Monday 4 May 2020

ശ്രീനാരായണഗുരുദേവന്‍ ഭാവി ലോകത്തിൻ്റെ പ്രവാചകൻ by - സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം


ജാതിക്കും മതത്തിനും പങ്കിടാന്‍ കഴിയാത്ത മഹാജ്യോതിസായി 'പൊട്ടപ്പുല്ലുകൊണ്ടും ശുഷ്‌ക്കമായ പത്രസൗഘം കൊണ്ടും കെട്ടിമേഞ്ഞ ഓലക്കുടിലില്‍ 149 വര്‍ഷങ്ങള്‍ക്കുമുമ്പ് അവനീര്‍ണ്ണനായ ആ ജഗദ്ഗുരുവിന്റെ തിരുമുമ്പില്‍ കാലമിന്ന് കൈകൂപ്പി നില്‍ക്കുകയാണ്. കാരണം കാലാതീതമായ മഹാദര്‍ശനമാണ് ഈ ലോകഗുരു പ്രദാനം ചെയ്തത്. മഹാത്മാ ക്കളെ പൊതുവെ കാലഘട്ടത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാല്‍ ശ്രീനാരാ യണഗുരുദേവനാകട്ടെ കാലഘട്ടിത്തിന്റെ സൃഷ്ടി എന്നതിനപ്പുറത്ത് കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവു കൂടിയാണ്. ചരിത്രഗതിയെ ക്രിസ്തുവിന് മുമ്പ് ക്രിസ്തുവിന് ശേഷം എന്നിങ്ങനെ രണ്ടായിതരം തിരിക്കാറുണ്ട്. ഗുരുദേവന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നവയുഗവിധാതാവാണ്. ഗുരുദേവന്റെ അവതാരത്തോടുകൂടിയാണ് ഏകലോകവ്യവസ്ഥിതി ആരംഭിക്കുന്നത്. ഏകലോക വ്യവസ്ഥിതിയുടെ ജനയിതാവായിട്ടായിരിക്കും ഭാവിലോകം ശ്രീനാരായണഗുരുദേവനെ വിലയിരുത്തുന്നത്. വരാന്‍ പോകുന്ന നൂറ്റാണ്ടുകളില്‍ പ്രഭ തൂകി നില്‍ക്കുന്നത് ശ്രീനാരായണഗുരുദേവന്റെ സത്യദര്‍ശനമായിരിക്കും. ജാതിയും മത ത്തിനും എല്ലാവിധമായ ഭേദചിന്തകള്‍ക്കും അപ്പുറത്ത് ലോകമിന്ന് ഒരു ഏകലോക ചിന്താധാരയിലേക്ക് നിര്‍ദ്ധാരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ തലയ്ക്ക് മുകളില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് പ്രതിഭാസിക്കുന്നത് ശ്രീനാരായണസൂര്യ നായിരിക്കും. അന്നത്തെ ജനത ക്രിസ്തുവിന്റെ ചരിത്രത്തെപ്പോലെ ശ്രീനാരായണഗുരുവിന് മുമ്പ്, ശ്രീനാരായണഗുരുവിന് ശേഷം എന്നിങ്ങനെ കാലഘട്ടത്തെ തരം തിരിക്കാതെയായിരി ക്കുകയില്ല. നൂറ്റാണ്ടുകളുടെ ചരിത്രഗതിയെ വിശ്ലേഷണം ചെയ്യുമ്പോള്‍ ഗുരുദേവദര്‍ശനം എല്ലാവിധമായ സീമകള്‍ക്കുമപ്പുറത്ത് നിത്യപ്രസക്തമായി കാന്തിയേകി നില്‍ക്കുവാന്‍ കരുത്താര്‍ജ്ജിച്ചതാണ്. ദേശസമീ ചിന്താഗതികളെ അതിവര്‍ത്തിച്ച് ഏതു ശാസ്ത്രത്തി ന്റെയും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുവാന്‍ കെല്‍പ്പാര്‍ന്ന അനുപമദര്‍ശനം ഗുരുദേവ ദര്‍ശനം മാത്രമാണ്.


