Monday 4 May 2020

''ശ്രീനാരായണ ഗുരുദേവന്‍ ദൈവത്തിൻ്റെ അവതാരമോ? " by സച്ചിദാനന സ്വാമി - ശിവഗിരി മഠം

ചെമ്പഴന്തിയില്‍ വന്ന് പിറന്ന നാരായണന്‍ ഒരു സുപ്രഭാതത്തില്‍ ''ശ്രീനാരായണ ഗുരുവായി'' മാറിയതല്ല. നാരായണന്‍ നാരായണഗുരുവായിത്തീര്‍ന്നതിന്റെ പിന്നില്‍ ദീര്‍ഘകാലത്തെ ത്യാഗനിര്‍ഭരമായ തപശ്ചര്യാജീവിതമുണ്ട്. കുടുംബജീവിതത്തി ലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതിരുന്ന നാണുവാശാന്‍ ''പാരിനുള്ളടിക്കല്ലു പാര്‍ത്തു കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാം ഋഷീന്ദ്രന്മാര്‍'' തെളിയിച്ച ആദ്ധ്യാത്മിക മാര്‍ഗ്ഗ ത്തിലേക്ക് കുതിച്ചുചാടുകയും അവധൂതവൃത്തികൈകൊണ്ട് ഭആരതമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്തു. ഒടുവില്‍ അവിടുത്തേക്ക് അഭയമരുളിയത് മരുത്വാമലയിലെ പിള്ളത്തടം ഗുഹയാണ്. അവിടെ ഏതാണ്ടൊരഞ്ചുവര്‍ഷക്കാലം അവിടുത്തെ തപശ്ചര്യ നീണ്ടുനിന്നതായി കാണാം. ലോകത്തിന് ശ്രീനാരായണഗുരുദേവനെ ലഭിച്ചത് ഈ പശ്ചര്യയാണ്. മഹാപുരുഷന്മാരുടെയെല്ലാം ജീവിതത്തില്‍ തപോനിരതമായ ഒരു കാല ഘട്ടത്തെ കാണാവുന്നതാണ് അതിന് കാലഗണനയില്ല. തപസ്സ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധ ഭഗവാനാക്കി; ഇമ്മാനുവേല്‍ എന്നറിയപ്പെട്ടിരുന്ന യേശുവിനെ ക്രിസ്തു വാക്കിയതും (ക്രിസ്തു=ദൈവത്തെ അറിഞ്ഞവന്‍, ദൈവത്താല്‍ അഭിഷിക്തന്‍) മുഹമ്മദിനെ നബി യാക്കി മാറ്റിയതും തപസ്സാണ്; തപസ്സ് ഗദാധരനെ ശ്രീരാമ കൃഷ്ണ പരമഹംസനാക്കി; ഇതുപോലെയാണ് ചെമ്പഴന്തിയിലെ നാരായണന്‍- നാണു- നാണുവാശാന്‍ - നാണുസ്വാമി - നാരായണഗുരുവായി - ശ്രീനാരായണഗുരുദേവനായി മാറിയത്.

