Sunday 31 August 2014

എസ്.എൻ.ഡി.പി. യോഗം ,History of SNDP Yogam

ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ് എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.

ആരംഭം
========
സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരായണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.

യോഗം രുപീകരണം
====================
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

എൻ.കുമാരന്റെ നേതൃത്വം
==============================
1919ൽ എൻ. കുമാരൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ കാലത്താൺ ക്ഷേത്രപ്രവേശന പ്രക്ഷോഭണം, മദ്യവർജ്ജന പ്രക്ഷോഭണം, വൈക്കം സത്യാഗ്രഹം തുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളിൽ സഞ്ചരിക്കാൻ അവർണ്ണർക്ക് അനുവാദം ലഭിച്ചു.

ടി.കെ. മാധവന്റെ നേതൃത്വം
===============================
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
==========================
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമായി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

ആർ.ശങ്കറും അതിനു ശേഷവും
=================================
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാണ്. 1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

ശ്രീനാരായണഗുരു മരണം വരെ പ്രസിഡന്റ് പദവി വഹിച്ചു. തുടർന്ന് കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ, വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ, എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർ എന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു.

യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്. എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും സംഘടനകൊണ്ട് ശക്തരാകാനും ശ്രീനാരായണഗുരു നൽകിയ ആഹ്വാനം പ്രാവർത്തികമായത് യോഗം വഴി ആയിരുന്നു. താലികെട്ട് കല്യാണം, പുളികുടി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കിയതും വിവാഹസമ്പ്രദായം ലളിതമാക്കിയതും ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം പ്രവർത്തിച്ചത് വഴിയാണ്.

കെ. അയ്യപ്പന്റെ നേതൃത്വത്തിലുണ്ടായ ‘സഹോദര പ്രസ്ഥാനം’, അയ്യങ്കാളി നേതൃത്വം നൽകിയ ‘സാധുജനപരിപാലന യോഗം’, പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലുണ്ടായ അരയസമുദായ സംഘടന തുടങ്ങിയവയൊക്കെ യോഗം പ്രവർത്തനങ്ങളിൽ നിന്ന് ഉത്തേജനം ഉൽക്കൊണ്ട് രൂപം കൊണ്ടവയാണ്.

രാഷ്ട്രീയ പ്രവേശനവും തിരിച്ചടികളും
========================================
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, പ്രത്യേകിച്ചും ഡോക്ടർ ഭീംറാവ് അംബേഡ്ക്കർ, ഗാന്ധിജിയുമായി ഉണ്ടാക്കിയ പൂനാ പാക്ടീൻറ്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ പിന്നോക്ക സമുദായങ്ങൾക്ക് ചില അവകാശങ്ങളും, സ്ഥാന്മാനങ്ങളും നൽകാതെ വഴിയില്ലത്ത ഒരു അവസ്ഥസംജാതമായിരുന്നു. ഈ അവസ്ഥ വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിൽ ആണു പ്രതിഫലിച്ചത്. കേരളത്തിൽ തിരുക്കൊച്ചിയും, മലബാറുമായി ചേർന്ന് കേരളവും, അതിനായുള്ള സർ സി.പി യ്ക്കെതിരെ നയിക്കപ്പെട്ട സമരങ്ങളും ഈഴവ ആദി പിന്നോക്ക സമുദായ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. സമഭവനയുടെ കലപ്പ കൊണ്ട് ഗുരുദേവൻ ഉഴുതിട്ട പിന്നോക്ക മനസ്സുകളിൽ അടിച്ചമത്തലും, ഭേദഭാവവുമായി നിന്ന കോൺഗ്രസ്സും, അവരുടെ മതപരമായ ചായ്വുകൾ പ്രത്യ്ക്ഷത്തിൽ പ്രകടിപ്പിച്ചിരുന്ന സഹ കക്ഷികളേക്കാൾ, സോഷ്യലിസ്സവുമായി വന്ന കമ്മ്യൂണിസ്റ്റ് വിത്തുകൾ വളരെ പെട്ടെന്ന് പൊട്ടിമുളച്ചു, തഴച്ചു വളർന്നു കഴിഞ്ഞിരുന്നു. പുന്നപ്ര വയലാറിലും, കയ്യൂരിലും, കരിവള്ളൂരുമൊക്കെ ഈഴവർ രക്തസാക്ഷികളും, ചരിത്രത്തിലെ നാഴികക്കല്ലുകളുമായി. എങ്കിലും എല്ലാ കക്ഷികളുടേയും നിയന്ത്രണം ഭൂരിപക്ഷ / ന്യൂനപക്ഷ മുന്നോക്ക വിഭാഗത്തിൻറ്റെ പിടിയിൽ തന്നെ തുടർന്നു.

