്തില്‍ ( യോഗത്തിന് സ്വന്തമായി ആസ്ഥനമുണ്ടാക്കാന്‍ ശിവഗിരി സ്വത്തുകളില്‍ ഏതെങ്കിലും ഗുരുദേവന്‍ അനുഗ്രഹിച്ചു തരണം എന്ന അപേക്ഷയുമായി ആണ് അവര്‍ ചെന്നത്) വന്‍ സി.ഓ. മാധവനെ നോക്കി ഇപ്പ്രകാരം പറഞ്ഞു
" നാം ചെയ്യേണ്ടത് ചെയ്തു" .

ഈ സമയത്ത് മെഴുകു തിരി വെക്കുന്ന ചിമിനി വിളക്കു കാറ്റടിച്ചു താഴെ വീണുടഞ്ഞു . ഇത് കണ്ടിട്ട് ആത്മഗതമായി ഗുരുദേവന്‍ പറഞ്ഞു -' സ്ഥാപനങ്ങള്‍ എല്ലാം മോശമാകും '.

(അവലംബം: ഗുരുദേവന്‍ കോലത്കരയില്‍ നിന്നും ശിവഗിരിയില്‍ നിര്‍ത്തി പഠിപ്പിച്ച ശ്രീ. ദിവാകരന്‍ അവര്‍കളുടെ ഓര്മ കുറിപ്പുകള്‍ )

Posted on Facebook Group by : DrKamaljith Abhinav

ഭയ-വിശ്വാസികളും'.. 'ഗുരു വിശ്വാസിയും'


മനുഷ്യ ജീവന്റെ നിലനില്പിന് ആധാരം., ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്മ്മ, ഈഗോ, ആത്മാവ്, ഭയം എന്നീ എട്ടു ഘടകങ്ങളാണ് എന്ന് നമ്മുക്ക് അറിയാം. ഭയം എന്ന വികാരം സ്ഥൂലമായ നമ്മുടെ ശരീരത്തെ നാശത്തിൽ നിന്നും സംരെക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘സേഫ്റ്റി’ ആയിട്ടാണ് നമ്മളിൽ അന്തർലീനം ചെയ്തിരിക്കുന്നത്. ഭയം ഇല്ലായിരുന്നു എങ്കിൽ അപകടം ആണെന്ന് അറിയാമെങ്കിൽ കൂടി നമ്മൾ തീയിലോ, വെള്ളത്തിലോ, ഓടുന്ന വാഹനത്തിനു മുന്നിലോ ചാടുമായിരുന്നു. ഇത് ഭയത്തിന്റെ ഒരു പൊസിറ്റീവ് സൈഡ്; എന്നാൽ ഭയത്തിനു ഭയാനകം ആയ ഒരു നെഗറ്റീവ് സൈഡ് കൂടി ഉണ്ട് അത് ഭയം കൂടുമ്പോൾ ഉള്ളതാണ്. ഭയം നമ്മുടെ തലച്ചോറിന്റെ പ്രവര്തനത്തെയും വളര്ച്ചയും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ്അത്. കുട്ടികളിൽ ഇത് വളരെ സാരമായി ബാധിക്കും. ‘എന്റെ കുട്ടി പഠിക്കാൻ മണ്ടനാണ്, ബുദ്ധി ഇല്ല’ എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ അതിനു കാരണം ആകാം എന്ന് കൂടി ആലോചിക്കുന്നത് നല്ലത്..? ഇത് അറിയാവുന്ന ചില കുബുധികളാണ് ‘പാലിൽ വിഷം’ കലർത്തുന്നത് പോലെ ദൈവ വിശ്വാസത്തിൽ ഭയം കലര്ത്തി പരമ്പരാഗതമായി മനുഷ്യനെ ചൂഷണം ചെയ്തു വരുന്നത്. ഇന്ന് 55% ആള്ക്കാരും ദൈവത്തെ തൊഴുന്നത് 'ഭയ ഭക്തിയോടെ' ആണ്. (കേരളത്തിൽ 55% ക്ഷേത്ര വിശ്വാസികളും 45% ഗുരു വിശ്വാസികളും എന്ന് കരുതപ്പെടുന്നു)എന്തിനാണ് 'ഭക്തിക്കു' ഒരു 'ഭയം'. ദൈവത്തെ സ്നേഹിക്കയല്ലേ വേണ്ടത്?, സ്നേഹത്തിൽ നിന്നും അല്ലെ ഭക്തി ഉണ്ടാകേണ്ടത്. വിശ്വസിക്കുന്ന ദൈവത്തോട് ഭക്തനു ഭയം ഉണ്ടെങ്കിൽ അവനു അതിൽ നിന്നും യാതൊരു ഫലവും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ടാണല്ലോ നമ്മുടെ ഭക്തർ മാറി മാറി ക്ഷേത്രമായ ക്ഷേത്രങ്ങളിൽ എല്ലാം കയറി ഇറങ്ങിയിട്ട് ഫലം ഒന്നും കിട്ടാതെ വരുമ്പോൾ അവസാനം 'ഉം..എല്ലാം ദൈവത്തിന്റെ പരീക്ഷണം' എന്ന് കരുതി സമാധാനിക്കുന്നത്

അമ്മമാർ കുട്ടികളോട് പറയുന്നത് കേട്ടിട്ടില്ലേ 'ദൈവത്തെ തൊഴടാ അല്ലേ ദോഷം കിട്ടും' ദോഷം കിട്ടാതിരിക്കാൻ മക്കൾ തൊഴുന്നു..!! എന്ന് വെച്ചാൽ കുട്ടികളുടെ മനസ്സില് ദൈവം എന്നുവെച്ചാൽ ദോഷം കിനിയുന്ന എന്തോ ഒരു വസ്തു ഇവിടെ ആണ് ഒരു ഗുരുദേവവിശ്വാസിയുടെ മനസ്സിലെ ശാന്തിയും സാമാധാനവും നമ്മൾ അറിയുന്നത്. ഗുരുവിനെ ആര്ക്കും ഭയമില്ല, ശാന്തമായ ആ കണ്ണുകളിലെ ഊഷ്മളവും, നിർമ്മലവുമായ സ്നേഹമാണ് നമ്മളിൽ ഭക്തി ഉണര്തുന്നത്..!! അത് ആരും ഭയപ്പെടുത്തി ഉണ്ടാക്കുന്നതല്ല ആ ചൈതന്യതോടുള്ള നിര്മ്മലമായ സ്നേഹത്തിൽ നിന്നും അറിയാതെ ഉടലെടുക്കുന്നതാണ്. ലോകത്തുള്ള ഭക്തന്മ്മാർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട് ഗുരുവിനെ മനസ്സില് ധ്യാനിക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ ശാന്തി മറ്റൊരു ആരാധനാലയത്തിലും കിട്ടില്ല എന്ന്. ശിവഗിരി ഗുരുസമാധിയിൽ ചെന്നിട്ടുള്ളവർക്ക് ഇത് കുറച്ചു കൂടി വ്യെക്തമായിട്ടു അനുഭവിക്കാൻ പറ്റുന്നതാണ്. വിശ്വാസങ്ങൾ മനുഷ്യനെ ഭയപ്പെടുത്തി ഉണ്ടാക്കെണ്ടാതല്ല ഈ ഭയപ്പെടുത്തൽ കാശ് പിടുങ്ങാനുള്ള തന്ത്രങ്ങൾ മാത്രം എന്ന തിരിച്ചറിവ് നമ്മളുടെ കുട്ടികളിൽ എങ്കിലും വളര്ത്തുക..!! അതിനായി നിങ്ങൾ ഇത് ഷെയർ ചെയ്യും എന്ന് കരുതുന്നു...

Posted on Facebook Group by : Bhuvanesan Peethambaran

ഗുരു പുനര്‍ജ്ജനിക്കണോ

ജാതീയമായ അസമത്വങ്ങളുടെ നെരിപ്പോടും നെഞ്ചിലേറ്റി നടന്ന ഒരു സമൂഹം. അവര്‍ക്ക് വഴികാട്ടിയായി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് വഴിവെച്ച ആചാര്യന്‍. സന്ന്യാസി, സാമൂഹിക പരിവര്‍ത്തകന്‍, നവോത്ഥാനനായകന്‍ ഇങ്ങനെ ഭാഷയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത മഹാപ്രതിഭ. ചാതുര്‍വര്‍ണ്യം നടമാടിയിരുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയോടു കലഹിക്കാതെതന്നെ ഈഴവ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കും പ്രബോധനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി. വീണ്ടുമൊരു ചതയ ദിനം കടന്നു വരുമ്പോള്‍ ആ മഹാനുഭാവനു കേരള ജനത മുന്നില്‍ ശിരസ്സാ നമിക്കണം.

സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ നാം കെട്ടിഘോഷിക്കുമ്പോഴും കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ പശ്ചാത്തലവും അനാചാരങ്ങളും സാമാന്യ ജനത്തിന് ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍മാത്രം അവകാശങ്ങളും അധികാരങ്ങളും. അധികാരമെല്ലാം സവര്‍ണ്ണര്‍ക്കും അദ്ധ്വാനമെല്ലാം പിന്നോക്കക്കാര്‍ക്കും. രണ്ടു തരം നീതി പുലര്‍ന്നിരുന്ന കാലഘട്ടം. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായര്‍ തുടങ്ങിയവര്‍ സവര്‍ണ്ണരെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരം തിരിച്ചു നിര്‍ത്തിയ സാമൂഹ്യ പശ്ചാത്തലം. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് നിഷിദ്ധം. ബ്രാഹ്മണര്‍ ജ•ികളും കര്‍ഷകരായ അവര്‍ണ്ണ ജാതിക്കാരന് അടിമവേലയും. സവര്‍ണ്ണന്റെ മുറ്റത്ത് കുത്തിയ കുഴിയിലെ ഇലയില്‍ അവര്‍ണ്ണന് ഭക്ഷണം വിളമ്പും.

ആരോഗ്യവും കൈക്കരുത്തുമുണ്ടെങ്കിലും സവര്‍ണ്ണന്റെ അടിയെല്ലാം ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗം. എന്തിന് സവര്‍ണ്ണന്റെ ശാരീരിക തൃഷ്ണകള്‍ക്ക് മനപ്പൂര്‍വ്വം അടിമപ്പെടേണ്ടിയിരുന്ന അവര്‍ണ്ണ സ്ത്രീകള്‍. മാറു മറയ്ക്കാന്‍ അവകാശം നിഷേധിച്ചതു മാത്രമല്ല മുലക്കരവും ഇക്കൂട്ടര്‍ നല്‍കേണ്ടി വന്നു. പ്രബുദ്ധ കേരളത്തിന് ഒരുകാലത്തും അംഗീകരിക്കാനാകാത്ത സംഗതികളാണ് അക്കാലത്ത് നടമാടിയത്. ബ്രാഹ്മണ വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് നായര്‍ വിഭാഗത്തിലെ സ്ത്രീകള്‍ വാതില്‍ തുറന്നുകൊടുക്കണമെന്ന് സര്‍ക്കാര്‍ തീട്ടൂരം പുറപ്പെടുവിച്ച നാടാണ് സാക്ഷര കേരളം. നായരുടെ സ്ഥിതി ഇതെങ്കില്‍ പിന്നോക്കക്കാരന്റെ ചെറ്റപൊക്കാന്‍ ബ്രാഹ്മണ്യത്തിന് ചോദ്യവും ഉത്തരവും അന്യം.

ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് അക്കാലത്ത് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണ്ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരം. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവര്‍ണ്ണരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റും. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും. കുരിശ്ശില്‍ കിടന്ന് യേശു മരിച്ചപോലെയെന്ന് പറഞ്ഞാര്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന് ഏറെ ഉള്‍ക്കൊള്ളാനാകും. ഇവിടെനിന്നാണ് ശ്രീനാരായണ ഗുരു സാമൂഹ്യമാറ്റത്തിന് വഴി തുറന്നതെന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം.

ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രവും സ്ഥാപിച്ച് സ്വന്തം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചു. തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ഗുരുവിന്റെ മുഖമുദ്രയായിരുന്നു. സാമൂഹ്യ തി•കള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ. ഈഴവ ആചാര്യനായി കരുതപ്പെട്ട അദ്ദേഹത്തിന്റെ ചിന്തകള്‍ സവര്‍ണ്ണരെയും അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ അവ വ്യക്തമാക്കി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ് എന്‍ ഡി പി) സ്ഥാപിച്ചു.

അവര്‍ണ്ണ വിഭാഗം സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ക്കൊപ്പം പ്രാകൃതമായ പല ആചാരങ്ങളും അനുഷ്ഠിച്ചു പോന്നു. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും കള്ളും ചാരായവും ഉള്‍പ്പെടെയുള്ളവ നിവേദിക്കുകയുമായിരുന്നു അവര്‍ക്കിടയിലെ പൂജ. ഒപ്പം ആഭിചാരവും മന്ത്രവാദവും. താലികെട്ട്, കല്യാണം, തെരണ്ടുകുളി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യത്തിനായി ആഡംബരപൂര്‍വ്വം നടത്തി. കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണാനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ അക്കാലത്ത് വ്യവസ്ഥാപിത രീതികള്‍ ഇല്ലായിരുന്നു.

ക്ഷേത്രങ്ങള്‍ എല്ലാ കാലത്തും നമ്പൂതിരിമാരുടെ കൈവശം. അതില്‍ നായ•ാര്‍ക്ക് പോലും സ്വാതന്ത്ര്യമില്ല. സ്വയം പ്രതിഷ്ഠ നടത്തിയാണ് ഗുരു ഇതിനോട് പ്രതികരിച്ചത്. ഇത്തരത്തില്‍ കേരളത്തിലെ അവര്‍ണ്ണരുടെ ഉന്നമനത്തിനായി ഗുരു മുന്നോട്ടുവെച്ച ഓരോ ആശങ്ങള്‍ക്കും ദിനംപ്രതി പ്രസക്തി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നു. ഇവിടെ ഗുരു മുന്നോട്ടുവെച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ചിന്നയ്ക്ക് ആക്കം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സ്വത്വം തിരിച്ചറിയാനായ ആ മഹാനുഭാവന്റെ ചിന്തകള്‍ക്ക് കാലം പിന്നിടുന്തോറും പ്രസക്തി വര്‍ദ്ധിക്കുകയാണ്. കലുഷിതമായ ഈ നൂറ്റാണ്ടില്‍ സ്വന്തം ആശയ പ്രചരണത്തിനും ലോകസമാധാനത്തിനും ഗുരു വീണ്ടും പുനര്‍ജ്ജനിക്കണോ എന്ന ചോദ്യമുയരുന്നു.

ആത്മോപദേശശതകം – നാളിതുവരെ എനിക്കുമനസ്സിലായതു് – രണ്ടാം മന്ത്രം - ഉദയഭാനു പണിക്കർ

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

ജ്ഞാനത്തിന്‍റെ  ഉന്നതങ്ങൾ പലപ്പോഴും സാധാരണക്കാരനു മനസ്സിലാക്കാൻ വിഷമമായിരിക്കും. അപ്പോൾ അവർക്കു മനസ്സിലാകും വിധം ആ ആത്മീയ ജ്ഞാനത്തെ ലഘൂകരിച്ചു് നല്കുകയാണു ഗുരുദേവൻ മിക്ക കൃതികളിലും ചെയ്തിരിക്കുന്നതു്. എന്നാൽ ആ ജ്ഞാനത്തിന്‍റെ  ഉന്നതപീഠങ്ങൾ കാംഷിക്കുന്നവർക്ക് അതിലേക്കുള്ള വഴികളും ഗുരുദേവൻ തന്‍റെ കൃതികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്.

അദ്വൈതത്തിലെ ഏകത്ത്വം മനസ്സിലാക്കാൻ ആദ്യം അതിലടങ്ങിയിരിക്കുന്ന ഉഭയസൂചകമായവയെ മനസ്സിലാക്കി അവയിലെ ഏകത്ത്വത്തെ യോഗയുക്തമായി  ബംന്ധിപ്പിക്കുകയാണു ഗുരുദേവൻ തന്‍റെ   കൃതികളിൽക്കൂടി  ചെയ്തിരിക്കുന്നത്, പ്രത്യേകിച്ചും ദൈവദശകത്തിലും ആത്മോപദേശശതകത്തിലും കൂടി.

ശരീരത്യഗത്തിനുശേഷം അത്മാവിനു രണ്ടു വഴികളിൽ പോകാം. (ശരീരത്യാഗത്തെപ്പറ്റിയല്ല ഇവിടെ പറയുന്നതു്, ശരീരത്യാഗത്തിനു ശേഷമുള്ള യാത്രയെപ്പറ്റിയാണു്.) പുനരാവർത്തനത്തിലൂടെ വീണ്ടും ജനിക്കാം അല്ലെങ്കില്‍  പുനരാവർത്തിരഹിതമായ മോക്ഷത്തിലേക്കു പോകാം.

സദാ യോഗായുക്തരായി ഇന്ദ്രീയമനോബുദ്ധികളെ അകറ്റി അന്തർമുഖരായി വ്യാമോഹങ്ങൾ വെടിഞ്ഞു്  അവയെക്കുറിച്ചു് അഭിമാനം കൊള്ളാതെയും  ജീവിക്കുന്നവർ യോഗികളാണു്. അവർ മോക്ഷത്തിലേക്കുതന്നെ പോകും. കർമ്മോന്മുഖരായിരിക്കുമ്പോഴും പരമാത്മാവിനെ സ്മരിക്കുവാനും എല്ലാം പരമാത്മാവിൽ അർപ്പിച്ചു കർമ്മനിരതരാകുവനും  ആ യോഗികൾക്കു സാധിക്കും. (ഇതിനുള്ള ഒരു ഉത്തമ ഉദാഹരണമാണു് ശ്രീ നാരായണഗുരുദേവൻ). അങ്ങനെ സാധിക്കണമെങ്കിലോ, ആ പരമാത്മാവിനെ നാം ‘തിരഞ്ഞു തേടുക’തന്നെ വേണം. ആ ‘തിരഞ്ഞുള്ള തേടൽ’ ആണു ഗുരുദേവൻ ഇവിടെ പറയുന്നതു്.

