Monday, 4 May 2020

ടി കെ മാധവൻ എന്ന സംഘടനാ പ്രവർത്തകനായ , വാഗ്മിയായ, ശ്രീനാരായണ ഗുരുദേവ ശിഷ്യൻ

ഏപ്രിൽ 27, 2020 ഭഗവാൻ ശ്രീനാരായണ പരമഹംസദേവന്റെ ഗൃഹസ്ഥശിഷ്യനായ ടി.കെ.മാധവന്റെ 90 മത് ചരമവാർഷിക ദിനം

ജനനം :: 2- 9- 1885
മരണം ::27- 4 -1930 

ടി കെ മാധവൻ എന്ന സംഘടനാ പ്രവർത്തകനായ , വാഗ്മിയായ, ശ്രീനാരായണ ഗുരുദേവ ശിഷ്യൻ
..............................
ആറാംവയസ്സിൽ കുരുത്ത പൗരാവകാശതൃഷ്ണ ജീവിതാവസാനംവരെ അണയാതെസൂക്ഷിച്ച ധീരോദാത്തനായ സാമൂഹികപരിഷ്കർത്താവായിരുന്നു ടി.കെ. മാധവൻ.  നിലത്തെഴുത്തു പഠിക്കുന്ന കാലത്ത് ജാത്യാഭിമാനിയായ നരിയിഞ്ചിൽ ആശാന്റെ  കുടിപ്പള്ളിക്കൂടത്തിലായിരുന്നു ആ വിപ്ലവജ്ജ്വാലയുടെ തുടക്കം. അവിടെ  അവർണർക്ക്താഴ്ന്ന പരിഗണനയാണ് ലഭിച്ചിരുന്നത്. സവർണ കുട്ടികളെ വടികൊണ്ട് തൊട്ടടിക്കുന്ന ആശാൻ മറ്റുവിദ്യാർഥികളെ പ്രത്യേകരീതിയിൽ വടി എറിഞ്ഞാണ് അടിച്ചിരുന്നത്. തന്റെ അയൽവാസിയും സന്തതസഹചാരിയുമായിരുന്ന ഗോവിന്ദനെ തൊട്ടടിച്ച ആശാൻ തന്നെ എറിഞ്ഞടിച്ചപ്പോഴുണ്ടായ ധാർമികരോഷം മാധവനിലെ അവകാശസമത്വതൃഷ്ണ ജ്വലിപ്പിച്ചു. അക്കാലംവരെ ഒരുവിദ്യാർഥിയും ചിന്തിക്കുകപോലും ചെയ്യാതിരുന്ന സമരമുറയാണ് കൊച്ചുമാധവൻ അന്ന് പുറത്തെടുത്തത്. 

‘‘ആശാന്റെ എഴുത്തങ്ങ് എടുത്തോ, എന്റെ  ഓലയിങ്ങ് തന്നേക്ക്’’ 

എന്ന് കോപാകുലനായ കൊച്ചുധിക്കാരി ആശാനോട് ആക്രോശിച്ചു. 

പതിനേഴാം വയസ്സിൽ തന്റെ അമ്മാവൻ കുഞ്ഞു പിള്ള ചേകവനു വേണ്ടി ശ്രീമൂലം പ്രചാസഭയിൽ പങ്കെടുത്തു അദ്ദേഹം പ്രസംഗിച്ചു. "Disabilites of Ezhavas Government Service " എന്നതായിരുന്നു പ്രസംഗ വിഷയം ആ അനാഗതശ്മശ്രു വിന്റെ സരസവും സാരഗംഭീരവുമായ 
ഉജ്ജ്ലപ്രസംഗം ദിവാൻ വി.പി. മാധവറാവു ഉൾപ്പെടെ സർവ്വരുടെയും പ്രശംസ പിടിച്ചുപറ്റി.

ജനനം
..............
1885 സെപ്റ്റംബർ 2ന് (കൊല്ലവർഷം 1061 ചിങ്ങമാസം 19ന്) കേരളത്തിൽ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തിൽ ജനിച്ചു. താന്നിയേങ്കുന്നേൽ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടിൽ കൂടുംബാംഗമായ കേശവൻ ചാന്ദാർ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛൻ വൈദ്യം ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. മാധവൻ രണ്ടാമത്തെ സന്താനമായിരുന്നു. ഒരു ജ്യേഷ്ഠത്തി (നാരായണി) കൌമാര പ്രായത്തിൽ തന്നെ അസുഖം മൂലം മരിച്ചുപോയി. അനിയൻ ടി.കെ പത്മനാഭൻ അദ്ധ്യാപകനായിത്തീർന്നു.

