Monday 4 May 2020

ശ്രീനാരായണ ഗുരുദേവനെ, ഗുരുദേവ ഭക്തന്മാർ ആരാധിക്കേണ്ടത്

ശ്രീനാരായണ ഗുരുദേവനെ, ഗുരുദേവ ഭക്തന്മാർ ആരാധിക്കേണ്ടത് "ഗുരു " ആയി കണ്ടു കൊണ്ട് ആകണമോ? അഥവാ "ദൈവം" ആയി കണ്ടു കൊണ്ട് ആകണമോ എന്ന കാര്യത്തിൽ പല വേദികളിലും വലിയ ചർച്ചകൾ നടക്കാറുണ്ടല്ലോ? ഇക്കാര്യത്തിൽ ഉചിതമായ ഒരു മറുപടി ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമികൾ നൽകുന്നത് വായിച്ചാലും , പരമാവധി ഷെയർ ചെയ്താലും 

ഗുരുവും ദൈവവും.
by
സച്ചിദാനന്ദ സ്വാമി (ശിവഗിരി മഠം )
.............................................

'ദിവ്' എന്ന സംസ്‌കൃതധാതുവില്‍ നിന്നുമാണ് ദൈവമെന്ന പദത്തിന്റെ നിഷ്പത്തി. ദിവ് ധാതുവിന് പ്രകാശം എന്നാണര്‍ത്ഥം. സ്വയം പ്രകാശിക്കുകയും മറ്റുള്ള എല്ലാറ്റിനെയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന യാതൊരു ചൈതന്യവിശേഷമുണ്ടോ അതാണ് ദൈവം. (സംസ്‌കൃത ഭാഷയില്‍ ദൈവത്തിന് വിധി എന്നാണര്‍ത്ഥം) ദൈവം പ്രകാശസ്വരൂപനാണ്. സൂര്യചന്ദ്രാദി നക്ഷത്രഗോളങ്ങള്‍ക്കും പ്രാപഞ്ചികവിഷയങ്ങള്‍ക്കും സ്വയം പ്രകാശിക്കാന്‍ കഴിയില്ലെന്നും അതിനെയൊക്കെ പ്രകാശിപ്പിക്കുന്നത് പ്രകാശങ്ങളുടെയെല്ലാം പ്രകാശമായ മറ്റൊരു അഖണ്ഡപ്രകാശമാണെന്നും മുമ്പ് സൂചിപ്പിച്ചുവല്ലോ.

കരണവുമിന്ദ്രിയവും കളേബരം തൊ-

ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം

പരവെളി തന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍-

തിരുവുരുവാണു തിരഞ്ഞു തേറിടേണം.

എന്ന് ആത്മോപദേശശതകത്തില്‍ ഗുരുദേവന്‍ ഉപദേശിക്കുന്നുണ്ട്. സൂക്ഷ്മത്തില്‍ തുടങ്ങി സ്ഥൂലത്തില്‍ അവസാനിക്കുന്ന സര്‍വ്വജഗത്തുക്കളും ഒരേ ഒരു പരമാത്മസൂര്യന്റെ ദിവ്യമായ ശരീരം - സ്വരൂപം മാത്രമാണ്. ഈ സത്യം തിരിഞ്ഞ് അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗുരു ദേവന്റെ ഉദ്‌ബോധനം. അന്വേഷണത്തില്‍ ഈ സത്യം വെളിപ്പെട്ടു കിട്ടുമ്പോള്‍ മറ്റൊരു സത്യം കൂടി തെളിഞ്ഞു പ്രകാശിക്കും. ഈ സത്യബോധത്തിലേക്ക് സാധകനെ നയിച്ച ഗുരുവും സത്യം തന്നെയെന്നാണ്. മാത്രമല്ല താനും, സര്‍വ്വചരാചരങ്ങളും ആ സത്യം തന്നെയാണ് എന്നറിയാന്‍ കഴിയും. 

