ഗുരുവിന്റെ മഹാകാവ്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നതാണല്ലോ. ഈ മഹാകാവ്യത്തിലെ മഹാശബ്ദം ‘ഒരു’ എന്നാതാണ്. ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണമാണ് അത്. ആ മഹാവാക്യത്തിന്റെ മഹാസാരം ഒരു എന്ന മഹാശബ്ദമാര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ വിശുദ്ധിയാണ് ശബ്ദസ്പന്ദനവും അതാണ്; ഏകത. ഒരു ജാതി എന്നുപറഞ്ഞാല്‍, സന്ന്യാസത്തില്‍ ഒരു ജാതി, പറഞ്ഞുനടക്കുന്നത് പലജാതി എന്നര്‍ത്ഥം. ഒരു മതം സന്ന്യാസത്തില്‍ ഒന്ന്, ആചാരത്തില്‍ പലത്. ഒരു ദൈവവും അനുഭവത്തില്‍ ഒന്ന്, അഭിനയത്തില്‍ പലത്. ജാതിയും മതവും ദൈവവും ഒന്നാകുമ്പോള്‍ മനുഷ്യന്‍ ഒന്നാകുന്നു. അവ പലതാകുമ്പോള്‍ മനുഷ്യനും പലതാകുന്നു. ഈ ഒന്നിനെ കണ്ടെത്തലും അദ്വൈതമാണ്, മറ്റൊരു അദ്വൈതം. ശ്രീബുദ്ധന്‍ രാജകുമാരനായിരിക്കേ വാര്‍ദ്ധക്യം, രോഗം, മരണം എന്ന ദുഃഖം നേരിടുമ്പോള്‍ നിവാരണത്തിനുവേണ്ടി മനുഷ്യന്‍ ജിജ്ഞാസുവായിത്തീരുന്നു എന്ന് സാംഖ്യവചനം. ഇതേ മട്ടിലാണ് മനുഷ്യരുടെ സാധാരണജീവിതത്തിലെ ഭേദഭാവനകളെ ഗുരു കണ്ടെത്തുകയും സത്യം സാക്ഷാത്കരിക്കുകയും ചെയ്തത്. നമ്മുടെ ജാതി മതദൈവബോധം വികലമാണ്. ഇത് സത്യബോധമല്ല. ഭേദബോധമാണ്. ഈ ഭേദവിചാരങ്ങള്‍, കവിപാടിയതുപോലെ, ‘അന്ത്യമായി ലോകം മുടിക്കും’. ഏറ്റവും ഭയങ്കരമായ ഭേദോപാധി ജാതി തന്നെയെന്ന് ഗുരു കണ്ടു. വിശേഷിച്ച് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്ന് മതദൈവകലഹങ്ങള്‍ ഇന്നുള്ളത്ര ആളിക്കത്തിയിരുന്നില്ല. ജാതി അന്നും ഇന്നും – ഇന്ന് കൂടുതല്‍, കുറവല്ല – അന്യൂനകാന്തിയോടെ ഭാരതമനസ്സില്‍ തിളങ്ങിനില്‍ക്കുന്നു. ഇതിനെ ആത്യന്തികമായി ഇല്ലാതാക്കണം. എന്തുവഴി? അപ്പോഴാണ് അദ്വൈതത്തെ കണ്ടെത്തുന്നത്.