ബാല്യത്തിൽ നങ്ങ്യാർകുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിയിലാണ് വളർന്നത്. അതിനടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലെ നരിയിഞ്ചിൽ ആശാനാണ് മാധവനെ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ പഠിപ്പിച്ചത്. ആറു വയസ്സു വരെ അദ്ദേഹം ഈ ആശാന്റെ കീഴിൽ വിദ്യ അഭ്യസിച്ചു. 

പിന്നീട് അദ്ദേഹം കായംകുളം സർക്കാർ വിദ്യാലയത്തിൽ ചേർന്നു. അക്കാലങ്ങളിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നല്ല രീതിയിൽ വികസിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ കോടതി വ്യവഹാരങ്ങൾ ചിലത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ വിദ്യാലയങ്ങളിലെ ഉയർന്ന ജാതിക്കാരായ സഹപാഠികളിൽ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരിൽ നിന്നും ജാതി സംബന്ധമായി താഴ്ത്തിക്കെട്ടുന്ന തരത്തിൽ ഉള്ള പരിഹാസങ്ങൾക്കും മറ്റും മാധവനും അതേ ജാതിയിലുള്ളവർക്കും ഏൽക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ മനസ്സിന് മുറിവേൽ‍പിച്ചിരുന്നു. കായംകുളത്തുനിന്നും മൂന്നാം ഫാറം ജയിച്ചതുനുശേഷം ഉപരിപഠനത്തിനായി ടി.കെ തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തിൽ ചേർന്നു.

പഠനത്തിൽ താല്പര്യം ഏറെ ഉണ്ടായിരുന്നെങ്കിലും 17 വയസ്സുള്ളപ്പോൾ (1902) അച്ഛൻ മരിച്ചു പോയതുമൂലവും അദ്ദേഹത്തെ വളരെ നാളായി അലട്ടിയിരുന്ന കാസ രോഗം മൂർച്ഛിച്ചതിനാലും അദ്ദേഹത്തിന് ഹൈസ്കുൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.1906ൽ കാസരോഗശമനത്തിനായി അദ്ദേഹം ഒരു വർഷം ചിലവഴിച്ചു എങ്കിലും പരിപൂർണ്ണമായും ഭേധമയില്ല. 1907 ലദ്ദേഹം വിവാഹിതനായി'.ചേപ്പാട്ട് കോട്ടൂർ കയ്യാലയ്ക്കൽ നാരായണി അമ്മയായിരുന്നു ഭാര്യ. മക്കൾ: ഡോ. ബാബു വിജയനാഥ്, ഡോ. രുഗിമിണിനായർ.

സമൂഹ്യ സേവനം 
..........................
പഠിക്കുന്ന കാലത്തേ മാധവൻ മികച്ച പ്രസംഗകനെന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹം പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിനും ഉണ്ടയിരുന്നു. അക്കാലത്ത് ‘ന്യൂ ഇൻഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ‘ തുടങ്ങിയ വർത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി‘, ‘മംഗളോദയം‘ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1911-ല് ശിവഗിരിയില്ല് വച്ച് നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയിൽ അദ്ദേഹം പങ്കെടുത്തു. 1913 ല് 11-ആം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു. അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന് ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിനു വേണ്ടി നിവേധനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു. അടുത്ത വർഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരീക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്.

അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത്. നമ്പൂതിരി, ക്ഷത്രിയർ, നായന്മാരും നസ്രാണികളും, ഈഴവന്മാർ, പുലയർ, പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ക്ഷിക്കാനും മേൽജാതിക്കാര്ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവന്മാർക്ക് പ്രവേശിക്കാമയിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലാകട്ടേ സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവർണ്ണ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയ്ള്ള വീഥികളിലാകട്ടേ ഈഴവരേയും വിലക്കിയിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും ഉണ്ടായിരുന്നു. പുറത്തു പോയി തിർകെ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് കുളിച്ചിരിക്കണം എന്നും താഴ്ജാതിയിൽ പെട്ടവരെ നിശ്ശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുളിച്ചിരിക്കണം.

