Monday, 4 May 2020

എം.പി.മൂത്തേടത്തിന്റെ അനുഭവം - by സച്ചിച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

ശിവഗിരി മഹാസമാധി മന്ദിരത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവപ്രതിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട അധികമാരും അറിയാത്ത ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹവും അത്യത്ഭുതവും നിറഞ്ഞ സംഭവം - വായിക്കുക , പരമാവധി ഷെയർ ചെയ്യുക
by സച്ചിച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
........................................

എം.പി.മൂത്തേടത്തിന്റെ അനുഭവം

ബ്രഹ്മവിദ്യാലയം സ്ഥാപിക്കുവാന്‍ ഗുരുദേവന്‍ ശിലാസ്ഥാപനം ചെയ്ത സ്ഥലത്താ ണല്ലോ ഗുരുവിന്റെ ഭൗതികദേഹം സ്ഥാപിച്ചത്. ബ്രഹ്മവിദ്യാലയസ്ഥാപനത്തിന് അഞ്ചുലക്ഷം രൂപയാണ് ഗുരു അന്നു കണ്ടത്. ഒരിക്കല്‍ പറവൂര്‍ കേശവന്‍ വേദാന്തി പറഞ്ഞു: ''അവിടുന്ന് ജീവിച്ചിരിക്കുന്ന ഈ കാലത്തുതന്നെ ഇതുണ്ടാക്കുവാന്‍ സാധിക്കുന്നില്ല. അവിടുത്തെ കാലശേഷം മറ്റുള്ളവര്‍ക്ക് അത് അസാധ്യമല്ലേ? അപ്പോള്‍ ഗുരു ഒന്നു പുഞ്ചിരിച്ചിട്ട് ''അങ്ങനെയോ കേശവാ, എങ്കില്‍ ഒരാളെക്കൊണ്ട് നാമത് നിര്‍മ്മിക്കും'' എന്ന് ഗുരു കല്പിക്കുകയുണ്ടായി. ആ കല്പന പോലെ തന്നെ മഹാസമാധി മന്ദിരത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റേയും പണികഴിക്കുവാന്‍ ഒരാള്‍ ശ്രീ. എം.പി. മൂത്തേടത്ത് മുന്നോട്ടുവന്നു. ലക്ഷങ്ങള്‍ ചിലവുചെയ്ത് മന്ദിരം അദ്ദേഹം നിര്‍മ്മിച്ചു. ഒരിക്കല്‍ ശഅരീ മൂത്തേടത്ത് ഗുരുവിന് വെള്ളിനാണയം കാഴ്ചവെച്ചതും അതില്‍ രണ്ടെണ്ണം അദ്ദേഹത്തിന് മടക്കിക്കൊടുത്ത് ''നമുക്കുള്ളത് നിനക്കും നിനക്കുള്ളത് നമുക്കും.'' എന്നനുഗ്രഹിച്ചതും മറ്റും, സുവിദിതമാണല്ലോ. ഗുരുദേവകാരുണ്യത്താല്‍ എം.പി.മൂത്തേടത്ത് ലക്ഷാധിപതിയായി. 5 ലക്ഷമല്ല അനേകലക്ഷം രൂപ ചിലവുചെയ്ത് അദ്ദേഹം ഗുരുവിന് കാണിക്കായായി. മഹാസമാധി മന്ദിരവും ബ്രഹ്മവിദ്യാലയവും പണി കഴിപ്പിച്ചു. അവിടെ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവവിഗ്രഹം നിര്‍മ്മിച്ചത് ബനാറസ്സിലാണ്. പ്രസ്തുത പ്രതിമാസനിര്‍മ്മാണത്തിലുണ്ടായ ഒരു അത്ഭുതസംഭവം താഴെ ചേര്‍ക്കുന്നു:

മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമാനിര്‍മ്മാണവും അത്യത്ഭുതവും