ദൈവം എന്ന പദത്തിന്റെ താത്പര്യം പ്രകാശസ്വരൂപന്‍ എന്നാണെന്നു നാം കണ്ടു. ഇനി ഗുരു എന്ന പദത്തിന്റെ താത്പര്യം എന്താണെന്നുകൂടി നോക്കാം. 'ഗു' കാരശ്ചന്ധ കാരശ്ച 'രു' കാരസ് തന്നിരോധകഃ

'അന്ധകാരവിനാശിത്വാത് ഗുരുരിത്യഭീധീയതേ' (ഗുരു ഗീത43)

'ഗുരു എന്ന പദത്തിലെ 'ഗു' എന്ന അക്ഷരം അന്ധകാരത്തെ കുറിക്കുന്നു. 'രു' ആകട്ടെ ആ അന്ധകാരത്തെ നിരോധിക്കുന്നത് എന്നും, അന്ധകാരത്തെ നിരോധിച്ചത്, നിരോധിക്കുന്നത് എന്നാണ് ഗുരുപദത്തിന്റെ താത്പര്യം. അന്ധകാരത്തെ - ഇരുട്ടിനെ നിരോധിച്ചാല്‍ പിന്നെ ശേഷിക്കുന്നത് പ്രകാശം മാത്രമാണല്ലോ. അപ്പോള്‍ ഗുരു എന്ന പദത്തിനും പ്രകാശം എന്നുതന്നെയാണ് അര്‍ത്ഥം. അതിനാല്‍ വേദാന്തശാസ്ത്രം ഉദ്‌ഘോഷണം ചെയ്യുന്നു ഗുരുവും ദൈവവും ഒന്നുതന്നെ.

ഗുരു സൃഷ്ടിക്കു കാരണഭൂതമായ ബ്രഹ്മശക്തിയും സ്ഥിതിക്കു കാരണഭൂതനായ വിഷ്ണുശക്തിയും - ക്രിയാശക്തിയും സംഹാരത്തിനും കാരണഭൂതമായ മഹേശ്വരശക്തി യുമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കും എല്ലാ ദേവീദേവന്മാര്‍ ക്കും അതീതമായ തത്ത്വമായി, സാക്ഷാല്‍ ബ്രഹ്മതത്ത്വം മാത്രമായി ഗുരുവിനെ പ്രപഞ്ചനം ചെയ്യുന്നു. ഗുരു സാക്ഷാല്‍ പരബ്രഹ്മസത്തതന്നെയാണ്. ശ്രീനാരായണഗുരുദേവന്‍ ആ പരബ്രഹ്മസത്തയുമായി താദാത്മ്യം പ്രാപിച്ച് പരബ്രഹ്മസ്വരൂപിയായി മാറി. ഈ അര്‍ത്ഥത്തി ലാണ് ഗുരുദേവനെ സാക്ഷാല്‍ജഗദീശ്വരസത്തയായി ദര്‍ശിക്കുന്നത്.

ദൈവവിശ്വാസികളില്‍ തന്നെ ചിലര്‍ ഗുരുദേവനെ ഈശ്വരസ്വരൂപമായി ദര്‍ശിച്ചാ രാധിക്കുന്നതിനെ വിസംവദിക്കുന്നത് കേട്ടിട്ടുണ്ട്. വാസ്തവത്തില്‍ ഇങ്ങനെ പറയുന്നതിനു കാരണം അവരുടെ അജ്ഞാനം മാത്രമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നതോടൊപ്പം തന്നെ, ദൈവശാസ്ത്രഗ്രന്ഥത്തിലും വിശ്വാസമുണ്ടായിരിക്കണമല്ലോ. ഒരു ഭൗതികശാസ്ത്രശാസ്ത്ര ജ്ഞന്‍ തന്റെ പരീക്ഷണനിരക്ഷണങ്ങള്‍ക്ക് ഭൗതികശാസ്ത്രഗ്രന്ഥങ്ങളെ അവലംബമാക്കാ റുള്ളതുപോലെ ദൈവവിശ്വാസത്തിലും, ദൈവതത്ത്വത്തെ അനാവരണം ചെയ്യുന്ന ശാസ്ത്ര ഗ്രന്ഥങ്ങളിലും വിശ്വാസവും പരിജ്ഞാനവും നേടിയിരിക്കേണ്ടതാണ്. സര്‍വ്വശാസ്ത്ര പാരംഗതനായിരുന്ന കുമാരനാശാന്‍ വേദാന്തശാസ്ത്രമനുസരിച്ച് സമ്പ്രദായരീത്യാ ജീവന്റെ അജ്ഞാനം ഒഴിച്ച് ആദിമഹസ്സായ ദൈവസത്യത്തെ നേരാംവണ്ണം കാട്ടിത്തരുന്ന ഗുരുവും ജഗത്കാരണമായ ദൈവവും ഒന്നുതന്നെയെന്നു വെളിപ്പെടുത്തുന്നു. അതെത്രയും അര്‍ത്ഥ സമ്പൂര്‍ണ്ണവും സംഗതവുമാണെന്ന് ആദ്ധ്യാത്മികതത്ത്വഗ്രന്ഥങ്ങളുടെ പിന്‍ബലത്തോടെ ഏറെക്കുറെ നാം ചര്‍ച്ച ചെയ്തുകഴിഞ്ഞു.

