Monday, 4 May 2020
ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ച ''പുല" ആചരണത്തിന്റെ ശാസ്ത്രീയതയും പ്രയോജനം എന്ത്?
ശ്രീനാരായണ ധർമ്മം എന്ന കൃതിയിൽ നവമ സർഗ്ഗത്തിൽ ഗുരുദേവൻ പുല ആചരണത്തെക്കുറിച്ച് ഇപ്രകാരം കൽപിച്ചിരിക്കുന്നു
"ശവസംബന്ധമായ അശുദ്ധി ബന്ധുക്കള്‍ക്ക് പത്ത് ദിവസത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പതിനൊന്നാം ദിവസം ഹോമവും പുണ്യാഹവും ചെയ്ത് വിധിയനുസരിച്ചുള്ള കുളികൊണ്ട് ശുദ്ധിയുണ്ടാകും. "
" പതിനൊന്നാം ദിവസത്തെ ഹോമാദികർമ്മങ്ങളും വിധിപ്രകാരമുള്ള കുളിയും പുണ്യാഹവും ചെയ്താൽ പരിശുദ്ധമായി. പ്രേതത്തെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ആയി യാതൊന്നും ചെയ്യേണ്ട ആവശ്യം ഇല്ല."
ശ്രീനാരായണ ഗുരുദേവൻ ഇവിടെ വിധി പ്രകാരം ഉള്ള പത്ത് ദിവസത്തെ പുല ആചരണവും ഒടുവിൽ പതിനൊന്നാം ദിവസത്തെ ശുദ്ധികരമ്മവും അനിവാര്യമാണ് എന്നും പരേതാത്മാവിനായി ഇത് ഏറ്റവും അത്യന്താപേക്ഷിതം ആണ് എന്നും വ്യക്തമാക്കിയിരിക്കുന്നു. മരിച്ചു പോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നന്മക്ക് ഉതകുന്ന അഥവാ പ്രയോജനം തരുന്ന കാര്യങ്ങളെയാണല്ലോ ഗുരുദേവനെ പോലുള്ള മഹാഗുരുക്കന്മാർ ചെയ്യണം വിധിക്കുക
ആധുനിക ശാസ്ത്രം ഇത്രയും വികസിപ്പ ഈ കാലത്തും കൊറോണ രോഗ ബാധ തടയുന്നതിനായി ഇന്നും നാം ആശ്രയിച്ചത് - ലോക്ക് ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിംഗ് , ക്വാറൻ്റെയിൻ - എന്നിവയാണല്ലോ. ഇതു വഴി രോഗാണുവിൻ്റെ വ്യാപനം സമൂഹത്തിൽ ഒഴിവാക്കുവാനും സമൂഹത്തിന് സംഭവിക്കാവുന്ന ആരോഗ്യപരമായ നാശത്തെ തടയാനും നമ്മുക്ക് സാധിക്കും എന്ന് ബോദ്ധ്യം ഉള്ളതിനാലാണല്ലോ വളരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും നടപ്പാക്കു വൻ ശ്രമിക്കുന്നത്
ശ്രീനാരായണ ഗുരുദേവനെ പോലുള്ള ഋഷിമാർ ഉപദേശിച്ച പുലാചരണത്തിൽ ലോക്ക് ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിംഗ് , ക്വാറൻ്റെയിൻ - എന്നീ പദങ്ങൾ നമ്മുക്ക് കാണാനാവില്ലെങ്കിലും (പുല ആചരണ രീതികൾ പരിശോധിച്ചാൽ ) പുലയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഇവ തന്നെയാണ് എന്ന് നമ്മുക്ക് കാണാൻ കഴിയും.
