Monday 4 May 2020

എങ്ങനെയാണ് ശ്രീനാരായണ ഗുരുദേവൻ മഹാസമാധി പ്രാപിച്ചത് ?

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ 1928 സെപ്റ്റംബര്‍ 20 ന് , 1104 കന്നി മാസം 5-ന് മഹാസമാധി പ്രാപിച്ച ദിവസം ശിവഗിരിയിൽ നടന്ന സംഭവങ്ങളുടെ വിവരണം.

എങ്ങനെയാണ് ശ്രീനാരായണ ഗുരുദേവൻ മഹാസമാധി പ്രാപിച്ചത് ?

ഭഗവാന്റെ മഹാസമാധി by  സച്ചിദാനന്ദ സ്വാമി
...............................................

'സ്വാമിതൃപ്പാദങ്ങള്‍ക്ക് ക്ഷീണത്തിന് കുറവില്ല. വളരെ അധികമാണെന്നു പറയണം. ദേഹം ക്രമേണ മെലിഞ്ഞുവരുന്നു. രണ്ടുനാലു ദിവസമായി ഭക്ഷണം കഴിക്കുന്നതിലും രുചിക്കുറവുണ്ട്.' ഭഗവാന്റെ സുഖക്കേട് സംബന്ധിച്ച് ധര്‍മ്മംപത്രം പ്രസിദ്ധപ്പെടുത്തിയ അവസാനറിപ്പോര്‍ട്ടാണിത്. 1104 ചിങ്ങം 30-ാം തീയതിയിലെ റിപ്പോര്‍ട്ടാണിത്.

തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്നില്‍ കണ്ടുകൊണ്ട് അത്യന്തം ആനന്ദ തുന്ദിലനായി ഗുരുദേവന്‍ കഴിഞ്ഞു. ബ്രഹ്മമാത്രപരായണനായി പ്രകാശിക്കുന്ന ആ മഹാ പുരുഷനെ ഒരു നോക്കു കാണുന്നതിനുവേണ്ടി രാജ്യത്തിനുവേണ്ടി രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിനാളുകളുടെ പ്രവാഹം അനുദിനം ശിവഗിരിയില്‍ സംഭവിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍മാരുടെയും സന്യാസിശിഷ്യന്മാരുടേയും കര്‍ശന നിയന്ത്രണത്തില്‍ ഭക്തജനസഞ്ചയത്തിന് തെല്ലകലെനിന്ന് തൃപ്പാദങ്ങളെ സാഷ്ടാംഗം നമസ്‌കരിച്ചു പോകാനേ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന്‍ കാരുണ്യപൂര്‍വ്വം അവരെ ഈക്ഷണം ചെയ്ത് അനുഗ്രഹിച്ചുകൊണ്ടിരുന്നു.

ഗുരുവിന് പൂര്‍ണസൗഖ്യമുണ്ടാകണ മെന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും ഗുരുദേവക്ഷേത്രങ്ങളിലും രാജ്യ മെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. എന്നാല്‍, ത്രികാലജ്ഞനായ ആ പരമഹംസരാകട്ടെ മൗനഘനാംബോധിയില്‍ അഭിരമിച്ച് മഹാസമാധിയിലേക്ക് മന്ദം നീങ്ങുകയാണുണ്ടായത്. ഗുരുദേവന്‍ ഒന്നു സങ്കല്പിച്ചാല്‍ രോഗം മാറുമെന്ന് പലരും ധരിച്ചിരുന്നു. അതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയും നടത്തി. അതുകൊണ്ട് ഫലവുമുണ്ടായില്ല. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച് തിരശ്ശീലയ്ക്കുള്ളിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുക യായിരുന്നു.
https://chat.whatsapp.com/L71M0lyuhzEDJSrZ7Mz4jD

യോഗസമാധി പാടില്ല!

