Monday 4 May 2020

അരുവിപ്പുറത്തെ ഗുഹയിൽ ഗുരുദേവൻ താമസമാക്കിയ കാലം മുതലുള്ള അറിയപ്പെടാത്ത ശ്രീനാരായണ ഗുരുദേവ ചരിത്രകഥകൾ

അരുവിപ്പുറത്തെ ഗുഹയിൽ ഗുരുദേവൻ താമസമാക്കിയ കാലം മുതലുള്ള അറിയപ്പെടാത്ത ശ്രീനാരായണ ഗുരുദേവ ചരിത്രകഥകൾ 

ഭക്തന്മാർ എവിടെയിരുന്നായാലും, കണ്ണു നിറഞ്ഞ ഭക്തിയോടെ, എന്ത് പ്രാർത്ഥിച്ചാലും അതെല്ലാം സ്വീകരിച്ച്, സർവ്വ ദുരിതങ്ങളും തീർത്ത് അനുഗ്രഹിക്കുന്ന ഗുരുദേവൻ്റെ ഈശ്വരഭാവം വ്യക്തമാക്കുന്ന, അത്ഭുത സിദ്ധികൾ വിവരിക്കുന്ന സ്മരണ.

ബാല്യം മുതൽ ഗുരുദേവനെ നേരിൽ കണ്ട് വളർന്നതിനാലും ശ്രീനാരായണ ഗുരുദേവനിൽ നിന്നും നേരിട്ട് അനുഗ്രഹം വാങ്ങിയതിനാലും 15 വര്‍ഷം എം.എല്‍.എ. ആയിരുന്ന മഹതിയുടെ ഭക്തി നിറഞ്ഞു തുളുമ്പുന്ന ഗുരുദേവ സ്മരണകൾ വായിച്ചാലും - പരമാവധി ഷെയർ ചെയ്താലും 

☀ശ്രീനാരായണ ഗുരുദേവ സ്മരണ ☀
by
Ex. MLA നാരായണി അമ്മ ബി.എ. തിരുവനന്തപുരം -
.........................................
എന്റെ അമ്മയും അച്ഛനും തൃപ്പാദങ്ങളുടെ ഗൃഹസ്ഥ ശിഷ്യരായിരുന്നു. അച്ഛന്‍ ശ്രീ. കുമാരപിള്ള അവര്‍കള്‍ (അമ്മയുടെ പേർ പിച്ചമ്മാൾ ) നെയ്യാന്‍കരയില്‍ ഓവര്‍സീയര്‍ (P.W.D) ആയിരുന്ന കാലത്താണ് സ്വാമിയെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ശിഷ്യപ്പെടുകയും ചെയ്തത്. അന്നു അച്ഛന് 28ഉം അമ്മയ്ക്കു 18ഉം വയസ്സു പ്രായമായിരുന്നു. നാണുആശാന്‍ എന്നാണ് സ്വാമികള്‍ അന്നു അറിയപ്പെട്ടിരുന്നത്. തൃപ്പാദങ്ങള്‍ അന്ന് അരുവിപ്പുറത്തുള്ള ഒരു ഗുഹയില്‍ രാത്രി കഴിക്കുകയും പകല്‍ നെയ്യാറ്റിന്‍കരയിലും വിവിധ ദേശങ്ങളിലും മറ്റും അവധൂതനായി നടക്കുകയും ചെയ്തിരുന്നു. 