അധികാരത്തിൻറ്റെ ഇടനാഴികളിൽ കൂടി നടക്കാൻ പലർക്കും അവസരം ലഭിച്ചെങ്കിലും, സി. കേശവനും, ആർ, ശങ്കറിനും മാത്രമാണ് ഏതെങ്കിലും രീതിയിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിയ്ക്കുന്ന സ്ഥാനങ്ങൾ വഹിയ്ക്കുവാൻ കഴിഞ്ഞത്. കെ.ആർ. ഗൗരിയമ്മ മിച്ചഭൂമിപ്രസ്ഥനത്തിലൂടെയും, കാർഷികബില്ലുകളിലൂടേയും കൊണ്ടുവന്ന മാറ്റങ്ങളും അതിലൂടെ ലഭിച്ച അവസരങ്ങളും വിസ്മരിയ്ക്കത്തക്കതല്ല. എന്നിരിയ്ക്കിലും സമുദായത്തിൻ റ്റേത് എന്നു പറയാവുന്ന ഒരു രാഷ്ട്രീയ സംഘടന ഉണ്ടാകുന്നത് 70തുകളുടെ അവസാനത്തിൽ എസ്സ്.എൻ.ഡി.പി നേതൃത്വം ഇതിനു മുൻകൈ എടുത്ത് പ്രസിഡൻറ്റ് എൻ.ശ്രിനിവാസൻ നേരിട്ട് ഇതിനു നേതൃത്വവും നൽകിയപ്പോൾ ആണ്.

1977 ൽ നായർ സർവ്വീസ്സ് സൊസൈറ്റി പുതിയതായി രൂപീകരിച്ച നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) വലത്പക്ഷത്തെ പിന്തുണച്ചു 5 സീറ്റുകൾ നേടി, നിയമസഭയിലും,ആർ. സുന്ദരേശൻ നായരിലൂടെ മന്ത്രിസഭയിൽ എത്തി.എൻ.ഡി.പി അധികാരത്തിൽ വന്നതു മുതൽ ഒരു തരം അരക്ഷിതാവസ്ഥ ഈഴവ സമുദായത്തിലേയ്ക്ക് കടന്നു വന്നു. അവർ ഒരു രാഷ്ടീയ സംഘടന രൂപീകരിച്ചു, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്സ്.ആർ.പി).

1980 ൽ എസ്സ്.ആർ.പി യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ചെങ്കിലും, സാമ്പത്തിക / സാമൂഹിക സംവരണത്തിൻ റ്റെ പേരിൽ ഉള്ള ഭിന്നതയും ഭീതിയും, എസ്സ്.ആർ.പി യുടെ തോൽവി മാത്രമല്ല, മുന്നണിയുടേയും തോൽവിയ്ക്ക് കാരണമായി. എൻ.ഡി.പി അപ്പോഴും 3 സീറ്റുകൾ നേടി. ഇടതു പക്ഷം 93 സീറ്റുകൾ നേടി അധികാരത്തിൽ വന്നു. 1982 ൽ വീണ്ടും ഇലക്ഷനെത്തി, എസ്സ്.ആർ.പി 6 ഇടത്ത് മത്സരിച്ച്, 2 ഇടത്തു വിജയിച്ചു.കോട്ടയം നിയോജകമണ്ഡലത്തിൽ നിന്നും എൻ.ശ്രീനിവാസനും, കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ടി.വി.വിജയരാജനും. എൻ.കരുണാകരൻ മന്ത്രിസഭയിലെത്തി, റിട്ടയേഡ് ജില്ലാ ജഡ്ജി ആയിട്ടും, ഈഴവനായതിനാൽ എക്സൈസ്സ് വകുപ്പ് ആണു നൽകിയത്.