ശ്രീനാരായണഗുരുദേവന്‍റെ  കൃതികളിൽ ദൈവദശകം മാത്രമേ അല്പം പഠിക്കാൻ സാധിച്ചിരുന്നുള്ളൂ. ആറാം വയസ്സിൽ തുടങ്ങി എങ്കിലും ഇനിയും തീർന്നിട്ടില്ല. ആ പഠനത്തിന്‍റെ സഹായത്തിനായി ഗുരുദേവന്‍റെ മറ്റു പല കൃതികളും അതോടൊപ്പം ചില ഉപനിഷത്തുക്കളും പഠിക്കുവാൻ ശ്രമിക്കുകയുണ്ടായി.  ആത്മോപദേശശതകം ചർച്ച ചെയ്യാം എന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോൾ മാത്രമാണു് ആത്മോപദേശശതകം ശരിക്കും പഠിക്കാനുള്ള ശ്രമം ആരംഭിച്ചതു്. മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുകയാണു്. ഇതുവരെ എഴുതുയതു വായിച്ചിട്ടു് പലരും അഭിപ്രായങ്ങൾ പറഞ്ഞു. ആ പരാമർശങ്ങൾ വീണ്ടും പഠിക്കാൻ പ്രേരകമായി. ചോദ്യങ്ങളും അഭിപ്രായങ്ങളും വായിച്ചപ്പോൾ സ്വയം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായി. വീണ്ടും പരതി നോക്കി, അപ്പോൾ കണ്ടതും അതിനെത്തുടർന്നു  പൊന്തിവന്ന ചിന്തകളുംകൂടി ചേർത്തെഴുതുന്നു.

അന്തക്കരണങ്ങളും (മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം) ജ്ഞാന-കർമ്മേന്ദ്രീയങ്ങളും ഈ അഘിലാണ്ഡവും;  സകലമാനമായ ജ്ഞാനവിഷയങ്ങളും; ഇവയെയെല്ലാം സ്വയം പ്രകാശിതമായിരിക്കുന്ന, പരമമായ ആ ആത്മപ്രഭാവത്തിന്‍റെ ചൈതന്യസ്ഫുരണം മാത്രമാണു്. വിശകലനം ചെയ്തു നോക്കിയാൽ ഇതു മനസ്സിലാക്കാം. അങ്ങനെ  വിശകലനം ചെയ്തു നോക്കി മനാസ്സിലാക്കേണ്ടതും ആണു.

നശ്വരസ്വരൂപമാണു് “അവിദ്യ”, അനശ്വരസ്വരൂപമാണു “വിദ്യ”. ഇവയ്ക്കുരണ്ടിനും; ഉദ്ഭവവും നാശവും ഇല്ലാത്തതും അപാരവുമായ പരബ്രഹ്മം തന്നെ സാക്ഷിയാണ്. അഥവാ ആ പരബ്രഹ്മത്തിൽ നിന്നും ആണു് ഇവ രണ്ടും ഉത്ഭവിക്കുന്നതു്. ഇവ രണ്ടിനേയും ആ പരമാത്മാവുതന്നെ ഭരിക്കുകയും ചെയ്യുന്നു. എന്നാൽ ആ പരമാത്മാവ്‌ രണ്ടിൽ നിന്നും അന്യം ആണുതാനും. പരബ്രഹ്മത്തിന്‍റെ തന്നെ മഹാമായയാൽ ചലിക്കുന്നതാണീ അഘിലാണ്ഡം മുഴുവനും. ജ്ഞാനം, ഭക്തി, പ്രേമം, വൈരാഗ്യം മുതലായ സദ്ഗുണങ്ങൾ “വിദ്യാമായ” നല്കുന്നു. “അവിദ്യാമായ” പഞ്ചഭൂതങ്ങളേയും ഇന്ദ്രീയഭോഗസുഖാദികളേയും നല്കി നമ്മേ ഈശ്വര-വിസ്മൃതരാക്കുന്നു.

ഒന്നു ആത്മീയതലത്തിലും മറ്റൊന്നു ഭൗതികതലത്തിലും നമ്മേ നയിക്കുന്നു. എന്നൽ ജീവിതം ഇവരണ്ടിന്‍റെയും ഒരു സംതുലനാവ്സ്ഥയിലേക്കു നയിക്കുകയാണു സാധാരണ മനുഷ്യനു് അഭികാമ്യമായിട്ടുള്ളതു്. (ഈ കാരണത്താലാണു് ഗുരുദേവൻ രണ്ടിനും തന്‍റെ ദർശനങ്ങളിൽ സ്ഥാനം കൊടുത്തിരിക്കുന്നതും.) അങ്ങനെയുള്ളതിനെ സ്വീകരിക്കുവാനും അല്ലാത്തതിനെ ത്യജിക്കുവാനും നമ്മേ അനുശാസിക്കുന്ന ശക്തി, എല്ലാത്തിനും കാരണഭൂതനായ ആ പരമാത്മാവു തന്നെയാണു്, മറ്റൊന്നുമല്ല. സർവ്വവ്യാപിയും, സർവ്വാന്തര്യാമിയും സർവ്വപ്രകാശരൂപനുമായ ആ പരമാത്മാവു് തന്നെയാണു സകലത്തിനും ചൈതന്ന്യസ്ഫുരണമായി നില്ക്കുന്നതും. ആ സത്യം നാം മനനവിചാരാദികളാൽ തത്ത്വശോധന ചെയ്തു മനസ്സിലാക്കേണ്ടതാണു്. അതാണു് അന്തിമലക്ഷ്യത്തിലേക്കുള്ള പാത.

കൂടാതെ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യനിലെ തേജസ്സും ചന്ദ്രനിലെയും അഗ്നിയിലേയും തേജസ്സും എല്ലാം ആ പരബ്രഹ്മം തന്നെ. അതേ പരബ്രഹ്മംതന്നെ എല്ലാവരുടേയും ഹൃദയത്തിൽ കുടികൊള്ളുന്നു. ആ പരബ്രഹ്മത്തിൽ നിന്നു തന്നെയാണു് സ്മൃതിയും ജ്ഞാനവും വിസ്മൃതിയുമെല്ലാം ഉണ്ടാകുന്നതും. വേദങ്ങളിലൂടെ അറിയപ്പെടേണ്ടവനും, വേദാന്തകർത്താവും വേദജ്ഞാനവും അതേ പരബ്രഹ്മം തന്നെ.

ഭാരതത്തിന്‍റെ ആത്മീയത വെറും ഒരു മതം അല്ലാ എന്നും, എന്നാൽ അവയെ രണ്ടിനേയും (ആത്മീയതയേയും മതത്തേയും) സമന്ന്യയിപ്പിച്ചു കൊണ്ട് – മതത്തെ പിന്തള്ളി ആത്മീയതയിലൂടെ – എങ്ങനെ സകലചരാചരങ്ങളുടേയും നന്മയ്ക്കായി  അവയെ ഉപയോഗപ്പെടുത്താം എന്നും ഗുരുദേവൻ ഈ കൃതിയിലൂടെ കാട്ടിത്തരുന്നു. അതിന്‍റെ മുന്നോടി ആയിട്ടാണു് ഈ മന്ത്രത്തെ കാണേണ്ടതു്.

ദൈനംദിനജീവിതത്തിൽ ഭക്തിയും കർമ്മവും സമന്യയിപ്പിച്ചു ജ്ഞാനത്തിലേക്കും അവിടെനിന്നും ദാർശൻകിതയിലേക്കും അതുവഴി മോക്ഷത്തിലേക്കും എങ്ങനെ നയിക്കാം എന്നു  കാട്ടിത്തരുന്ന കൃതിയാണു് ആത്മോപദേശശതകം. അപഗ്രധിച്ചു നോക്കുമ്പോൾ;  ജനനം, ജീവിതം, മരണം തുടങ്ങിയ പ്രക്രിയകൾക്കു വിധേയമാകുന്ന സകലത്തിനും; ഭൗതികതയിൽ സൂര്യൻ എങ്ങനെ പ്രകാശമാനമാക്കി ശക്തിനല്കുന്നുവോ, അതേ പോലെ ആത്മീയതലത്തിൽ സകലത്തിന്നും പ്രകാശവും ഇന്ദ്ധനവും ആയി വിലസ്സുന്ന അനന്തവും  സ്വയം പ്രകാശിതവും ആയ ആ ആത്മപ്രകാശത്തിന്‍റെ  കണികകളും ആ ആത്മപ്രകാശം തന്നെയും ആണു് ഈ അഘിലാണ്ഡമെല്ലാം, എന്ന സത്യം മനസ്സിലാക്കിവോണം ജീവിക്കേണ്ടതെന്നു ഗുരുദേവൻ ഇവിടെ നമ്മേ ഉത്ബോധിപ്പിക്കുന്നു.

നമ്മേപ്പോലെ തന്നെ ഈ പ്രപഞ്ചം മുഴുവനും തന്നെ ജീവികളാണു്- ജീവനില്ലാ എന്നു നാം കരുതുന്നവയും. സൂര്യ-ചന്ദ്രന്മാരും മറ്റു ഭൂഗോളങ്ങളും എല്ലാം – ഈ ഭൂമീദേവി ഉൾപ്പെടെ സകലതും. (ഭൂമീദേവിയും സൂര്യചന്ദ്രന്മാരും പുരാണങ്ങളിൽ കഥാപാത്രങ്ങളായതും ഇക്കാരണത്താൽ തന്നെയാണു്.) എല്ലാവർക്കും ആവരവരുടേതായ കർമ്മങ്ങളും ഉണ്ട്. അതു ചെയ്തു തന്നെ ആകണം. അതാണു ഗീതയും നമ്മെ പഠിപ്പിക്കുന്നതും.

ആത്മസാക്ഷാത്ക്കാരത്തിനു് അന്തര്യാമിയായ കരുവിനെ തെരുതെരെ വീണുവണങ്ങിയതുപോലെ എല്ലാ ജ്ഞാനവിഷയങ്ങളുടെയും ഉറവിടമായി പരമമായാആകാശത്തിൽ പ്രകാശം പരത്തി, എല്ലാത്തിനും ശക്തിയായി വർത്തിക്കുന്ന ആ ചൈതന്യത്തെ നാം സൂക്ഷമമായി പഠിച്ചു മനസ്സിലാക്കണം.

ചിന്തിക്കുക എന്നതു് ധാർമ്മീകമായ ഒരു കർമ്മം ആണു്. അതു നമ്മുടെ ഉള്ളിൽ നടക്കുന്നതും ആണു്. കാണുന്നതും കേൾക്കുന്നതും മണക്കുന്നതും മറ്റും  ഓരോ ഇന്ദ്രീയങ്ങളിൽക്കൂടിയാണു്. ഉള്ളിൽ നടക്കുന്ന ചിന്തയെ നയിക്കുന്നതും ഒരു ഇന്ദ്രീയം തന്നെ. അതാണു ചിത്തം. ഇങ്ങനെ ജോലിയിൽ മുഴുകിയിരിക്കുന്ന ഇന്ദ്രീയങ്ങളാണു് കരണങ്ങൾ. ആന്തരികമായ ജോലിചെയ്യുന്നവയെ അന്തക്കരണങ്ങൾ എന്നു പറയുന്നു. എന്തെങ്കിലും കണ്ടാൽ, കേട്ടാൽ, അല്ലെങ്കില്‍ അനുഭവിച്ചാൽ അതെന്താണെന്നറിയാൻ, അതെങ്ങനെ ഉണ്ടായി എന്നറിയാൻ ആഗ്രഹം ഉണ്ടാകുന്നു. അതുമനസ്സിന്‍റെ ജോലിയാണു്. അതറിയാനുള്ള ആഗ്രഹം അന്വഷണമായി മാറുന്നു. ഇതു ചെയ്യുന്നതു് ബുദ്ധിയാണു്. ബുദ്ധിയിൽ തെളിയുന്ന അറിവിന്‍റെയും നമ്മുടെ ആവശ്യത്തിന്‍റെയും വെളിച്ചത്തിൽ നാം തീരുമാനങ്ങൾ എടുക്കുന്നു. തീരുമാനങ്ങൾ എടുക്കുവാൻ അനുഭവങ്ങളും അറിവുകളും സഹായിക്കുന്നു. ഈ അറിവിനേയും അനുഭവങ്ങളേയും ബുദ്ധിക്കുപദേശിച്ചു കൊടുക്കുന്നതു് ചിത്തം എന്ന അന്തക്കരണമാണു (അന്ത-കരണമാണു). ആ ഉപദേശങ്ങൾക്കനുസരിച്ചു നാം കാര്യങ്ങൾ ചെയ്യുന്നു. ചെയ്യുന്ന കാര്യങ്ങൾ നമ്മിൽ പല അനുഭവങ്ങളും ഉണ്ടാക്കുന്നു. ഈ അനുഭവങ്ങളിൽ പ്രീയങ്ങളും അപ്രീയങ്ങളും ആയവ  ഉണ്ടാകാം. ഈ “പ്രീയ-അപ്രീയ” അനുഭൂതികൾ നമ്മിൽ ഉണ്ടാക്കുന്ന പ്രതികരണം  ആണു് അഹങ്കാരം. ഈ അഹങ്കാരം നമ്മുടെ  ഇന്ദ്രീയങ്ങളെ നീയന്ത്രിക്കുന്നു, അവയെ ചലനാത്മകമാക്കുന്നു, അല്ലെങ്കില്‍ നമുക്കു് വീണ്ടൂം അനുഭവങ്ങൾ തരുന്നു. അനുഭവങ്ങൾ ഇന്ദ്രീയാത്മകമാകാം, അതെപോലെ മാനസികവും ആകാം. ഈ അനുഭവങ്ങൾ നമ്മിൽ പല താല്പര്യങ്ങളും ഉണ്ടാക്കും. ഈ അനുഭവങ്ങൾ അന്തമില്ലാത്തവയാണു്. ഇതാണു നാം അനുഭവിക്കുന്ന ജഗത്തു്. നാം കാണുന്നതും അനുഭവിക്കുന്നതും എല്ലാം ആ ആത്മസൂര്യന്‍റെ  ശക്തിയാണു്. ആ ശക്തിയാണു് “തിരുവുരു”. അതിനെയാണു നാം “തിരഞ്ഞു തേറിടേണ്ടതും”.
ഇന്ദ്രീയങ്ങൾ നമ്മേ നീയന്ത്രിക്കാതെ നാം ഇന്ദ്രീയങ്ങളെ നീയന്ത്രിക്കണം. അപ്പോൾ നാം സത്ത്വഗുണധർമ്മമായ പ്രകാശത്തെയും, രജോഗുണധർമ്മമായ പ്രവൃത്തിയേയും, തമോഗുണധർമ്മമായ മോഹത്തേയും അറിയും. അവ ഉള്ളപ്പോൽ ദ്വേഷിക്കുകയോ ഇല്ലാത്തപ്പോൾ കാംഷിക്കുകയോ ചെയ്യാത്തവർ ഗുണാതീതരാകും. അവർ സ്ഥിരചിത്തരായി വർത്തിക്കും. അവരിൽ നിന്ദയും സ്തുതിയും വ്യതിയാനങ്ങൾ ഉണ്ടാക്കില്ല. മൺകട്ടയും കല്ലും സ്വർണ്ണവും എല്ലം അവർക്കു തുല്ല്യമായിരിക്കും. അവർ മാനത്തേയും അപമാനത്തേയും തുല്ല്യമായി കരുതും. മിത്രപക്ഷത്തേയും ശത്രുപക്ഷത്തേയും ഒരേ നിലയിൽ കാണും. അങ്ങനെയുള്ളവർ പക്ഷം നോക്കതെ തെറ്റിനെ തെറ്റായും ശരിയെ ശരിയായും കാണും.

ചില പണ്ഡിതർ പറയാറുണ്ട് ആത്മാവ് എങ്ങും പോകുന്നില്ലാ എന്നു്. ആത്മാവു് എങ്ങും ‘പോകുന്നില്ലാ’ എന്നുതു ശരിതന്നെ, എന്നാൽ ‘പോകുന്നു’ എന്നതും ശരിയാണു്. ഇവിടെ  ‘പോകുന്നു’ എന്നതുകൊണ്ടർദ്ധമാക്കുന്നത്; ‘ജടത്തെ പ്രവർത്തനയോഗ്യമാക്കിയിരുന്ന  ഊർജ്ജവും ചൈതന്യവും ആ ജടത്തിൽ  പ്രവർത്തക്കുന്നില്ല’  എന്നാണു്. ആത്മീയ ചിന്തയിൽ അല്ലെങ്കിൽ ചർച്ചയിൽ ‘പോകുന്നില്ലാ’,   ‘പോകുന്നു’  എന്ന  സംജ്ഞകളെ ഭൗതികതലത്തിൽ നിന്നു കാണാതിരിക്കുകയാണു് ഉത്തമം. ആത്മീയതയെ  ഭൗതികതയുടെ അളവുകോൽ കൊണ്ടളക്കുന്നതിനു തുല്ല്യമായിരിക്കും അതു് -  “രണ്ടടി നീളം” ചായ ചോദിച്ചതു പോലെ.

ജനിക്കാത്തവനും നശിക്കാത്തവനും ആണെന്നിരുന്നാലും;  ജീവജാലങ്ങളുടെയെല്ലാം നായകൻ എങ്കിലും; സ്വപ്രകൃതിയെ വശീകരിച്ചു്, അല്ലെങ്കിൽ  ആശ്രയിച്ച്; സ്വന്തം മായാശക്തികൊണ്ടു്  ആ സർവ്വവ്യാപി (പരമാത്മാവ് ജീവാത്മാവായി) ജന്മം എടുക്കുന്നു. എങ്കിലും, ഇവിടെ വരുന്നുമില്ല പോകുന്നും ഇല്ല; എന്നാൽ വരുന്നും  ഉണ്ട് പോകുന്നും ഉണ്ട്. അതാണു് ആത്മാവു്.

ഇന്ദ്രീയവേദ്യമല്ലാത്ത സ്വരൂപത്തോടുകൂടിയ പരബ്രഹ്മത്താൽ ഈ എല്ലാ ജഗത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു. ഭൂതങ്ങളെല്ലാം പരബ്രഹ്മത്തിൽ ഇരിക്കുന്നു. ആ പരബ്രഹ്മം അവയിൽ ഇരിക്കുന്നും ഇല്ല. എന്നാൽ (യഥാർത്ഥത്തിൽ) ഭൂതങ്ങൾ ബ്രഹ്മത്തിൽ ഇരിക്കുന്നില്ല. ബ്രഹ്മത്തിന്‍റെ ഐശ്വരമായ യോഗവൈഭവം ഭൂതങ്ങളെ ഉണ്ടാക്കുന്നു; ആ ഭൂതങ്ങളെ ഭരിക്കുന്നു; ഭൂതങ്ങളിൽ എരിക്കുന്നില്ല. അപ്പോൾ പോകുന്നില്ല, വരുന്നും ഇല്ല. എന്നാൽ പോകുന്നും ഉണ്ട്, വരുന്നും ഉണ്ട്. ഇരുണ്ട  രാത്രിയിൽ വഴിയിൽ കണ്ട (കണ്ടെന്നു് നമുക്കു തോന്നിയ പാമ്പ്), വെളിച്ചം കാട്ടിയപ്പോൾ എവിടയോ പോയി മറഞ്ഞു. അപ്പോൾ പാമ്പു വരികയും ചെയ്തു പോവുകയും ചെയ്തു. എന്നാൽ വന്നും ഇല്ല പോയും ഇല്ല.

