SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday 31 March 2013

ഗുരുദേവനും ബ്രഹ്മവിദ്യാലയവും


ശിവഗിരിയോട്‌ ചേര്‍ത്ത്‌ ഒരു ബ്രഹ്മവിദ്യാലയം സ്ഥാപിക്കണമെന്നത്‌ സ്വാമിയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതേക്കുറിച്ച്‌ അദ്ദേഹം പലരോടും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും, പ്രായോഗികതലത്തില്‍ അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ അമാന്തിക്കരുതെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അതനുസരിച്ച്‌ 1925 തുലാമാസം ഒന്നാം തീയതി സ്വാമി തന്നെ ആ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തി. മുഹൂര്‍ത്തമൊന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. ആര്‍ഭാടമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതുമില്ല. ഹൃദ്യമായ ലാളിത്യം പാലിച്ചുകൊണ്ട്‌, അന്തേവാസികളും ഭക്തജനങ്ങളും നിറഞ്ഞ ഒരു സദസ്സിന്റെ സാന്നിധ്യത്തില്‍ സ്വാമി ആ മംഗളകര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ അദ്ദേഹം അവിടെത്തന്നെ താമസിക്കുകയും ബ്രഹ്മവിദ്യാലയം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്തു. അപ്പോഴാണ്‌ അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന വാട്ട്സ്‌ ശിവഗിരി സന്ദര്‍ശിക്കുന്നത്‌. രാജാവിനെ കഴിഞ്ഞാല്‍ പിന്നെ രാജ്യത്തിലെ ഏറ്റവും മികച്ച ആധികാരിയായ വാട്ട്സ്‌ സായിപ്പിന്റെ സന്ദര്‍ശനം അന്ന്‌ വാര്‍ത്താപ്രാധാന്യമുള്ള വലിയൊരു സംഭവം തന്നെയായിരുന്നു.



ആയിടെ ദിവാന്‍ മി. വാട്ട്സ്‌ ശിവഗിരിയില്‍ വന്ന്‌ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദര്‍ശിക്കുകയുണ്ടായി. വര്‍ക്കല ടി.ബിയില്‍ വിശ്രമിച്ചിരുന്ന അദ്ദേഹത്തെ കാണാന്‍ ചെന്ന ബ്രഹ്മശ്രീ ബോധാനന്ദസ്വാമികള്‍, നിത്യാനന്ദസ്വാമികള്‍, എ.കെ.ദാസ്‌ അവര്‍കള്‍ ഇവരോട്‌ സ്വാമികളെ കാണണമെന്നുള്ള ദിവാന്‍ജിയുടെ ആഗ്രഹത്തെ പ്രസ്താവിക്കുകയും അതിലേക്ക്‌ അടുത്തദിവസം തന്നെ സൗകര്യമൊരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച്‌ വേണ്ട ഏര്‍പ്പാടും ചെയ്താണ്‌ സന്ദര്‍ശനം നടന്നത്‌. അതികഠോരമായ വര്‍ഷമുണ്ടായിട്ടും സന്ദര്‍ശിക്കാനവസരത്തെ ഭേദപ്പെടുത്താതെ ദിവാന്‍ജി ശിവഗിരിയില്‍ എത്തി. ദിവാന്‍ജി കാറില്‍ വന്നിറങ്ങിയ ഉടനെ ബോധാനന്ദസ്വാമികള്‍, സ്വാമി നിത്യാനന്ദന്‍, സ്വാമി സുഗുണാനന്ദഗിരി, എ.കെ.ദാസ്‌, കെ.എന്‍.പണിക്കര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ സ്വാമി തൃപ്പാദങ്ങളുടെ സന്നിധിയിലേക്കാനയിച്ചു. സംഭാഷണത്തില്‍ സ്വാമികളെ സന്ദര്‍ശിക്കാന്‍ വളരെ നാളുകളായി ആഗ്രഹിക്കുന്നുവെന്നും ഇപ്പോഴതിന്‌ സംഗതിയായതില്‍ ചാരിതാര്‍ത്ഥ്യപ്പെടുന്നുവെന്നും ക്ലപ്തപ്പെടുത്തിയ സമയം അല്‍പം തെറ്റിയത്‌ ക്ഷമിക്കണമെന്നും, ശിവഗിരിയിലേക്കുള്ള റോഡ്‌ ചീത്തയായിക്കിടക്കുന്നതുകൊണ്ട്‌ കുറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്നും ദിവാന്‍ജി അവര്‍കള്‍ പറഞ്ഞു. “റോഡുകള്‍ ഇനിയെങ്കിലും നന്നായിക്കോളും, അല്ലേ?” എന്നുമാത്രം സ്വാമി മറുപടി പറഞ്ഞു. ശിവഗിരിയിലെ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട്‌ എത്രകാലമായെന്ന്‌ ദിവാന്‍ജി ചോദിച്ചു. ഏകദേശം ഒരു കൊല്ലമാകും; ഒരു ഗുരുകുലവിദ്യാലയവും ബ്രഹ്മവിദ്യാലയവും സ്ഥാപിക്കുന്നതിന്‌ ഇപ്പോള്‍ ശ്രമിക്കുന്നു; പൊതുവെ ജനങ്ങളുടെ ഉപയോഗത്തിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്ഥാപനങ്ങളുടെ സംഗതി ഗവണ്‍മെന്റും കൂടി അറിഞ്ഞിരിക്കേണ്ടതാണ്‌ എന്നായിരുന്നു സ്വാമിയുടെ മറുപടി. ഈ അവസരത്തില്‍ ശ്രീ. എ.കെ.ദാസ്‌ ഏതാനും ബാലന്മാരെ ചൂണ്ടിക്കാണിച്ച്‌, “ഇവര്‍ പറയക്കുട്ടികളാണെന്നും അവരെ ആശ്രമത്തിലെടുത്ത്‌ മനുഷ്യരാക്കിയിരിക്കുകയാണെ”ന്നും സായിപ്പിനോട്‌ പറഞ്ഞപ്പോള്‍ സ്വാമി ഇങ്ങനെ തിരുത്തി: അവര്‍ ആദ്യമേ മനുഷ്യര്‍ തന്നെ; പക്ഷേ ആ, സംഗതി മറ്റുള്ളവര്‍ വകവച്ചുകൊടുക്കാതിരുന്നതാണ്‌.”

- പ്രൊഫ. എം.കെ.സാനു

http://www.janmabhumidaily.com/jnb/News/45435

Friday 29 March 2013

അസഹനീയമായ സ്പര്‍ദ്ധ


“ഉയര്‍ന്ന ജാതിക്കാര്‍ താഴ്‌ന്ന ജാതിക്കാരോട്‌ കാട്ടിവരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കണക്കുണ്ടോ? ഈ ഇരുപതാം നൂറ്റാണ്ടിലും മലയാളദേശങ്ങളില്‍ ശേഷിച്ചുകിടക്കുന്ന ദയനീയമായ ജാതിസ്പര്‍ദ്ധയേയും ഉയര്‍ന്ന ജാതിക്കാരായി വിചാരിക്കപ്പെടുന്ന ചിലര്‍ അപ്രകാരമല്ലാത്തവരോട്‌ കാണിച്ചുവരുന്ന മനുഷ്യോചിതമല്ലാത്ത ക്രൂരതയേയും കുറിച്ച്‌ അറിയാമെന്നുള്ളവര്‍ക്ക്‌ അതിന്‌ വേറെ തെളിവുകള്‍ ആവശ്യമില്ലല്ലോ. കഷ്ടം ഈ സ്പര്‍ദ്ധ ഇപ്പോഴും ഇത്ര അസഹീനമാണെങ്കില്‍ പുരുഷാന്തരങ്ങള്‍ക്ക്‌ മുന്‍പ്‌ ഇത്‌ എത്ര അസഹനീയമായിരുന്നിരിക്കണം. ചുരുക്കത്തില്‍ ഇന്ത്യയിലെ, വിശേഷിച്ച്‌ മലയാളത്തിലെ താഴ്‌ന്ന ജാതിക്കാരോട്‌ ഉയര്‍ന്ന ജാതിക്കാര്‍ കാണിച്ചുവരുന്ന പരമദ്രോഹങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ നാം വിചാരിക്കുന്നതായാല്‍, അമേരിക്കയിലെ ആദ്യനിവാസികളോട്‌ സ്പെയിനിലെ കഠിനഹൃദയന്മാരായ ഘാതകന്‍മാര്‍ കൂടി ഇത്ര കഠിനതകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന്‌ പറഞ്ഞാല്‍ അബദ്ധമല്ലെന്ന്‌ തോന്നുന്നു. മലയാളത്തില്‍ മിക്കവാറും അധികം താഴ്‌ന്ന ജീതിക്കാര്‍ ക്രമേണ മനുഷ്യസഹവാസവും മനുഷ്യസംഭാഷണവും മനുഷ്യദര്‍ശനം തന്നെയും വെടിഞ്ഞ്‌ എല്ലാം കാടുകയറുകയും, നിശ്ചയമായും ഇതിനിടയില്‍ (ഡാര്‍വ്വിന്‍ എന്ന സായ്പിന്റെ സിദ്ധാന്തത്തെക്കൂടിയും തെറ്റിച്ചു) പ്രായേണ മൃഗങ്ങളായിത്തീരുകയും ചെയ്യുമായിരുന്നു.


ഇനി നമ്മുടെ പ്രകൃതത്തെ നോക്കാം. ഈഴവരായ നാം സംഖ്യയില്‍ തിരുവിതാംകോട്ടെ ഹിന്ദുപ്രജകളില്‍ രണ്ടാമത്തവരും, കൊച്ചിയില്‍ പക്ഷേ, ഒന്നാമത്തവരും ആകുന്നു. ബ്രിട്ടീഷ്‌ അതിര്‍ത്തികളിലും നാം വളരെ അധികമാണ്‌. ഒക്കെപ്പാടെ, നാം മലയാളത്തില്‍ ഏറ്റവും വലുതായ ഒരു ജനസമുദായമാണ്‌. ഇത്‌ നമുക്ക്‌ വാസ്തവത്തില്‍ ഒരു അഭിമാനഹേതുതന്നെ. എന്നാല്‍ നമ്മുടെ സമുദായസ്ഥിതിയോ? അത്‌ നമ്മള്‍ക്ക്‌ അത്രത്തോളം തൃപ്തികരമായിരിക്കുന്നില്ല. എന്നുമാത്രമല്ല, വളരെ അതൃപ്തികരമായും ഇരിക്കുന്നു. നമ്മില്‍ ധനവാന്മാരും വിദ്വാന്മാരും അധികമുണ്ട്‌. പക്ഷേ, നമ്മുടെ സംഖ്യയോട്‌ ഒത്തുനോക്കുമ്പോള്‍ അത്‌ തീരെ അല്‍പ്പമാകുന്നു. നമ്മുടെ സമുദായത്തില്‍ എല്ലാംകൊണ്ടും മലയാളത്തിലെ ഏറ്റവും ഉല്‍ക്കൃഷ്ടജാതികളെപ്പോലെ യോഗ്യതയുള്ളവരും മലയരെപ്പോലെ താഴ്‌ന്നവരുമുണ്ട്‌. യോഗ്യന്മാരെക്കൊണ്ട്‌ സിദ്ധിക്കുന്ന ഉല്‍ക്കര്‍ഷംപോലെ തന്നെ ഒരു സമുദായത്തിന്‌ അയോഗ്യന്മാരെക്കൊണ്ട്‌ അപകര്‍ഷവും സ്വഭാവേന ഉണ്ടാകുന്നതാണല്ല. നമ്മുടെ സമുദായത്തിനുള്ള പ്രത്യക്ഷമായ ന്യൂനതകളെ നാം ഇവിടെ എണ്ണിയിട്ട്‌ ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ നമ്മുടെ സമുദായത്തില്‍ ആരും ഇതുവരെ അതിന്റെ പരിഹാരങ്ങളെക്കുറിച്ച്‌ യാതൊന്നും ആലോചിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ കാണുന്നത്‌ എത്ര ശോചനീയമാണ്‌.