ഭാഗ്യം, രണ്ട് എം.എൽ.എ മാർ മാത്രം ഉണ്ടായിരുന്നതിനാൽ പാർട്ടി രണ്ടായി മാത്രം പിളർന്നു. എസ്സ്.ആർ.പി (എസ്സ്), എസ്സ്.ആർ.പി (വി). പിന്നീട് എസ്സ്.ആർ.പി (എസ്സ്) യു.ഡി.എഫിലും (വി) പിന്നെ (സി) ആയി ബി.ജെ.പി യുടെ കൂടേയും ചേർന്നു. 1987 ലെ ഇലക്ഷനിൽ എസ്സ്.ആർ.പി (എസ്സ്) 4 സീറ്റിൽ മത്സരിച്ചു, എല്ലാം തോറ്റു. എസ്സ്.ആർ.പി (സി) യ്ക്ക് നാലു സീറ്റിലും കെട്ടി വച്ച കാശു നഷ്ടമായി. എൻ.ഡി.പി യ്ക്ക് ഒരു സീറ്റ് ലഭിച്ചു. ബി.ജെ.പി യും, എൻ.എസ്സ്.എസ്സും, കെ.കരുണാകരനും, ആൻറ്റണിയും ആരാരെ വിഴുങ്ങുമെന്ന് മത്സരിച്ചപ്പോൾ, എസ്സ്.ആർ.പി യ്ക്ക് ചരമഗീതമൊരുങ്ങി. എസ്സ്.എൻ.ഡി.പി യുടേയും, ഈഴവസമുദായത്തിൻ റ്റേയും രാഷ്ട്രീയ മോഹങ്ങൾക്കും, ആവശ്യങ്ങൾക്കും അതോടെ അന്ത്യമായി.

പരമ്പരാഗത ശത്രുക്കളുടെ പതനത്തോടെ പ്രസക്തി നഷ്ടപ്പെട്ട എൻ.ഡി.പി യെ ആർ.ബാലക്രിഷ്ണപിള്ളയുടേയും, എൻ.എസ്സ്.എസ്സിൻറ്റേയും സഹായത്താൽ അവർ വായുവിൽ അലിയിച്ചു കളഞ്ഞു. അവിടെ അവസാനിച്ചു എസ്സ്.ആർ.പിയുടേയും, ഈഴവസമുദായത്തിൻറ്റേയും ആദ്യ രാഷ്ടീയ കുതിപ്പ്.

പിന്നീടുണ്ടായത് സമുദായത്തിൻറ്റെ ഏറ്റവും മോശമായ ഒരു കാലഘട്ടമായിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട, പല കൂട്ടങ്ങളായി ചിതറിയ, മറ്റുള്ളവരുടെ കടുത്ത പരിഹാസങ്ങൾക്കും, ചൂഷണങ്ങൾക്കും വിധേയമായി, മഹാകവി കുമാരനാശാൻറ്റെ " എന്തിനു കരയുന്നു ഭാരത ധരത്രിയേ, പാരതന്ത്ര്യം നിനക്ക് വിധി കൽപ്പിതമല്ലോ?" എന്ന ഈരടികളെ പിന്തുടർന്ന് എല്ലാം വിധി എന്നു കരുതി കഴിയുമ്പോഴാണ്. ഈഴവ സമുദായത്തിനും, എസ്സ്.എൻ.ഡി.പി യ്ക്കും പുതുജീവൻ പകരാൻ ശ്രീ.വെള്ളാപ്പള്ളീ നടേശൻ സമുദായ നേതൃത്വത്തിലേയ്ക്ക് കടന്നു വരുന്നത്.

ശ്രീ. വെള്ളാപ്പള്ളി നടേശൻറ്റെ നേതൃത്വവും, അഭിനവ നവോദ്ധാനവും
==================================================
ശ്രീ. എം.കെ.രാഘവനു വൻ വിജയം ഒരുക്കാൻ അണിയറപ്രവർത്തനങ്ങൾ നടത്തി കൊണ്ട് എസ്സ്.എൻ.ഡി.പി യുടെ സജീവ ധാരയിലേയ്ക്ക് കടന്നു വന്ന ശ്രീ.വെള്ളാപ്പള്ളി നടേശൻ 1995 ൽ സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തി. പിന്നീട് മൂന്നു വട്ടം തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 18 വർഷങ്ങൾ പിന്നിടുമ്പോൾ സംഘടനാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാൾ ആ പദവി വഹിയ്ക്കുന്ന വ്യക്തി എന്ന ബഹുമതിയും കരസ്ഥമാക്കിയിരിയ്ക്കുന്നു.