വൃഷ്ണികളിലെ ശ്രീകൃഷ്ണനും, പാണ്ഡവരിലെ അർജ്ജുനനും മുനിമാരിലെ വ്യാസനും കവികളിലെ ശുക്രൻ (ഉശനസ്സ്) എന്ന കവിയും ഒരേ പരബ്രഹ്മം (അത്മാവു) തന്നെ ആകുന്നു. ഭരണാധിപന്മാരുടെ (ശാസകന്മാരുടെ) ദണ്ഡനവും (ശാസനാശക്തി) ജയേച്ഛുക്കളുടെ നയവും രഹസ്യങ്ങളിലെ മൗനവും ജ്ഞാനികളിലെ ജ്ഞാനവും ആ പരബ്രഹ്മം തന്നെ. മാത്രമല്ല, സർവ്വ ഭൂതങ്ങൾക്കും ബീജം യാതൊന്നോ അതും ആ പരബ്രഹ്മം തന്നെ. ചരമോ അചരമോ ആയ ഒന്നും തന്നെ ആ പരബ്രഹ്മത്തെക്കൂടാതെ നിലനില്ക്കുന്നില്ല. മഹിമയുള്ളതോ ഐശ്വര്യമുള്ളതോ ഉൾക്കരുത്തുള്ളതോ ആയി ഏതൊക്കെയുണ്ടോ അതൊക്കെയും ആ പരബ്രഹ്മതേജസ്സിന്‍റെ  അംശത്തിൽ നിന്നും ഉണ്ടായവതന്നെയാണു്.

മഹത്തായ പ്രകൃതിയും ബ്രഹ്മം തന്നെ. ആ പ്രകൃതിതന്നെയാണു് ആ പരബ്രഹ്മത്തിന്‍റെ  ഗർഭാധാനസ്ഥനാമാകുന്നതും. അതിൽ ആ പരബ്രഹ്മം തന്നെ ഗർഭാധാനം ചെയ്യുന്നു. അതിൽ നിന്നാണു സർവ്വചരാചരങ്ങളും ജനിക്കുന്നതു്. വിവിധ രൂപത്തിലുള്ള സർവ്വ ചരാ-അചരങ്ങളുടേയും ജനനി മഹത്തായ പ്രകൃതിയും, ആ ബീജധാനം ചെയ്യുന്ന ജനകൻ പരബ്രഹ്മവും ആണു്.

സാത്ത്വികങ്ങളായി എന്തൊക്കെയുണ്ടോ, അതുപോലെ തന്നെ രാജസങ്ങളായും താമസങ്ങളായും എന്തൊക്കെയുണ്ടോ; അവയൊക്കെയും ആ പരബ്രഹ്മത്തിൽ  നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണു്. അങ്ങനെയാണെങ്കിലും ആ പരബ്രഹ്മം  അവയിലില്ല; അവ പരബ്രഹ്മത്തിലാണുള്ളതു്. (ഇതു സംശയം കൂട്ടുന്നുണ്ടാകാം – ഇവിടെ “മണ്ണു” “കലത്തി”ലുണ്ടു്, എന്നൽ “കലം” “മണ്ണി”ലില്ല; “പാമ്പു” “കയറി”ലുണ്ടു്, എന്നാൽ “കയർ” “പാമ്പി”ലില്ല എന്നും ഓർക്കുക.)

കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുമോ? അതും ചിന്തിക്കേണ്ടതു തന്നെ. കർമ്മങ്ങളുടെ ഫലസിദ്ധി കൊതിക്കുന്നവർ ദേവതകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. എന്തെന്നാൽ മനുഷ്യലോകത്തിൽ കർമ്മത്തിനുള്ള ഫലസിദ്ധി വേഗത്തിൽ ലഭിക്കുന്നു. അപ്പോൾ കർമ്മങ്ങൾ ചെയ്യുന്നു, ആത്മാവു ശരീരം കൊണ്ടും മനസ്സുകൊണ്ടും കർമ്മം ചെയ്യുന്നു. എന്നാൽ, കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവിനു കർമ്മഫലത്തിൽ ആഗ്രഹവും ഇല്ല. (അഗ്രഹം പാടില്ലാ എന്നു പറയുകായാവും വേണ്ടതു്.) ഈ സത്യം അറിയുന്നവർ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നും ഇല്ല. ഈ സത്യം അറിയുന്നവരെ ആ കർമ്മങ്ങൾ ബാധിക്കുന്നും ഇല്ല. അങ്ങനെ എങ്കിൽ  ആ സത്യം അറിയാത്തവരെ ബാധിക്കുന്നുണ്ടാകണം.  അപ്പോൾ ആത്മാവു കർമ്മം ചെയ്യുന്നുണ്ട്, എന്നൽ ചെയ്യുന്നും ഇല്ല. ജീവാത്മാവു തന്നെയാണു പരമാത്മാവെങ്കിലും അതിസാധനയിൽക്കൂടി ആ സത്യം ആ  ജീവാത്മാവു മനസ്സിലാക്കും വരെ കർമ്മങ്ങൾ ജീവാത്മാക്കളെ ബാധിക്കും. അതുകഴിഞ്ഞാൽ ബാധിക്കില്ല.

കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും കാണുവാൻ സാധിക്കുന്നവർ ബുദ്ധിയുള്ളവർ  തന്നെ. അങ്ങനെയുള്ളവർ യോഗികളും, കർമ്മങ്ങൾ ധർമ്മാനുസാരം ചെയ്യുന്നവരും ആയിരിക്കും. ആരുടെ കർമ്മങ്ങൾ കാമസങ്കല്പ്പമുക്തമാണോ അവർ ജ്ഞാനാഗ്നിയിൽ തന്‍റെ കർമ്മങ്ങളെ ബലിയർപ്പിച്ചു ദഹിപ്പിക്കുന്നുമ്പോൾ അവർ ജ്ഞാനികൾ ആകും. കർമ്മഫലാസക്തി വെടിഞ്ഞ് ആത്മാനന്ദത്തിൽതന്നെ സദാ തൃപ്തരും മറ്റൊന്നും ആശ്രയിക്കാത്തവരും  ആയ അവർ, കർമ്മത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കയാണെങ്കിലും ഒന്നും ചെയ്യുന്നില്ല.

അവിദ്യയെ സേവിക്കുന്നവർ അന്ധമായ തമസ്സിനെ പ്രാപിക്കുന്നു. വിദ്യയിൽ മാത്രം തല്പരരായിരിക്കുന്നവർ അതിനേക്കാളും കൂടുതലായുള്ള ഇരുട്ടിനെ പ്രാപിക്കുന്നു, എന്നാണു് ഈശാവാസ്യോപനിഷത്തിൽ പറയുന്നതു്. കർമ്മാനുഷ്ടാനം ഒരു ഉപായവും ഉപേയവും ആയിക്കരുതി കർമ്മം ചെയ്യുന്നവർ അധോഗതിയിലേക്കു പോകും. എന്നാൽ കർമ്മങ്ങളെ  ഉപേക്ഷിച്ചു ദേവതാദി ജ്ഞാനത്തെയും ഉപാസനയേയും മാത്രം ആശ്രയിക്കുന്നവരുടെ ഗതി അതിലും വലിയ അധോഗതിയായിരിക്കും.

ജ്ഞാനികൾ  ഫലകാംഷയില്ലാതെ മനസ്സിനേയും ഇന്ദ്രീയങ്ങളെയും അടക്കി യാതൊരു വിധമായ ലാഭേശ്ഛയും കൂടാതെ കർമ്മം ചെയ്യും.  അവർക്കു മാലിന്യം അഥവാ പാപം ഉണ്ടാകയില്ല. കർമ്മഫലത്തിൽകൂടി (അവിചാരിതമായി) കിട്ടുന്നതെന്തും കൊണ്ടു അവർ ത്രപ്തിപ്പെടുന്നു. അവർ സുഖദുഃഖങ്ങളിൽ ഭേദഭാവനയില്ലാത്തവരായും സദാ  (സിദ്ധിയിലും അസിദ്ധിയിലും) സമചിത്തരായും ഇരിക്കുന്നു.  അങ്ങനെയുള്ളവർ കർമ്മങ്ങളാൽ ബാധിക്കപ്പെടുന്നില്ല. അവർ, ഈ പ്രപഞ്ചത്തിലുള്ള ഒന്നിനോടൂം  ആസക്തിയില്ലാത്തവരായി രാഗബംന്ധത്തിൽ നിന്നു മുക്തമാനസരായി ആത്മജ്ഞാനത്തിൽ ഉറച്ച മനസ്സോടുകൂടിയവരായി, യജ്ഞഭാവത്തിൽ ചെയ്യപ്പെടുന്ന എല്ലാ കർമ്മങ്ങളും യജ്ഞമാണു്. ആ കർമ്മം പുണ്യപാപങ്ങൾക്കു കാരണമാകാതെ വിലയം പ്രാപിക്കുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മങ്ങളായ  യജ്ഞങ്ങളിലെ അർപ്പണവും അർപ്പിക്കപ്പെട്ടതും അർപ്പിക്കുന്നവരും ആർക്കു്  അർപ്പിക്കപ്പെട്ടുവോ അതും  ബ്രഹ്മം തന്നെ. അങ്ങനെയുള്ള യജ്ഞം മോക്ഷപ്രാപ്തിക്കുള്ള മർഗ്ഗമാണു്.

യോഗികൾ “ദൈവയജ്ഞം” തന്നെ അനുഷ്ടിക്കുന്നു. ചിലർ ബ്രഹ്മമാകുന്ന അഗ്നിയിൽ യജ്ഞത്താൽ തന്നെ  (ആത്മാർപ്പണഭാവത്താൽ) യജ്ഞത്തെ അധവാ (സ്വ-വ്യക്തിത്വത്തെ) ആഹൂതി ചെയ്യുന്നു. വേറേ ചിലർ ശ്രോത്രം തുടങ്ങിയ ഇന്ദ്രീയങ്ങളെ സംയമമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. മറ്റു ചിലർ ശബ്ദം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രീയങ്ങളാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. വേറെ ചിലർ എല്ലാഇന്ദ്രീയവ്യാപാരങ്ങളേയും പ്രാണവൃത്തികളേയും വിവേകവിചാരത്താൽ ജ്വലിപ്പിക്കപ്പെട്ട ആത്മസംയമയോഗമാകുന്ന അഗ്നിയിൽ ഹോമിക്കുന്നു. ഇവരെ കൂടാതെ വേറെയും ദ്രവ്യയജ്ഞം ചെയ്യുന്നവരും തപോയജ്ഞം ചെയ്യുന്നവരും യോഗയജ്ഞം ചെയ്യുന്നവരും സ്വാദ്ധ്യായയജ്ഞം ചെയ്യുന്നവരും ജ്ഞാനയജ്ഞം ചെയ്യുന്നവരുമായി ദൃഢവ്രതന്മാരായ സാധകർ ഉണ്ടു്.

‘പ്രാണായാമ’തല്പരരായ വേറെ ചിലർ പ്രാണാപാനന്മാരുടെ ഗതിയെ നിയന്ത്രിച്ചിട്ട് പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ആഹൂതി ചെയ്യുന്നു. മറ്റു ചിലർ   അഹാരം നീയന്ത്രിച്ച് പ്രാണങ്ങളെ പ്രാണങ്ങളിൽ ഹോമിക്കുന്നു: ഇവരെല്ലാവരും യജ്ഞതത്ത്വം അറിയുന്നവരും യജ്ഞം കൊണ്ടു പാപമറ്റവരും ആകുന്നു.

അപ്പോൾ കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുമോ? കർമ്മം ചെയ്യേണ്ടതുണ്ടോ? അതും ചിന്തിക്കേണ്ടതു തന്നെ. “ആരും ഒരിക്കലും - ക്ഷണനേരം പോലും, കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. എന്തെന്നാൽ, പ്രകൃതിയിൽ നിന്നുണ്ടായ ഗുണങ്ങളിൽ എല്ലാവരും അസ്വതന്ത്രരായിട്ട് കർമ്മം ചെയ്യിക്കപ്പെടുന്നു.”

അപ്പോൾ മോക്ഷം ലഭിക്കണമെങ്കിൽ നാം ആ അത്മാവിനെ, ആ ഭാനുമാനേ അറിയണം. അതിനെ അറിയാൻ “തിരഞ്ഞു തേറിടേണം”.

ഒന്നാം ശ്ലോകത്തിലെ “അറിവിലുമേറിയറിഞ്ഞിടുന്നവനും”, രണ്ടാം ശ്ലോകത്തിലെ “ഭാനുമാനും”, മൂന്നാം ശ്ലോകത്തിലെ “സമുദ്രവും’ അദ്വൈതത്തെയും;  ഒന്നാം ശ്ലോകത്തിലെ  “കണ്ണുകളഞ്ചും”, രണ്ടാം ശ്ലോകത്തിലെ “അനേകജഗത്തും”, മൂന്നാം ശ്ലോകത്തിലെ “അനാത്മാവും” അവിദ്യാപരമായ “ഇന്ദ്രീയങ്ങളും”, “വിഭൂതികളും”, “തിരമാലകളും” അദ്വൈതമല്ലാത്തതിനേയും സൂചിപ്പിക്കുന്നു.

ആത്മാവു് ഒരു ഘരവസ്തുവോ ദ്രാവകമോ വാതകമോ അല്ല. അതിനെ ഒരു ഭൗതീക വസ്തുവായിക്കാണ്ടു് അതിന്‍റെ   ആഗമനവിഗമനങ്ങളെ വിലയൊരുത്തിയാൽ അതു “വരുന്നില്ലാ”, “പോകുന്നില്ലാ” എന്നു പറയാം. ആത്മാവു് ഒരു ഭൗതീക വ്സ്തു അല്ലാത്തതിനാൽ ഭൗതികമായ പോക്കു-വരവുകൾ അതിനില്ല. എന്നാൽ അതു പോകയും ചെയ്യും വരുകയും ചെയ്യും. ഒരു വ്യക്തി മരിക്കുമ്പോൾ ആത്മാവു എവിടെ പോകുന്നു? ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നതാണല്ലോ? “ജീവൻ പോയി” എന്നുപറയുമല്ലോ, അതുതന്നെ ഇതും.

അല്പം കൂടി ചിന്തിച്ചാൽ -  വന്നുവോ പോയോ എന്നെന്തിനു ചിന്തിക്കണം. അത്മാവിനെത്തന്നെ കണ്ടിട്ടില്ലല്ലോ! അപ്പോൾ അതുണ്ടോ എന്നും തേടേണ്ടിയിരിക്കുന്നു.  അങ്ങനെ  സത്യം അറിയാനുള്ള ഒരു അന്വഷണം; അതാണല്ലോ നമ്മുടെ ജീവിതലക്ഷ്യം.  പോകുന്നൂ എന്നും പോകുന്നില്ലാ  എന്നും ഉള്ള ആ “ദ്വൈതത” ആണോ സത്യം, അതോ നിത്യ സത്യമായ ആത്മാവാണോ (അദ്വൈതം) സത്യം എന്നു് “തിരഞ്ഞു തേടി” അറിയാനുള്ള ഒരു ഉപാധിയാണല്ലോ ഈ ആത്മോപദേശശതക പഠനം. അതാണല്ലോ നാം നേടേണ്ടതും. അതുകൊണ്ടു എല്ലാവരും അവരാൽക്കഴിയും  വിധം അഭിപ്രായങ്ങൾ പറയുക. അതു ദയവായി വെറും (സം)വാദത്തിനുവേണ്ടി  ആക്കാതിരിക്കുക. അറിയാനും അറിയിക്കാനും ആയിരിക്കട്ടെ.

ഈ ലേഖനങ്ങൾ ഭാരതത്തിന്‍റെ ആത്മീയകാര്യങ്ങളിൽ അറിവുനേടാനുള്ള എന്‍റെ ശ്രമത്തിന്‍റെ പ്രതിധ്വനികളാണു്. അവ അറിവിന്‍റെ മൂർത്തീമത്ഭാവം അയിരിക്കണം എന്നില്ല. ആയിരുന്നെങ്കിൽ പണ്ടേ മോക്ഷപ്രാപ്തി ലഭിക്കണമായിരുന്നു. “വാദിക്കായും ജയിക്കായുമല്ല” ലക്ഷ്യം; “അറിയലും അറിയിക്കലും” ആണെന്നുള്ള വിശ്വാസം കാരണം അഭിപ്രായം ഉള്ളവ അറിയിക്കുവാനപേക്ഷിക്കുന്നു. നാം അറിഞ്ഞതിനെ അന്യോന്യം പങ്കുവയ്ക്കുക. അതാണു ലക്ഷ്യം.

(ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവയെ വ്യക്താധിഷ്ടിതമാക്കാതെ തത്ത്വാധിഷ്ടിതമാക്കാനപേക്ഷിക്കുന്നു.)

ഇവിടെ എഴുതിയിരിക്കുന്നതൊന്നും എന്‍റെ സ്വന്തം സൃഷ്ടിയല്ല. ഇതിനെല്ലാം ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ,  സ്വാമി മധുസൂദന സരസ്വതി, വിവേകാനന്ദസ്വാമികൾ, പ്രഫ. ബാലകൃഷ്ണൻ നായർ,  ശ്രീ എം ദാമോദരൻ, നിഘിലാനന്ദസ്വാമി, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ, പ്രെഫസ്സർ തുറവൂർ വിശ്വംഭരൻ എന്നിവർ. എതിനെല്ലാം ഉപരിയായി എന്‍റെ  ബാല്ല്യകാല ഗുരുക്കന്മാരായി ഞാൻ കരുതുന്ന രണ്ടു ‘നാരായണ’ന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ‘നാരായണ’ന്മാർ രണ്ടും ഒരു കാലത്തു തൊടുകയും തീണ്ടുകയും പാടില്ലാ എന്നുമാത്രമല്ല ദൃഷ്ടിയില്പ്പോലും പെടാൻ പാടില്ലാ എന്നു കരുതപ്പെട്ടിരുന്ന സമുദായങ്ങളിലെ അംഗങ്ങാളായിരുന്നു എന്ന “അസത്യമായ സ്ത്യവും” ഞാൻ എവിടെ സ്മരിക്കുന്നു. തന്നെയുമല്ല അതിൽ ഒരു നാരായണൻ യാതൊരുവിധമായ വിദ്യാഭ്യാസവും ഇല്ലത്തയാളും രണ്ടാമത്തെ നാരായണൻ വെറും പത്താം തരം വരെ മാത്രം പഠിച്ച എന്‍റെ ഒരു സഹപാഠിയും ആയിരുന്നു. ഇവരിൽ നിന്നെല്ലാം കിട്ടിയവയോടൊപ്പം എന്‍റെ  മൻസ്സിൽ തോന്നിയ ചില ആശയങ്ങളും ചേർത്തു് എഴുതി. ചുരുക്കിപ്പറഞ്ഞാൽ ഇതെല്ലാം ഒരു “കട്ട് ആൻഡ് പേസ്റ്റ്” ആണെന്നു പറയാം. അല്പം ആത്മീയത കലർത്തി പറഞ്ഞാൽ നാമെല്ലാം (ഈ അഘിലാണ്ഡം മുഴുവനും തന്നെ)  ഒരു തരം “കട്ട് ആൻഡ് പേസ്റ്റ്” അണല്ലോ!

