Monday, 4 May 2020
ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 2 : by മൂര്‍ക്കോത്ത് കുമാരന്‍
ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 2
ആലുവായില്‍ പുഴതീരത്ത് ആദ്യം താല്‍ക്കാലിക
പര്‍ണ്ണശാല, പിന്നീട് സ്ഥിരമായ ആശ്രമകെട്ടിടം, തുടര്‍ന്ന് സംസ്‌കൃത പാഠശാല
by മൂര്‍ക്കോത്ത് കുമാരന്‍
...............................
ശാരദാപ്രതിഷ്ഠയ്ക്ക് ശേഷം മൂത്തകുന്നത്തുകാരനായ നാരായണാശാന്‍ എന്ന ഭക്തനോടൊപ്പം ശിവഗിരിയില്‍ നിന്നും ആലുംമൂട്ടില്‍ ഗോവിന്ദദാസിന്റെ തറവാട്ടിലെത്തിയ ഗുരുദേവന്‍ അവിടെനിന്നുപിറ്റേദിവസം തന്നെ സ്വാമികള്‍ പുറപ്പെട്ടു. തൃക്കുന്നപ്പുഴയിലേക്കും അവിടെനിന്ന് ആലപ്പുഴയിലേക്കും അവിടെനിന്ന് ചില ഭക്തന്‍മാരുടെ ക്ഷണപ്രകാരം ചേര്‍ത്തലയ്ക്കു പോകുകയും ചെയ്തു. ചേര്‍ത്തല ചീരപ്പന്‍ചിറവെച്ചു പാദകാണിക്കയായി 322 ഉറുപ്പിക ലഭിക്കുകയും ഒരു മാന്യന്‍ മുന്നു പറ നിലം സ്വാമിക്ക് ദാനം ചെയ്യുകയും ചെയ്തു. വേറെയും ചില സ്ഥലങ്ങള്‍ സഞ്ചരിച്ച് ആലുവായില്‍ ഒരു സ്ഥലം വാങ്ങണ്ടതിന് അത്യാവശ്യമായ പണം സമ്പാദിച്ചു. അങ്ങനെയാണ് ആലുവായില്‍ ഇപ്പോള്‍ കാണുന്ന അദ്വൈതാശ്രമം നില്ക്കുന്ന സ്ഥലം വാങ്ങാന്‍ ഇട വന്നത്.
അവിടെ ആദ്യം ഒരു പര്‍ണ്ണശാലയും ക്രമേണ ഒരു മഠവും പണി ചെയ്തു. അതിനുശേഷം അവിടെ ഒരു വിദ്യാലയം ഏര്‍പ്പെടുത്തേണ്ടതിനു പണം ശേഖരിക്കുവാന്‍ പല സ്ഥലങ്ങളിലും സ്വാമികള്‍ സഞ്ചരിച്ചു വളരെ ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ 1090 ചിങ്ങമാസം 2 ന് അദ്വൈതാശ്രമം വക സംസ്‌കൃത വിദ്യാശാലയുടെ ആരംഭകര്‍മ്മം നടത്തുവാന്‍ സംഗതി വന്നു. ഇപ്പോള്‍ അവിടെ ഒരു ആശ്രമവും അതിവിശേഷമായി കെട്ടിയുണ്ടാക്കിയ ഒരു സ്‌കൂളും ഉണ്ട്. ജാതിമതവ്യത്യാസമില്ലാതെ അവിടെ വിദ്യാര്‍ത്ഥികള്‍ക്കു താമസിച്ചു പഠിക്കുവാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു. അവിടെ ക്ഷേത്രവും പ്രതിഷ്ഠയും ഒന്നുമില്ല. യഥാര്‍ത്ഥമായ അദ്വൈതമതമനുസരിച്ചുള്ള പാരായണങ്ങളും പ്രാര്‍ത്ഥനകളുമാണ് അവിടെ നടക്കുന്നത്. സവര്‍ണ്ണരും, അവര്‍ണ്ണരും പുലയനും, മുസല്‍മാനും അവിടെ ഒന്നിച്ചു പാര്‍ത്തു പഠിച്ചുവന്നു.
(ഗ്രന്ഥം : ശ്രീനാരായണഗുരുസ്വാമികളുടെ ജീവചരിത്രം
ഗ്രന്ഥകാരന്‍: മൂര്‍ക്കോത്ത് കുമാരന്‍)
ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക
0 comments:
Post a Comment