''ശില്പകലയുടെ ലോകത്തില്‍ ഒരു മഹാത്ഭുതമായി പ്രശോഭിക്കുന്ന ഈ കലാനിര്‍മ്മിതി എങ്ങനെ സാധിച്ചുവെന്നതിനെക്കുറിച്ച് പ്രതിമാശില്പിയായ ശ്രീമുക്കര്‍ ജിക്ക് ഒരു കഥ പറയാനുണ്ട്. ഇതിന്റെ മോഡല്‍ ഉണ്ടാക്കാന്‍ പ്രൊഫസര്‍ മുക്കര്‍ മൂന്നുനാലുകൊല്ലം മുമ്പാണ് ശ്രമം തുടങ്ങിയത്. അന്ന് അതു ഫലിച്ചില്ല. പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തുനിന്നും ഒരു മോഡല്‍ ഉണ്ടാക്കിച്ച് ബനാറസിലേക്കയച്ചു. മുക്കര്‍ജി വീണ്ടും ശ്രമം തുടര്‍ന്നു. എന്നാല്‍ അദ്ദേഹം തന്റെ കലാനിര്‍മ്മാണലോകത്ത് ആദ്യമായി പരാജയപ്പെട്ടു നിരാശനായി. 1965 ഡിസംബറില്‍ ശ്രീനാരായണതീര്‍ത്ഥസ്വാമികള്‍ മോഡല്‍ പരിശോധിക്കുന്നതിനുവേണ്ടി രണ്ടാം പ്രാവശ്യവും വാരണാസിയിലെത്തി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മുക്കര്‍ജി ശ്രമം തുടര്‍ന്നു. മൂന്നു നാലുദിവസം ശ്രമിച്ചിട്ടും മോഡലിന് അനുരൂപ്യം കിട്ടുന്നില്ല അന്നു വൈകിട്ട് ശ്രീനാരായണ തീര്‍ത്ഥസ്വാമികള്‍ വളരെ നിരാശാപൂര്‍വ്വം ശ്രീ മുക്കര്‍ജിയോടു സംസാരിച്ചു. മോഡല്‍ ശരിപ്പെടുമോയെന്നു ഒന്നുകൂടി ശ്രമിച്ചു നോക്കട്ടെ എന്നു മുക്കര്‍ജി പറഞ്ഞു. അങ്ങനെ അവര്‍ അന്നു പിരിഞ്ഞു. പിറ്റേന്നു കാലത്ത് 10 മണിയോടുകൂടി സ്വാമികള്‍ മുക്കര്‍ജിയുടെ സ്റ്റുഡിയോവില്‍ ചെന്നപ്പോള്‍ മോഡല്‍ഭംഗിയായി ചെയ്തുവച്ചിരുന്നു. സ്വാമികള്‍ വളരെ സന്തുഷ്ടനായി, ചാരിതാര്‍ത്ഥ്യനായി മുക്കര്‍ജി സ്വാമികളോടു ഭക്തിപരവശനായി ഇങ്ങനെ പറഞ്ഞു: ''ഞാന്‍ വളരെയധികം പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അസൂയാര്‍ഹമായ വിലയും കൈവരിച്ചിട്ടുണ്ട്. നല്ല ആത്മധൈര്യത്തോടുകൂടിയാണ് ഞാന്‍ ഈ കൃത്യം ഏറ്റെടുത്തത്. എന്തെ! ഞാനെത്ര ശ്രമിച്ചിട്ടും മോഡല്‍ ശരിപ്പെടുത്താന്‍ എനിക്കു കഴിഞ്ഞില്ല. ഭക്തിയുടെ പാരവശ്യമാകാം എന്നെ തളര്‍ത്തിക്കളഞ്ഞു. ആവര്‍ത്തിച്ചു പലപ്പോഴും ശ്രമം ചെയ്തുവെങ്കിലും നിരാശയാണ് ഉണ്ടായത്. ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കലാലോകത്ത് എനിക്കുണ്ടായ പരാജയത്തെപ്പറ്റി ചിന്തിച്ചു ദുഃഖിച്ചു. ഇന്നലെ രാത്രിയില്‍ ഞാന്‍ തൃപ്പാദങ്ങളെ സ്വപ്നം കണ്ടു അദ്ദേഹം എന്നെ തലോടി മൃദുമന്ദഹാസം പൊഴിച്ചു വ്യക്തമായി തെളിഞ്ഞ് എന്റെ മുമ്പില്‍ നില്‍ക്കുന്നു. എന്തൊക്കെയോ എന്നോട് പറഞ്ഞു എന്നാണ് എന്റെ ഓര്‍മ്മ. ആ ചുണ്ടും കണ്ണും തിരുനെറ്റിയുമൊക്കെ ഞാന്‍ സൂക്ഷ്മമായി നോക്കിക്കണ്ടു. ഭക്തിപൂര്‍വ്വം ഞാന്‍ നമസ്‌കരിച്ചു. പെട്ടെന്ന് അദ്ദേഹം മറഞ്ഞു. ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റു. രാത്രി 2 മണി കഴിഞ്ഞിരുന്നു. സ്വപ്നത്തില്‍ കണ്ട രൂപം എന്റെ മനസ്സില്‍ തെളിഞ്ഞങ്ങനെ നില്‍ക്കുന്നു. ഉടന്‍തന്നെ ഞാന്‍ മോഡല്‍ ശരിപ്പെടുത്താന്‍ ശ്രമിച്ചു. അത്ഭുതമെന്നേ പറയേണ്ടു എന്റെ ഭാവനയ്‌ക്കൊത്ത രൂപം നിഷ്പ്രയാസം കരുപിടിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ ചാരിതാര്‍ത്ഥ്യനായി. ''ഭക്തി നിര്‍ഭരനായി അദ്ദേഹം ഇതുപറഞ്ഞു കഴിഞ്ഞപ്പോള്‍ പരമാനനന്ദത്തിന്റെ കണ്ണുനീരര്‍ തുള്ളികള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു.'' (പ്രതിമാ പ്രതിഷ്ഠ സോവനര്‍-വെട്ടൂര്‍ നാരായണന്‍ വൈദ്യര്‍)

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )

0 comments:

Post a Comment