ഉപചാരപൂർവ്വം, സ്നേഹപൂർവ്വം,

ഉദയഭാനു.

© ഉദയഭാനു പണിക്കർ - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.
Source : http://chinthaadhaaraksl.blogspot.in

പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക

© ഉദയഭാനു പണിക്കർ

പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക എന്നതു തന്നെയാണു്. കാര്യ സാദ്ധ്യത്തിനു മാത്രമായി പ്രാർത്ഥിച്ചാൽ ദുർവാസനകൾ  വളർത്തും എന്നതു തികച്ചും ശരിതന്നെ. കാര്യസാദ്ധ്യവും ഉണ്ടായി എന്നുവരാം. എന്നാൽ അന്തിമമായ കാര്യസാദ്ധ്യം വീണ്ടും മുന്നോട്ടു നീളും. പ്രാർത്ഥന എന്നതിലും ശരി ഭക്തി എന്നതായിരിക്കും. പ്രാർത്ഥന സത്യത്തിൽ ഭക്തിയുടെ ആദ്യപടിമാത്രം ആണല്ലോ. ഭക്തിയുടെ പാരമ്മ്യതയിൽ പ്രേമം എന്നും പറയുന്നു. അതിനും അപ്പുറത്തെത്തുമ്പോൾ അത് അദ്വൈതമായി മാറുന്നു. അവിടെ സ്നേഹമോ വെറുപ്പോ ഒന്നും തന്നെ ഇല്ല. അദ്വൈതം ആയിക്കഴിയുമ്പോൾ സ്നേഹം വെറുപ്പു് തുടങ്ങിയ ദ്വൈതങ്ങൾ ഇല്ലാതെയാകുന്നു. ആനന്ദം മാത്രം അവസേഷിക്കുന്നു. അതാണല്ലോ ഓരോ ജീവാത്മാവിന്റെയും ജീവിത ലക്ഷ്യവും. ചെയ്യുന്നതെന്തും ഈശ്വരാർപ്പണമായി ചെയ്യുക. ഇവിടെ ദൈവദശകത്തിലെ വരികൾ ഓർക്കുക.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കിസ്സായുജ്യം നൽകുമാര്യനും.  
നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ.    
അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക.      അവിടെ എത്തിക്കഴ്ഹിയുമ്പോൾ എല്ലാം ഒന്നായിത്തിരുന്നു. അവിടെ നാമാരും ഇല്ല. ഭഗവാൻ മാത്രം. “അഹം ബ്രഹ്മാസ്മി”. നാമെല്ലാം ശിവമായിത്തീരുന്നു.  “ശിവോഹം” “ശിവേഹം” “ശിവോഹം”.
അങ്ങനെയായിത്തീരാൻ, ചെയ്യുന്നതെല്ലാം ഈശ്വരാർപ്പണമായി ചെയ്യുക. അങ്ങനെ പരമാത്മാവിനെത്തന്നെ പരമാശ്രയമായി കരുതി പരമമായ പ്രേമത്തേടുകൂടി മറ്റൊന്നിലും ബംന്ധം ഇല്ലാതെ ഒരു ജീവിയുടെയും നേരേ യാതൊരുവിധമായ ദ്വേഷബുദ്ധിയില്ലാതെ ഭക്തിപ്രഭാവരായവർക്ക് പരമാത്മപ്രാപ്തി ലഭിക്കുന്നു.

സ്വന്തം കാര്യസാദ്ധ്യം ആണു ലക്‌ഷ്യം എങ്കിൽ അതു പരമാത്മാവിനുള്ള അർപ്പണം അല്ലാതായി. ഭലേച്ഛ വന്നുകഴിഞ്ഞാൽ അതു നിഷ്കാമകർമ്മം അല്ലാതായിക്കഴിഞ്ഞു. നിഷ്കാമകർമ്മം ചെയ്യുമ്പോൾ അതു നമ്മെ സദ്ഭാവനയിലേക്കു നയിക്കും. ഇവിടെ ഭക്തി എന്നതിനെ വെറും പ്രാർത്ഥന ആയിട്ടെടുക്കരുതെന്നു മുകളിൽ സൂചിപ്പിച്ചതും ഓർക്കുക. നിഷ്കാമ കർമ്മം, ജ്ഞാനമാർഗ്ഗപ്രായാണം ഇവയും ഭക്തിതന്നെയാണെന്നും ഓർക്കണം. ശരിക്കും ഭക്തിയെന്നു സാധാരണ കരുതിപ്പോരുന്ന പ്രാർത്ഥന പൂജ തുടങ്ങിയവ ഭക്തിയുടെ ആദ്യ ചുവടുകൾ മാത്രം ആണെന്നും ഓർക്കണം.

ഇവിടെയാണു നാം “കർമ്മാൽ അകർമ്മവും” “അകർമ്മത്തിൽ കർമ്മത്തെയും” കാണേണ്ടതും. അങ്ങനെ ചെയ്യുന്നവരെയാണ്‌ യോഗികൾ എന്ന് വിശേഷിക്കപ്പെടേണ്ടതും. നിഷ്കാമകർമ്മം ചെയ്യാൻ ചിത്തസംയമാനം അത്യാവശ്യമാണു, അതിനു ജ്ഞാനവും. നിഷ്ക്കാമകർമ്മത്തിൽകൂടി മാത്രമേ സമചിത്തതയുണ്ടാകയുള്ളൂ.

സമചിത്തതയിൽക്കൂടിയേ ശരിയായ  ധ്യാനത്തിലേക്കു ഗമിക്കാനാകൂ. കാമവും കർമ്മവും സഹയാത്രികരാണെന്നും ഓർക്കണം.  നിഷ്ക്കാമകർമ്മത്തിൽകൂടി മാത്രമേ അപ്പോൾ യഥർത്ഥഭക്തിയിലേക്കും മോക്ഷത്തിലേക്കും നയിക്കപ്പെടുകയുള്ളൂ. നിഷ്കാമ കർമ്മാനുഷ്ടാനത്തിനു ജ്ഞാനവും അത്യന്താപേക്ഷിതം. അപ്പോൾ ഞാന-ഭക്തി-കർമ്മ മാർഗ്ഗങ്ങളുടെ ഏകീകരണമാണു മോക്ഷമാർഗ്ഗം. ഗുരുദേവൻ ഇവയെല്ലാം തികഞ്ഞ ഒരു യോഗിയായിരിന്നു. അതുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ, അദ്ദേഹത്തിന്റെ സമാധിക്കുരണ്ടു വർഷം മുമ്പ് തന്നെ സന്ദർശിച്ച സരസകവി മൂലൂരിനോടു ഗുരുദേവനെപ്പറ്റി സംസാരിച്ചപ്പോൾ "ഗ്രസ്തഗ്രന്ധരാം മറ്റുയതിമാർ പോലെയല്ല, ചിത്തസംയമിയായ ബുദ്ധിമാൻ നാണു യോഗി" എന്ന് പറഞ്ഞതു്. ഇങ്ങനെയുള്ള മഹാത്മാക്കൾ കർമ്മം ചെയ്യുന്നു എങ്കിലും ഒന്നും ചെയ്യുന്നും ഇല്ല.

എവിടെ കർമ്മ ഫലം മുഴുവനായും ഉപേക്ഷിക്കുന്നു എന്നോ, പ്രതിഫലം വാങ്ങാതെ പണിചെയ്തു കൊടുക്കുന്നു എന്നോ അല്ല ഇവിടെ പറയുന്നതും. അവയ്ക്ക് (പ്രതിഫലങ്ങൾക്ക്) മാനസ്സികമായി അധീനപ്പെടരുതെന്നാണിവിടെ അർത്ഥമാക്കുന്നതു. ചെയ്ത കർമ്മം തന്നെ സാക്ഷാത്ക്കാരം എന്ന ചിന്തയുണ്ടായാൽ അതു സൽക്കർമ്മമാകും. സൽക്കർമ്മം ചെയ്യുമ്പോൾ നമുക്കു ധന്യതനല്കുന്ന ഒരവസ്ഥയാണുണ്ടാക്കുക. അങ്ങനെ ഫലകാംഷയില്ലാതെ മനസ്സും ഇന്ദ്രീയങ്ങളും അടക്കി, ശാരീരികമായി-ഈശ്വരാർപ്പണമായി മാത്രം കർമ്മം ചെയ്യുക. അങ്ങനെ ചെയ്യുന്നവർ മാലിന്ന്യം ഏല്ക്കാതെ അന്തിമ ലക്ഷ്യത്തിലെത്തുന്നു.

മാനുഷ്യസേവ കാമ്യകർമ്മങ്ങളെ ഉപേക്ഷിച്ചു കൊണ്ടായിരിക്കയും വേണം. സർവ്വ കർമ്മഫലങ്ങളേയും ഉപേക്ഷിച്ച് ത്യാഗമനസ്ഥിതിയോടുകൂടി ചെയ്യുന്ന സേവയ്ക്ക് മാത്രമേ ഈശ്വരപൂജയാകാൻ സാധിക്കൂ. (പേരിനും പെരുമയ്ക്കും വേണ്ടിചെയ്യുന്ന മാനുഷ്യസേവ അഥവാ മാനവസേവ ഒരിക്കലും ഈശ്വരപൂജയാകില്ല.) അങ്ങനെ ചെയ്യുമ്പോൾ-ഈശ്വരപൂജയായി ചെയ്യുമ്പോൾ, എല്ലാവരുടേയും ഉള്ളിൽ കുടികൊള്ളുന്ന ആ സർവ്വവ്യാപിയായ പരബ്രഹ്മം സ്മൃതിയും ജ്ഞാനവും വിസ്മൃതിയും എല്ലാം നമ്മിൽ തന്നെ സൃഷ്ടിച്ചു അറിയപ്പെടേണ്ടവയെ അറിയിച്ച് മോക്ഷപ്രാപ്തിയിലേക്കു നയിക്കുന്നു.

© ഉദയഭാനു പണിക്കർ - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക
Source : http://chinthaadhaaraksl.blogspot.in

സനാതനധർമ്മം ഒരു മതമോ?

©ഉദയഭാനു പണിക്കർ

സനാതനധർമ്മം വെറും ഒരു മത തത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല. മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു സനാതനധർമ്മം - അത്മീയജ്ഞാനത്തിന്റെസ ശാസ്ത്രം. ആദിയും അന്തവും ഇല്ലാത്തതും; ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്റെ; ശാസ്ത്രം, അത്മാവിന്റെ ഈ ശാസ്ത്രം, അതീതമായ സത്യത്തിന്റെ ശാസ്ത്രം. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി ഇതിനെ അനുസരിക്കുന്നവർക്കും പരിശീലിക്കുന്നവർക്കും ഇതു വഴങ്ങും. അപ്പോൾ അത്മീയവും പഞ്ചഭൂതാത്മകവും ആയ ആനന്ദത്തെ അനുഭവിക്കുകയും ചെയ്യാം. എല്ലാവർക്കും ഉല്കൃഷ്ട്ട ജീവിതം കൈവരിക്കുവാൻ; സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സർവ്വോല്കൃഷ്ടമായ ഒരു ജീവനമാർഗ്ഗമാണു സനാതനധർമ്മം. ഈ സനാതനമായ ധർമ്മം സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല, മറിച്ച് ജീവാത്മ-പരമാത്മ ഏകോപനത്തിനുള്ള (ആ ഏകോപനമാണു മോക്ഷം) ബഹുമുഖമായ രാജവീഥിയാണു്. ഇതിനു സമാനമായി ഇതു മാത്രമേ ഉള്ളൂ. ഇതിനേ അളക്കാനുള്ള അളവു കോൽ എവിടെയും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ, കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കൊച്ചു കുഴികളും; സനാതനധർമ്മം ആ കുഴികളിൽ കുട്ടികൾക്കു ജലക്രീഡയ്ക്കായി ജലം അനവരതം ദാനം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഭാവിയിലും ചെയ്യുവാൻ കഴിവുള്ളതും ആയ ഒരു അനന്തമായ മഹാസാഗരവും ആണെന്ന സത്യം ഓർക്കുക.

മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനധർമ്മത്തിന്റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്റെറ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മയം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും.

ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. എന്നാൽ ഇന്നു് സനാതനധർമ്മസത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചിലരും, ആ വ്യാഖ്യാനങ്ങൾ സത്യം എന്നു ധരിച്ചു സനാതനധർമ്മികളിൽ വലിയ ഒരു ശതമാനം ആളുകളും ഉച്ചനീചത്വങ്ങൾ ധാരാളമായിവച്ചു പുലർത്തുന്നതായിക്കാണം. ഈ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ അവതരിച്ച ഒരു അവതാരം ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ. ഗുരുദേവൻ കാട്ടിയ വഴി സ്വീകരിച്ചാൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഗുരുദേവന്റെ അനുയായികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും അതിനു ശ്രമിക്കുന്നില്ലാ എന്നു പറയേണ്ടിവന്നതിൽ ഖേദിക്കുന്നു.

ഉച്ചനീചത്വങ്ങൾ തുടച്ചു മാറ്റാൻ, ഉപനിഷത്തുക്കളിൽ അധിഷ്ടിതമായ ഗുരുദേവ ദർശനങ്ങളുടെ പഠനം കൊണ്ടു സാധിക്കും. കേരളവും ഭാരതവും ലോകവും ആ വഴിക്കു നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാൽ ആ പഠാനത്തിനുവേണ്ടി കൂട്ടായ ഒരു ശ്രമം നമുക്കു നടത്താം.

(©ഉദയഭാനു പണിക്കർ. - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)
Source : http://chinthaadhaaraksl.blogspot.in

അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്റെ ആത്മീയത ഒരു മതം അല്ല.

©ഉദയഭാനു പണിക്കർ

അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്‍റെ ആത്മീയത ഒരു മതം അല്ല. ആത്മീയതയിൽ മതം ഇല്ല. അങ്ങനെയുള്ളതാണു് ഭാരതത്തിന്‍റെ ആത്മീയത. മതം ആത്മീയതയിൽ ചേർന്നു കഴിയുമ്പോൾ അതു്, ആ മതം, മതമല്ലാതാകും; ആ മതമില്ലാതാകും.
ഭാരതത്തിന്‍റെ ആത്മീയതയെ ഒരു മതം എന്നും, അതിന്‍റെ നാമം ‘ഹിന്ദു മതം’ എന്നും ഉള്ള ചിന്ത മറ്റിയാൽ മാത്രമേ ഇതു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. വേദാന്തമാണു് അദ്വൈതം. അദ്വൈതമാണു വേദാന്തം. അതു തന്നെയാണു ഭാരതത്തിന്‍റെ ആത്മ്മീയത. ആ ആത്മീയതയെ മാറ്റിയാൽ കുറെ മതങ്ങൾ അവശേഷിക്കും.

ഭാരതത്തിന്‍റെ ആത്മീയത എന്നു ഇവിടെ സൂച്കിപ്പിക്കുന്നത് പൊതുവേ ഹിന്ദുമതം എന്നു വിശേഷിക്കപ്പെടുന്നതിനെ മാത്രം ഉദ്ദേശിച്ചുകൊണ്ടും അല്ല. വിദേശികൾ പല മതങ്ങളാണെന്നു പറഞ്ഞു പ്രചരിപ്പിച്ചതും നമ്മിൽ ബഹുഭൂരിപക്ഷവും സമ്മതിച്ചു കൊടുത്തതും ആയ നമ്മുടെ അത്മീയശാസ്ത്രം മൊത്തത്തിൽ കണക്കിലെടുത്തു കൊണ്ടാണു് ഭാരതത്തിന്‍റെ ആത്മീയത എന്നു പറഞ്ഞിരിക്കുന്നതു്. അതിനെ ആത്മീയത അല്ല, വെറും മതം മാത്രം ആണെന്ന ധാരണ ഉണ്ടാക്കാൻ വേണ്ടിയാകാം അതിനെ മതങ്ങളായി വിദേശികൾ ഖണ്ഡിതമാക്കി കാണിച്ചതെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണു് ഈ കുറിപ്പെഴുതുന്നതു്.

ഭാരതത്തിന്‍റെ ആത്മീയത വെറും മതം അല്ലാ എന്ന വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രീ നാരായണഗുരുദേവൻ എഴുതിയ ദൈവദശകം പഠിച്ചൽ മതി. പക്ഷെ അതു മുഴുവനും പഠിക്കുവാൻ ഒരു ജന്മം മതിയാകുമോ എന്നതിൽ ബലമായ സംശയം ഉണ്ട്. ഈ ലേഖകൻ ആറാം വയസ്സിൽ തുടങ്ങിയതാണു്. ഈ ജന്മത്തിൽ തീരില്ലാ എന്നു തീർച്ചയായി. അടുത്തതിലും തീരാൻ സാദ്ധ്യതയില്ല. അതുകൊണ്ടു അതിലും മുന്നോട്ടുള്ളതിനെപ്പറ്റി ചിന്തിക്കുന്നില്ലാ എന്നു തീരുമാനിച്ചു.
ദൈവദശകത്തിന്‍റെ പഠനം തുടങ്ങിയപ്പോൾ മൻസ്സിലായി, ഈ പത്തു ശ്ളോകങ്ങൾ മൻസ്സിലാകണം എങ്കൽ ഉപനിഷത്തുകൾ മുഴുവനും – ഭഗവദ്ഗീത സഹിതം - പഠിക്കണം എന്നു്. ചിലർ പറഞ്ഞേക്കും ഗീത ഉപനിഷത്തല്ലാ എന്നു്. ഈ കുറിപ്പെഴുതുന്നയാൾ ഗീതയെ ഉപനിഷത്തുകളിൽ ഒന്നായാണു സ്വീകരിച്ചിട്ടുള്ളതു്.

ഈ കുറിപ്പുകളിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്. അവയിൽ നിന്നും ഉൾക്കൊള്ളാൻ സാധിച്ച അറിവും അവ പഠിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയ അറിവും വച്ചാണു് എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നതു്. മുഴുവനല്ലാത്ത അറിവു വച്ചെഴുതുമ്പോൾ തെറ്റുകൾ സംഭവിച്ചു എന്നും വരാം. എന്നാലും കിട്ടിയ അറിവു പങ്കടണം എന്നു പഠിച്ചതുകൊണ്ടു് അതു പങ്കിടാൻ ശ്രമിക്കുന്നു. സ്വീകരിക്കണ്ടവർക്കു സ്വീകരിക്കാം, തിരസ്കരിക്കണ്ടവർക്ക് അതും ആകാം.