പരിഷ്‌ക്കാരികള്‍ എന്നഭിമാനിക്കുന്നവരുടെ ഉപരിപ്ലവവാദങ്ങള്‍!

ഗുരുദേവനെ ഈശ്വരഭാവത്തില്‍ ആരാധിക്കുന്നതിനെ അപലപിക്കുന്ന സാമൂഹിക നീതിവാദികള്‍ അന്നും ഇന്നും ഏറെയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലോ. അവരില്‍ ചിലരുടെ അഭിപ്രായം ശ്രീനാരായണന്‍ ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവാണ് എന്നാണ്. മറ്റുചിലര്‍ക്കാ കട്ടെ 'നാരായണഗുരുസ്വാമി' ഒരു സ്വതന്ത്രചിന്തകനും യുക്തിവാദിയുമാണ്. ഇനി വേറെ ചിലരാകട്ടെ നാണുഗുരുസ്വാമിയെ സമുദായനേതാവായ ഒരു സാമൂഹ്യവിപ്ലവകാരിയായി ചിത്രീകരിക്കും. ഇനിയും മറ്റുചിലര്‍ക്ക് അദ്ദേഹം കൊടിയ ഒരു ഭൗതികാചാര്യന്‍ മാത്രമാണ്. ഇവരൊക്കെത്തന്നെയും തങ്ങളുടെ വാദഗതിക്ക് ഉപോദ്ബലമാകുമെന്ന തരത്തില്‍ തികച്ചും ഉപരിവിപ്ലവവും ബാലിശവുമായ യുക്തികളും നിരത്തിവയ്ക്കും. അതാണേറെ തമാശ. ഇവര്‍ വാദിക്കും. 'ഗുരുസ്വാമികള്‍ ആദ്യമാദ്യം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ട് അവസാനം കണ്ണാടി യാണ് സ്ഥാപിച്ചത്. നിന്നേക്കാള്‍ വലിയ ദൈവമില്ല. അതിനാല്‍ ഇനി ക്ഷേത്രങ്ങള്‍ ആവശ്യ മില്ല കണ്ണാടിപ്രതിഷ്ഠയുടെ അര്‍ത്ഥം അതാണ്. അതുകൊണ്ട് ക്ഷേത്രവും സ്‌തോത്രവു മൊന്നും ഇനി വേണ്ട'. ഗുരുവിന്റെ ഫോട്ടോയോ പ്രതിമയോ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന വരെ നോക്കി പറയും 'ഗുരുസ്വാമി പറഞ്ഞിട്ടുണ്ട് എന്നെ പൂജിക്കരുത്, ആരാധിക്കരുത്, ഞാന്‍ ദൈവമല്ല എന്ന്. എന്റെ ഫോട്ടോ വയ്ക്കരുത് പ്രതിമ വയ്ക്കരുത് എന്ന്. അതിനാല്‍ സ്വാമയുടെ ഫോട്ടോ വച്ച് പൂജിക്കുന്നതും ആരാധിക്കുന്നതും സ്വാമി കല്പനക്കു വിപരീത വും അന്ധവിശ്വാസവും അനാചാരവുമാണ്...' ഇങ്ങനെ അവരവരുടെ വാസനയ്‌ക്കൊത്ത വണ്ണം പൊള്ളയായ നീതിവാദങ്ങളുടെ ഒരു പരമ്പരതന്നെ പടച്ചുവിടാന്‍ ഈ ഉപരിപ്ലവവാദി കള്‍ക്ക് ഒരു മനഃസാക്ഷിക്കുത്തുമില്ല.