അതിപ്രസക്തമായൊരു വിഷയം കൂടി തെല്ലൊന്നു ഇവിടെ പരാമര്‍ശിക്കട്ടെ. ഗുരുദേവനെ സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവക്കാരിയുമൊക്കെയായി ചിത്രീകരി ക്കുന്നവര്‍ ഒന്നാലോചിക്കണം സാമൂഹികപരിഷ്‌കര്‍ത്താക്കളുടേയും തപശ്ചര്യാജീവിതം നയിച്ച ഗുരുക്കന്മാരുടേയും ചരിത്രം രണ്ടും രണ്ടാണ്. അറിയപ്പെടുന്ന സാമൂഹികപരിഷ്‌കര്‍ ത്താക്കളോ വിപ്ലവകാരികളോ തപസ്സിനുപോയിട്ടുള്ളവരല്ല. അവര്‍ കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെ സാമൂഹികപരിഷ്‌ക്കരണം നിര്‍വ്വഹിച്ചവരാണ്. കാറല്‍മാര്‍ക്‌സും, ലെനിനും, മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍നെഹ്‌റുവും, അംബേദ്കറും, മന്നത്തു പത്മനാഭനും, അയ്യന്‍ങ്കാളിയും, വി.ടി.ഭട്ടതിരിപ്പാടുമൊക്കെ സാമൂഹികപരിഷ്‌കര്‍ത്താക്ക ളാണ്. അവരാരും തപസ് ചെയ്തു സത്യസാക്ഷാത്കാരം നേടിയവരല്ല. ഇതില്‍ നിന്നും തുലോംവിഭിന്നമാണ് അനുപമകൃപാനിധികളായ ഗുരുക്കന്മാരുടെ ചരിതം. ഭൗതികജീവിതം തന്നെ തിരസ്‌കരിച്ചുകൊണ്ടാണ് അവര്‍ സത്യസാക്ഷാത്കാരം നേടി ഗുരുക്കന്മാരായത്. ഈശ്വരാനുഭൂതിയില്‍ സമ്പൂര്‍ണ്ണം അഭിരമിച്ച ഒരു ഗുരുവര്യന്‍ പിന്നീട് സമൂഹമദ്ധ്യത്തി ലേയ്ക്കിറങ്ങി വന്ന് പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് ലോകത്തോടുള്ള കാരുണ്യം കൊണ്ടുമാത്രമാണ്. നേടേണ്ടതൊക്കെ നേടി പരബ്രഹ്മജ്ഞാനാനുഭൂതിയില്‍ ലയിച്ച ഗുരു വിന് കര്‍മ്മില്ല. എങ്കിലും പതിതകാരുണികരായ അവരില്‍ ചിലരെങ്കിലും ലോകത്തോടുള്ള അഹേതുകമായ കാരുണ്യം നിമിത്തം സമൂഹമധ്യത്തിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കും. അതിനെ ലോകസംഗ്രഹം എന്നാണ് പറയുക. ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവിന്റെ കര്‍മ്മവും ഒരു അധ്യത്മാഗുരുവിന്റെ കര്‍മ്മവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണം.

ശ്രീനാരായണഗുരുദേവന്‍ ഈശ്വരീയതയില്‍ വിലയം പ്രാപിച്ച് അരുവിപ്പുറത്തേക്ക് ഇറങ്ങിവന്നത് ഏതാണ്ട് മുപ്പതാമത്തെ വയസ്സിലാണെന്നു പറയാം. ഇപ്രകാരം ഇറങ്ങിവരുന്നതിനെയാണ് അവതാരമെന്ന് പറയുന്നത്. അവതാരരീതി അവതാരഃ പരമമായ ജ്ഞാനാവസ്ഥയില്‍ നിന്നും ലോകസംഗ്രഹ പ്രവര്‍ത്തനത്തിനായി ഇറങ്ങിവരുന്ന ഭാവ മാണത്. അവതാരപുരുഷന്‍, പ്രവാചകന്‍, ദൈവപുത്രന്‍, സിദ്ധന്‍, ബുദ്ധന്‍ എന്നൊ ക്കെ അവരെ പേരുചൊല്ലി വിശേഷിപ്പിക്കുന്നു. ഈ വിശേഷണങ്ങള്‍ സത്യ സാക്ഷാത് ക്കാരം നേടി ലോകസംഗ്രഹപ്രവര്‍ത്തനത്തില്‍ മുഴുകുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും ചേര്‍ന്നവതന്നെയാണ്. വെള്ളം, തണ്ണി, നീര്, പാനി, വാട്ടര്‍, ജലം, തോയം എന്നൊക്ക പറയുന്നതുപോലെയാണത്.

ആര്‍ത്തരും, അവശരും, ആലംബഹീനരുമായ ജനകോടികളുടെ ദീനംദീനമായ രോദനമാണ് ഗുരുദേവനെ അവതാരപുരുഷനാക്കി സമൂഹമധ്യത്തിലേക്കു ഇറക്കിക്കൊണ്ടു വന്നത്. മഹാകവി കുമാരനാശാന്‍ എഴുതുന്നു.

പരമാത്മവിദ്യയുടെ പരമാവധി കണ്ടോരീ-

ധരണിയില്‍ സ്വാമിയെപ്പോലോരുവരില്ല

സമസ്തസദ്ഗുണങ്ങള്‍ക്കും സമഗ്രനിലയന്‍ ധീമാ-

നമര്‍ത്ത്യഗുരു സമാനതിതേജസ്വി

നമക്കദ്യുഭയം നല്‍കും ഗുരുവായ് ദൈവമയച്ച

നമസ്‌ക്കരണീയന്‍ സ്വാമി ജയിച്ചിടുന്നു.

