Tuesday, 5 May 2020
ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചതായ '' ഒരു മതം " എന്നാൽ എന്താണ് ?
ഇക്കാണുന്നതെല്ലാം അറിവല്ലാതെ മറ്റൊന്നുമല്ലെന്നു നമുക്ക് പറഞ്ഞു തന്നത് ഭാരതത്തിലെ ഋഷീശ്വരന്മാരാണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും എന്നുവേണ്ട സകലതും അറിവിൽ പൊന്തി വരുന്നതാണെന്ന സത്യം ആധുനിക ഭൗതികശാസ്ത്രത്തിന്റെ കൊടിമുടിയിലെത്തി നില്ക്കുന്ന ശാസ്ത്രജ്ഞനു പോലും നിഷേധിക്കാനാവില്ല. കാരണം അറിവിലാണ് നമ്മളുണ്ടെന്ന ബോധവും ഈ ലോകമുണ്ടെന്ന ബോധവും സ്ഫുരിക്കുന്നത്. അതായത് അറിവില്ലെന്നാൽ നമ്മളും ഈ ലോകവും ഇല്ലെന്നു ചുരുക്കം. ഈ സത്യത്തിന്റെ തുറന്ന ദാർശനിക വെളിപാടാണ് ഗുരുദേവതൃപ്പാദങ്ങളുടെ അറിവ് എന്ന കൃതിയുടെ ആദ്യപദ്യത്തിൽ നമുക്ക് കാണാനാവുന്നത്
അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
നമ്മൾ ഈ ലോകത്തെ മുഴുവനും കണ്ടുകൊണ്ടിരിക്കുന്നത് പ്രകാശത്താലാണ്. കണ്ണുണ്ടെങ്കിലും പ്രകാശമില്ലെങ്കിൽ കാഴ്ചയെന്നതു സംഭവിക്കുകയില്ലല്ലോ. ആ പ്രകാശത്തെ നമുക്ക് നല്കിക്കൊണ്ടിരിക്കുന്നതു സ്വയം പ്രകാശകനായ സൂര്യനാണ്. അതുപോലെ ഈ വിശ്വം മുഴുവനും പ്രകാശിച്ചും പ്രതിഭാസിച്ചും ഇരിക്കുന്നത് നമ്മിലെ തന്നെ അറിവിലാണെന്നതാണു ഗുരുമൊഴി. സൂര്യൻ ഇല്ലെന്നു വന്നാൽ ഈ പ്രപഞ്ചമാകെ എങ്ങനെ അപ്രത്യക്ഷമായിപ്പോകുമോ അങ്ങനെ അറിവില്ലെന്നു വന്നാൽ സർവവും അജ്ഞാനത്താൽ മറയപ്പെട്ടു പോകുമെന്നർത്ഥം.
https://chat.whatsapp.com/DAzSo4PUCaV9h7TyZfWrVl
അറിവിന്റെ സ്വരൂപത്തെ ഇത്രയുമാഴത്തിൽ പോയി നിരീക്ഷിക്കുകയും നിർവചിക്കുകയും ചെയ്ത ഭാരതീയ ഋഷിപരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും ഋഷീശ്വരനാണ് ഗുരുദേവതൃപ്പാദങ്ങൾ. അതുകൊണ്ടാവാം ഗുരുദേവരചനകളിൽ ഏറ്റവും കൂടുതലായി കടന്നുവരുന്ന ഒരു പദമായി അറിവ് മാറിയതും. അറിവിന്റെ സ്വരൂപത്തെ ആവിഷ്കരിക്കാനായി ഗുരുദേവൻ രചിച്ച 'അറിവെന്ന കൃതി മലയാളഭാഷയിലെ ഉപനിഷത്താ'ണെന്നു മലയാളത്തിന്റെ പ്രിയകവിയായിരുന്ന ഡോ. അയ്യപ്പപ്പണിക്കർ പറഞ്ഞത് ഓർത്തുപോകുന്നു.
അറിവും ഞാനും ഏകമാണെന്നറിയുന്ന അറിവാണ് പരമമായ അറിവ്. അറിവിനെ വിട്ട് ഞാൻ അന്യമാണെന്നു അഥവാ വേറെയാണെന്നു വന്നാൽ ഈ പരമമായ അറിവിനെ അറിയാൻ ആരുമില്ലാതെ വരുമെന്നു ഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ ഓർമ്മപ്പെടുത്തലിന്റെ ഏറ്റവും ലളിതമായ അറിയിപ്പായി വേണം 1924 ൽ ആലുവാ അദ്വെെതാശ്രമത്തിൽ വച്ചു നടത്തിയ സർവമതസമ്മേളനത്തിന്റെ മുഖ്യകവാടത്തിൽ എഴുതി വയ്പിച്ച അറിയാനും അറിയിക്കാനുമെന്ന ഗുരുവചനത്തെ കാണുവാൻ.