ശണ്ഠയോ, സങ്കടമോ, സന്തോഷമോ, വിദ്വഷമോ വൈക്ളബ്യമോ ഒന്നും തന്നെ ഇല്ലാതെ, ആരേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും; എല്ലാവരിലും ഏകത്ത്വം കാണുക, എല്ലാവരേയും ആത്മസഹോദരരായിക്കാണുക, അറിയാവുന്ന കാര്യങ്ങൾ വേണ്ടവർക്കു പൻകുവയ്ക്കുക, ഇതൊക്കെയാണു നമ്മുടെ ധർമ്മം എന്നു വിശ്വസിക്കുന്നതിനാൽ അതിനു ശ്രമിക്കുകയണിവിടെ. അതും ഭാരതത്തിന്‍റെ ആത്മീയത തന്നെ എന്നു വിശ്വസിക്കുന്നതിനാൽ.

കൃസ്തുവിന്‍റെ ഉപദേശമായി ബൈബിളിൽ പറയുന്നതു് അനുകമ്പ, സ്നേഹം എന്നിവയിൽ ഊന്നി നിന്നുകോണ്ടുള്ള മനുഷിക സേവനം ആണു്. അവിടെ മനുഷ്യൻ തമ്മിൽ സ്നേഹത്തോടെ സഹകരിക്കണം എന്നതിനാണൂന്നൽ. നമ്മുടെ ആത്മീയത ആ ഭൂതദയയെ ഉൾക്കൊണ്ടു കോണ്ട് അനേകദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു, ഈ ബ്രഹ്മാണ്ഢത്തെയെല്ലാം, ഒന്നായിക്കണ്ടുകൊണ്ട്, ഒന്നിനേയും പ്രത്യേകമായി സ്നേഹിക്കാതെയും വെറുക്കാതെയും, സകലത്തേയും ആ പരമ്പൊരുൾ മാത്രമായിക്കണ്ട്, ഒന്നിനേയും വലയത്തിൽ ആക്കാതെയും ഒന്നാലും വലയപ്പെടാതെയും, നിസംഗരായി സ്വന്തകർമ്മം ചെയ്തു ജീവിക്കുവാനാണു് ഭാരതത്തിന്‍റെ ആത്മീയത പഠിപ്പിക്കുന്നത്.

ലോകത്തുള്ള മതങ്ങളെയും ആത്മീയതയേയും ഒന്നായി എടുത്തു്, ഇതിനെ ഒരു പാഠശാലയിലെ അദ്ധ്യപകർ എഴുതാൻ ഉപയോഗിക്കുന്ന ഒരു കറുത്ത ഫലകത്തോടും, അതിൽ വ്യത്യസ്ഥരായ അദ്ധ്യാപകർ എഴുതുകയും തുടച്ചുകളയുകയും ചെയ്യുന്ന പ്രക്രീയയോടും ഉപമിക്കുക. ഗണിതാദ്ധ്യാപകൻ എഴുതുമ്പോൾ ഗണിതവും, ചരിത്രാദ്ധ്യാപകൻ എഴുതുമ്പോൾ ചരിത്രവും, മലയാളാദ്ധ്യാപകൻ എഴുതുമ്പോൾ മലയാളവും ഹിന്ദി അദ്ധ്യാപകൻ എഴുതുമ്പോൾ ഹിന്ദിയും ആ ഫലകം നമ്മേ പഠിപ്പിക്കുന്നു അല്ലെങ്കിൽ കാട്ടിത്തരുന്നു. ഭാരതത്തിന്‍റെ ആത്മീയത ഈ അഘിലാണ്ഠം മുഴുവനും വ്യാപിച്ചു കിടക്കുന്ന ഒരു ഫലകവും മതങ്ങളെല്ലാം അവയിൽ ഓരോ അദ്ധ്യാപകരും പഠിപ്പിക്കുന്ന പാഠങ്ങളും ആണു്. അതുകൊണ്ടാണു് വിവേകാനന്ദസ്വാമികൾ ഭാരതത്തിന്‍റെ ആത്മീയതയെ എല്ലാ മതങ്ങളുടെയും മാതാവെന്നു വിശേഷിപ്പിച്ചതും. ഭാരതത്തിന്‍റെ ആത്മീയത പഠിച്ചാൽ മുകളിൽ പറഞ്ഞ ഓരോ അദ്ധ്യാപകരും അവരുടെ വിദ്യാർദ്ധികളും അന്യൂന്യം തുടച്ചു മാറ്റാൻ ശ്രമിക്കാതെയിരിക്കും. അപ്പോൾ മതമൈത്രിക്കു വേണ്ടി പ്രത്ത്യേക ശ്രമവും ആവശ്യമില്ല.

വിവേകാനന്ദസ്വാമികൾ പറഞ്ഞ സർവ്വമതങ്ങളുടെയും മാതാവായ ഭാരതത്തിന്‍റെ ആത്മീയതയായ അമ്മയും, മക്കളായ മതങ്ങളും തമ്മിൽ സാമ്മ്യം ഉണ്ടാകാം. പക്ഷെ അമ്മയും മക്കളും ഒന്നുതന്നെ അല്ല – ആ മക്കൾ അമ്മയിൽ തിരിച്ചെത്തും വരെ. തിരിച്ചെത്തിക്കഴിയുമ്പോൾ മക്കൾ ഇല്ലാതാകും, അമ്മ മാത്രം ശേഷിക്കും. ആറുകൾ ഒഴുകി കടലിൽ എത്തുമ്പോൾ ഇല്ലാതാകയും കടലുമാത്രം ശേഷിക്കുകയും ചെയ്യും പോലെ - സ്വർണ്ണാഭരണങ്ങൾ ഉരുക്കുമ്പോൾ ആഭരണങ്ങൾ എല്ലാതായി സ്വർണ്ണം മാത്രം അവശേഷിക്കുന്നതു പോലെ.

ആത്മീയത എല്ലാ ഹൃദയങ്ങളിലും ഉണ്ട്. അതിനെ പരിപോഷിപ്പിച്ചെടുക്കുകയാണു വേണ്ടതു്. അപ്പോൾ അദ്വതാനുഭൂതി ഉണ്ടാകും. ഉണ്ടായിക്കഴിഞ്ഞാൽ വികാരങ്ങളില്ലാതാകും.

"അദ്വൈത സത്യം" എന്നുള്ള ആനുഭൂതി ഉണ്ടാകണം എൻകിൽ നാം നമ്മിലേക്ക് തന്നെ തിരിയേണം. എൻകിലേ “അഹം ബ്രഹ്മാസ്മി” എന്ന സത്യം മനസ്സിലാകൂ. കരു, അറിവ്, പൊരുള്‍ തുടങ്ങി നിരവധി പദങ്ങള്‍ പരബ്രഹ്മത്തെ കുറിക്കുന്നുണ്ടു്. എല്ലാം “ആ അനന്തമായ ഒന്നിനെ സൂചിപ്പിക്കുന്നു. ആ ഒന്നിനെ പുല്‍കണമെങ്കിൽ നമ്മൾ ‘തിരഞ്ഞു തേറിടെണം’, എന്നാലും ചിലപ്പോൾ ആത്മതത്ത്വത്തെ; ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതുപോലെ ‘എല്ലാവരും അറിഞ്ഞൂ എന്നും വരില്ല. അതു്, ‘അതി ഗോപനീയമായിരിക്കും’. ആ രഹസ്യം അറിയാന്‍ നമ്മൾ പ്രാപ്തരാകുന്നില്ലാ എങ്കില്‍ ‘പ്രണവം ഉണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടുക’ തന്നെ വേണം – ശ്രീ നാരായണ ഗുരുദേവൻ അരുളിയതു പോലെ. ആ ഗുരുവരുൾ ഹൃദയത്തിൽ പതിപ്പിച്ചു കൊണ്ട്, ഈ മഹത് വാക്യങ്ങള്‍ നമുക്കായി അനുകമ്പയോടെ ഓതിത്തന്ന ആ യതിവര്യന്‍റെ വാക്കുകളെ മനസ്സിലാക്കി ആ പാദകമലങ്ങളിൽ വീണു വണങ്ങിക്കൊണ്ട് നമുക്കു നമ്മുടെ മനനം തുടരുകയാണു വേണ്ടതു്. അതാണു മോക്ഷത്തിലേക്കുള്ള വഴി” എന്ന എന്‍റെ ഒരു സ്നേഹിതൻ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു.

മനുഷ്യർ സ്നേഹത്തോടുകൂടി ജീവിക്കാനുള്ള വളരെയേറെ ഉപദേശങ്ങൾ എല്ലാ മതങ്ങളിലും കാണാം. (മതം അല്ലാ എന്നു ചിലർ വാദിച്ചേക്കാവുന്ന നിരീശ്വരവാദത്തിൽ പോലും കാണാം അതു്.) ജീവിതം സുഗമം ആക്കാനുള്ള ചട്ടങ്ങൾ ആണവ. ഇഹലോകത്തും സ്വർഗ്ഗലോകം എന്ന പരലോകത്തും, ജീവിതത്തിനുതകുന്ന കാര്യങ്ങൾ ആണവ. ആത്മീയത അതിനും അപ്പുറത്തേക്കുള്ള വഴിയാണു്.

മനുഷ്യന്‍റെ ജീവിതയാത്ര രണ്ടു വഴിക്കു തിരിച്ചുവിടാം. വിഷയോന്മുഖമായും, ആത്മോന്മുഖമായും. വിഷയോന്മുഖമായി പോയാൽ നശ്വരങ്ങളായ പ്രപഞ്ചിക വിഷയങ്ങളെ ആശ്രയിച്ചും ക്ഷണിക സുഖങ്ങളെ അനുഭവിച്ചും സ്വന്തം വ്യക്തിത്വം നിലനിറുത്തി ജീവിക്കാം. അപ്പോൾ ദ്വൈതം നിലനിൽക്കും.

രണ്ടാമത്തെ വഴിയിൽ പോയാൽ പ്രപഞ്ചത്തിന്നാധാരമായ പരമാത്മാവിനെ അന്വഷിച്ചു്, അതിൽ സ്വന്ത വ്യക്തിത്വത്തെ, അതായത് ജീവാത്മാവിനെ വിലയിപ്പിക്കാം. അപ്പോൾ നാമും ആ അവ്യക്തതയിൽ അലിഞ്ഞു ചേരും. ഞാൻ എന്ന ഭൌതികത ഇല്ലാതാകും, മറ്റൊരുവിധം പറഞ്ഞാൽ നാം അതായിത്തീരും.

അദ്യത്തെ വഴി ഭോഗാത്മകവും രണ്ടാം വഴി ആത്മീയാത്മകവും ആണു്. ആദ്യവഴി പോകുന്നവർ ഉപാസകരെങ്കിലും ഭോഗേശ്ച ഉള്ളവരാണു്. അവർ മരണശേഷം സൂക്ഷ്മലോകങ്ങളിൽ പോയി അർഹതയ്ക്കനുസരിച്ചുള്ള ഭോഗസുഖങ്ങൾ അനുഭവിച്ചു് വീണ്ടും ജനിക്കുന്നു. കാരണം മനുഷ്യജന്മത്തിൽ കൂടി മാത്രമേ മോക്ഷം ലഭ്യമാകുകയുള്ളൂ. ഭാരതത്തിന്‍റെ ആത്മീയതയിലല്ലാതെ എങ്ങും ഈ രണ്ടാം വഴി ഇല്ല താനും. ബ്രഹ്മാവിന്‍റെ ലോകത്തോ, വിഷ്ണുലോകത്തോ, ശിവലോകമായ കൈലാസത്തോ, ഇന്ദ്രന്‍റെ ലോകമായ (ഇതു തന്നെയാണു ബൈബിളിൽ പറയുന്ന സ്വർഗ്ഗവും) ദേവലോകത്തോ പോയാൽ മോക്ഷം ലഭിക്കില്ല. മോക്ഷം മനുഷ്യജന്മത്തിൽ നിന്നു മാത്രമേ ലഭിക്കൂ. അതിനു വഴി ഭാരതത്തിന്‍റെ വഴി മാത്രമാണു്. ആ വഴി ഭാരതത്തിന്‍റെ ഋഷിമാർ പറഞ്ഞുതന്ന വഴിയാണു്, അതാണു ഭാരതത്തിന്‍റെ ആത്മീയത - ഭാരതത്തിന്‍റെ മാത്രം ആത്മീയത. അതു ഭാരതത്തിന്‍റെതു മാത്രമായതാണു്. അതു മറ്റാർക്കും അവകാശപ്പട്ടതല്ല.

മഹത്തരമായ നമ്മുടെ സംസ്കാരം ഇന്നത്തെ നിലയിലേക്ക് അധപ്പതിച്ചു എന്നു പറയാൻ പറ്റില്ല. സംസ്കാരം അല്ല മൻഷ്യരാണു് അധപ്പതിച്ചു പോയത്. അതിനു കാരണം നമ്മുടെ തന്നെ അജ്ഞതയാണെന്നതും സത്യം തന്നെ. അതിനുള്ള ഒരു പ്രധാനകാരണം ‘സംസ്കൃതത്തെ പടി അടച്ചു പിണ്ഡം വച്ചതും ആണു്’. ഇപ്പോൾ മലയാളത്തിന്‍റെയും ഗതി അങ്ങനെ ആയി എന്നു പറയാം. ശ്രീ നാരായണഗുരുദേവൻ അരുളിച്ചെയ്തതുപോലെ അറിവുകൊണ്ടു പ്രബുദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ പ്രബുദ്ധതയ്ക്കുവേണ്ടി നമുക്കു് കൂട്ടായ്മയോടെ ആത്മാർഥതയോടുകൂടി ശ്രമിക്കാം. "വാദിക്കാനും ജയിക്കാനും ഉള്ളതല്ല; മറിച്ച്, അറിയാനും അറിയിക്കാനും ഉള്ളതാണറിവുകളും, എല്ലാ കൂട്ടായ്മകളും എന്നു മനസ്സിലാക്കി; നമുക്കൊരുമിച്ചു പഠിക്കാനുള്ള ശ്രമം തുടരാം.

മനുഷ്യന്‍ തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയതയെ പരിപോഷിപ്പിച്ചില്ലാ എങ്കില്‍ അതു മനുഷ്യനിലെ, മാനുഷിക മൂല്ല്യങ്ങളെ നശിപ്പിക്കുകയും, അതുവഴി മനുഷ്യസമൂഹത്തെയാകമാനം നാശത്തിലേക്കു നയിക്കുന്ന മതങ്ങളിൽ മനുഷ്യസമൂഹത്തെ എത്തിക്കുകയും ചെയ്യും. കാരണം മതത്തില്‍ ആത്മീയത ഇല്ല. മതം തുടങ്ങുമ്പോള്‍ ആത്മീയത അവസാനിക്കും. അഥവ ആത്മീയതയുടെ അഭാവം ആണു മതങ്ങളെ ഉണ്ടാക്കുന്നതും നിലനിറുത്തുന്നതും. ആത്മീയത മതങ്ങള്‍ക്കതീതവും അപ്രാപ്യവും ആയ ഒരു ശാസ്ത്രം ആണു്. അവ തമ്മില്‍ ബന്ധം ഉണ്ടെന്നു തോന്നാം എങ്കിലും സത്യത്തില്‍ ബന്ധം ഇല്ല. ഒന്നിന്റെ (ആത്മീയതയുടെ) അഭാവം ആണു മറ്റെതിനെ (മതത്തെ) സൃഷ്ടിക്കുന്നതും നിലനിറുത്തുന്നതും. അപ്പോള്‍ മതാതീത ആത്മീയത എന്നു പറയേണ്ട ആവശ്യം ഇല്ല; പറയുന്നതില്‍ അര്‍ത്ഥവും ഇല്ല. നിറങ്ങളുടെ അഭാവമായ അന്ധകാരത്തെ ഒരു നിറമായി കണക്കാക്കുന്നതു പോലെ തെറ്റായ ഒരു നിഗമനം  ആണതു്. അതുകൊണ്ടാണു് ഗുരുദേവന്‍ “മതാതീത ആത്മീയത” എന്നു് എഴുതുകയോ പറയുകയോ ചെയ്യാതിരുന്നതും.

“അത്മീയത” എന്ന വാക്കുപയോഗിച്ചാലും  “ആദ്ധ്യാത്മീകത” എന്ന വാക്കുപയോഗിച്ചാലും  രണ്ടിനും ഒരേസ്ഥാനം തന്നെ. ഗുരുദേവൻ എല്ലാ മതങ്ങളും പഠിക്കാൻ പറഞ്ഞതു് എല്ലാ മതങ്ങളിലും ഉള്ള നല്ലതും ചീത്തയും അറിയാനും അവയിൽ ത്യജിക്കേണ്ടവയെ ത്യജിച്ചുകൊണ്ട്  സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനായിട്ടണെന്ന അഭിപ്രായമാണെനിക്കുള്ളതും. അങ്ങനെ ചെയ്തു കഴിഞ്ഞാൽ  അവശഷിക്കുന്നതു് ഭാരതത്തിന്റെ  “ആത്മീയ ശാസ്ത്രം” അഥവാ  “ആദ്ധ്യാത്മീക ശാസ്ത്രം”  മാത്രം ആയിരിക്കും. ആയതിനാലാണു്  ഗുരുദേവകൃതികളെല്ലാം തന്നെ അവയിൽ അധിഷ്ടിതമായിരിക്കുന്നതും.


©ഉദയഭാനു പണിക്കർ
ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർലേഖകനുമായി ബംന്ധപ്പെടുക.
Source  : http://chinthaadhaaraksl.blogspot.in

ഈ കുറിപ്പിൽ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.
അവ; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസ്വാമികളുടെ സമ്പൂർണ്ണ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, മുനി നാരായണ പ്രസാദ്, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫ. തുറവൂർ വിശ്വംഭരന്‍റെ മഹാഭാരത പര്യടനം ഇവയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.

Friday 20 December 2013

ശിവഗിരി തീർത്ഥാടനത്തെ കുറിച്ച് ശിവഗിരി വിക്കിപീഡിയയില്‍ നിന്നും ..


വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി . ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണ് ഇത്..
ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതചര്യയും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന അദ്ദേഹത്തിന്റെ തത്വത്തിന് പൂരകയായ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. എല്ലാവർഷവും ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ശ്രീനാരായണഗുരുവിന്റെ ജന്മദിനമായ " ഗുരുദേവ ജയന്തിയും ചരമദിനമായ ഗുരുദേവ സമാധിയും " ആചരിക്കപ്പെടുന്നത്.
ആദ്യ തീർത്ഥാടനം.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. തുടക്കം
1928 ജനുവരി 19ന് ഗുരു കോട്ടയും നാഗന്പടം ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ ടി.കെ. കിട്ടൻ റൈറ്റർ എന്നീ പ്രഗത്ഭ വ്യക്തികള്] ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.
നീണ്ട നേരത്തെ ആശയ വിനിമയത്തിനുശേഷം ഗുരു ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകി. ഇതു സംബന്ധിച്ച് ഗുരു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

തീർത്ഥാടക സമയം - ഡിസംബർ 30, 31, ജനുവരി 1
വ്രതം - പത്തുദിവസത്തെ വ്രതം (ശ്രീബുദ്ധന് ) പഞ്ചശുദ്ധിയോടു കൂടി ആചരിച്ചാൽ മതി. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി)
വസ്ത്രം - മഞ്ഞവസ്ത്രം.
തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി കാശു ചെലവാക്കരുത്.

