Sunday, 31 March 2013

ഗുരുദേവനും ബ്രഹ്മവിദ്യാലയവും


ശിവഗിരിയോട്‌ ചേര്‍ത്ത്‌ ഒരു ബ്രഹ്മവിദ്യാലയം സ്ഥാപിക്കണമെന്നത്‌ സ്വാമിയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതേക്കുറിച്ച്‌ അദ്ദേഹം പലരോടും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും, പ്രായോഗികതലത്തില്‍ അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ അമാന്തിക്കരുതെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അതനുസരിച്ച്‌ 1925 തുലാമാസം ഒന്നാം തീയതി സ്വാമി തന്നെ ആ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തി. മുഹൂര്‍ത്തമൊന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. ആര്‍ഭാടമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതുമില്ല. ഹൃദ്യമായ ലാളിത്യം പാലിച്ചുകൊണ്ട്‌, അന്തേവാസികളും ഭക്തജനങ്ങളും നിറഞ്ഞ ഒരു സദസ്സിന്റെ സാന്നിധ്യത്തില്‍ സ്വാമി ആ മംഗളകര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ അദ്ദേഹം അവിടെത്തന്നെ താമസിക്കുകയും ബ്രഹ്മവിദ്യാലയം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്തു. അപ്പോഴാണ്‌ അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന വാട്ട്സ്‌ ശിവഗിരി സന്ദര്‍ശിക്കുന്നത്‌. രാജാവിനെ കഴിഞ്ഞാല്‍ പിന്നെ രാജ്യത്തിലെ ഏറ്റവും മികച്ച ആധികാരിയായ വാട്ട്സ്‌ സായിപ്പിന്റെ സന്ദര്‍ശനം അന്ന്‌ വാര്‍ത്താപ്രാധാന്യമുള്ള വലിയൊരു സംഭവം തന്നെയായിരുന്നു.



ആയിടെ ദിവാന്‍ മി. വാട്ട്സ്‌ ശിവഗിരിയില്‍ വന്ന്‌ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദര്‍ശിക്കുകയുണ്ടായി. വര്‍ക്കല ടി.ബിയില്‍ വിശ്രമിച്ചിരുന്ന അദ്ദേഹത്തെ കാണാന്‍ ചെന്ന ബ്രഹ്മശ്രീ ബോധാനന്ദസ്വാമികള്‍, നിത്യാനന്ദസ്വാമികള്‍, എ.കെ.ദാസ്‌ അവര്‍കള്‍ ഇവരോട്‌ സ്വാമികളെ കാണണമെന്നുള്ള ദിവാന്‍ജിയുടെ ആഗ്രഹത്തെ പ്രസ്താവിക്കുകയും അതിലേക്ക്‌ അടുത്തദിവസം തന്നെ സൗകര്യമൊരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച്‌ വേണ്ട ഏര്‍പ്പാടും ചെയ്താണ്‌ സന്ദര്‍ശനം നടന്നത്‌. അതികഠോരമായ വര്‍ഷമുണ്ടായിട്ടും സന്ദര്‍ശിക്കാനവസരത്തെ ഭേദപ്പെടുത്താതെ ദിവാന്‍ജി ശിവഗിരിയില്‍ എത്തി. ദിവാന്‍ജി കാറില്‍ വന്നിറങ്ങിയ ഉടനെ ബോധാനന്ദസ്വാമികള്‍, സ്വാമി നിത്യാനന്ദന്‍, സ്വാമി സുഗുണാനന്ദഗിരി, എ.കെ.ദാസ്‌, കെ.എന്‍.പണിക്കര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ സ്വാമി തൃപ്പാദങ്ങളുടെ സന്നിധിയിലേക്കാനയിച്ചു. സംഭാഷണത്തില്‍ സ്വാമികളെ സന്ദര്‍ശിക്കാന്‍ വളരെ നാളുകളായി ആഗ്രഹിക്കുന്നുവെന്നും ഇപ്പോഴതിന്‌ സംഗതിയായതില്‍ ചാരിതാര്‍ത്ഥ്യപ്പെടുന്നുവെന്നും ക്ലപ്തപ്പെടുത്തിയ സമയം അല്‍പം തെറ്റിയത്‌ ക്ഷമിക്കണമെന്നും, ശിവഗിരിയിലേക്കുള്ള റോഡ്‌ ചീത്തയായിക്കിടക്കുന്നതുകൊണ്ട്‌ കുറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്നും ദിവാന്‍ജി അവര്‍കള്‍ പറഞ്ഞു. “റോഡുകള്‍ ഇനിയെങ്കിലും നന്നായിക്കോളും, അല്ലേ?” എന്നുമാത്രം സ്വാമി മറുപടി പറഞ്ഞു. ശിവഗിരിയിലെ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട്‌ എത്രകാലമായെന്ന്‌ ദിവാന്‍ജി ചോദിച്ചു. ഏകദേശം ഒരു കൊല്ലമാകും; ഒരു ഗുരുകുലവിദ്യാലയവും ബ്രഹ്മവിദ്യാലയവും സ്ഥാപിക്കുന്നതിന്‌ ഇപ്പോള്‍ ശ്രമിക്കുന്നു; പൊതുവെ ജനങ്ങളുടെ ഉപയോഗത്തിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്ഥാപനങ്ങളുടെ സംഗതി ഗവണ്‍മെന്റും കൂടി അറിഞ്ഞിരിക്കേണ്ടതാണ്‌ എന്നായിരുന്നു സ്വാമിയുടെ മറുപടി. ഈ അവസരത്തില്‍ ശ്രീ. എ.കെ.ദാസ്‌ ഏതാനും ബാലന്മാരെ ചൂണ്ടിക്കാണിച്ച്‌, “ഇവര്‍ പറയക്കുട്ടികളാണെന്നും അവരെ ആശ്രമത്തിലെടുത്ത്‌ മനുഷ്യരാക്കിയിരിക്കുകയാണെ”ന്നും സായിപ്പിനോട്‌ പറഞ്ഞപ്പോള്‍ സ്വാമി ഇങ്ങനെ തിരുത്തി: അവര്‍ ആദ്യമേ മനുഷ്യര്‍ തന്നെ; പക്ഷേ ആ, സംഗതി മറ്റുള്ളവര്‍ വകവച്ചുകൊടുക്കാതിരുന്നതാണ്‌.”

- പ്രൊഫ. എം.കെ.സാനു

http://www.janmabhumidaily.com/jnb/News/45435

0 comments:

Post a Comment