Tuesday 26 March 2013

ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും


ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.

ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.

ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.

പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.

ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.

ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)

‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)

ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.

വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.

ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.

പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക

0 comments:

Post a Comment