ശ്രീമൂലം പ്രജാസഭയിൽ 
........................
അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്. 1903-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു. ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി താഴ്ന്ന ജാതിക്കാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ സഭയിൽ ഈഴവ പ്രതിനിധി അംഗമായി തിർഞ്ഞെടുക്കപ്പെട്ടു.‍ 1917, 18 വർഷങ്ങളിൽ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങൾ തമ്മിലുള്ള സമ്പർക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയിൽ വാദിച്ചിരുന്നു

ശ്രീനാരായണ ധർമ്മ പ്രചാരണത്തിനായി ''ദേശാഭിമാനി" എന്ന പത്രം ആരംഭിച്ച പത്രപ്രവർത്തകൻ 
.............................
1915- ഏപ്രിൽ 15 മുതൽ കൊല്ലത്തു നിന്നും മാധവൻ ദേശാഭിമാനി പത്രം പുറപ്പെടുവിച്ചു തുടങ്ങി. ചരിത്ര പുരുഷൻ രൂപം കൊടുത്തു നയിച്ച സാമൂഹ്യ രാഷ്ട്രീയ പരിഷ്കരണ പ്രസ്ഥനങ്ങൾക്കെല്ലാം കരുത്തുറ്റപ്രചരണോപാധിയായിരുന്നു ദേശാഭിമാനി. വിദ്യാലയ പ്രവേശനം, പബ്ലിക്ക് സർവിസിലെ പ്രവേശനം ,സമുദായ പ്രാധിനിധ്യം ആദിയായവയ്ക്കെല്ലാം പത്രം നിരന്തരം അടരാടി. കേരളിയരിൽ രാഷ്ട്രിയബോധം, പുരോഗമനചിന്ത, യുക്തിവിചാരം, നവീന ചിന്താഗതി എന്നിവ പുഷ്ടിപ്പെടുത്തുന്നതിൽ ദേശാഭിമാനി നിതാന്ത ജാഗ്രത പുലർത്തി. അവർണ്ണരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു പടക്കുതിരയെപ്പോലെ ദേശാഭിമാനികുതിച്ചു മുന്നേറി .പതിനഞ്ചു വർഷം ദേശാഭിമാനി പ്രബുദ്ധമായി പ്രചരിച്ചു. ടി .കെ മാധവന്റെ അകാലചരമത്തോടെ ദേശാഭിമാനിയുടെ ശ്വാസവും നിന്നുപോയി.
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെയും കുമരകത്തെകക്കാത്തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചത് ടി.കെ.മാധവനാകുന്നു.
ഒരു എഴുത്തുകാരൻ എന്ന നിലയിലും ആദരണിയനാണ് സ്മര്യപുരുഷൻ .ന്യൂ ഇന്ത്യ, നസ്രാണി ദീപിക, മലയാള മനോരമ ,കേരള കൗമുദി, ലക്ഷ്മിഭായി, ഭാഷാപോഷിണി, മംഗളോദയം ,സുജനാനന്ദിനി എന്നി പ്രതമാസികകളിൽ അനേകം വിശിഷ്ട ലേഖനങ്ങൾ ടി.കെ എഴുതിയിട്ടുണ്ട്. 

അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനായി നടത്തിയ പരിശ്രമങ്ങൾ 
.........................
ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ, മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊടീൽ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികൾ 1916 ഓടെ കേരളത്തിൽ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.1916ല് കൊൽക്കത്ത യിൽ വച്ച് ആനി ബസൻറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടയിരുന്നു. ഇതേ തുടർന്ന് അടുത്ത വർഷം മുംബൈ യിൽ വച്ച് അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എന്നാൽ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം മാധവന് ശ്രീമുലം പ്രജാ സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല.