തീർത്ഥാടനത്തിന്റെ ഉദ്ദേശ്യം.
1. വിദ്യാഭ്യാസം
2. ശുചിത്വം
3. ഈശ്വരഭക്തി
4. സംഘടന
5. കൃഷി
6. കച്ചവടം
7. കൈത്തൊഴില്
8. സാങ്കേതിക ശാസ്ത്ര പരിശീലനം .
ഈ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരന്പര നടത്തണം .

കടപ്പാട് : ശിവഗിരി വിക്കിപീഡിയ...


Posted on Facebook Group by: Syam Kumar

തീർത്ഥാടന ഗാനം :


വരികയാണു ഞങ്ങൾ, വരികയാണു ഞങ്ങൾ
വളരുമാത്മമോദമോടെ, ശിവഗിരിയിൽ ഞങ്ങൾ 
ശിവഗിരിയിൽ ഞങ്ങൾ 
(വരികയാണു ഞങ്ങൾ)

ഭീതിയാകെ നീക്കി, പീതവസ്ത്രം ചാർത്തി
വീതഖേദമാത്മതത്ത്വസാരമാസ്വദിക്കാൻ

(വരികയാണു ഞങ്ങൾ)
മോഹമുള്ളിലേതും, താവിടാതെയെന്നും
പഞ്ചശുദ്ധിനേടി; നവ്യസൗഹൃദം വളർത്താൻ
സൗഹൃദം വളർത്താൻ

(വരികയാണു ഞങ്ങൾ)
വിദ്യയഭ്യസിക്കാൻ വൃത്തിയഭ്യസിക്കാൻ
ചിത്ത ശുദ്ധിയോടെ യീശ ഭക്തിയാർജജിച്ചീടാൻ
ഭക്തിയാർജജിച്ചീടാൻ
(വരികയാണു ഞങ്ങൾ)

ഐക്യബോധമേലാൻ, ശാസ്ത്ര വിദ്യ നേടാൻ
ശാശ്വതസമതയുടെ കാഹളം വിളിക്കാൻ
കാഹളം വിളിക്കാൻ
(വരികയാണു ഞങ്ങൾ)

ഏകലോകചിന്ത, ഭൂവിതിൽ വിതയ്ക്കാൻ
ഏകമാണു സർവ്വ മത സാരമെന്നു പാടാൻ
സാരമെന്നു പാടാൻ
(വരികയാണു ഞങ്ങൾ)

ഭേദബുദ്ധി നീക്കി മോദമോടെ നാട്ടിൽ
ഏവരും സഹോദരത്വ ഭാവമാർന്നു വാഴാൻ
ഭാവുകം വളരാൻ
(വരികയാണു ഞങ്ങൾ)

ജാതിയൊന്നുമാത്രം മതവുമൊന്നുമാത്രം
മാത്രമല്ല ദൈവവുമൊന്നെന്നതത്വം പാടാൻ
മന്നിതിൽ പരത്താൻ
(വരികയാണു ഞങ്ങൾ)

ആത്മസുഖം നേടാൻ ആചരിക്കും കർമ്മം
അന്യനും ഗുണത്തിനായ് വരേണമെന്നറിയാൻ
ബോധാമുള്ളിലേറാൻ

(വരികയാണു ഞങ്ങൾ)
അവശലോകമാകെ യവനമേകി നീളെ
ശിവഗിരിയിൽ വിശ്രമിച്ച ഗുരുവിനെ നമിക്കാൻ
ഗുരുവിനെ നമിക്കാൻ

(വരികയാണു ഞങ്ങൾ)


Posted on facebook group by: Sukumari Deviprabha

Wednesday 18 December 2013

സ്വാമി സുധീഷാനന്ദ ശിവശതകം വായിച്ചോ?............by സജീവ് കൃഷ്ണൻ

കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ നൽകിവരുന്ന "ഗുരുവരുൾ' പംക്തിയിൽ "ശിവശതക'ത്തിന്റെ വ്യാഖ്യാനം നൽകിത്തുടങ്ങിയ സമയത്ത് ഒരു ദിവസം റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഫോൺ വിളിച്ചു:
"ഗുരുദേവന്റെ ദാർശനിക കൃതികളല്ലേ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ഇതുപോലുള്ള സ്‌തോത്രകൃതികൾ ഗുരു ആദ്യകാലത്ത് എഴുതിയതല്ലേ? അവയൊക്കെ ഇനിയും പ്രചരിപ്പിക്കണോ?'

"എല്ലാവരും ദാർശനികരായിട്ടില്ലല്ലോ? ഭക്തിയിൽ തുടക്കക്കാരും ഇനിയും തുടങ്ങാൻ മടിച്ചിരിക്കുന്നവരും വഴിതെറ്റിപ്പോയവരും ഏറെയുണ്ട്. അവർക്കു വേണ്ടിയാണ് ശിവശതകം കൊടുക്കുന്നത്' എന്ന് അദ്ദേഹത്തോടു പറയുമ്പോൾ പണ്ട് നാട്ടിൽ ചിരപരിചിതനായിരുന്ന സുധീഷിനെക്കുറിച്ചാണ് ഓർമ്മവന്നത്. ശിവശതകത്തെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നുവെങ്കിൽ സുധീഷിനെ രക്ഷപ്പെടുത്താമായിരുന്നു...
നാട്ടിൽ അന്ന് നാലാൾ കൂടുന്നിടത്തൊക്കെ സംസാരവിഷയമായിരുന്നു ആ ചെറുപ്പക്കാരൻ. ചാരായഷാപ്പിന്റെ ബെഞ്ചിൽ കുടിച്ചു ബോധമറ്റുകിടക്കുന്നവൻ. നാൽക്കവലയിൽ പരസ്യമായി അടിപിടികൂടുന്നവൻ. താന്തോന്നിയായ മകനെ പെറ്റുപോയതിന്റെ വ്യഥകളിൽ കരഞ്ഞുരുകി ജീവിക്കുന്ന അമ്മ സുലോചനയെക്കുറിച്ച് ഓർക്കുമ്പോൾ ആളുകൾ അവനെ ശപിക്കും.

ഒരു അവധിദിവസം നാട്ടിൽനിന്ന് കുറച്ചകലെയുള്ള ആശ്രമത്തിലേക്ക് തീർത്ഥാടനത്തിനു പോയവരുടെ വാഹനത്തിൽ സുധീഷുമുണ്ടായിരുന്നു. മനസോടെ പോയതല്ല. രാത്രി മദ്യപിച്ചുവന്നപ്പോൾ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ കയറിക്കിടന്ന് ഉറങ്ങി. വിളിച്ച് എഴുന്നേൽപ്പിച്ചാൽ തല്ലുമോ എന്നു പേടിച്ച് തീർത്ഥാടകർ അനങ്ങിയില്ല. കള്ളിന്റെ കെട്ടുവിട്ടപ്പോൾ പ്രാർത്ഥനയും മറ്റും കേൾക്കുന്നു. എവിടെയാണെന്നറിയില്ല. എഴുന്നേറ്റുചെന്ന് ആ പ്രാർത്ഥനാസദസിൽ ഇരുന്നു. ഏതോ മായികവലയത്തിൽ എന്നതുപോലെ ആ നിമിഷംമുതൽ സുധീഷ് ഭക്തിയുടെ ലഹരിയിലേക്ക് വീണു. മദ്യം എങ്ങനെയാണോ അയാളെ അടിമയാക്കി വച്ചിരുന്നത് അതേപോലെ ഭക്തിയും അയാളെ അടിമയാക്കി. തിരിച്ചെത്തിയ അയാൾ പിന്നെ കുളിയും ജപവും അമ്പലവാസവുമായി. ഏതു കല്ലിനെയും കമിഴ്ന്നുവീണ് തൊഴും. അങ്ങനെ സുധീഷിന്റെ കള്ളുജീവിതംപോലെ ഭക്തിജീവിതവും നാട്ടിൽ സംസാരവിഷയമായി. കുറച്ചുനാൾ കഴിഞ്ഞ് സുധീഷ് കാവിയുടുത്തു.

വീടിനുമുന്നിൽ ഒരു ആശ്രമം കെട്ടി. ഒരു കാർഡ്ബോർഡിൽ "സ്വാമി സുധീഷാനന്ദ' എന്ന് പേരും എഴുതിവച്ചു. ആദ്യമൊക്കെ പരിഹസിച്ചെങ്കിലും ചിലരൊക്കെ ഭക്തരായി അടുത്തുകൂടി. അതോടെ ആശ്രമത്തിൽ ഒച്ചയനക്കമൊക്കെ വന്നു. അവിടെ പതിവായി എത്തിയിരുന്ന ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. അങ്ങനെ ആശ്രമജീവിതം ഉപേക്ഷിച്ച് വിവാഹിതനായി. എന്നിട്ടും ഭക്തിമാർഗംവിട്ടില്ല. മുഴുവൻസമയവും ഭജനതന്നെ. അമിത ഭക്തിയിൽനിന്ന് ഭർത്താവിനെ മോചിപ്പിക്കാൻ ഭാര്യയ്ക്ക് ബന്ധുജനങ്ങളിൽനിന്ന് ലഭിച്ച ഉപദേശം വീണ്ടും മദ്യത്തിലേക്കും മാംസത്തിലേക്കും അയാളെ കൊണ്ടുവരിക എന്നതായിരുന്നു. നല്ല ഭൗതികജീവിതം ആഗ്രഹിച്ച് ഭാര്യ അയാൾക്ക് മദ്യവും മാംസവുമൊക്കെ നൽകി. സുധീഷ് വീണ്ടും അതിന് അടിമയായി. വഴിയിൽത്തന്നെ കുടിച്ചുബോധമറ്റു കിടപ്പായി. നാട്ടിലെ വിപ്‌ളവകാരികൾ ഭക്തിയുടെ ദോഷവശമായി അയാളെ ചൂണ്ടിക്കാട്ടി. അവർ ചോദിച്ചു, "ഇത്രയുംനാൾ അവൻ പൂജിച്ച ദൈവം ഇപ്പോൾ വന്ന് അവനെ രക്ഷിക്കാത്തതെന്ത്?' എല്ലാദിവസവും ക്ഷേത്രദർശനത്തിനു പോകുന്ന യുവാക്കളെക്കണ്ടാൽ പിന്നെ ആളുകൾ ചോദിക്കും? "എന്താ സുധീഷാനന്ദയ്ക്ക് പഠിക്കുകയാണോ?'

ഒന്നോർത്താൽ എല്ലാവരിലും സുധീഷാനന്ദമാർ ഉണ്ട്. അംശത്തിലും അളവിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നുമാത്രം. ഭൗതികജീവിതത്തിലാണ്ടുപോയാൽ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. ഭക്തിമാർഗത്തിൽവന്നാലോ എല്ലാം വിട്ട് അതിനുപിന്നാലെയായി. ഭക്തിക്ക് മൂർച്ചകൂട്ടാൻ ബ്രഹ്മചാരിയോ സംന്യാസിയോ ആകാൻ ശ്രമിക്കും ചിലർ. ആ തീരുമാനം എടുക്കുന്ന നിമിഷംതൊട്ട് കാമദേവൻ പിന്നാലേകൂടും. ഒരുദിവസം സ്വാമിയുടെ "കള്ളം' വെളിയിൽച്ചാടും. അതോടെ എല്ലാം കഴിയും. മനുഷ്യന് അനുഷ്ഠിക്കാൻ പ്രയാസമുള്ള വ്രതം ബ്രഹ്മചര്യമാണ്. അത് കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ വിവാഹജീവിതത്തിൽ പ്രവേശിക്കണം എന്ന് ഗുരുദേവൻ മൊഴിഞ്ഞിട്ടുണ്ട്. വിവാഹജീവിതം എന്നത് വിഷയസുഖത്തിനുവേണ്ടിയല്ല. ഒരു ധർമ്മാചരണമാണ്. ലോകത്തിന്റെ നിലനില്പിനാവശ്യമായ ധർമ്മാചരണം. അതുകൊണ്ടാണ് ബ്രഹ്മചര്യത്തേക്കാൾ നല്ല ഭക്തിമാർഗം ഗൃഹസ്ഥാശ്രമമാണെന്ന് ഗുരു മൊഴിഞ്ഞത്.

ഭൗതികവും ആത്മീയവും രണ്ടല്ല, ഒന്നുതന്നെയാണെന്ന് ഗുരു മൊഴിഞ്ഞിട്ടുണ്ട്. അച്ചടക്കവും അനുകമ്പയുമുള്ള ജീവിതക്രമം നിലനിറുത്താനാണ് നാം ദൈവത്തെ ആശ്രയിക്കേണ്ടത്. ബ്രഹ്മചര്യവും സംന്യാസവും വളരെ ക്‌ളേശകരമായ സത്യാന്വേഷണമാർഗമാണ്. അതിലേക്ക് കടന്നുവരുന്നവർ ആദ്യവസാനം പ്രകൃതിയാൽ പരീക്ഷിക്കപ്പെടും. ആ പരീക്ഷകൾ എന്തൊക്കെയാണ്, അതിനെ എങ്ങനെയൊക്കെ അതിജീവിച്ച് സത്യദർശനത്തിലേക്ക് എത്താം എന്നൊക്കെ വ്യക്തമായ അറിവുപകർന്നുനല്കുന്നുണ്ട് ഗുരുദേവൻ രചിച്ച ശിവശതകം. ജന്മനാ വാസനാമുക്തനായിട്ടും സത്യാന്വേഷണമാർഗത്തിൽ പ്രകൃതി ഗുരുസ്വാമിയെ മാനസികമായും ശാരീരികമായും വലിയ പരീക്ഷണങ്ങളിൽപ്പെടുത്തിയിട്ടുണ്ട്. അതിൽനിന്നൊക്കെ ആത്മാവിനും ശരീരത്തിനും പോറൽപോലുമേൽക്കാതെ, സത്യാന്വേഷണം ചെയ്ത് എങ്ങനെ പൂർണനായിത്തീരാം എന്ന് വ്യക്തമാക്കിയതാണ് ഗുരുദേവന്റെ മനുഷ്യജന്മം.

ആരാധനാമൂർത്തിയെ ഈ ജഗത്തിന്റെ ഏകാധാരമായ ബ്രഹ്മസ്വരൂപമായിക്കണ്ട് ഭജിച്ചു തുടങ്ങണമെന്ന് ശിവശതകത്തിൽ ഗുരുദേവൻ മൊഴിയുന്നു. പിന്നെ രൂപങ്ങൾവിട്ട് കാര്യവിചാരത്തിലേക്ക് വരണം. സ്വന്തം ജീവിതംകൊണ്ട് സാക്ഷാത്കരിക്കേണ്ട ലക്ഷ്യം തെളിഞ്ഞുകിട്ടാൻ ഉപാസനാമൂർത്തിയോട് കേണപേക്ഷിക്കണം. അതിലേക്കുള്ള ആദ്യപടിയെന്നവിധം അവനവന്റെ വിഷയവാസനകളുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനനം ചെയ്ത് തിരിച്ചറിയണം. അതിന്റെ ഓരോ ചെറുവേരുകൾപോലും വേദനയില്ലാതെ പിഴുതുമാറ്റാൻ ഇഷ്ടദൈവത്തിന്റെ സഹായം തേടണം. വിഷയവാസനകൾ അകറ്റാൻ ഏറ്റവും പ്രായോഗികമായ രീതി ഈശ്വരവിചാരത്തോടെ അവയിലൊക്കെ മിതമായി വ്യാപരിക്കുക എന്നതാണ്. ക്രമേണ അവയെ അതിജീവിക്കാൻ ശ്രമിക്കണം. അടിച്ചമർത്തിക്കൊണ്ടും പിടിച്ചുകെട്ടിക്കൊണ്ടും വിഷയവാസനകളെ അതിജീവിക്കാൻ ശ്രമിച്ചാൽ ഒരു കാളക്കൂറ്റന്റെ ഗതിവേഗത്തോടെ അവ നമ്മിലേക്കുതന്നെ പാഞ്ഞടുക്കും. രക്ഷപ്പെടാനുള്ള വിദ്യ വശമാകാത്തവർ വീണുപോകും. അവരാണ് ഭക്തിമാർഗത്തിൽ സ്വയം"കളങ്കിത'രാകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ആരാധനാമൂർത്തിക്ക് സർവവും സമർപ്പിച്ച് അവിടുത്തെ ഇച്ഛപ്രകാരം ജീവിച്ചുകൊള്ളാം എന്നു പ്രതിജ്ഞയെടുക്കുന്നത്. അതോടെ കർമ്മമാർഗം തെളിയും.

എന്താണ് പരമാത്മാവ്? എന്താണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം? എന്താണ് ഈ പ്രപഞ്ചത്തിന്റെ രഹസ്യം? ഇതൊക്കെ വിധിയാംവണ്ണം വെളിപ്പെടുത്തുന്നുണ്ട് ശിവശതകം. ശിവശതകം ശ്രദ്ധാപൂർവം പഠിച്ചാൽ സന്മാർഗിയായ ഗൃഹസ്ഥനാവാം. ബ്രഹ്മചാരിക്ക് പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിക്കാം. സംന്യാസിക്ക് സർവസംഗപരിത്യാഗിയായ ജനോപകാരിയാവാം. സുധീഷാനന്ദമാർക്ക് ജീവിതത്തെക്കുറിച്ച് ശരിയായ ബോധം തെളിഞ്ഞുവരികയും ചെയ്യും.