പാരം നിഗമങ്ങളുടെ പാരഗത്വം കൊണ്ടുനിത്യ

ചാരുചര്യകൊണ്ടും ശുദ്ധ തപസ്സുകൊണ്ടും

ചരിതക്രിയായോഗങ്ങള്‍ ചതുരശ്രീ ധീമാന്‍ സ്വാമി

പരിചില്‍ കടന്നു ജ്ഞാനി പദവി നേടി

പരമഹംസനീവണ്ണം മരുവുന്നു ലൗകികന്‍ പോല്‍

പരമഭാഗ്യമിതെന്നേ പറയേണ്ടൂ നാം.

ശ്രീനാരായണ പരമഹംസദേവന്‍ ലോകാനുഗ്രാര്‍ത്ഥം ''ലൗകികന്‍ പോല്‍'' മരുവിയതാണ് ലോകത്തിനു ലഭിച്ച പരമഭാഗ്യം. പരമാത്മവിദ്യയുടെ പരമാവധി കണ്ട് 'ജ്ഞാനി'യായി പദമലങ്കരിച്ച ഗുരുദേവപരമഹംസന്‍ ''ലൗകികന്‍ പോല്‍'' മരുവി എന്ന കുമാരമഹാകവി വീക്ഷണം യഥാര്‍ത്ഥ ശ്രീനാരായണഗുരുദേവസ്വരൂപത്തിന്റെ ആവിഷ് കാരം തന്നെയാണ്. ഇപ്രകാരം വിരാജിച്ച ഈ പരമഹംസനെ കേവലം സാമൂഹിക പരിഷ് കര്‍ത്താവായും വിപ്ലവകാരിയായും മാത്രം വിലയിരുത്തുന്നവര്‍ ചെയ്തുപോരുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അവര്‍ ഈ വരികള്‍ വായിച്ചെങ്കിലും തെറ്റു തിരുത്തി ബോധമുള്ളവരായിത്തീരുമെന്ന് ഇവിടെ പ്രത്യാശിക്കയാണ്. ലോകസംഗ്രഹ പ്രവര്‍ത്തന ത്തില്‍ മുഴുകുന്നത് ഗുരുദേവനെ സംബന്ധിച്ച് അവിടുത്തെ ആത്മദര്‍ശനം കൂടിയാ യിരു ന്നു. നരന്‍ നാരായണനായും ശ്രീരാമപരമഹംസനായും വിരാജിച്ച് വീണ്ടും ശ്രീനാരാ യണനായി ലോകസംഗ്രഹത്തില്‍ മുഴുകുകയെന്നത് ഗുരുദേവന്റെ തത്ത്വദര്‍ശനത്തിന്റെ പൊരുളാണ് ദൈവദശകത്തിലെ.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന ഉപസംഹാരശ്ലോകത്തില്‍ ഈ ആശയം എത്രയും പ്രസ്പ്ഷമാണ്. ദൈവമഹസ്സ് എത്രയും ആഴമുള്ളതാണ്. അതിന്റെ അഗാധതയെക്കുറിച്ച് സാധകന് നല്ല ബോധമുണ്ടാകണം. എന്നിട്ട് അതിന്റെ അത്യഗാധതയിലേയ്ക്ക് ആണ്ടുപോകണം. അവിടെ ദൈവാനുഭൂതിയില്‍ സമ്പൂര്‍ണ്ണം മുഴുകണം. അതായത് ''അണു അറിവിന്‍ മഹിമാവില്‍ അംഗമില്ലാതെ സമ്പൂര്‍ണ്ണം അണയണം. അതോടെ ആത്മാനുഭവം പൂര്‍ണ്ണമാകും.'' എന്നിട്ട് അത് സഹജാനുഭവമാക്കിമാറ്റണം. അതായത് സഹജസമാധി സഹജാവസ്ഥയാക്കി പൂര്‍ണ്ണതയില്‍ വിഹരിക്കണം. ഈ സഹജാവസ്ഥയില്‍ എത്തിയശേഷവും നിത്യം വാഴണം, വാണണം എന്നു ഗുരുദേവന്‍ ആവര്‍ത്തിക്കുന്നു. അതായത് സഹജാനുഭവ ത്തില്‍ എത്തിയ, വിഹരിക്കുന്ന ജ്ഞാനി ലോകഹിതത്തിനു വേണ്ടി കര്‍മ്മത്തില്‍ ചരിക്കണം. വാഴ്‌വ് എന്ന തമിഴ് പദത്തിന് ജീവിതമെന്നാണര്‍ത്ഥം. ജ്ഞാനിക്കു വേദാന്ത ശാസ്ത്രപ്രകാരം ജീവിതമില്ല. പ്രാരാബ്ധകര്‍മ്മമേയുള്ളൂ. എന്നാല്‍ ഗുരുദേവന്‍ സിദ്ധാ ന്തിക്കുന്നു പരബ്രഹ്മസാക്ഷാത്ക്കാരത്തിലെത്തി പരിപൂര്‍ണ്ണതയെ പ്രാപിച്ച മുക്തപുരുഷന്‍ പിന്നെയും ജീവിക്കണം-പ്രാരാബ്ധമായിട്ടില്ല-ബോധപൂര്‍വ്വം തന്നെ കര്‍മ്മത്തില്‍ മുഴുകണം. അത് ലോകത്തിന് ജ്ഞാനിയില്‍ നിന്നും ലഭിക്കുന്ന അഥവാ ലഭിക്കേണ്ട അനുഗ്രഹവിശേഷമാണ്. ഗുരുസ്തവത്തില്‍ കുമാരനാശാന്‍ ''ആത്മതപസ്സും ബലി ചെയ്‌വൂ'' എന്ന പ്രയോഗത്തിലൂടെ ഈ ആശയമാണ് അന്തേരണ സൂചിപ്പിച്ചിരിക്കുന്നത്. (ഈ ഭാഗം കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇതെഴുതുന്നതയാളിന്റെ ആശാന്റെ ഗുരുസ്തവം ഒരു പഠനം എന്ന ഗ്രന്ഥം വായിക്കുക)

