Wednesday, 4 December 2013

ഒരു ജാതി - ഒരു മതം - ഒരു ദൈവം

മന്നവരില്‍ മഹാഭൂരിപക്ഷവും മതത്തിലും ദൈവത്തിലും വിശ്വാസിക്കുന്നവരായും ദൈവത്തെ ആരാധിക്കുന്നവരായും കാണപ്പെടുന്നു, ആരാധിക്കപ്പെടുന്ന ദൈവം വിത്യസ്തമാണെങ്കിലും ദൈവത്ത ആരാധിക്കണം എന്നതില്‍ എല്ലാ മതങ്ങളും ഏകാഭിപ്രായക്കാരായാണ് കാണാന്‍ സാധിക്കുന്നത്‌..

ഭൂമിയില്‍ കാണപ്പെടുന്ന ജീവികളില്‍ ഏറ്റവും ഉല്‍കൃഷ്ടമായത് മനുഷ്യരാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.  വിശേഷബുദ്ധിയാണ് മനുഷ്യരെ അതിനു പ്രാപ്തനാക്കിയത് എന്നതിലും ആര്‍ക്കും വിഭിന്നാഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല.  ഭൂമിയിലെ 'ബുദ്ധിരാക്ഷസന്മാരായ' മനുഷ്യരാല്‍ ആരാധിക്കപ്പെടുന്ന ദൈവം എങ്ങിനെയുള്ളതാണന്നത് അന്വേഷിക്കേണ്ടതും എങ്ങിനെയുള്ളത് ആയിരിക്കണമെന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുമാണ്.

ഒട്ടുമിക്ക മതവിശ്വാസികളാലും ആരാധിക്കപ്പെടുന്ന ദൈവത്തെ നിര്‍വചിക്കുകയാണെങ്കില്‍ ഒന്നാമതായി പറയാന്‍ സാധിക്കുന്ന വസ്തുത ദൈവം അദൃശ്യനായ ഒരു പരാശക്തിയാണ്, പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവം പ്രപഞ്ചത്തെ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, എല്ലാം കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനുമായ ദൈവം സ്വഭീഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവന്‍, അങ്ങിനെ തുടരുന്നു ദൈവത്തിനെ കുറിച്ചുള്ള വിശ്വാസം. ഇതില്‍ നിന്നല്ലാം  മനസിലാക്കാവുന്ന ഒരു യാഥാര്‍ത്ഥ്യം  മനുഷ്യര്‍ക്ക് വര്‍ണ്ണിക്കാന്‍ സാധിക്കാത്ത വിധം വിത്യസ്ത കഴിവുകള്‍ ഉള്ള ഏതോ ഒരു ശക്തിയാണ് ദൈവം എന്നതിനാലാണ് മനുഷ്യര്‍ ദൈവത്തെ ആരാധിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.
ദൈവത്തെ ആരാധിക്കുക എന്ന ബിന്ദുവില്‍ എല്ലാ മതങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും ദൈവം എന്ന പരാശക്തിയെ നിര്‍വജിക്കുന്നതില്‍ മതങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായക്കാരാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.  ദൈവം ഒന്നാണോ അതോ ഒന്നിലധികമുണ്ടോ എന്ന കാര്യത്തിലാണ് മുഖ്യമായും വൈജാത്യമുള്ളത്, എല്ലാ മതഗ്രന്ഥങ്ങളിലും സൂക്ഷ്മപരിശോധനയില്‍ ഒരേഒരു ദൈവത്തെ കുറിച്ച് മാത്രമേ പരാമര്‍ശമുള്ളൂ വെങ്കിലും മതങ്ങളുടെ പഴക്കത്തിനനുസരിച്ച് അവര്‍ സ്വീകരിച്ച ദൈവങ്ങളുടെ എണ്ണവും അധികരിക്കുന്നതായി കാണാം.