മനുഷ്യമനസ്സിനെ കിടിലം കൊള്ളിക്കുന്ന ഭയാശങ്കകളോടുകൂടിയാണ് സമകാലിക കേരളവും ഭാരതവും ലോകവും നീങ്ങിക്കൊണ്ടിരിക്കുന്നത്. എവിടെയും കാലന്‍ സംഹാര താണ്ഡവമാടുന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ മാറാടിലും കാശ്മീരിലും പാലസ്തീനിലും മ്യാന്മാറിലും താലിബാനിലും ചെയ്തുകൊണ്ടിരിക്കുന്ന കൂട്ട ക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും കുത്സിതമായ നീചപ്രവൃത്തികള്‍ക്കും നിരപരാധി കളായ സമൂഹം ഇരയായിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ നിന്നും നിരായുധീ കരണത്തിനുവേണ്ടി ചെയ്തുപോരുന്ന ഉദ്‌ബോധനങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിച്ച പ്രതീതിയെ സൃഷ്ടിച്ചിട്ടുള്ളൂ. നിരായുധീകരണത്തെക്കുറിച്ച് പറയുംതോറും ആയുധീ കരണം നിയന്ത്രണമില്ലാത്ത വിധം വര്‍ദ്ധിച്ചുവരികയാണ്. ബര്‍മ്മയില്‍ (ഇന്നത്തെ മ്യാന്മാര്‍) പര്യടനം നടത്തിവന്ന ശിഷ്യനായ ഗുരുപ്രസാദസ്വാമികളോട് ഒരിക്കല്‍ ഗുരുദേവന്‍ ചോദിച്ചു. ''ബര്‍മ്മയിലെ ബുദ്ധമതക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ ഉണ്ടോ'' എന്ന് ''ഹിന്ദു ക്ഷേത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം'' എന്നായിരുന്നു ശിഷ്യനായ ഗുരുപ്രസാദ സ്വാമികളുടെ മറുപടി. അതിന് ഗുരുദേവന്‍ നല്‍കിയ പ്രതികരണം എത്രയും അര്‍ത്ഥഗര്‍ഭ മാണ്. ''അത് മുടിവെട്ടും പോലെയാണ്. വെട്ടുംതോറും വേഗത്തിലും അധികമായും വളര്‍ന്നുകൊണ്ടേയിരിക്കും. വിഗ്രഹം വേണ്ടയെന്ന് ബുദ്ധന്‍ പറഞ്ഞതുകൊണ്ടാകാം ബുദ്ധമതക്ഷേത്രങ്ങളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ വര്‍ദ്ധിച്ചത്''. ഇതേപോലെയാണ് ഐക്യരാഷ്ട്രസഭയുടെയും ലോകനേതാക്കന്മേരുടെയും നിരായുധീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെയും നില. ആയുധം വേണ്ട എന്ന് പറയുംതോറും വര്‍ദ്ധിച്ചു വരുന്ന ആയുധപന്തയത്തിലൂടെയയാണ് ലോകരാഷ്ട്രങ്ങള്‍ ഇന്ന് നീങ്ങിക്കൊണ്ടിരിക്കു ന്നത്. ''പൊരുതുജയിപ്പതസാദ്ധ്യം'' എന്ന ഗുരുദേവദര്‍ശനം നാമിവിടെ സ്മരിക്കുക. ആര്‍ക്കും ആരോടും പൊരുതി ജയിക്കുവാന്‍ സാധിക്കുകയില്ല. പൊരുതുംതോറും വീറോടെയുള്ള തിരിച്ചടിയാകും ഫലം.

''അമേരിക്കയ്ക്ക് സദ്ദാം ഹുസൈനനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കു വാന്‍ സാധിച്ചെങ്കിലും ആ രാജ്യത്തുള്ള ഭൂരിപക്ഷം ജനതയുടെയും മനസാക്ഷി പിടിച്ചെടു ക്കാന്‍ സാധിച്ചിട്ടില്ല. അവിടെയിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവുയുദ്ധം നടത്തുന്ന വാര്‍ത്തകളാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ നാമിന്നും അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പാടിവച്ചു:

''പ്രിയമപരന്റെയതെന്‍ പ്രിയം സ്വകീയ

പ്രിയമപര പ്രിയമിപ്രകാരമാകു;

നയമതിനാലെ നരന്നു നന്മ നല്‍കും

ക്രിയയപരപ്രിയ ഹേതുവായ് വരേണം.''