വൈക്കം സത്യാഗ്രഹം 
...................
പൗരസമത്വത്തിനു വേണ്ടിയുള്ള പ്രക്ഷോഭമാണ് ടി.കെ ആദ്യമായി രൂപം കൊടുത്തതും നിയച്ചതും.
ഈ രാജ്യത്ത് അരങ്ങേറിയ ക്ഷേത്ര പ്രവേശന പ്രക്ഷോഭണം സമുധായ പ്രാധിനിധ്യവാദം, നിവർത്തന പ്രക്ഷോഭണം, ഉത്തരവാദ ഭരണ പ്രക്ഷോഭണം തുടങ്ങിയവക്കെല്ലാം കളമൊരുക്കിയത് പൗരസമത്വവാദമായിരുന്നു. 
എസ്.എൻ.ഡി.പി.യോഗത്തിന്റെ പിന്തുണയോടെ ടി.കെ.മാധവൻ നയിച്ച ചരിത്ര പ്രാധാന്യമേറിയ മറ്റെരു സമരമാണ് മദ്യവർജ്ജന പ്രക്ഷോഭണം കൊടുങ്കാറ്റിന്റെ വേഗത്തിൽ രാജ്യത്തുടനീളം സഞ്ചരിച്ച് അദ്ദേഹം സമ്മേളനങ്ങൾ നടത്തുകയും വിജിലൻസ് കമ്മറ്റികൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭണത്തെ അടിച്ചമർത്താൻ സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഒരു ക്ലിപ്ത കാലം കൊണ്ട് മദ്യവർജ്ജനം പൂർണ്ണമായി നടപ്പാക്കി കൊള്ളാമെന്ന് സർക്കാർ ഉറപ്പ് കൊടുക്കുകയും പ്രക്ഷേപണം പിൻവലിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശ്ശിസ്സുകളോടെ മാധവൻ തിരുനൽവേലിയിൽ ചെന്ന് മഹാത്മ ഗാന്ധിയെ സന്ദർശിച്ച് ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ അയിത്തജാതിക്കാരുടെ ദുരവസ്ഥ മഹാത്മജിയെ ധരിപ്പിച്ചതും 1923ൽ കോകനദ കോൺഗ്രസ്സിൽ പങ്കെടുത്ത് ഇന്ത്യയിലെ അയിത്തജാതിക്കാർക്കു വേണ്ടി സർവ്വേന്ത്യാകോൺഗ്രസ്സ് കമ്മിറ്റി യോടെ ചെയ്യുന്ന ഒരു അഭ്യർത്ഥന ' തയ്യാറാക്കി സമർപ്പിച്ചതും 1924 ലെ ബൽഗാം കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിജിയുമായും മറ്റു കോൺഗ്രസ് നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയതും ശാശ്വാതസ്മരണീയങ്ങളായ സംഭവങ്ങളാകുന്നു. ഗാന്ധി - മാധവ സന്ദർശനത്തിനും സംവാദത്തിനുംശേഷം മഹാത്മജി ശിവഗിരിയിൽ വന്ന് ഗുരുദേവനെ സന്ദർശിച്ചതും രണ്ടു ദിവസം ശിവഗിരിയിൽ താമസിച്ചതും സുപ്രധാന സംഭവങ്ങളാകുന്നു. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വൈക്കം സത്യാഗ്രഹസമരം 192‌2 മാർച്ച് 30ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു കേരളം കണ്ട സംഘാടകരിൽ അഗ്രഗണ്യനും ഭാരത രാഷ്ട്രീയ വിചക്ഷണനുമായ ടി.കെ മാധവനായിരുന്നു ഈ ഐതിഹാസിക സമരത്തിന്റെ സൂത്രധാരൻ.എസ്.എൻ.ഡി.പി.യോഗം ആളും അർത്ഥവും നൽകി സത്യാഗ്രഹത്തിൽ സഹകരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. സത്യാഗ്രഹ ഫണ്ടിലേക്ക് ആദ്യം തന്നെ ആയിരം രൂപ ഗുരുദേവൻ സംഭാവന ചെയ്തു. ഭഗവാന്റെ വൈക്കത്തെ വെല്ലൂർമഠം സത്യാഗ്രഹാശ്രമത്തിനു വിട്ടുകൊടുത്തു. ഗുരുദേവൻ കാൽനടയായി സമരഭൂമി സന്ദർശിച്ച് അവിടുത്തെ മണൽ തരികളെപ്പോലും കോരിത്തരിപ്പിച്ചു.
1929 നവംബർ 29 ന് അധികാരികളുമായുള്ള ഒത്ത് തീർപ്പ് വ്യവസ്ഥ അനുസരിച്ച് വൈക്കം ക്ഷേത്ര റോഡുകളിൽ എല്ലാവർക്കും പ്രവേശന സ്വാതന്ത്ര്യം അനുവദിച്ചു കിട്ടി. എല്ലാ ഹിന്ദു ദേവാലയങ്ങിളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു കൊണ്ട് 1936-ൽ തിരുവതാംകൂർ മഹാരാജാവ് വിളംബരവും പുറപ്പെടുവിച്ചു.ടി.കെ.മാധവന്റെ ധീരഗംഭീരമായ കഠേരയത്നങ്ങളാണ് ഇതിനൊക്കെപ്രരകശക്തിയെന്നുള്ളത് ഒരു ചരിത്ര സത്യമാണ്. 

ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ ശക്തിപ്പെടുത്താനായി സംഘടനാ പ്രവർത്തനം 
...........................
1927-ജനുവരി 1, 2, തീയതികളിൽ ആലപ്പുഴയിൽ വച്ചു നടന്ന എസ്.എൻ.ഡി.പി.യോഗത്തിന്റെ
വിശേഷാൽ സമ്മേളനത്തിൽ വച്ചു മാധവനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. 1927- ജനുവരി-30 ന് ഭഗവാന്റെ സാന്നിധ്യത്തിൽ ശിവഗിരിയിൽ ഒരു മഹാസമ്മേളനം ടി.കെ.സംഘടിപ്പിച്ചു. അതിൽ വച്ചു അംഗങ്ങൾക്കു കൊടുക്കുവാനുള്ള രസീത് സ്വാമി തൃപ്പാദങ്ങൾ മാധവന്റെ കൈയ്യിൽ കൊടുത്തനുഗ്രഹിച്ചു. 

മാധവനെ കുറിച്ച് ഒരിക്കൽ മഹാകവി കുമാരനാശാൻ ഇപ്രകാരം പാടി:

“ചെഞ്ചോരതുള്ളും ചെറുപ്രായക്കാർ തന്ദ്രിക്കെഴും
ചെറുകൊഞ്ചലാല മയങ്ങി സ്വകർത്തവ്യം മറക്കവേ
സഹസ്രാധികയുവബാഹുക്കൾ സാധിക്കാത്ത
മഹത്താം കർമം കാസരോഗിതൻ കരം ചെയ്തു
കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവൻ സംഘടനാ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. 25 വർഷത്തെ പ്രവർത്തനംകൊണ്ട് 4200 അംഗങ്ങളുണ്ടായിരുന്ന എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുവാൻ അനുഗ്രഹിക്കണം എന്ന ആഗ്രഹം ശ്രീനാരായണ ഗുരുദേവനോട് പ്രകടിപ്പിച്ചപ്പോൾ "ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. യോഗത്തിന് ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു" എന്നൊരു കുറിപ്പ് തൃപ്പാദങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി ശിഷ്യന് നല്കി. ആ അനുഗ്രഹത്തിൻ്റെ ശക്തിയാൽ, SNDP യോഗത്തെ അമ്പതിനായിരം അംഗങ്ങളുള്ള സംഘടനയാക്കി വാർത്താൻ ടി കെ മാധവന് കഴിഞ്ഞു. 

