വരികയാണു ഞങ്ങൾ, വരികയാണു ഞങ്ങൾ
വളരുമാത്മമോദമോടെ, ശിവഗിരിയിൽ ഞങ്ങൾ
ശിവഗിരിയിൽ ഞങ്ങൾ
(വരികയാണു ഞങ്ങൾ)
ഭീതിയാകെ നീക്കി, പീതവസ്ത്രം ചാർത്തി
വീതഖേദമാത്മതത്ത്വസാരമാസ്വദിക്ക
(വരികയാണു ഞങ്ങൾ)
മോഹമുള്ളിലേതും, താവിടാതെയെന്നും
പഞ്ചശുദ്ധിനേടി; നവ്യസൗഹൃദം വളർത്താൻ
സൗഹൃദം വളർത്താൻ
(വരികയാണു ഞങ്ങൾ)
വിദ്യയഭ്യസിക്കാൻ വൃത്തിയഭ്യസിക്കാൻ
ചിത്ത ശുദ്ധിയോടെ യീശ ഭക്തിയാർജജിച്ചീടാൻ
ഭക്തിയാർജജിച്ചീടാൻ
(വരികയാണു ഞങ്ങൾ)
ഐക്യബോധമേലാൻ, ശാസ്ത്ര വിദ്യ നേടാൻ
ശാശ്വതസമതയുടെ കാഹളം വിളിക്കാൻ
കാഹളം വിളിക്കാൻ
(വരികയാണു ഞങ്ങൾ)
ഏകലോകചിന്ത, ഭൂവിതിൽ വിതയ്ക്കാൻ
ഏകമാണു സർവ്വ മത സാരമെന്നു പാടാൻ
സാരമെന്നു പാടാൻ
(വരികയാണു ഞങ്ങൾ)
ഭേദബുദ്ധി നീക്കി മോദമോടെ നാട്ടിൽ
ഏവരും സഹോദരത്വ ഭാവമാർന്നു വാഴാൻ
ഭാവുകം വളരാൻ
(വരികയാണു ഞങ്ങൾ)
ജാതിയൊന്നുമാത്രം മതവുമൊന്നുമാത്രം
മാത്രമല്ല ദൈവവുമൊന്നെന്നതത്വം പാടാൻ
മന്നിതിൽ പരത്താൻ
(വരികയാണു ഞങ്ങൾ)
ആത്മസുഖം നേടാൻ ആചരിക്കും കർമ്മം
അന്യനും ഗുണത്തിനായ് വരേണമെന്നറിയാൻ
ബോധാമുള്ളിലേറാൻ
(വരികയാണു ഞങ്ങൾ)
അവശലോകമാകെ യവനമേകി നീളെ
ശിവഗിരിയിൽ വിശ്രമിച്ച ഗുരുവിനെ നമിക്കാൻ
ഗുരുവിനെ നമിക്കാൻ
(വരികയാണു ഞങ്ങൾ)
Posted on facebook group by: Sukumari Deviprabha
0 comments:
Post a Comment