മതഗ്രന്ഥങ്ങളില്‍ ഒരു മഹാപ്രളയത്തെ കുറിച്ച് പറയപ്പെടുന്നുണ്ട്, രൂപങ്ങള്‍ കൂടാതെ സൃഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ കല്‍പ്പിച്ച ഒരു പ്രവാചകനെയും അദ്ദേഹത്തില്‍ വിശ്വസിച്ച അനുയായികളെയും ശത്രുക്കളായി ചിത്രീകരിച്ച് അവരെ അക്രമിച്ചവര്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്‌. ദൈവധിക്കാരികളായ അക്രമികളെ നശിപ്പിക്കുക എന്ന ശുദ്ധീകരണപ്രക്രിയയായിരുന്നു ആ സംഭവമെന്നാണ് വായനയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക, ശേഷം വളര്‍ന്നു വന്ന സമൂഹങ്ങളും തങ്ങളുടെ പൂര്‍വ്വികരുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടാന്‍ കാരണമായ അതെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതായി കാണാം.  ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപങ്ങള്‍ ഉണ്ടാക്കുകയും അതോടപ്പം ആ രൂപങ്ങളെതന്നെ ആരാധിക്കുകയും ചെയ്യുന്ന തന്‍റെ പിതാവ് ഉള്‍പ്പെടെയുള്ള സമൂഹത്തെ എതിര്‍ത്തതിനാല്‍ അഗ്നിയില്‍ എരിയപ്പെടുകയും പിന്നീട് സ്വദേശം വെടിയുകയും ചെയ്യേണ്ടിവന്ന അബ്രഹാമിന്‍റെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഉള്‍പ്പെടെ - തങ്ങളുടെ വേദഗ്രന്ഥം വ്യക്തമായി എതിര്‍ത്തിട്ടു പോലും - ദൈവത്തെ ആരാധിക്കാന്‍ രൂപമുണ്ടാക്കുകയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ തന്നെ രൂപം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ അവര്‍ക്കും മുമ്പ് നിലവില്‍ വന്ന സമൂഹങ്ങളില്‍ എന്തുമാത്രം വൈകല്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടാവാം എന്ന് അനുമാനിക്കാവുന്നതാണ്.
എല്ലാ മതങ്ങളിലും വിശ്വാസപരമായ കാര്യങ്ങളില്‍ ദൈവം പഠിപ്പിച്ചതിനു വിഭിന്നമായി പഠിക്കാനോ മനസ്സിലാക്കാനോ അനുവാദമില്ലങ്കിലും മതപരമായി തങ്ങള്‍ക്ക് ലഭിക്കപ്പെട്ടതല്ലാം ദൈവത്താല്‍ പടിപ്പിക്കപെട്ടത് തന്നെയാണോ അതല്ല തങ്ങളുടെ മുന്‍ഗാമികളാല്‍ വികലമാക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കാനും സത്യം കണ്ടെത്താനും വിശേഷബുദ്ധി നല്‍കപ്പെട്ട ഉല്‍ക്രിഷ്ടജീവിയായ ഓരോ മതവിശ്വാസിക്കും ബാധ്യതയുണ്ട്.
നിര്‍ജീവമായ തടിയോ കല്ലോ മണ്ണോ കൊണ്ട് മനുഷ്യരാല്‍ രൂപപ്പെടുത്തപ്പെട്ട വസ്തുക്കള്‍ മനുഷ്യരുടെ ദൈവമാകുക എന്നത് അസംഭവ്യമാണ്, യഥാര്‍ത്ഥത്തില്‍ ആ രൂപങ്ങളുടെ ദൈവം മനുഷ്യന്‍ ആവണം, കാരണം മനുഷ്യന്‍ ആണല്ലോ അവകളെ രൂപപ്പെടുത്തിയത്. മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അതോടപ്പം ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സില്‍ ആക്കാന്‍ സാധിക്കുന്ന ഒരു സത്യം, ഇത്തരം രൂപങ്ങള്‍ തുടക്കത്തില്‍ ദൈവങ്ങള്‍ ആയി സൃഷ്ടിക്കപ്പെട്ടതല്ലെന്നും അദൃശ്യനായ ദൈവത്തെ ആരാധിക്കാനുള്ള സൗകര്യാര്‍ത്ഥം ഉണ്ടാക്കപ്പെട്ട രൂപങ്ങളായിരുന്നു അവ എന്നതുമാണ്.  ഇത്തരം രൂപങ്ങളെ ആരാധിക്കുന്നവര്‍ ഒന്നാമതായി തങ്ങള്‍ ചെയ്യുന്നത് എന്താണന്നും  തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സാധിക്കുന്നവയാണോ ഈ രൂപങ്ങള്‍ എന്നും ചിന്തിക്കേണ്ടതാണ്, ശേഷം ഈ രൂപങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിനു പകരം ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.  ഇത്തരം രൂപങ്ങള്‍ക്ക് മുന്നില്‍ നിന്ന്കൊണ്ട് ദൈവത്തെ നേരിട്ട് വിളിക്കുന്നവര്‍ ദൈവത്തെ വിളിക്കാന്‍ ഇത്തരം രൂപങ്ങള്‍ തങ്ങളുടെ മുമ്പില്‍ അനിവാര്യമാണോ എന്നും ചിന്തിക്കുന്നത് നല്ലതാണ്, യഥാര്‍ത്ഥത്തില്‍ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ മനുഷ്യര്‍ തടികൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ രൂപങ്ങളിലേക്ക് ചുരുക്കുന്നത് മനുഷ്യരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണോ, മനുഷ്യരുടെ ആരാധനക്ക് അര്‍ഹനായ ഒരു ദൈവത്തിനു മനുഷ്യരുടെ വിളി കേള്‍ക്കാന്‍ അത്തരം രൂപങ്ങളുടെ ആവശ്യം ഇല്ല എന്നതല്ലേ സത്യം.
ദൈവം ഏകനാണ്, പരാശക്തിയായ ദൈവം ഒന്നിലധികം ഉണ്ടാവേണ്ടതുണ്ടതില്ലല്ലോ. അവന്‍ എല്ലാവര്‍ക്കും എല്ലാറ്റിനും ആശ്രയമായിട്ടുള്ളവനാകുന്നു, ദൈവം ആശ്രയമായിട്ടുള്ളവനായത് കൊണ്ടുതന്നെയാണെല്ലോ നാം അവനെ ആരാധിക്കുന്നത്. അവനു സന്താനങ്ങള്‍ ഇല്ല, അവനു സന്താനത്തിന്‍റെ ആവശ്യമില്ലല്ലോ. അവന്‍ ആരുടേയും സന്താനവുമല്ല, നാം ആരാധിക്കുന്ന നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവം ആരുടെയെങ്കിലും / എന്തിന്‍റെയെങ്കിലും സന്താനമാവുക എന്നത് നമ്മുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവനു തുല്യനായിട്ട് ആരും / ഒന്നും തന്നെയില്ല, നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവത്തിനു തുല്യനായിട്ട് ആരെങ്കിലും ഉണ്ടാവുക എന്നത് യുക്തിക്ക് ചേരുന്നതല്ല.  ദൈവത്തില്‍ വിശ്വാസിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ അഗീകരിക്കാവുന്ന ചില സത്യങ്ങള്‍ ആണിവ.
ദൈവത്തിന് സഹായികള്‍ ആയി ചില (കുട്ടി) ദൈവങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ പലപല കാര്യങ്ങള്‍ക്കായി വെവ്വേറെ ദൈവങ്ങള്‍ ഉണ്ട് എന്ന് ചിലര്‍ പറയുന്നതായി കേട്ടിട്ടുണ്ട്, നമ്മളാല്‍ ആരാധിക്കപ്പെടുന്ന ദൈവത്തിന് സഹായികള്‍ ഉണ്ടാവുന്നത് യുക്തിഭദ്രമാണോ? അത്തരത്തില്‍ സഹായികളെ ആവശ്യമായിട്ടുള്ള ഒരു ദൈവത്തെ നമ്മുക്ക് എങ്ങിനെ ആരാധിക്കാനാവും? ചിലപ്പോള്‍ ദൈവത്തിന്‍റെ ആക്ഞ്ഞാനവര്‍ത്തികളായി വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മലക്കുകളെയാവാം സഹായികള്‍ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലധികം ദൈവം ഉണ്ടായിരുന്നു വെങ്കില്‍ ഈ ലോകത്തിന്‍റെ അവസ്ഥ എന്തായിരിക്കും എന്നത് ഒന്ന് ചിന്തിച്ചു നോക്കൂ, ലോകം ഈ അവസ്ഥയില്‍ നിലനില്‍ക്കുമായിരുന്നോ?