ശ്രീനാരായണ ഗുരുവിൻ്റെ അനുഗ്രഹവാക്യവും കൊണ്ട് സംഘടനാ പ്രവർത്തനം ആരംഭിക്കുന്നതിനായി ആദ്യം എത്തിയത് കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലാണ്. കുട്ടനാട്ടിലെത്തിയ ടി.കെ. മാധവനെ മണ്ണിന്റെ മക്കൾ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. പുളിങ്കുന്ന് കുന്നുമ്മേൽ സന്മാർഗ പ്രകാശിനി സഭാംഗമായ സി.കെ. കുഞ്ഞുകൃഷ്ണൻ, കുറ്റിക്കാട്ട് ശങ്കരൻ ചാന്നാർ എന്നിവർ ഉത്സാഹത്തോടെ കൂടെനിന്നു. മൂന്നുതവണകൊണ്ട് അവർ നൽകിയ നൂറുരൂപയായിരുന്നു മാധവന്റെ മൂലധനം. കുട്ടനാടൻ ജനതയെ ജാതിതിരിച്ചുകാണാതെ അവരുടെ അവകാശപ്പോരാട്ടങ്ങളിലും പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആളും അർത്ഥവുമായി മാധവനും കൂട്ടരും നിലകൊണ്ടു. അവർക്കായി ഒരുമയുടെ കുടക്കീഴൊരുക്കിയത് ശ്രീനാരായണഗുരു എന്ന ദിവ്യനാമം മാത്രമായിരുന്നു. വെളിയനാട്, കാവാലം, ചാത്തംകരി, കുമരകം, ചങ്ങംകരി, തകഴി, കുന്നുമ്മ, കഞ്ഞിപ്പാടം, ചമ്പക്കുളം, പൊങ്ങ, പുളിങ്കുന്ന്, കുട്ടമംഗലം, പള്ളാത്തുരുത്ത് എന്നിവിടങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന് വേരോടി. മൂന്നുമാസക്കാലത്തെ പ്രവർത്തനംകൊണ്ട് 3100 അംഗങ്ങളാണ് ചേർന്നത്. ടി.കെയുടെ പ്രഭാഷണവും സത്യദേവന്റെ ഹരികഥയുമായിരുന്നു പ്രചാരണായുധങ്ങൾ. ഗുരു എന്ന സത്യസ്വരൂപത്തോട് നീതിപുലർത്തുന്ന സമീപനമായിരുന്നു അവരുടേത്. സാഹിത്യം, മതം, സമുദായ- രാഷ്ട്രീയ ചരിത്രം എന്നിവയെല്ലാം നല്ല അറിവുള്ളവരെ കൊണ്ടുവന്ന് കർഷകജനതയ്ക്ക് പകർന്നുകൊടുത്തു. സംഘവഴക്കുകളും കക്ഷിമത്സരങ്ങളും സിവിൽ- ക്രിമിനൽകേസുകളും രാജിയാക്കി. സംഘടനകൊണ്ട് എങ്ങനെ ശക്തരാകാം എന്ന് കേരളം കണ്ടത് കുട്ടനാട്ടിൽ ഗുരുശിഷ്യർ നടത്തിയ ഈ ജൈത്രയാത്രയിൽനിന്നായിരുന്നു.

വള്ളം യജ്ഞവേദിയിലേക്ക് അടുക്കാറായി. അവിടെ പ്രഭാഷണം നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ പാലത്തിന്റെ കൈവരിയിൽ ചാരി അക്കരെ പട്ടണത്തിന്റെ ആകാശച്ചെരുവിലേക്ക് നോക്കി നില്ക്കുകയാണ് ഒരുപറ്റം യുവാക്കൾ. ഹാളിനുള്ളിൽ കുറച്ച് അമ്മമാരും വൃദ്ധജനങ്ങളും മാത്രം.

മൈക്കിനുമുന്നിൽ നില്ക്കുമ്പോൾ, `എന്തു പറയാനാണ് വന്നിരിക്കുന്നത് ' എന്ന ചോദ്യഭാവമാണ് സദസ്യരുടെ മുഖത്തു കണ്ടത്. `നന്ദി പറയാൻ വന്നതാണ്' എന്ന് മറുപടി. `എന്തിന്' എന്നായി അവർ. `ഒരു പിടിച്ചോറിന്' എന്നുത്തരം. `കേരളത്തിന്റെ മണ്ണിൽ ജനിച്ചവരാരും നിങ്ങൾ നല്കിയ ഒരു പിടി ചോറുണ്ണാതെ മരിച്ചിട്ടുണ്ടാവില്ലല്ലോ കുട്ടനാട്ടുകാരേ' എന്ന് അല്പം വിശദമാക്കി. പുറംലോകത്തിന്റെ ആഡംബരജീവിതത്തോട് കിടപിടിക്കാനാവാതെ ഇന്നും ചെളിയും വെള്ളവും കൈത്തോടും കൊതുമ്പുവള്ളവുമൊക്കെയായി കഴിയുന്നതിന്റെ നിരാശകളിൽനിന്ന് അവർ ഉണരുന്നത് കണ്ടു. ഈ വിസ്തൃതമായ ഭൂലോകത്ത് തന്റെ കാല്പാദം താങ്ങുന്ന മണ്ണിന് അതിന്റേതായ പവിത്രതയും സമ്പന്നതയും ഉണ്ടെന്ന ബോധമാണ് ഓരോവ്യക്തിയിലും അഭിമാനബോധം ഉണർത്തുന്നത്. അത് തൊട്ടുണർത്തിയപ്പോൾ പാലത്തിന്റെ കൈവരികളിൽ ചെറിയ അനക്കം തട്ടിത്തുടങ്ങി. കുറച്ചു യുവാക്കൾ ഹാളിനുള്ളിൽ വന്ന് ഗുരുവിനെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടു തുടങ്ങി. 

