Monday 4 May 2020

ഗുരു എന്നതാണോ, ദേവൻ എന്നതാണോ ശരി?

ഗുരു എന്നതാണോ, ദേവൻ എന്നതാണോ ശരി?
...................................................
ശ്രീനാരായണ ഗുരുദേവനെ , ദൈവം, ദേവൻ, മഹാഗുരു, ഗുരുദേവൻ, ഭഗവാൻ, എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോൾ ഏതാണ് ശരി ? ഏതാണ് തെറ്റ്? ഏതാണ് ഒഴിവാക്കേണ്ടത്? ഏതാണ് ഉപയോഗിക്കേണ്ടത്?
.................................................
ഗുരുദേവൻ ബ്രഹ്മാവ്, മഹേശ്വരൻ, വിഷ്ണു മുതലായ ദേവന്മാരുടെ അവതാരമാണോ? ദൈവത്തിന്റെ അവതാരമാണോ? മഹാഗുരു ആണോ? ഭഗവാനാണോ? ശ്രീനാരായണ ഗുരുദേവനെ , ദൈവം, ദേവൻ, മഹാഗുരു, ഗുരുദേവൻ, ഭഗവാൻ, എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോൾ ഏതാണ് ശരി ? ഏതാണ് തെറ്റ്? ഏതാണ് ഒഴിവാക്കേണ്ടത്? ഏതാണ് ഉപയോഗിക്കേണ്ടത്?

ഇങ്ങനെ അനേകം സംശയങ്ങളാണ്! സാധാരണ ഗുരുദേവ ഭക്തന്മാരുടെ മനസിൽ ഇത് ചെറിയ സംശയങ്ങളായി മാത്രം ഉദിച്ച് അസ്തമിച്ച് പോകുന്നു. ഇനി അൽപസ്വൽപം എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നവരുടെ മനസിൽ ഇത് ചിലപ്പോൾ ലോകം അവസാനിക്കാൻ പോകുന്നു എന്നു കേട്ടൽ നമ്മുടെ മനസിൽ ഉണ്ടാക്കുന്ന ചിന്താ തിരമാലയേക്കാൾ വലിയ ചിന്താ തിരമാലകൾ ഉയർത്തുന്ന വലിയ പ്രശ്നവുമാണ്. ചിലർ ഈ കാര്യങ്ങളിൽ പുലർത്തുന്ന കർക്കശമായ സമീപനം കണ്ടാൽ നമ്മുക്ക് വളരെ ആശ്ചര്യം തന്നെ തോന്നിപ്പോകും. അത്തരം ചുരുക്കം ചിലർ തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ വരെ നടക്കാറും ഉണ്ട്. എന്താണ് ഇതിലെ യഥാർത്ഥ വസ്തുതകൾ?.

നമ്മുടെ മനസ് എപ്പോഴും തേടുന്നത് ദു:ഖമോചനവും ആനന്ദ പ്രാപ്തിയും ആണ്. ആനന്ദത്തിന് ഇരിപ്പിടം ആകട്ടെ ലോകം അല്ല, ആത്മവസ്തുവാണ് എന്ന തിരിച്ചറിവുണ്ടാകുന്ന ജീവാത്മാവ് സാധനാ മാർഗ്ഗത്തിലേക്ക് തിരിഞ്ഞ് സമാധിയിലൂടെ ആത്മാനന്ദം നുകർന്ന് നിത്യ തൃപ്തനാകുന്നു.

ആത്മാനുഭൂതിക്കായി ചിലർക്ക് വിചാര മാർഗ്ഗവും ചിലർക്ക് ഇഷ്ടദേവത ഉപാസന മാർഗ്ഗവും അനുയോജ്യമായി (അവരവരുടെ അന്ത:ക്കരണ സംസ്ക്കാരത്തിന് അനുസരിച്ച് ) അനുഭവപ്പെടും. പരമാത്മ വസ്തുവിനെ വിചാര മാർഗ്ഗത്തിൽ തത്വമായും , ഉപാസന മാർഗ്ഗത്തിൽ ഇഷ്ടദേവതയായും സ്വീകരിക്കന്നു.