മരണം നടന്ന വീട്ടിൽ താമസിക്കുന്നവർ 10 ദിവസം പുറത്ത് പോകാൻ പാടില്ല. ജോലിക്കായോ മറ്റോ ഒന്നിനും പുറത്ത് പോകാതെ വീട്ടിൽ തന്നെയിരിക്കണം. നമ്മുടെ ഇന്നത്തേ ''ലോക്ക് ഡൗൺ 1 അവസ്ഥ തന്നെയല്ലേ ഈ കുടുംബത്തിനും വിധിച്ചിരിക്കുന്നത്. പിന്നെ ഇവർക്ക് 10 ദിവസം അശുദ്ധിയുള്ളതിനാൽ സമൂഹത്തിൽ മറ്റുള്ളവർ ഇവരെ തൊടാൻ പാടില്ല, (അശുദ്ധി പകരും എന്ന വിശ്വാസത്താൽ ) എന്ന് കേൾക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും ഇത് ചിരിച്ച് തള്ളിയിരിക്കാം. ആ നമ്മൾ ഇന്ന് "സോഷ്യൽ ഡിസ്റ്റൻസിംഗ് " എന്ന ഒരു ഗ്ലാമറുള്ള പേരിൽ ഈ "പുല"യുടെ ഭാഗമായി വിധിക്കപ്പെട്ടിട്ടുള്ള അശുദ്ധിയുടെ ആചരണമല്ലേ ഇന്ന് വള്ളി പുള്ളി തെറ്റാതെ ആരോഗ്യം പരിരക്ഷിക്കുവാനായി അനുഷ്ഠിക്കുന്നത്.
ഇനി മരണം നടന്ന വീട്ടിലെ, അവിടെ താമസിക്കുന്ന അംഗങ്ങൾക്ക് മാത്രമല്ല, ആ മരണ വീട്ടിലെ അംഗങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുവാൻ സാധ്യതയുള്ള അടുത്ത ബന്ധുക്കൾ മൃതദേഹം സംസ്ക്കരിച്ച് അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയാലും , ഈ അടുത്ത ബന്ധുക്കൾ എല്ലാവരും പുലാചരണത്തിൻ്റെ അശുദ്ധി ഉള്ളവരാണെന്നും അവരും സ്വന്തം വീട്ടിലേക്ക് മടങ്ങിയാലും ഒറ്റപ്പെട്ട ജീവിതം 10 ദിവസം നയിക്കേണ്ടതുണ്ടല്ലോ. ഇങ്ങനെ മരണ വീടുമായി അടുത്ത് ഇടപഴകുവാനിടയുള്ളവർക്കും പുല വിധിച്ച് അവരെയും സമൂഹത്തിൽ ബന്ധപ്പെടാൻ അനുവദിക്കാതെ , അവരും മരണ വീട്ടിൽ നിന്നും മടങ്ങി പോയ ശേഷം സ്വന്തം വീടുകളിൽ തന്നെ കഴിയുവാൻ, അമ്പലം മുതലായ പൊതു ഇടങ്ങളിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും മാറി നിൽക്കുവാൻ വിധിക്കുന്നതല്ലേ പൂർണ്ണമായ അർത്ഥത്തിലുള്ള പുലാചരണം. മരണം വീട്ടിൽ അധികം ബന്ധപ്പെട്ടതായ ബന്ധുക്കൾക്ക് പുലാചരണം വിധിച്ചിരുന്ന ഈ ആചാരം തന്നയല്ലേ രോഗികളുമായി ഇടപെട്ട ''പ്രൈമറി കോൺടാക്ട് " ലിസ്റ്റിൽ വരുന്ന രോഗാണു വാഹകർ ആകാവുന്നവർക്ക് ഇന്ന് നാം നൽകുന്ന "ക്വാറൻ്റയിൻ ".
മേൽ പറഞ്ഞ പുല ആചരണത്തിൻ്റെ ഭാഗികമായ ആരോഗ്യ സംരക്ഷണപരമായ പ്രയോജനങ്ങളാണ്. പുല ആചരണം കൊണ്ട് ഉള്ള മുഴുവൻ പ്രയോജനങ്ങളെയും ഇനി ക്രമമായും സംക്ഷിപ്തമായും പറയാം
..................................................
