Monday, 4 May 2020
ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ പൂജക്കായി വയ്ക്കുമ്പോൾ....
പ്രാർത്ഥനക്കായി, പൂജയ്ക്കായി വക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ അഗ്നി പോലെയാണ്. അഗ്നി ജീവിതത്തിന് അനിവാര്യമാണ്. പക്ഷേ സൂക്ഷിച്ചെല്ലെങ്കിൽ അഗ്നി ആപത്തിനും കാരണമാകാമല്ലോ.
ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ പ്രാർത്ഥനക്കായി, പൂജക്കായി (വീടുകളിലും യോഗങ്ങളിലും ) വയ്ക്കുമ്പോൾ ഓർമ്മിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ ഇനി പറയുന്നു. വായിച്ചാലും , പരമാവധി ഷെയർ ചെയ്താലും
ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ പ്രാർത്ഥനക്കായി, പൂജക്കായി വയ്ക്കുമ്പോൾ, ഗുരുദേവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കേവലം ഒരു ചിത്രം അല്ല, മറിച്ച് പ്രാർത്ഥന വേളയിൽ (പൂജാ വേളയിൽ) ഗുരുദേവന്റെ സാന്നിധ്യം നിറഞ്ഞിരിക്കുന്ന പരിപാവനമായ ഒന്നാണ്. അതിനാൽ ഗുരുദേവൻ അവിടെ, പ്രാർത്ഥന വേളയിൽ (പൂജാ വേളയിൽ) എഴുന്നള്ളി വന്ന് ഇരിക്കും എന്നുള്ള ഉറച്ച വിശ്വാസത്തിന്റെ വെളിച്ചത്തിൽ വേണം ഗുരുദേവന്റെ ഫോട്ടോ വക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ.
A).വീട്ടിലെ പ്രാർത്ഥനക്കായി സ്ഥിരമായി ഒരിടത്ത് ഫോട്ടോ വക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
...........................................
1. തെക്കോട്ട് തിരിഞ്ഞ് നിന്ന് നാം പ്രാർത്ഥിക്കുവാൻ ഇടവരാൻ പാടില്ല. ഏറ്റവും നല്ലത് വടക്കും, പിന്നെ കിഴക്കും ,അത് കഴിഞ്ഞാൽ പടിഞ്ഞാറും ദിക്കിലേക്ക് നാം തിരിഞ്ഞിരുന്ന് പ്രാർത്ഥിക്കും വിധം ഫോട്ടോ വക്കുക. ദിക്ക് പറഞ്ഞത് നാം ഏത് ദിക്കിന് അഭിമുഖം ആയി നിൽക്കണം എന്നത് ആണ്. അതിനനുസൃതമായി . നമുക്ക് അഭിമുഖമായി ഗുരുദേവന്റെ ഫോട്ടോ വയ്ക്കുക
2. ഫോട്ടോ വൃത്തിയും ശുദ്ധിയും ഉള്ളിടത്ത് വക്കണം
3. മഞ്ഞ (അഥവാ വെള്ള ) നിറത്തിലുള്ള ഒരു ശുദ്ധവസ്ത്രം വിരിച്ച് അതിൽ വക്കുന്നതായിരിക്കും ഭംഗി.
4. പ്രാർത്ഥനയ്ക്ക് കണക്കാക്കി വച്ചിരിക്കുന്ന ഗുരുദേവന്റെ ഫോട്ടോയുടെ മുമ്പിൽ തുടർച്ചയായി മാസങ്ങളോളം
എന്തു ആചാരം ചെയ്യാൻ തുടങ്ങുമ്പോഴും അത് സ്ഥിരമായി ചെയ്യേണ്ടി വരും എന്നത് ഓർക്കണം. (വിളക്ക് കൊളുത്തൽ, പുഷ്പം കൊണ്ട് അലങ്കരിക്കൽ, തുടങ്ങിയവ)
5. വീടുകളിൽ ഗുരുദേവന്റെ ഫോട്ടോയുടെ മുമ്പിൽ നിവേദ്യം വയ്ക്കുന്ന ആചാരം തുടങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം അതിന്റെ ശുദ്ധി പാലിക്കാൻ എന്നും കഴിഞ്ഞെന്ന് വരില്ല.
