Tuesday 5 May 2020

ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും (ഗുരുശിഷ്യാവാദഖണ്ഡനം) by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം


ശ്രീനാരായണഗുരുദേവന് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ശ്രീ ചട്ടമ്പിസ്വാമികളായിരുന്നു. അതുപോലെ ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം കുളിര്‍ക്കെ പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെങ്കില്‍ അത് ശ്രീനാരാ യണഗുരു തൃപ്പാദങ്ങളുടെ മുമ്പില്‍ മാത്രമായിരുന്നു. അവര്‍ പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും പരസ്പരം മടിയില്‍ തലവച്ച് കിടന്നുറങ്ങിയും സത്യാന്വേഷണ നിരതരായും ഒന്നായി ജീവിച്ചു. സ്വയം കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ പരസ്പരം കൈമാറിയിരിക്കണം. രണ്ടുപേരും തമ്മില്‍ പരിചയപ്പെടുന്ന സമയത്ത് നാമിന്നറിയുന്ന ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമി തിരുവടികളുമായിക്കഴിഞ്ഞിരുന്നില്ല. രണ്ടുപേരും ആത്മസാധകരായിരുന്നു. തിരുവനന്തപുരത്ത് പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍വച്ചായിരുന്നു ആ ദിവ്യസമാഗമം നടന്നത്. കുഞ്ഞന്‍പിള്ളി ചട്ടമ്പി തൈക്കാട്ട് അയ്യാവ് എന്ന ശൈവസിദ്ധനില്‍ നിന്നും യോഗവിദ്യ പരിശീലിക്കുന്ന കാലമായിരുന്നു അത് അയ്യാവുസ്വാമിയില്‍ നിന്നും ഉപദേശം സ്വീകരിക്കുവാന്‍ കുഞ്ഞന്‍പിള്ള ചട്ടമ്പി ഏഴുവര്‍ഷം കാത്തിരുന്നുവെങ്കിലും അവസാനം യോഗ്യത തെളിഞ്ഞു എന്നു ബോധ്യമായതിനുശേഷം മാത്രമേ അദ്ദേഹത്തിന് അയ്യാവുസ്വാമി മന്ത്രദീക്ഷ നല്‍കി എന്നും പറയപ്പെടുന്നു. അക്കാലം ചട്ടമ്പിസ്വാമികള്‍ 'ഷണ്‍മുഖദാസന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചട്ടമ്പിസ്വാമികള്‍ നാണുവാശാനെ - (നാണുസ്വാമിയെ) തൈക്കാട്ട് അയ്യാവിന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി, യോഗവിദ്യപരിശീലിക്കുവാന്‍ സൗകര്യം ഒരുക്കിക്കൊടുത്തുവെന്നത് സുവിദിതമാണല്ലോ. അക്കാലം സ്വാമികള്‍ ആരൂഢനായ ഒരു ജ്ഞാനിയായി കഴിഞ്ഞിരുന്നുവെങ്കില്‍ അയ്യാവു സ്വാമികളുടെ അടുത്തുപോകാതെ സ്വയം ആദ്ധ്യാത്മികമായ ഉപദേശം നല്‍കി നാണുവാശാനെ നയിക്കുനായിരുന്നുവല്ലോ? രണ്ടുപേരുടെയും യോഗപരിശീലനത്തെ സംബന്ധിച്ച് അന്നതിന് ദൃക്‌സാക്ഷിയായിരുന്ന അയ്യാവുസ്വാമികളുടെ മകന്‍ ലോകനാഥ പ്പണിക്കര്‍ ഇപ്രകാരം എഴുതുന്നു.
https://chat.whatsapp.com/JjHm2JfkWAQ97lThUE6Pv5

ശ്രീനാരായണഗുരുവിന്റെ യോഗാഭ്യാസഗുരു

''എന്നുടൈയ പിതാവാന സുബ്ബരായപ്പണിക്കര്‍ (തൈക്കാട്ട് അയ്യാസ്വാമി) റസിഡന്‍സിയില്‍ ഉദ്യോഗമായിക്കുമ്പോതു അവരൈ തെരിയവന്ത ശ്രീനാരായണഗുരുവൈ ഒരു ചിത്രാപൂര്‍ണ്ണിയന്റു തനതു ശിഷ്യനാക്കി ഉപദേശം കൊടുത്ത്#. അന്റു യാണ്‍ ചെറുവനായിന്താലും ഉപദേശസമയത്തില്‍ അഷ്ടമംഗല്യത്തിര്‍ക്കു അരിശി, വെറ്റിലൈ, ദര്‍ഭൈ മുതലാന സാതനങ്കളൈ കൊണ്ടുകൊടുത്തതു എനുക്കു നല്ല ഓര്‍മ്മൊയണ്ടു, അച്ചമയത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുമിരുന്താന്‍. ആനാല്‍ ഇവര്‍ നാരായണഗുരുവൈ ആശാനേയെന്റു കൂപ്പിടുവതുമ് അവര്‍ ചട്ടമ്പിയൈ ചട്ടമ്പിയെന്റു കൂപ്പിടുവതും വഴക്കം. ഇവര്‍കള്‍ യോകസാതനൈക്കാകാലത്തില്‍ ചട്ടമ്പിസ്വാമികളെ ശിഷ്യനാക്കി ഒരു വര്‍ഷഴുങ്കഴുന്തുതാന്‍, ശ്രീനാരായണഗുരുവൈ ശിഷ്യനായി തീക്ഷൈ ചെയ്യപ്പെട്ടതു. ചട്ടമ്പികളൈ ശിഷ്യനായിവരിക്ക അവര്‍ പല വരുഷങ്കള്‍ കാത്തുനില്‍ക്ക വേണ്ടിയിരു ന്താലുമ് ശ്രീനാരായണഗുരുവൈ മറുനാള്‍ ചിത്രാ പൗര്‍ണ്ണമിയായിരുന്നാലുടന്‍ ദീക്ഷൈ ചെയ്യപ്പെട്ടാര്‍. ഇരുണ്ടുപേരുമൈ കേചരിയോഗമാര്‍ഗ്ഗത്തെക്കൈക്കൊണ്ടു വന്നാര്‍കള്‍. എന്‍ തന്തൈയിടം പെറ്റുക്കൊണ്ട വിഷയങ്കള്‍ അനേകമുണ്ടാനാലും ഇതിലിടങ്കണ്‍ മട്ടിലും ചുരുക്കമായി തെരിവിത്തുകൊള്‍കിറേന്‍.

ഇപ്പടിക്കു

തിരുവനന്തപുരം എസ്, ലോകാത പിള്ളൈ

25.5.1104 ഇടപ്പാറവിളാകമ്

തൈക്കാട്.