ഓരോ രാജ്യങ്ങളും സമൂഹവും വ്യക്തിയും സ്വീകരിക്കേണ്ട ഒരു ലോകനയമാണ് ശ്രീനാരായണഗുരുദേവന്‍ ഈ മന്ത്രത്തിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. എല്ലാവരും ഒരേ മതപരമായ സത്തയുടെ അംശങ്ങളായതുകൊണ്ട് ആരും ആര്‍ക്കും അന്യരല്ല. എല്ലാവരും ആത്മസഹോദരന്മാരാണ്. അണ്ഡവും പിണ്ഡാണവും തമ്മില്‍ ഉപാധി വ്യത്യാസമേയുള്ളൂ. ആകെത്തുകയില്‍ രണ്ടും ഒന്നുതന്നെയാണ്. താന്‍ തന്റെ പ്രിയത്തെ ക്കുറിച്ച് ആനന്ദത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ പ്രവര്‍ത്തിക്കുന്നതിന്റെയും ബഹിസ്ഫു രണം മറ്റുള്ളവരിലും പ്രതിസ്ഫുരിക്കുന്നു. പ്രതിസ്പന്ദിക്കുന്നു. തന്റെ പ്രിയം അന്യന്റെയും പ്രിയമായിത്തീരേണ്ടതാണ്. ആ നയത്തോട് കൂടിവേണം താന്‍ കര്‍മ്മപ്രപഞ്ചത്തില്‍ വ്യാപരിക്കുവാന്‍. ഓരോരുത്തര്‍ക്കും ആത്മപ്രിയമാണ് അഥവാ ആനന്ദമാണ് പരമമായിട്ടു ള്ളത്. പ്രവൃത്തി തനിക്കു ഹിതവും മറ്റുള്ളവര്‍ക്ക് അഹിതവും ആവാന്‍ പാടില്ല''. ഒരുവന് നല്ലതും അന്യനല്ലലും ചേര്‍പ്പൊരു തൊഴില്‍ ആത്മവിരോധിയാണെന്നും ആത്മോപദേശ ശതകത്തില്‍ ഗുരുദേവന്‍ ഉപദേശിക്കുന്നത്. രാജ്യങ്ങളും രാഷ്ട്രീയനേതാക്കന്മാരും ഒരു പൊതുവായ തത്വമെന്ന നിലയില്‍ ആശ്യമവിനിമയം ചെയ്ത് സാക്ഷാത്കരിക്കേണ്ട ദര്‍ശനമാണ് ആത്മോപദേശശതകത്തിലെ ഈ ശ്ലോകത്തില്‍ ഗുപ്തമായിരിക്കുന്നത്.

1982-ല്‍ കോപ്പന്‍ ഹേഗനില്‍ വച്ച് ലോക നൈതിക സമ്മേളനം നടന്ന അവസരത്തില്‍ മാനവരാശിക്കെന്നും ഒരുപോലെ അംഗീകരിക്കാവുന്ന ഒരു പൂര്‍ണ്ണനൈതിക സന്ദേശത്തിന്റെ ആവശ്യകത ആ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ബോദ്ധ്യപ്പെട്ടു. പല പല ദാര്‍ശനിക ചിന്താധാരകളെയും വിശകലനം ചെയ്ത അവിടെ കൂടിയിരുന്ന വിശ്വചിന്തകന്മാര്‍ അവ സാനം ലോകകത്തെ ഐക്യപ്പെടുത്തുന്നതിനുള്ള ഏകതയുടെ സന്ദേശം ദര്‍ശിച്ചത് ശ്രീനാരായണഗുരുവിലും അവിടുന്നു. ആത്മോപദേശശതകത്തിലെ ഏകതയുടെ ദര്‍ശനത്തിലേക്കാണ് ആ മഹനീയതരുടെ ശ്രദ്ധയും പ്രത്യാശയും കേന്ദ്രീകരിച്ചത് എന്ന ഒന്നുമാത്രം മതിയാകും ഗുരുദേദര്‍ശനത്തിന്റെ മഹിമാവ് മനസ്സിലാക്കുവാന്‍.