തീരെ ആസൂത്രിതമോ, കെട്ടുറുപ്പുള്ളതോ ആല്ലാത്ത, വീക്ഷണവും, ലക്ഷ്യവും നഷ്ടപ്പെട്ട് ഉഴലുന്ന, ഒരു സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത ശ്രീ. വെള്ളാപ്പള്ളി, തികഞ്ഞ ആസൂത്രണപാടവ്ത്തിലൂടെ സംഘടനയ്ക്ക് ലക്ഷ്യബോധവും, കെട്ടുറപ്പും കൊണ്ട് വന്നു. വാളയാറിനും, അമരവിളയ്ക്കും, കേരള അതിർത്തിയ്ക്കും അപ്പുറം കടന്നാൽ ഈഴവൻ താൻ ഈഴവകുലജാതനാണെന്ന് പറയാൻ മടിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും, നെഞ്ചത്ത് കൈവച്ച് ഞാൻ ചേകവരക്തധാരിയായ ഈഴവൻ എന്ന് അഭിമാനത്തോടെ ഗർജ്ജിയ്ക്കുന്ന ഒരു ജനതയെ വാർത്തെടുത്തു, അതിനുള്ള ആത്മവിശ്വാസം അവരിൽ സൃഷ്ടിച്ചു എന്നതാണ്, അദ്ദേഹത്തിൻ റ്റെ ഏറ്റവും വലിയ നേട്ടം.

സംഘടനയ്ക്ക് കേരള സമുദായത്തിൽ ഒരു മേൽവിലാസ്സം, സ്വാധീനശക്തി സൃഷ്ടിച്ചു എന്നതു മാത്രമല്ല, പർട്ടിഗ്രാമങ്ങളിലും, പാർട്ടി വേരോട്ടമുള്ള സ്ഥലങ്ങളിലും സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കില്ല എന്നു വാശി പിടിച്ചവരെ, ഭീഷണിപ്പെടുത്തിയവരെ നോക്കുകുത്തികളാക്കി അവിടെ മാത്രമല്ല, ലോകത്താകെ സംഘടനയ്ക്ക് വേരുകൾ പടർത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമ്പത്തിക പദ്ധതികൾ, വ്യാപര, വ്യവസായ സ്ഥപനങ്ങൾ എന്നിങ്ങനെ പലതും എസ്സ്.എൻ.ഡി.പി യുടെ അധീനതയിൽ ചേർക്കപ്പെട്ടു.

വൃക്ഷങ്ങളിൽ ഫലങ്ങൾ വരുമ്പോൾ അവയെ ആഹരിയ്ക്കുവാൻ വിവിധ ജീവികൾ ആകർഷിയ്ക്കപ്പെടും പോലെ, എസ്സ്.എൻ.ഡി.പി യുടെ വർദ്ധിച്ച തിലക്കം കണ്ട് പലരും അത് കൈക്കലാക്കാൻ ശ്രമം ആരംഭിച്ചു. ഗുരുദേവൻ തുടങ്ങി വച്ച എസ്സ്.എൻ.ഡി.പി യ്ക്ക് ബദൽ ഉണ്ടാക്കാൻ വരെ ശ്രമങ്ങൾ ഉണ്ടായി, ഒടുവിൽ അത് എസ്സ്.എൻ.ഡി.പി നേതൃത്വത്തിനെതിരായ കലാപങ്ങളിലും, മത്സരത്തിലും, മത്സര ബഹിഷ്ക്കരണത്തിലും കലാശിച്ചു. തിരഞ്ഞെടുപ്പ് നടന്ന വേദിയുടെ പുറത്ത് പ്രമുഖ തീവ്രവാദി സംഘടനയുടെ പ്രവർത്തകരുമായി ചേർന്നു നടത്തിയ മാർച്ചിൽ, ധനപരമായ അതിമോഹങ്ങളുമായി നേതൃത്വം തേടിവന്ന വിരലിൽ എണ്ണാവുന്ന സമുദായാംഗങ്ങൾ ഒഴികെ, എല്ലാവരും ഒരു ന്യൂനപക്ഷ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആയിരുന്നു. ഈ കാഴ്ച്ച സമുദായത്തെ അവർക്കെതിരായ കടുത്ത അമർഷത്തിലും, വെറുപ്പിലും എത്തിച്ചു എന്ന തിരിച്ചറിവിൽ, ആ പ്രസ്ഥാനം നാമാവശേഷമായി.