ശ്രീലോകനാഥപ്പണിക്കരുടെ ഈ പ്രസ്താവനയില്‍ നിന്നും ചട്ടമ്പിസ്വാമികളും ഗുരുദേവനും സതീര്‍ത്ഥ്യന്മാരായ ആത്മസുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് അറിയുന്നു വല്ലൊ. അധികാരിഭേദം അനുസരിച്ചാണ് ഗുരു ശിഷ്യന്, ഉപദേശം നല്‍കുന്നത്. ശിഷ്യന്മാ രുടെ വാസനയും യോഗ്യതയും അറിഞ്ഞ് ഗുരു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന് അയ്യാവില്‍ നിന്നും കാത്തുനില്‍ക്കാതെ യോഗോപദേശം ലഭിച്ചതില്‍ നിന്നും യോഗവിഷയത്തില്‍ ഗുരുവിനുണ്ടായിരുന്ന അവസ്ഥാവിശേഷം ഊഹിക്കാമല്ലൊ. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ ഉപദേശത്തിനുവേണ്ടി വര്‍ഷങ്ങള്‍ കാത്തുനില്‍ക്കേണ്ടിവന്നുവെന്ന് ലോകനാഥപ്പണിക്കര്‍ പ്രസ്താവിക്കുന്നുവല്ലൊ. അവര്‍ തമ്മില്‍ ഒരുമിച്ചുള്ള ഈ യോഗ പരിശീലനത്തിനുശേഷം, ഗുരുദേവന്‍ തപശ്ചര്യയുമായി മുന്നോട്ടുനീങ്ങി, ചട്ടമ്പിസ്വാമി കളാകട്ടെ ഉപരിപഠനത്തിനും. ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ള എഴുതുന്നു. ''പിന്നെ സ്വാമിനാഥദേശികന്‍ എന്ന വിദ്വാനില്‍ നിന്നും തമിഴിലും, പാണ്ടിയില്‍ നിന്നും വന്ന സുബ്ബ ജടാപാഠി എന്ന മഹാപണ്ഡിതനില്‍ നിന്നും സംസ്‌കൃതത്തിലും അപാരമായ വൈദുഷ്യം സമ്പാദിക്കുവാന്‍ ചട്ടമ്പിസ്വാമികള്‍ക്കു സാധിച്ചു. അതിനുശേഷം തെക്കെ ഇന്തയില്‍ പലയിടത്തും സഞ്ചരിച്ച് കലകളിലും യോഗവിദ്യകളിലും പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു.'' (ശ്രീനാരായണയുഗപ്രഭാവം) ശ്രീചട്ടമ്പിസ്വാമികളുടെ ജീവിതചരിത്രഗ്രന്ഥ ങ്ങളില്‍ നിന്നും ഇക്കാര്യം ഏവര്‍ക്കും സുഗ്രാഹ്യമാണ്., വാസ്തവം ഇതായിരിക്കട്ടെ ചട്ടമ്പിസ്വാമികള്‍ ഏതുവിഷയത്തില്‍ ഗുരുദേവന്റെ ഗുരുവാകും? 'ബാലാസുബ്രഹ്മണ്യ മന്ത്രം' ഗുരുദേവന് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചു കൊടുത്തുവെന്ന് ചിലര്‍ പറയാറുണ്ട്. 'ബാലാസുബ്രഹ്മണ്യമന്ത്രം'. 16 അക്ഷരമുള്ള ഒരു മന്ത്രമാണ്. ഗുരുവിന്റെ സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍ അവിടുന്നു ജപിച്ച മന്ത്രത്തെക്കുറിച്ച് സൂചനയുണ്ട്. ''അറിയ തിരുവെഴു ത്താറുമുണ്ടോതിടാനും.'' ആറക്ഷരമുള്ള ഒരു മന്ത്രമാണ് ഗുരു ജപിച്ചിരുന്നതെന്നു ഇതില്‍ നിന്നും വരുന്നു. ഇതില്‍ നിന്നും ചട്ടമ്പിസ്വാമിയില്‍ നിന്നും ഗുരുദേവന്‍ യാതൊന്നും ശീലിച്ചി ട്ടില്ല എന്നു തന്നെയാണ് സുധികള്‍ക്ക് ഗ്രഹിക്കുവാനുള്ളത്. രണ്ടുപേരും തമ്മില്‍ കണ്ടു മുട്ടിയതിനുശേഷവും പഠിപ്പുതുടര്‍ന്നിരുന്നുവല്ലോ. ഗുരുദേവനുമായി സൗഹൃദം സ്ഥാപിച്ച തിനുശേഷവും അനേകം ഗുരുനാഥന്മാരില്‍ നിന്ന് വിദ്യ അഭ്യസിച്ചിരുന്നു. ശ്രീ ചട്ടമ്പിസ്വാമി കള്‍ തുടര്‍ന്ന് അദ്ധ്യാത്മജ്ഞാനിയായി ജീവിതം ലീലയായി നയിക്കുരയാണ് ചെയ്തത്. എന്നാല്‍ ഇക്കാലത്ത് അത്യുച്ചത്തില്‍ ഉയര്‍ന്നു പ്രകാശിച്ച ശ്രീനാരായണഭാനുമാന്റെ പ്രഭാപ്രസരണത്തില്‍ അസഹിഷ്ണുക്കളായി തീര്‍ന്ന ഒരുപറ്റം തീര്‍ത്ഥങ്കരന്മാര്‍ ഗുരുദേവനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ തീഷ്ണത മനസ്സിലാക്കുമ്പോള്‍ മഹാഗുരുക്കന്മാരുടെ പേരില്‍ എന്തിനീ കൊടുംപാതകം ചെയ്യുന്നത് എന്ന് ആരും ചിന്തിച്ചുപോകും.

വിവാദങ്ങള്‍ക്ക് അതീതരും സമദര്‍ശികളുമായ ആ മഹാഗുരുക്കന്മാരുടെ ഉപദേശ വചസ്സുകളെ സ്വാംശീകരിക്കുന്നതിനുപകരം ചട്ടമ്പിസ്വാമിയുടെ ജയന്തിയോ സമാധിദിനമോ വന്നെത്തുമ്പോള്‍ ഗുരുശിഷ്യവാദവുമായി ഇവര്‍ തലപൊക്കും. പ്രണാമങ്ങള്‍ അര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ നേടേണ്ടതിനുപകരം ആ പഴയ കരിന്തിരി വാദത്തിലേക്ക് തന്നെ ഇവര്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ അത് ഒട്ടും ശ്രേയസ്‌കരമല്ലെന്ന് വിവേകിള്‍ പറയും. ജീവന്‍മുക്തന്മാരായ ആ ഗുരുക്കന്മാരില്‍ ആര് ഗുരുവായാലെന്ത്? ആര് ശിഷ്യന്മാരായാ ലെന്ത്? രണ്ടുപേരും ഗുരുക്കന്മാരാണ്. അവരെ രണ്ടുപേരെയും ആരാധിക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. എന്നിങ്ങനെ വിവേകമതികള്‍ ഈ വിവാദത്തിന് വിരാമം കുറി ച്ചിരുന്ന കാര്യം ഇവിടെ സ്മരണീയമാണ്.

ഇവരില്‍ ചിലര്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്ഥാപിക്കുന്നതിനുവേണ്ടി ചില തെളിവുകള്‍ നിരത്തിക്കാണുന്നു. അവയില്‍ പലതിന്റേയും ആധികാരികത സംബന്ധിച്ച് നടന്നിട്ടുള്ള ഖണ്ഡനമണ്ഡനാദികള്‍ക്ക് കണക്കില്ല. എന്നിരുന്നാലും മുനയൊടിഞ്ഞുപോ ആ വാദമുഖത്തില്‍ തന്നെ പിന്നെയും പിന്നെയും ഇവര്‍ പിടിച്ചു നില്‍ക്കുവാന്‍ നോക്കും. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനാണ് സ്വാമി വിവേകാനന്ദന്‍ ലോകം അത് ഏക ത്മനാ അംഗീകരിക്കുന്നത് പഴകിത്തിരുമ്പിച്ച ഏതെങ്കിലും പത്രക്കുറിപ്പുകളെ ആസ്പദ മാക്കിയല്ല. വിവേകാനന്ദസ്വാമി ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചും ശ്രീരാമകൃഷ്ണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും പവിത്രമായ ആ ഗുരുശിഷ്യബന്ധത്തെ ലോകരുടെ മുമ്പില്‍ തുറന്നുകാട്ടി ബോധാനന്ദസ്വാമി, ശിവലിംഗസ്വാമി നടരാജഗുരു തുടങ്ങിയ ശ്രീനാരായണ ശിഷ്യന്മാര്‍ ശ്രീനാരായണാശ്രമങ്ങളും ഗുരുകുലങ്ങളും സ്ഥാപിച്ച് ഗുരുദേവസന്ദേശങ്ങള്‍ പ്രചരിപ്പിച്ച്, ഗുരുശിഷ്യബന്ധത്തിന് നിദര്‍ശനങ്ങളായി പ്രശോഭിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നുവെങ്കില്‍ ഗുരുദേവന്‍ ശിവഗിരിമഠവും സ്വന്തം പേരില്‍ ശ്രാനാരായണധര്‍മ്മസംഘമെന്ന സന്യാസി ശിഷ്യപരമ്പരയും സ്ഥാപിക്കു മായിരുന്നില്ല, മറിച്ച് തീര്‍ത്ഥപാദാശ്രമങ്ങള്‍ സ്ഥാപിച്ച് ചട്ടമ്പിസ്വാമികളുടെ പേരില്‍ ഒരു പരമ്പര ശ്രീശങ്കരാചാര്യരുടെ ദര്‍ശനാമി സമ്പ്രദായത്തില്‍പ്പെട്ട തീര്‍ത്ഥപരമ്പരയാണ്. സ്വന്തം പേരിനോടൊപ്പം ''തീര്‍ത്ഥ'' എന്നുണ്ടായിരിക്കും. ചട്ടമ്പിസ്വാമികളുടെ സോപാധികനാമം പരമഭട്ടാരക വിദ്യാധിരാജ തീര്‍ത്ഥപാദചട്ടമ്പി സ്വാമി തിരുവടികള്‍ എന്നാണ്. പ്രധാനശിഷ്യ ന്മാരാകട്ടെ നീലകണ്ഠതീര്‍ത്ഥനും, തീര്‍ത്ഥപാദ പരമഹംസനും എന്നാല്‍ ചെമ്പഴന്തിയിലെ നാരായണന്‍ നാരായണഗുരുവായതേയുള്ളൂ. തീര്‍ത്ഥപാദയില്ല. ചട്ടമ്പിസ്വാമികളുടെയും ശിഷ്യന്മാരുടെയും പരമ്പര തീര്‍ത്ഥപരമ്പരയാണ് ഇതില്‍ നിന്നും മനസ്സിലാക്കാം. ഗുരുദേവ നാകട്ടെ സ്വയം ഒരു പരമ്പരയെ സൃഷ്ടിക്കുകയാണുണ്ടായത്. ശിവലിംഗസ്വാമി, സത്യ വ്രതന്‍, ഗുരുപ്രസാദ് തുടങ്ങിയ ദീക്ഷാനാമങ്ങളും, ശിവഗിരിസ്ഥാപനവും ഈ സത്യത്തെ തന്നെയാണ് വിളംബരം ചെയ്യുന്നത്. ഗുരുശിഷ്യബന്ധത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ പാഠങ്ങളില്‍ നിന്നും നാം മനസ്സിലാക്കുന്നത് ചട്ടമ്പിസ്വാമികള്‍ക്കും ഗുരുദേവനും തമ്മില്‍ ഒരു ഗുരുശിഷ്യബന്ധം ഇല്ലായിരുന്നുവെന്നതുതന്നെയാണ്. ആ പവിത്രത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ഇരവരുടെയും സുപ്രധാനമായ ഒന്നു രണ്ടു തിരുവായ്‌മൊഴികള്‍ ഇവിടെ കുറിക്കട്ടെ.