ഒരിക്കല്‍ അവിടുന്ന് അരുളിചെയ്തു:'മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്. ഇന്നപ്പോള്‍ മരിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനുമുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട് മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നന്ന്. ചിലര്‍ നാവിന്റെ അഗ്രം കൊണ്ട് നാസാരന്ധ്രങ്ങള്‍ അടച്ചും, ചിലര്‍ മറ്റു പ്രകാരത്തില്‍ ശ്വാസം തടഞ്ഞും മരണം വരിക്കുന്നു. അതെല്ലാം കൃത്രിമമരണങ്ങളാണ്. ഒരുതരം ആത്മഹത്യക്ക് തുല്യമാണ്' എന്നെല്ലാം തൃപ്പാദങ്ങള്‍ കല്പിച്ചു.'' (സ്വാമി ധര്‍മ്മാനന്ദജി പേജ് 296)

തുടര്‍ന്ന് ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. ''പോഷകാംശമുള്ള ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിച്ചു. ക്രമേണ പാലും പഴവും ഉപേക്ഷിക്കുകയായി. പാലിലും പഴങ്ങ ളിലും പോഷകാംശമുള്ളതുകൊണ്ടാണ് അതും അവിടുന്ന് വിലക്കിയത്. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന് കല്പിച്ചു. അതുപ്രകാരം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുറേശ്ശെ കൊടുത്തുകൊണ്ടിരുന്നു. ഒരു പക്ഷേ, മലാംശം കൂടി അവശേഷി ക്കാതിരിക്കാന്‍ ചെയ്തതാകാം.'' (ധര്‍മ്മാനന്ദസ്വാമി)

ഈ അവസരത്തില്‍ ഗുരുവിന്റെ മുഖത്ത് സാധാരണയില്‍ കവിഞ്ഞ്, രോമം വളര്‍ന്നതിനാല്‍ ഷേവു ചെയ്യുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. കൊല്ലത്തുനിന്നും ഉടനെ നല്ലൊരു കത്തി വാങ്ങി ക്ഷുരകനെക്കൊണ്ട് അതു നിര്‍വ്വഹിപ്പിക്കുകയും, ആ കത്തി അവനുതന്നെ കൊടുക്കുവാന്‍ അവിടുന്ന് കല്പിക്കുകയും ചെയ്തു. കത്തി സൂക്ഷിച്ചു വെച്ചാല്‍ ഇനിയും ഉപയോഗിക്കാമല്ലോ എന്നൊരാള്‍ പറഞ്ഞപ്പോള്‍ 'അത് ഇനി ആവശഅയമില്ല. അവനുതന്നെ കൊടുത്തേക്കണം' എന്നു വീണ്ടും കല്പിച്ചു. ഇപ്രകാരം സമാധിയുടെ ചില സൂചനകള്‍ പലപ്പോഴായി അവിടുന്ന് നല്‍കിയിരുന്നു. ഗുരുദേവന്റെ അപ്പോഴത്തെ അവസ്ഥയെകുറിച്ച് 1104 ചിങ്ങം 30-ലെ വിശദമായ റിപ്പോര്‍ട്ട് ഇങ്ങനെ സമാപിക്കുന്നു.