Source : http://news.keralakaumudi.com/news.php?nid=854c7442c5be82e526e2c6bfab141e0c#.UqwaRgV7OuQ.facebook

ശിവഗിരി തീര്‍ഥാടനവും ശ്രീനാരായണ സംസ്‌കാരവും................by ഡോ എം എസ് ജയപ്രകാശ്


മാനവികതയെ പുല്‍കിനില്‍ക്കുന്ന മഹാതീര്‍ഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണ ധര്‍മതീര്‍ഥം നിറഞ്ഞുകവിയുന്ന കേന്ദ്രമാണത്. തീര്‍ഥത്തിലേയ്ക്കുള്ള അടനം (യാത്ര) എന്നാണ് തീര്‍ഥാടനത്തിന്റെ അര്‍ഥം. 'തീര്‍ഥം' എന്ന പദത്തിന് നാനാര്‍ഥങ്ങളുണ്ട്. ശുദ്ധജലം, ജലാശയം, പുണ്യാസ്ഥലം, ശാസ്ത്രം, ഋഷികളാല്‍ സേവിക്കപ്പെട്ടത്, ആര്‍ത്തവം, ഉപസ്ഥം (ജനനേന്ദ്രിയത്തിന്റെ സ്ഥാനം), ഉപായം, കടവ്, ഉല്‍പ്പത്തി, ശരിയായ സ്ഥലം, ശരിയായ സമയം, അഗ്‌നി, രോഗനിര്‍ണയം എന്നിങ്ങനെ വിപുലമായ അര്‍ഥങ്ങളാണ് തീര്‍ഥത്തിനുള്ളത്. ശിവഗിരി തീര്‍ഥാടനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ശാസ്ത്രീയവുമായ ലക്ഷ്യങ്ങളില്‍ ഈ അര്‍ഥതലങ്ങള്‍ക്കെല്ലാം പ്രസക്തിയുണ്ട്. കാളിദാസന്‍ തീര്‍ഥത്തിന് നല്‍കുന്ന നിര്‍വചനം തികച്ചും അന്വര്‍ഥമാണ്.

''യദധ്യാസിതമര്‍ഹദ്ഭിഃ
തദ്ധിതീര്‍ഥം പ്രചക്ഷതേ.''

മഹാന്‍മാര്‍ എവിടെ വാണരുള്ളുന്നുവോ അതാണ് തീര്‍ഥം എന്ന് സാരം.
സ്വന്തം നിവാസംകൊണ്ട് സാധാരണമായ സ്ഥലങ്ങള്‍ക്ക് തീര്‍ഥപദവി നല്‍കുന്ന മഹാന്‍മാരെ അനുസ്മരിക്കുവാനും അവരുടെ ആശയങ്ങളെയും ആദര്‍ശങ്ങളെയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും അതുവഴി സമൂഹത്തെ നവീകരിക്കാനും ജനങ്ങള്‍ കൈക്കൊള്ളുന്ന ഉപാധിയാണ് തീര്‍ഥാടനം. ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര ജീവനകലയാണ് ഗുരു അവതരിപ്പിച്ചത്. ഈ ജീവനകലയുടെ നാനാര്‍ഥങ്ങള്‍ പഠിക്കുവാനുതകുന്ന തലത്തിലാണ് ഗുരു തീര്‍ഥാടനത്തെ സംവിധാനം ചെയ്തത്. ശിവഗിരി തീര്‍ഥാടനം എട്ട് വിഷയങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്രപരിശീലനങ്ങള്‍ എന്നിവയാണവ. തീര്‍ഥാടനത്തിന്റെ പ്രസക്തിയെപ്പറ്റി നാരായണഗുരു തന്നെ പറയുന്നത് നോക്കുക: ''ഇവിടെ സൂചിപ്പിച്ച വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം ചെയ്യിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടെ ഇരുന്ന് പ്രസംഗം ശ്രദ്ധിച്ചുകേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാവും. അങ്ങനെ ജീവിതം മാതൃകാപരമായിരിക്കണം''. 

ഗുരുവിന്റെ ഈ ഉപദേശം ഇന്നത്തെ തീര്‍ഥാടനത്തിലൂടെ നേടുന്നുണ്ടോ എന്നത് പഠനവിധേയമാക്കണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രഭാഷണം നടത്തണമെന്നാണല്ലോ ഗുരു പറഞ്ഞത്. ഇതിനുപകരം അനേകം മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ക്ഷണിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണാധികാരികളെന്നനിലയില്‍ ഇവരുടെ പ്രാതിനിധ്യം ഉണ്ടാവണം. എന്നാല്‍ മന്ത്രിമാരെല്ലാം പണ്ഡിതരാണെന്ന ധാരണയില്‍ അവരെക്കൊണ്ട് പ്രഭാഷണവേദികള്‍ നിറക്കുന്ന സമീപനം ആശാസ്യമല്ല. രാഷ്ട്രീയ നേതാവ് വിദ്യാഭ്യാസവിചക്ഷണനായിക്കൊള്ളണമെന്നില്ല. അതുപോലെ കൃഷിവിദഗ്ധനുമായിക്കൊള്ളണമെന്നില്ല. ഈ യാഥാര്‍ഥ്യം വിസ്മരിച്ചാണ് പലപ്പോഴും ശിവഗിരിയില്‍ വിദ്യാഭ്യസസമ്മേളനവും കാര്‍ഷികസമ്മേളനവും മറ്റും നടക്കുന്നത്. ശിവഗിരിയും തീര്‍ഥാടനവും രണ്ടായിമാറുന്ന അശുഭമുഹൂര്‍ത്തങ്ങളാണ് അതുവഴി ഉണ്ടാകുക. ഗുരു ഉപദേശിച്ച വിഷയങ്ങളുടെ സമകാലിക മാനങ്ങള്‍ എന്താണെന്നും അവയുടെ കാലിക പ്രസക്തിയെന്താണെന്നും തിരിച്ചറിയുക, തീര്‍ഥാടനലക്ഷ്യങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള മുന്‍ ഉപാധിയാണ്. പ്രാതിനിധ്യം ഉണ്ടാകേണ്ടത്, തീര്‍ഥാടനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ്.
ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിക്കുന്ന വേദികള്‍ക്കുപകരം രണ്ടിന്റെയും ആത്മാവില്ലാത്ത വേദികള്‍ ഒരുങ്ങുന്നുണ്ടോ എന്നും സ്വയം വിമര്‍ശനത്തിന് വിധേയമാക്കണം. ആത്മീയ ഭൗതികരംഗങ്ങളില്‍ കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകേണ്ട ശിവഗിരിക്ക് ആ ചരിത്രദൗത്യം നിര്‍വഹിക്കാനാവുന്നുവോ എന്നതും പരിശോധിക്കണം. ഗുരുസന്ദേശങ്ങളുടെ സാര്‍വലൗകികത എടുത്തുകാട്ടിയതുകൊണ്ടുമാത്രം ശിവഗിരിയുടെ ദൗത്യം അവസാനിക്കുന്നില്ല. ഒരു ലോക പാര്‍ലമെന്റുതന്നെ വിളിച്ചുകൂട്ടി മാനവികതയ്ക്ക് നവോന്മേഷം നല്‍കാന്‍ കഴിയുന്ന കേന്ദ്രമാണല്ലോ ശിവഗിരി. മതമേതായാലും മനുഷ്യന്‍ നന്നാവണമെന്ന് പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രം വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ശിവഗിരി അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിവച്ച ഈ ശൂന്യതയിലേയ്ക്കാണ് കേരളത്തില്‍ ആള്‍ ദൈവങ്ങള്‍ കടന്നുവന്നത്. സന്തോഷ് മാധവന്‍മാരും മറ്റും തഴച്ചുവളരാന്‍ അത് കാരണമായിട്ടുണ്ട്. ശിവഗിരി പുണ്യംനില്‍ക്കുന്ന ഇടമല്ലെന്ന് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഫലവൃക്ഷത്തൈകള്‍ പ്രസാദമായി കൊടുത്ത സന്ദര്‍ഭത്തിലാണ് ഈ ഉണര്‍ത്തുപാട്ടു ഉയര്‍ന്നത്. ഈ 'പുണ്യവിതരണം' മുളയിലേ നുള്ളപ്പെട്ടു.
ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനത്തിനും ഇന്ന് പ്രസക്തിയേറിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും അടിസ്ഥാന ജനവിഭാഗങ്ങള്‍ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പാതയിലാണ്. ചരിത്രപരമായ കാരണങ്ങളാല്‍ രാഷ്ട്രീയ-സ്വയംഭരണാവകാശങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ട ജനതകള്‍ ഇന്ന് ശാക്തീകരണത്തിന്റെ പ്രക്രിയയിലാണ്. സംഘടിച്ചവര്‍ ശക്തരാകണം എന്നുകൂടി ഗുരു പറഞ്ഞത് ശ്രീനാരായണീയര്‍ വിസ്മരിച്ചിരിക്കുന്നു. നിവര്‍ത്തന പ്രക്ഷോഭകാലഘട്ടത്തില്‍ സംയുക്ത രാഷ്ട്രീയസമിതിയിലൂടെ ഈഴവ-ക്രിസ്ത്യന്‍-മുസ്ലീം രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയൊരുങ്ങിയിരുന്നു. ക്ഷേത്ര പ്രവേശനത്തോടെ ആ മുന്നേറ്റം നിലച്ചു. ''ജാതിമാറി ഭരിക്കണം'' എന്ന് സഹോദരന്‍ അയ്യപ്പനും മറ്റും പറഞ്ഞത് ജാതിവിവേചനചിന്തകൊണ്ടല്ല ജാതിവിവേചനത്തില്‍നിന്നുള്ള മോചനത്തിനുവേണ്ടിയായിരുന്നു. ജാതിവ്യവസ്ഥ തുടച്ചുനീക്കണമെന്ന് സുപ്രീംകോടതി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പറഞ്ഞത് പുണ്യഭൂമിയെന്നുകരുതുന്ന ഇന്ത്യയില്‍തന്നെയാണെന്ന കാര്യം ശ്രദ്ധേയമാണ്. ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ കണ്ടെത്താന്‍ 17 വര്‍ഷമെടുത്തു. 'നെല്ലിന്‍ചുവട്ടില്‍ മുളക്കും കാട്ടുപുല്ലല്ല സാധുപുലയന്‍' എന്ന കുമാരനാശാന്റെ വരികള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് വരുന്നത് ശ്രീനാരായണസമൂഹത്തിന് ഭൂഷണമല്ല. താമസിക്കുന്ന കൂരയ്ക്കുതാഴെ അടുക്കളയില്‍ ശവമടക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നാട്ടില്‍ ഭൂമിക്കുവേണ്ടി സമരമുഖത്ത്‌നില്‍ക്കുന്ന ദളിത്-ആദിവാസി സമൂഹമുള്ള നാട്ടില്‍ ശിവഗിരിയുടെ ഇടപെടലുകള്‍ എന്നാണുണ്ടാവുക? അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരുത്തേണ്ട ബാധ്യത ശിവഗിരിക്കുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാന്‍, ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞാലും, മണ്ണില്‍ ഇടമില്ലെന്ന സ്ഥിതി ഗുരു ജീവിച്ചിരുന്ന കേരളത്തിന് അപമാനമാണ്. മതന്യൂനപക്ഷങ്ങളോടും ദളിത് വിഭാഗങ്ങളോടും മറ്റ് അവശജനവിഭാഗങ്ങളോടുമുള്ള ശിവഗിരിയുടെ ബാധ്യത ചര്‍ച്ച ചെയ്യപ്പെടണം, പ്രാവര്‍ത്തികമാക്കണം. ''ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്ന ആപ്തവാക്യം പറഞ്ഞുനടക്കാനുള്ള ആശയമല്ല, എടുത്ത് ഉപയോഗിക്കാനുള്ള ആയുധമാണ്. ഈ ആയുധം ശിവഗിരിക്ക് അന്യമാകുന്നത് ഭൂഷണമല്ല.

ഗുരുസന്ദേശങ്ങളെ തിരിച്ചറിയുന്നതില്‍ അനുയായികള്‍ തന്നെ പരാജയപ്പെട്ടിരിക്കുന്നു. ബുദ്ധന്‍, നാരായണഗുരു, യേശുക്രിസ്തു തുടങ്ങിയവരെല്ലാം 'ജാതിയെ' എതിര്‍ത്തിട്ടും ജാതി പോയില്ലത്രെ! ഗുരു എതിര്‍ത്തത് ജാതികളെയല്ല, ജാതിയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട വിവേചനത്തെയാണ്, അഥവാ ഉച്ചനീചത്വത്തെയാണ്. മനുഷ്യരിലും വൃക്ഷങ്ങളിലും മൃഗങ്ങളിലും മത്സ്യങ്ങളിലും മറ്റും വ്യത്യസ്ത ഇനങ്ങളുണ്ട് (ജാതികളുണ്ട്). ജൂതനും യാദവനും നീഗ്രോയും ഈഴവനും പുലയനും നായരുമുണ്ടാകും. ഇത് പ്രകൃതിയിലെ വൈവിധ്യമാണ്, ജാതിവ്യവസ്ഥയാകട്ടെ വൈരുധ്യവുമാണ്. വൈവിധ്യത്തെ എതിര്‍ക്കുന്നത് അബദ്ധമാണ്. വൈരുധ്യത്തെ നശിപ്പിക്കാം. പട്ടികളില്‍ ഒരിനം മതിയെന്നു പറയാനാകുമോ? റോസാപ്പൂവില്‍ ഒരിനം മതിയെന്നു പറയുമോ? ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ് ഗുരു ലക്ഷ്യമിട്ടത്. ജാതികളുണ്ടാവും ഭേദം പാടില്ല, മതങ്ങളുണ്ടാവും ദ്വേഷം പാടില്ല. വിദ്യകൊണ്ട് സ്വതന്ത്രരാകാന്‍ ഗുരു പറഞ്ഞു. അനുയായികള്‍ വിദ്യകൊണ്ടു, പക്ഷേ സ്വതന്ത്രരായില്ല! നീ ആര്? എന്ന് ജാതിചോദിച്ച് തീണ്ടാട്ടിമാറ്റിയവരോടാണ് ജാതി ചോദിക്കരുത്-പറയരുത് വിചാരിക്കരുത് എന്ന് വിലക്കിയത്. അതാകട്ടെ ഈഴവരോടു മാത്രം പറഞ്ഞതുമല്ല.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതി യുക്തിചിന്തയുടെ വെളിച്ചത്തില്‍ സമൂഹത്തെ പരിവര്‍ത്തനം ചെയ്തവരാണ് ഗുരുവും അദ്ദേഹത്തിന്റെ അനുയായികളും. തന്നെ ദൈവമാക്കി ആരാധിക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ പേരില്‍ ഗുരുക്ഷേത്രമുണ്ടാക്കുന്നത് ഗുരുനിന്ദയാണ്. ഗുരുക്ഷേത്രത്തില്‍ തുലാഭാരവും ഗരുഡന്‍തൂക്കവും ഉണ്ടാകുന്നത് ഗുരുവിന്റെ ധര്‍മപരിപാലനത്തിന് വിരുദ്ധമാണ്. മോക്ഷപ്രാപ്തിയെപ്പറ്റി ഗാന്ധിജി നാരായണഗുരുവിനോട് ചോദിച്ചപ്പോള്‍, ''ആധ്യാത്മിക മോക്ഷപ്രാപ്തിയെക്കാള്‍ ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്'' എന്നാണ് ഗുരു മറുപടി പറഞ്ഞത്. ഗുരുവിന്റെ സാമൂഹികദര്‍ശനത്തിന്റെ മര്‍മമാണിവിടെ തെളിയുന്നത്. ആഗോളീകരണകാലത്ത് ഈ ദര്‍ശനത്തിന്റെ പ്രസക്തിയും പ്രയോഗവും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഗുരു ഒരു മതസ്ഥാപകനായിരുന്നില്ല. മതങ്ങളുടെ ഏകത്വമാണ് ഗുരുവിന്റെ മതദര്‍ശനത്തിന്റെ കാതല്‍. ''നാമായി ഒരു മതത്തിലും പെടുന്നില്ലെന്ന്'' അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുമതം എന്നൊരു മതമില്ലെന്ന് ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹത്തിനെ മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളക്കാനും മതേതരനാക്കാനും ശ്രമം നടക്കുന്നു. ''പല മതസാരവുമേകം'' എന്ന ദര്‍ശനൈക്യത്തിലാണ് അദ്ദേഹം എത്തിനില്‍ക്കുന്നത്. അവിടെ എത്താന്‍ കഴിയാത്തവര്‍ സ്വന്തം പക്ഷത്തേയ്ക്ക് അദ്ദേഹത്തെ പിടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് അവിവേകമാണ്.
ഗുരുമന്ദിരങ്ങളില്‍ വെടിവഴിപാടു വരുകയാണല്ലോ. വലിയവെടി 20 രൂപ, ചെറിയ വെടി 10 രൂപ എന്ന പരസ്യപ്പലക ഗുരുമന്ദിരങ്ങളില്‍ വരും. അപ്പോള്‍ ചീറ്റിപ്പോകുന്നത് വെടിമരുന്നായിരിക്കില്ല, ശ്രീനാരായണ സംസ്‌കാരമായിരിക്കും!! ഗുരോ ഇവരോടു പൊറുക്കരുതേ!

Source : http://www.janayugomonline.com/php/newsDetails.php?nid=1009108#.UqxQVISMJ_A.facebook


ഗുരുപാദസ്പര്‍ശമേറ്റ പുണ്യഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര.................. by: സത്യൻ താന്നിപ്പുഴ


പ്രഭാതം പൊട്ടി വിരിഞ്ഞപ്പോള്‍ ഞങ്ങള്‍ മരുത്വാമലയുടെ അടിവാരത്തിലുള്ള ആശ്രമത്തിലെത്തി. ദിനചര്യകളും കുളിയും കഴിഞ്ഞ് ചായ കഴിച്ചു. ആശ്രമത്തിലെ പൂജാമുറിയില്‍ ചെന്ന് പ്രാര്‍ഥന നടത്തി മലകയറാന്‍ പോയി.

മരുത്വാമല സഹ്യപര്‍വതത്തിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണ് ഈ മല കിടക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് പത്തുകിലോമീറ്ററോളം തെക്കുമാറിയാണ് ഈ മലയുടെ സ്ഥാനം. എന്‍. എച്ച്. 47 -ല്‍ നിന്ന് അരകിലോമീറ്റര്‍ ചെന്നാല്‍ മലയുടെ അടിവാരത്തിലെത്താം. ഇവിടെനിന്ന് 1400 അടി ഉയരത്തിലാണ് പിള്ളത്തടം ഗുഹ.

വളഞ്ഞുതിരിഞ്ഞു പോകുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പാതയിലൂടെ കയറിച്ചെന്നാല്‍ പിള്ളത്തടം ഗുഹ കാണാം. പല തരം ഔഷധച്ചെടികള്‍ നിറഞ്ഞതാണ് ഈ മല.