''ചട്ടമ്പിസ്വാമികളില്‍ നിന്നും തൃപ്പാദങ്ങള്‍ (ശ്രീനാരായണഗുരു) എന്തെങ്കിലും അഭ്യസിച്ചിട്ടുണ്ടോ'' എന്ന നരസിംഹസ്വാമികളുടെ ചോദ്യത്തിന് ഗുരുദേവന്‍ ഇപ്രകാരമായി മറുപടി പറഞ്ഞു. ''ഇല്ല ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ട അവസരത്തില്‍ അദ്ദേഹത്തിന് (ചട്ടമ്പിസ്വാമികള്‍ക്ക്) സംസ്‌കൃതം നല്ല വശമില്ലായിരുന്നു. ആ വിഷയത്തില്‍ പല സംശയ ങ്ങളും നാം അദ്ദേഹത്തിന് തീര്‍ത്തുകൊടുത്തിട്ടുണ്ട്... അദ്ദേഹം ഒരു അഗാധബുദ്ധമാനാണ് എന്തും കേട്ടാല്‍ ഗ്രഹിക്കുവാന്‍ അതി സമര്‍ത്ഥനാണ്''. (നരസിംഹസ്വാമികള്‍ പരിവര്‍ത്തനം പത്രാധിപര്‍ക്ക് എഴുതിയ കത്തില്‍ നിന്നും കൂടാതെ ശ്രീനാരായണവൈഖരി പേജ് 162) കാണുക.

ഗുരുശിഷ്യവിവാദത്തിന്റെ യാഥാര്‍ത്ഥ്യമറിയുവാന്‍ തന്നെ സമീപിച്ച് അമൃതാനന്ദ സ്വാമികളോട് സത്യശുദ്ധിയുടെ നിറകുടമായിരുന്ന ചട്ടമ്പിസ്വാമികള്‍ ഇപ്രകാരം പറഞ്ഞു. ''നാണു ആശാന്‍ ആയിരുന്നപ്പോള്‍ ഞാന്‍ ചട്ടമ്പിയായിരുന്നു'' (ശിവഗിരി മാസിക 1985 വാല്യം)

പ്രൊഫ. ബാലരാമപ്പണിക്കര്‍ ആദ്യകാലങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ ഗുരുദേവന്റെ വിദ്യാഗുരുവാണെന്ന് ധരിച്ചിരുന്നു. എന്നാല്‍ കുശാഗ്ര ബുദ്ധിമാനും ഗവേഷണപടുവുമായ അദ്ദേഹം പില്‍ക്കാലത്ത് ഈ തെറ്റിദ്ധാരണയില്‍ നിന്നും വിമുക്തനാവുകയും ശ്രീനാരായണ വിജയം എന്ന സ്വകൃതിയില്‍ ഈ ബന്ധത്തെക്കുറിച്ച് ഇപ്രകാരം കുറിച്ചിടുകയും ചെയ്തു. (സത്യാന്വേഷണനിരതനായി സഞ്ചരിച്ച് ഗുരുദേവനെ ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരത്ത് വച്ച് കണ്ടുമുട്ടിയപ്പോള്‍) ആ ബാലഭട്ടാരക മുനീശ്വരന്‍ (ചട്ടമ്പിസ്വാമികള്‍) കഷ്ടസ്ഥിതിയെ പ്രാപിച്ച് ജനങ്ങളെ രക്ഷിക്കുവാനായിക്കൊണ്ട് അവതരിച്ച് അദ്ധ്യാത്മികജ്യോതിസ്സായ ശ്രീനാരായണഗുരുവിനെ കണ്ടമാത്രയില്‍ അത്ഭുതപരതന്ത്രനായിത്തീരുകയാണുണ്ടായത്. (സര്‍ഗ്ഗം 5 ശ്ലോകം 18).

''വയസ്സും ആകൃതിയും കൊണ്ട് ശ്രീനാരായണഗുരു തന്റെ അനുജനാകുന്നു എന്ന ബുദ്ധിയാണ് ബാലഭട്ടാരകമുനിയില്‍ ജനിച്ചത്. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി അവതരിച്ച സാക്ഷാല്‍ഭഗവാനാണെന്ന് ശ്രീനാരായണഗുരു എന്ന ബുദ്ധിബാലഭട്ടാരകന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ആദരവുണ്ടാക്കി'' (സര്‍ഗ്ഗം 5 ശ്ലോകം 21)

ആത്മസാധകനായിരുന്ന ചട്ടമ്പിസ്വാമികളോട് സാധകനായ ഗുരുദേവന്‍ അഭ്യസിച്ചു വെന്നത് ഒരിക്കലും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. ജ്ഞാനിയായിത്തീര്‍ന്ന സദ്ഗുരുചട്ടമ്പിസ്വാമികള്‍ ലീലയായി ജീവിതം നയിച്ചു. എന്നാല്‍ ഗുരുദേവന്‍, ഭ്രാന്താലയ മായിത്തീര്‍ന്ന രാജ്യത്തെ തീര്‍ത്ഥാലയമാക്കി മാറ്റാനുള്ള കര്‍മ്മത്തില്‍ മുഴുകി. ഗുരുവിന്റെ കര്‍മ്മപ്രപഞ്ചം വിപുലമായി. സാര്‍വ്വജനീനമായിത്തീര്‍ന്നപ്പോള്‍ അധീശത്വം സ്ഥാപിക്കു വാന്‍ ചില ഭാഗത്തുനിന്നും ശ്രമങ്ങളും ആരംഭിച്ചു. ഗുരുശിഷ്യവാദത്തിന്റെ തുടക്കമിതാണ് തുടര്‍ന്ന് കൃത്രിമരേഖകളും സംഭവങ്ങളും ചമച്ചു തുടങ്ങി ഈ കൃത്രിമത്തിനൊരു ഉദാഹാരണം ശ്രീ. സി. കേശവന്‍ രേഖപ്പെടുത്തുന്നതുനോക്കൂ ''ഒരു സ്‌കൂളിന്റെ ഉദ്ഘാടന ത്തിന് ചട്ടമ്പിസ്വാമികളും സന്നിഹിതനായിരുന്നു. സ്വാമികള്‍ വരുന്നത് കണ്ടിട്ട് നാരായണ ഗുരു പറയുകയാണ് ''ചട്ടമ്പി വരുന്നു ഒരു കസേര നീക്കിയിടൂ''. നാരായണഗുരു എണീറ്റില്ല സാഷ്ടാംഗ നമസ്‌കാരം ചെയ്തില്ല. വലുതായ സൗഹ-ദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നതവ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ ഈയിടെ ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍ കുട്ടി കാച്ചിവിട്ടിരിക്കുന്നത് കണ്ടു തൊക്കാട്ട് എവിടെയോ വച്ച് കണ്ടമാത്രയില്‍ ശ്രീനാരായണഗുരു സ്വാമികള്‍ ചട്ടമ്പിസ്വാമി പാദങ്ങളില്‍ സാഷ്ടാംഗം നിലംപതിച്ച് കണ്ണീര്‍വാര്‍ത്തു എന്നും മറ്റുംമറ്റും. മേല്‍പ്പറഞ്ഞ സംഭവം നടക്കുന്നടതിനിടയ്ക്കാണ് ഈ സംഭവം നടക്കുന്നത്. അതാണ് വിശേഷം. ഇത്തരം നിപുണമായ പച്ചപ്പോളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്?'' (സി. കേശവന്‍ ജീവിതസമരം)