'ശിഷ്യന്മാരും പരിചാരകരും എപ്പോഴും അരികിലിരുന്ന് അവിടുത്തെ പരിചരിച്ചു. കഴിഞ്ഞ എട്ടുമാസക്കാലമായി അവിടുത്തെ അലട്ടിക്കൊണ്ടിരുന്ന രോഗം തേജസ്സു നിറഞ്ഞ ആ ദിവ്യവദനത്തില്‍ ചുളിവുകള്‍ വീഴ്ത്തി. അതിനിടയിലും അവിടുന്ന് നര്‍മ്മസംഭാഷണ ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഏറെക്കാലം താന്‍ അനുഷ്ഠിച്ച് തീവ്രമായ ബ്രഹ്മചര്യം മൂലമായിരിക്കുമോ ഇത്ര കഠിനമായ വേദന അനുഭവിക്കേണ്ടി വന്നതെന്ന് ഒരിക്കല്‍ പ്രകടിപ്പിക്കുകയും ചെയ്തു. അവസാനദിനങ്ങള്‍ അടുക്കുന്തോറഉം അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു. അസ്വാസ്ഥ്യം ശരീരത്തില്‍ മാത്രം വിശ്രമിക്കുന്നതുപോലെ തോന്നി. കര്‍മ്മബന്ധങ്ങളില്‍ നിന്ന് വിമുക്തി നേടുമ്പോഴുണ്ടാകാവുന്ന സ്വച്ഛമായ പ്രശാന്തത അവിടുത്തെ ഭാവങ്ങളില്‍ തെളിഞ്ഞുനിന്നു. ചില സന്ദര്‍ഭങ്ങളില്‍ അവിടുന്ന് കൂടുതല്‍ ആനന്ദലീലനായിക്കഴിയുന്നതും ശിഷ്യന്മാര്‍ ശ്രദ്ധിച്ചു. വേദനയുടെ മറുകര കണ്ടതായി ആ മുഖഭാവം വിളംബരം ചെയ്തു.'

മഹാസമാധി സൂചന

ഇപ്രകാരം ഗുരുദേവന്‍ കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടു കൊണ്ടിരുന്നു. ഒരു സമയം അവിടുന്ന് മൊഴിഞ്ഞു. 'നാമിവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങളെ ഒഴിവാക്കികൊണ്ട് യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളും. നമുക്ക് നല്ല തൃപ്തി തോന്നുന്നു.'ഗുരുദേവന്‍ തുടര്‍ന്നു: 'കന്നി അഞ്ച് നല്ല ദിവസമാണ്. അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം.' അറിവിന്റെ മഹിമാവില്‍ പ്രപഞ്ചദൃശ്യങ്ങള്‍ അങ്ഗമില്ലാതെ അണയുമ്പോഴുണ്ടാകുന്ന നിശ്ചലതയും പ്രശാന്തതയും അവിടെ അലതല്ലി. അതിരറ്റ സുഖം അനുഭവിച്ചുകൊണ്ട് ആനന്ദക്കടലില്‍ മുങ്ങി ജ്ഞാനാമൃതം പാനം ചെയ്തുകൊണ്ട് പരമഹംസനായ ആ ജഗദ്ഗുരു പരിപൂര്‍ണ്ണമായ സ്വച്ഛതയില്‍ അവിരളം അമരുന്നതായി ആ ശിഷ്യന്മാര്‍ക്ക് തോന്നി.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗുരുവിന്റെ മഹാസമാധിദിനം എന്നെന്ന് അവിടുന്ന് വ്യക്തമായി പറഞ്ഞില്ല. എന്നാല്‍, അതു സംബന്ധിച്ച് സുവ്യക്തമായ ചില സൂചനകള്‍ അവിടുന്ന് നല്കുകയും ചെയ്തു. വ്യക്തമായി സൂചിപ്പിച്ചാല്‍ ആളുകള്‍ തിങ്ങിക്കൂടി ബഹളങ്ങള്‍ വെയ്ക്കുമല്ലോ. അതുകൊണ്ടാണ് വ്യക്തമാക്കാതിരുന്നത് എന്ന് നമുക്ക് ഊഹിക്കാം.

