തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:
കുമാരനാശാൻ
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു.
വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന്കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.
കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് പലപ്പോഴും കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ ശ്രീനാരായണഗുരു ആ വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും അഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ മുതൽ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.
ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.
ഉപരിപഠനം
ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായിബാംഗ്ലൂർക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.
ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.
കൽക്കത്തയിൽ
തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്.
കൽക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവിരവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.
തിരികെ അരുവിപ്പുറത്തേക്ക്
ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.
എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം
ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് 1903 ജൂൺ 4-ന്എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.
എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.
നിയമസഭാംഗം
1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സമുദായോന്നമനം
1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത് പത്തുകൊല്ലത്തിനുശേഷംമതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻ പ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ് എന്നു വാദിച്ചുകൊണ്ട് സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ആ കത്ത്.
അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട് ആശാൻ പറയുന്നു -
"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ് , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."
ആശാന്റെ രചനകൾ
വീണപൂവ്
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽപ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെഅവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.
നളിനി
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് "നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി.
ലീല
“നളിനി”യിലെ നായികാനായികരിൽനിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
ചണ്ഡാലഭിക്ഷുകിയും കരുണയും
ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.
വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.
കവിതയിലെ ഒരു ശകലം:
“ അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
“ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ”
ദുരവസ്ഥ
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം
പ്രരോദനം
ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെനിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.
മറ്റു കൃതികൾ
കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1922-ൽ മദ്രാസ് സർവകലാശാലയിൽ വച്ച് അന്നത്തെ വെയിൽസ് രാജകുമാരൻ ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.
മരണം
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നുംകൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
(തുടരും......)
Ajithputhiya Purayil
0 comments:
Post a Comment