Wednesday, 4 December 2013

സമാധി ദിനത്തില്‍ ഒരു അഭേദചിന്ത

'ഒരുജാതി, ഒരുമതം, ഒരു ദൈവം' എന്ന ഗുരുദേവ സന്ദേശം പ്രസരിപ്പിക്കുന്ന അര്‍ത്ഥതലങ്ങളിലൊന്ന് ജനാധിപത്യ ജീവിതരീതിയുടെ തത്വവും പ്രയോഗവുമാണ്. വൈവിധ്യമാര്‍ന്ന ജീവിതരീതികളുടെയും ആശയസംഹിതകളുടെയും സഹകരണ സഹവാസങ്ങളാണു ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവം.
സംഹാരമോ പുറംതള്ളലോ അല്ല, സമന്വയവും ഉള്‍ക്കൊള്ളലുമാണു ജനാധിപത്യ ജീവിതരീതിയുടെ ആധാരശില. തിഭേദവും മതദ്വേഷവും സംഹാരവും പുറംതള്ളലുമാണ്. ജാതിഭേദവിചാരത്തിന്റെ പേരില്‍ പരസ്പരം പുറംതള്ളാനും മതദ്വേഷത്താല്‍ പരസ്പരം സംഹരിക്കാനും സന്നദ്ധരായി നിന്ന കേരളീയ സമൂഹത്തിലാണു ഗുരുദേവന്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന സന്ദേശം പ്രചരിപ്പിച്ചത്. ഒരു ജാതി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും ഒരു സവിശേഷ ജാതി എന്നല്ല അര്‍ത്ഥം. ഏതൊരു ജാതിയും എന്ന ബഹുവചനത്തെയാണ്  അതു സൂചിപ്പിക്കുന്നത്. ഏതൊരു ജാതിയും എന്നാല്‍, ഒന്നിലേറെ ജാതികള്‍ എന്നു സാരം. അതായത് 'ഒരു' എന്ന വാക്കിനെ 'ഒന്ന്' എന്ന ഗണിതശാസ്ത്ര സംജ്ഞയായി കരുതിയാല്‍ അതില്‍ യുക്തിഭംഗമുണ്ട്. ഒരു ജാതി എന്നാല്‍ അനേകം ജാതികള്‍ എന്നാണു ഗുരുദേവ പാഠാവലിയില്‍ അര്‍ത്ഥം.

ജാതിയെക്കുറിച്ചുള്ള തന്റെ വിചാരങ്ങള്‍ ജാതി നിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലാണു ഗുരുദേവന്‍ വിശദീകരിക്കുന്നത്. ഓരോ പ്രതിഭാസത്തെയും ഇനംതിരിച്ച് അറിയുന്നതിനുള്ള അടയാളമാണു 'ജാതി' എന്ന് 'ജാതിലക്ഷണ'ത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഈ അടയാളങ്ങള്‍ എല്ലാത്തിലും ഉള്ളതുകൊണ്ട് അതിനെ ആസ്പദമാക്കി ഉണ്ടാകുന്ന തരംതിരിവുകള്‍ അസംബന്ധമാണ്. അതുകൊണ്ടാണ്

'ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം

ഒരു ഭേദവുമില്ലതില്‍' എന്നു ഗുരുദേവന്‍ അനുശാസിച്ചത്. അതായത്, ജാതിയെ അല്ല ജാതിഭേദവിചാരത്തെയാണു ഗുരുദേവന്‍ ഇല്ലാതെയാക്കാന്‍ പരിശ്രമിച്ചത്.