വിചാര മാർഗ്ഗത്തിൽ പരമാത്മാവ് അമൂർത്തമായ തത്വമായി നിൽക്കുന്നതിനാൽ പരമാത്മാവിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന മൂർത്ത രൂപം ഗുരുവാണ് എന്ന് വരുന്നു. അതിനാൽ വിചാര മാർഗ്ഗത്തിൽ ഒരു ജീവന് ഏറ്റവും ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന് ചോദിച്ചാൽ അത് ഗുരു തന്നെയാണ്. പരമാത്മാവിനെ വ്യക്തിയായി കാണുന്ന ദേവൻ, ഭഗവാൻ തുടങ്ങിയ പദങ്ങൾ (ഇത്തരക്കാരുടെ മനസ്സിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത് പരമാത്മാവിനെ അമൂർത്ത തത്വം. എന്ന നിലയിൽ ആയതിനാൽ - വ്യത്യസ്തമായതിനാൽ ) വിചാര മാർഗ്ഗത്തിൽ രുചിയുള്ളവർക്ക് രുചികരം ആകില്ല

പരമാത്മ വസ്തുവിനെ ഇഷ്ടദേവതയായി കാണുന്ന ഉപാസന മാർഗ്ഗത്തിൽ ഏറ്റവും ശ്രേഷ്ഠമായത് ഇഷ്ടദേവത തന്നെയാണ്. അതിനാൽ ഈ മാർഗ്ഗക്കാർക്ക് ഗുരു എന്നു പറയുന്നതിനേക്കാൾ പരമാത്മാവിനോട് ചേർന്ന് നിൽക്കുന്നത് ദൈവം, ഭഗവാൻ ,ദേവൻ തുടങ്ങിയ പദങ്ങൾ ആയിരിക്കും .

വിചാര മാർഗ്ഗ സംസ്ക്കാരമുള്ളവരുടെ മനസിന് പരമാത്മാവിലേക്ക് അണയാൻ "ഗുരു " എന്ന ശബ്ദം മതിയാകും. എന്നാൽ ഉപാസന മാർഗ്ഗ സംസ്ക്കാരുള്ളവരുടെ മനസിന് പരമാത്മാവിലേക്ക് വിലയം ചെയ്യിപ്പിക്കുന്നത് ''ദേവൻ, ഭഗവാൻ, " തുടങ്ങിയ ശബ്ദങ്ങൾ ആയിരിക്കും

അതിനാൽ അന്തഃക്കരണ സംസ്ക്കാരത്തിനനുസരിച്ച് ഓരോരുത്തർക്കും പരമാത്മാവിനെ കുറിക്കുന്ന പദങ്ങളിൽ ശ്രേഷ്ഠത കൽപിക്കുന്നതിൽ വ്യത്യാസം ഉണ്ടാകുന്നു. ഓരോരുത്തോരുടെയും മനസിന്റെ ഈ സംസ്ക്കാര വ്യത്യാസത്താൽ ആണ്, ഓരോരുത്തർക്കും പരമാത്മാവിനെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന പദങ്ങളിൽ ഇഷ്ടാനിഷ്ടങ്ങൾ വരുന്നത് എന്നതാണ് സത്യം . ഈ "തിരിച്ചറിവു് " ഇല്ലാത്തവർ കടുംപിടുത്തം പിടിക്കുന്നു. 

മഹാഗുരു, ദേവൻ, ഭഗവാൻ ഏതെങ്കിലും ഒരു പദം തന്നെ എല്ലാവരും ഉപയോഗിച്ചേ തീരു എന്ന് തുടർന്ന് അവർ വാശി പിടിക്കുന്നു. ഈ വാശിയുടെ കാരണം മുൻപറഞ്ഞ ''തിരിച്ചറിവ് " ഇല്ലായ്മയാണെന്ന വസ്തുത നാം മറക്കാതിരിക്കുക

എന്തുകൊണ്ടെന്നാൽ ഗുരുദേവന്റെ കൂടെ നിഴലായി സഞ്ചരിച്ചിരുന്ന പരിണിതപ്രജ്ഞരായ കുമാരനാശാൻ മുതലായ ഗൃഹസ്ഥ ശിഷ്യന്മാർക്കോ ശിവലിംഗസ്വാമികൾ മുതലായ സംന്യസ്ഥ ശിഷ്യന്മാർക്കോ ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. '' ഗുരു, ഭഗവാൻ, ദേവൻ, ദൈവം" ഈ ശബ്ദങ്ങൾ ഈ ശിഷ്യന്മാർ ഗുരുദേവൻ ശരീരധാരിയായിരിക്കേ ധാരാളമായി ഗുരുദേവനെ കുറിച്ച് ഉപയോഗിച്ചിട്ടുണ്ട്.

ശ്രീ നാരായണ പ്രസ്ഥാനത്തിലെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര പoനമില്ലാത്തതും തത്വബോധത്തിലധിഷ്ഠിതമായ തിരിച്ചറിവില്ലാത്തതുമായ മനസ്സുകളിൽ തീർച്ചയായും എന്നും ഇത്തരം സംശയങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കും. ഒപ്പം സാധനാ മാർഗ്ഗത്തിൽ രുചി വരാത്ത വർക്കും, ഈശ്വരാനുഭൂതിയുടെ മധുരം അൽപവും ലഭിക്കാത്തവർക്കും, പിന്നെ ഇത്തരം സംശയങ്ങളെ വലിയ മനോവ്യാപാരങ്ങളായി വളർത്തി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുക എന്നുള്ളതായിരിക്കും ഏറ്റവും രുചികരമായ വിനോദം .