☀അച്ഛൻ്റെ പ്രാർത്ഥന സ്വീകരിച്ച് വീട്ടിൽ ആദ്യമായി ഭഗവാൻ എഴുന്നള്ളുന്നു☀

സംസ്‌കൃതത്തിലുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള അച്ഛന് ഒരു ആദ്ധ്യാത്മികഗുരുവില്‍നിന്ന് ഉപദേശം ലഭിക്കാതെ ജന്മസാഫല്യം ഉണ്ടാകുകയില്ലെന്ന് അറിയാമായിരുന്നു. അതിനാല്‍ അച്ഛന്‍ കണ്ടുമുട്ടുന്ന സന്യാസിമാരെ ആദരവോടെ സ്വീകരിച്ചു. അവരില്‍ നിന്നു തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും അച്ഛനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് നാണു ആശാന്‍ എന്നൊരു സിദ്ധന്‍ അരുവിപ്പുറത്തെ ഒരു ഗുഹയില്‍ തപോനിഷ്ഠനായി ക്കഴിയുന്നുണ്ടെന്നും അദ്ദേഹം തന്റെ സംശയങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിത്തരുമെന്നും ഒരു സ്‌നേഹിതന്‍ അച്ഛനോട് പറഞ്ഞത്.

ഇനി എനിക്ക് ആരേയും പോയിക്കാണാന്‍ താല്പര്യം ഇല്ലെന്നും നാണുആശാന്‍ അത്ര ദിവ്യനാണെങ്കില്‍ എനിക്കു ദര്‍ശനം തരണമെന്നും പ്രാർത്ഥിച്ചു. അച്ഛന്‍ സ്‌നേഹിതനെ വിവരം അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു. ദീര്‍ഘകായനും തേജസ്വിയു മായ ഒരു അപരിചിതന്‍ ഇങ്ങോട്ടു നടന്നുവരുന്നുണ്ടെന്ന്. അച്ഛന്‍ ഉടന്‍ തന്നെ വീട്ടിനു പുറത്തിറങ്ങി നോക്കി. വന്നത് തൃപ്പാദങ്ങള്‍ തന്നെയായിരുന്നു. അച്ഛന്‍ തൃപ്പാദങ്ങളെ വണങ്ങി. ആദ്ധ്യാത്മികമായ തന്റെ ചില സംശയങ്ങള്‍ അറിയിക്കുകയും ഗുരു അതിനു ശരിയായ സമാധാനങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ അച്ഛനും അമ്മയും തൃപ്പാദങ്ങളുടെ ഗൃഹസ്ഥശിഷ്യരായിത്തീരുകയും ചെയ്തു.

തൃപ്പാദങ്ങള്‍ ഗുഹയില്‍ നിന്നു പുറത്തിറങ്ങി നാട്ടില്‍ സഞ്ചരിക്കുമ്പോള്‍ അനേകം ഭക്തന്മാര്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടില്‍ തൃപ്പാദങ്ങള്‍ പലപ്പോഴും വന്നിട്ടുണ്ട്. വരാതിരിക്കുമ്പോള്‍ അച്ഛന്‍ അരുവിപ്പുറത്തുപോയി തൃപ്പാദങ്ങളെ കൂട്ടിക്കൊണ്ടു വരുമായിരുന്നു. തൃപ്പാദങ്ങള്‍ തന്റെ ജീവിതസംഭവങ്ങളില്‍ പലതും ആയവസരങ്ങളില്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അവയില്‍ ചിലതു താഴെ ചേര്‍ത്തിരിക്കുന്നു.

☀ ഭൈരവൻ ശാന്തി സ്വാമികൾക്ക് ലഭിച്ച അത്ഭുത ദർശനത്തിൻ്റെ കഥ ☀

തൃപ്പാദങ്ങള്‍ അച്ഛനുമായി പരിചയപ്പെട്ടതിനുശേഷം അമ്മ തൃപ്പാദങ്ങള്‍ക്ക് ഉച്ച ഭക്ഷണവും ചിലപ്പോഴെല്ലാം അരുവിപ്പുറത്തേക്കു കൊടുത്തയക്കുമായിരുന്നു. ഒരു ശിഷ്യൻ വശമായിരുന്നു കൊടുത്തയച്ചിരുന്നത്. ഒരു ദിവസം ശിഷ്യന്‍ ആഹാരവുമായി ചെന്നപ്പോള്‍ ഒരു ബ്രാഹ്മണബാലന്‍ ഗുഹയ്ക്കകത്തു തൃപ്പാദങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. അതിനാല്‍ ഗുഹയ്ക്കു വെളിയില്‍ കാത്തിരുന്നു ഉറങ്ങിപ്പോയി. ഉണര്‍ന്ന ഉടനെ ആഹാരവുമായി ഗുഹയ്ക്കകത്തു കടന്നു.