ഏകലോകദര്‍ശനം ആനന്ദബാഷ്പം

അടുത്ത ദിവസം പ്രഭാതത്തില്‍ തൃപ്പാദങ്ങള്‍ എടുത്തു വളര്‍ത്തി പഠിപ്പിക്കുന്ന ശിവഗിരിയിലെ വിദ്യാര്‍ത്ഥികളായ അന്തേവാസികള്‍ തൃപ്പാദങ്ങളെ നമസ്‌ക്കരിക്കുവാന്‍ എത്തി. അവര്‍ നമസ്‌ക്കരിച്ചു പിന്‍വാങ്ങിയപ്പോള്‍ ആമഹാഗുരുവിന്റെ തൃക്കണ്ണുകള്‍ ഈറണിഞ്ഞിരുന്നു. നമസ്‌ക്കരിച്ച് ആദരപൂര്‍വ്വം നടന്നുനീങ്ങുന്ന ആ വിദ്യാര്‍ത്ഥികളില്‍ സമൂഹം വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുംപെടുന്ന കുട്ടികളാ യിരുന്നു. നായരും, നമ്പൂതിരിയും, ഈഴവനും, പുലയനും, മുഹമ്മദും, ചാക്കോയും ഒക്കെയുണ്ടായിരുന്നു. അവര്‍ ജാതിമതഭേദവ്യത്യാസങ്ങളില്ലാതെ ഒന്നായിപ്പോകുന്നു. ഗുരുവിന്റെ ബാല്യകാലത്ത് പാവപ്പെട്ട ചാത്തന്‍കിടാത്തനെ തൊട്ടതിനും അവന്റെ പുറം തേച്ചു കൊടുത്തതിനും 'സ്വജനങ്ങളുടെ' ശാസനം അവിടുത്തേയ്ക്ക് ഏല്‌ക്കേണ്ടതായി വന്നിട്ടുണ്ടല്ലോ. ഇപ്പോഴിതാ വിഭിന്ന ജാതിമതസ്ഥരായ കുട്ടികള്‍ എല്ലാ ഭേദവ്യത്യാസ ങ്ങള്‍ക്കും അതീതരായി എന്നവണ്ണം ഒന്നുചേര്‍ന്നിതാ മുന്നോട്ടു നീങ്ങുന്നു. അവിടുത്തേ യ്ക്ക് അനുഭവവേദ്യമായ ആ ഏകതയില്‍ നിന്നും ഉതിര്‍ന്ന കരുണാരസമായിരിക്കുമോ ആ തൃക്കണ്ണുകളില്‍ പൊടിഞ്ഞത്? അദ്വൈതാനന്ദപീയൂഷലഹരീമഗ്നമാനസനായിരുന്ന ആ പരമഹംസന്‍ കൃതകൃത്യതയോടെ ശിവഗിരി വൈദികമഠത്തില്‍ ഇപ്രകാരം വിശ്രമം കൈകൊണ്ടു.

ഭഗവാന്റെ മഹാസമാധി

അങ്ങനെ നേരത്തെ സൂചിപ്പിച്ചിരുന്ന കന്നി 5-ാം തീയതി വന്നെത്തി. ആകാശത്ത് മേഘങ്ങള്‍ അങ്ങിങ്ങായി ഓടിക്കൊണ്ടിരുന്നു. അന്ന് ഒരു ചാറ്റല്‍മഴയുള്ള ദിവസ മായിരുന്നു. പ്രകൃതി കണ്ണുനീര്‍ പൊഴിച്ച് നിശ്ചേഷ്ടയായി നിന്നു. ഉച്ചയായപ്പോഴേക്കും മാനം നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങള്‍ കല്പിച്ചിരുന്നതുപോലെ അന്ന് ഏവര്‍ക്കും ഭക്ഷണം നല്‍കി. സായാഹ്നസൂര്യന്‍ പശ്ചിമാകാശത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗാവാസിഷ്ഠം ജവമുക്തിപ്കരണം വായിച്ചുകൊണ്ടിരിക്കയായിരുന്നു.

സമയം ഏതാണ്ട് മൂന്നേകാല്‍ മണിയോടടുത്തു. 'നമുക്ക് നല്ല ശാന്തി അനുഭവ പ്പെടുന്നു' എന്നരുളി. കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ യോഗീശ്വരനായ അവിടുന്ന് ആംഗ്യം കാണിച്ച് മെല്ലെ എഴുന്നേല്ക്കാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദ സ്വാമികള്‍ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. ശരീരം പദ്മാസനത്തില്‍ ബന്ധിച്ചിരുന്നു.