ദൈവത്തിന് സന്താനങ്ങള്‍ ഉണ്ട് അതുപോലെ ചില ദൈവങ്ങള്‍ ദൈവത്തിന്‍റെ സന്താനങ്ങള്‍ ആണ് എന്നല്ലാമാണ് ചിലരുടെ വാദം, ദൈവത്തിന് സന്താനങ്ങളെ ഉണ്ടാവതാണോ? ദൈവത്തിന്‍റെ സന്താനങ്ങളായി പറയപ്പെടുന്നവര്‍ ഉന്നതരായ മനുഷ്യര്‍ ചെയ്തിട്ടുള്ളതില്‍ നിന്ന് വിഭിന്നമായി എന്താണ് അധികമായി ഭൂമിയില്‍ ചെയ്തിട്ടുള്ളത്? ആ സന്താനദൈവങ്ങള്‍ക്ക് ഉന്നതരായ മനുഷ്യരെക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? എല്ലാ മനുഷ്യരും കഴിക്കുന്നത്‌ പോലെ ഭക്ഷണം കഴിക്കുന്നു, അങ്ങാടിയിലൂടെ നടക്കുന്നു, മറ്റുള്ളവരുമായി സംവദിക്കുന്നു...  ഒരു പക്ഷെ ഈ സന്താനങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്‌ ദൈവം മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്തു മനുഷ്യരിലേക്ക് നിയോഗിച്ച ദൈവദൂതന്‍മാര്‍ ആവാം, ഇത്തരം ദൈവദൂതന്‍മാര്‍ ജനങ്ങളോട് ഒരേ ഒരു അധ്യാപനമാണ് നടത്തിയത് "ഏക ദൈവത്തിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌, അവനോടു മാത്രമേ നിങ്ങള്‍ സഹായം തേടാവൂ", ഈ സന്താനങ്ങള്‍ പറയപ്പെട്ടവരില്‍ ആരെങ്കിലും തങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ടോ?  മറ്റു മനുഷ്യരെ പോലെ ജനിച്ചു ജീവിച്ചു മരിച്ചുപോയവര്‍ എങ്ങിനെയാണ് ദൈവത്തിന്‍റെ സന്താനങ്ങള്‍ ആകുന്നത്?

