Wednesday 25 December 2013

പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക

© ഉദയഭാനു പണിക്കർ

പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക എന്നതു തന്നെയാണു്. കാര്യ സാദ്ധ്യത്തിനു മാത്രമായി പ്രാർത്ഥിച്ചാൽ ദുർവാസനകൾ  വളർത്തും എന്നതു തികച്ചും ശരിതന്നെ. കാര്യസാദ്ധ്യവും ഉണ്ടായി എന്നുവരാം. എന്നാൽ അന്തിമമായ കാര്യസാദ്ധ്യം വീണ്ടും മുന്നോട്ടു നീളും. പ്രാർത്ഥന എന്നതിലും ശരി ഭക്തി എന്നതായിരിക്കും. പ്രാർത്ഥന സത്യത്തിൽ ഭക്തിയുടെ ആദ്യപടിമാത്രം ആണല്ലോ. ഭക്തിയുടെ പാരമ്മ്യതയിൽ പ്രേമം എന്നും പറയുന്നു. അതിനും അപ്പുറത്തെത്തുമ്പോൾ അത് അദ്വൈതമായി മാറുന്നു. അവിടെ സ്നേഹമോ വെറുപ്പോ ഒന്നും തന്നെ ഇല്ല. അദ്വൈതം ആയിക്കഴിയുമ്പോൾ സ്നേഹം വെറുപ്പു് തുടങ്ങിയ ദ്വൈതങ്ങൾ ഇല്ലാതെയാകുന്നു. ആനന്ദം മാത്രം അവസേഷിക്കുന്നു. അതാണല്ലോ ഓരോ ജീവാത്മാവിന്റെയും ജീവിത ലക്ഷ്യവും. ചെയ്യുന്നതെന്തും ഈശ്വരാർപ്പണമായി ചെയ്യുക. ഇവിടെ ദൈവദശകത്തിലെ വരികൾ ഓർക്കുക.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കിസ്സായുജ്യം നൽകുമാര്യനും.  
നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ.    
അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക.      അവിടെ എത്തിക്കഴ്ഹിയുമ്പോൾ എല്ലാം ഒന്നായിത്തിരുന്നു. അവിടെ നാമാരും ഇല്ല. ഭഗവാൻ മാത്രം. “അഹം ബ്രഹ്മാസ്മി”. നാമെല്ലാം ശിവമായിത്തീരുന്നു.  “ശിവോഹം” “ശിവേഹം” “ശിവോഹം”.
അങ്ങനെയായിത്തീരാൻ, ചെയ്യുന്നതെല്ലാം ഈശ്വരാർപ്പണമായി ചെയ്യുക. അങ്ങനെ പരമാത്മാവിനെത്തന്നെ പരമാശ്രയമായി കരുതി പരമമായ പ്രേമത്തേടുകൂടി മറ്റൊന്നിലും ബംന്ധം ഇല്ലാതെ ഒരു ജീവിയുടെയും നേരേ യാതൊരുവിധമായ ദ്വേഷബുദ്ധിയില്ലാതെ ഭക്തിപ്രഭാവരായവർക്ക് പരമാത്മപ്രാപ്തി ലഭിക്കുന്നു.

സ്വന്തം കാര്യസാദ്ധ്യം ആണു ലക്‌ഷ്യം എങ്കിൽ അതു പരമാത്മാവിനുള്ള അർപ്പണം അല്ലാതായി. ഭലേച്ഛ വന്നുകഴിഞ്ഞാൽ അതു നിഷ്കാമകർമ്മം അല്ലാതായിക്കഴിഞ്ഞു. നിഷ്കാമകർമ്മം ചെയ്യുമ്പോൾ അതു നമ്മെ സദ്ഭാവനയിലേക്കു നയിക്കും. ഇവിടെ ഭക്തി എന്നതിനെ വെറും പ്രാർത്ഥന ആയിട്ടെടുക്കരുതെന്നു മുകളിൽ സൂചിപ്പിച്ചതും ഓർക്കുക. നിഷ്കാമ കർമ്മം, ജ്ഞാനമാർഗ്ഗപ്രായാണം ഇവയും ഭക്തിതന്നെയാണെന്നും ഓർക്കണം. ശരിക്കും ഭക്തിയെന്നു സാധാരണ കരുതിപ്പോരുന്ന പ്രാർത്ഥന പൂജ തുടങ്ങിയവ ഭക്തിയുടെ ആദ്യ ചുവടുകൾ മാത്രം ആണെന്നും ഓർക്കണം.

ഇവിടെയാണു നാം “കർമ്മാൽ അകർമ്മവും” “അകർമ്മത്തിൽ കർമ്മത്തെയും” കാണേണ്ടതും. അങ്ങനെ ചെയ്യുന്നവരെയാണ്‌ യോഗികൾ എന്ന് വിശേഷിക്കപ്പെടേണ്ടതും. നിഷ്കാമകർമ്മം ചെയ്യാൻ ചിത്തസംയമാനം അത്യാവശ്യമാണു, അതിനു ജ്ഞാനവും. നിഷ്ക്കാമകർമ്മത്തിൽകൂടി മാത്രമേ സമചിത്തതയുണ്ടാകയുള്ളൂ.