അറിവിനെ നേരാംവഴി അറിയാൻ കഴിയാതെ വരുമ്പോഴാണ് വിശ്വാസത്തിനും ആചാരത്തിനുമൊക്കെ ശക്തിയേറുന്നത്. വിശ്വാസത്തെയും ആചാരങ്ങളെയും ഉണ്ടാക്കുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും മതങ്ങൾക്കുള്ള പങ്കും സ്വാധീനവും എപ്പോഴും നിർണായകമാണ്. ഓരോ മതങ്ങളും തങ്ങളുടേതായ ഇടങ്ങളുണ്ടാക്കുന്നതിലും അത് വിസ്തൃതമാക്കുന്നതിലും വിജയിക്കുന്നത് ഇങ്ങനെ വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പെരുമയേറ്റുന്നതിലൂടെയാണ്. അതിനുള്ള വഴികളൊരുക്കുന്നത് മതമൗലികതയുടെ വക്താക്കളായി രംഗത്ത് വരുന്ന പുരോഹിത സമൂഹമാണ്. ഇതിന്റെ ദൂഷിതഫലങ്ങളാണ് തന്റെ മതം ശ്രേഷ്ഠമെന്നും അപരന്റെ മതം നിന്ദ്യമെന്നും കരുതുന്ന മതാനുയായികൾ ഏറിവരുന്നതും മതത്തിന്റെ പേരിൽ അവർ കലാപങ്ങളുണ്ടാക്കുന്ന സ്ഥിതി വർദ്ധിക്കുന്നതും.
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കുരുതികൾ ഉണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലാണെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ മനുഷ്യന്റെ നന്മയ്ക്കായി ഓരോരോ കാലങ്ങളിൽ രൂപപ്പെട്ട മതങ്ങൾ തന്നെ മനുഷ്യന്റെ നാശത്തിനായും വഴിമാറുന്ന കാഴ്ച കണ്ടിട്ടാണ് ഗുരുദേവതൃപ്പാദങ്ങൾ ഇപ്രകാരമരുളിച്ചെയ്തത്. പല മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയുകയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം.
ഈ സന്ദേശം ജനസമൂഹത്തിലെത്തിക്കുന്നതിനായിട്ടാണ് 1924 ലെ ശിവരാത്രിനാളിൽ ഗുരുദേവൻ ഏഷ്യയിലെ ആദ്യത്തെ സർവമതസമ്മേളനം വിളിച്ചുകൂട്ടിയത്. ഒരു ഫലവൃക്ഷത്തിന്റെ ഏതു ചില്ലയിലുണ്ടാകുന്ന ഫലത്തിനും അതിന്റെ നിറവും മണവും ഗുണവും രസവും ഒന്നായിരിക്കുന്നതുപോലെ അല്ലെങ്കിൽ എല്ലാ നദികളും ഭിന്നഭിന്ന ദേശങ്ങളിലുത്ഭവിച്ച് പലപലപേരുകളിൽ വ്യത്യസ്ത പ്രദേശങ്ങളിലൂടെയൊഴുകി അവസാനം സമുദ്രത്തിൽചെന്നു ചേരുന്നതു പോലെ എല്ലാ മതങ്ങളുടെയും പ്രമാണമറിഞ്ഞാൽ അവയുടെ സാരങ്ങൾ വൈവിദ്ധ്യമുള്ളതല്ലെന്നും ഏകമാണെന്നുമുള്ള അറിവ് മനുഷ്യനുണ്ടാകും. ആ മതപ്രബുദ്ധതയുടെ തിളക്കവും തെളിച്ചവും മനുഷ്യനുണ്ടായാൽ മതവൈരത്തിനും മതകലാപങ്ങൾക്കും ഇടമരുളുന്ന മതാന്ധത, പ്രകാശമെത്തുമ്പോൾ ഇല്ലാതായിപ്പോകുന്ന ഇരുളുപോലെ നീങ്ങിപ്പോകും. ഇങ്ങനെ മനുഷ്യനൊന്നു അവന്റെ മതമൊന്ന് എന്ന തത്ത്വശാസ്ത്രത്തിന്റെ നേരാംപൊരുൾ ഗുരുദേവൻ ലോകത്തിനു നല്കിയത് ആലുവ സർവമതസമ്മേളനത്തിലൂടെയാണ്.
1893ൽ ചിക്കാഗോയിൽ നടന്ന ലോകത്തെ ആദ്യത്തെ സർവമതസമ്മേളനത്തിനു ശേഷം നടന്ന രണ്ടാമത്തെ സർവ്വമതസമ്മേളനമാണ് ആലുവായിലേത്. അതിന്റെ 96-ാമത് വാർഷികദിനമായിരുന്നു ഇക്കഴിഞ്ഞ ശിവരാത്രിനാൾ. യഥാർത്ഥമതബോധം കൊണ്ടേ മതസ്വാതന്ത്ര്യവും മതപ്രബുദ്ധതയും ഉണ്ടാവുകയുള്ളൂ എന്ന ഗുരുസന്ദേശം പകരുന്ന സർവമതസമ്മേളനത്തിന്റെ ചുവടുപിടിച്ച് ഇതേദിനത്തിൽ സർവമതസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും സർവമതസമ്മേളന ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവേണ്ടതാണ്. അതിനായാൽ മതദ്വേഷം വരുത്തുന്ന മതപ്പോരുകളെ നമുക്ക് ഒരുപരിധിവരെയെങ്കിലും ഇല്ലാതാക്കാനാവും.
(കടപ്പാട് - കേരള കൗമുദി ദിനപ്പത്രം )
കേരള കൗമുദി ദിനപ്പത്രം എല്ലാവരും വായിക്കുക. വരിക്കാരാകുക
ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക
0 comments:
Post a Comment