''മൂന്നേകാല്‍ മണി സമയം വൈദികമഠത്തിനുള്ളില്‍

മാലുനക്കും ശക്തിയാലേ ശോഭയും പൂണ്ടു

ഗുരുദേവന്‍ ശയ്യയില്‍നിന്നെഴുന്നേല്ക്കാന്‍ തുടങ്ങുമ്പോള്‍ 

ഗുരുകരം ചേര്‍ത്തു ശിഷ്യരിരുത്തിക്കൊണ്ട്

പദ്മാസനത്തിലിരുന്നു പദ്മദളാകാരമുഖം

പാവനമായി ശോഭിപ്പിച്ചു ഗുരുദേവനും

മൂലാധാരം തുടങ്ങിയങ്ങാജ്ഞാചക്രംവരെ ദേഹ-

മൊരുപോലം പൂരണത്താല്‍ തിളക്കിക്കൊണ്ട്

ഹംസദേവനായ ഗുരു ജ്ഞാനമുദ്രയും പിടിച്ചു.

ഹംസദേഹം പ്രാപിപ്പാനായി. (സ്ഥിതിചെയ്തു)

(പെരുന്താറ്റില്‍ ശ്രീനാരായണ പൂജാമഠം സെക്രട്ടറി എം.എന്‍.കൃഷ്ണന്‍ 1104 കന്നി 150-ാം തീയതി കണ്ണൂര്‍ എ.വി.പ്രസ്സില്‍ നിന്നും അച്ചടിച്ചു പ്രസിദ്ധം ചെയ്ത ബ്രഹ്മശ്രീ നാരായണഗുരുദേവന്റെ ചരമവാര്‍ത്ത എന്ന് വഞ്ചിപ്പാട്ടില്‍ നിന്നും)

1928 സെപ്റ്റംബര്‍ 20 (1104 കന്നി 5). ശുക്ലഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ശിവഗിരി വൈദികമഠത്തിലെ കിടക്കയില്‍ ബ്രഹ്മചൈതന്യസ്വരൂപനായി ഇരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയില്‍ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാര്‍ ഉപനിഷത്സാര സര്‍വ്വസ്വമായ ''ദൈവദശകം'' ആലാപനം ചെയ്തു തുടങ്ങി. ഭഗവാന്റെ കല്പനപ്രകാരം മുന്‍പ് പലപ്പോഴും വിശ്രമവേളകളില്‍ തൃപ്പാദഭക്തന്മാര്‍ ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ടാ യിരുന്നു. താന്‍ സജാതീയവിജാതീയ സ്വഗതഭേദ ശൂന്യമായ പരബ്രഹ്മസ്വരൂപിയാണെന്ന് പരിപൂര്‍ണ്ണാനുഭൂതിയിലെ അഭയാവസ്ഥയില്‍ സച്ചിദാനന്ദസ്വരൂപനായി പരംപൊരുളില്‍ മൃദുവായ് മൃദുവായ് അമര്‍ന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തില്‍ ശ്രീധര്‍മ്മതീര്‍ത്ഥസ്വാമികള്‍, സുഗുണാനന്ദസ്വാമികള്‍, അച്യുതാ നന്ദസ്വാമികള്‍, നര സിംഹസ്വാമികള്‍ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേര്‍ന്ന് തൃപ്പാദവിരചിതമായ ആ ദിവ്യസ്‌തോത്രം ഈ സമയത്തും ചൊല്ലിത്തുടങ്ങി.

