Thursday, 21 March 2013

ഗുരുദേവൻ: അതുല്യനായ വിദ്യാഭ്യാസ ചിന്തകൻ


[Posted on: കേരള കൌമുദി Wednesday, 20 March 2013  by : ഡോ. വെള്ളായണി അർജുനൻ
(മുൻ ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ളോപീഡിയ)
]

കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീനാരായണ ഗുരുദേവൻ ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി തീവ്രമായി ചിന്തിക്കുകയും സാധാരണ ജനങ്ങളിൽ അതിന്റെ പ്രകാശധാര ചൊരിയാൻ നിരന്തരം യത്നിക്കുകയും ചെയ്ത സമുന്നതനായ വിദ്യാഭ്യാസ ചിന്തകനും അതിന്റെ കർമ്മപടവുമായിരുന്നു എന്ന കാര്യം അധികമാരും പൂർണരൂപത്തിൽ ധരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

വിദ്യാഭ്യാസവും അതിൽനിന്ന് ലഭ്യമാകുന്ന സംസ്കാരവും സൗഭാഗ്യവും സമൂഹത്തിലെ ഉന്നതശ്രേണികളിലുള്ളവർ മാത്രം ആസ്വദിക്കുകയും അനുഭവിക്കുകയും അധ:സ്ഥിത സമുദായാംഗങ്ങൾ വിദ്യയുടെ വെളിച്ചം നുകരാനാവാതെ കണ്ണുള്ള കുരുടന്മാരായി കഴിയുകയും ചെയ്യുന്ന ദു:സ്ഥിതിക്ക് പരിഹാരമുണ്ടാക്കുക എന്നത് പ്രഥമവും പ്രധാനവുമായ മാനവധർമ്മമാണെന്ന് ഗുരുദേവൻ മനസിലാക്കി. വിദ്യാഭ്യാസം സ്വായത്തമാക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിന് വേദങ്ങളും ഉപനിഷത്തുകളും മറ്റ് ആത്മീയരഹസ്യങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല; അതുകൊണ്ടാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടി നടത്താൻ ഗുരു സന്നദ്ധനായത്. ആത്മീയവിദ്യയെയും ഭൗതികവിദ്യയെയും പരസ്പരപൂരകങ്ങളാക്കി ജനസംസ്കാരവുമായി സമന്വയിപ്പിച്ച് ജീവിതവീക്ഷണത്തിന് പുതിയൊരു പാതയൊരുക്കിക്കൊടുക്കാനും അനേകലക്ഷം ജനങ്ങളെ ആ പാതയിലൂടെ മുന്നോട്ടു നയിച്ച് വിദ്യാസമ്പന്നരായ ഉന്നതജാതരുടെ സമശീർഷരാക്കിത്തീർക്കാനും യത്നിച്ചത് ബുദ്ധഭഗവാനും ശ്രീനാരായണഗുരുവുമാണ്. അതുകൊണ്ടാണ് ശ്രീനാരായണഗുരു ബുദ്ധദേവനെ തന്റെ മുൻഗാമിയായും മാതൃകാ പുരുഷനായും സ്വീകരിച്ച് നൂതന വിദ്യാഭ്യാസ പ്രക്രിയ സമാരംഭിച്ചത്.