ശ്രീനാരായണ സംഘടന പ്രവർത്തന പാഠങ്ങൾ ടി കെ മാധവനിൽ നിന്നും
....................................
ഗുരുവിനെ അറിയുന്നതുകൊണ്ടും ചരിത്രകഥകൾ കേൾക്കുന്നതുകൊണ്ടും എന്ത് പ്രയോജനം എന്ന ചിന്തയാണ് സംഘടാന പ്രവർത്തകരിലെ പുത്തൻതലമുറയെ പലപ്പോഴും കുഴപ്പത്തിലാക്കുന്നത് . സ്വന്തം ജീവിതത്തെ ഇത്തരം അറിവുകൾ എങ്ങനെ പരിപോഷിപ്പിക്കും എന്നവർക്ക് അറിയില്ല. ഗുരുദർശനത്തെ ജീവിതപരിസരവുമായി ബന്ധിപ്പിച്ച് പറഞ്ഞുകൊടുക്കാൻ നമ്മൾ മുതിർന്ന ശ്രീനാരായണ സംഘടനാ പ്രവർത്തകർ തയ്യാറാകുന്നുമില്ല.

ഇന്ന് സ്വീകരണങ്ങളും പ്രതിഷേധങ്ങളും നേതാക്കന്മാരുടെ വലിയ ചിത്രങ്ങളുള്ള ( ചെറിയ ഗുരുദേവ ചിത്രവും ഉള്ള )ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കലും നേതക്കന്മാരെ പുകഴ്ത്തലും എന്ന നിലയിലേക്ക് പലപ്പോഴും സംഘടനാപ്രവർത്തനം ചുരുങ്ങിപ്പോകുകയാണ്. ഗുരുവിനെ അറിയുന്നത് ജീവിത ലക്ഷ്യമായ ശാന്തിയിലേക്കുള്ള വഴിയാണ്, ഭൗതീക അഭിവൃദ്ധിക്കായുള്ള മാർഗ്ഗമാണ് എന്നതാണ് ഒന്നാം പാഠം. 

സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ ഒരു പ്രതിസന്ധിക്കും തളർത്താനാവില്ല. ജാതി, മതം, ദേശം എന്നീ വികാരങ്ങൾകൊണ്ട് താൽക്കാലികമായി കുറച്ചുപേരെ ഒന്നിപ്പിക്കാം. അതേസമയം അവരുടെ മനസിൽ ഭേദചിന്തകളും അസ്വസ്ഥതകളും വളരും . കാലാന്തരത്തിൽ സംഘടന ശിഥിലമാകും. അതിന് പരിഹാരം ഗുരുദേവ ചരിത്രം, ഗുരുദേവക്കുറ ഈശ്വരഭാവം, ഗുരുദേവ ശിഷ്യന്മാരുടെ ചരിത്രം, ഗുരുദേവ കൃതികൾ എന്നിവ പഠിക്കുകയാണ്. ഇത്തരം പഠനം സംഘടനയെ കരുത്തുറ്റ അടിത്തറയുള്ളതാക്കും . ശ്രീനാരായണഗുരു ഭക്തിയും , ഗുരുദേവ തത്വദർശന ബോധവും എല്ലാവരെയും സംഘടനയുമായി ഒന്നിപ്പിക്കാൻ കരുത്തുള്ളതാണ്.  അതിലൂടെ മാത്രമേ സംഘടന ശാശ്വതമായി നില നിൽക്കുകയുള്ളൂ.

അവിടെയാണ് ഐക്യമതും പടുത്തുയർത്താൻ ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞു കൊടുത്ത് സംഘടന വളർത്തിയ ടി കെ മാധവനെപ്പോലുള്ള ഗുരുദേവ ശിഷ്യർ ഇന്നും
ശ്രീനാരായണ സംഘടന പ്രവർത്തന വീഥിയിൽ പ്രകാശഗോപുരങ്ങളായി പ്രകാശിക്കുന്നത്.
സംഘടനാ സെക്രട്ടറിയായതിനുശേഷം അദ്ദേഹം ഒരു കൊല്ലം കൊണ്ട് അൻപതിനായിത്തിൽ പരം അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിലേക്ക് ചേർത്തു. 255 ശാഖായൊഗങ്ങളും 10 യൂണിയനും അദ്ദേഹം സംഘടിപ്പിച്ചു. 