1.ഒരു വ്യക്തിയുടെ മരണത്തോടെ മൃതദേഹം ജീർണ്ണിക്കുവാൻ തുടങ്ങും . തീർച്ചയായും രോഗാണുക്കളും ഒപ്പം വളരെ ടോക്സിക് ആയ ബയോകെമിക്കൽസും പുറത്തു വരും. ഇവയെല്ലാം അടുത്തിടപഴകുന്ന ബന്ധുക്കൾക്ക് പകർന്ന് കിട്ടും . സ്വഭാവികമായും ബന്ധുക്കൾ രോഗാണു വാഹകർ ആകും. ഈ പ്രകാരം രോഗാണു വാഹകർ ആയ അടുത്തബന്ധുക്കൾ മരണം നടന്ന ഉടനെ തന്നെ സമൂഹത്തിൽ ഇടപഴകുന്നത് രോഗങ്ങൾ സമൂഹത്തിൽ പടർന്ന് പിടിക്കുവാൻ സാധ്യതയുണ്ടാക്കും. അങ്ങനെ ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ വലിയ സാമൂഹിക ദുരന്തത്തെ തടയുന്നതിനായി പുല ആചരണം സഹായിക്കും. കാരണം ഈ പത്ത് ദിവസം സമൂഹവുയുമായി ഇടപഴകന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും എല്ലാദിവസവും അടിച്ച് നനച്ച് കുളിക്കുകയും ചെയ്യണം അല്ലോ. ഇപ്രകാരം ചെയ്യുന്നതിലൂടെ രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്ന ഒരു കാലഘട്ടം ഏകദേശം പത്ത് ദിവസം കൊണ്ട് കഴിയുകയും ചെയ്യും . അടിച്ചു നനച്ചുള്ള കുളിയാലും നിശ്ചിത ദിവസം സമൂഹത്തിൽ നിന്ന് മാറി നിൽക്കുന്നതിനാലും സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക എന്ന ഒരു വലിയ പ്രയോജനം പുല ആചരണത്തിനുണ്ട്. വിശേഷിച്ച് ഇന്നത്തെ പോലെ ആരോഗ്യരംഗത്ത് ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാതിരുന്ന പഴയ കാലത്തെ സംബന്ധിച്ചിടത്തോളം പുല ആചരണം എന്നത് , സമൂഹത്തിന് ആരോഗ്യപരമായ ഒരു വലിയ സുരക്ഷാ കവചം തന്നെ ആയിരുന്നു. ഇന്നും ഈ സുരക്ഷാ കവചത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടുമില്ല. അതാണല്ലോ ഈ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ ആചരണങ്ങളെ തന്നെ നമ്മുക്ക് (വേറെ പേരുകളിൽ ) ആധുനിക ആരോഗ്യ സംരക്ഷണ മേഖലയിൽ ഇന്നും കാണാൻ കഴിയുന്നതിൻ്റെ കാരണം.
2.സ്ട്രസ് രണ്ടു തരം ആണല്ലോ മുഖ്യമായും. മൈൽഡ് സ്ട്രസ്സും സിവിയർ സ്ട്രസ്സും. അടുത്ത ബന്ധുവിന്റെ മരണം ഒരു വ്യക്തിയിൽ ഉണ്ടാക്കുക സിവിയർ സ്ട്രസ് ആണല്ലോ. സ്ട്രസ് മാനേജ്മെന്റ് വിദഗ്ദ്ധർ സിവിയർ സ്ട്രസ് ശരീരത്തിനും മനസിനും ഒരു പോലെ ഏറ്റവും ഹാനികരം ആണ് എന്ന് പറയുന്നു. അതിനാൽ തന്നെ സിവിയർ സ്ട്രസ് ഉണ്ടായാൽ അത് എത്രയും പെട്ടെന്ന് ചരിഹരിക്കേണ്ടതുമാണ് . അല്ലാത്ത പക്ഷം അത് സ്ട്രസ്സ് ഡിസോർഡറിന് കാരണമാകും എന്നും അതുവഴി ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കും മസ്തിഷ്ക്ക നാശത്തിനും പിന്നീട് അത് ഇടയാക്കും എന്നും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ സിവിയർ സ്ട്രസ് ഉണ്ടായാൽ അത് എത്രയും പെട്ടെന്ന് ചരിഹരിക്കേണ്ടതുമാണ്