പിള്ളത്തടം ഗുഹയുടെ മുകളില്‍ വിരിപ്പാറകള്‍ .രണ്ടു പാറകളുടെ മുകളിലുള്ള വിടവിലൂടെ ഒരാള്‍ക്ക് താഴേക്കിറങ്ങാം. അവിടെയുള്ള പാറയില്‍ കുറേപ്പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഇടമുണ്ട്. അവിടെയിരുന്നാല്‍ സുഖമായ കാറ്റു കിട്ടും. അവിടെനിന്ന് ഗുഹയിലേക്കു കടക്കാം. പത്തുപന്ത്രണ്ടു പേര്‍ക്ക് നിരന്നിരിക്കാനുള്ള ഇടമുണ്ട് ഗുഹയുടെ അകത്ത്. ഗുഹക്കകത്ത് നിവര്‍ന്നു നില്‍ക്കാനുള്ള ഉയരമുണ്ട്. ഈ ഗുഹയിലിരുന്നാണ് നാണുആശാന്‍ കഠിനമായ തപസ്സു ചെയ്തത്. അരിയാഹാരമൊന്നും കഴിക്കാതെ പച്ചിലകളും കായ്കനികളും ഭക്ഷിച്ചാണ് തപസനുഷ്ഠിച്ചത്. അന്ന് അവിടെ പുലിയും പാമ്പും ഉണ്ടായിരുന്നു. അതൊന്നും നാണുവാശാനെ ഉപദ്രവിക്കുകയില്ലായിരുന്നു. അവിടെവച്ച് നാണുവാശാന്‍ ഒരു രാത്രി സുബ്രമണ്യദര്‍ശനമുണ്ടായി. അതിനു ശേഷം നാണുവാശാന്‍ മരുത്വാമലയില്‍ നിന്നിറങ്ങി നാട്ടില്‍ വന്നു. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തി നടന്നു. ശ്രീനാരായണഗുരു എന്ന പേരില്‍ പ്രസിദ്ധനായി.

മരുത്വാമലയുടെ മുകളില്‍ നിന്നു നോക്കിയാല്‍ അതിമനോഹരങ്ങളായ ദൃശ്യങ്ങള്‍ കാണാം. കന്യാകുമാരിയും പരിസരപ്രദേശങ്ങളും ഈ പുണ്യഭൂമിയില്‍ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയും.

ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമായ ഈ ഗുഹയിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ ലഭിക്കുന്ന ആത്മാനുഭൂതി പറഞ്ഞറിയിക്കുവാന്‍ പ്രയാസമാണ്‍. അതനുഭവിച്ചറിയുക തന്നെ വേണം. ഗുരുദേവന്റെ തപശക്തിയുടെ സ്പന്ദനം ഇവിടെ ഇപ്പോഴും നില്‍നില്‍ക്കുന്നുണ്ട്. വളരെ പ്രയാസപ്പെട്ട് മല കയറി പിള്ളത്തടം ഗുഹയിലിരുന്ന് പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ എല്ലാ‍ ക്ഷീണവും പ്രയാസങ്ങളും തീരും. ഒരു നവ ഉന്മേഷം കൈവരും. ജീവിതത്തില്‍ എന്തെല്ലാമോ നേടിയ അനുഭവം സംതൃപ്തി. സമാധാനം. സന്തോഷം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ആനന്ദം എല്ലാം ഉണ്ടാകും.

ഗുഹയില്‍ നിന്നു കടന്ന് മലയിറങ്ങി താഴെയുള്ള ആശ്രമത്തില്‍ വന്നു. സുഖമായ ഭക്ഷണം അവിടെനിന്നും കഴിച്ചു. വിശ്രമത്തിനുശേഷം അരുവിപ്പുറം കാണാന്‍ തിരിച്ചു.

അരുവിപ്പുറത്തു വന്നു. നെയ്യാറിന്റെ തീരത്തുള്ള മനോഹരമായ സ്ഥലമാണ്‍ അരുവിപ്പുറം. നെയ്യാറിലിറങ്ങി കുളിച്ചു. ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. ശ്രീനാരായണ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠിച്ച ക്ഷേത്രമാണിത്. ഇവിടെ കൊടിതൂക്കിമലയിലുള്ള ഗുഹയില്‍ ഗുരുദേവന്‍ ധ്യാനനിരതനായി കഴിഞ്ഞിരുന്നു. കൊടിതൂക്കി മലയും ഗുഹയും ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പുണ്യഭൂമിയായിത്തീര്‍ന്നു.

അരുവിപ്പുറം ക്ഷേത്രം പ്രതിഷ്ഠിക്കുന്ന കാലത്ത് കൊടിതൂക്കി മലയും പരിസരവും വനപ്രദേശമായിരുന്നു. കടുവ, പുലി, തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. 1888 - ല്‍ ആണ്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.ശിവരാത്രി ദിവസം നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ നിന്ന് മുങ്ങിയെടുത്ത് ശിവലിംഗമാണ്‍ പ്രതിഷ്ഠിച്ചത്. കേരളനവോത്ഥാനത്തിന്‍ നാന്ദി കുറിച്ച സംഭവമാണ്‍ ഈ ക്ഷേത്രപ്രതിഷ്ഠ. അവര്‍ണ്ണര്‍ക്ക് ശിവനെ ആരാധിക്കുവാന്‍ അവകാശമില്ലാതിരുന്ന കാലഘട്ടത്തിലാണ്‍ ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര പരിസരത്ത് ഗുരുദേവന്‍ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ എഴുതി വച്ചു.

ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്. 

അരുവിപ്പുറം ക്ഷേത്രവും കൊടിതൂക്കുമലയും കണ്ട് ചെമ്പഴന്തിയിലേക്കു പുറപ്പെട്ടു.

തിരുവനന്തപുരത്തുനിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ വടക്കാണ്‍ ചെമ്പഴന്തി ഗ്രാമം. ഈ ഗ്രാമത്തിലെ വയല്‍ വാരത്തുവീട്ടിലാണ്‍ ശ്രീനാരായണഗുരുദേവന്‍ ജനിച്ചു വീണത്. ജന്മഗൃഹം കണ്ട് ഗുരുദേവനെ വണങ്ങി. ശിവഗിരിക്കു പുറപ്പെട്ടു.

വര്‍ക്കലക്കടുത്താണ്‍ ശിവഗിരി. ശിവഗിരിയില്‍ വന്നു. . ശിവഗിരിയില്‍ വിദ്യയുടെ ദേവതയായ ശാരദാപ്രതിഷ്ഠയുണ്ട്. ഈ കോവിലിനാണ്‍ ശാരദാമഠം എന്നു പറയുന്നത്. ശാരദാമഠത്തിലെ പ്രതിഷ്ഠാകര്‍മ്മം നടന്നത് 1912 -ല്‍ ആയിരുന്നു.

ആയിടെ ഗുരുദേവന്‍ ക്ഷേത്രങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘’ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവഴിച്ച് ഉണ്ടാക്കേണ്ട ആവശ്യമില്ല . ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചിലവഴിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് സുഖത്തോടെ വന്നിരിക്കാനും പ്രസംഗിക്കാ‍നും മറ്റും ഏര്‍പ്പാടുകളുള്ള വിശാലമായ മുറികളാണ്‍ വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടൂം ചേര്‍ന്ന് വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും അവയോടുചേര്‍ന്നുണ്ടായിരിക്കേണ്ടതാണ്‍. വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന ധനം സാധുക്കളായ ജനങ്ങള്‍ക്കു തന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ്‍ വേണ്ടത്. ‘’

ശാരദാദേവിയെ പ്രാര്‍ത്ഥിച്ചു. ഗുരുദേവന്റെ സമാധിപീഠത്തില്‍ ചെന്നു. ഗുരുദേവനെ സമാധിയിരിത്തിയിരിക്കുന്ന സ്ഥാനത്ത് അതിമനോഹരമായ സമാധി പീഠം. ശ്രീമദ് ഗീതാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ എം. പി മൂത്തേടത്താണ്‍ ഇതിന്റെ നിര്‍മ്മാണചിലവ് നിര്‍വഹിച്ചത്. ഗുരുദേവന്റെ മുമ്പില്‍ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും ഇറക്കി വച്ചു പ്രാര്‍ത്ഥിച്ചു. തികഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു മടങ്ങി.

വര്‍ഷം തോറും ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ ലക്ഷകണക്കിനാളുകള്‍ ഗുരുദേവസ്മരണയുമായി ശിവഗിരി തീര്‍ത്ഥാടനം നടത്തി വരുന്നു.

http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=essay1_oct28_11.xml&gen_type=printer&work_type=regular

വരയുടെ വേറിട്ട വഴി ................ കെ.ഡി ഹരികുമാര്‍


ജീവനുള്ള ഒരുകൂട്ടം ചിത്രങ്ങളുടെ ഉടമയാണ്‌ നവരംഗ്‌ സോംജി. ഇനാമല്‍ പെയിന്റിംഗില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഒരു പരസ്യകലാകാരനായി മാത്രമാണ്‌ ഇദ്ദേഹം അറിയുന്നത്‌.

ശിവഗിരിയിലെ വൈദികമഠത്തില്‍ ശ്രീനാരായണഗുരുദേവന്‍ താമസിച്ചിരുന്ന മുറിയിലെ കെടാവിളക്കിനു സ്ഥാപിച്ചിരിക്കുന്ന ഗുരുദേവന്റെ പൂര്‍ണ്ണകായചിത്രം വരച്ചിരിക്കുന്നത്‌ അധികമാരും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത സപ്തതിയുടെ നിറവിലെത്തിയ സോംജിയെന്ന കലാകാരന്റെ ജന്മസാഫല്യമാണ്‌. ഗുരുദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഇനാമല്‍ പെയിന്റില്‍ തീര്‍ത്ത ഈ ചിത്രത്തിനു പുറമേ ശിവഗിരിമഠം ഔദ്യോഗികമായി അംഗീകരിച്ച്‌ ശ്രീനാരായണീയര്‍ സ്വന്തം ഭവനങ്ങളില്‍ വയ്ക്കുന്ന ചിത്രവും കോട്ടയം നാഗമ്പടം സ്വദേശിയായ സോംജിയുടെ കൈപ്പുണ്യമാണ്‌. ചിത്രങ്ങളുടെ ചുവട്ടില്‍ സ്വന്തം പേര്‌ ഉപയോഗിക്കാതെ സ്വന്തം സ്ഥാപനമായ നവരംഗ്‌ എന്ന്‌ രേഖപ്പെടുത്തുന്നതു കൊണ്ട്‌ സോംജിയെ അടുത്തറിയാവുന്നവര്‍ക്കു മാത്രമേ ചിത്രം ആരുടേതാണെന്ന്‌ തിരിച്ചറിയാന്‍ കഴിയൂ.

1969-ല്‍ ശിവഗിരിമഠത്തില്‍ നടന്ന അഖിലേന്ത്യ ചിത്രപ്രദര്‍ശനത്തിനായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ വരയ്ക്കാനാണ്‌ സോംജി എത്തിയത്‌. രണ്ടാഴ്ചയിലധികം മഠത്തില്‍ താമസിച്ച്‌ ചിത്രരചന പൂര്‍ത്തിയാക്കിയതിനൊടുവില്‍ മുഖ്യവേദിയില്‍ വയ്ക്കാനായി ഗുരുദേവന്റെ ഒരു ചിത്രവും വരച്ചു നല്‍കി മടങ്ങി. ഈ ചിത്രത്തിന്റെ രചനാപാടവത്തില്‍ ആകൃഷ്ടരായ മഠം അധികൃതര്‍ സോംജിയെ വിളപ്പിച്ച്‌ വൈദികമഠത്തിലേക്ക്‌ ഗുരുദേവന്റെ ഒരു ചിത്രം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൊല്ലത്തെ അരുണാ സ്റ്റുഡിയോയില്‍ നിന്നും ഗുരുദേവന്റെ യഥാര്‍ത്ഥ ഫോട്ടോ എത്തിച്ചാണ്‌ ഛായാചിത്ര രചന ആരംഭിച്ചത്‌. ശിവഗിരി മഠത്തില്‍ താമസിച്ചാണ്‌ ഇത്‌ പൂര്‍ത്തിയാക്കിയതും. 600 രൂപ പ്രതിഫലം നല്‍കാമെന്ന്‌ മുന്‍കൂട്ടിതന്നെ മഠം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ 50 രൂപകൂടി അധികം നല്‍കിയാണ്‌ മടക്കിയത്‌. ഇതിനു പുറമേ ആ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി മഠാധിപതിയായിരുന്ന സ്വാമി നിജാനന്ദ ശിവഗിരി മഠത്തിന്റെ മുദ്രപതിച്ച സ്വര്‍ണ്ണലോക്കറ്റ്‌ നല്‍കി ആദരിക്കുകയും ചെയ്തു. ഇന്നും ഒരു നിധിപോലെ കഴുത്തില്‍ കിടക്കുന്ന മാലയില്‍ ഈ ലോക്കറ്റാണ്‌ സോംജി ധരിച്ചിരിക്കുന്നത്‌. ശിവഗിരിമഠത്തില്‍ ഗുരു ഉപയോഗിച്ചിരുന്ന മുറിയില്‍ വിശറി, ചെരുപ്പ്‌, വടി, കട്ടില്‍ തുടങ്ങിയവയ്ക്കൊപ്പമാണ്‌ ഗുരുദേവചിത്രവും സൂക്ഷിച്ചിരക്കുന്നത്‌.

നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തില്‍ വെങ്കല പ്രതിഷ്ഠ നടക്കുന്നതുവരെ സോംജി വരച്ച ഗുരുദേവ ചിത്രത്തിലാണ്‌ പൂജ നടന്നിരുന്നത്‌. ഗരുദേവ ചിത്രത്തിനു പുറമേ 40 ഓളം ജീവന്‍തുടിക്കുന്ന ചിത്രങ്ങളും സോംജിയുടെ രചനാപാടവത്തില്‍ നിന്നും കാന്‍വാസില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്‌. ഇതില്‍ ഏറെ ശ്രദ്ധേയം സ്ത്രീധനം എന്ന ചിത്രമാണ്‌. സമൂഹത്തില്‍ ഒരുശാപമായി നിലനില്‍ക്കുന്ന സ്ത്രീധനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഈ ചിത്രത്തിന്‌ കലികപ്രാധാന്യമേറെയാണ്‌. പണവും,സ്വര്‍ണ്ണവും,പണക്കിഴിയുംഅഗ്നിനാളങ്ങളായി സ്ത്രീയെ വിഴുങ്ങുമ്പോള്‍ അവളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ വീഴുന്നതാണ്‌ സന്ദര്‍ഭം. ഐശ്വര്യദേവതയുടെ ജനനം, പ്രകൃതി എന്ന സത്യം, വെറുതേ മോഹിക്കുവാന്‍ മോഹം, ജവഹര്‍ലാല്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു നടക്കുന്നതായി ഇലസ്ട്രേറ്റഡ്‌ വാരികയില്‍ വന്ന ഫോട്ടോയെ മുന്‍നിര്‍ത്തി വരച്ച ഒരു പനിനീര്‍പ്പൂവ്‌ നല്‍കി നെഹ്രു യാത്രയായി തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്‌. ഇവയെല്ലാം നാഗമ്പടത്തെ നവരംഗ്‌ വീടിന്റെ പൂമുഖത്ത്‌ നമുക്കു കാണാന്‍ കഴിയും. 45 ചിത്രങ്ങളില്‍ 16 എണ്ണം മാത്രമാണ്‌ കൈവശമുള്ളത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ക്ക്‌ ഉപഹാരമായി നല്‍കാന്‍ സോംജിയുടെ നിരവധി ചിത്രങ്ങള്‍ പലരും വാങ്ങിയിട്ടുണ്ട്‌.

1969ല്‍ കേരള ലളിതകലാ അക്കാദമി കോട്ടയത്ത്‌ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ സോംജിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. എസ.്‌ കെ പൊറ്റക്കാടിന്റെ ഒരു കഥയെ ആസ്പദമാക്കി വരച്ച 'കാപ്പിരികളുടെ നാട്ടില്‍' എന്ന ചിത്രത്തിന്‌ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു. എഴുപതിന്റെ നിറവിലെത്തിയ ഈ കലാകാരന്‌ ലഭിച്ച ഏക അംഗീകാരമാണിത്‌. സ്കൂള്‍ പഠനകാലത്തു തന്നെ ചിത്രരചനയോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന സോംജി ചിത്രകാരന്‍ തിരുവാതുക്കല്‍ വാസനില്‍ നിന്നാണ്‌ ആദ്യപാഠങ്ങള്‍ വശപ്പെടുത്തിയത്‌. ചിത്രരചന ജീവിത പ്രാരബ്ധങ്ങള്‍ക്ക്‌ ആശ്വാസം നല്‍കില്ലെന്ന്‌ കണ്ടതോടെ ജീവനോപാധിക്കുവേണ്ടി പരസ്യകലയിലേക്ക്‌ മാറി. അതോടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ ജനനവും നിലച്ചുവെന്ന്‌ പറയാം. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം പരസ്യബോര്‍ഡുകള്‍ സജ്ജമാക്കുന്നതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ സോംജിയാണ്‌. ശീമാട്ടി, പോപ്പി, ആലപ്പാട്ട്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ചിഹ്നങ്ങള്‍ തയ്യാറാക്കിതും സോംജി തന്നെ.

കുടുംബ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിയെങ്കിലും മനസ്സില്‍ ചെറിയൊരു ദു:ഖം അവശേഷിക്കുന്നുണ്ടെന്ന്‌ സോംജി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ സമാധിവരെയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ ശിവഗിരി മഠം ആവശ്യപ്പെട്ടത്‌ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. പരസ്യചിത്രങ്ങള്‍ വരയ്ക്കുന്നതിലെ തിരക്കുകള്‍ക്കിടെ മഠത്തില്‍ താമസിച്ച്‌ ഏകാഗ്രതയോടെ ചിത്രങ്ങള്‍ വരയ്ക്കുകയെന്നത്‌ പ്രായോഗികമാകില്ലെന്നുകണ്ട്‌ അന്ന്‌ ഒഴിവാകുകയായിരുന്നു. തന്റെ കലാജീവിതത്തിന്‌ പൂര്‍ണ്ണത നല്‍കിയത്‌ ഗുരുദേവ ചിത്രമായതുകൊണ്ട്‌ ഏതുവിധേനയും അത്‌ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്ന്‌ ഇന്ന്‌ തോന്നുന്നു. മറ്റാരോടും ഗുരുദേവന്റെ സമ്പൂര്‍ണ്ണ ചിത്രരചനയ്ക്കായി ശിവഗിരിമഠം ഇതുവരെ ആവശ്യപ്പെട്ടതായി അറിവില്ലെന്നും സോംജി പറഞ്ഞു.

ഭാര്യ വിജയ, മക്കള്‍ വിഷ്ണു, രാഹുല്‍ മരുമക്കള്‍ അനിത, ഭാവന ചെറുമക്കള്‍ മീര, രഹാന്‍ ഏറ്റവുമടുത്ത കുടുംബ സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം ഡിസംബര്‍ 10ന്‌ നാഗമ്പടത്തെ നവരംഗ്‌ വസതയില്‍വച്ചാണ്‌ തീര്‍ത്തും ലളിതമായ നിലയിലുള്ള സോംജിയുടെ സപ്തതിയാഘോഷം നടന്നത്‌.

*കടപ്പാട്: ജന്മഭൂമി http://www.malayaalam.com/malayalam/Pakshangal/Details/1540