ചെമ്പഴന്തിയില്‍ ജനിച്ച നാരായണന്‍ മേല്‍പ്പറഞ്ഞ ഏകതയുടെ തത്വദര്‍ശനവുമായി ഒരു സുപ്രഭാതത്തില്‍ കടന്നുവന്ന ഒരാചാര്യനല്ല. ബാല്യം മുതല്‍ക്കുതന്നെ ഏകാന്ത വാസിയും അദ്ധ്യാത്മചിന്താരതനായും ജീവിതം നയിച്ച നാരായണന്‍. ''പാരിനുള്ളടിക്കല്ല് പാര്‍ത്ത് കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാ ഋഷീന്ദ്രന്മാരെപോലെ'' ചിരകാലം ചെയ്ത ഏകാന്ത ദീപ്തമായ തപസും അനുഭൂതിയുംകൊണ്ട് മഹാജ്ഞാനിയായിട്ടാണ് സമൂഹമദ്ധ്യ ത്തിലേക്ക് ഇറങ്ങി വന്നത്.

ലോകചരിതം അപഗ്രഥനം ചെയ്താല്‍ എല്ലാ മഹാപുരുഷന്മാരുടെയും ചരിത്രത്തിന് പിന്നില്‍ ത്യാഗഭരിതമായ ഒരു താപസ ജീവിതം സംദൃഷ്ടമാണ്. സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധ നായത്തിന്റെ പിന്നിലും യേശു അഥവാ ഇമ്മാനുവല്‍ ക്രിസ്തു ആയതിന്റെ പിന്നിലും മുഹമ്മദ്-നബിയായതിന്റെ പിന്നിലും ത്യാഗോജ്ജ്‌ലമായ ഒരു തപസിന്റെ ജ്ഞാനോദയഭാവം പ്രസ്പ്ഷമാണ്. ശ്രീനാരായണഗുരുദേവന്റെ തപോനിരതമായ ജീവിതം ഏതു കാലഘട്ടത്തി ലാരംഭിച്ചു എന്ന് പറയുക വയ്യ. ഒരു കോടി ദിവാകരന്‍ ഒന്നിച്ചുയര്‍ന്നു'' ''അറിവിന്‍ മഹിമാവില്‍'' അണു ജീവന്‍ അംഗമില്ലാതെ അണഞ്ഞ് അഖണ്ഡാന്‍ഭൂതിയില്‍'' അടിമുടിയറ്റ് പൂര്‍ണ്ണാനുഭൂതിയില്‍ വിലീനനായി ശ്രീനാരായണപരമഹംസനായി അരുവിപ്പുറത്തേക്ക് ഏതാണ്ട് മുപ്പതാമത്തെ വയസ്സില്‍ അവിടുന്ന് അവീര്‍ണ്ണനായി. ആ പുണ്യപുരുഷന്റെ അതുവരെയുള്ള ജീവിതചരിതം അനിര്‍വാച്യം എന്നേ പറയേണ്ടൂ. ഭക്ഷ്യപ്രമേയങ്ങളില്ലാതെ കാറ്റും വെയിലും മഞ്ഞും മഴയുമെല്ലാം സഹിച്ച് ഗുരുദേവന്‍ ദീര്‍ഘകാലം ചെയ്ത തപോജീവിതം പുരാണ പുണ്യപുരുഷന്മാരെയും അതിശയിപ്പിക്കുന്നതാണ്. നാരായണന്‍ ഗുരുവായി പ്രകാശിച്ചതിന്റെ പിന്നില്‍ ഉള്ള അദ്ധ്യാത്മസാധനയുടെ രോമാഞ്ചച്ചാര്‍ത്ത് അണിയിക്കുന്ന ചരിതം വാചാമഗോചരമത്രെ. ഇക്കാലത്ത് സദ്ഗുരു ജഗദ്ഗുരു ലോകഗുരു ശ്രീ ശ്രീഗുരു തുടങ്ങി