ആദ്ധ്യാത്മികോപദേശങ്ങൾക്ക് മുമ്പ്, അവ ഉൾക്കൊള്ളുവാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകിയാൽ മാത്രമേ, നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ടുകിടക്കുന്ന ജനലക്ഷങ്ങൾക്ക് മോചനം നേടാൻ സാധിക്കുകയുള്ളൂ എന്ന് മനസിലാക്കിയ ഗുരുദേവൻ തന്റെ നവോത്ഥാന യത്നങ്ങളുടെ കർമ്മപരിപാടികളിൽ വിദ്യാഭ്യാസത്തിന് പരമമായ പ്രാധാന്യം നൽകി. സാമൂഹിക പരിഷ്കരണ പരിപാടികളുടെ പ്രഥമഘട്ടമെന്ന നിലയിൽ ഏതാനും ക്ഷേത്രങ്ങൾ തുറക്കുകയും ആരാധനാസ്വാതന്ത്ര്യം നൽകി അവശതാബോധമകറ്റി, ഉത്സാഹഭരിതരാക്കിയതിനുശേഷം ജനങ്ങളെ വിദ്യാഭ്യാസ കാര്യങ്ങളിലേക്ക് നയിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്തിച്ചുറയ്ക്കുകയും ചെയ്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ജനവികാരം നേരിട്ടറിയാൻ കഴിഞ്ഞ ഈ കർമ്മയോഗി സ്ഥാപിച്ച ക്ഷേത്രങ്ങൾ പിൽക്കാലത്ത് കേരളത്തിലെ സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങളായി മാറി. പൂരപ്പാട്ടും ജന്തുബലിയും രക്താഭിഷേകവും കോമരംതുള്ളലും മറ്റുമായ അനാചാരങ്ങൾകൊണ്ട് തിണ്ടാടി തീണ്ടലിലാണ്ടുകിടന്ന ജനലക്ഷങ്ങളെ സാത്വികഭാവങ്ങളുടെയും ആത്മസംശുദ്ധിയുടെയും പ്രകാശവീഥിയിലേക്ക് നയിക്കാനും ഉന്നത സമൂഹങ്ങളുടെ ആരാധനാരീതികളും മത-സാമൂഹിക-സാംസ്കാരിക ശൈലികളും ഇഴുകിച്ചേർന്നുകിടക്കുന്ന സാമൂഹിക ജീവിതപ്രക്രിയയുമായി സമന്വയിപ്പിക്കാനും വേണ്ടിയാണ് ഗുരുദേവൻ നിലവിലിരുന്ന ക്ഷേത്രസങ്കല്പത്തെ പിടിച്ചുകുലുക്കാനുദ്യുക്തനായത്. 1912ൽ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ നടത്തിയതോടുകൂടി ഗുരുദേവന്റെ ക്ഷേത്രസങ്കല്പത്തിന്റെ ലക്ഷ്യം പ്രഖ്യാപിതമായിത്തീർന്നു. വിദ്യയുടെ അധിദേവതയായ ശാരദയെ ആരാധനാമൂർത്തിയാക്കി ക്ഷേത്രനിർമ്മാണം നടത്തിയത് ഗുരുദേവന്റെ വിദ്യാഭ്യാസ യത്നങ്ങളിലേക്കുള്ള വഴിത്തിരിവിനെ സൂചിപ്പിക്കുന്നു. ഇനി ക്ഷേത്രങ്ങളല്ല അധികം ഉണ്ടാകേണ്ടത്, വിദ്യാലയങ്ങളാണ് എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഈ വഴിത്തിരിവിലേക്കുള്ള ചൂണ്ടുപലകയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ യഥാർത്ഥമായ മോചനം സാധിക്കുകയുള്ളൂ എന്ന് ആ സത്യാന്വേഷകന് ബോദ്ധ്യമായിരുന്നു.