ഇന്ന് എസ്സ്.എൻ.ഡി.പി യുവജന, മഹിളാ, വിദ്യാർത്ഥി സംഘടനകളും, മറ്റ് സംഘടനകളും ഏകധ്രുവ നിയന്ത്രണത്തിൽ, 117 യൂണിയനുകളും 5301 ശാഖായോഗങ്ങളും ആയി പടർന്ന് പന്തലിച്ച് പ്രവർത്തിച്ചു വരുന്നു.

ഇനിയെന്ത്?
===========
1987 ൽ പിളർന്ന എസ്സ്.ആർ.പിയും എൻ.ഡി.പി യും ഓരോ കഷണം വീതം യു.ഡി.എഫിനൊപ്പവും മറ്റുള്ളവർ ബി. ജെ.പി യോടൊപ്പം ഹിന്ദു മുന്നണിയിലും ചെന്ന് കെട്ടി വച്ച കാശു കളഞ്ഞു. അന്ന് ഉണ്ടാക്കിയ ആ ഹിന്ദു മുന്നണിയാണു ന്യൂനപക്ഷങ്ങളെ മാറ്റിച്ചിന്തിപ്പിച്ചത്. അന്നു പരാജയപ്പെട്ടെങ്കിലും ഇനിയും ഇതുപോലൊരു സാധ്യത നിലനിൽക്കുന്നതിനാൽ അത് വന്നാലും അതിനെ തകർക്കാനും അതിനെ തടയാനുമുള്ള വ്യക്തമായ പദ്ധതികൾ രണ്ടു ന്യൂനപക്ഷ മതങ്ങളും കൂടി സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പാക്കി.

വ്യവസായ മേഖലയിലും വിദ്യാഭ്യാസമേഖലയിലും മാത്രമല്ല, സാമ്പത്തികമായ എല്ലാ മേഖലകളിലും ആദ്യം പിടിമുറുക്കി. അന്നന്നത്തെ അഹാരത്തിനോടുന്നവനു മറ്റൊന്നിനും സമയം ഉണ്ടാവില്ല എന്നും സംഘടിയ്ക്കാനും രാഷ്ട്രീയം കളിയ്ക്കാനുമൊന്നും അവർക്ക് സാദ്ധ്യമാകില്ലെന്നും മനസ്സിലാക്കിയ അവർ മറ്റുള്ളവരെക്കാൾ കുറേപ്പേരെ മുന്നിലെത്തിയ്ക്കാൻ എല്ലാ മാർഗ്ഗവും ഉപയോഗിച്ചു. പിന്നീട് സംഘടിത വിലപേശലിലൂടെ നല്ല സീറ്റുകൾ പിടിച്ചെടുത്തു. ഈഴവസമുദയത്തിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അവരുടെ മാത്രം സ്ഥാനാർത്ഥികളെ ഇടതും വലതും നിർത്തി ഏതു ജയിച്ചാലും ഈഴവൻ അല്ലാതാക്കി. ഈഴവഭൂരിപക്ഷം ഇല്ലാത്ത സ്ഥലങ്ങളിൽ ഏതെങ്കിലും ഒരു മുന്നണിയിൽ ഒരീഴവ സ്ഥാനാർത്ഥിയെ നിറുത്തും, അയാൾ തോൽക്കും, എന്നാൽ മാറി മാറി ഇങ്ങനെ നിയോജകമണ്ഡലങ്ങൾ വരുമ്പോൾ രണ്ടു മുന്നണീയിലും ക്വോട്ടാ തികയും. ലിസ്റ്റ് നോക്കിയാൽ രണ്ട് മുന്നണിയും യഥേഷ്ടം ഈഴവ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്, പക്ഷേ തോറ്റു, ആരേയും കുറ്റം പറയാൻ പറ്റില്ല.