സന്യാസനാമങ്ങളുടെ തലങ്ങനെയും വിലങ്ങനെയും ചേര്‍ത്ത് സംപൂ ജ്യത പിടിച്ചുപറ്റുന്നവരുടെ എണ്ണം പറയാവതല്ല. പണ്ടാരോ പറഞ്ഞു 'ഗുരുക്കന്മാരെ ആവശ്യ മുണ്ട് എന്നൊരു പരസ്യം ചെയ്താല്‍ ചുരുങ്ങിയത് ഒരായിരം പേര്‍ അക്കാര്യത്തിലും അപേക്ഷകരായി ഉണ്ടാകുമെന്ന്. ഇവിടെ ഇക്കാര്യം ഇത്രയും വിശദീകരിക്കുവാന്‍ ഒരു കാരണവുമുണ്ട്. ജീവാത്മാ പരമാത്മ ഐക്യം നേടി പരമപദം പ്രാപിക്കുന്ന ഒരു മഹാജ്ഞാനി ചരിത്രഗതിയില്‍ അത്യപൂര്‍ണ്ണമായിരിക്കുമെന്ന് വേദാന്തശാസ്ത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. 'വാസുദേവ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ലഭഃ' എന്ന ഗീതാവചനം നമുക്കിവിടെ സ്മരിക്കാവുന്നതാണ. പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്ത് ഭഗവദ്ഗീതാ ബ്രഹ്മ സൂത്രം) പരബ്രഹ്മാവസ്ഥയെ പ്രാപിചച്ച പരമഹംസാനുഭൂതി നേടിയ ജീവമുക്തന്മാരായ തപോധനന്മാരുടെ സ്വരൂപം വര്‍ണ്ണിതമായിട്ടുണ്ട്. ശാസ്ത്രനിഷ്ഠനായ ഒരു പരമഗുരുവില്‍ ആ ലക്ഷണങ്ങളൊക്കെ സമ്പൂര്‍ണ്ണമായും പ്രകാശിച്ചിരിക്കുന്നതായി ശാസ്ത്ര പരിചയമുള്ള വര്‍ക്ക് ബോദ്ധ്യപ്പെടുന്നതാണ്. അപ്രകാരമുള്ള മഹാഗുരുക്കന്മാര്‍ ''വിധിവത്കര്‍മ്മകരോതി'' വിധിപോലെ മാത്രമേ കര്‍മ്മപ്രപഞ്ചത്തില്‍ വ്യാപരിക്കുകയുള്ളൂ. വേദാന്തശാസ്ത്രത്തിന് അവരുടെ ജീവിതത്തില്‍ അവിരോധമായി ഒന്നും കാണുവാന്‍ സാധിക്കുകയില്ല. തികച്ചും ശാസ്ത്രനിഷ്ഠമായ മാതൃകാ ജീവിതം മാത്രമായിരിക്കും അത്തരം മഹാത്മാവില്‍ മനുഷ്യസമുദായത്തിന് കാണുവാന്‍ സാധിക്കുകയുള്ളൂ. ശ്രീനാരായണഗുരുദേവന്‍ 73 വര്‍ഷം നീണ്ടുനിന്ന ദിവ്യജീവിതമാണ് നയിച്ചത്. ദീര്‍ഘമായ ഈ ജീവിതകാലയളവില്‍ സമൂഹമദ്ധ്യത്തില്‍ സമ്പൂര്‍ണ്ണം നിറഞ്ഞുനിന്ന സര്‍വ്വജനാരാദ്ധ്യനായ ഗുരുദേവനില്‍ ഒരു പുഴുക്കുത്തും ഒരാള്‍ക്കും ഇന്നേവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

