Monday, 4 May 2020

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 1 : by മയ്യനാട്ട്. കെ. ദാമോദരന്‍

ആലുവ അദ്വൈതാശ്രമം - പ്രാരംഭ കാല ചരിത്രം - ഭാഗം - 1

ശിവഗിരിയില്‍ നിന്ന് ശാര പ്രതിഷ്ഠ കഴിഞ്ഞ് രണ്ടാം ദിവസം ശ്രീനാരായണഗുരുദേവന്‍ ആശ്രമ സ്ഥാപനത്തിനായി ആലുവായിലേക്ക് സാന്നിദ്ധ്യം കൊള്ളുന്നു
സേട്ടുവിന്റെ സ്ഥലം വാങ്ങി പര്‍ണ്ണശാലയും ,മൂത്തകുന്നം സഭക്കാര്‍ സമര്‍പ്പിച്ച സ്ഥലത്ത് സംസ്കൃത പാഠശാലയും സംസ്ഥാപനം ചെയ്യുന്നു.
by  മയ്യനാട്ട്. കെ. ദാമോദരന്‍
........................................
ശാരദാപ്രതിഷ്ഠ കഴിഞ്ഞതിന്റെ രണ്ടാംദിവസം സ്വാമിതൃപ്പാദങ്ങള്‍ ശിവഗിരിയില്‍നിന്ന് ആലുവായ്ക്കു പുറപ്പെട്ടു. മൂന്നാംദിവസം രാവിലെ സ്വാമികള്‍ കാര്‍ത്തികപ്പള്ളിയില്‍ ഒരു ഭക്തന്റെ ഗൃഹത്തില്‍യാതൊരു മുന്നറിവും കൂടാതെ ചെന്നുകയറി. അദ്ദേഹത്തോടൊന്നിച്ചു നാരായണനാശാന്‍ എന്നൊരു ശിഷ്യന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിസ്മയപരതന്ത്രനായിത്തീര്‍ന്ന ഗൃഹസ്ഥന്‍ ചേദിച്ചു:
''സ്വാമി ഇപ്പോള്‍ ഇങ്ങനെ പെട്ടെന്ന് എഴുന്നള്ളുവാന്‍ കാരണം എന്താണവോ?''
സ്വാമി - ''അവിടെ എല്ലാം അവരെ ഏല്പിച്ചുകഴിഞ്ഞല്ലോ. ഇനി അവര്‍ നോക്കിക്കൊള്ളും. നമുക്കിരിക്കാന്‍ വേറെ ഒരു സ്ഥലം വേണം''
ഗൃഹ - ''സ്വാമിയുടെ ഇഷ്ടംപോലെ എവിടെ എങ്കിലും ആവാം. അതിനൊരു പ്രയാസവും ഇല്ല.''
സ്വാമി - ''ആലുവാ കൊള്ളാം.''
ഗൃഹ - ''പണം വേണമല്ലോ. വസ്തു നല്ല വില കൊടുത്തുതന്നെ വാങ്ങേണ്ടിവരും.''
സ്വാമി - ''പണമല്ലയോ ലോകം മുഴുവന്‍ കിടക്കുന്നത് അതിനെന്താ പ്രയാസം. വസ്തു എഴുതിവാങ്ങാന്‍ ആളില്ലാത്ത ദോഷമേയുള്ളൂ.'
ഗൃഹ - ''അടിയന്‍ വരാം'
സ്വാമി - ''എന്നാല്‍ ഒത്തുപോയല്ലോ''


