ബ്രഹ്മയജ്ഞം നിരന്തരമായ പഠനമാണ്; പഠിപ്പിക്കലാണ് . എല്ലാ സങ്കൽപ്പങ്ങളും ഈശ്വരോന്മുഖമാക്കലാണ് . ഇവിടെ എന്താണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും? അത് അവനവനെ തന്നെ അറിയുവാനും ഈ പ്രപഞ്ചത്തിന്ടെ പൊരുൾ അറിയുവാനും കഴിയുന്ന പഠനവും പാഠനവുമാണ് . അതിന്ടെ അനുഭവതിലൂടെ കടന്നു പോയ ഋഷീശ്വരന്മാർ, (അതു വേദോപനിഷത്ത് കാലത്തെ ഋഷികളാവാം, ആധുനികകാലത്ത് അവതരിച്ച ശ്രീനാരായണഗുരുവിനെ പോലുള്ള സത്യദർശികളും ആകാം ) അവരുടെ അനുഭവത്തിന്ടെ ആവിഷ്കാരങ്ങളായ ഗ്രന്ഥങ്ങളുടെ പഠനവും, അതിനെ സ്വന്തം ഹൃദയത്തിലേക്ക് സ്വാംശികരിക്കുവാൻ പഠിപ്പിക്കലും. ക്രമേണ ആ സത്യാനുഭവത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുക. ഇതാണ് ഇന്നത്തെ നിലക്ക് നമുക്ക് അനുഷ്ടിക്കുവാൻ കഴിയുന്ന ബ്രഹ്മയജ്ഞം .ചുരുക്കി പറഞ്ഞാൽ ആത്മസത്യത്തെ വെളിപ്പെടുത്തുന്ന ഗുരുദേവന്ടെ അറുപതിൽപരം വരുന്ന കൃതികളുടെ പഠനം, അതോടൊപ്പം അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവര്ക്ക് പകർന്നു നൽകൽ; ഇതു സാമാന്യബുദ്ധിയുള്ള ആർക്കും അനുഷ്ടിക്കുവാൻ കഴിയുന്ന ബ്രഹ്മയജ്ഞമാണ് . ഈശ്വര നാമം ജപിക്കുവാൻ കഴിയുന്നതും ബ്രഹ്മയജ്ഞത്തിന്ടെ ഭാഗമാണ്. ജപം മനോമാലിന്യങ്ങൾ നീക്കം ചെയ്തു ആന്തരിക ശുദ്ധികരണം സാദ്ധ്യമാക്കി തീർക്കുന്നു . ഉള്ളിൽ കുടി കൊള്ളുന്ന സത്യ - ജ്ഞാന -ആനന്ദങ്ങളുടെ ദിവ്യമായ സാന്നിദ്ധ്യത്തെ മറച്ചുകൊണ്ടിരിക്കുന്ന കാടുകളാണ് മനസ്സിന്ടെ മാലിന്യങ്ങൾ. മന്ത്രങ്ങളാണ് ജപിക്കുക. സംക്ഷിപ്തവും ദിവ്യവുമായ പദങ്ങൾ കൊണ്ടാണ് മന്ത്രങ്ങൾ ഋഷീശ്വരന്മാർ സൃഷ്ടിച്ചിരിക്കുന്നത്.അദ്ധ്യാത്മശാസ്ത്രത്തിന്ടെ നിയമങ്ങൾക്കനുസൃതമായി സൃഷ്ടിക്കപെട്ടിരിക്കുന്ന മന്ത്രങ്ങൾക്ക് മനസ്സിന്ടെ സൂക്ഷ്മതലങ്ങളെ സ്പർശിക്കുവാനും പവിത്രീകരിക്കുവാനും കഴിയും. പ്രപഞ്ചതാളവുമായി സമന്വയിപ്പിക്കുന്ന മന്ത്രജപം, പവിത്രീകരിക്കപ്പെട്ട മനസ്സിൽ പ്രപഞ്ചസത്യത്തിന്ടെ മഹാപ്രകാശത്തെ അനുഭവവേദ്യമാക്കി തരും. ചുരുക്കത്തിൽ മനസ്സിനെ പവിത്രീകരിച്ചു ദിവ്യതയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുത്തിതരികയാണ് മന്ത്രജപം ചെയ്യുന്നത്. അത് വഴി ഇന്നത്തെ മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാനസ്സിക പ്രശ്നങ്ങൾക്കും മനോവൈകല്യങ്ങൾക്കും ശാശ്വത പരിഹാരം കിട്ടുകയും ചെയ്യുന്നു. മന്ത്രജപത്തിന്ടെ പ്രാധാന്യം വെളിപ്പെടുത്തികൊണ്ട് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നു ' മായാ മനുവുരുവിട്ടുമിരിക്കിൽ മായ മാറും '. മായാബന്ധത്തിൽ നിന്നും മോചനം നേടുന്നതിനു മന്ത്രജപം പോലെ എളുപ്പമായ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല. ഉറക്കെ ജപിക്കുക, ചുണ്ടുകൊണ്ട് മാത്രം ജപിക്കുക,ചുണ്ടുപോലും അനക്കാതെ മനസ്സുകൊണ്ട് മാത്രം ജപിക്കുക ഇപ്രകാരം നാമജപങ്ങൾ പലവിധമുണ്ട്. ശ്രദ്ധാപൂർവം ദീർഘകാലം ജപിക്കുമ്പോൾ മാത്രമേ, സത്യോന്മുഖമായ യാത്രയുടെ തുടക്കമായ ജപസംസ്കാരം വളർന്നു വരികയുള്ളു. ആത്മപ്രകാശം തന്നെയാണ് ജപത്തിന്ടെ ലക്‌ഷ്യം..