187318-ാമത്തെ വയസിൽ സംസ്കൃതത്തിൽ ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തി ആദ്യമായി ചെയ്തത് ചെമ്പഴന്തിയിൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടം തുറക്കുകയായിരുന്നു. അധ:സ്ഥിത സമുദായങ്ങളിൽപ്പെട്ട കുട്ടികൾക്ക് അന്ന് സംസ്കൃത പഠനരംഗം അപ്രാപ്യമായിരുന്നു. ആദ്യം ഈ അസന്തുലിതാവസ്ഥയിൽ സ്ഫോടനമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ സമ്പൂർത്തിക്കുവേണ്ടി തന്റെ വസതിക്കുചുറ്റുമുള്ള കൊച്ചുകൊച്ചു പുൽമാടങ്ങളിൽ പാർത്തിരുന്ന പുലയരുടെയും പറയരുടെയും കുട്ടികളെ പഠനകുടീരത്തിൽ വരുത്തി ശിഷ്യരാക്കി. സംസ്കൃതത്തോടൊപ്പം മാതൃഭാഷാപഠനത്തിനും ഈ കുടിപ്പള്ളിക്കൂടത്തിൽ അദ്ദേഹം സൗകര്യം കൊടുത്തു. ഇങ്ങനെ ഒരു കുടിയാശാന്റെ രൂപത്തിൽ തന്റെ ആചാര്യത്വത്തിന് തുടക്കമിട്ടു. പിന്നീട് ഒരു വ്യാഴവട്ടക്കാലം മരുത്വാമലയിൽപ്പോയി തപസനുഷ്ഠിച്ചു, ദിവ്യദർശനം നേടി. 1885 മുതൽ 1888 വരെ അവധൂതനായി കേരളത്തിലും തമിഴ്നാട്ടിലും അലഞ്ഞുനടന്നു. കടലോരങ്ങളിൽ ചകിരിയടിക്കുകയും കയറുപിരിക്കുകയും ചെയ്യുന്ന തൊഴിലാളികളെയും മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന മുക്കുവരെയും മറ്റ് പലവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികളെയും മുഹമ്മദീയരെയും നേരിൽക്കാണുകയും അവരുടെ തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.


ഭാരതീയ ക്ഷേത്രസങ്കല്പത്തെ തലകീഴായി മറിച്ചിട്ടുകൊണ്ട് 1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതോടുകൂടി ഗുരുവിന്റെ കർമ്മരംഗം കൂടുതൽ വിശാലവും ശ്രദ്ധേയവുമായിത്തീർന്നു. അരുവിപ്പുറം ക്ഷേത്രത്തോടുചേർന്ന് ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ച്, സമൂഹത്തിന്റെ താഴേതട്ടിലുള്ളവരുടെ മക്കൾക്ക് സംസ്കൃതഭാഷയും വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനുള്ള അവസരം ഉണ്ടാക്കി. ചെമ്പഴന്തിയിലെ പഴയ കുടിപ്പള്ളിക്കൂടം സംസ്കൃത വിദ്യാലയമായി പരിഷ്കരിച്ചു. 1904ൽ വൈക്കത്ത് മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. 1906ൽ അരുവിപ്പുറം ക്ഷേത്രപരിസരത്തുള്ള സംസ്കൃത വിദ്യാലയത്തെ നവീകരിച്ച് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പാഠ്യക്രമമനുസരിച്ച് അദ്ധ്യയനം നടത്താൻ വേണ്ട സജ്ജീകരണങ്ങളും സംസ്കൃതത്തോടൊപ്പം ഇംഗ്ളീഷും മലയാളവും കൂടി പഠിപ്പിക്കാനുള്ള വ്യവസ്ഥകളും ഉണ്ടാക്കി. വേട്ടുവർ, കുറവർ, പുലയർ, പറയർ തുടങ്ങിയ അധ:കൃത സമുദായക്കാരെ സാക്ഷരരാക്കാൻവേണ്ടി ശിവഗിരി മഠത്തോടുചേർന്നുള്ള വിദ്യാലയത്തിൽ സജ്ജീകരണങ്ങൾ ഉണ്ടാക്കി. 1916ൽ ആലുവയിലെ ആശ്രമത്തോടുചേർത്ത് മറ്റൊരു സംസ്കൃത പാഠശാലകൂടി സ്ഥാപിച്ചു. ക്രമേണ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരു സ്ഥാപിച്ച മിക്ക ക്ഷേത്രങ്ങളോടും ചേർത്ത് വിദ്യാലയങ്ങൾ തുറക്കാൻ ആളുകൾ സന്നദ്ധരാവുകയും ഗുരുവിന്റെ അനുവാദത്തിനുവേണ്ടി സമീപിക്കുകയും ചെയ്തു.