'' നീ ഇത്ര താമസിച്ചതെന്തെന്ന് " സ്വാമികള്‍ ശിഷ്യനോട് ചോദിച്ചു.

"ഞാന്‍ നേരത്തേ വന്നു. അകത്ത് ഒരു ബ്രാഹ്മണബാലന്‍ നില്‍ക്കുന്നത് കണ്ടതിനാല്‍ പുറത്തുനിന്നു " എന്നു ശിഷ്യന്‍ മറുപടി പറഞ്ഞു.

'നീ കണ്ടോ? നീ ദീര്‍ഘകാലം ജീവിച്ചിരിക്കും' എന്നു സ്വാമികള്‍ അരുളിച്ചെയ്തു. ഈ ശിഷ്യന്‍ ഒടുവില്‍ സന്യാസി ആയി അരുവിപ്പുറത്തു വളരെക്കാലം കഴിഞ്ഞുകൂടി. അമ്മയുമായി ഞാന്‍ അവിടെപ്പോകുമ്പോള്‍ ആ സന്യാസിയെ പലപ്പോഴും കണ്ടിട്ടുണ്ട്.( ഭൈരവൻ ശാന്തി സ്വാമികൾ ആണ് ഈ ശിഷ്യൻ )

അച്ഛന്‍ അരുവിപ്പുറത്തെ ഗുഹയില്‍ തൃപ്പാദങ്ങളെ കാണാന്‍ പോകുമ്പോള്‍ ഒരു പുലി ഗുഹയുടെ മുന്നില്‍ കിടക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്.

ഞാന്‍ ജനിച്ചപ്പോള്‍ എനിക്കു നാരായണി എന്നാണ് പേരിട്ടത്. ആ വിവരം അച്ഛന്‍ തൃപ്പാദങ്ങളോടു പറഞ്ഞപ്പോള്‍ ''നമ്മുടെ പേരു പെണ്‍കുട്ടിക്കു ഇട്ടോ? നന്നായിവരും " എന്നാണ് സ്വാമികള്‍ പറഞ്ഞത്. ഇന്നു എനിക്കു ഈ ലോകത്തില്‍ ആത്മീയമായും ലൗകിക മായും ഉണ്ടായിട്ടുള്ള ഭാഗ്യങ്ങള്‍ക്കെല്ലാം നിദാനം ആ ദിവ്യനാമധേയമാകുന്ന രക്ഷാ കവചമത്രെ.

☀കണ്ണ് നിറഞ്ഞൊഴുകുന്ന ഭക്തിയോടെ ഭഗവാനെ പ്രാർത്ഥിക്കുന്ന പിച്ചമ്മാൾ ☀

എന്റെ അമ്മ ധ്യാനം ചെയ്യുമ്പോള്‍ ധാരധാരയായി അശ്രു പൊഴിക്കും. ധ്യാനിക്കു മ്പോള്‍ അമ്മ കരയുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ "കരഞ്ഞതല്ല ആ പൊന്നു ശ്രീനാരായണ ഗുരു ദേവനെ ധ്യാനിക്കുമ്പോള്‍ ആനന്ദാശ്രുക്കള്‍ വരുന്നതാണ്. അത് കട ക്കണ്ണില്‍ക്കൂടിയാണ് വരുന്നത്. സങ്കടം ഉള്ളപ്പോള്‍ വരുന്നത് നേര്‍വശത്തുകൂടിയു മാണ്" എന്ന് അമ്മ പറഞ്ഞു. 