ശ്രീ ചട്ടമ്പിസ്വാമികളുടെ ഭക്തന്മാര്‍ എന്നഭിമാനിക്കുന്ന ഒരു കൂട്ടര്‍ 'നാണുഗുരുവിനെ' - ശ്രീനാരായണഗുരുവിനെ ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രഥമശിഷ്യനാക്കിയേ അടങ്ങൂ എന്ന മഹാവ്രതം എടുത്തിട്ടുള്ളതുപോലെ, പലപ്പോഴും തോന്നിപ്പോവാറുണ്ട്. ശ്രീനാരായണ ഗുരുവിനെയോ ചട്ടമ്പിസ്വാമികളെയോ സ്മരിക്കേണ്ടിവരുന്ന ഒരവസരവും പാഴാക്കാതെ ഇവര്‍ തങ്ങളുടെ 'മഹാസിദ്ധാന്തം' അവിടെയെല്ലാം ആവിഷ്‌കരിക്കും. ശ്രീനാരായണ ഗുരുസ്വാമികളുടെ പോലും ഗുരുവായ ചട്ടമ്പിസ്വാമി തിരുവടികള്‍ 'പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായ നാണുഗുരു-'ശ്രീനാരായണഗുരു' എന്നൊക്കെ ഇവരില്‍ ചിലര്‍ ഒത്തുചേര്‍ന്ന് 'ശ്രീനാരായണന്റെ ഗുരു' എന്ന പേരില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ചൊരു പുസ്തകമെഴുതുവാന്‍ പോലും മടിച്ചില്ല. എന്താ, ശ്രീനാരായണഗുരുവിനെ മാറ്റി നിര്‍ത്തി യാല്‍ ചട്ടമ്പിസ്വാമികള്‍ ഈ രാജ്യത്ത് പ്രസക്തിയൊന്നുമില്ലേ? ഏതായാലും പഴയപല്ലവി ഇപ്പോഴും തുടര്‍ന്ന് പോരുന്നതു കാണാം. അതിനാല്‍ കല്പിതമായ ഈ ഗുരുശിഷ്യ വിവാദത്തിന്റെ പ്രാരംഭചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

ശ്രീ ചട്ടമ്പിസ്വാമികള്‍ക്കും (1029) ശ്രീനാരായണഗുരുവിനും (1031) തമ്മില്‍ രണ്ടു വയസ്സിന്റെ പ്രായവ്യത്യാസമേ ഉള്ളൂ. തിരുവനന്തപുരത്തുവച്ച് അവര്‍ തമ്മില്‍ കണ്ടു മുട്ടിയതും ചട്ടമ്പിസ്വാമികള്‍ തന്റെ ഗുരുവായ തൈയ്ക്കാട്ടയ്യാവിന്റെയടുക്കല്‍ ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കൊണ്ടുപോയതും രണ്ടുപേരും ഒരുമിച്ച് അയ്യാവിന്റെ കീഴില്‍ യോഗപരിശീ ലിച്ചതുമായ വിഷയങ്ങള്‍ ചട്ടമ്പിസ്വാമികളുടേയും ഗുരുവിന്റേയും ജീവിതചരിത്രങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് പരമസത്യത്തെ സാക്ഷാത്കരിച്ച് ജീവന്മുക്തന്മാരായിത്തീര്‍ന്ന രണ്ടു മഹാപുരുഷന്മാരും രണ്ടുരീതിയിലുള്ള ജീവിത നിഷ്ഠയാണല്ലോ കൈകൊണ്ടത്. ശ്രീചട്ടമ്പിസ്വാമികള്‍ സാഹിത്യത്തിലും സംഗീതവാദ്യാദി കലകളിലും നിപുണനായി അതില്‍ രമിച്ച് ഇഷ്ടസുഹൃത്തുക്കളുടേയും ശിഷ്യന്മാരുടേയും വീടുകളില്‍ താമസിച്ച് അവരോടൊപ്പം ഉണ്ടും ഉറങ്ങിയും ചില സമയം സമുദായോന്നതി ക്കായി പ്രവര്‍ത്തിച്ചും കാലം നയിച്ചപ്പോള്‍, അവതാരോദ്ദേശത്തെ നടപ്പിലാക്കാനായി താഴത്തു പാഴ്‌ച്ചേറിലമര്‍ന്നിരിക്കുന്ന ജനകോടികളെ ഉദ്ധരിക്കുവാന്‍ ആയുസ്സും വപുസ്സും ആത്മതപസ്സും കൂടി വിവേകോദയസ്വാമിയാല്‍ ഭ്രാന്താലയം എന്ന് വിളിക്കപ്പെട്ട് കുപ്രസിദ്ധി നേടിയ രാജ്യം ഗുരുദേവനാല്‍ തീര്‍ത്ഥാലയമായി മാറുകയായി. ഡോ.പല്പു, കുമാര നാശാന്‍, ടി. കെ. മാധവന്‍ തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാരും അയ്യന്‍കാളി, മന്നത്തു പത്മനാഭന്‍, വക്കം മൗലവി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ സാമുദായികനേതാക്കന്മാരും ഗുരുദേവനെ സ്‌നേഹിച്ചാദരിക്കുകയും ഗുരുവില്‍ നിന്നും ഗുരുദേവനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.



ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍

എന്നാല്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ സ്ഥിതി ഇതായിരുന്നില്ല. ശ്രീ പൂത്തേഴത്തു രാമന്‍ മേനോന്‍ എഴുതുന്നു. 'ദുരഭിമാന ദൂഷിതരും ദുസ്വാതന്ത്ര്യപ്രബുദ്ധരുമായ പ്രഭാവത്തെ അത്രമാത്രം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്തില്ല.'' (ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം പേജ് 66 കാണുക) സ്വാമികളെ ആചാര്യനായി സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തി ക്കുവാന്‍ സ്വസമുദായാംഗങ്ങള്‍ മുന്നോട്ടുവന്നില്ല. നായര്‍ സമുദായാചാര്യനായ മന്നത്തു പത്മനാഭന്‍ ജീവിതത്തിലൊരിക്കല്‍പോലും ശ്രീചട്ടമ്പിസ്വാമികളെ നേരില്‍ക്കണ്ടിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ചട്ടമ്പിസ്വാമി സമാധിയാകു മ്പോള്‍ മന്നത്തിന് 45ലധികം വയസ്സുണ്ടായിരുന്നു. എന്‍.എസ്.എസ്. സ്ഥാപിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞിരുന്നു) ഇപ്രകാരം ആരാധിക്കേണ്ടവരില്‍ നിന്ന് കാര്യമായ പരിഗണനയും അംഗീകാരവും ലഭിച്ചിരുന്നില്ലയെങ്കിലും നായര്‍ സമുദായത്തെ ഉദ്ധരിക്കുന്നതായി 'പ്രാചീന മലയാളം' തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചനയിലും മറ്റും സ്വാമികള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. സ്വാമികള്‍ക്ക് പ്രശസ്തിയും അംഗീകരവും നേടിയെടുക്കുന്നതിനായി ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍, തീര്‍ത്ഥപാദപരമഹംസര്‍ തുടങ്ങിയ ശിഷ്യന്മാര്‍ ചില പരിശ്രമ മൊക്കെ അക്കാലത്ത് ചെയ്യാതിരുന്നില്ല. എന്നാല്‍ ജാതിവ്യത്യാസത്തെ മറന്ന് ഈഴവരു ടെയും നായന്മാരുടേയും ഗൃഹങ്ങളില്‍ താമസിച്ച് ഇടപഴകി കഴിഞ്ഞിരുന്ന ചട്ടമ്പിസ്വാമികളെ ആദരിച്ച് ആചാര്യനായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ എന്‍.എസ്.എസ്. നേതൃത്വമോ നായര്‍ സമുദായപരിഷ്‌കര്‍ത്താക്കളോ തയ്യാറായില്ല.

