Monday, 4 May 2020
സഞ്ചയനവും അന്നദാനവും - എല്ലാ ഗുരുദേവ ഭക്തന്മാരും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരം
ബന്ധുവിന്റെ മരണശേഷം സഞ്ചയന കർമ്മത്തോട് അനുബന്ധിച്ച് ചായസൽക്കാരം, അന്നദാനം എന്നിവ നടത്താമോ? ശ്രീനാരായണ ധർമ്മവിശ്വാസികൾ എന്താണ് ചെയ്യേണ്ടത്?
...........................................
ശ്രീനാരായണ ഗുരുദേവൻ മരണശേഷം ബന്ധുക്കൾക്ക് 10 ദിവസത്തെ പുല ആചരണം ആണ് വിധിച്ചിരിക്കുന്നത്. സഞ്ചയന കർമ്മം ഈ 10 ദിവസത്തിനകം വരുന്ന ഒന്നാണ്. എന്നു വെച്ചാൽ പുല ഉള്ളതായ സമയത്ത് വരുന്ന ഒന്നാണ്. ഈ കാലയളവിൽ പുലയുള്ള വീട്ടിൽ നിന്നും പുലയുള്ള ബന്ധുക്കൾ അല്ലാത്തവർ ആഹാരം കഴിക്കുന്നത് നിഷിദ്ധമായ കാര്യമാണ്. അതിനാൽ സഞ്ചയനത്തിന് പുലയുള്ള ബന്ധുക്കൾക്ക് അല്ലാത്തവർക്ക് ആഹാരം നൽകുന്നത് തെറ്റായ ഒന്നാണ്.
അതിനാൽ തന്നെ ശ്രീനാരായണ ഗുരുദേവനിൽ, ശ്രീനാരായണ ധർമ്മത്തിൽ, വൈദീകമായ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവർ സഞ്ചയനത്തിന്റെ ദിവസം പുലയുള്ള അടുത്ത ബന്ധുക്കൾ അല്ലാത്തവർക്ക് ആഹാരം നൽകുന്നത് ഒഴിവാക്കുക. പുല വീടിയ ശേഷം , പതിനൊന്നിന്റെ അന്നത്തെ ശുദ്ധികർമ്മം നടന്ന ശേഷം എല്ലാവർക്കും ആഹാരം നൽകുന്നതാണ് ശാസ്ത്ര സമ്മതമായ രീതി.
ഇനി ചിലർക്ക് എത്രയും വേഗം ചടങ്ങുകൾ തീർത്ത് ജോലിക്കായും മറ്റും എത്രയും വേഗം മടങ്ങിപ്പോകേണ്ടി വരും. അവർക്ക് പോകും മുമ്പ് അന്നദാനം സഞ്ചയനത്തിന് നടത്തേണ്ടി വരുന്നു . പതിനൊന്നിന്റെ കർമ്മം കഴിഞ്ഞ് അന്നദാനം മുതലായവക്കു കൂടി സമയം കണ്ടെത്താൻ കഴിയാത്തതിനാൽ സഞ്ചയനത്തിനു തന്നെ ഇതെല്ലാം ചെയ്യാൻ ചിലർ നിർബന്ധിതർ ആയേക്കാം. ഈ സാഹചര്യത്തിലും ആചാര വിരോധം വരാതെ അന്നദാനം നടത്താൻ കഴിയും. പതിനൊന്നിന്റെ ശുദ്ധികർമ്മങ്ങൾ കഴിഞ്ഞ ശേഷം അന്നദാനം നടക്കത്തക്കവണ്ണം അന്നദാനത്തിനുള്ള പണം ശിവഗിരി മഠത്തിലേക്ക് അയച്ചു കൊടുക്കുക. ശിവഗിരി മഠത്തിൽ നിശ്ചിത ദിവസം അന്നദാനം നടന്നുകൊള്ളും.
നിങ്ങൾക്ക് പുല ഇല്ല എങ്കിൽ
സഞ്ചയനത്തിന് വിളിച്ച് ആഹാരം തന്നാൽ അത് ഒഴിവാക്കുക
സഞ്ചയനത്തോട് അനുബസുമായി. ചായസൽക്കാരവും അന്നദാനവും നടത്തുന്നത്,
ശ്രീനാരായണ ധർമ്മാനുസൃതമായി അനാചാരം ആണ് .
ശ്രീനാരായണ ഗുരുദേവനെ പോലുള്ള ഋഷിമാർ ഉപദേശിച്ച പുലാചരണത്തിൽ ലോക്ക് ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിംഗ് , ക്വാറൻ്റെയിൻ - എന്നീ പദങ്ങൾ നമ്മുക്ക് കാണാനാവില്ലെങ്കിലും (പുല ആചരണ രീതികൾ പരിശോധിച്ചാൽ ) പുലയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഇവ തന്നെയാണ് എന്ന് നമ്മുക്ക് കാണാൻ കഴിയും.