ചിത്തശുദ്ധി

വൈരാഗ്യമെന്ന്‌ പറയുന്നത്‌ സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയുള്ള, അര്‍ത്ഥകാമങ്ങളുടെ അഭാവത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍, ചുടുകാട്ടില്‍ കാത്തിരിക്കുന്ന കഴുകന്റെ ഏകാഗ്രമായ മനോവൃത്തി പോലുള്ളതോ, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തില്‍ പോയി, വണിക്‌ വീഥിയില്‍ കാണപ്പെടുന്ന യാചനാവൃത്തി പോലുള്ളതോ, ധനപതികളെ പ്രതീക്ഷിച്ചു വിക്രേയവീഥിയില്‍ ഒതുങ്ങിയിരിക്കുന്ന വസതുക്കളെ പോലുള്ളതോ അല്ല; വിഷയവൈരാഗ്യം എന്നത്‌ നാം മനസ്സിലാക്കണം. അതൊരുത്തമമായ മാനസമഹാനിധി തന്നെ. അത്‌ ലഭിച്ചാല്‍ പിന്നെ ഒന്നും വേണ്ടതില്ല. അര്‍ത്ഥകാമ വിഷയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സ്വതസിദ്ധമായിട്ടുള്ള രാഗത്തെ വിഷയദോഷ ദര്‍ശനം എന്ന അഭ്യാസംകൊണ്ട്‌ ഇല്ലാതാക്കാം എന്നും, ആ വിദ്യാഭ്യാസത്തിന്റെ പരിപാക്വോജ്വലമായ ഫലം തന്നെയാകുന്നു ‘വശീകാരം’ എന്ന്‌ പേരുള്ള വൈരാഗ്യം എന്ന്‌ യോഗദര്‍ശനം പറയുന്നു. “ദൃഷ്ടാനുശ്രവിക വിഷയവിതൃഷ്ണസ്യ വശീകാര സജ്ഞാ വൈരാഗ്യം” ദൃഷ്ടങ്ങള്‍ നമ്മുടെ അനുഭവത്തില്‍പ്പെട്ട്‌ വിഷയങ്ങള്‍ ഈ ലോകത്തില്‍ തന്നെ നമുക്കനുഭവിക്കാന്‍ കഴിയാവുന്ന രൂപം, രസം മുതലായ വിഷയ പദാര്‍ത്ഥങ്ങള്‍ അതിനുള്ള ഉപകരണങ്ങള്‍, നിറഞ്ഞ ഐശ്വര്യം മുതലായത്‌, അനുശ്രവികങ്ങള്‍ ശാസ്ത്രത്തില്‍നിന്നും കേട്ടറിയപ്പെടാവുന്ന പൗരലൗകിക സുഖഭോഗ വിഷയങ്ങള്‍. സകാമ തപസ്‌, യജ്ഞം ദാനം മുതലായത്‌ കൊണ്ട്‌ ലഭിക്കാവുന്ന സ്വര്‍ഗ സുഖ സൗന്ദര്യ വിഭവങ്ങള്‍, ഈ രണ്ട്‌ മാളികയിലും കേറിയിറങ്ങി ഒളിച്ചുകളിച്ച്‌ രസിക്കുന്ന സ്വഭാവമുള്ള ഒരു മൊണ്ടിക്കാലനെപ്പോലെയാണ്‌ ജീവാത്മാവ്‌ സ്ഥിതി ചെയ്യുന്നത്‌; ഈ വിഷയങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി വിരമിക്കുക… വിഷയങ്ങളുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും മനസിന്റെ രാഗമുദിച്ചു പൊങ്ങാതിരിക്കുന്ന അവസ്ഥ. ഇതിനെയാണ്‌ വശീകാര്യവൈരാഗ്യം എന്ന്‌ പതഞ്ജലി മഹര്‍ഷി സൂത്രത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

വിഷയങ്ങളുടെ അഭാവം മാത്രമാണ്‌ വൈരാഗ്യം. എന്നാല്‍ ഒന്നുമില്ലാത്ത മുഴുപട്ടിണിക്കാരും വൈരാഗ്യവാന്മാരാകാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. വിഷയങ്ങള്‍, അന്നപാന സാധനങ്ങള്‍, സുഖോപകരണങ്ങള്‍, ദുഃഖനിവൃത്തിക്കുള്ള സാധനങ്ങള്‍, ഐശ്വര്യ സൗന്ദര്യ സമൃദ്ധി, മുതലായവ ഇവിടെയുള്ളത്‌ മാത്രമല്ല സ്വര്‍ഗ സുഖമെന്ന്‌ അറിയപ്പെടുന്ന പരലോക വിഷയങ്ങളും എല്ലാം പ്രാപ്തമായാലും, ഇല്ലാതായാലും, വിവേകംകൊണ്ടും വിഷയദോഷ ദര്‍ശനംകൊണ്ടും മനസില്‍ സ്വീകരണമോ, വിദ്വോഷമോ ദീനതയോ ഭോഗവാസനയോ ഉദിയ്ക്കാതിരിക്കുക മനസിന്‌ സ്വാധീനമായ ഈ അവസ്ഥയെയാണ്‌ ‘വശീകാര വൈരാഗ്യം’ എന്ന്‌ യോഗദര്‍ശനത്തില്‍ വിശദമാക്കുന്നത്‌. ഇതാകുന്നു ഒരു മുമുക്ഷുവിന്റെ സര്‍വോത്തുംഗമായ ചിത്തശുദ്ധി.
ആത്മോപദേശശതകം

വ്യാഖ്യാനം: സ്വാമി വിമലാനന്ദ്‌
Label : http://www.janmabhumidaily.com/jnb/News/73988

ഏകമതവ്രതം



ജീവിതവ്യാപിയായിരിക്കേണ്ട അദ്വൈതാനുഭൂതി ശ്രീനാരായണനില്‍ തെളിഞ്ഞു കാണുന്നതുകൊണ്ടാണ്‌ അദ്ദേഹം പതിതജനസമൂഹങ്ങളുടെ അഭ്യുദയത്തിന്‌ വേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്‌. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണ്ണാദ്വൈതത്തിന്റെ പ്രകാശത്തില്‍ നിന്നുകൊണ്ട്‌ തന്നെ. അദ്വൈതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില്‍ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച്‌ യോഗസംന്യാസത്തിന്‌ അന്തസും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദ്വൈതാനുഷ്ഠാനംകൊണ്ട്‌ സ്വാമികള്‍ക്ക്‌ സാധിച്ചു. ആദര്‍ശജീവിതത്തില്‍ നാം കൊണ്ടുനടക്കുന്ന കളവ്‌ കുറയ്ക്കുകയായിരുന്നു സ്വാമിജിയുടെ ലക്ഷ്യം.
മതദര്‍ശനങ്ങളിലെ ഏറ്റവു ഉത്കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ്‌ ഏകമതവാദം. ഇതിന്‌ വളരെ പഴക്കമുണ്ട്‌ അതിന്‌. ‘സമാനമസ്തുവോ മനഃ’ (ഋഗ്വേദം) എന്ന്‌ വൈദികര്‍ഷികള്‍ പാടിയപ്പോള്‍ ‘സമാനാനി സന്തു വോ മതാനി’ എന്നുതന്നെയാണ്‌ അവര്‍ ഉദ്ദേശിച്ചത്‌. മനസ്സ്‌ ഒന്നാകലും മതം ഒന്നാകലും രണ്ടല്ല. മനസ്സും മതവും ഒരു ധാതുവില്‍ നിന്ന്‌ വരുന്നു എന്ന്‌ ശ്രദ്ധിക്കുക. എല്ലാ മതങ്ങളും സത്യമതങ്ങളാണെന്ന്‌ കാണാനാണ്‌ ബുദ്ധിമുട്ട്‌. സ്വന്തം മതത്തെ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത്‌ ശരിയല്ല.

ഇത്തരത്തിലുള്ള മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട്‌ വമ്പിച്ച മതപ്പോരുകള്‍ നടക്കുകയുണ്ടായി. ലോകമെമ്പാടും രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിന്‌ വിദ്രോഹകരമായിത്തീര്‍ന്നു മതകലാപങ്ങള്‍. 19-ാ‍ം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ മതസൗഹാര്‍ദ്ദത്തിനുള്ള സംഘടിത യത്നങ്ങള്‍ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദ സ്വാമികളുടെ സാന്നിധ്യംകൊണ്ട്‌ പ്രഖ്യാതമായ ചിക്കാഗോവിലെ പാര്‍ലമെന്റ്‌ ഓഫ്‌ റിലീജിയന്‍സ്‌ ഇത്തരമൊരു ഉദ്യമമായിരുന്നു. 1914 – ല്‍ മതസമാധാനത്തിന്‌ വേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ല്‍ വിശ്വമതപഠനത്തിന്‌ ഒരു സമിതി രൂപവല്‍ക്കൃതമായി. 1839 – ല്‍ ‘വേള്‍ഡ്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ഫെയിത്ത്സ്‌’ രൂപംകൊണ്ടു.
ശ്രീനാരായണന്റെ സര്‍വ്വമതസാഹോദര്യപ്രസ്ഥാനം ഇവയില്‍ മിക്കതിനും മുന്‍പാണ്‌ ഉദയം പൂണ്ടത്‌. വിവേകാനന്ദന്റെയും (ശ്രീരാമകൃഷ്ണമിഷന്‍) ആനിബസന്റിന്റേയും (തിയോസഫിക്കല്‍ സൊസൈറ്റി) മതസൗഹാര്‍ദ്ദ പരിശ്രമങ്ങള്‍ക്ക്‌ എത്രയോ മുന്‍പാണ്‌ (1888-ല്‍) സ്വാമികള്‍ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനം ആയി സങ്കല്‍പിച്ചത്‌. നാരായണഗുരുവിന്റെ വചനങ്ങളോ കര്‍മ്മങ്ങളോ മതൈക്യബോധം സംബന്ധിച്ച പ്രകടമായ ഒരു കടപ്പാട്‌ തെളിയിക്കുന്നില്ല. ഭാരതീയമായതല്ലാതെ. സ്വാമികളുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ പാരമ്പര്യപ്രഫുല്ലിതവും നിസ്സര്‍ഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിര്‍ത്ത്‌ സ്വാമികളിലൂടെ വര്‍ത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോള്‍ മതഭേദത്തെ എതിര്‍ത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകദര്‍ശനം വിരിയുമ്പോള്‍ സ്വാമികള്‍ പ്രസരിപ്പിച്ച ഈ പ്രകാശം അതിന്‌ പ്രചോദനമായിരുന്നുവെന്ന്‌ ചിന്താശാലികള്‍ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഈ സന്ദേശം അദ്ദേഹത്തിന്റെ വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്‍ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്നങ്ങളിലും പടര്‍ന്ന്‌ കയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദ്വൈതബോധം തന്നെയായിരുന്നു. ‘ആത്മോപദേശശതക’ത്തിലെ മതൈകൃചിന്തയെ മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇത്‌ സമര്‍ത്ഥിക്കാന്‍ കഴിയും.
- സുകുമാര്‍ അഴീക്കോട്‌

Tuesday 26 March 2013

ആദ്ധ്യാത്മികത

ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല. ദൃശ്യങ്ങളായ വസ്തുക്കള്‍ ചെറുതായാലും വലുതായാലും സൂക്ഷ്മങ്ങളായാലും സ്ഥൂലങ്ങളായാലും അവയെല്ലാം ദ്രഷ്ടാവായ തന്നില്‍ നിന്ന്‌ അന്യമാണ്‌. തന്നില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെ മറയ്ക്കുന്നത്‌ കാലദേശങ്ങളാണ്‌. എന്നാല്‍ അവയല്ലാതെയും അദൃശ്യമായി വരും. അതാണ്‌ വിദ്യാഭ്യാസം കൊണ്ടും വിശേഷപഠനം കൊണ്ടും സാധിക്കുന്നത്‌. ഇങ്ങനെ സാക്ഷാത്കാരമുണ്ടായാലും അത്‌ തന്നില്‍ നിന്നും വേറിട്ടാണ്‌ നില്‍ക്കുന്നത്‌. തന്നില്‍നിന്നും ഒരിക്കലും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളാലുള്ള സുഖദുഃഖാദികള്‍ കേവലം സാങ്കല്‍പികങ്ങളല്ലാതെ പരമാര്‍ത്ഥമാകുകയില്ല. ഭൗതിക വസ്തുക്കളുടെ അറിവാണ്‌, അനുഭവമല്ല ഉണ്ടാകുന്നത്‌. ആ അറിവാണ്‌ അനുഭവം. അതിനാല്‍ അവയെ സംബന്ധിച്ച സുഖദുഃങ്ങളും പരമാര്‍ത്ഥമായ അനുഭവമില്ലാതെ സാങ്കല്‍പികമായ അറിവുമാത്രമായി നില്‍ക്കുന്നു.

ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ അനുഭവസമ്പ്രദായം ഇങ്ങനെയല്ല. ഇന്ദ്രിയമനസ്സുകളും കാലദേശങ്ങളുമില്ലാതെ ഭൗതികജ്ഞാനവും അവയോടു കൂടിച്ചേര്‍ന്ന ആദ്ധ്യാത്മിക ജ്ഞാനവുമില്ല. ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണത്തിനും കാലദേശങ്ങള്‍ക്ക്‌ വ്യാപ്തിയുള്ളേടത്ത്‌ അദ്ധ്യാത്മജ്ഞാനത്തിന്റെ വ്യപ്തിയുണ്ടാകുകയില്ല. 
എന്തെന്നാല്‍ ആദ്ധ്യാത്മവസ്തു ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ വിഷയമോ കാലദേശങ്ങള്‍ക്കതീതമോ തന്നില്‍നിന്നന്യമോ അല്ല. തന്നില്‍ നിന്നന്യമായ എല്ലാറ്റിനെയും അറിയുന്ന ജ്ഞാതാവാകുന്ന തന്നെ അറിയാന്‍ താനല്ലാതെ വേറെയുപകരണവുമില്ല. അതില്‍ ഇന്ദ്രിയമനോബുദ്ധികളും കാലദേശങ്ങളും അടങ്ങുകയോ വിസ്മരിക്കപ്പെടുകയോ ആണ്‌ തന്നെയറിയാന്‍ ആവശ്യമായിരിക്കുന്നത്‌. താനായിരിക്കുന്ന വസ്തുവാണ്‌ ആത്മാവെന്നതിനാല്‍ ആത്മാനുഭൂതി സാങ്കല്‍പികമല്ല, സത്യം തന്നെയാണ്‌. ഈ കാരണത്താല്‍ ഭൗതികവും ആദ്ധ്യാത്മികവുമായ അറിവും അനുഭവവും അന്യോന്യ വിരുദ്ധങ്ങളാണെന്ന്‌ പറയാം.

ആത്മാവ്‌ സത്യമാണ്‌, ഈ കാണുന്ന ജഗത്‌ സത്യമല്ല. താനായിട്ടിരിക്കുന്ന വസ്തുവാണ്‌ ആത്മാവ്‌. അത്‌ അസത്യമാകില്ല. അങ്ങനെയായാല്‍ മറ്റുള്ളതിനെ അറിയാനോ വിവേചിക്കാനോ ആളില്ലാതാവും. അതിനാല്‍ ആത്മാവ്‌ സത്യം തന്നെയാണ്‌. അപ്പോള്‍ താനല്ലാത്ത വസ്തു അസത്യമാണെന്നുവരും. സത്യമായ ആത്മവസ്തുവെ അറിയുമ്പോഴാണല്ലോ ജഗത്തിന്റെ പ്രതീതിയില്ലാതാവുന്നത്‌. അതിനാല്‍ ജഗത്‌ സത്യമല്ലെന്നുവരുന്നു. അതുപോലെ ജഗത്തിന്റെ അറിവും അനുഭവവുമുള്ളപ്പോള്‍ ആത്മാവിന്റെ ശരിയായ അനുഭവമില്ലെന്നുള്ളതും ജഗത്തിനെ അറിയുന്ന ചൈതന്യം ആത്മാവാണെന്നുള്ളതും ജഗത്തിന്റെ അസത്യത്തെ വെളിവാക്കുന്നു. ഇങ്ങനെ സൂക്ഷ്മമായ ചിന്തയിലൂടെ ജഗത്തിനെയും ആത്മാവിനെയും അറിയാന്‍ കഴിയും.

http://www.janmabhumidaily.com/jnb/News/18979

ഗുരുദേവനിലെ അദ്വൈതന്‍

ശ്രീനാരായണന്‍ വേദാന്തം പഠിച്ചിട്ട്‌ ജാതി കണ്ടതല്ല. ജാതി കണ്ടിട്ട്‌ വേദാന്തം പഠിച്ചതാണ്‌. വേദാന്തം പഠിച്ചതിനുശേഷമാണ്‌ ജാതിവ്യത്യാസങ്ങളെ നോക്കിയിരുന്നതെങ്കില്‍ ഇതെല്ലാം മായാവിലാസങ്ങളാണെന്ന്‌ ധരിച്ചുവശായി അദ്ദേഹം നിഷ്ക്രിയനായി തീര്‍ന്നുപോയേനെ! ഇവിടെ മറിച്ചു സംഭവിച്ചു. വേദാന്തശിക്ഷണത്തില്‍ സ്വാമികളുടെ ആദ്യത്തെ ആചാര്യന്‍ അദ്ദേഹത്തിന്‌ ചുറ്റും ഇരമ്പിമറഞ്ഞിരുന്ന പാപചാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നമ്പൂതിരി നായരെയും നമ്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേര്‍ന്ന്‌ പുലയനെയും അകറ്റുകയും അമര്‍ത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്സാമയത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകാനുഭവത്തിന്റെ അന്വേഷകനാക്കിമാറ്റി. നാരായണഗുരുവിന്റെ ഹൃദയം വ്രണിതമായപ്പോള്‍ ജാതിയുടെ കുരിശ്‌ ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ്‌ അദ്ദേഹത്തിന്‌ അദ്വൈതം കണ്ടുകിട്ടുന്നത്‌. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചു നടന്ന അദ്വൈതവേദാന്തത്തിന്റെ തത്ത്വങ്ങള്‍ തന്റെ ജാതിവിനാശപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാന്‍ കരുത്തുറ്റവയാണെന്ന്‌ ആചാര്യന്‍ മനസ്സിലാക്കി. അങ്ങനെ പഴയ അദ്വൈത ചിന്തയ്ക്ക്‌ പുതിയ ഒരു അര്‍ത്ഥതലത്തിലേക്ക്‌ പ്രവഹിക്കാന്‍ സാധിച്ചു. പുതിയ അര്‍ത്ഥതലമോ? അല്ല, യഥാര്‍ത്ഥമായ അര്‍ത്ഥതലം എന്നുതന്നെ പറയണം.

ഇതാണ്‌ നാരയണഗുരുവിന്റെ അദ്വൈതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണ ജീവിതത്തിലെ ദ്വൈതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച്‌ അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന്‌ സ്വാമികള്‍ കരുതാതിരുന്നത്‌ ഈ ജീവിതത്തോട്‌ അദ്ദേഹം പുലര്‍ത്തിയ സത്യസന്ധത ഒന്നുകൊണ്ട്‌ മാത്രമാണ്‌.അദ്വൈതത്തില്‍ വിശ്വസിക്കുകയും അദ്വൈതം അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദ്വൈത പ്രകടനങ്ങുളടെ, ദുഷ്ടഫലങ്ങളുടെ നിരാകരണത്തിനു ശ്രമിക്കണം എന്ന നിര്‍ബന്ധമാണ്‌, ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദ്വൈതാചാര്യനായിത്തിര്‍ത്തത്‌.

- സുകുമാര്‍ അഴീക്കോട്‌
Label : http://www.janmabhumidaily.com/jnb/News/53196

‘ഒരു’ ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണം

ഗുരുവിന്റെ മഹാകാവ്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌’ എന്നതാണല്ലോ. ഈ മഹാകാവ്യത്തിലെ മഹാശബ്ദം ‘ഒരു’ എന്നാതാണ്‌. ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണമാണ്‌ അത്‌. ആ മഹാവാക്യത്തിന്റെ മഹാസാരം ഒരു എന്ന മഹാശബ്ദമാര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ വിശുദ്ധിയാണ്‌ ശബ്ദസ്പന്ദനവും അതാണ്‌; ഏകത. ഒരു ജാതി എന്നുപറഞ്ഞാല്‍, സന്ന്യാസത്തില്‍ ഒരു ജാതി, പറഞ്ഞുനടക്കുന്നത്‌ പലജാതി എന്നര്‍ത്ഥം. ഒരു മതം സന്ന്യാസത്തില്‍ ഒന്ന്‌, ആചാരത്തില്‍ പലത്‌. ഒരു ദൈവവും അനുഭവത്തില്‍ ഒന്ന്‌, അഭിനയത്തില്‍ പലത്‌. ജാതിയും മതവും ദൈവവും ഒന്നാകുമ്പോള്‍ മനുഷ്യന്‍ ഒന്നാകുന്നു. അവ പലതാകുമ്പോള്‍ മനുഷ്യനും പലതാകുന്നു. ഈ ഒന്നിനെ കണ്ടെത്തലും അദ്വൈതമാണ്‌, മറ്റൊരു അദ്വൈതം. ശ്രീബുദ്ധന്‍ രാജകുമാരനായിരിക്കേ വാര്‍ദ്ധക്യം, രോഗം, മരണം എന്ന ദുഃഖം നേരിടുമ്പോള്‍ നിവാരണത്തിനുവേണ്ടി മനുഷ്യന്‍ ജിജ്ഞാസുവായിത്തീരുന്നു എന്ന്‌ സാംഖ്യവചനം. ഇതേ മട്ടിലാണ്‌ മനുഷ്യരുടെ സാധാരണജീവിതത്തിലെ ഭേദഭാവനകളെ ഗുരു കണ്ടെത്തുകയും സത്യം സാക്ഷാത്കരിക്കുകയും ചെയ്തത്‌. നമ്മുടെ ജാതി മതദൈവബോധം വികലമാണ്‌. ഇത്‌ സത്യബോധമല്ല. ഭേദബോധമാണ്‌. ഈ ഭേദവിചാരങ്ങള്‍, കവിപാടിയതുപോലെ, ‘അന്ത്യമായി ലോകം മുടിക്കും’. ഏറ്റവും ഭയങ്കരമായ ഭേദോപാധി ജാതി തന്നെയെന്ന്‌ ഗുരു കണ്ടു. വിശേഷിച്ച്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്ന്‌ മതദൈവകലഹങ്ങള്‍ ഇന്നുള്ളത്ര ആളിക്കത്തിയിരുന്നില്ല. ജാതി അന്നും ഇന്നും – ഇന്ന്‌ കൂടുതല്‍, കുറവല്ല – അന്യൂനകാന്തിയോടെ ഭാരതമനസ്സില്‍ തിളങ്ങിനില്‍ക്കുന്നു. ഇതിനെ ആത്യന്തികമായി ഇല്ലാതാക്കണം. എന്തുവഴി? അപ്പോഴാണ്‌ അദ്വൈതത്തെ കണ്ടെത്തുന്നത്‌.
അദ്വൈതം എങ്ങനെ സ്വാമികള്‍ കണ്ടെടുത്തു എന്നന്വേഷിക്കുന്നത്‌ രസാവഹമായിരിക്കും. ഹൈന്ദവ തത്ത്വചിന്തയില്‍ ജാതിവിപരീതമായ ഒരു നിലപാട്‌ ഏതെങ്കിലും തരത്തില്‍ എടുത്ത രണ്ട്‌ പ്രസ്ഥാനങ്ങളുണ്ട്‌. അവയത്രെ അദ്വൈതവും ഭക്തിപ്രസ്ഥാനവും. ഇവയില്‍ ഒന്നാമത്തേത്‌ വൈചാരികതലത്തിലൂടെയും രണ്ടാമത്തേത്‌ വൈകാരികതലത്തിലൂടെയും മുന്നോട്ട്‌ ചെന്ന്‌ അനുഭവികതലത്തില്‍ വച്ച്‌ ആത്മൈക്യദര്‍ശനം സാധിക്കുകയാണ്‌ ആത്യന്തികമായ പരിഹാരമാര്‍ഗങ്ങള്‍ ശ്രീനാരായണന്‌ ഈ രണ്ടെണ്ണത്തില്‍ രണ്ടാമത്തെ വൈകാരികമാര്‍ഗമായിരുന്നില്ല അനുസരണീയമായിത്തീര്‍ന്നത്‌, കാരണം ജാതിഭേദം എന്നത്‌ ഒരു സമൂഹദുഷ്കൃതമായാല്‍ വ്യക്തിയുടെ ആന്തരാനുഭൂതിയുടെ അന്തരത്തില്‍ വച്ച്‌ മനുഷ്യൈക്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ഭക്തിയുടെ വികാരശക്തികൊണ്ട്‌ ആ സമൂഹദുഷ്ടകൃതം 20-നൂറ്റാണ്ടില്‍ മാഞ്ഞുപോകില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ഭക്തിജാതിക്ക്‌ അതീതമാണെങ്കിലും ഭക്തികൊണ്ട്‌ ജാതിയെ എതിര്‍ക്കാനാവില്ല. എഴുത്തച്ഛന്റെ ഭക്തിസാഹിത്യം താണജാതിക്കാരില്‍ ഭക്തിക്കഥകള്‍ പ്രചരിപ്പിച്ചതേയുള്ളൂ. അദ്ദേഹത്തിനാവശ്യമായിരുന്നത്‌ ഒരു വിപുലമായ സാമൂഹികപ്രസ്ഥാനമായി താന്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചിരുന്ന ജാതിവ്യത്യാസ ധ്വംസനമാര്‍ഗത്തെ താങ്ങിനിര്‍ത്തുവാനായി, വിജ്ഞാനംകൊണ്ടും ചിന്തകൊണ്ടും വികസ്വരവും അനുക്രമം സ്വതന്ത്രവും ആയിക്കൊണ്ടുവരുന്ന ഒരു ജനതയുടെ ബുദ്ധിയേയും ചിന്താഗതിയെയും പ്രചോദിപ്പിക്കുവാന്‍ കഴിവുള്ള ഉലയാത്ത ഒരു തത്ത്വശാസ്ത്രമായിരുന്നു. സത്യമിഥ്യാതത്വങ്ങള്‍ ജാതിധ്വംസനത്തിന്‌ ഏറ്റവും പറ്റിയ ആയുധങ്ങളാണെന്ന്‌ സൂക്ഷ്മബുദ്ധിയായ ആചാര്യന്‍ കണ്ടു. ആ തത്ത്വശാസ്ത്രം തന്നെ സ്വന്തം ജീവിതത്തില്‍ എത്രത്തോളം സാക്ഷാത്കരിക്കാമോ അത്രത്തോളം അദ്ദേഹം സാക്ഷാത്കരിക്കുകയും ചെയ്തു. സഞ്ചരിച്ച്‌ ആത്മഗരിമയുണ്ടാക്കാനാകണം സ്വാമികള്‍ നാല്‌ ദശാകാലത്തോളം ഒച്ചപ്പാടില്ലാതെ ഒളിഞ്ഞുകഴിഞ്ഞത്‌. ആ മൗനദശയില്‍ സഞ്ചയിച്ച സത്യദര്‍ശനത്തിന്റെ പ്രകാശകണികകളാണ്‌ ‘ആത്മോപദേശശതക’ത്തിനും ‘ദര്‍ശനമാല’യ്ക്കും ഉയിര്‍കൊടുക്കുന്നത്‌. ‘ചൈതന്യദാഗതം സ്ഥൂലസൂക്ഷ്മാത്മകമിദം ജഗത്‌’ എന്നൊക്കെ ശങ്കരന്റെ ശൈലിയില്‍ ഉപനിഷത്സത്യങ്ങള്‍ രേഖപ്പെടുത്തിയ സ്വാമികള്‍ അദ്വൈതിയല്ലെന്നോ ആസക്തികനല്ലെന്നോ പറയാന്‍ ആന്ധ്യത്തിന്റെ ധൈര്യം വളരെയേറെ ആവശ്യമായിരിക്കും.