സ്വാമികള്‍ അന്ന് അവിടെ വിശ്രമിച്ചു. അനവധി ഭക്തജനങ്ങള്‍ തൃപ്പാദദര്‍ശനത്തിനായി വന്നുകൂടി. അടുത്ത ദിവസം മറ്റുള്ളവര്‍ ഉണരുംമുമ്പേ സ്വാമികള്‍ എഴുന്നേറ്റു തൃക്കുന്നുപ്പുഴയ്ക്കു തിരിക്കുകയും അവിടെനിന്ന് ആലപ്പുഴയ്ക്കു ബോട്ടുകയറുകയും ചെയ്തു. ആലപ്പുഴ നിന്നു ചേര്‍ത്തലക്കാര്‍ വന്നു സ്വാമിയെ ക്ഷണിച്ചുകൊണ്ടുപോയി. ചേര്‍ത്തല ചീരപ്പന്‍ചിര വച്ചു ഒരു ദിവസം തന്നെ മൂന്നുറ്റി ഉരിപത്തിരണ്ടു രൂപാ പാദകാണിക്ക ഉണ്ടായിരുന്നു. അവിടെ ഉള്ള ഒരു മാന്യന്‍ മൂന്നുപറനിലം സ്വാമികള്‍ക്കു ദാനം ചെയ്യുകയും ചെയ്തു. പിന്നെയും ചില സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ട്, രണ്ടാഴ്ചക്കുള്ളില്‍ തൃപ്പാദങ്ങള്‍ ആലുവ എത്തി. സ്ഥലം വാങ്ങുന്നതിന് അത്യാവശ്യം വേണ്ട പണം അതിനുള്ളില്‍ കിട്ടിയിരുന്നു. 

സ്ഥലമുടമസ്ഥനായ കൊച്ചിയിലെ ഒരു കച്ചവടക്കാരന്‍ സേട്ടുവുമായി കരാര്‍ ചെയ്തു മുന്‍കൂര്‍ പണം അയാള്‍ക്കു കൊടുത്തു.അപ്പോഴേക്കും തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ ഇളന്നീരഭിഷേകത്തില്‍ സംബന്ധിക്കാന്‍ സ്വാമികലെ ക്ഷണിക്കുന്നതിന് ആളുകള്‍ വന്നു. അവരുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം തലശ്ശേരിയിലേക്കു തിരിച്ചു. ഇളന്നീരഭിഷേകത്തിനുണ്ടായ നടവരവില്‍ ഗണ്യമായ ഒരു ഭാഗം ക്ഷേത്രം ഭാരവാഹികള്‍ തൃപ്പാദങ്ങള്‍ക്കു കാണിക്കവെച്ചു. തലശ്ശരിയില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ ആലുവായില്‍ സ്ഥലം വാങ്ങുന്നതിനു ആവശ്യമായ സംഖ്യ തികഞ്ഞിരുന്നു.

വളരെ താമസിയാതെ മൂവായിരം രൂപയ്ക്കു ആലുവാപ്പുഴയുടെ തീരത്തില്‍ ഒരു പറമ്പു തൃപ്പാദങ്ങള്‍ എഴുതിവാങ്ങി. പുഴയുടെ സമീപം തല്ക്കാലത്തേക്ക് ഒരു പര്‍ണ്ണശാലകെട്ടി തൃപ്പാദങ്ങള്‍ വിശ്രമിച്ചു. ചെറിയ ഒരു മഠത്തിന്റെ പണിയും ക്രമേണ ആരംഭിച്ചു. പര്‍ണ്ണശാല നിന്ന സ്ഥാനത്താണ് ഒരു ചെറിയ ആശ്രമം പിന്നീടു നിര്‍മ്മിച്ചത്. അത് വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയെങ്കിലും അതിന്റെ ജീര്‍ണ്ണിച്ച തറയും ഭിത്തികളും ഇപ്പോഴും കാണാനുണ്ട്. 
വൃശ്ചികമാസത്തില്‍ ആലുവാ മഠത്തിന്റെ പണിപൂര്‍ത്തിയായി. മകരം ആദ്യം സ്വാമികള്‍ ഏതാനും ദിവസം ശരീരാസ്വാസ്ഥ്യം നിമിത്തം കിടപ്പിലായിരുന്നു. മകരം 7-നു മഠത്തിന്റെ തച്ചോട കഴിച്ചു. അനന്തരം ചേര്‍ത്തല, കോട്ടയം മുതലായ ദിക്കുകളില്‍ സ്വാമികള്‍ സഞ്ചരിക്കുകയും മകരം ഒടുവില്‍ ആലുവായില്‍ തിരിച്ചെത്തുകയും ചെയ്തു. 

(ഗ്രന്ഥം: 
ശ്രീനാരായണഗുരുസ്വാമി ജീവചരിത്രം
ഗ്രന്ഥകാരന്‍: മയ്യനാട്ട്. കെ. ദാമോദരന്‍)

0 comments:

Post a Comment