ഗുരുശിഷ്യബന്ധത്തിന്റെ യാഥാര്‍ത്ഥ്യം

നീലകണ്ഠതീര്‍ത്ഥപാദരുടെ നിര്‍ദ്ദേശപ്രകാരം 'കവിദ്വീപന്‍' ആറന്മുള നാരായണ പിള്ള, എന്ന ശിഷ്യന്‍ 1910-ല്‍ 'സദ്ഗുരുസര്‍വ്വസ്വം' അഥവാ 'ബാലാഹ്വയ സ്വാമിചരണാ ഭരണം' എന്ന പേരില്‍ ചട്ടമ്പിസ്വാമികളുടെ ജീവിതിചരിത്രം സംസ്‌കൃതഖണ്ഡകാവ്യമായി എഴുതി. സ്വാമികളുടെ ജഗദ്ഗുരുത്വം പ്രചരിപ്പിക്കുന്നതിനായി പ്രസ്തുത പുസ്തകം അച്ചടിപ്പിച്ച് വിതരണം നടത്തുകയുമുണ്ടായി. (നീലകണ്ഠതീര്‍ത്ഥപാദസ്വാമി സമുച്ചയം ഒന്നാം പതിപ്പ് പേജ് 149 കാണുക) മൂന്നു ഖണ്ഡമുള്ള ഈ മഹാഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം സ്വാമികളുടെ ചരിത്രവും രണ്ടാം ഭാഗം പ്രധാനഅപദാനങ്ങളും മൂന്നാം ഭാഗം ശിഷ്യഗണങ്ങളുടെ വര്‍ണ്ണനയുമാകുന്നു. മൂന്നാം ഭാഗത്തില്‍ സ്വാമികളുടെ ശിഷ്യന്മാരെ മാത്രമല്ല, പ്രഥമശിഷ്യന്മാരെപ്പോലും ശിഷ്യപട്ടികയില്‍ ശ്രീനാരായണഗുരുവിന്റെ പേരില്ല. ശ്രീനീലകണ്ഠതീര്‍ത്ഥപാദര്‍, തീര്‍ത്ഥപാദഹംസര്‍ എന്നിവരെ യഥാക്രമം പ്രഥമനായും ദ്വിതീയനായും വര്‍ണ്ണിച്ചിരിക്കുന്നു.

അക്കാലത്തും (1910) ദക്ഷിണേന്തയിലെങ്ങും സര്‍വ്വത്രപ്രഭ നിറഞ്ഞു വിളങ്ങിയ മഹാത്മാവായിരുന്നല്ലോ ശ്രീനാരായണഗുരു. അവിടുന്ന് ശ്രീചട്ടമ്പിസ്വാമികളുടെ ശിഷ്യ നായിരുന്നുവെങ്കില്‍ ഒരു പത്താം സ്ഥാനമെങ്കിലും അദ്ദേഹത്തിന് കൊടുത്ത് ശിഷ്യന്മാരുടെ പട്ടികയില്‍ ചേര്‍ക്കാമായിരുന്നുവല്ലോ. ഗുരുവിന് ഏറ്റവും പരിചിതരായിരുന്നുവെന്ന കാര്യ വും നാം ഓര്‍ക്കണം. ഗ്രന്ഥകര്‍ത്താവ് വിട്ടു പോയെങ്കില്‍, അവതാരികാകാരനായ ശിഷ്യന്‍ ശ്രീ. ജി. രാമന്‍മേനവനും വിട്ടുപോകുമോ? ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥം കാണാതെ വരുമോ? അതേ, സത്യം സത്യമായിത്തന്നെ എന്നെന്നും നിലനില്‍ക്കും. തുടര്‍ന്ന് സദ്ഗുരു സര്‍വ്വസ്വത്തില്‍ പ്രഥമശിഷ്യനായി വര്‍ണ്ണിച്ചിരിക്കുന്ന നീലകണ്ഠതീര്‍ത്ഥപാദരുടെ ജീവചരിത്രം 'ശ്രീനീലകണ്ഠചര്യാമൃതം' എന്ന പേരില്‍ 1911-ല്‍ ചട്ടമ്പിസ്വാമികളുടെ ഷഷ്ഠി പൂര്‍ത്തി, തിരുവല്ലാത്താലൂക്കിലെ 'എഴുമാറ്റൂര്‍' എന്ന ഗ്രാമത്തില്‍ മാത്രം ആഘോഷിച്ച അവസരത്തില്‍ പ്രസിദ്ധപ്പെടുത്തിയ 'ഷഷ്ഠിപൂര്‍ത്തി പ്രശസ്തി' എന്ന ഗ്രന്ഥത്തിലും ശ്രീനാരായണഗുരുവെന്നൊരു ശിഷ്യന്‍ ശ്രീചട്ടമ്പിസ്വാമികള്‍ക്ക് ഇല്ലേ ഇല്ല. ശ്രീ ചട്ടമ്പിസ്വാമി കളെക്കുറിച്ച് അക്കാലത്ത് എഴുതിയിരുന്ന സ്‌തോത്രങ്ങളില്‍ പ്രധാന ശിഷ്യന്മാരുടേയും പ്രതിശിഷ്യന്മാരുടേയും ഇപ്രകാരം പേരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ശ്രീനാരായണഗുരുവിന്റെ തിരുനാമധേയം കാണാന്‍ കഴിയുകയില്ല. 1088/89 (1913/14) വര്‍ഷങ്ങള്‍വരെ ഈ നിലതന്നെ തുടര്‍ന്നുവന്നു.

ചരിത്രം മാറ്റി എഴുതുന്നു

ഇതിനിടയില്‍ ശ്രീനാരായണഗുരുദേവന്റെ നവോത്ഥാനപ്രവര്‍ത്തനം സമസ്തജനത യുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞി രുന്നു. നാടുഭരിച്ചിരുന്ന രാജാവടക്കം ജീവിതത്തിന്റെ ഉന്നതശ്രേണിയിലുള്ള നാനാജാതി മതസ്ഥര്‍പോലും ഗുരുദേവനില്‍ ആകൃഷ്ടരായി. കേരളത്തിനുവെളിയിലും മലയാളികളുള്ള സ്ഥലങ്ങളിലൊക്കെയും ശ്രീനാരായണഭാനുമാന്റെ യശോരാശി അത്യുജ്ജ്വലം പ്രകാശി ക്കുകയും ശശാങ്കബാലവിംബം സ്വാഭാവികമായിത്തന്നെ നിഷ്പ്രഭമാകുകയും ചെയ്തു. ഇതോടുകൂടി ശ്രീനാരായണസല്‍ക്കീര്‍ത്തി ചന്ദ്രികയുടെ പ്രഭാപ്രസരണത്തില്‍ അസ്വസ്ഥ രായി ചിലര്‍ തങ്ങളുടെ പരമനാഥന്റെ പ്രവാചകരായി രംഗപ്രവേശം ചെയ്തുതുടങ്ങി. അവര്‍ ചില പുത്തന്‍ വെളിപാടുകളും സ്വകപോകല്പിതങ്ങളായ കെട്ടുകഥകളും ബോധപൂര്‍വ്വം മെനഞ്ഞെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. അവയില്‍ ഒന്നായിരുന്നു ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമികളുടെ പ്രഥമശിഷ്യനാക്കിക്കൊണ്ടുള്ള അവതരണം. സ്ഥാനത്തും അസ്ഥാ നത്തും ഈ വിതണ്ഡവാദം ആവിഷ്‌ക്കരിക്കുവാന്‍ ശ്രമവും തുടങ്ങി. അവയില്‍ അങ്ങനെ അതുവരെയും, ശിഷ്യനല്ലാതിരുന്ന ശ്രീനാരായണഗുരുവിനെ തുടര്‍ന്നങ്ങോട്ട് ചട്ടമ്പി സ്വാമികളുടെ പ്രഥമശിഷ്യനായി മാറ്റി പറയാന്‍ തുടങ്ങി. അതുവരേയും പ്രഥമനായിരുന്ന നീലകണ്ഠതീര്‍ത്ഥപാദര്‍ക്ക് ദ്വിതീയസ്ഥാനം നല്‍കി തരംതാഴ്ത്തുകയും ചെയ്തു.