- സുകുമാര്‍ അഴീക്കോട്‌
http://www.janmabhumidaily.com/jnb/News/57478

ഗാന്ധിജിയുടെ അയിത്തം മാറ്റിയ ഗുരു

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന ഗുരുദര്‍ശനത്തെക്കുറിച്ച്‌ വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ജാതി ഈഴവ ജാതിയായും ഒരു മതം ഹിന്ദുമതമായും ചില പ്രതിയോഗികളും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഗുരുവിന്റെ അനുയായികളും വിലയിരുത്തുകയും അത്‌ സ്ഥാപിക്കപ്പെടുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു.

അങ്ങിനെയാണെങ്കില്‍ എന്താണ്‌ ഗുരുവിന്റെ ‘ഒരു ജാതി’. മനുഷ്യജാതിതന്നെ! മാനുഷരെല്ലാരുമൊന്നുപോലെ. മഹാബലിയുടെ ഉജ്ജ്വലമായ ഓര്‍മ്മയുണര്‍ത്തുന്ന വിശ്വമാനവികത. ഒരു ജാതി എന്ന ഗുരുവിന്റെ പ്രഖ്യാപനം ശാസ്ത്ര-ദാര്‍ശനിക കാഴ്ചപ്പാടില്‍ ശരിയാണോ ഇവ വെളിപ്പെടുത്താന്‍ ഗുരുദേവന്‍ ഒട്ടേറെ വസ്തുതകള്‍ കര്‍മ്മമാര്‍ഗേണ തെളിവായി നിരത്തിയിട്ടുണ്ട്‌. ജാതി സംബന്ധിച്ച്‌ രണ്ട്‌ ചെറുകൃതികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്‌. 1) ജാതിനിര്‍ണ്ണയം 2)ജാതിലക്ഷണം “മനുഷ്യാണാം മനുഷ്യത്വം; ജാതിര്‍ഗോത്വം ഗവാം യഥാ” പശുവര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്‌ ഗോത്വം ജാതിയാണ്‌. അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്‌ ജാതിയായി ഗണിക്കാം. ജാതിയെന്നത്‌; ജന്മനാലുള്ളത്‌ എന്നാണര്‍ത്ഥം. മനുഷ്യന്‌ ജാതിയൊന്നേയുള്ള. അതാണ്‌ മനുഷ്യജാതി. മനുഷ്യന്റെ സന്താനപരമ്പര മനുഷ്യവര്‍ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്‌. ഇതുമൂലം തന്നെ മനുഷ്യവര്‍ഗം മുഴുവനും ഒരു ജാതിയിലുള്ളതാണെന്നു ഗുരുദേവന്‍ വ്യക്തമാക്കുന്നു. ഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം ജാതിനിഷേധം തന്നെയായിരുന്നു.

‘ചാതുര്‍വര്‍ണ്യം മായാസൃഷ്ടം’ എന്ന ഗീതാവാക്യത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും അടിയുറച്ചുവിശ്വസിക്കുകയും നടപ്പിലാക്കുകയും ചെയ്തുപോന്ന ഒരു കുടുംബത്തിലാണ്‌ ഗാന്ധിജി ജനിച്ചത്‌. സത്യാഗ്രഹസമരത്തിന്റെ ഉപജ്ഞാതാവായ അഹിംസയുടെ ഉപാസകനായ, ലോകമാകെ ആരാധിക്കുന്ന ഗാന്ധിജിയില്‍ ഉണ്ടായിരുന്ന അയിത്തം മാറ്റിയെടുത്തത്‌ ശ്രീനാരായണ ഗുരുദവേനാണ്‌. ചാതുര്‍വര്‍ണ്യം ഇല്ലാതായാല്‍ ജാതിവ്യവസ്ഥ തകരുമെന്നും ഇന്ത്യതന്നെ സര്‍വ്വനാശത്തിലാകുമെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും 1925 ഫിബ്രവരിയില്‍ നവജീവനില്‍ അതിനെപ്പറ്റി എഴുതുകയും ചെയ്ത ഗാന്ധിജിയല്ല 1925 മാര്‍ച്ച്‌ 13ന്‌ ഗുരുദേവനെ സന്ദര്‍ശിച്ച്‌ ശിവഗിരിയില്‍ നിന്നും മടങ്ങിയത്‌.

ശിവഗിരിയില്‍ നടന്ന രണ്ടു വിശിഷ്ട മഹത്വക്കളുടെ ഹൃദയസംഗമം ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. പ്രഥമദര്‍ശനം കൊണ്ടുതന്നെ ഗാന്ധിജിയിലുണ്ടായ അയിത്തം പിഴുതെറിയുവാന്‍ ഗുരുദേവന്‌ സാധിച്ചു. ശൂദ്രന്‌ ബ്രാഹ്മണത്വം കൈവരിക്കാം. ബ്രാഹ്മണന്‍ ശൂദ്രനായെന്നുംവരാം. ജന്മംകൊണ്ട്‌ ആരും ബ്രാഹ്മണനാകുന്നില്ലെന്നു ഗുരു ആദ്ധ്യത്മിക-ശാസ്ത്രതെളിവുകളിലൂടെ ഗാന്ധിജിയെ ബോധ്യപ്പെടുത്തുകയുണ്ടായി.

അധ:കൃതരുടെ ഉന്നമനത്തിനായി ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജിയുടേതിനോളം പ്രാധാന്യമുള്ളതാണെന്നും ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ റോമെയിന്‍ റോളണ്ട്‌ രേഖപ്പെടുത്തിയ സത്യംപോലും ഇന്ത്യാചരിത്രമെഴുതിയ പണ്ഢിതന്മാര്‍ കാണാതെപോയത്‌ ഖേദകരമാണ്‌. മഹാകവി രവീന്ദ്രനാഥടാഗോറും ഗാന്ധിജിയും ഒരുപോലെ ഗുരുദേവനെ മഹാത്മാവെന്ന്‌ വിശേഷിപ്പിച്ചത്‌ ഗുരുദേവന്റെ ആദ്ധ്യാത്മിക ചൈതന്യവും ധര്‍മ്മകര്‍മ്മമാര്‍ഗങ്ങളും മനസ്സിലാക്കിക്കൊണ്ടും തന്നെയാണ്‌. ശിവഗിരി സന്ദര്‍ശിച്ച ശേഷമാണ്‌ ഹരിജനോദ്ധാരണം പ്രധാന കര്‍മ്മമായിസ്വീകരിച്ചതും, ജീവന്‍ മാസികയുടെ പേര്‍ ഹരിജന്‍ എന്നാക്കിമാറ്റിയതും.
ഗാന്ധിജി ശിവഗിരി സന്ദര്‍ശിക്കുന്നതുവരെ കരുതിയത്‌ ചാതുര്‍വര്‍ണ്ണും ദൈവദത്തവും പ്രകൃതി സഹജവുമായ കര്‍മ്മബന്ധിതമായ ഒരു പ്രതിഭാസമെന്നായിരുന്നു.

ഗാന്ധിജി ശിവഗിരിയില്‍വെച്ച്‌ ഗുരുദേവനോട്‌ ഇങ്ങനെ ചോദിച്ചു. ഗുരോ ജാതി വ്യത്യാസം പ്രകൃതിയിലും മനുഷ്യരിലും മററു ജീവജാലങ്ങളിലും സഹജമല്ലേ
ഗുരു: അങ്ങ്‌ അങ്ങിനെ പറയുന്നതിന്‌ എന്താണടിസ്ഥാനം തെല്ലകലെ നില്‍ക്കുന്ന ഒരു മാവ്‌ ചൂണ്ടി ഗാന്ധിജി പറഞ്ഞു. നോക്കൂ ആ മാവിന്‌ കൂമ്പിലയുണ്ട്‌, തളിരിലയുണ്ട്‌, പച്ചിലയുണ്ട്‌, പഴുത്തിലയുണ്ട്‌, തണ്ടുണ്ട്‌, വേരുണ്ട്‌-ഒന്നു തന്നെ എത്ര വിഭിന്നം
അതിബാഹ്യമായഭിന്നതകളെക്കുറിച്ചാണ്‌ ഗാന്ധിജി സംസാരിച്ചത്‌. അവയ്ക്കിടയിലെ അദൃശ്യമായ ഏകതയുടെ പൊരുളറിയിക്കാനുള്ള മൂന്നാംകണ്ണ്‌ ഗാന്ധിജി തുറന്നില്ല. 

ഗുരു പറഞ്ഞു. ശരിയാണ്‌ ഇലകള്‍ വളരെ വ്യത്യസ്തങ്ങളാണ്‌; അങ്ങ്‌ ഒന്നു പരീക്ഷിച്ചുനോക്കൂ.. ഇവയെല്ലാം വിഭിന്നമാണെങ്കിലും ഇവയുടെ ചാറിന്റെ രുചി ഒന്നായിരിക്കും. ഗാന്ധിജി ചിന്താകുലനായി ഗുരുവിന്റെ തേജസ്സാര്‍ന്ന മുഖത്തേക്കു നോക്കി.
ഗുരു സനാതന ധര്‍മ്മത്തിലെ അദ്വൈതത്തോടൊപ്പം ശാസ്ത്രസത്യംകൂടി ഗാന്ധിജിയുടെ മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഗാന്ധിജി ചിരിച്ചുകൊണ്ട്‌ ഒരു ചോദ്യം ചോദിച്ചു. അധ:കൃത വര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചുട്ടുണ്ടോ
ഗുരു: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. പുലയ,പറയ സമുദായങ്ങളിലെ കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ശിവഗിരിയില്‍ താമസിച്ചു പഠിച്ചുവരുന്നു. മറ്റുള്ളവരുമൊത്ത്‌ അവര്‍ ആരാധനകളില്‍ സംബന്ധിക്കുകയും ചെയ്യുന്നു. 