☀ വാതിൽ പൂട്ടി വച്ചിരുന്ന മുറിയിൽ ഭക്തൻ്റെ അപേക്ഷ പ്രകാരം പ്രത്യക്ഷനായ അത്ഭുത സംഭവം ☀

ഞങ്ങളഉടെ കുടുംബത്തിലെ ഒരു പെണ്‍കുഞ്ഞിന് ചോറുകൊടുക്കാനും പേരിടാനും ആയി തൃപ്പാദങ്ങളെ ക്ഷണിച്ചു. വരാമെന്നു സ്വാമികള്‍ സമ്മതിക്കുകയും ചെയ്തു. വളരെ സദ്യയ്ക്കായി എത്തി. നിശ്ചിത സമയം ആയിട്ടും തൃപ്പാദങ്ങളെ കണ്ടില്ല. അപ്പൂപ്പന്‍ തന്നെ കുഞ്ഞിന് ചോറുകൊടുത്തു. അതിഥികളും ഊണു കഴിച്ചു. വീടിനു മുകളിലത്തെ നിലയിലെ ഒരു മുറി ആയിരുന്നു സ്വാമികള്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിരുന്നത്. അതു പൂട്ടി താക്കോല്‍ അപ്പൂപ്പന്‍ ഇടുപ്പില്‍തന്നെ വെച്ചിരുന്നു. ഒടുവില്‍ അപ്പൂപ്പന്‍ മുകളില്‍ ചെന്നു ആ മുറി തുറന്നു. അപ്പോള്‍ തൃപ്പാദങ്ങള്‍ ആ മുറിയ്ക്കകത്ത് ഇരിക്കുന്നതായി കണ്ടു അത്ഭുതപ്പെട്ടു. 'നാം എത്രയോ സമയമായി ഇവിടെ ഇരിക്കുന്നു' എന്നു സ്വാമികള്‍ പറഞ്ഞു. കുഞ്ഞിന് പേര് ഇടണമെന്നു അപ്പൂപ്പന്‍ അപേക്ഷിച്ചു. നക്ഷത്രം ഏതാണെന്നു തൃപ്പാദങ്ങള്‍ ചോദിച്ചപ്പോള്‍ കാര്‍ത്തിക എന്നു പറഞ്ഞു. ഉടനെ കാര്‍ത്ത്യായനി എന്നു നാമകരണം ചെയ്യുകയും ചെയ്തു. ആ കുഞ്ഞു മൂന്നാമത്തെ വയസ്സില്‍ മരിച്ചുപോയി. അതാണ് കുഞ്ഞിന് തൃപ്പാദങ്ങളുടെ കൈയില്‍ നിന്നും ചോറു ലഭിക്കാന്‍ ഇടയാകാതിരുന്ന തെന്നു ഞങ്ങള്‍ക്കു മനസ്സിലായി.

☀ ഗുരുദേവനെ ശുശ്രൂക്ഷിച്ച ദന്ത ഡോക്ടറും , ഭഗവാൻ്റെ ദിവ്യ ദന്തങ്ങൾ ലോകത്തിനായി സൂക്ഷിച്ചു വച്ച ഡോ. ജി.ഒ. പാലിൻ്റെ ദന്താശുപത്രി ഉൽഘാടനം ചെയ്ത സംഭവം ☀

എന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ ഗോപാലന്‍ ദന്തവൈദ്യം പഠിച്ചതിനു ശേഷം തിരുവനന്തപുരത്ത് ഒരു ആശുപത്രി ആരംഭിച്ചു. അതിന്റെ ഉദ്ഘാടനത്തിന് തൃപ്പാദങ്ങളെ ക്ഷണിച്ചിരുന്നു. തൃപ്പാദങ്ങള്‍ വന്നപ്പോള്‍ ദന്തപരിശോധനയ്ക്കു രോഗികളെ ഇരുത്തുന്ന കസേരയില്‍ ഇരിക്കണമെന്നു ഡോക്ടര്‍ അപേക്ഷിച്ചു. 'നമുക്കു പല്ലിനു കേടൊന്നും ഇല്ലല്ലോ' എന്ന് സ്വാമികള്‍ പറഞ്ഞ് ആ കസേരയില്‍ ഇരുന്നു. ഡോക്ടര്‍ തൃപ്പാദങ്ങളുടെ പല്ല് ഒന്ന് ക്ലീന്‍ ചെയ്യുകയും ചെയ്തു. ഡോ. ജി.ഒ. പാല്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആ തൊഴിലില്‍ നന്നായി ശോഭിക്കുകയും ചെയ്തു. 
(ഡോ. ജി.ഒ. പാല്‍ സൂക്ഷിച്ചിരുന്ന ശ്രീനാരായണ ഗുരുദേവൻ്റെ ദിവ്യ ദന്തങ്ങൾ ഇന്ന് മുബൈ മന്ദിര സമിതി വക മുംബൈ നെരൂളിലുള്ള ഗുരുദേവ ഗിരിയിൽ പ്രത്യേകം ശ്രീകോവിലിൽ സുരക്ഷിതമായി സംരക്ഷിച്ചിരിക്കുന്നു )