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ

നാവികന്‍ നീ ഭവാബ്ധിയ്‌ക്കൊരാവിവന്‍ തോണി നിന്‍പദം

ഒന്നൊന്നായി എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം

എന്ന ദിവ്യമായ ആ പ്രാര്‍ത്ഥന നല്ല ഈണത്തില്‍ ഭക്തിനിര്‍ഭരനായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവ്യവുമായ പ്രശാന്തി എങ്ങും നിറഞ്ഞു കഴിയവേ, പ്രകൃതിതന്നെ നിര്‍വ്വാണരസത്തില്‍ ലയിച്ചിരിക്കവേ,

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ (73-ാമത്തെ ജന്മദിനം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ) ലോകജനതയെ മുഴുവന്‍ കാരുണ്യവര്‍ഷം തൂകി അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭഗവാന്‍ ശ്രീനാരായണപരമഹംസദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി. ഭഗവാന്റെ പരിനിര്‍വ്വാണത്തെ ശ്രീ. വി. ചെല്ലപ്പന്‍ വാദ്ധ്യാര്‍ ഇങ്ങനെ സ്മരിക്കുന്നു:

കന്നിയഞ്ചൊരു ചാറ്റല്‍മഴ.. ദിങ്മുഖം മങ്ങി-

നിന്നൊട്ടുനേരം കഴിഞ്ഞിത്തിരി പ്രസന്നമായ്...

പശ്ചിമദിഗംബരേയാദിത്യനണയാറായ്

നിശ്ചലമായിപ്പാണ്ഡുവര്‍ണ്ണം ശോണിമയാര്‍ന്നു..

പ്രകൃതീശ്വരിയുടെ ദീര്‍ഘശ്വാസംപോലെ

സുകൃതസ്വഭാവിയായ് മാരുതന്‍ ചലിച്ചിതേ..

ശഷ്പങ്ങള്‍ തലതല്ലിക്കരയാന്‍ ഭാവിക്കുന്നു

പുഷ്പങ്ങള്‍ പൊഴിയുന്നു ബലിപുഷ്പങ്ങള്‍പോലെ

സാഗരരക്തോര്‍മ്മികളലച്ചു തലതല്ലി-

ത്തീരത്തുപറ്റിക്കേറാനുറക്കെക്കരയുന്നു..

സന്ധ്യയന്നകാലികംപോല്‍ വന്നുവോ ഗുരുവിന്റെ

യന്തിമരംഗം കാണാന്‍ മൂര്‍ച്ഛിച്ചു പ്രതീചിയാള്‍

പക്ഷികളനുക്ഷണം വിലപിക്കുന്നു.. ലതാ



ലക്ഷങ്ങള്‍ വൃക്ഷത്തോളില്‍ തലയിട്ടടിക്കുന്നു.

.................................................................................

... നമുക്കു സുഖം ശാന്തി തോന്നുന്നു കല്പിച്ചേവം

അമൃതം സ്ഫുരിക്കുന്ന മിഴികള്‍ വിടര്‍ന്നല്പം

ദൈവദശകം പാടാന്‍ മൊഴിഞ്ഞു, സ്‌തോത്രലാപ

പവിത്രം പരിസരം കൊള്ളിയാന്‍ കണക്കൊരു-

തൂമിന്നല്‍പിണര്‍..മേല്‌പോട്ടുയര്‍ന്നു... ചിലര്‍ മാത്രം

ആ.. നിമിഷം ഹാ! ദര്‍ശിച്ചക്ഷയമേഘജ്യോതിസ്...!

(വി.ചെല്ലപ്പന്‍ വാദ്ധ്യാര്‍ അക്ഷയമേഘജ്യോതിസ്സ് പേജ് 158)

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )

........................
☀ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക . 

ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ സംബന്ധമായ, വിജ്ഞാന പ്രദമായ 100-ൽ താഴെ ഗ്രന്ഥങ്ങൾ ഉണ്ട്. ഗ്രന്ഥങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരും ബന്ധപ്പെടുക

സച്ചിദാനന്ദ സ്വാമി ഫോൺ :- +91 9447409973



0 comments:

Post a Comment