ഗാന്ധിജി: വളരെ സന്തോഷം.
ഗാന്ധിജിയുടെ മനസ്സില്‍ ബാല്യത്തില്‍ തന്നെ ആഴത്തില്‍ പതിഞ്ഞിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പാപക്കറ തുടച്ചുമാറ്റാന്‍ ഗുരുദേവനുള്ള ശാസ്ത്രീയവും യുക്തിസഹജവുമായ ആശയസംവാദത്തിന്‌ സാധിച്ചു. ഗാന്ധിജിക്ക്‌ തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ നിന്നു ലഭ്യമല്ലാത്ത ധാര്‍മ്മിക സത്യങ്ങള്‍ ഗുരുദേവനില്‍ നിന്നും ഉള്‍ക്കൊള്ളുവാനായി എന്നത്‌ ചരിത്ര വസ്തുതയാണ്‌. ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി ഗാന്ധിജി പറഞ്ഞപ്പോള്‍ ഗുരുദേവന്‌ അത്‌ യുക്തിപൂര്‍വ്വം നിഷേധിക്കുകയായിരുന്നു.
മഹാത്മജിയുടെ ജാതി-മത ചിന്തകള്‍ക്ക്‌ പുതിയൊരു പരിവേഷം കൊടുക്കുവാന്‍ ഗുരുദേവനുമായുള്ള സംവാദത്തിന്‌ കഴിഞ്ഞെന്നു തോന്നുന്നു. ഗാന്ധിജിയുടെ ഉപമയുടെ അപൂര്‍ണ്ണതയെ ഗുരു പൂര്‍ത്തീകരിച്ചപ്പോള്‍ ഗാന്ധിജിക്ക്‌ പുതിയ കാഴ്ചപ്പാട്‌ കിട്ടിയിരിക്കണം. 
ഇലകളുടെ വൈവിധ്യമല്ല പ്രധാനം ഇലകളുടെ ആന്തരീകമായ രസത്തിന്റെ സമാനതയാണ്‌ പ്രധാനം എന്നാണ്‌ ഗുരു പറഞ്ഞതിന്റെ സാരം. ആ മാഞ്ചുവട്‌ അതിപാവനമായ ആദ്ധ്യാത്മിക കുരുക്ഷേത്രമായി അപ്പോള്‍ മാറി. (ഡോ.സുകുമാര്‍ അഴീക്കോട്‌)
1943 ജനുവരിയില്‍ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ പള്ളുരുത്തിയിലെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം ഒരു സ്വീകരണം നല്‍കി. അന്നു ഗാന്ധിജിക്ക്‌ സമര്‍പ്പിച്ച മംഗള പത്രത്തില്‍ രണ്ടാംവട്ടമേശസമ്മേളനത്തില്‍ അംബേദ്കര്‍ക്കെതിരെ ഗാന്ധിജി കൈക്കൊണ്ട നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ജാതി സ്പര്‍ദ്ധയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും നശിപ്പിച്ചല്ലാതെ അധ:കൃതരുടെ മോചനം സാധ്യമാവില്ലെന്ന്‌ മംഗള പത്രം ചൂണ്ടിക്കാട്ടി. കേവലം പത്തു മിനിറ്റ്മാത്രം പ്രസംഗിക്കുവാനിരുന്ന ഗാന്ധിജി മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ചശേഷമാണ്‌ വേദി വിട്ടത്‌. പള്ളുരുത്തി പ്രസംഗത്തിന്‌ ശേഷം ഭാരതത്തിലെ എല്ലാ പത്രങ്ങളും വര്‍ണ്ണാശ്രമ ധര്‍മ്മത്തെ എതിര്‍ത്തുകൊണ്ട്‌ മുഖപ്രസംഗം എഴുതി. കേരളത്തില്‍ സജീവ ചര്‍ച്ചകള്‍ നടന്നു. ഈ മംഗളപത്രം എഴുതിയത്‌ ഗുരുശിഷ്യനായ സഹോദരന്‍ അയ്യപ്പനായിരുന്നു. ഗാന്ധിജിയുടെ പ്രസംഗത്തിന്റെ മറ്റൊലി കേരളത്തിലും ദേശീയ തലത്തിലും ഒരു കൊടുങ്കാറ്റിന്റെ ആരവമുയര്‍ത്തി. 

ആധുനിക ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഹ്യൂമനിസ്റ്റായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ മതദര്‍ശനവും ജീവിതദര്‍ശനവും അടിസ്ഥാനപരമായി ഹ്യൂമനിസമായിരുന്നു. അവ രണ്ടും സമജ്ജസമായി സംയോജിപ്പിക്കുന്നതില്‍ ഗുരു വിജയിച്ചു. നവോത്ഥാനകാലഘട്ടത്തിന്‌ ശേഷമുണ്ടായ ക്രിസ്റ്റ്യന്‍ ഹ്യൂമനിസ്റ്റുകളുടെതിനേക്കാള്‍ ഉദാരവും വിശാലവുമായിരുന്നു ഗുരുവിന്റെ മാനവികത. ദൈവത്തെപ്പറ്റി പറയുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളെപ്പറ്റി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു ദാര്‍ശനീകനാണ്‌ ഈ സന്യാസിവര്യന്‍. 

ഭാഗ്യശീലന്‍ ചാലാട്‌
http://www.janmabhumidaily.com/jnb/News/69155

തത്വചിന്തയുടെ ആത്മീയാചാര്യന്‍


ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി . ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ വകയാര്‍ എന്ന ഗ്രാമത്തില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അധ്യാപകനുമായിരുന്നു. ഹൈസ്കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി, സ്വാമി നിത്യാനന്ദ തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947-ല്‍ ആലുവ യൂ സീ കോളേജില്‍ തത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍ , സാഹിത്യം എന്നിവ പഠിച്ചു.
1951-ല്‍ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗ്ഗം (സ്വധര്‍മ്മം) തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.
അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസിലാവുന്ന ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാലയുടെ ചെയര്‍പേര്‍സണായും ‘ലോക പൗരന്മാ‍രുടെ ലോക ഗവര്‍ണ്‍മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
അദ്ദേഹം 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു
Short URL: http://paadheyam.com/masika/?p=1694

നേര്‍വഴി കാണിച്ച മഹര്‍ഷി


  • പ്രൊഫ: എം കെ സാനു
  • ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രീനാരായണഗുരുവിന്റെ സംഭാഷണത്തില്‍ ആകൃഷ്ടരായ രണ്ടുപേര്‍ (ഒരാള്‍ നമ്പൂതിരിയും മറ്റൊരാള്‍ രാജാവുമായിരുന്നു) അദ്ദേഹത്തോട് പേരെന്താണെന്നു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞു "നാരായണന്‍" എന്ന്. രണ്ടുപേരിലൊരാള്‍ അടുത്ത ചോദ്യം ഉന്നയിച്ചു. "ജാതിയില്‍ ആരാണ്?" അതിനുത്തരമായി ഗുരു ഒരുമറുചോദ്യമാണ് അവതരിപ്പിച്ചത്. "കണ്ടാല്‍ അറിഞ്ഞുകൂടെ" എന്ന ചോദ്യം. അറിഞ്ഞുകൂടെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞപ്പോള്‍ ഗുരുവിന്റെ മുഖത്ത് ഒരു പുഞ്ചരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു- "കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍പ്പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ". ശ്രീനാരായണഗുരുവിന്റെ ജീവചരിത്രങ്ങളിലെല്ലാം ഒരുപോലെ ചേര്‍ത്തിരിക്കുന്ന സംഭവമാണിത്. യാദൃച്ഛികമായി തന്റെ മുമ്പില്‍ ഉയര്‍ന്ന ചോദ്യത്തിന് സ്വാഭാവികമായി നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ ജീവിതദര്‍ശനം മുഴുവന്‍ അടങ്ങിയിട്ടുണ്ട്. ഒരാളെ കണ്ടാല്‍ അയാള്‍ മനുഷ്യനാണെന്നു തിരിച്ചറിയാന്‍ ആര്‍ക്കാണ് കഴിയാത്തത്. മനുഷ്യനെന്നാല്‍ മനുഷ്യജാതിയില്‍പ്പെട്ടവന്‍ എന്നാണ് അര്‍ഥം. 

    ആ ലളിതമായ തിരിച്ചറിവ് ഉണ്ടാകാതെ പോകുന്നത് നമ്മെയെല്ലാം ബാധിച്ചിരിക്കുന്ന വിഭാഗീയ സ്പര്‍ധമൂലമാണ്. ജാതിയും മതവും സൃഷ്ടിക്കുന്ന വിഭാഗിയ സ്പര്‍ധ. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത മാതൃകാലോകം എന്ന ദര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് ശ്രീനാരായണഗുരു തന്റെ ജീവിതത്തിലെ കര്‍മകാണ്ഡം ഉദ്ഘാടനംചെയ്തത്. അരനൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന പൊതുപ്രവര്‍ത്തനത്തിലുടനീളം ആ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം മുഴുകിയത്. അതിനുവേണ്ടി ആത്മാര്‍പ്പണംചെയ്തതുമൂലമാണ് ആ ജീവിതം മഹനീയതയുടെ പരിവേഷമണിഞ്ഞത്. മതത്തെയും ജാതിയെയും അടിസ്ഥാനമാക്കി അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അക്കാലത്ത് കേരളീയസമൂഹത്തില്‍ നിലനിന്നിരുന്നു. ഉറപ്പേറിയ പാറക്കെട്ടുകള്‍പോലെ അവ മനുഷ്യവിഭാഗങ്ങളെ പരസ്പരം അകറ്റിനിര്‍ത്തുകയുംചെയ്തു. ആ സാഹചര്യത്തിലാണ് ശ്രീനാരായണഗുരു സ്വാഭാവികമായ സ്വരത്തില്‍ മനുഷ്യരെല്ലാവരും ഒരു ജാതിയാണെന്നു പ്രഖ്യാപിച്ചത്. അദ്ദേഹം തീര്‍ച്ചയായും മഹര്‍ഷിയായിരുന്നു. 


    ആത്മീയതയില്‍ അടിയുറച്ചു ജീവിച്ചുപോന്ന വ്യക്തിയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആത്മീയത ലൗകിക യാഥാര്‍ഥ്യങ്ങളെ മിഥ്യയായി കണ്ടില്ല.  അവ ജീവിതത്തിന്റെ ഭാഗമാണെന്നും ആ യാഥാര്‍ഥ്യങ്ങള്‍ മനുഷ്യോചിതമായ രീതിയില്‍ മാറ്റേണ്ടതാണെന്നും അദ്ദേഹത്തിലെ ആത്മീയത ദര്‍ശിച്ചു. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനം മനുഷ്യനന്മയാണെന്ന സത്യം നിരന്തരം ഉദ്ബോധിപ്പിക്കാന്‍ ഗുരു പരിശ്രമിച്ചുകൊണ്ടിരുന്നു. മതത്തെപ്പോലും ഈശ്വരകേന്ദ്രിതമായ അവസ്ഥയില്‍നിന്ന് മനുഷ്യകേന്ദ്രിതമായ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. 
    പരമ്പരാഗതമായ വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിപരീതമായി നീങ്ങിയതുമൂലം പല കാര്യങ്ങളിലും അദ്ദേഹത്തിന് ഏകാകിയാകേണ്ടിവന്നു. ആഡംബരപൂര്‍വം "കെട്ടുകല്യാണം" ആഘോഷിക്കാന്‍ തയ്യാറെടുത്തുനിന്ന ആള്‍ക്കൂട്ടത്തിനുമുമ്പില്‍ അദ്ദേഹം ഏകാകിയായാണ് കടന്നുചെന്നത്. ആ അനാചാരം ആ നിമിഷത്തില്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഒരു പ്രതിഷേധംപോലുംകൂടാതെ അവര്‍ അംഗീകരിച്ചത് ആ വ്യക്തിത്വത്തിലെ മാസ്മരശക്തി മൂലമായിരുന്നു. ക്ഷേത്രത്തിനുമുമ്പില്‍ ആടിന്റെ കഴുത്തുവെട്ടി ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിനിന്നവരുടെ മുമ്പാകെ അദ്ദേഹം നടന്നുചെന്നതും ഏകാകിയായിട്ടാണ്. കിരാതമായ ആ ചടങ്ങ് നിര്‍ത്തേണ്ടതാണെന്ന് ഘനഗംഭീരസ്വരത്തില്‍ ആജ്ഞാപിക്കാന്‍ ശ്രീനാരായണഗുരുവിനു മടിയുണ്ടായില്ല. ആ ആജ്ഞ അവര്‍ ഏതോ മാന്ത്രികശക്തിയില്‍ മയങ്ങിയതുപോലെ അനുസരിക്കുകയുംചെയ്തു. 