കേരളം കണ്ട സന്യാസിവര്യന്മാരില്‍ പ്രഥമഗണനീയനാണല്ലോ പണ്ഡിത സാര്‍വ്വഭൗനും കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആചാര്യനുമായിരുന്ന ശ്രീമദ് ആഗമാനന്ദസ്വാമികള്‍ പൂര്‍വ്വാശ്രമത്തില്‍ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്ന ഈ മഹാനുഭാവന് വളരെ ചെറുപ്പകാലം തൊട്ടേ ഗുരുദേവനെ അടുത്തറിയുവാന്‍ സന്ദര്‍ഭം ലഭിച്ചിരുന്നു. അദ്ദേഹം മഹാത്മാക്കളെ വിലയിരുത്തി ചെയ്ത ഒരഭിപ്രായം നോക്കുക:- ''ഏഷണാത്രയത്തെ ത്യജിച്ചവനാണ്. സന്യാസി... വിത്തേഷണാ, ദാരൈഷണാ, പുത്രേ ഷണാ... എന്നിവയാണ് ഏഷണത്രയം. (മണ്ണാശ, പെണ്ണാശാ, പൊന്നാശാ) പതിനാല്ലു ലോക ങ്ങളിലെയും സുഖം വിഷയസുഖം ത്യജിച്ചവനാണ് സന്യാസി. ഈ ബോധം മനസ്സില്‍ വച്ചുകൊണ്ട് ഞാന്‍ അന്ന് കേരളത്തില്‍ പ്രസിദ്ധരായ എല്ലാ സന്യാസിമാരെയും കുറിച്ച് അന്വേഷിക്കുവാനും പഠിക്കുവാനും കഴിയുന്നത്ര ആളുകളെ കാണുവാനും തുടങ്ങി. ഞാന്‍ വിമര്‍ശന ബുദ്ധിയോടുകൂടിയാണ് അന്വേഷിക്കുകയും പോയി കാണുകയും ചെയ്തു വന്നത്. അന്ന് അറിയപ്പെട്ടിരുന്ന ഒറ്റയാളെയും ഞാന്‍ വെറുതെ വിട്ടിരുന്നില്ല. അങ്ങനെ ചെയ്ത കൂട്ടത്തില്‍ ആരും ഒരു കുറ്റവും പറയാത്ത സന്യാസിയായി ഞാന്‍ കണ്ടത് ശ്രീനാരായണഗുരുവിനെ മാത്രമാണ്. താഴ്ന്നതായി കരുതപ്പെട്ട സമുദായത്തില്‍ ജനിച്ചതു കൊണ്ട് അദ്ദേഹത്തെ പറ്റിയാണ് എല്ലാവരും അസൂയകൊണ്ട് കുറ്റം പറയാന്‍ ഇടയുണ്ടാ യിരുന്നത്. എന്നിട്ടും ആരും അദ്ദേഹത്തെപ്പറ്റി ഒരു ആക്ഷേപവും പറഞ്ഞുകേട്ടില്ല. ശ്രീശങ്കരന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ജനിച്ച പ്രസിദ്ധനായ ഏകഉത്കൃഷ്ടസന്യാസി ശ്രീനാരായണസ്വാമിയാണെന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന് അസൂയയുണ്ടായില്ല. അഹങ്കാരം ലേശമില്ല. സമ്പൂര്‍ണ്ണഅനാഡംരം ദീനനുകമ്പാപൂര്‍ണ്ണന്‍. (സ്വാമി ആഗമാനന്ദ ശ്രീനാരായണഗുരുസ്വാമികള്‍ - ശ്രീരാമകൃഷ്ണഅദ്വൈതാശ്രമം കാലടി പേജ് 43-46)