സമചിത്തതയിൽക്കൂടിയേ ശരിയായ  ധ്യാനത്തിലേക്കു ഗമിക്കാനാകൂ. കാമവും കർമ്മവും സഹയാത്രികരാണെന്നും ഓർക്കണം.  നിഷ്ക്കാമകർമ്മത്തിൽകൂടി മാത്രമേ അപ്പോൾ യഥർത്ഥഭക്തിയിലേക്കും മോക്ഷത്തിലേക്കും നയിക്കപ്പെടുകയുള്ളൂ. നിഷ്കാമ കർമ്മാനുഷ്ടാനത്തിനു ജ്ഞാനവും അത്യന്താപേക്ഷിതം. അപ്പോൾ ഞാന-ഭക്തി-കർമ്മ മാർഗ്ഗങ്ങളുടെ ഏകീകരണമാണു മോക്ഷമാർഗ്ഗം. ഗുരുദേവൻ ഇവയെല്ലാം തികഞ്ഞ ഒരു യോഗിയായിരിന്നു. അതുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ, അദ്ദേഹത്തിന്റെ സമാധിക്കുരണ്ടു വർഷം മുമ്പ് തന്നെ സന്ദർശിച്ച സരസകവി മൂലൂരിനോടു ഗുരുദേവനെപ്പറ്റി സംസാരിച്ചപ്പോൾ "ഗ്രസ്തഗ്രന്ധരാം മറ്റുയതിമാർ പോലെയല്ല, ചിത്തസംയമിയായ ബുദ്ധിമാൻ നാണു യോഗി" എന്ന് പറഞ്ഞതു്. ഇങ്ങനെയുള്ള മഹാത്മാക്കൾ കർമ്മം ചെയ്യുന്നു എങ്കിലും ഒന്നും ചെയ്യുന്നും ഇല്ല.

എവിടെ കർമ്മ ഫലം മുഴുവനായും ഉപേക്ഷിക്കുന്നു എന്നോ, പ്രതിഫലം വാങ്ങാതെ പണിചെയ്തു കൊടുക്കുന്നു എന്നോ അല്ല ഇവിടെ പറയുന്നതും. അവയ്ക്ക് (പ്രതിഫലങ്ങൾക്ക്) മാനസ്സികമായി അധീനപ്പെടരുതെന്നാണിവിടെ അർത്ഥമാക്കുന്നതു. ചെയ്ത കർമ്മം തന്നെ സാക്ഷാത്ക്കാരം എന്ന ചിന്തയുണ്ടായാൽ അതു സൽക്കർമ്മമാകും. സൽക്കർമ്മം ചെയ്യുമ്പോൾ നമുക്കു ധന്യതനല്കുന്ന ഒരവസ്ഥയാണുണ്ടാക്കുക. അങ്ങനെ ഫലകാംഷയില്ലാതെ മനസ്സും ഇന്ദ്രീയങ്ങളും അടക്കി, ശാരീരികമായി-ഈശ്വരാർപ്പണമായി മാത്രം കർമ്മം ചെയ്യുക. അങ്ങനെ ചെയ്യുന്നവർ മാലിന്ന്യം ഏല്ക്കാതെ അന്തിമ ലക്ഷ്യത്തിലെത്തുന്നു.

മാനുഷ്യസേവ കാമ്യകർമ്മങ്ങളെ ഉപേക്ഷിച്ചു കൊണ്ടായിരിക്കയും വേണം. സർവ്വ കർമ്മഫലങ്ങളേയും ഉപേക്ഷിച്ച് ത്യാഗമനസ്ഥിതിയോടുകൂടി ചെയ്യുന്ന സേവയ്ക്ക് മാത്രമേ ഈശ്വരപൂജയാകാൻ സാധിക്കൂ. (പേരിനും പെരുമയ്ക്കും വേണ്ടിചെയ്യുന്ന മാനുഷ്യസേവ അഥവാ മാനവസേവ ഒരിക്കലും ഈശ്വരപൂജയാകില്ല.) അങ്ങനെ ചെയ്യുമ്പോൾ-ഈശ്വരപൂജയായി ചെയ്യുമ്പോൾ, എല്ലാവരുടേയും ഉള്ളിൽ കുടികൊള്ളുന്ന ആ സർവ്വവ്യാപിയായ പരബ്രഹ്മം സ്മൃതിയും ജ്ഞാനവും വിസ്മൃതിയും എല്ലാം നമ്മിൽ തന്നെ സൃഷ്ടിച്ചു അറിയപ്പെടേണ്ടവയെ അറിയിച്ച് മോക്ഷപ്രാപ്തിയിലേക്കു നയിക്കുന്നു.

© ഉദയഭാനു പണിക്കർ - ഇതു ഭാഗീകമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക
Source : http://chinthaadhaaraksl.blogspot.in

0 comments:

Post a Comment