ജീവിതാന്ത്യം
...................
വ്യക്തമായ ലക്ഷ്യബോധത്തോടും അഭ്ഭുതാവഹമായ കർമ്മ ശക്തിയോടും പ്രതിഭാപ്രകർഷത്തോടും കൂടി നമ്മുടെ പെതു വേദിയിൽ ജ്വലിച്ചു നിന്ന ഒരു വീരപുരുഷനായിരുന്നു ടി.കെ.മാധവൻ.
സമത്വവാദി, സമുദായനായകൻ, പ്രസംഗപ്രവീണൻ പ്രജാസഭാസമാജികൻ, പത്രാധിപർ, ദേശാഭിമാനി സംഘാടകൻ, രാഷ്ട്രീയ വിചക്ഷണൻ, ഗ്രന്ഥകാരൻ, ഇങ്ങനെ വിഭിന്നങ്ങളും വിചിത്രങ്ങളുമായ ഭിന്ന മുഖങ്ങളിൽ വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ സേവന രംഗങ്ങൾ. സ്വന്തം ആരോഗ്യവും കുടുംബവുമെല്ലാം മറന്ന് നാടിനു വേണ്ടി അവിരാമം അവിശ്രമം പരിശ്രമിച്ചു. 

ശ്രീനാരായണ പ്രസ്ഥാനത്തിനായി കാസ രോഗിയായ മാധവൻ അതൊന്നും വക വക്കാതെ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചു. ഇതിനിടെ അദ്ദേഹത്തിന്‌ ഹൃദ്രോഗവും ബാധിച്ചിരുന്നൂ. പിന്നീട് പനിയും അതിസാരവും ബാധിച്ചു. എന്നാൽ രോഗത്തെയും അവഗണിച്ചുകൊണ്ട് അദ്ദേഹം തൻ്റെ ഗുരുവും ദൈവയുമായ ശ്രീനാരായണ ഗുരുവിലുള്ള സമർപ്പണമായി സംഘടനാ പ്രവർത്തനങ്ങളിൽ നിരന്തരം മുഴുകി.

1930 ഏപ്രിൽ 27 ന്‌ വെളുപ്പിന് 4:55 ന്‌ അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 44 വയസ്സേ ഉണ്ടായിരുന്നുള്ളു. നിരാവധി നേതാക്ന്മാർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. അനുശോചനമറിയിച്ച പ്രമുഖരിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, മദൻ മോഹൻ മാളവ്യ , എം. കൃഷ്ണൻ നായർ എന്നിവരൂം ഉൾപ്പെടുന്നു.

സർദാർ കെ.എം. പണിക്കർ എഴുതി 

“മാധവന്റെ മരണം മൂലം മലബാറിന് ( കേരളത്തിന് )അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്ക്കർത്താവിനെ നഷ്ടമായി "

അന്ത്യവിശ്രമസ്ഥാനം 
..........................
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിലെ ചന്തയ്‌ക്ക് പടിഞ്ഞാറ് മാറി  കുടുംബവളപ്പിലാണ് ടി കെ മാധവൻ സ്‌മ‌ൃതികുടീരം. 2005ൽ സ്‌മ‌ൃതികുടീരം സ്ഥിതിചെയ്യുന്ന പ്രദേശം ‘ടി കെ മാധവൻ വാർഡ്' എന്ന് നാമകരണംചെയ്‌തു.  കണ്ണമംഗലം കൈതതെക്ക് കോമലേഴത്ത് കുടുംബത്തിന്റെ അധീനതയിലുള്ള സ്‌മ‌ൃതിമണ്ഡപം അർഹമായ പരിഗണനയ്‌ക്കായി ഇപ്പോഴും കാത്തിരിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ ഭാഗമായ, ഗുരുദേവ പ്രസ്ഥാന പ്രവർത്തകരുടെ സന്ദർശന കേന്ദ്രമായി വളരാനുള്ള അവസരത്തിനായും ഈ സ്മൃതി കുടീരം കാതോർത്തിരിക്കുന്നു.
VGYAN (@vgyantweets) | Twitter


0 comments:

Post a Comment