6. അശുദ്ധിയുള്ളപ്പോൾ ( പുലയുള്ളപ്പോൾ , സ്ത്രീകളുടെ അശുദ്ധി സമയമായിരിക്കുമ്പോൾ ) ആരും പ്രാർത്ഥനക്കായി വച്ചിരിക്കുന്ന ഫോട്ടോയിൽ തൊടാൻ പാടില്ല
B).യോഗങ്ങൾ നടത്തുന്നതിനായി ഗുരുദേവന്റെ ഫോട്ടോ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
............................................
1. യോഗങ്ങൾ നടത്തുന്നതിനായി ഗുരുദേവന്റെ ഫോട്ടോ വയ്ക്കുമ്പോൾ ഏത് ദിക്കിലേക്ക് വയ്ക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം വന്നു ചേരുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായി പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ മാത്രം ദിക്കിനെ തീരുമാനിക്കണം. ( വീട്ടിൽ സ്ഥിരമായി വയ്ക്കുമ്പോൾ പറഞ്ഞ നിയമങ്ങൾ അൽപസമയത്തേക്കുള്ള കാര്യത്തിൽ ചിന്തിക്കേണ്ടതില്ല)
2. എല്ലാവർക്കും എവിടെ നിന്നാലും കാണുവാൻ കഴിയും വിധം വക്കണം
3. ഒരു കാര്യം വളരെ നിർബന്ധമായി പാലിക്കണം.സദസിൽ ഉള്ളവരും വേദിയിൽ ഉളളവരും ഇരിക്കുന്നതിനേക്കാൾ ഉയരത്തിൽ ആയിരിക്കണം ഭഗവാന്റെ ഫോട്ടോ വക്കേണ്ടത്. കാരണം ഗുരുദേവ ഭക്തരായ നമ്മൾ ആരും തന്നെ ഗുരുദേവന്റെ ഒപ്പമോ ഭഗവാനേക്കാൾ മുകളിലോ ഇരിക്കുന്നത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്
4. അതിനായി വൃത്തിയുള്ള ഒരു മേശമേൽ ശുദ്ധമായ മഞ്ഞ തുണി വിരിച്ച് അതിൽ ഫോട്ടോ വയ്ക്കുന്നതായിരിക്കും നല്ലത്. സ്റ്റേജ് ഉണ്ടെങ്കിൽ സ്റ്റേജിൽ തന്നെ മേശയിട്ട് മേശമേൽ വക്കണം. ( സ്റ്റേജിന്റെ താഴെ തറയിയിൽ ആകരുത്.)
5. ഇനി യോഗത്തിനായി വയ്ക്കുന്ന ഗുരുദേവന്റെ ഫോട്ടോയുടെ അനുബന്ധമായി ഉണ്ടാകേണ്ട കാര്യങ്ങൾ പറയാം. ഫോട്ടോയിൽ മാലകെട്ടി ചാർത്തണം. നിലവിളക്ക്, നിവേദ്യം, തീർത്ഥം നിറഞ്ഞ കിണ്ടി, കർപ്പൂര ആരതിക്കുള്ള തട്ടം എന്നിവ ഉണ്ടാകണം.
