കണ്ണൂർ: കാലാതിവർത്തിയായ ഗുരുദേവദർശനങ്ങൾ വർത്തമാനകാലത്തെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാർഗമാണെന്ന് മുൻ എം.പി പി.ടി. തോമസ് പറഞ്ഞു. പരസ്പര സാഹോദര്യത്തിനുള്ള ഗുരുദേവന്റെ ആഹ്വാനം യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയാണ്.
ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രഗുഹയുടെ പുസ്തകത്തിൽ ശ്രീനാരായണഗുരുവിനെ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചതിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താനും ഗുരുദേവകൃതികൾ കേന്ദ്രസാഹിത്യ അക്കാഡമി വഴി മറ്റു ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഉത്തരവ് നേടിയെടുക്കാനും കഴിഞ്ഞുവെന്നതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പി.ടി. തോമസിനെയും ശ്രീനാരായണദർശനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മുൻകൈയെടുത്ത ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ അഡ്വ. ടി.കെ. ശ്രീനാരായണദാസിനെയും സാംസ്‌കാരിക സമിതിക്കുവേണ്ടി പി.പി. ലക്ഷ്മണൻ പൊന്നാട അണിയിച്ചു.
ചടങ്ങിൽ സാംസ്‌കാരികസമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു അദ്ധ്യക്ഷനായിരുന്നു. പി.എസ്. ഓംകാർ, ടി.ടി. സോമൻ, പി. ഉണ്ണിക്കൃഷ്ണൻ, എന്നിവർ സംസാരിച്ചു.
0 comments:
Post a Comment