അദ്വൈതം എങ്ങനെ സ്വാമികള്‍ കണ്ടെടുത്തു എന്നന്വേഷിക്കുന്നത് രസാവഹമായിരിക്കും. ഹൈന്ദവ തത്ത്വചിന്തയില്‍ ജാതിവിപരീതമായ ഒരു നിലപാട് ഏതെങ്കിലും തരത്തില്‍ എടുത്ത രണ്ട് പ്രസ്ഥാനങ്ങളുണ്ട്. അവയത്രെ അദ്വൈതവും ഭക്തിപ്രസ്ഥാനവും. ഇവയില്‍ ഒന്നാമത്തേത് വൈചാരികതലത്തിലൂടെയും രണ്ടാമത്തേത് വൈകാരികതലത്തിലൂടെയും മുന്നോട്ട് ചെന്ന് അനുഭവികതലത്തില്‍ വച്ച് ആത്മൈക്യദര്‍ശനം സാധിക്കുകയാണ് ആത്യന്തികമായ പരിഹാരമാര്‍ഗങ്ങള്‍ ശ്രീനാരായണന് ഈ രണ്ടെണ്ണത്തില്‍ രണ്ടാമത്തെ വൈകാരികമാര്‍ഗമായിരുന്നില്ല അനുസരണീയമായിത്തീര്‍ന്നത്, കാരണം ജാതിഭേദം എന്നത് ഒരു സമൂഹദുഷ്കൃതമായാല്‍ വ്യക്തിയുടെ ആന്തരാനുഭൂതിയുടെ അന്തരത്തില്‍ വച്ച് മനുഷ്യൈക്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ഭക്തിയുടെ വികാരശക്തികൊണ്ട് ആ സമൂഹദുഷ്ടകൃതം 20-നൂറ്റാണ്ടില്‍ മാഞ്ഞുപോകില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഭക്തിജാതിക്ക് അതീതമാണെങ്കിലും ഭക്തികൊണ്ട് ജാതിയെ എതിര്‍ക്കാനാവില്ല. എഴുത്തച്ഛന്റെ ഭക്തിസാഹിത്യം താണജാതിക്കാരില്‍ ഭക്തിക്കഥകള്‍ പ്രചരിപ്പിച്ചതേയുള്ളൂ. അദ്ദേഹത്തിനാവശ്യമായിരുന്നത് ഒരു വിപുലമായ സാമൂഹികപ്രസ്ഥാനമായി താന്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചിരുന്ന ജാതിവ്യത്യാസ ധ്വംസനമാര്‍ഗത്തെ താങ്ങിനിര്‍ത്തുവാനായി, വിജ്ഞാനംകൊണ്ടും ചിന്തകൊണ്ടും വികസ്വരവും അനുക്രമം സ്വതന്ത്രവും ആയിക്കൊണ്ടുവരുന്ന ഒരു ജനതയുടെ ബുദ്ധിയേയും ചിന്താഗതിയെയും പ്രചോദിപ്പിക്കുവാന്‍ കഴിവുള്ള ഉലയാത്ത ഒരു തത്ത്വശാസ്ത്രമായിരുന്നു. സത്യമിഥ്യാതത്വങ്ങള്‍ ജാതിധ്വംസനത്തിന് ഏറ്റവും പറ്റിയ ആയുധങ്ങളാണെന്ന് സൂക്ഷ്മബുദ്ധിയായ ആചാര്യന്‍ കണ്ടു. ആ തത്ത്വശാസ്ത്രം തന്നെ സ്വന്തം ജീവിതത്തില്‍ എത്രത്തോളം സാക്ഷാത്കരിക്കാമോ അത്രത്തോളം അദ്ദേഹം സാക്ഷാത്കരിക്കുകയും ചെയ്തു. സഞ്ചരിച്ച് ആത്മഗരിമയുണ്ടാക്കാനാകണം സ്വാമികള്‍ നാല് ദശാകാലത്തോളം ഒച്ചപ്പാടില്ലാതെ ഒളിഞ്ഞുകഴിഞ്ഞത്. ആ മൗനദശയില്‍ സഞ്ചയിച്ച സത്യദര്‍ശനത്തിന്റെ പ്രകാശകണികകളാണ് ‘ആത്മോപദേശശതക’ത്തിനും ‘ദര്‍ശനമാല’യ്ക്കും ഉയിര്‍കൊടുക്കുന്നത്. ‘ചൈതന്യദാഗതം സ്ഥൂലസൂക്ഷ്മാത്മകമിദം ജഗത്’ എന്നൊക്കെ ശങ്കരന്റെ ശൈലിയില്‍ ഉപനിഷത്സത്യങ്ങള്‍ രേഖപ്പെടുത്തിയ സ്വാമികള്‍ അദ്വൈതിയല്ലെന്നോ ആസക്തികനല്ലെന്നോ പറയാന്‍ ആന്ധ്യത്തിന്റെ ധൈര്യം വളരെയേറെ ആവശ്യമായിരിക്കും.
- സുകുമാര്‍ അഴീക്കോട്
http://www.janmabhumidaily.com/jnb/News/57478
0 comments:
Post a Comment