ഗുരുദേവനെ സ്തുതിച്ചു കൊണ്ട് മഹാകവി കുമാരനാശാൻ രചിച്ച ഗുരുസ്തവത്തി ലും ജപയജ്ഞത്തെ പരാമർശിക്കുന്നുണ്ട് . " ആഹാ! ബഹുലക്ഷം ജനമങ്ങെ തിരുനാമ , വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ " അല്ലയോ ഗുരുദേവാ അവിടുത്തെ ദിവ്യമായ നാമജപം കൊണ്ട് തന്നെ എത്രയോ ലക്ഷം പേർ ജീവിതത്തിന്ടെ ദുഃഖങ്ങളൊക്കെ അതിജീവിച്ചിരിക്കുന്നു . ഗുരുദേവ ഭക്തരെ സംബന്ധിച്ചടത്തോളം പരമഗുരുവും പരമദൈവവും ശ്രീനാരായണ ഗുരുദേവൻ തന്നെയാണ്. അവര്ക്ക് ജീവിതത്തിന്ടെ ദുഃഖങ്ങളിൽ നിന്നും പ്രാരബ്ദങ്ങളിൽ നിന്നും മോചനത്തിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഗുരുദേവന്ടെ മൂലമന്ത്രജപമാണ്. സ്വന്തം ഭവനത്തിലോ, ഗുരുമന്ദിരങ്ങളിലോ, ക്ഷേത്രത്തിലോ ഒഴിഞ്ഞ ഒരു കോണിൽ ചെന്നിരുന്നു കണ്ണുകൾ അടച്ചു ഗുരുദേവന്ടെ ദിവ്യരൂപത്തെ ഹൃദയത്തിൽ പ്രതിഷ്ടിച്ചു കാരുണ്യം വഴിഞ്ഞൊഴുകുന്ന ആ മുഖകമലങ്ങളിലേക്ക് പൂർണശ്രദ്ധയും സമർപ്പിച്ചുകൊണ്ട്, മനസ്സിനെ മറ്റൊന്നിലേക്കും വ്യാപരിക്കുവാൻ അനുവദിക്കാതെ, പരമഭക്തിയോടെ മനസ്സുകൊണ്ടോ, ചുണ്ടുകൊണ്ടോ ജപിക്കുക. ഗുരുദേവന്ടെ മൂലമന്ത്രം ' ഓം ശ്രീനാരായണ പരമഗുരുവേ നമ ' ഈ മന്ത്രജപം ഒന്നുമാത്രം മതി ബ്രഹ്മയജ്ഞത്തിന്ടെ പൂർണഫലം ലഭിക്കുവാൻ.
4 comments:
ഗുരുസ്തവം mp3 format കിട്ടാൻ എന്ത് വഴിയാണുള്ളത് .. അറിയിച്ചാൽ ഉപകാരമായിരിക്കും
' ഓം ശ്രീനാരായണ പരമഗുരുവേ നമ ' എന്ന ഈ മന്ത്രജപം തുടർച്ചയായി കേൾക്കാൻ കഴിയുന്ന തരത്തിൽ mp3 ഫോർമാറ്റ് -ൽ കിട്ടാൻ വഴിയുണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക == ഹർഷൻ
Youtube Linke : Gurustavam
http://www.youtube.com/watch?v=si83cIYOL1M&gl=IN&hl=en-GB
please provide your e-mail address to send the mp3 format
Post a Comment