1987 ൽ അങ്ങനെ ഒരു അപകട സാദ്ധ്യത അവരിൽ ഊതി നിറച്ചിട്ട് ഒന്നും നേടാതെ വായുവിൽ അലിഞ്ഞില്ലാതായ ഹിന്ദു മുന്നണീ ഉണ്ടാക്കിയ അപകടം ആണിന്നത്തെ പ്രശ്നങ്ങളുടെ മൂലകാരണം. ഇനിയും ഇതു പോലെ ഒന്നു കൂടി ഉണ്ടാക്കാനാണോ എല്ലാവരും കൂടി ശ്രമിയ്ക്കുന്നത്? അതും പാതി വഴിയിലിട്ടു പിന്മാറിയാൽ, അടുത്തത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പോലും പുറത്താകുന്ന രീതിയിൽ അവർ വളരും, അവരുടെ മാത്രമായ ഭരണം വരും7 മലപ്പുറവും, 7 കോട്ടയവും ആയി കേരളം മാറും.

അതിനാൽ ചെയ്യുന്നത് ആലോചിച്ച് ചെയ്യുക, വികാരം കൊണ്ട് ഒന്നും നേടാനില്ല, വിവേകപൂർവ്വമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകേണ്ടീയിരിയ്ക്കുന്നു, പരസ്പര വിശ്വാസമില്ലാത്ത പാമ്പിനേയും കീരിയേയും ഒരേ കൂട്ടിലിട്ടു വളർത്താനുള്ള ശ്രമം ഒരിയ്ക്കലും ലക്ഷ്യത്ത് എത്തിയെന്നു വരില്ല. പാമ്പുകൾ വിഷമും, കീരി കൂർത്ത പല്ലും ആദ്യം ഉപേക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു, എങ്കിലേ എന്തെങ്കിലും ഒക്കെ സാധ്യമാകൂ!

അനാഗതവിധാതാ ച പ്രത്യുൽപ്പന്നമതിസ്തഥാ
ദ്വാവേതൗ സുഖമേധേതേ യദ്ഭവിഷ്യോ വിനശ്യതി.

അപകടത്തെ മുൻ കൂട്ടി അറിഞ്ഞ് അതിനെ നേരിടാൻ തയ്യാറെടുക്കുന്നവനും, ഏത് അപകടത്തേയും ബുദ്ധി കൊണ്ട് തരണം ചെയ്യുന്നവനും, ജീവിതത്തിൽ സുഖമനുഭവിയ്ക്കുന്നു. എന്നാൽ വിധിയെ / ഭാഗ്യത്തെ മാത്രം ആശ്രയിച്ചു ജീവിയ്ക്കുന്നവൻ നശിയ്ക്കുകയും ചെയ്യുന്നു.

സമുദായത്തെ ഉദ്ധരിയ്ക്കാൻ എന്ന ഉദ്ദേശത്തൊടെ എന്ന പ്രതീതി ജനിപ്പിയ്ക്കുന്ന വളരെയധികം ഗ്രൂപ്പുകളും, അവയുടെ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയകളിൽ കാണാൻ സാധിയ്ക്കുന്നുണ്ട്. സ്വാഭാവികമായും ഏല്ലാവരും അവർ ശരി എന്നു ചിന്തിയ്ക്കുന്ന പ്രത്യയ ശാസ്ത്രങ്ങളിലൂടെ, അതിൻറ്റെ പ്രവർത്തന രീതിയിലൂടെ സാമുദായിക ഉദ്ധാനം ലക്ഷ്യമിടുന്നുമുണ്ട്. എങ്കിലും സമുദായ ഐക്യത്തിനും, ഉദ്ധാനത്തിനും വേണ്ടി സമുദായാചാര്യൻറ്റെ പേരിൽ ഒരു സംഘടന ഉണ്ട്, അതിനൊരു തിരഞ്ഞെടുക്കപ്പെട്ട നേതൃത്വമുണ്ട്. നിലവിൽ അവർ തീരുമാനിയ്ക്കുന്നതാണു സമുദായത്തിൻറ്റെ അഭിപ്രായമായി പുറത്തറിയേണ്ടത്. ഒരിയ്ക്കൽ കൂടി വ്യക്തമാക്കുന്നു - അഭിപ്രായ വ്യത്യാസങ്ങൾ നമുക്ക് നമ്മുടെ ആന്തരിക വേദികളിൽ പരസ്പരം അറിഞ്ഞും, അറിയിച്ചും, ചർച്ച ചെയ്തും പരിഹരിച്ച്, അഭിപ്രയ സമന്വയത്തിൽ എത്തിച്ചെരുകയോ, ഭൂരിപക്ഷ അഭിപ്രായം എല്ലാവരും മാനിയ്ക്കുകയോ ആവാം. അതു വെളിയിൽ ചർച്ച് ചെയ്തു മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ ബലഹീനതകൾ വ്യക്തമാക്കിയിട്ട് എന്താണു നമ്മൾ നേടുന്നത്? അതു കൊണ്ട് ദയവായി വിവിധ വിശ്വാസ പ്രമാണങ്ങൾ കാത്തുസൂക്ഷിയ്ക്കുന്നവർ അവരവരുടെതായ പ്രശ്നങ്ങൾ ശരിയായി അവതരിപ്പിയ്ക്കുവാനും, തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന നേതാക്കളെ കണ്ടെത്തുക, അവരെ മുന്നോട്ടുള്ള ചർച്ചകളിൽ പങ്കെടുപ്പിയ്ക്കുക. ബാക്കിയെല്ലാം മാറ്റി വച്ച് സാമുദായിക സമുദ്ധാനം എന്ന പൊതു അജൻഡയിൽ നമുക്ക് മുന്നോട്ട് നീങ്ങാം.