കാരണം, സര്‍വസാധാരണമായ അടയാളത്തെ ഇല്ലാതാക്കാനാകില്ല. എന്നാല്‍, അതിനെ ആസ്പദമാക്കിയുള്ള ഭേദവിചാരത്തെ ഇല്ലാതാക്കുകയും ചെയ്യാം.
ജാതിമതഭേദവിചാരങ്ങള്‍ ഉണ്ടാകുമ്പോഴാണ് അവയെ ആസ്പദമാക്കിയുള്ള തരംതിരിവുകളുടെ അടിസ്ഥാനത്തില്‍ ജാതിമതങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങളും ഉച്ചനീചഭേദവിചാരവും ഉണ്ടാകുന്നത്. മതഭേദവിചാരം മതദ്വേഷത്തിലും സംഘര്‍ഷത്തിലും സംഹാരത്തിലും എത്തിക്കുന്നതു പോലെ ജാതിഭേദവിചാരവും ജാതിദ്വേഷത്തിലും സംഘര്‍ഷത്തിലും സംഹാരത്തിലും എത്തിക്കും. മതഭേദവിചാരമുള്ളവര്‍ തന്റെ മതം മാത്രം ഉന്നതമെന്നും ബാക്കിയെല്ലാം അധമമെന്നും കരുതുന്നതുപോലെ ജാതിഭേദവിചാരമുള്ളവര്‍ തന്റെ ജാതി നല്ലതെന്നും ബാക്കി അധമമാണെന്നും കരുതും.

ജാതിയെ ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ജാതിഭേദവിചാരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയും; അതിനു പരിശ്രമിക്കണമെന്നുമാത്രം. അങ്ങനെ പരിശ്രമിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു എന്നതാണു ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ പ്രസക്തി. അങ്ങനെ പരിശ്രമിക്കുന്ന ആരും 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മാതി' എന്നു വിശ്വസിക്കും. ഈ ആപ്തവാക്യത്തെ ജാതി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുകൂടി വ്യാപിപ്പിച്ചു വായിക്കേണ്ടതാണ്.നന്നാകാത്ത മനുഷ്യന്‍, അവന്‍ ഏതു മതത്തില്‍ പെട്ടവനായാലും നാശം വരുത്തും. ജാതിഭേദവിചാരം അകലാത്തവന്‍ ഏതു ജാതിയില്‍ പെട്ടവനായാലും നാശം വിതയ്ക്കും. ഇക്കാര്യത്തില്‍ സവര്‍ണാവര്‍ണ ഭേദമില്ല. അതായത്, സവര്‍ണന്റെ ജാതിഭേദവിചാരം തീയ്യതും അവര്‍ണന്റെ ജാതിഭേദവിചാരം നല്ലതും എന്നു കരുതാനാകില്ല.

സവര്‍ണന്റെയും അവര്‍ണന്റെയും ജാതിഭേദവിചാരം ഒരുപോലെ സമൂഹത്തെ ശിഥിലമാക്കും. മനുഷ്യര്‍ സഹോദരഭാവത്തില്‍ വാഴുന്ന മാതൃകാസ്ഥാനങ്ങളില്‍ ജാതിഭേദത്തിനും മതദ്വേഷത്തിനും സ്ഥാനമില്ല എന്നു ഗുരുദേവന്‍ ഉദ്‌ഘോഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭേദവിചാരങ്ങള്‍ അസ്തമിക്കുന്ന അവസ്ഥയെയാണു മനുഷ്യന്‍ നന്നാവുക എന്നതുകൊണ്ടു ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്. അങ്ങനെ നന്നാവുന്ന മനുഷ്യര്‍ തമ്മിലുള്ള ബന്ധമാണു സാഹോദര്യം. സാഹോദര്യം അനുഭവിക്കുന്നവരാണു സംഹാരവൃത്തികളില്‍ നിന്ന് അകന്നു സഹകരിച്ചു സഹവര്‍ത്തിക്കുന്നതും. ഇങ്ങനെ ജീവിക്കുന്നവരാണ് 'അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണമെന്നു' പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

ഒരുവന്റെ സുഖാന്വേഷണ ലക്ഷ്യം അപരന്റെ സുഖമായിരിക്കണം എന്നു പറഞ്ഞാല്‍ ഒരാള്‍ക്കും അവന്റെ സുഖം മാത്രം അന്വേഷിക്കാന്‍ അവകാശമില്ലെന്നു സാരം. ഈ ബോധ്യമാണു ജനാധിപത്യസംവിധാനത്തിന്റെ ധര്‍മതത്വം. ഈ തത്വം വ്യക്തികള്‍ക്ക് എന്നപോലെ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ബാധകമാണെന്ന് ഈ സമാധിദിനത്തില്‍ നാമെല്ലാം ഓര്‍ക്കേണ്ടതാണ്.

By : ഡോ. കെ.എസ്. രാധാകൃഷ്ണന്‍

0 comments:

Post a Comment