പുല ആചരണത്തിന്റെ ഭാഗമായി പ്രയപ്പെട്ടവരുടെ വിയോഗം കൊണ്ട് അമിതമായ സ്ട്രസ്സിന്, ദു:ഖത്തിന് അടിപ്പെട്ടിരിക്കുന്നവർ ഒരുമിച്ചു 10 ദിവസം ഒരുമിച്ചു ജീവിക്കുന്നു. മറ്റെല്ലാ വ്യവഹാരങ്ങയും ഒഴിവാക്കിയിരിക്കുന്നു. രണ്ടു നേരവും ചിട്ടയായി പ്രാർത്ഥിക്കുന്നു. സദാ ഈശ്വര സ്മരണയോടെ പരേതാത്മാവിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു. ഇത്രയും കാര്യങ്ങൾ ഒന്നിച്ച് സംഭവിക്കുന്നതിനാൽ എത്രയും വേഗം സിവിയർ സ്ട്രസ്സിൽ നിന്നും മോചനം നേടാൻ കഴിയുന്നു. അമിത സ്ട്രസ്സ് ദിവസങ്ങളോളം നിലനിന്നാൽ ഉണ്ടാകാമായിരുന്ന , സ്ട്രസ്സ് ഡിസോർഡർ കൊണ്ട് സംഭവിക്കാവുന്ന ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്നം പുല ആചരണം പരിരക്ഷ നൽകുന്നു.
3. അമിതമായ സ്ട്രസിനാൽ, ദുഃഖത്താൽഈ കാലയളവിൽ ശാരീരിക ക്ഷമതയും മാനസീക ബൗദ്ധീക ശേഷിയും കാത്തിരിക്കും എന്നതിനാൽ തൊഴിൽ മേഖലകളിൽ പ്രവേശിച്ചാൽ അത് ഗുണകരം ആകണം എന്നില്ല. വിശേഷിച്ച് പെട്ടെന്ന് നിർണ്ണായക്ക തീരുമാനങ്ങൾ എടുക്കേണ്ടതായ ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്നവർ അമിത
സ്ട്രസ്സുള്ളപ്പോൾ എടുക്കുന്ന തീരുമാനത്തിൽ ഗുരുതരമായ വീഴ്ച സംഭവിക്കാനുള്ള സാധ്യതയും ഉണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ പുല ആചരണത്തിന്റെ ഭാഗമായി തൊഴിലിൽ നിന്ന് വിട്ട് നിൽക്കുന്നതു് എത്രയോ ശരിയായ തീരുമാനം ആണ് എന്ന് കാണാം.
ഇത്രയും കാര്യങ്ങൾ ലൗകീക മനുഷ്യന്റെ ബുദ്ധിക്ക് സുഗ്രഹം ആണ്. ഇനി പറയുന്നവ യൗഗീക മനസുള്ള ഋഷിമാർക്ക് മാത്രം ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ്. ലൗകീക മനസിനും ബുദ്ധിക്കും അതിന്റെ നിജസ്ഥിതി തൽക്കാലം പ്രത്യക്ഷമല്ലാത്തതിനാൽ ഋഷീശ്വരന്മാരെ വിശ്വസിക്കുകയും അതിനെ പിന്തുടരുകയും മാത്രമേ നിവൃത്തിയുള്ള എന്ന് ആമുഖമായി സൂചിപ്പിക്കട്ടെ. ഇനി താഴെ കാര്യം പറയാം