ജീവിച്ചിരുന്നോരുനാളില്‍ ആരും പൂവിട്ട് പൂജിച്ച വ്യക്തിത്വമായിരുന്നു ഗുരുദേവ ന്റേത്. അറിയുന്നവരെയെല്ലാം ആരാധ്യകരാക്കി മാറ്റാന്‍ പോന്ന അത്ഭുതകരമായ വ്യക്തി വൈശി ഷ്ട്യത്തിന്റെ ഉടമയായിരുന്നു ഗുരുദേവന്‍. എല്ലാവിധമായ അനീതികളെയും ദൂരീകരി ക്കുവാന്‍ ശാന്തമായ സ്വരവും ധീരമായ പ്രവൃത്തിയുമായി ഗുരുദേവന്‍ മുന്നേറി ഒരിക്കല്‍പോലും ഒരു ശത്രുവിനെ നേരിടേണ്ടി വന്നതായി കേട്ടിട്ടില്ല. അതുകൊണ്ടാണ് എതിര്‍പ്പറിയാതെ സര്‍വ്വതിന്മകളെയും എതിര്‍ത്ത് മാറ്റിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് ഗവേഷണചതുരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. തെക്കേയിന്ത്യയില്‍ ജ്വലിച്ച് നിന്ന ശ്രീനാരായണസൂര്യന്റെ കതിരൊളിയേറ്റ് ഉദ്ദീപ്തമാനസന്മാരായി മാറിയ മഹാത്മ ജിയും, ടാഗോറും, ആചാര്യ വിനോബാഭാവെയും ഗുരുവിനെ ദര്‍ശിച്ച് ആരാധനാഭാവ ത്തോടുകൂടിയാണ് മടങ്ങിപ്പോയതെന്ന് നാമോര്‍ക്കണം. 'മനസ്സേകം വചസ്സേകം കര്‍മ്മണ്യേ മഹാത്മനാം' മഹാത്മാക്കളുടെ വാക്കും വിചാരവും പ്രവൃത്തിയും ഒന്നായിരിക്കും. ഗുരുദേവന്റെ ജീവിതത്തിലിത് എത്രയും അര്‍ത്ഥപൂര്‍ണ്ണമായി. ഗുരുദേവന്റെ ജീവിതം തന്നെ അവിടുത്തെ തത്വദര്‍ശനം, അഥവാ തത്വദര്‍ശനം തന്നെ അവിടുത്തെ ജീവിതം. ആ ലോക ഗുരുവിനെ സമുദായനേതാക്കന്മാരുടെയും സാമൂഹികപരിഷ്‌കര്‍ത്താ ക്കളുടെയും ഒറ്റയ്ക്കിരുത്തി ദര്‍ശിച്ച് തൃപ്തിപ്പെടരുത്. സമഷ്ടിഗതനായ വിശ്വഗുരുവായി, നിയതിയുടെ നിശ്ചയം വരദാനം പൂണ്ട ലോകഗുരുവായി ശ്രീനാരായണഗുരുദേവനെ ദര്‍ശിച്ച് നാം ധന്യത നേടുക.