    ഇതുപോലെ തന്റെ സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറ്റും ദൂരീകരിക്കുന്നതിനുവേണ്ടിയാണ് ആയുഷ്കാലം അദ്ദേഹം പ്രയത്നിച്ചത്. കാടത്തത്തില്‍നിന്നു വിമുക്തരാക്കി മനുഷ്യത്വത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പരിശ്രമമായിരുന്നു അതെന്ന് ചുരുക്കിപ്പറയാം. വിവാഹസമ്പ്രദായം ആര്‍ഭാടമായിമാറാന്‍ പാടില്ലെന്ന് അദ്ദേഹം അനുശാസിച്ച കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. പൊള്ളയായ ആര്‍ഭാടങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും വിഹാരരംഗമായി കതിര്‍മണ്ഡപം മാറിക്കൂടെന്നായിരുന്നു അദ്ദേഹത്തിന്റെ കല്‍പ്പന. ദുര്‍വ്യയംചെയ്യുന്ന പണം വ്യവസായസംരംഭങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ഉപദേശിച്ചു. അക്കാലത്താണ് വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും പ്രേരണ നല്‍കി. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത നേടാന്‍ ആഹ്വാനംചെയ്തു. ദേവാലയങ്ങളിലെ ആരാധനാ സമ്പ്രദായം ലളിതമാക്കിത്തീര്‍ത്തു. ഇപ്രകാരം ലൗകികജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും നേരിട്ട് ഇടപെട്ടുകൊണ്ടാണ് ഒരു ജനതയെ പ്രബുദ്ധതയിലേക്കു വളര്‍ത്താനുള്ള പരിശ്രമം അദ്ദേഹം തുടര്‍ന്നത്. അതിനു പിന്‍ബലമായ ഒരുദര്‍ശനവും ഗുരുവിന് ഉണ്ടായിരുന്നു. ആത്മീയതയുടെ അടിത്തറയുള്ള അദൈ്വതത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് മനുഷ്യസമൂഹത്തെ ഒരൊറ്റ ജനതയായി കണ്ടത്. അതേ അടിസ്ഥാനത്തില്‍ത്തന്നെയാണ് ക്ഷേമത്തിനുവേണ്ടിയുള്ള സൂക്തങ്ങള്‍ ആവിഷ്കരിച്ചതും കര്‍മപരിപാടികള്‍ ആസൂത്രണംചെയ്തതും. സാക്ഷരത വളര്‍ത്തുക, സാഹിത്യസമാജങ്ങള്‍ സംഘടിപ്പിക്കുക, നിരക്ഷരരെ പ്രസംഗങ്ങളിലൂടെ ഉദ്ബുദ്ധരാക്കിത്തീര്‍ക്കുക മുതലായ എത്രയോ പരിപാടികള്‍ അവയില്‍ ഉള്‍പ്പെട്ടിരുന്നു. 

    അവയെല്ലാം കേന്ദ്രീകൃതമായിരുന്നത് മനുഷ്യന്‍ എന്ന പരമമായ മൂല്യത്തിലാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതിയെന്ന ലളിതവാക്യത്തില്‍ ആ മൂല്യം നിറഞ്ഞുനില്‍ക്കുന്നു. തൊട്ടുപിന്നാലെ കേരളത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉണര്‍വിന് ശ്രീനാരായണഗുരുവിന്റെ അലൗകികമായ വ്യക്തിത്വം ചെലുത്തിയ സ്വാധീനം അളവുറ്റതാണ്. ജാതി, മതം എന്നിവയെ അതിവര്‍ത്തിച്ചുകൊണ്ട് തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങി. സാമുദായികസംഘടനകള്‍ ഓരോന്നും സമുദായത്തിലുള്ളവരെ മനുഷ്യരാക്കി ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. മതേതരമായ ഒരു വീക്ഷണം കേരളത്തിലെ പൊതുപ്രവര്‍ത്തനത്തെ മുഴുവന്‍ നിയന്ത്രിച്ചിരുന്നുവെന്നര്‍ഥം. അതിന്റെ ഫലമായുണ്ടായ ഉദ്ബുദ്ധത ഇന്ന് വല്ലാതെ മങ്ങിപ്പോയിരിക്കുന്നു. മതത്തിലും അനാചാരത്തിലുമുള്ള വിശ്വാസം മടങ്ങിവരുകയും മനുഷ്യത്വത്തെ വികൃതമാക്കാന്‍ തുടങ്ങുകയുംചെയ്യുന്നു. ഇന്ന് കേരളത്തില്‍ ജാതിയിലും മതത്തിലുംപെട്ടവര്‍മാത്രമേയുള്ളുവെന്നുവരെ പറയാന്‍ തോന്നിപ്പോകുന്നു. ഇവിടെയാണ് ഒരുകാലഘട്ടത്തെ സര്‍ഗാത്മകമാക്കിത്തീര്‍ത്ത, പുരോഗതിയിലേക്കുനയിച്ച ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം തെളിഞ്ഞുവരുന്നത്. വഴിയറിയാതെ ഉഴലുന്നവര്‍ക്ക് ഭാസുരനക്ഷത്രമെന്നപോലെ ശ്രീനാരായണഗുരു ഇന്ന് നേര്‍വഴി കാണിക്കുന്നു. സര്‍വത്തിലും പ്രധാനം മനുഷ്യനന്മയാണെന്ന വീക്ഷണത്തിന്റെ നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ മുതിര്‍ന്നില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമായിമാറുമെന്നു പ്രവചിക്കാന്‍ പ്രത്യേകമായ ദിവ്യശക്തിതിയൊന്നും ആവശ്യമില്ല. (തയ്യാറാക്കിയത് : വി ജെ വര്‍ഗീസ്)

ഗുരുവിന്റെ ജീവിതവും സന്ദേശവും


ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരു ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു . അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല. 

1856ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനം. കുട്ടിക്കാലത്തുതന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യംവരെയും യഥാര്‍ഥ സന്യാസജീവിതം നയിച്ചു. സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനത്തിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടെയും മറ്റു പിന്നോക്കവിഭാഗക്കാരുടെയും സാമൂഹ്യമായ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. സവര്‍ണ മേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും, ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീനാരായണഗുരു നടത്തിയത്. 1888ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നു കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കി. താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം തിരിച്ചടിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കുതന്നെ കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്്. 1904ല്‍ ശിവഗിരി ക്ഷേത്രവും 1913ല്‍ ആലുവയില്‍ അദൈ്വതാശ്രമവും ആരംഭിച്ചു. 1924ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും വിളിച്ചുചേര്‍ത്തു. കേരളത്തിന്റെ പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ നിശ്ചയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു. വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം കരുതി. 1928 സെപ്തംബര്‍ 20നു വര്‍ക്കലയില്‍ ശ്രീനാരായണഗുരു അന്തരിച്ചു. 

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു സന്ദേശം ഇന്ന് വളരെ പ്രസക്തവുമാണ്. പ്രത്യേകിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും കൊടികുത്തിവാണ, ഭ്രാന്താലയം എന്ന പേരു കേള്‍പ്പിച്ച കേരളത്തില്‍. കേരളത്തിനു പുറത്ത് ഇന്ത്യയുടെ മിക്കഭാഗത്തും ജാതിവ്യവസ്ഥയും ജാതിസ്പര്‍ധയും അനാചാരവും അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ് ഭരണവര്‍ഗത്തിന് താല്‍പ്പര്യം. ജനങ്ങളുടെ യോജിപ്പല്ല, ഭിന്നിപ്പാണ് അവര്‍ക്കാവശ്യം. ജാതി ചോദിക്കരുത്, വിചാരിക്കരുത്, പറയരുത് എന്ന ശ്രീനാരായണഗുരുവിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വം നിരാകരിച്ച് ജാതി ഉച്ചത്തില്‍ പറയണം എന്നുപോലും ആഹ്വാനംചെയ്യാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ക്ക് മടിയില്ല എന്നത് ഖേദകരം തന്നെ. 

ശ്രീനാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍ പരാജയപ്പെടുകയാണ്. ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ, പരാജയപ്പെട്ടോ എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജാതിവ്യത്യാസം നിലനിര്‍ത്താന്‍ മാത്രമല്ല, വര്‍ഗീയവികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു. ഹിന്ദുരാഷ്ട്രവാദവും ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാന മുദ്രാവക്യമാണ്. എന്നാല്‍, മുസ്ലിംലീഗിനു പകരം ഹിന്ദുലീഗ് രൂപീകരിക്കണമെന്ന ചിന്ത ആരെ സഹായിക്കാനാണെന്ന് ഇതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത വച്ചുപുലര്‍ത്തിയതായി കേട്ടിട്ടില്ല. അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു എന്നതാണ് വാസ്തവം. എല്ലാ മുസ്ലിങ്ങളും യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. മതന്യൂനപക്ഷത്തിന്റെ പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്ലിംലീഗിന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശി വാങ്ങി വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്. വിദ്യ നേടി സ്വതന്ത്രരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്തം വിലയ്ക്കു വാങ്ങാനാണ് ചില മതനേതാക്കളും സമുദായനേതാക്കളും ആവശ്യപ്പെടുന്നത്. 

ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്. ഗുരുവിനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശം നിരാകരിക്കുകയല്ല, സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്. അതിനു ഭംഗം വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല തന്നെ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 ആഗസ്റ്റ് 2012

മനുഷ്യന്റെ ജാതി മനുഷ്യത്വം


ശ്രീനാരായണഗുരു ഉപദേശിച്ച ധര്‍മസംഹിതയില്‍ വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്‍മനിരതരായേ പറ്റൂ. ആ ധര്‍മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്‍കുന്നു. 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്‍ക്കണം.

വാക്കുകള്‍കൊണ്ടു മാത്രമല്ല, കര്‍മങ്ങള്‍കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്‍കാന്‍ ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്‍ണശാലയില്‍ ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്‍ഷിയുടെ മഹനീയ സിദ്ധികള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ പ്രകാശം അതായിരുന്നു.

ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയമായും ഭൌതികമായും ഉള്ള സര്‍വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ് ''.

സമുദായത്തിലെ അനാചാരങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്‍മം പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസംഗകര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്‍ദേവതാരാധനകളെയും നിരാകരിക്കുക''.

മറ്റൊരിടത്ത്: "അര്‍ഥശൂന്യങ്ങളും അനര്‍ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്‍ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....''

കുട്ടിച്ചാത്തന്‍ കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല്‍ ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്‍ദേശം നല്‍കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്‍ക്ക് സ്കൂള്‍പ്രവേശനം നല്‍കിയത് തടയാന്‍ നായരീഴവസമുദായക്കാര്‍ ഒന്നുചേര്‍ന്നു തുനിഞ്ഞപ്പോള്‍ ആ അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അദ്ദേഹം അവര്‍ക്ക് ആജ്ഞ നല്‍കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്‍ക്ക് സര്‍വവിധമായ പിന്തുണയും ലഭിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു.

വൈക്കം സത്യഗ്രഹം സന്ദര്‍ശിക്കാന്‍ ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്‍കാനും പോരാളികള്‍ക്ക് ആശംസ അര്‍പ്പിക്കാനുമാണ്. അവര്‍ തന്റെ കഴുത്തിലണിഞ്ഞ ഖദര്‍മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്‍ഥം.

ഈഴവരുടെ ദേവാലയങ്ങളില്‍ താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്‍ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വിഭിന്ന ജാതിയില്‍പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്‍മങ്ങളില്‍ ദൈവമുണ്ടല്ലോ''.

ആചാരാനുഷ്ഠാനങ്ങളിലല്ല, കര്‍മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര്‍ നമുക്കിടയില്‍ എത്രയുണ്ട്? ഉത്തരം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല.

ശിവഗിരിയില്‍വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര്‍ തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്‍മന്‍കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന്‍ - മാര്‍ഗരറ്റ് ദമ്പതികള്‍ ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു).

ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല്‍ സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളില്‍ ജാതിമതഭേദചിന്തകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില്‍ സംഭവിച്ച ഗംഭീരമായ പരിവര്‍ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില്‍ എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള്‍ ഏറ്റവും ജാഗ്രതയോടെ ഓര്‍മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.

പ്രൊഫ. എം കെ സാനു, കടപ്പാട് : ദേശാഭിമാനി

ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും


ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.

ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.

ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.

പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.

ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.

ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)

‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)

ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.

വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.

ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.

പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക

ഗുരുവിന്റേ സമത്വദര്‍ശനം

ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.

എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.

ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.

1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.

3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.

6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

7. അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഈ ഏഴു മഹദ്വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നുകാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം.

