ശ്രീനാരായണന്‍ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണ്. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയിരുന്നതെങ്കില്‍ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്ക്രിയനായി തീര്‍ന്നുപോയേനെ! ഇവിടെ മറിച്ചു സംഭവിച്ചു. വേദാന്തശിക്ഷണത്തില്‍ സ്വാമികളുടെ ആദ്യത്തെ ആചാര്യന്‍ അദ്ദേഹത്തിന് ചുറ്റും ഇരമ്പിമറഞ്ഞിരുന്ന പാപചാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നമ്പൂതിരി നായരെയും നമ്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേര്‍ന്ന് പുലയനെയും അകറ്റുകയും അമര്‍ത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്സാമയത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകാനുഭവത്തിന്റെ അന്വേഷകനാക്കിമാറ്റി. നാരായണഗുരുവിന്റെ ഹൃദയം വ്രണിതമായപ്പോള്‍ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദ്വൈതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചു നടന്ന അദ്വൈതവേദാന്തത്തിന്റെ തത്ത്വങ്ങള്‍ തന്റെ ജാതിവിനാശപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാന്‍ കരുത്തുറ്റവയാണെന്ന് ആചാര്യന്‍ മനസ്സിലാക്കി. അങ്ങനെ പഴയ അദ്വൈത ചിന്തയ്ക്ക് പുതിയ ഒരു അര്‍ത്ഥതലത്തിലേക്ക് പ്രവഹിക്കാന്‍ സാധിച്ചു. പുതിയ അര്‍ത്ഥതലമോ? അല്ല, യഥാര്‍ത്ഥമായ അര്‍ത്ഥതലം എന്നുതന്നെ പറയണം.
- സുകുമാര്‍ അഴീക്കോട്
Label : http://www.janmabhumidaily.com/jnb/News/53196
0 comments:
Post a Comment