വിദ്യകൊണ്ട് സ്വതന്ത്രരാകാനും പ്രബുദ്ധരാകാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. 1917ൽ പുറപ്പെടുവിച്ച ഒരു സന്ദേശത്തിൽ ഇക്കാര്യം സ്ഫടികസ്ഫുടമായി പ്രഖ്യാപിച്ചു: "...ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടാൻ പണം ചെലവിട്ടത് ദുർവ്യയമായി എന്ന് അവർ പശ്ചാത്തപിക്കാൻ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ ഒരു പൊതുആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരെമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്' (ശ്രീനാരായണഗുരു, പുറം -81, സമ്പാ: പി.കെ. ബാലകൃഷ്ണൻ).

പെൺകുട്ടികൾക്ക് പ്രത്യേകം വിദ്യാലയങ്ങൾ തുറക്കണമെന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. പഠിക്കാൻ വരുന്ന പെൺകുട്ടികൾക്ക് സാധാരണ രീതിയിലുള്ള സാംസ്കാരിക വിദ്യാഭ്യാസത്തോടൊപ്പം കലകളിലും കരകൗശലത്തിലും കൂടി പരിശീലനം നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം ഉപദേശിച്ചു. തന്റെ ഈ ആശയം പ്രചരിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാനത്തിലെ എല്ലാ സ്കൂളുകളിലും വനിതാവിദ്യാഭ്യാസത്തിന് സൗകര്യം നൽകേണ്ടതാണെന്ന് ഗുരു അഭിലഷിച്ചു. ഗുരുവിന്റെ പ്രിയശിഷ്യനായ കുമാരനാശാൻ ശ്രീമൂലം പോപ്പുലർ അസംബ്ളിയിൽ വളരെ ശക്തമായി ഇക്കാര്യം അവതരിപ്പിക്കുകയും വനിതാ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകാമെന്ന് സർക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു.

ശ്രീനാരായണ സെൻട്രൽ യൂണിവേഴ്സിറ്റി

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതത് പ്രദേശത്തെ മഹദ്‌വ്യക്തികളുടെയും അഖിലേന്ത്യാതലത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെയും നാമധേയത്തിൽ നൂറോളം സർവകലാശാലകൾ പ്രവർത്തിച്ചുവരുന്നതായി യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ഔദ്യോഗിക കുറിപ്പിൽനിന്ന് മനസിലാക്കുന്നു. സന്യാസികൾ, രാഷ്‌ട്രീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, ദാർശനികന്മാർ, ചിന്തകന്മാർ തുടങ്ങി വിവിധ രംഗങ്ങളിൽപ്പെട്ട മഹാന്മാരുടെ പേരിലാണ് ഈ സർവകലാശാലകൾ പ്രവർത്തിച്ചുവരുന്നത്. ശ്രീനാരായണ സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും വളരെ പ്രാധാന്യമേറിയ കർത്തവ്യമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ട നടപടികളെടുക്കുന്നതിന് കേരള-കേന്ദ്ര ഗവൺമെന്റുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ഒരു വലിയ ജനസമൂഹത്തിന്റെ ഈ ആഗ്രഹം സഫലമാക്കിത്തീർക്കണമെന്നും അഭ്യർത്ഥിക്കട്ടെ.