ദൈവത്തിന് തുല്യനായ മറ്റു ചില ദൈവങ്ങള്‍ ഉണ്ട് എന്നാണ് ചിലരുടെ വാദം, ദൈവത്തിന് അവന്‍റെ ഉന്നതമായ കഴിവുകളെ ആസ്പദമാക്കി കുറെ വിശിഷ്ടമായ നാമങ്ങള്‍ ഉണ്ട്, ഈ നാമങ്ങളെ വിതസ്തമായ ദൈവങ്ങളായി തെറ്റിദ്ധരിച്ചതാകാം ഇത്തരക്കാരെ ഇങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചത്. ഇവിടെ മലക്കുകളെയോ പ്രവാചകന്മാരെയോ ദൈവത്തിന്‍റെ വിശിഷ്ട നാമങ്ങളെയോ - ആരോ എന്തോ ആവട്ടെ - ഏകനായ ദൈവത്തിന്‍റെ സഹായികളായോ സന്താനങ്ങളായോ സഹദൈവങ്ങളായോ ചിത്രീകരിക്കുന്നത് ഭീമാബദ്ധമാണ്, അതോടപ്പം തങ്ങളുടെ സൃഷ്ടാവിനെ അറിയേണ്ടുന്ന / മനസ്സിലാക്കേണ്ടുന്ന വിധം അറിയാതിരിക്കുക / മനസ്സിലാക്കാതിരിക്കുക എന്ന മഹാപാതകവുകൂടിയാണത്.
എനിക്ക് എല്ലാവരോടുമായി വിനീതമായി പറയാനുള്ളത് നാം ആരാധിക്കുന്നത് എന്തിനെയാണോ / പ്രാര്‍ത്ഥിക്കുന്ന എന്തിനോടാണോ അതിനു ബുദ്ധിയും ചിന്താശേഷിയും ഉള്ള നമ്മളാല്‍ ആരാധിക്കപ്പെടാനുള്ള / പ്രാര്‍ത്ഥിക്കപ്പെടാനുള്ള യോഗ്യതയുണ്ടോ എന്ന് ചിന്തിച്ചു ഉറപ്പു വരുത്തണം, നാം ആരാധിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെ തന്നെ ആയിരിക്കണം, നാം പ്രാര്‍ത്ഥിക്കുന്നത്‌ യഥാര്‍ത്ഥ ദൈവത്തോടായിരിക്കണം എന്നര്‍ത്ഥം.  നാം അബദ്ധത്തില്‍ അകപ്പെട്ടുക്കൂടാ, നാം നന്‍മ മാത്രം ഉദ്ദേശിച്ചു / ആഗ്രഹിച്ചു അനുവര്‍ത്തിക്കുന്ന ആരാധനയും പ്രാര്‍ത്ഥനയും നമ്മുക്ക് ശിക്ഷലഭിക്കാന്‍ കാരണമായികൂടാ.  നിങ്ങള്‍ നിലവില്‍ ദൈവത്തെ ആരാധിക്കുന്നവെനെങ്കില്‍ നിങ്ങള്‍ക്ക് ഏകനായ നമ്മുടെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതില്‍ എന്താണ് തടസം?

ദൈവ വിശ്വാസികളെല്ലാം, തങ്ങള്‍ വിശ്വാസിക്കുന്ന ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കുകയും ഏകനായ ദൈവം തമ്പുരാനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നതാണ് എനിക്ക് എളിമയോടെ അഭ്യര്‍ത്തിക്കാനുള്ളത്.

Source : http://nanmayude-vazhikal.blogspot.in/2012/12/blog-post.html

0 comments:

Post a Comment