6. നിലവിളക്ക് ഗുരുദേവന് അഭിമുഖമായി നാം നിൽക്കുമ്പോൾ നമ്മുടെ വലതു വശം ഫോട്ടോയെ മറക്കാതെ മേശമേൽ വക്കണം. വിളക്ക് എപ്പോഴും ഒരു വാഴയിലയിൽ അഥവാ തട്ടത്തിൽ വക്കണം( യോഗം വിളക്ക് കൊളുത്തി ഉൽഘാടനം ചെയ്യുന്ന ചടങ്ങ് ഉണ്ടെങ്കിൽ അതിനുള്ള ഒരു വലിയ നിലവിളക്ക് മേശയുടെ താഴെ നേരെ മുമ്പിലായി വക്കാം. )
7. നിവേദ്യം ഫോട്ടോയുടെ മുമ്പിൽ ഒരു വാഴയിലയിൽ വക്കാം. അഥവാ ശുദ്ധിയുള്ള പാത്രത്തിൽ വക്കാം. ഒരു വാഴയിലകൊണ്ട് നിവേദ്യം മൂടി വക്കണം
8. നിവേദ്യം എന്നാൽ അവൽ, മലര്, ശർക്കര, പഴം, കൽക്കണ്ടം, മുന്തിരി, ഇവ ചേർന്നതാകാം. പഴങ്ങൾ ആകാം. ത്രിമധുരം ആകാം. ഉച്ച സമയത്ത് ശിവഗിരിയിലെ ഗുരുപൂജക്ക് എന്ന പോലെ ചോറും കറികളും നിവേദ്യമായി സമർപ്പിക്കാം.
9. തീർത്ഥം നിറച്ച ചെറിയ കിണ്ടി വക്കേണ്ടത് ഗുരുദേവന് അഭിമുഖമായി നാം നിൽക്കുമ്പോൾ നമ്മുടെ ഇടതു വശം ആകണം
10. ഫോട്ടോയോട് തൊട്ട് ചേർന്ന് മുമ്പിലായി നിവേദ്യവും അതിനും മുമ്പിലായി കാഴ്ചയർപ്പിക്കാനുള്ള മഞ്ഞപ്പട്ട് വിരിച്ച ഒരു പാത്രം കാണിക്കയർപ്പിക്കുന്നതിനായി വക്കേണ്ടതാണ്. (വലിയ സമ്മേളനം നടക്കുന്നിടത്ത് നിർബന്ധമില്ല) ഓരോരുത്തരായി വന്ന് കാണിക്കയിട്ട് ഗുരുദേവനെ നിർബന്ധമായും നമസ്ക്കരിക്കേണ്ടതാണ്.
11. കർപ്പൂരാരതിക്കായി ഒരു തട്ടത്തിൽ രണ്ടു കൈക്കുടന്ന ഭസ്മം ഇടുക. ആ ഭസ്മ കൂനയുടെ മുകളിൽ കർപ്പൂരം വക്കുക. ഭസ്മത്തിന് ചുറ്റുമായി പൂക്കൾ വച്ച് തട്ടം അലങ്കരിച്ച് വക്കുക
12. കുടുംബയോഗങ്ങളുടെ ഒടുവിൽ ഗുരുദേവന് സമർപ്പണ പ്രാർത്ഥന ചൊല്ലി മംഗളാരതി നടത്തണം. എല്ലാവരും "ഓം നമോ നാരായണായ " എന്ന് ചൊല്ലിക്കൊണ്ട് , ഗുരുദേവനെ കാണിക്കയർപ്പിച്ച് നമസ്ക്കരിക്കണം. (അശുദ്ധിയുള്ളവർ ഇപ്രകാരം കാണിക്കയിട്ട് ഫോട്ടോയുമായി തൊടുന്ന ഒരു കാര്യവും ചെയ്യാൻ പാടില്ലാത്തതും ആകുന്നു.)
കുറിപ്പ്: ശുദ്ധാശുദ്ധി ആചാരങ്ങൾ ശ്രീനാരായണ ധർമ്മം മുതലായ ഗുരുദേവൻ കൃതികളിൽ വിധിച്ചിട്ടുള്ളതാണ്. ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവരും ശ്രീനാരായണ ധർമ്മാധിഷ്ഠിതമായ ഒരു ജീവിതം നയിക്കാനാഗ്രഹിക്കുന്നവരുമായ ഗുരുദേവ ഭക്തന്മാർക്ക് (വേണ്ടി മാത്രമായാണ് ) ഉപകാരപ്രദമാകുന്നതിലേക്ക് ആണ് ഈ കുറിപ്പ് തെയ്യാറാക്കിയിരിക്കുന്നത് .
All copy rights reserved
തെയ്യാറാക്കിയത് : ശ്രീശാന്തം ഗവേഷണ വിഭാഗം
0 comments:
Post a Comment