ആധുനിക കേരളവും സമൂഹവും ചെയ്ത ഏറ്റവും വലിയ അപരാധം ഭ്രാന്താലയ മായിരുന്ന രാജ്യത്തെ തീര്‍ത്ഥലയമാക്കി മാറ്റിയ ശ്രീനാരായണഗുരുദേവന്റെ സ്വരൂപം വേണ്ടവണ്ണം അറിയാതെ പോയതാണ്. ഗുരുവിന്റെ ദര്‍ശനം ഒരു സമുദായത്തിനോ കാലഘട്ട ത്തിനോ വേണ്ടിയുള്ളതല്ല. ജാതിക്കും മതത്തിനും ദേശത്തിനും കാലത്തിനും അപ്പുറത്ത് വരും നൂറ്റാണ്ടുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദര്‍ശനമാണിത്. ഗുരുവിന്റെ കാലം വരുന്ന തേയുള്ളൂ. 'ഗുരുദേവന്‍ ഭാവിലോകത്തിന്റെ പ്രവാചകനാണ്. ശാസ്ത്രയുഗത്തില്‍ ജീവി ച്ചിരുന്ന ഋഷിവര്യന്‍ വരാന്‍പോകുന്ന ലോകത്തിന് സ്വീകാര്യമാകുമാറ് തത്ത്വദര്‍ശനം ചമച്ചുവരും. നൂറ്റാണ്ടുകള്‍ ഗുരുവിന്റേതാണ്. ഗുരുദേവന്റെ ഏകലോക സംസ്‌കൃതിയിലേക്ക് കാലം നടന്നടുക്കും. അങ്ങനെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന ഗുരുദര്‍ശനം സാക്ഷാത്കരിക്കപ്പെടും. വിശ്വത്തിനും അതീതമായി പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ആ ലോകഗുരുവിന്റെ ചിന്താധാരയിലേക്ക് പുതിയ തലമുറയ്ക്ക് കടന്നുവരണമെങ്കില്‍ തന്നെ അവര്‍ എത്രയേറെ വളരേണ്ടിയിരിക്കുന്നു. ഗുരു പഠിപ്പിച്ച പരിഷ്‌കൃതിയെ സ്വായത്തമാക്കുവാന്‍ ഹൃദയത്തിന്റെ വാതായനങ്ങള്‍ നാം തുറന്നിടുക. ഗുരുവിന്റെ ദര്‍ശനം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ 'സാക്ഷരതാ സംസ്ഥാന'മെന്നും 'ദൈവത്തിന്റെ സ്വന്തം നാടെന്നും' വിളിക്കപ്പെടുന്ന ഈ രാജ്യത്തിന്റെ ഗവണ്‍മെന്റും സാംസ്‌കാരികനായകന്മാരും ഇനിയും അമാന്തിച്ചു നിന്നുകൂടാ. ''പാശ്ചാത്യമമെന്നും പൗരസ്ത്യമെന്നും ഉള്ള വേരി#തിരിവുകളില്ലാതെയായി ലോകമൊ ന്നായിതീരുന്ന കാലം വരും'' എന്ന ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ഗുരുദേവന്‍ വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയിലേക്ക് നടന്നടുക്കുവാന്‍ നാം സാമൂഹികനീതി കൈവരിക്കേണ്ടതുണ്ട്. അതിനായി ഗുരുദേവന്റെ അനുയായികള്‍ അവശതയനുഭവിക്കു ന്നവര്‍ സംഘടിച്ച് ശക്തരായേ മതിയാവൂ. അതിന് ഗുരുദേവനെ ഹൃദയത്തില്‍ വച്ച് ആരാധിക്കുവാനും ബുദ്ധികൊണ്ട് സ്വാംശീകരിക്കുവാനും പ്രവൃത്തികൊണ്ട് ആചരി ക്കുവാനും സമൂഹത്തിന് സാധിക്കണം. ചെറിയ ചിന്തകളും വാക്കുകളും മാത്സര്യബുദ്ധിയും ഉപേക്ഷിച്ച് നാം ഗുരുവിലെ 'ഗുരുത്വത്തെ' സ്വാംശീകരിക്കുക. നമ്മുടെ ലഘുതത്വത്തെ ക്കുറിച്ചറിഞ്ഞ് നാം ഓരോരുത്തരും ബോധവാന്മാരായി ഗുരുത്വമാര്‍ജ്ജിക്കുക. ഗുരു പ്രകാശസ്വരൂപം കൂടിയാണ്. അവിടുത്തെ പ്രകാശം സ്വാംശീകരിക്കുവാന്‍ സാധിച്ചാല്‍ ഗുരുത്വമാര്‍ജിക്കാം. അതിന് ആദിമഹസ്സില്‍ നേരാംവഴി കാട്ടുന്ന ശ്രീനാരായണഗുരുദേവനെ നാം നമ്മുടെ ജീവിതത്തിന്റെ വഴിയും വഴികാട്ടിയുമായ പരമഗുരുവായും പരമദൈവമായും ദര്‍ശിച്ച് ധന്യരാവുക.

നമിക്കുവിന്‍ സഹജരെ നിയതമീ 'ഗുരുപാദം'

നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ?

ഗുരുവര്യനിതുപോലെ ലഭിക്കുമോ കുലത്തിന്

ഗുരുഭക്തിയില്ലാതാര്‍ക്കും കുശലമാമോ?

എന്ന മഹാകവി കുമാരനാശാന്റെ വരികള്‍ ഇവിടെ സ്മരണീയമാണ്.

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

0 comments:

Post a Comment