എന്നാൽ യഥാർത്ഥ ഗുരുദേവ ഭക്തർ, സാധകർ എത്രയും വേഗം, ഈ ലോക ജീവിതം എന്ന ദുഃഖം മാത്രം തരുന്ന, സ്വപ്നത്തിൽ നിന്നുണരാനായി ഉപാസന മാർഗ്ഗത്തിലെ അഥവാ വിചാര മാർഗ്ഗത്തിലെ, ഗുരുദേവ കൃതികൾ അനുശാസിക്കുന്ന ശാസ്ത്ര നിഷ്ഠമായ സാധനകൾ അനുഷ്ഠിച്ച് ശ്രീനാരായണ ഗുരുദേവനെ തന്നെ സദാ സ്മരിച്ച്, ശരണാഗതി പ്രാപിച്ച് , ജീവിതം ധന്യമാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. 

അപ്രകാരം സാധിക്കാത്തവർ ഒരർത്ഥവും ഇല്ലാത്ത മനോവ്യാപാരങ്ങളിൽ കുടുങ്ങി, ലോകരെ പഠിപ്പിക്കാൻ എന്ന മിഥ്യാ വാദം ഉയർത്തി ഈ മായാലോകത്ത് പെട്ട് വട്ടം തിരിയും . 
വിവേകമില്ലാത്ത ഗുരുദേവ പഠിതാക്കളായ പാവങ്ങളെ ഇത്തരക്കാർ അവരുടെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും വട്ടം തിരിക്കുകയും ചെയ്യും.

അതിനാൽ ഗുരുദേവ ഭക്തരായ നാം ഇനി എന്തു ചെയ്യണം? ജീവിതത്തിന്റെ ലക്ഷ്യം ശാന്തിയാണെന്നും, ശാന്തി പരമാവിന്റെ അദ്വൈത വസ്തുവിന്റെ സ്വരൂപം ആണെന്നും തിരിച്ചറിയണം. ആ പരമാത്മാവ് അഥവാ അദ്വൈത വസ്തു മനുഷ്യാകൃതി പൂണ്ട് വന്നതാണ് ശ്രീനാരായണ ഗുരുദേവൻ എന്നും മനസിലാക്കണം. അവിടുന്ന് തിരുവ വതാരം ചെയ്ത് മനുഷ്യ ശരീരത്തിൽ വസിച്ച നാളുകളിൽ അവിടത്തോടൊപ്പം ജീവിച്ച, അംശാവതാരങ്ങളായ ശിഷ്യന്മാർ ഗുരുദേവനെ , ''ദേവൻ, ഗുരു, ദൈവം, ഭഗവാൻ "എന്നെല്ലാം വാമൊഴിയായും വരമൊഴിയായും സംബോധന ചെയ്തിരുന്നു എന്ന സത്യം ബോധ്യപ്പെടണം. അന്ന് ഗുരുദേവനോ ശിഷ്യന്മാർക്കോ ഇതിൽ യാതൊരു തത്വവിരോധവും തോന്നിയിരുന്നുമില്ല.

''ഗുരു എന്ന് വിളിക്കാനേ പാടുള്ളു ദേവൻ എന്നു പറഞ്ഞാൽ കുറച്ചിലാണ് " എന്നും '' ദൈവം ആണ് അതിനാൽ ഗുരു എന്നല്ല വിളിക്കേണ്ടത് ഭഗവാൻ എന്നാണ് " തുടങ്ങിയ വൃഥാ വ്യാപാരങ്ങളിൽ കുടുങ്ങി കാലം പാഴാക്കാതെ നമ്മുക്കെല്ലാം മഹാഗുരുവായി, പരമ ദൈവമായി ,ശിവഗിരിനാഥനായി വാഴുന്ന ഭഗവാൻ ശ്രീനാരായണ ഗുരുദേവനെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ നിരന്തരമായ, ദൃഢമായ അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ഒരാശ്രയയും ഇല്ല ഭഗവാനേ....... എന്ന ഭാവതീവ്രതയോടെ ശരണാഗതി പ്രാപിക്കുക. ജപധ്യാനാദികളും, പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും പഠനവും ശീലമാക്കുക. നിത്യജീവിതത്തിന്റെ ഭാഗമാക്കുക. അവിടുത്തെ കാരുണ്യവും അനുഗ്രഹവും നേടി ഈ ദുഃഖത്തിൽ നിന്നും മോചനം നേടുക. ഞാൻ, ദേഹമാണ്, ലോകം സത്യമാണ് എന്ന സ്വപ്നത്തിൽ നിന്നും, ഭഗവാൻ മാത്രം സത്യം എന്ന യാഥാർത്ഥത്യത്തിലേക്ക് ഉണരുക.


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക ..

0 comments:

Post a Comment