ശിഷ്യത്വം സ്ഥാപിക്കുവാന്‍ നിരത്തുന്ന തെളിവുകളില്‍ ആദ്യത്തേത് ആചാരപദ്ധതി എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതി എന്നു പറയുന്ന ഒരു കുറി പ്പാണ്. ആ കുറിപ്പുകളുള്‍ക്കൊള്ളുന്ന 'ആചാരപദ്ധതി' എന്ന പുസ്തകം, കേരളീയനായര്‍ സമാജം സെക്രട്ടറി, സമുദായോത്തേജകന്‍ ശ്രീ. സി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം നായര്‍ സമുദായത്തെ ഉദ്ധരിക്കുന്നതിനായി ശ്രീ. നീലകണ്ഠതീര്‍ത്ഥര്‍ എഴുതിയതാണ്. പുസ്തകരചന നടക്കുന്ന കാലത്ത് ശ്രീ ചട്ടമ്പിസ്വാമികള്‍ നീലകണ്ഠതീര്‍ത്ഥകര്‍ക്ക് എഴുതിയ കത്തില്‍ ഇപ്രകാരം കാണുന്നു. (നീ. തി. ചരിതം പേജ് 300 ഒന്നാം പതിപ്പ് - 1095) ''നായര്‍ സമാജക്കാര്‍ക്ക് വല്ലതുമൊക്കെ സൗകര്യംപോലെ ചെയ്യുന്നതു കൊണ്ടു വിരോധമില്ല, നാരായവേരുവിട്ടേച്ചു നിലനില്ക്കുന്നുവരാണെങ്കിലും ഇരുന്നോട്ടെ...'' ചട്ടമ്പി (ഒപ്പ്)

സര്‍വ്വധായോഗ്യനായ ഒരു നേതാവിനെ (തന്നെ) മുന്‍നിറുത്തി നായന്മാര്‍ പ്രവര്‍ത്തി ക്കാതിരുന്നതിലാണല്ലോ സ്വാമികള്‍ക്ക് ഇപ്രകാരം എഴുതേണ്ടി വന്നത്. അവിടെ നില്ക്കട്ടെ. ആമുഖക്കുറിപ്പടങ്ങിയ 'ആചാരപദ്ധതി'യെ പറ്റി തന്നെ തുടരാം. 1088-ാമാണ്ട് ആദ്യം മുതല്ക്കു പുസ്തകം എഴുതാനാരംഭിച്ചു. പുസ്തകരചനയെ സംബന്ധിച്ച് ശ്രീ. സി. കൃഷ്ണ പിള്ള നീലകണ്ഠതീര്‍ത്ഥര്‍ക്ക് 21.1.88-ല്‍ അയച്ച കത്തില്‍ ഇപ്രകാരം കാണുന്നു... 'അതില്‍ പുസ്തകത്തില്‍ എന്തെല്ലാം ചേര്‍ക്കണമെന്ന് അവിടുന്നു വിചാരിക്കുന്നുവോ അവകളെ എല്ലാം ധൈര്യസമേതം ചേര്‍ക്കേണ്ടതാണ്. ഭയപ്പെട്ടിട്ടാവശ്യമില്ല. ശൂദ്രത്വം നിമിത്തമുണ്ടായ ഭയമാണ് നായര്‍ത്വത്തെ ഇല്ലാതാക്കിയത്. നായന്മാരുടെ ഉത്കര്‍ഷത്തിന് എന്തെല്ലാം ആവശ്യമുണ്ടെന്നു തോന്നുന്നുവോ അവയൊക്കെ പുസ്തകത്തില്‍ അടങ്ങിയിരിക്കണം. ഇതൊരു നായകസ്തുതിയായി സ്വീകരിക്കപ്പെടണം...'' (നീ. ക. തി. ചരിതം പേജ് 302)

നായന്മാര്‍ക്ക് സ്വതന്ത്രമായ പൂജാവിധാനവും ആചാരപദ്ധതിയും ഉണ്ടാക്കുന്ന തിനാണ് ഗ്രന്ഥരചനയ്ക്കുദ്യമിച്ചത്. എന്നാല്‍ സമുദായത്തിന്റെ ഉത്കര്‍ഷത്തിനായി എന്തും എഴുതിനിറച്ച് നായകസ്തുതിക്കായുള്ള യത്‌നവും ഇതോടെ ആരംഭിച്ചു കഴിഞ്ഞു. തുടര്‍ന്ന് 15.2.88-ല്‍ കൃഷ്ണപിള്ള തീര്‍ത്ഥപാദകര്‍ക്ക് വീണ്ടും എഴുന്നതു നോക്കൂ: 'അവിടുത്തെ ശ്രമങ്ങള്‍ വളരെ ശ്ലാഘനീയംതന്നെ. നായന്മാരെ ഒരു ഉന്നതസ്ഥിതിയില്‍ കൊണ്ടുവരുന്ന തിന് അവടുത്തേക്കുള്ള ആഗ്രഹം എഴുത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വെളിവാകുന്നു. മുഖവുരയെപ്പറ്റി വേണ്ടതുപോലെ ചെയ്തുകൊള്ളാം.'' (നീ. തീ. ചരിത്രം പേജ് 302)

ഈ മുഖവുരയില്‍ കൂടിയാണ് ഗുരുദേവനെ ശിഷ്യനാക്കിയുള്ള വാക്യങ്ങള്‍ കടന്നുവരുന്നത്. മുഖവുരക്കുറിപ്പില്‍ നിന്നും മേല്‍പ്പറഞ്ഞ കത്തുകളില്‍ നിന്നും ഉളവാകുന്ന ആശയപ്രപഞ്ചത്തെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. അതെല്ലാം മാന്യവായന ക്കാര്‍ക്കുതന്നെ മനസ്സിലാക്കാമല്ലോ. ഒരു കാര്യം സത്യമാണ്. നായര്‍ സമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിന്നായി, ആരെയും ഭയപ്പെടാതെ 'ആചാരപദ്ധതി' തയ്യാറാക്കിയപ്പോള്‍ 'നായക സ്തുതിക്കായി' ചില്ലറതിരിമറികള്‍ പുസ്തകരചനയിലും ആമുഖക്കുറിപ്പിലും നടന്നിരിക്ക ണം. സുസൂക്ഷ്മമായ പഠനം നടത്തേണ്ട ഒരു കാര്യമാണിതെന്നതിന്, തെല്ലും സംശയമില്ല. 

ആമുഖക്കുറിപ്പിലെ പൊള്ളയായ കല്പന

ഇനി ഉള്ളടക്കത്തിനെക്കുറിച്ച് അല്പമൊന്നു വിചിന്തനം ചെയ്താല്‍ അത് തന്നെയും പൊള്ളത്തരമാണെന്ന് ആര്‍ക്കും സ്പ്ഷടമാകും. 'യോഗജ്ഞാനപാരംഗതയ്ക്ക് യോഗ ജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാഗ്രഹിക്കുകയും പരിശീലിക്കുകയും ചെയ്ത് ആരൂഢ പദത്തിലെത്തുന്നതിന് അനേകവര്‍ഷക്കാലം എന്നോടുകൂടി സഹവസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്നയാള്‍''... എന്നാണല്ലോ പ്രധാന ഭാഗം. സാമുദായി കോത്കര്‍ഷത്തിനായി എഴുതിയ പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ഇത്ര കണക്കും അടയാളവും യോഗവും ജ്ഞാനവും സമ്പ്രദായവുമൊക്കെ ചേര്‍ത്ത് ഒരു കുറിപ്പെഴുതു മ്പോള്‍, പ്രകൃതവുമായി അതിനെന്ന ബന്ധം? മാത്രമല്ല, ഇതിലെ അനേകവര്‍ഷക്കാലം എന്ന പദം നിജസ്ഥിതിയെ സുവ്യക്തം ബോദ്ധ്യപ്പെടുത്തിത്തരുന്നു. ചട്ടമ്പിസ്വാമികളും, ഗുരുദേവ നും തമ്മില്‍ കണ്ടുമുട്ടിയത് 1060-ല്‍ ആയിരുന്നുവെന്ന് രണ്ടുമഹാന്മാരുടേയും ജീവിതചരിത്ര ങ്ങളില്‍ കാണാവുന്നതാണ്. (1058ലായിരുന്നുവെന്ന് ചട്ടമ്പിസ്വാമികളുടെ ചില ശിഷ്യന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്) യോഗപഠനവും മരുത്വാമലയിലെ തപസ്സും കഴിഞ്ഞ് 1062-ല്‍ ഗുരുദേവന്‍ അരുവിപ്പുറത്ത് സ്ഥിരതാമസമാക്കുകയും 1063-ലെ കുംഭത്തില്‍ ശിവകരമായ ശിവപ്രതിഷ്ഠ നടത്തി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നാന്ദി കുറിക്കുകയുണ്ടായി. ഇതിനിടയിലുള്ള തുച്ഛമായ ഇടവേള എങ്ങനെ അനേക വര്‍ഷമായിത്തീരും. അതു മാത്രമല്ല തൈക്കാട്ട് അയ്യാവിന്റെ കീഴില്‍ രണ്ടുപേരും ഒരുമിച്ച് യോഗം പരിശീലിച്ചിരുന്നുവെന്ന സത്യം നിലനില്‍ക്കുമ്പോള്‍ ഒരാള്‍ അപരനോട് മാത്രമല്ല അന്ന് ആത്മസാധകനായ ചട്ടമ്പി സ്വാമി ഉപരിപഠനാര്‍ത്ഥം മറ്റ് പല ഗുരുക്കന്മാരുടേയും ശിഷ്യത്വം സ്വീകരിക്കുന്നത് ഇതിനു ശേഷമാണ്. പിന്നെയെങ്ങനെയാണ് ഇക്കാലത്ത് ഗുരുദേവനെ യോഗജ്ഞാനമാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന് പരിശീലിപ്പിക്കുവാന്‍ സാധിക്കുന്നത്?