വിദ്യാഭ്യാസം ആൺ-പെൺ ഭേദമന്യേ

1910ൽ ചെറായി വിജ്ഞാനവർദ്ധിനി സഭ വക ക്ഷേത്രത്തിലെ പ്രതിഷ്ഠാവേളയിൽ നൽകിയ സന്ദേശത്തിൽ ഗുരുദേവന്റെ വിദ്യാഭ്യാസ സങ്കല്പം പൂർണമായും പ്രതിഫലിക്കുന്നുണ്ട്. ഗുരു പറഞ്ഞു: "വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക, ആൺ-പെൺ ഭേദമന്യേ ഉന്നതവിദ്യാഭ്യാസം ചെയ്യുക. ഇന്നു നമ്മുടെ സമുദായത്തിൽ ഉയർന്നതരം വിദ്യാഭ്യാസമുള്ളവർ വളരെ ചുരുക്കംപേർ മാത്രമേയുള്ളൂ. ഇപ്പോൾ ഏതാനും കൊല്ലങ്ങളായി നമ്മുടെ സമുദായാംഗങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അഭിരുചി ജനിച്ചുകാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഏത് സമുദായത്തെയും ഉന്നതിമാർഗ്ഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാകയാൽ നാം സമുദായാഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസത്തിന് ധാരാളം പ്രചാരമുണ്ടാക്കാൻ ശ്രമിക്കണം. ഉയർന്നതരം പരീക്ഷകൾ ജയിക്കുന്നതിന് എല്ലാവർക്കും സാദ്ധ്യമായി എന്ന് വരികയില്ല. അതിനാൽ ഒരുവിധം ധനമുള്ളവർ സാധുക്കളും വിദ്യാതത്പരരുമായ വിദ്യാർത്ഥികളെ കഴിയുന്നത്ര സഹായിച്ച് ഇതരദേശങ്ങളിലയച്ച് വിദ്യ അഭ്യസിപ്പിക്കാൻ ഉത്സാഹിക്കണം. ഇത് നമ്മുടെ സമുദായത്തിന് പലവിധത്തിലും ഗുണകരമായ സംഗതിയായിരിക്കും. സംസ്കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞുകുറഞ്ഞാണ് കാണപ്പെടുന്നത്. ഇപ്പോൾ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഭാഷ ഇംഗ്ളീഷാകുന്നു. അതിനാൽ അതിലാണ് നാം ശ്രദ്ധ പതിക്കേണ്ടത്. സമുദായത്തിൽ പുരുഷന്മാർക്ക് മാത്രമല്ല സ്‌ത്രീകൾക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അവരെ ഇപ്രകാരമുള്ള കാര്യങ്ങളിൽ പിന്നോട്ടുതള്ളിവിടരുത്. സാഹിത്യസംഘടനകളും വായനശാലകളും ഓരോ ദേശത്തും പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ടതും അതുമൂലം വിദ്യാഭ്യാസ വിഷയത്തിൽ സമുദായത്തിന് വളരെ അഭിവൃദ്ധിയുണ്ടാകാൻ ഇടയുള്ളതുമാകുന്നു. സാഹിത്യസംഘടനകളും വായനശാലകളും പ്രബലപ്പെടുത്തുന്നതിന് സമുദായാംഗങ്ങൾ ഓരോരുത്തരും യഥായോഗ്യം യത്നിക്കേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ധനവാന്മാർ മൗനാവലംബികളായിരിക്കുന്നത് തീരെ പോരാത്തതാണ്.'


1921ൽ തിരുവനന്തപുരത്ത് മുട്ടത്തറയിൽ പുലയമഹാസഭയുടെ വാർഷികസമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗവും ഗുരുവിന്റെ വിദ്യാഭ്യാസ നയപ്രഖ്യാപനമായിരുന്നു. പ്രസക്തഭാഗം ഇങ്ങനെ: "മനുഷ്യർ ഒക്കെ ഒരു ജാതിയാണ്. അവരുടെയിടയിൽ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാൻ നിവൃത്തിയുമില്ല. ചിലർക്ക് പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റ് ചിലർക്ക് അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കില്ല മറ്റ് ചിലരുടെ നിറം. ഈമാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യർക്ക് ജാതിവ്യത്യാസമില്ല. പുലയർക്ക് ഇപ്പോൾ ധനവും വിദ്യയുമില്ലാത്ത കുറവു വളരെയുണ്ട്. ഇത് രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായി വേണം. അതുണ്ടായാൽ ധനവും ശുചിയുമെല്ലാം ഉണ്ടായിക്കൊള്ളും' (വിവേകോദയം - 1096 ചിങ്ങം ലക്കം).

0 comments:

Post a Comment