സോഷ്യൽ മീഡിയയിൽ ആർക്കും ഗ്രൂപ്പ് തുടങ്ങാം. ഇപ്പോൾ തന്നെയുള്ള പല ഗ്രൂപ്പുകളും ശാഖായോഗങ്ങളുടെ പേരിലാണെങ്കിലും, വരുന്ന പല പോസ്റ്റുകൾക്കും എസ്സ്.എൻ.ഡി.പി യുമായോ, സമുദായവുമായോ യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല പലതും പ്രേമലേഖനങ്ങളും, പ്രണയനിരാശയുമൊക്കെയാണു പ്രതിഫലിപ്പിയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പർട്ടിയെ,കോൺഗ്രസ്സിനെ, ബി.ജെ.പി യെ, ആർ.എസ്സ്.എസ്സ്. നെ, എന്തിനു കേരളാകോൺഗ്രസ്സിനേയും, മുസ്ളീം ലീഗിനേയും വരെ അനുകൂലിച്ചു മാത്രം പോസ്റ്റുകൾ ഇടുന്ന ഗ്രൂപ്പുകൾ അവയിൽ കാണാൻ കഴിഞ്ഞു. ഇതിങ്ങനെ പോയാൽ എവിടെ ചെന്നു നിൽക്കും? വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാടാകാമോ?

ആയതിനാൽ ഒരു ശാഖകളും, യൂണിയനുകളും ഗ്രൂപ്പ് ഉണ്ടാക്കാനും അതിൽ ആന്തരിക ചർച്ചകൾ നടത്താനും, ഉരുത്തിരിയുന്ന അഭിപ്രായങ്ങളും,സമന്വയങ്ങളും, നേതൃത്വത്തെ അറിയിയ്ക്കുവാനും, അവരുടെ തിരുത്തലുകളും, അനുമതിയും ലഭിച്ച ശേഷം ഔദ്യോഗിക ഗ്രൂപ്പുകളിൽ നൽകുക്ത്അയുമല്ലേ വേണ്ടത്?

ഔദ്യോഗിക ഗ്രൂപ്പുകളേപ്പറ്റിയും സംശയങ്ങൾ വരാം; അതിനാൽ ഒരു വെബ്ബ് സൈറ്റ് ഔദ്യോഗികമായി അപ്പ്ഡേറ്റുകളോടെ സൃഷ്ടിച്ച് അതിലേയ്ക്ക് ഈ ഗ്രൂപ്പുകൾ ലിങ്ക് ചെയ്യുന്നതോടെ ആ വക സംശയങ്ങൾ ദൂരീകരിയ്ക്കുവാൻ സാധിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു. ഓരോ ശഖായോഗത്തിലേയും സെക്രട്ടറിമാർ നെറ്റ്വർക്കും സൊഷ്യൽ മീഡിയയും ഉപയോഗിച്ചാൽ ഇത് വളരെ പെട്ടെന്ന് തീരാവുന്ന പ്രശ്നമാണ്. എന്നാൽ അങ്ങനെയല്ലാത്തതിനാൽ, അവരുടെ വിശ്വസ്തരോ, മക്കളോ, അവർക്കു വേണ്ടി, ആ ശാഖായോഗത്തിൻ റ്റെ പേരിൽ സൃഷ്ടിയ്ക്കപ്പെട്ട ഗ്രൂപ്പുകൾ നിരീക്ഷിയ്ക്കേണ്ടതുണ്ട്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിയ്ക്കുന്ന ഗ്രൂപ്പുകളേയ്ക്കാൾ അവ ഇല്ലാത്തതാണു നല്ലത്.