☀ പരീക്ഷയിൽ വിജയിക്കുവാൻ ഗുരുദേവനെ ശരണാഗതി പ്രാപിച്ച വിദ്യാർത്ഥിനിയെ അത്ഭുതകരമായി ഭഗവാൻ അനുഗ്രഹിച്ച സംഭവം ☀

ഇന്റര്‍മീഡിയേറ്റു പരീക്ഷയ്ക്കുള്ള ഫീസ് തൃപ്പാദങ്ങളുടെ കൈയില്‍ നിന്നേ വാങ്ങുകയുള്ളൂ എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. ഇനി ശിവഗിരിയില്‍ സ്വാമികളില്‍ നിന്നു വാങ്ങാന്‍ സമയമില്ലല്ലോ. നാളെ ഫീസ് കൊടുക്കേണ്ടതല്ലേ? എന്നു പറഞ്ഞു ഞാന്‍ വളരെ മനസ്താപപ്പെട്ടു. എന്റെ കുടുംബത്തില്‍പ്പെട്ട പലരും ഇന്റര്‍മീഡിയേറ്റിനു തോറ്റിട്ടുണ്ട്. ഫീസ് തൃപ്പാദങ്ങളില്‍ നിന്നു വാങ്ങിയാല്‍ നിശ്ചയമായും ജയിക്കുമെന്നാ യിരുന്നു എന്റെ വിശ്വാസം. അങ്ങനെ നിരാശയായി ഞാന്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു തൃപ്പാദങ്ങള്‍ തീവണ്ടിയില്‍ വന്നു കടപ്പുറത്തുള്ള ചാക്ക സ്റ്റേഷനില്‍ ഇരിക്കുക യാണെന്ന്. ഉടനെ ഞാനും അമ്മയും കൂടി തൃപ്പാദസന്നിധിയിലെത്തി. 'പണം കൊണ്ടു വന്നിട്ടുണ്ടോ? നമ്മുടെ കൈയില്‍ പണമില്ല' എന്നു സ്വാമികള്‍ പറഞ്ഞു. ഉടന്‍ ഫീസിനുള്ള രൂപ തൃക്കൈയില്‍ കൊടുക്കുകയും അതു സ്വാമികള്‍ എനിക്കു തരികയും ചെയ്തു. പിന്നീട് ഞാന്‍ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. 1929ല്‍ ബി.എ. പരീക്ഷ പാസ്സാവുകയും ചെയ്തു. 

തൃപ്പാദകാരുണ്യത്താല്‍ 1933 മുതല്‍ 1949 വരെ 15 വര്‍ഷം എം.എല്‍.എ. ആകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. Child Marriage Restraint Act-ഉം Hindu widow Remarriage Act- ഉം ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയിട്ടുണ്ട്. അനൗദ്യോഗിക നിയമങ്ങള്‍ പാസ്സാക്കാനുള്ള അവസരം ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതെല്ലാം ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

(ഗ്രന്ഥം : ഗുരുദേവ സ്മരണകൾ
ഗ്രന്ഥകാരൻ : R ഗംഗാധരൻ )
Sree NARAYANA guru wallpaper by Sreenath_Narendran - da - Free on ...

0 comments:

Post a Comment