4. അടുത്ത ബന്ധുവിന് മരണം സംഭവിക്കുന്നതോടെ സൂക്ഷ്മമായ അശുദ്ധി പ്രാണശക്തിയുടെയും ഗുണ മണ്ഡലങ്ങൂടെയും തലത്തിൽ ഉണ്ടാവും . (പ്രാണശക്തി എന്നത് ഓക്സിജൻ പോലെ സ്ഥൂലമായ ഒന്നല്ല ) . (പത്തശക്തിയുടെ സ്പന്ദനത്തിൽ വ്യത്യാസം വരും. ഗുണ മണ്ഡലത്തിന്റെ തലത്തിൽ രണ്ട്സും തമസും അധികരിക്കും. സൂക്ഷ്മ ശരീരത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങളാണ് സൂക്ഷ്മമായ ഈ അശുദ്ധിയുടെ കാരണം. അതിനാൽ ദേവതകളെ ആവാഹിച്ച് ഇരുത്തി താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നതിൽ ( ക്ഷേത്രത്തിലെ ദേവത പൂജ ആകടെ താൽക്കാലികമായ ദേവതയെ ആവാഹിച്ച് വീട്ടിലും മറ്റും ചെയ്യുന്ന സാത്വിക പൂജകൾ ആകട്ടെ ) ബന്ധപ്പെട്ടാൽ പുലയുള്ളവരുടെ ഈ അശുദ്ധി ദേവതകൾക്കും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കുകയും അത് പുലയുള്ളവർക്കും പരേതാത്മാവിനും ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു. അതിനാൽ പുല ഉള്ളപ്പോൾ ക്ഷേത്രങ്ങളിൽ നിന്നം ദേവതാ പൂജകളിൽ നിന്നും വിട്ടു നിൽക്കുവാനുള്ള ഋഷീശ്വരന്മാരുടെ ഉപദേശം സൂക്ഷ്മമായി പരേതാത്മാവിനും ബന്ധുക്കൾക്കും നന്മക്കതകുന്നതാണ്.
5. യാതൊരു ആദ്ധ്യാത്മിക ബുദ്ധിയും സാധനയും ഭക്തിയും വിശ്വാസവും ഒന്നും ഇല്ലാതെ ദേഹം വിടേണ്ടി വരുന്ന പരമ ലൗകീകമാരായവരുടെ മരണാനന്തരസ്ഥിതി വളരെ കഷ്ട്രമായിരിക്കും. താൻ തന്റേതാണ് എന്ന് വിശ്വസിച്ചിരുന്ന എല്ലാ ബന്ധുക്കളും ലോക വിഷയങ്ങളും എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുന്നു. ഒപ്പം താൻ ആണ് എന്ന് ദിവസവും കണ്ണാടിയിൽ നോക്കി ഉറപ്പിച്ചു വച്ചിരുന്ന ദേഹം താൽ അല്ലാത്ത ഒന്നാണ് എന്ന് അനുഭവപ്പെടുത്തിക്കൊണ്ട് താൻ ദേഹത്തിൽ നിന്നും വേർപ്പെട്ട പോന്നിരിക്കുന്നു. ഇക്കാര്യങ്ങൾ പരേതാത്മാവിൽ വലിയ ആഘാതം ഉണ്ടാക്കുകയും ദു:ഖം കൊണ്ട് തീ പിടിച്ച പോലെ ഭയാനകമായ അസ്വസ്ഥയുളമാക്കുകയും ചെയ്യും. അതിനാൽ പത്ത് ദിവസം പുല ആചരണത്തിന്റെ ഭാഗമായി നടക്കുന്ന വൈദീക ചടങ്ങുകളാലും ബന്ധുക്കളുടെ കൂട്ടായ പ്രാർത്ഥനകളാലും ഭഗവാൻ പ്രസാദിക്കുകയും പരേതാത്മാവിന് മരണം കൊണ്ട് വന്ന് ഭവിച്ച ദയാനകമായ അസ്വസ്ഥതകളെ നീക്കി ശാന്തിയേകുകയും ചെയ്യുന്നു. പുല ആചരണത്തിന്റെ ഏറ്റവും മുഖ്യമായ പ്രയോജനം ഏറ്റവും ഒടുവിൽ പറഞ്ഞതായ ഇക്കാര്യമാണ്.
(തെയ്യാറാക്കിയത് :ശ്രീശാന്തം ഗവേഷണ വിഭാഗം )
0 comments:
Post a Comment