സദ്ഗുരുവും ചട്ടമ്പിസ്വാമികളും

ഇനി ചട്ടമ്പിസ്വാമികളുടെ സമാധിയെ സംബന്ധിച്ച് ശ്രീനാരായണഗുരു എഴുതിയ ചരമശ്ലോകങ്ങളില്‍ 'സദ്ഗുരു ശുകവത്ന്മനാ' എന്നു പ്രയോഗിച്ചത് വക്താവിന്റെ ഗുരു എന്ന നിലയിലാണെന്നാണ്. നമുക്കു നോക്കാം ആ പദ്യത്തിലെ കര്‍തൃപ്രയോഗമാണ് പ്രസ്തുത പദം. ആ പമില്ലെങ്കില്‍ കവിത ചട്ടമ്പിസ്വാമിയെക്കുറിച്ചാണെന്ന് പറയുവാന്‍ കൂടി സാധി ക്കുകയില്ല. കാരണം ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ''സദ്ഗുരു'' എന്നാണ് സംബോധന ചെയ്തിരുന്നത്. 1910-ലെ ജീവിതചരിത്രത്തിന്റെ പേരുതന്നെ 'സദ്ഗുരുചരണാഭരണം' എന്നായിരുന്നുവെന്ന് നാം മനസ്സിലാക്കിയല്ലോ. അതുപോലെ സ്വാമികളുടെ പ്രഥമശിഷ്യന്‍ നീലകണ്ഠതീര്‍ത്ഥര്‍ നടത്തിയ മാസികയുടെ പേരും 'സദ്ഗുരു' എന്നതാണ്. ഗാന്ധിജിയെ 'മഹാത്മാ' വെന്നും നെഹ്‌റുവിനെ 'പണ്ഡിറ്റ്ജി' എന്നും സുഭാഷ് ചന്ദ്രബോസിനെ 'നേതാജി'എന്നും സംബോധന ചെയ്തിരുന്നതുപോലെയാണ്, ചട്ടമ്പി സ്വാമിയെ 'സദ്ഗുരു' എന്ന് സംബോധന ചെയ്തിരുന്നത്. അതുകൊണ്ട് ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ 'സദ്ഗുരു' സമാധിയായെന്ന് ഗുരുദേവന്‍ എഴുതിയത്. മാത്രമല്ല 'സദ്ഗുരു'വെന്ന് എഴുതിയാല്‍ തൃപ്പാദങ്ങള്‍ ശിഷ്യനാണെന്ന് ചിലര്‍ സംശയിക്കുകയില്ലെ? എന്ന് ആ കവിത പകര്‍ത്തിയെടുത്ത ശ്രീ സുഗുണാനന്ദസ്വാമികള്‍ ഗുരുവിനോട് അപ്പോള്‍തന്നെ നേരിട്ട് ചോദിച്ചപ്പോള്‍, 'എന്താ, മദ്ഗുരു' എന്നെഴുതാന്‍ നമുക്കറിയില്ലേ? എന്നായിരുന്നു ഗുരുവിന്റെ പ്രത്യുത്തരം ''ശ്ലോകത്തിലെ വിശേഷണപദങ്ങള്‍ പരമഹംസ ന്മാരായ സന്യാസിമാരെക്കുറിച്ച് സാധാരണ എഴുതാറുള്ളതാണെന്നും അവിടുന്ന് അഭിപ്രായ പ്പെടുകയുണ്ടായി'' (സുഗുണാനന്ദസ്വാമി സ്മരണ) അതിനാല്‍ സദ്ഗുരുവെന്ന പ്രയോഗവും ഗുരുത്വത്തെ സ്ഥാപിക്കുവാന്‍ മതിയായ തെളിവാകുന്നില്ല.

പ്രിയപ്പെട്ട വായനക്കാരെ, ശ്രീനാരായണഗുരുദേവന്റെ ധവളാഭമായ യശോരാശിയില്‍ അസ്വസ്ഥചിത്തരായ ചിലര്‍ ബോധപൂര്‍വ്വം മെനഞ്ഞെടുക്കുന്ന കെട്ടുകഥകള്‍ക്കു കണക്കില്ല. ശ്രീനാരായണശിഷ്യന്മാരായ ചിലര്‍പോലും നിജസ്ഥിതിയറിയാതെ ഈ കെട്ടുകഥകളില്‍ വിശ്വസിച്ച് കണ്ണുംപൂട്ടി നിന്നിട്ടുണ്ട്. എന്നാല്‍ ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ പാടിയിട്ടുള്ളതുപോലെ 'അനൃതമൊരസ്ഥിതയെ മറയ്ക്കുകയില്ല' എന്നു നമുക്ക് സമാധാനപ്പെടാം.

യേശുക്രിസ്തുവും സ്‌നാപകയോഹന്നാനും തമ്മിലുള്ള ബന്ധമാണ് ഗുരുദേവനും ചട്ടമ്പിസ്വാമികള്‍ക്കുമിടയില്‍ ഉണ്ടായിരുന്നത് എന്ന നടരാജഗുരു ഒരിടത്ത് അഭിപ്രായ പ്പെടുന്നുണ്ട്. നടരാജഗുരു 1968-ലെ ഗുരുകുലം മാസികയില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ''ഒരിക്കല്‍ അങ്ങയുടെ ഗുരു ആര്? എന്ന് നാരായണഗുരുവിനോട് ചോദിച്ചപ്പോള്‍ ''ദേവന്മാരും മനുഷ്യരുമാണ് നമ്മുടെ ഗുരുക്കന്മാര്‍' എന്ന് വെട്ടിത്തുറന്നുപറയുവാന്‍ ഗുരു മടിച്ചില്ല. ആചാര്യചേഷ്ടാസു ലോകഃ ഏവ ഹി ധീ മതാം'' എന്നാണല്ലോ ശാസ്ത്രം. ആ നിലയില്‍ ഗുരുദേവന്റെ ഈ തിരുവായ്‌മൊഴി സത്യത്തെ വ്യക്തമായി തുറന്നു പ്രകാശി പ്പിക്കുന്നുണ്ട്. മാത്രമല്ല നടരാജഗുരു താനെഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിലൂടനീളം നാരായണ ഗുരുവിനെ അവതരിപ്പിക്കുന്നത് ഗുരുശിഷ്യബന്ധത്തിനൊക്കെ അതീതനായി ഉണരരുതിന്നി യുറങ്ങീടാതെ അറിവിനായി പ്രശോഭിച്ചിരുന്ന - പൂര്‍ണ്ണപ്രജ്ഞനായ ഗുരുവായിട്ടാണെ ന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ''മുക്തി കാമന്മാരില്‍ വളരെ അപൂര്‍വ്വവും ചിലര്‍ ദൈവാനുഗ്രഹത്താല്‍ ആത്മരഹസ്യം സ്വയം കണ്ടെത്തി മുക്തന്മാരായിത്തീരാറുണ്ട്. നാരായണഗുരു അത്തരത്തിലുള്ള ഒരു മഹാപുരുഷനായിരുന്നു'' എന്ന് നടരാജഗുരുവിന്റെ ശിഷ്യന്‍ മുനിനാരായണപ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. (ബ്രഹ്മവിദ്യാപഞ്ചകം പേജ് 13) 'ഗുരുശിഷ്യബന്ധം വ്യക്തിഗതമാണ്, സമുദായനിഷ്ഠമല്ല' ശ്രീനാരായണഗുരുവിന്റെ വിദ്യാരംഭം നിര്‍വ്വഹിച്ചത് കണ്ണങ്കര മൂത്തപിള്ളയാണ്; ഗുരുദേവന്‍ ഉപരിവിദ്യാഭ്യാസം നേടിയത് കുമ്മം പള്ളി കൊച്ചുരാമന്‍പിള്ള ആശാനില്‍ നിന്നുമാണ് യോഗവിദ്യാപരിശീല നമോ, വെള്ളാളപിള്ളയായ തൈക്കാട്ട് അയ്യാവില്‍ നിന്നും ഇപ്രകാരം നോക്കിയാല്‍ ഗുരുദേവന്റെ വിദ്യാഗുരുക്കന്മാരില്‍ മൂത്തവരും നായന്മാരാണ്. എങ്കില്‍ നായര്‍ സമുദായത്തില്‍ത്തന്നെ ജനിച്ച ചട്ടമ്പിസ്വാമികള്‍ക്കു ഗുരുവായിക്കൂടെ? ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ ഗുരുവല്ല എന്നു പറയാന്‍ കാരണം ഗുരുവല്ലാത്തതുകൊണ്ടു മാത്രമാണ്. ജാതിക്ക് അവിടെ സ്ഥനമേ ഇല്ല. അല്ലെങ്കില്‍തത്തന്നെ ഗുരുശിഷ്യബന്ധം ഒരു വിവാദവിഷയമാണോ? മുമ്പ് സൂചിപ്പിച്ചതുപോലെ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനാണ് സ്വാമി വിവേകാനന്ദന്‍. ഗാന്ധിജിയുടെ ശിഷ്യനാണ് ആചാര്യവിനോബാജി, ഗുരുവിന്റെ ശിഷ്യരാണ് സ്വാമി സത്യവ്രതന്‍, നടരാജഗുരു തുടങ്ങിയവര്‍. ഇവരുടെയൊക്കെ ഗുരുശിഷ്യബന്ധം ഒരിക്കലും വിവാദവിഷയമായിട്ടില്ല. കാരണം സ്വജീവിതംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും അവര്‍ അത് ലോകത്തിന് ബോദ്ധ്യമാക്കിക്കൊടുത്തു. യാതൊരു വിവാദവും കൂടാതെ സമസ്തലോകരും അത് അംഗീകരിച്ചാരാധിച്ചു. 'അബോധോപഹ തന്മാര്‍' ബോധപൂര്‍വ്വം മെനഞ്ഞെടുക്കുന്ന 'കുറിപ്പുകള്‍ക്ക്' അവിടെ യാതൊരു സ്ഥാനവുമില്ല. പൂര്‍വ്വപക്ഷത്തിനും സമാധാനത്തിനുമൊക്കെ അതീതമാണ് - പാവനമായ ഗുരുശിഷ്യബന്ദമെന്ന് സ്വജീവിതംകൊണ്ട് അവര്‍ ലോകത്തെ പഠിപ്പിച്ചു.