പരിഷ്‌കൃതനായ ഈ ആദര്‍ശവാദിയെ നാം പിന്നീട് കാണുന്നത് ഒരു മൂന്നാംകിട സദാ രാഷ്ട്രീയക്കാരന്റെ ശവകുടീരത്തിനു മുമ്പിലായിരിക്കും. അയാളവിടെ മാല്യം ചാര്‍ത്തി പുഷ്പാര്‍ച്ചന ചെയ്ത് പ്രണാമം, അഭിവന്ദനം അര്‍പ്പിക്കും. ശവകുടീരത്തിന് ചുറ്റി പ്രദക്ഷിണം ചെയ്ത് വികാരനിര്‍ഭരതയോടെ ശോകഗാനങ്ങള്‍ മുഴക്കും. ആദര്‍ശസൂക്ത ങ്ങള്‍ ആലപിക്കും. മണ്‍മറഞ്ഞ നേതാവിനെ വിശ്വജേതാവും ലോകനേതാവുമായി വാഴ്ത്തിപ്പാടും. വര്‍ഷംതോറും മുറതെറ്റാതെ ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ ആദര്‍ശവാദികള്‍ ഇപ്പോള്‍ ശവകുടീരങ്ങളെ സമാധിമണ്ഡപങ്ങളാക്കി മാറ്റിയിരിക്കുക യാണ്. കേള്‍ക്കുന്നില്ലേ! പി.സി.ചാക്കോ സമാധി, മന്നം സമാധി, ശങ്കര്‍ സമാധി, എ.കെ.ജി. സമാധി, രാജീവ് സമാധി എന്നൊക്കെ അങ്ങനെയും ഒരു സ്ഥാനകയറ്റം! ചൂഷണം! പാവം! സമാധിയെന്നതിന്റെ താല്പര്യമറിഞ്ഞിട്ടോ; നിരീശ്വരനും സമാധിമണ്ഡപം തീര്‍ക്കുന്ന ഈ വിരോധാഭാസആദര്‍ശം! എന്താണ് സമാധിയെന്ന് നാം അറിഞ്ഞിരിക്കണം. അത് മരിച്ചതിനു ശേഷമുള്ള അവസ്ഥയോ, കല്ലറയോ, ശവകുടീരമോ അല്ല! ജീവിച്ചിരിക്കുമ്പോള്‍ നേടിയെടു ക്കുന്ന ഒരു അവസ്ഥയാണ്. ബുദ്ധിയുടെ സാമ്യാവസ്ഥയാണ് സമാധി. ജീവത്മാപരമാത്മ ഐക്യം നേടി തുരീയമെന്ന നാലാമത്തെ അവസ്ഥയെ പ്രാപിക്കുമ്പോള്‍ സമാധ്യവസ്ഥ യായി. ഇതുതന്നെയാണ്, ഈശ്വരസാക്ഷാത്കാരം. ഈ അവസ്ഥയെ പ്രാപിച്ച ജ്ഞാനി ശരീരം വെടിയുന്നതാണ് മഹാസമാധി. ഈ വേദാന്ത തത്ത്വം അറിയാത്തവരാണ് ശവകുടീര ങ്ങളും സമാധിപീഠങ്ങളും മരണത്തെ സമാധിദിനങ്ങളുമൊക്കെയാക്കി മാറ്റുന്നത്. ഈ പാവങ്ങളാണ് ജഗത്ഗുരുക്കന്മാരായ മഹാപുരുഷന്മാരുടെ ആരാധനാകേന്ദ്രത്തെ നോക്കി മുന്‍പറഞ്ഞ ആദര്‍ശം പ്രസംഗിക്കുന്നത്! ഈ പരിഷ്‌കാരഭ്രമത്തെ 'ചിന്താദാരിദ്ര്യം' എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്!

'സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്കുമൃതിയേക്കാള്‍ ഭയാനകം'

എന്ന് ഉറക്കെപ്പാടിയ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായ മഹാകവി ആശാനാണ് ആരാധ്യ നായ പരദൈവം ശ്രീനാരായണഗുരുദേവന്‍ തന്നെയാണെന്ന് ഉദ്‌ബോധിപ്പിക്കുന്നത്. ദൈവ സ്വരൂപത്തെ അറിയുവാന്‍ ആരായുന്നവര്‍ക്കേ ഈ സത്യം വെളിപ്പെട്ടു കിട്ടുകയുള്ളൂ. ശാസ്ത്രകാരനായ കുമാരകവിയുടെ സുചിന്തിതമായ അഭിമതമാണ് ഇതെന്ന് നാമറിയേണ്ട താണ്.

വേദവേദാന്താദിശാസ്ത്രങ്ങളുടെ പിന്‍ബലവും ഗുരുദേവന്റെ ആത്മീയദിവ്യ ചര്യകളുമാണ് മഹാകവി നിദര്‍ശനാക്കുന്നതെന്നു നാമറിയണം. 'ദൈവദശക'ത്തില്‍ തന്നെ 'സായൂജ്യം' നല്‍കുന്ന ആര്യന്‍ - ഗുരു - ദൈവം തന്നെയെന്ന് ഗുരുദേവനും വെളിപ്പെടുത്തു ന്നുണ്ടല്ലോ. 'ദര്‍ശനമാല'യിലെ ഭക്തിദര്‍ശനത്തിലും മഹനീയരില്‍ ചൊരിയേണ്ട ഭക്തിയുടെ സ്വരൂപം വര്‍ണ്ണിതമായിട്ടുണ്ട്. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയെ സംബന്ധിച്ച് സൂചിപ്പിക്കു മ്പോള്‍, ആ പ്രതിഷ്ഠയ്ക്കു ചുറ്റും മഹാന്മാരുടെ ചിത്രങ്ങള്‍ വച്ചാല്‍ മതി; എന്ന ഗുരുദേവ വാണിയും നാമിവിടെ ഓര്‍ക്കേണ്ടതാണ്. പ്രവര്‍ത്തികൊണ്ടും ജീവിതദര്‍ശനം കൊണ്ടും മഹാപുരുഷന്മാരെ ഈശ്വരന്റെ പ്രതിരൂപമായി ആരാധിക്കുമെന്നു തന്നെയാണ് ഗുരുദേവന്‍ കാട്ടിത്തരുന്നത്.

മാനാപമാനസമമാനസനായ സ്ഥിതപ്രജ്ഞനായിരുന്നു ഗുരുദേവന്‍. അവിടുത്തേക്ക് മാനവും, അപമാനവും, സുഖവും, ദുഃഖവും ശീതവും, ഉഷ്ണവും, സ്വര്‍ണ്ണവും, മണ്‍കട്ടയു മെല്ലാം തുല്യമായിരുന്നു. മമതാരഹിതാത്മാവായ അവിടുന്ന് എല്ലാവിധ പ്രചാരണോപാധി കളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. ആസ്തികനായ കുമാരനാശാനേയും നാസ്തികനായ സഹോദരന്‍ അയ്യപ്പനേയും അവിടുന്ന് ഒരേപോലെ കണ്ടു. തന്നെ പൂവിട്ടു പൂജിക്കുന്നവ രോടും, പൂജിക്കാത്തവരോടും ഒരേ നിലയില്‍ വര്‍ത്തിച്ചു. തന്നെ പൂജിക്കണമെന്നോ പൂജിക്കരുതെന്നോ അവിടുന്ന് ഒരിക്കലും ഉപദേശിച്ചിട്ടില്ല.