ലോകസംഗ്രഹപ്രവര്‍ത്തനത്തില്‍ മുഴുകണമെന്നത് ഗുരുവിന്റെ ആത്മപ്രതിജ്ഞ കൂടിയായിരുന്നുവല്ലോ. ഗുരുദേവന്‍ സന്യാസ വൃത്തിയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തി ലൊരിക്കല്‍ അവിടുന്ന് മൊഴിഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. ''ഞാന്‍ ഒരു മഹാനദിയില്‍ മുങ്ങുവാന്‍ പോകുകയാണ്. അവിടെ നിന്നും എന്തെങ്കിലും ലഭിച്ചാല്‍ അത് നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാം.'' ഗുരുദേവന്‍ ദൈവമഹസ്സില്‍ സമ്പൂര്‍ണ്ണം ആഴ്ന്നിറങ്ങി ''അതുവിശദീകരണ സ്മൃതിയാലതീത വിദ്യാനിധി തെളിഞ്ഞ്'' അപരനുവേണ്ടി അഹര്‍ നിശം പ്രയത്‌നം കൃപണതയറ്റ് ചെയ്യുന്ന കൃപാലുവായിത്തീരണമെന്ന മഹാസങ്കല്പവു മായിട്ടാണ് അരുവിപ്പുറത്തേയ്ക്കിറങ്ങിവന്നത്. അവിടുന്നനുഭവിച്ച ആധ്യാത്മ ജ്ഞാന രഹസ്യവും ആത്മപ്രതിജ്ഞയും സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍ ഇപ്രകാരം വെളിപ്പെടു ത്തിയിരിക്കുന്നു.

സ്പഷ്ടം ന്‌ലാവങ്ങു നീങ്ങി ദിനകരനുദയം

ചെയ്തു ചന്ദ്രന്‍ മറഞ്ഞു

തട്ടിത്തട്ടി പ്പെരുക്കി പ്പെരുവെളിയതിലാ-

ക്കീടുവാന്‍ പിന്നെയാട്ടെ

കഷ്ടം ദീനം പിടിച്ചോ മദിരയതു കൂടി-

ച്ചോകിടക്കുന്ന ലോക-

ര്‍ക്കുത്തിഷ്‌ഠോത്തിഷ്ഠ ശീഘ്രം നദിയില്‍ മുഴുകുവാന്‍

കാലമായ് വന്നതിപ്പോള്‍.

ഇതുപോലൊരു ആത്മപ്രതിജ്ഞ ഭാരതത്തിലെ മറ്റൊരു ഗുരുവില്‍ നിന്നും കേള്‍ക്കുവാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഗുരുദേവന്റെ തിരുസ്വരൂപവും അനുഭൂതിയും ആത്മപ്രതിജ്ഞയുമെല്ലാം ഇവിടെ ഹിമബിന്ദുവില്‍ കാനനമെന്നപോലെ തെളിഞ്ഞു നില്‍ ക്കുന്നു. യഥാര്‍ത്ഥ ശ്രീനാരായണഗുരുവിനെ ഈ വരികളിലൂടെ നമുക്ക് കണ്ടെത്താനാകും.

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക

0 comments:

Post a Comment