മരണം നടന്ന വീട്ടിൽ താമസിക്കുന്നവർ 10 ദിവസം പുറത്ത് പോകാൻ പാടില്ല. പൊതു സമൂഹവുമായി ബന്ധപ്പെടാനും പാടില്ല. ജോലിക്കായോ മറ്റോ ഒന്നിനും പുറത്ത് പോകാതെ വീട്ടിൽ തന്നെയിരിക്കണം. നമ്മുടെ ഇന്നത്തേ ''ലോക്ക് ഡൗൺ 1 അവസ്ഥ തന്നെയല്ലേ ഈ കുടുംബത്തിനും വിധിച്ചിരിക്കുന്നത്. പിന്നെ ഇവർക്ക് 10 ദിവസം അശുദ്ധിയുള്ളതിനാൽ സമൂഹത്തിൽ മറ്റുള്ളവർ ഇവരെ തൊടാൻ പാടില്ല, (അശുദ്ധി പകരും എന്ന വിശ്വാസത്താൽ ) എന്ന് കേൾക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും ഇത് ചിരിച്ച് തള്ളിയിരിക്കാം. ആ നമ്മൾ ഇന്ന് "സോഷ്യൽ ഡിസ്റ്റൻസിംഗ് " എന്ന ഒരു ഗ്ലാമറുള്ള പേരിൽ ഈ "പുല"യുടെ ഭാഗമായി വിധിക്കപ്പെട്ടിട്ടുള്ള അശുദ്ധിയുടെ ആചരണമല്ലേ ഇന്ന് വള്ളി പുള്ളി തെറ്റാതെ ആരോഗ്യം പരിരക്ഷിക്കുവാനായി അനുഷ്ഠിക്കുന്നത്.
ഇനി മരണം നടന്ന വീട്ടിലെ, അവിടെ താമസിക്കുന്ന അംഗങ്ങൾക്ക് മാത്രമല്ല, ആ മരണ വീട്ടിലെ അംഗങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുവാൻ സാധ്യതയുള്ള അടുത്ത ബന്ധുക്കൾ മൃതദേഹം സംസ്ക്കരിച്ച് അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയാലും , ഈ അടുത്ത ബന്ധുക്കൾ എല്ലാവരും പുലാചരണത്തിൻ്റെ അശുദ്ധി ഉള്ളവരാണെന്നും അവരും സ്വന്തം വീട്ടിലേക്ക് മടങ്ങിയാലും ഒറ്റപ്പെട്ട ജീവിതം 10 ദിവസം നയിക്കേണ്ടതുണ്ടല്ലോ. ഇങ്ങനെ മരണ വീടുമായി അടുത്ത് ഇടപഴകുവാനിടയുള്ളവർക്കും പുല വിധിച്ച് അവരെയും സമൂഹത്തിൽ ബന്ധപ്പെടാൻ അനുവദിക്കാതെ , അവരും മരണ വീട്ടിൽ നിന്നും മടങ്ങി പോയ ശേഷം സ്വന്തം വീടുകളിൽ തന്നെ കഴിയുവാൻ, അമ്പലം മുതലായ പൊതു ഇടങ്ങളിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും മാറി നിൽക്കുവാൻ വിധിക്കുന്നതല്ലേ പൂർണ്ണമായ അർത്ഥത്തിലുള്ള പുലാചരണം. ഇതല്ലേ രോഗികളുമായി ഇടപെട്ട രോഗാണു വാഹകർ അകാവുന്നവർക്ക് ഇന്ന് നാം നൽകുന്ന "ക്വാറൻ്റയിൻ "
ശരീരശാസ്ത്രപരമായി രോഗാണു വാഹകത്വം ഉണ്ടാവാൻ സാധ്യതയുള്ള കാലമായതിനാൽ അതിനെ തടയുക എന്നതാണ് പുല ആചരണത്തിൻ്റെ ഒരു ലക്ഷ്യം .
പുല ആചരിക്കുന്ന കാലത്താണ്ടല്ലോ സഞ്ചയനം വരുന്നത്. അതിനാൽ
പുല ആചരണ്ത്തിന് നേരെ വിപരീതമായ കാര്യം ആണ് സഞ്ചയനത്തോട് അനുബന്ധമായി പുലയില്ലാത്തവർക്ക് അന്നദാനം നടത്തുന്നത്.
ഇത്തരം ആഹാരം കഴിച്ചിട്ട് ക്ഷേത്രങ്ങളിൽ പോകുന്നവർ
ആ ക്ഷേത്രങ്ങളെ കൂടി അശുദ്ധിമാക്കുകയാണ് ചെയ്യുന്നത് എന്നത് എത്രയോ ഗൗരവം ഉള്ള കാര്യമാണ്.
ക്ഷേത്രചൈതന്യത്തിന് ദോഷം ഭവിക്കും.
അപ്രകാരം അശുദ്ധി നൽകുന്നവർക്കും അത് ദോഷകരമായി തീരും.
ശ്രീനാരായണ ഗുരുദേവനിൽ, ശ്രീനാരായണ ധർമ്മത്തിൽ, വൈദീകമായ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവർ ബന്ധുവിന്റെ മരണശേഷം സഞ്ചയന കർമ്മത്തോട് അനുബന്ധിച്ച് (പുലയുള്ള അടുത്ത ബന്ധുക്കൾ അല്ലാത്തവരെ ക്ഷണിച്ച് വരുത്തി) ചായസൽക്കാരം, അന്നദാനം എന്നിവ നടത്താൻ പാടില്ല
ഇന്ന് ഭൂരിപക്ഷം പേരും സഞ്ചയനത്തിന് എല്ലാവരെയും വിളിച്ചു വരുത്തി കല്യാണം പോലെ ചായസൽക്കാരം നടത്തി,
ആചാരത്തിന്റെ പേരിൽ അനാചാരം ആണ് അനുഷ്ഠിക്കുന്നത് എന്നിരിക്കെ ഇക്കാര്യം പരമാവധി പേരിൽ എത്തിച്ചാലും. അനാചാരത്തിൽ നിന്നും സൂഹത്തെ രക്ഷിച്ചാലും
(തെയ്യാറാക്കിയത് :ശ്രീശാന്തം ഗവേഷണ വിഭാഗം )
0 comments:
Post a Comment