ജാതിയെ അദ്ദേഹം തീര്‍ത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. അതായത്, സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നര്‍ഥം. അതിനാല്‍ ജാതിവിരുദ്ധത ശ്രീനാരായണദര്‍ശനത്തിന്റെ അകക്കാതലാകുന്നു. ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തില്‍, ബുദ്ധമതത്തില്‍, ജൈനമതത്തില്‍, ചാര്‍വാക(ലോകായത)ദര്‍ശനത്തില്‍, സൂഫിദര്‍ശനത്തില്‍, ക്രൈസ്തവദര്‍ശനത്തില്‍, രാജാറാം മോഹന്‍ റോയിയുടെയും വിവേകാനന്ദന്റെയും മറ്റും നവോത്ഥാനദര്‍ശനത്തില്‍, തൊഴിലാളിവര്‍ഗദര്‍ശനത്തില്‍ - അങ്ങനെ ഭാരതീയദര്‍ശനങ്ങളില്‍ മിക്കതിലുമുള്ള ജാതിവിരോധഘടകത്തെ ഗുരുദര്‍ശനത്തിന്റെ മുഖ്യസ്ഥാനത്തുതന്നെ നമുക്കു കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക.

എന്നാല്‍ മതത്തെ അദ്ദേഹം നിഷേധിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നായതുകൊണ്ട് ഒരു മതമേ ഉള്ളൂ, അഥവാ ഒരു മതമേ വേണ്ടൂ, എന്നാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്. ഈ അര്‍ഥത്തില്‍, പ്രത്യേകം പ്രത്യേകം മതങ്ങള്‍ വേണ്ട എന്ന അര്‍ഥത്തില്‍, സഹോദരന്‍ അയ്യപ്പന്റെ ‘മതം വേണ്ട’ എന്ന അഭിപ്രായം ഗുരുവിന് അഭിമതമായിരിക്കും; ‘വേണം ധര്‍മം’ എന്ന് സഹോദരന്‍ തുടര്‍ന്നുപറയുന്നതുകൊണ്ട് വിശേഷിച്ചും. ബാഹ്യവും ആഭ്യന്തരവുമായ മതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബാഹ്യാംശങ്ങളില്‍ വിഭിന്നങ്ങളാവാമെങ്കിലും ആഭ്യന്തരാംശത്തില്‍ ഏകമതമേയുള്ളൂ എന്നു ശ്രീനാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവാക്യത്തിന് ‘ഒരു മതം’ എന്ന വാക്യവുമായി വൈരുധ്യമില്ലാത്തത്. താന്‍ ശ്രീശങ്കരന്റെ അദ്വൈതമതക്കാരനാണെന്നും ബുദ്ധമതക്കാരനാണെന്നും ക്രിസ്‌തുമതക്കാരനാണെന്നും ഇസ്ളാംമതക്കാരനാണെന്നുമൊക്കെ പലപ്പോഴായി ഗുരു പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അപ്പോഴേ വ്യക്തമാവുകയുള്ളൂ.

ഈ ഏകമതസിദ്ധാന്തം മതപരമായ വിഭാഗീയതകൊണ്ട് കുപ്രസിദ്ധമായ മതദര്‍ശനങ്ങളിലൊന്നും കാണാത്തതാണ്. ഉപനിഷത്തുകളിലെ ബ്രഹ്മദര്‍ശനത്തില്‍ ഈ പേരില്ലെങ്കിലും ഈ ആശയമുണ്ട്. പിന്നീട് സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതതുല്യതാവാദം ഇതുതന്നെയാണ്. ഇന്ത്യയില്‍ അശോകന്റെ കാലംതൊട്ടേ സാമാന്യമായി നിലനിന്നിരുന്നതും ദേശീയസ്വാതന്ത്ര്യ സമരകാലത്ത് കുറേക്കൂടി വ്യക്തമായ രൂപം കൈക്കൊണ്ടതും നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതുമായ മതനിരപേക്ഷത, വാസ്‌തവത്തില്‍, ഗുരുവിന്റെ ഈ ഏകമതസിദ്ധാന്തമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ, ‘മതവിരോധത്തിന്റെ മതമാണ് ഗുരുദര്‍ശനം’, ‘ആദര്‍ശഹിന്ദുസന്ന്യാസിയാണ് ഗുരു, ഹിന്ദുത്വാഭിമാനിയാണ് ഗുരു’ എന്നും മറ്റുമുള്ള അതിരുകവിഞ്ഞ അവകാശവാദങ്ങള്‍ വസ്‌തുതയ്‌ക്കു നിരക്കുന്നതല്ല.

ഒരു ദൈവം’ എന്നരുളിയ ഗുരു ഉപനിഷത്തുകളില്‍ ആവിഷ്‌കൃതമായ സര്‍വസമത്വദര്‍ശനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍തന്നെ. സകലചരാചരങ്ങളുടെയും സൃഷ്‌ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരേയൊരു ദൈവത്തിലുള്ള വിശ്വാസം ആ ദര്‍ശനത്തില്‍ പ്രകടമാണ്. ദൈവദശകം എന്ന വിശിഷ്‌ടകൃതിയില്‍ ഏതു കുട്ടിക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ ഏകദൈവാശയം വിവരിച്ചിട്ടുണ്ട്. അങ്ങേയറ്റം ആധ്യാത്മികമായ ഈ ഏകദൈവവിശ്വാസം എത്രയേറെ സമത്വബോധപ്രബോധകമാണെന്നു വെളിപ്പെടുത്തുന്നതാണ് 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍' എന്നുതുടങ്ങുന്ന മേലുദ്ധരിച്ച ആത്മോപദേശശതകപദ്യം. അനുകമ്പാദശകം വായിക്കുന്ന ആര്‍ക്കാണ് ഗുരുവിന്റെ വിശ്വപ്രേമതത്വവും പരമകാരുണികത്വവും അനുഭവവേദ്യമാവാതിരിക്കുക!

ഈ ആദര്‍ശങ്ങള്‍ പ്രായോഗികമാവണമെങ്കില്‍ ബഹുജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതിന് അവര്‍ക്ക് ശക്തിയുണ്ടാവണം. അതിനു സംഘടന കൂടാതെ പറ്റില്ല. അങ്ങനെ സംഘടിച്ചു ശക്തരായാല്‍ അവര്‍ക്ക് വിദ്യ കൈവരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സുഗമവും സുലഭവുമാവും. ക്ഷേത്രങ്ങള്‍പോലും നാരായണഗുരുവിന് വിദ്യാവിതരണത്തിനുള്ള ഉപാധികളാണ്. ദേവാലയങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളാണെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായല്ലോ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സ്വതന്ത്രരാവുകയുമൊക്കെ ചെയ്യേണ്ടവര്‍, പരമ്പരാഗതമായ തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് മദ്യത്തിന്റെ അടിമകളാവരുത്. അത് അവരെ ബോധഹീനരാക്കും; അസ്വതന്ത്രരാക്കും.

ആധുനികഭാരതീയനവോത്ഥാനദര്‍ശനങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന ആശയങ്ങളാണിവ. ആധുനികഭാരതീയനവോത്ഥാനത്തിന്റെ സന്തതിയും കേരളീയനവോത്ഥാനത്തിന്റെ പിതാവുമായ ശ്രീനാരായണഗുരു ഈ ആശയങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചത് സ്വാഭാവികംമാത്രം. ഗുരുവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ജാതിമതസമുദായസംഘടനകളുടെ രൂപത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം ഇവിടെ ആവിര്‍ഭവിച്ചത്. ആവിര്‍ഭാവകാലങ്ങളില്‍ അവ ഓരോ ജാതിമതസമുദായത്തെയും ആകാവുന്നത്ര നവീകരിക്കുകയും അങ്ങനെ കേരളീയസമൂഹത്തിന്റെയാകെ നവീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ നവീകരണത്തിന് വമ്പിച്ച സംഭാവനകള്‍ ചെയ്ത വര്‍ഗബഹുജനസംഘടനകള്‍ക്ക്, അവയ്‌ക്ക് നേതൃത്വം നല്‍കിയ പുരോഗമനരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്, വളരാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഈ നവോത്ഥാനപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് അതിനെല്ലാം തുടക്കമിട്ട ശ്രീനാരായണഗുരു, ആണെന്ന് പ്രത്യേകം അനുസ്‌മരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.' (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, സഞ്ചിക 9, 2000, പേജ് 289)

അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക

Monday 25 March 2013

ഗുരുദേവന്റെ ആദ്യ ജീവചരിത്രം



ഗുരുദേവന്റെ ആദ്യ ജീവചരിത്രം സഹോദരന്‍ അയ്യപ്പന്റെ ഭാര്യാപിതാവ് അയ്യാക്കുട്ടി ജഡ്ജിയാണ്‌ ഗുരുദേവന്റെ ജീവച്രിത്രബന്ധിയായ വിവരങ്ങള്‍ ആദ്യമായി, നൂറുവര്‍ഷം മുമ്പ്(അതായത് കൊ.വ 1087 അഥവാ ഏ.ഡി 1912) ശിവഗിരിയില്‍ വച്ചു വെളിപ്പെടുത്തിയതെന്നും സ്വാമിയുടെ ജീവചരിത്രം ആദ്യമായി കാഴ്ച വച്ചത് 1915 ഏപ്രില്‍-1916 നവം ലക്കം വിവേകോദയം വഴി കുമാരന്‍ ആശാന്‍ ആണെന്നും 2012 ഫെബ്രുവരി ലക്കം പഴമയില്‍ നിന്നു പംക്തിയില്‍ ജി.പ്രിയദര്‍സനന്‍ എഴുതുന്നു.ഈ പ്രസതാവനകള്‍ ശരിയാണോ എന്നു സംശയം. ചെമ്പഴന്തി പിള്ളമാരുടെ കുടുംബത്തില്‍ പെട്ട ഡോ.ഗോപാല പിള്ള(1915-1921 കാലഘട്ടത്തില്‍ കല്‍ക്കട്ടയില്‍ നിന്നും വൈദ്യപഠനം) 1087 ല്‍ ചെമ്പഴന്തിയില്‍ വായിച്ചതാണ്‌ ഗുരുദേവന്റെ ഗദ്യത്തിലുള്ള ആദ്യ ജീവചരിത്രം.മൂന്നു വര്‍ഷം മുമ്പു 1084 ല്‍ തന്നെ വഴവിളമറ്റത്തു നാണു ഗുരു ദേവ ചരിതം വഞ്ചിപ്പാട്ടെഴുതിയിരുന്നു.ഡോ.ഗോപാല പിള്ളയ്ക്കു നേരിട്ടറിയാവുന്നതില്‍ നൂറിലൊരംശം പോലും നാണുവിന്റെ ആദ്യകാല ജീവിതത്തെ കുറിച്ചു അയ്യാക്കുട്ടി ജഡ്ജിക്കോ,കുമാരനാശാനോ അറിയാമായിരുന്നില്ല. കാരണം നാണുവിനെ എഴുത്തിനിരുത്തിയ കണ്ണങ്കര അധികാരിയുടെ അനുജന്റെ മകനും അയല്‍ക്കാരനുമായിരുന്നുചെമ്പഴന്തിയിലെ ഡോ.ഗോപാല പിള്ള. കൂടുതല്‍ വിവരം അറിയാന്‍ അന്തരിച്ച മു ന്‍ആര്‍ക്കിയോളജി വകുപ്പു മേധാവി മലയങ്കീഴ് കെ.മഹേശ്വരന്‍ നായര്‍ എഴുതിയ
ശ്രീമാരായണഗുരുവിന്റെ ഗുരു (1974) പേജ് 116-119 കാണുക. 