എസ്സ്.എൻ.ഡി.പി. പ്രവർത്തകരിൽ കമ്മ്യൂണിസ്റ്റുകളും, കോൺഗ്രസ്സുകാരും, ബി.ജെ.പി ക്കാരും,ആർ.എസ്സ്.എസ്സ് കാരും ഒക്കെ ഉണ്ട്;ഇത്തരം താൽപ്പര്യങ്ങളും, പ്രത്യശാസ്ത്രങ്ങളും മനസ്സിലുള്ള ചിലരൊക്കെ നേതാക്കളായും ഉണ്ട്. അവരുടെ വ്യക്തിപരമായ പേജുകൾ അവ പ്രതിഫലിപ്പിച്ചെന്നും വരാം. ഇതിൽ അത്ര വലിയ ദോഷം ഒന്നുമില്ല.

നമ്മൾ സംഘടിത രഷ്ട്രീയ വിലപേശൽ ശക്തിയായി, സമുദായത്തിൻറ്റെ ന്യായവും, നിയമപരവുമായ അവകാശങ്ങൾക്ക് വേണ്ടി മാത്രമാണു പൊരുതാൻ ആഗ്രഹിയ്ക്കുന്നത്. രാഷ്ട്രീയം സാധ്യതകളുടെ കല ആയതിനാലും, അവിടെ നിതാന്തമായ ശത്രുവോ, മിത്രമോ ഇല്ലാത്തതിനാലും, എല്ലാവർക്കും സ്വാഗതം പറയുകയാണു സമുദായതാൽപ്പര്യങ്ങൾക്ക് ഉത്തമം.

അവർ അവരുടേതായ രാഷ്ട്രീയ ചെരുപ്പുകൾക്കുള്ളിൽ തന്നെ സഞ്ചരിച്ചു കൊള്ളട്ടേ, ഇവിടെ വരുമ്പോൾ ആ ചെരിപ്പ് ഒന്നൂരി വെളിയിൽ വച്ചിട്ട്, സമുദായത്തിൻറ്റെ ഉയർച്ചയ്ക്കും, രക്ഷയ്ക്കും വേണ്ടി നമ്മൾ വച്ചിരിയ്ക്കുന്ന ചെരുപ്പ് ഒന്നു ധരിയ്ക്കുക.വിണ്ടും വെളിയിൽ പോകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചെരുപ്പാകാം. അല്ലാതെ വെളിയിലെ മാലിന്യമുള്ള ചെരുപ്പുമായി ഇവിടെ ദയവായി കയറാതിരിയ്ക്കുക, ഇവിടം ആ മാലിന്യത്താൽ മലിനമാക്കരുത്.

ഇത് ഒന്നു മനസ്സിരുത്തി വായിയ്ക്കുക, അഭിപ്രായങ്ങൾ പറയുക, ഇതു പോസ്റ്റ് ചെയ്യുന്നിടത്തെവിടേയും അതാകാം. എല്ലാവർക്കും നന്ദി; അഭിപ്രായങ്ങൾ ഒരിയ്ക്കൽ കൂടി സ്വാഗതം ചെയ്യുന്നു.

കടപ്പാട്
Suresh Venpalavattom 
http://ezhavahistory.blogspot.in/?view=classic

2 comments:

SNDP യോഗം ലഘുചരിത്രവും ,പുതിയ നിർദ്ദേശങ്ങളും നന്നായിരുന്നു

കുറച്ച് കുറചായി താഴെ തട്ടിൽ യൂണിട്ട് തലത്തിൽ പുതിയ തലമുറെ മനസ്സിലാക്കി കൊടുക്കാൻ നമ്മൾ ശ്രമിക്കണം എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു

Post a Comment