ചട്ടമ്പിസ്വാമികളുടേയും ഗുരുദേവന്റേയും ദാര്‍ശനികമായ നിലപാടുകളും വിഭിന്ന മായിരുന്നു. രണ്ടുപേരും അദ്വൈതികളായിരുന്നുവെങ്കിലും ആവിഷ്‌കാരത്തില്‍ വൈജാത്യം കാണുന്നു. ഗുരുവിന്റെ കൃതികള്‍ ആനുഭൂതികമാണ്. ചട്ടമ്പിസ്വാമികളുടേത് ഖണ്ഡന മണ്ഡനാപരവും. ഗുരുസര്‍വ്വമത സമന്വയദര്‍ശനം അവതരിപ്പിക്കുമ്പോള്‍ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതഛേദനമെഴുതി. ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണത്തില്‍ വേദം പഠിക്കു വാനുള്ള അധികാരം സവര്‍ണ്ണവര്‍ഗ്ഗത്തില്‍ പെട്ട ശുദ്രനും (നായര്‍സമുദായം) ഉണ്ടെന്ന് സ്ഥാപിക്കുമ്പോള്‍ ഗുരുദേവന്‍ സ്ത്രീപുരുഷവ്യത്യാസമില്ലാതെ ആര്‍ക്കും അധികാര മുണ്ടെന്ന് എഴുതുക മാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ക്ക് സാമൂഹികപ്രവര്‍ത്തനവും ജീവിതവും കേവലം ലീല മാത്രമായിരുന്നുവെങ്കില്‍ ഗുരുദേവന്‍ അത് ജ്ഞാനിയുടെ വിധിപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനമായി കരുതുകയും പ്രാവര്‍ത്തിക മാക്കുകയും ചെയ്തു. ഗുരുസംഘടനയും പ്രസ്ഥാനവും മഠവും ആശ്രമങ്ങളും ക്ഷേത്ര ങ്ങളും സമൂഹത്തിന് സ്ഥാപിച്ചുകൊടുത്തപ്പോള്‍ ഇക്കാര്യങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ പുറംതിരിഞ്ഞുനിന്നു.

യാതൊരുവിധ പ്രതിഫലേച്ഛയും കൂടാതെ സമസ്തജനതയുടേയും പാപങ്ങളെ കഴുകിക്കളഞ്ഞ് അവരുടെ ശരീരപ്രാണചേതസ്സുകളെ പവിത്രീകരിച്ചുകൊണ്ട് അതിശക്ത മായി മുന്നോട്ടുഗമിച്ച ശ്രീനാരായണഗംഗയുടെ ഉജ്ജ്വലപ്രവാഹത്തില്‍ വിറളിപൂണ്ട ഒരുപറ്റം തീര്‍ത്ഥങ്കരപാപികള്‍ സ്വയം സൃഷ്ടമായ തങ്ങളുടെ അധീശത്വവും നായകത്വവും സംരക്ഷി ക്കാന്‍ പ്രതിജ്ഞാബദ്ധരായിത്തീര്‍ന്നതിന്റെ ബഹിസ്ഫുരണം മാത്രമാണീ ഗുരുശിഷ്യവാദം.

തനിക്ക് പ്രിയങ്കരനും ആത്മസഹോദരനുമായ 'നാണുഗുരുവിനെ' തന്റെ ശിഷ്യനായ ചിലര്‍ ചില്ലറകാര്യലാഭിത്തിനായി പ്രചരിപ്പിച്ചുവരുന്ന കഥ ചട്ടമ്പിസ്വാമികളുടെ ചെവിയിലും എത്താതിരുന്നില്ല. മാനാപമാനസമാനസനായിരുന്ന അവിടുന്നാകട്ടെ കയ്യോടെ അത് നിഷേധിക്കുകയും ചെയ്തു. 1. 'അപ്പനേ നാം ആരുടെയും ഗുരുവല്ല; എല്ലാവരുടേയും ശിഷ്യനാണ്' ഗുരുസ്മരണാപാഠാവലി പേജ് 47. അതുപോലെതന്നെ സമീപിച്ച നാരായണ നാശാന്‍ എന്ന ഭക്തനെ നോക്കി ചട്ടമ്പിസ്വാമികള്‍ പറഞ്ഞു. 2. 'നാണുഗുരുവും ഞാനും സതീര്‍ത്ഥ്യരാണ്. അല്ലാതെ ചിലര്‍ പറയാറുള്ളതുപോലെ ഞാന്‍ നാണുഗുരുവിന്റെ ഗുരുവല്ല, മാത്രമല്ല എന്നേക്കാള്‍ കൂടുതല്‍ പഠിപ്പും നാണുഗുരുവിനാണ്.'' (വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ പേജ് 51) ചട്ടമ്പിസ്വാമികളുടെ ഈ പാവനവാണികള്‍ നമ്മെ എന്താണ് പഠിപ്പിക്കുന്നത്.

അതുപോലെ ഗുരുശിഷ്യവാദവുമായി തന്നെ സമീപിച്ച വല്ലഭശ്ശേരി ഗോവിന്ദനാശാ നോട് ഗുരുദേവന്‍ ഒരിക്കല്‍ പറഞ്ഞു. ''ചട്ടമ്പിസ്വാമിയും നാമും സതീര്‍ത്ഥ്യരാണ്. അദ്ദേഹം നമ്മെ 'നാണാന്‍' എന്നും നാം അദ്ദേഹത്തെ 'ചട്ടമ്പി' എന്നുമാണ് വിളിക്കാറ്. അദ്ദേഹത്തെ നാമോ നമ്മെ അദ്ദേഹമോ എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടാ യിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്... ചെറുപ്പത്തില്‍ വാരണപ്പള്ളിയില്‍ താമസിച്ച് കുമ്മംപള്ളിയില്‍ താമസിച്ച് കൊച്ചുരാമന്‍പിള്ള ആശാനില്‍ നിന്നും പഠിച്ചിട്ടുണ്ട്. കൊച്ചുരാമന്‍പിള്ള ആശാനാണ് നമ്മുടെ ഗുരു എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. (വല്ലഭശ്ശേരി പേജ് 54)

ശ്രീനാരായണഗുരുദേവന്റേയും ശ്രീചട്ടമ്പിസ്വാമി തിരുവടികളുടേയും ഈ തിരുവായമൊഴിവകളില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ട്. ഈ അമൃതവാണികള്‍ക്ക് വിശാലമായൊരു വ്യാഖ്യാനം ഇനിയും ആവശ്യമില്ലല്ലോ. ഗുരുശിഷ്യവിവാദത്തിന്റെ വിരാമധ്വനിയല്ലേ ഈ വാക്കുകളില്‍ മുഴങ്ങി കേള്‍ക്കുന്നത്. എങ്കിലും വിവേകഭ്രഷ്ടന്മാരുടെ ബധിരകര്‍ണ്ണങ്ങളില്‍ ഇതൊന്നും പതിക്കുകയില്ലല്ലോ. കഷ്ടം!


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക

0 comments:

Post a Comment