ഡോ.കാനം ശങ്കരപ്പിള്ള, നീലകണ്ഠ നിലയം, പൊന്‍കുന്നം മൊ; 94470 35416
Original Post : Link : http://drkanam.blogspot.in/2012/02/blog-post_23.html

Sunday 24 March 2013

സംവരണം: സവര്ണരിലെ വേതാളങ്ങളും, പിന്നോക്കക്കാരിലെ ഒറ്റുകാരും


ഭാരതത്തിലെ പിന്നോക്ക സമുദായങ്ങള്ക്ക് ഭരണഘടന ഉറപ്പു നല്കി്യിട്ടുള്ള അവകാശം ആണ് സംവരണം. അത് ആരുടേയും ഔദാര്യം അല്ല.. സാമുദായിക സംവരണം നടപ്പില്‍ വരുത്താന്‍ നമ്മുടെ രാജ്യത്തെ മാറി മാറി വന്നു കൊണ്ടിരിക്കുന്ന സവര്ണ സര്ക്കാ രുകള്‍ മടി കാണിക്കുകയാണ്.. വോട്ടിനു വേണ്ടി പിന്നോക്കക്കര്ന്റെ കൌപീനം അലക്കുന്ന രാഷ്ട്രീയ ഹിജഡകള്‍ അധികാരം കിട്ടിയാല്‍ പിന്നോക്കക്കാരനെ അവഗണിക്കുന്ന കാഴ്ച ആണ് കാണുന്നത്. കാക്കാകലെക്കര്‍ കമ്മിഷന്‍ റിപ്പോര്ടോ വേസ്റ്റ് ആയപ്പോള്‍ 1977 മൊറാര്ജി് സര്ക്കാകര്‍ ആണ് ബീഹാര്‍ മുഖ്യമന്ത്രിയും പിന്നോക്കക്കാരനും ആയ ബിന്ദ്രേശ്വരി പ്രസാദ് മണ്ഡല്‍ എന്ന മഹാനായ മനുഷ്യനെ കൊണ്ട് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്ട്ട് ‌ തയ്യരാക്കിച്ചത്..ഭാരതം മുഴുവന്‍ സഞ്ചരിച്ചു പഠിച്ചു അദ്ദേഹം ഉണ്ടാക്കിയ റിപ്പോര്ട്ട് ‌ 1980ല്‍ ഇന്ദിരാഗാന്ധി സര്ക്കാ രിനു സമര്പ്പി ച്ചു .

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്ട്ട് പിന്നോക്കക്കാരന്റെ മാഗ്നാകാര്ട്ട :

ഇന്ത്യയിലെ പകുതിയില്‍ കൂടുതല്‍ ജനസംഖ്യ ഉള്ള പിന്നോക്കക്കാര്ക്ക് 27 ശതമാനം തൊഴില്‍ സംവരണം നല്കണം എന്നും, അവര്ക്ക് ഭൂമി പതിച്ചു നല്കണം എന്നും, പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ തുടങ്ങണം എന്നും, സര്ക്കാ്ര്‍ സെര്വി സില്‍ പ്രമോഷനും, മറ്റു ആനുകൂല്യങ്ങളും നല്കണം എന്നും മറ്റുമുള്ള ശുപാര്ശഎകള്‍ അതില്‍ ഉണ്ടായിരുന്നു. ഭാരതത്തിലെ അടിച്ചമര്ത്തചപെട്ട ജനതയെ മുഖ്യധാരയില്‍ കൊണ്ട് വരാനുള്ള ഈ റിപ്പോര്‌്ട്ിലന്റെ മേല്‍ പത്തു വര്ഷം ആണ് ഇന്ദിരാഗാന്ധിയും, രാജിവ് ഗാന്ധിയും അടയിരുന്നത്.

പിന്നോക്കക്കാരന്റെ ഉന്നമനം ലക്ഷ്യമാക്കി ധീരനായ വി.പി. സിംഗ് 1990ല്‍ മണ്ടല്‍ കമ്മിഷന്‍ റിപ്പോര്ട്ട് ‌ നടപ്പില്‍ വരുത്തി. അതിനു അദ്ദേഹം ബലി നല്കിണയത് തന്റെ പ്രധാനമന്ത്രി സ്ഥാനം ആയിരുന്നു. ആ മഹാനായ നേതാവിന്റെ ബാലിധാനം എന്നും ഈ നാട്ടിലെ പിന്നോക്കക്കാരുടെ മനസ്സില്‍ ഒരു ഉണങ്ങാത്ത നീറ്റല്‍ ആയി അവശേഷിക്കും .

ഭാരതത്തിന്റെ ഉന്നത ന്യായ പീടങ്ങളില്‍ സംവരണം ഇല്ലാത്തതിന്റെ ദുഃഖം അനുഭവിക്കുകയാണ് ഈ രാജ്യത്തെ പിന്നോക്കക്കാരും ദളിതരും . 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന വിധിയിലൂടെ പിന്നോക്കക്കരന്റെയും, ദളിതന്റെയും നെഞ്ചില്‍ ആണി അടിച്ച നിയമം ക്രീമിലെയര്‍ എന്ന മഹാതട്ടിപ്പിലൂടെ പിന്നോക്കക്കാരെ രണ്ടു തട്ടിലാകി സംവരണം അട്ടി മരിക്കുന്നത്തില്‍ വിജയിച്ചു. ഈ മനുഷത്വ ഹീനമായ വിധികളെ മറികടക്കാന്‍ നമ്മുടെ സര്ക്കാകരുകള്ക്ക് കഴിയാത്തത് ഈ സര്ക്കാ രുകളില്‍ ഒന്നും തന്നെ പിന്നോക്കക്കാരനു ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ടാണ്.

ഒരിറ്റു വെള്ളമില്ലാതെ പിടയുന്ന പിന്നോക്കക്കാരന്റെ വരണ്ട തൊണ്ടയിലേക്ക്‌ ഉണങ്ങിയ ഗോതമ്പ് പുട്ട് തിരുകി കയറ്റുന്നത് പോലെ ആയി അടുത്തകാലത്ത്‌ സവര്ണക ഫാസിസിറ്റ്കള്‍ നടത്തിയ പുതിയ് പരിപാടി. ക്രീമിലെയര്‍ വരുമാന പരിധി 12 ലക്ഷം ആക്കണം എന്ന കേന്ദ്ര പിന്നോക്ക കമ്മിഷന്റെ ആവശ്യം പകുതിയിലേക്ക് വെട്ടി കുറച്ചു പിന്നോക്ക കാരന്റെ ശവത്തില്‍ കുത്തുകയാണ് സവ്ര്ണദന്മാര്‍ അടങ്ങിയ മന്ത്രി സഭ ഉപസമിതി. ചിദംബരം ചെട്ടിയാരും, നാരായണ സ്വാമിയും അതിനു ചുക്കാന്‍ പിടിച്ചു .

വരുമാന പരിധി ആറു വര്ഷം മുന്പ്ു 4.5 ലക്ഷം ആയിരുന്നപ്പോള്‍ ചായയുടെ വില രണ്ടു രൂപ ആയിരുന്നു ഇന്ന് അത് ഏഴു രൂപ ആയി .പതിനാലു രൂപയ്ക്കു ഒരു കിലോ അറി കിട്ടുമായിരുന്നത് ഇന്ന് നാല്പനതു രൂപ വരെ ആയി .എല്ലത്തിനു വില പതിന്മടങ്ങ്‌ വര്ധിടച്ചു. അതോടെ ശമ്പളത്തിന് വര്ധ്നവും ഉണ്ടായി. 200 രൂപ ദിവസ കൂലി ഉണ്ടായിരുന്ന കൊത്താന് ഇന്ന് 700 രൂപയാണ് ശമ്പളം. ഇത്രയും ഒക്കെ അറിയാവുന്ന ഈ മന്ത്രി സഭ ഉപസമിതി എന്ന പിശാചുക്കളുടെ കൂട്ടായ്മ പിന്നോക്കക്കര്ന്റൊ വരുമാന്‍ പരിധി 6 ലക്ഷം ആക്കിയതില്‍ നിന്ന് തന്നെ ഇവന്റെ ഒക്കെ പിന്നോക്ക വിദ്വേഷം മനസിലാക്കുവന്നതെയുള്ളൂ.

നായര്‍-ഈഴവ ഐക്യം എന്ന് നാഴികയ്ക്ക് നാല്പ തു വട്ടം വിളിച്ചു കൂവുന്ന വെള്ളപള്ളി നടേശന്‍ ഒരു പ്രസ്താവനയില്‍ സംഭവം ഒതുക്കി. മലബാര്‍ സംഗമം എന്ന പേരില്‍ ആളെ കൂട്ടിയതിന്റെ പകുതി മിനക്കെട് മതിയായിരുന്നു നടേശന് പ്രതിഷേധം വ്യാപിപ്പിക്കാന്‍. സമ്പത്തിന്റെ പുറത്തു ഉറങ്ങുന്ന നടേശനു അറിയാമോ ഇടത്തരക്കാരായ പിന്നോക്കക്കാരന്റെ നിവര്തികേട്‌. വരുമാന പരിധി 12 ലക്ഷം അക്കാതത്തിന്റെ സുഖത്തില്‍ ഉറങ്ങുകയാണ് പന്മന നായര്‍. അത് 12 ലക്ഷം ആക്കിടിരുന്നെങ്കില്‍ കാണാം ആയിരുന്നു നായരുടെ പിന്നോക്ക സ്നേഹം. ഐക്യം ഒക്കെ അങ്ങ് ചങ്ങനാശേരിക്ക് അപ്പുറത്ത് ആയനെ . രണ്ടു പേര്ക്കുംോ സന്തോഷമായി. തങ്ങളുടെ കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നല്ലോ.

നവ ഈഴവ നപുംസകങ്ങള്‍ :

അരിമ്പാറ വളര്ന്നു അത് താന്‍ നില നിന്ന ശരീരത്തെ പറിച്ചു കളയുന്ന ഒരു ചെറു കഥ ഉണ്ട് . ഓ.വി. വിജയന്റെത് ആണെന്ന് തോന്നുന്നു. അത് പോലെ ചില അരിമ്പാറകള്‍ ഇന്ന് വളര്ന്നുു വരുന്നുണ്ട് പിന്നോക്ക സമൂഹത്തില്‍.സംവരണം വേണ്ട എന്നും, ഇഴവര്‍ പിന്നോക്ക ക്കാര്‍ അല്ല എന്നും ഒക്കെ ആണ് ഈ മഹാന്മാര്‍ പറയുന്നത് . അച്ഛനും അമ്മയ്ക്കും സര്ക്കാിര്‍ ജോലി കിട്ടാത്തതും, തനിക്കു സ്വയം സ്വകാര്യ മുതലാളിയുടെ അടിമയായി പണിയെടുക്കേണ്ടി വന്നതിലും ഉള്ള അസൂയയും, നിരാശാബോധവും ആണ് ഈ ചതിയന്‍ ചന്തുക്കള്ക്ക്ക സംവരണതോട് വിരോധം തോന്നാന്‍ കാരണം. സ്വന്തം മക്കള്‍ വളര്ന്നു വരും എന്നും അവര്ക്കും സംവരണം ആവശ്യം ആണെന്നും ഈ ചൊറിയന്‍ തവളകള്‍ ചിന്തിക്കുന്നില്ല. സ്വന്തം തായ് വേര് അറുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഇത്തരം ശവം നാറി പൂക്കളെ തിരിച്ചറിഞ്ഞു അവയെ അര്ഹിവക്കുന്ന അവഗണനയോട് കൂടി ഓടകളില്‍ ഒഴുക്കണം എന്ന് അഭ്യര്ത്ഥി ക്കുന്നു.

പിന്നോക്കക്കാരന്‍ എന്നത് സത്യം തന്നെ ആണ്. അത് ബുദ്ധിയുടെ തലത്തില്‍ അല്ല അളക്കേണ്ടത്‌. വര്ഷനങ്ങളായി നമുക്ക് അന്യാധീനപെട്ടു കിടക്കുന്ന നമ്മുടെ അവകാശതിനു വേണ്ടിയുള്ള സമരം ആണ് സംവരണത്തിന് വേണ്ടി നാം നയിക്കേണ്ടത്.സ്വകാര്യ കമ്പനികളില്‍ ജോലിക്ക് കയറി കൈ നിറയെ കാശ് കിട്ടുമ്പോള്‍ സമുദായത്തെ ഒറ്റാനു ശ്രമിക്കുന്ന പുഴുത്ത യൌവ്വനങ്ങളെ നിങ്ങളെ ഓര്ത്തു വിലപിക്കുന്നു ഞാന്‍ .

പിന്നോക്കക്കാരനു അധികാരം കുറവ് ഉണ്ടെന്നെയുള്ളൂ അന്തസും ആത്മാഭിമാനവും ബാക്കിയുള്ളവരെക്കാള്‍ കൂടുതല്‍ ആണ്. സ്വയം സവര്ണകന്‍ ആകാന്‍ ശ്രമിക്കുന്ന (കൊക്കാകാന്‍ കുളിക്കുന്ന കാക്കകള്‍) വിഡ്ഢി കൂഷ്മാണ്ടാങ്ങളെ നിങ്ങള്‍ സമുദായത്തിന് നാണക്കേടാണ്. നിങ്ങളെ പോലെ ഉള്ളവര്‍ സമുദായത്തില്‍ ഉണ്ടല്ലോ എന്ന് ഓര്ക്കുമ്പോള്‍ തന്നെ ഓര്ക്കാ നം വരുന്നു.