ഇനി ഗുരുദേവ പ്രതിമാ പ്രതിഷ്ഠയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതും ഗുരുദേവന്റെ ജീവിതകാലത്തു തന്നെയാണ് സംഭവിച്ചത് എന്നു കാണാം. മലബാറില്‍ ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനം തലശ്ശേരി ജഗന്നാഥക്ഷേത്രമാണ്. ആ ക്ഷേത്രാങ്കണത്തില്‍ 1927 മാര്‍ച്ച് 12-ന് മൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ ബോധാനന്ദ സ്വാമികള്‍ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം ആദ്യമായി പ്രതിഷ്ഠിച്ചു. ഇറ്റലിയില്‍ തീര്‍ത്ത ഈ വിഗ്രഹം കൊണ്ടുവരുന്ന വഴി സിലോണില്‍ വച്ചു ഗുരു അതുകണ്ട പ്പോള്‍ 'ഇതു കൊള്ളാം, ആഹാരമില്ലാതെ ജീവിച്ചുകൊള്ളും' എന്ന് അരുളിചെയ്തുവത്രേ! ഗുരുദേവന്‍ സശീരനായിരുന്ന കാലത്ത് ഇപ്രകാരം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ കുടിയിരു ത്തിയും ഗൃഹങ്ങളിലും ഹൃദയങ്ങളിലും പ്രതിഷ്ഠിച്ചും ഗുരുവിനെ ആരാധിച്ചുപോന്നു. അവിടുത്തെ ഷഷ്ഠിപൂര്‍ത്തിയാഘോഷം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ആശാന്‍ എഴുതുന്നു.

'അന്യാദൃശമായ മതഭക്തി, അഗാധമായ അദ്വൈതപാണ്ഡിത്യം, അസാധാരണമായ ആധ്യാത്മികാനുഭൂതി, അവ്യാഹതമായ സദാചാരനിഷ്ഠ, അതിതീവ്രമായ വിഷയവൈരാഗ്യം, അപാരമായ ജീവകാരുണ്യം, അകൃത്രിമമായ ലോകാനുഗ്രഹതല്പരത മുതലായ പരിശുദ്ധ ഗുണങ്ങളാണ് സ്വാമിതൃപ്പാദങ്ങളെ സാധാരണജനങ്ങളില്‍ നിന്നും വേര്‍തിരിക്കുകയും അവിടുത്തേക്ക് ഇന്നു ലഭിച്ചിരിക്കുന്ന ഈ അതിപൂജ്യസ്ഥാനത്ത് അവിടുത്തെ എത്തി ക്കുകയും ചെയ്തിട്ടുള്ളത്... ഒരു മതഗുരുവിന്റെ നിലയില്‍ സ്വാമി സകലജാതിമതസ്ഥരാലും ബഹുമാനിക്കപ്പെട്ടുപവരന്ന ഒരു മബാപരിശുദ്ധപുരുഷനാണ്. അദ്ദേഹത്തേക്കാള്‍ ആ വിഷയത്തില്‍ അധികം ആരാധ്യനായി തെക്കേ ഇന്ത്യയില്‍ എന്നുവേണ്ട ഇന്ത്യ മുഴുവന്‍ മറ്റൊരു മഹാത്മാവും ജീവിക്കുന്നുണ്ടോ എന്ന് സംശയമാകും.. (ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചുവന്ന മഹാകവി ടാഗോര്‍ ഗുരുവിനു സമശീര്‍ഷനായി ഒരു മഹാത്മാവിനെ 'ലോകത്തൊരിടത്തും കണ്ടിട്ടില്ല' എന്നു രേഖപ്പെടുത്തിയതും ചേര്‍ത്തുചിന്തിക്കുക)

........................
☀ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക . 

ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ സംബന്ധമായ, വിജ്ഞാന പ്രദമായ 100-ൽ താഴെ ഗ്രന്ഥങ്ങൾ ഉണ്ട്. ഗ്രന്ഥങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരും ബന്ധപ്പെടുക

സച്ചിദാനന്ദ സ്വാമി ഫോൺ :- +91 9447409973

0 comments:

Post a Comment