Tuesday, 5 May 2020

പ്രതിമാസ ചതയ ദിനം - by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

എന്താണ് പ്രതിമാസ ചതയവ്രതാനുഷ്ഠാനപദ്ധതി? എല്ലാ മാസവും കുടുംബശ്വര്യത്തിനായി ചതയ വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? SNDP ശാഖകളിലും കുടുംബയോഗങ്ങളിലും ( ശ്രീ നാരായണ പ്രസ്ഥാനങ്ങളിൽ ) പ്രതിമാസ ചതയ ദിനം എങ്ങനെ സംഘടിപ്പിക്കണം? ചതയ ദിനാചരണം വഴി എങ്ങനെ ഒക്തജനങ്ങള്ളെ ചേർത്ത് നിറുത്തി ശ്രീ നാരായണ പ്രസ്ഥാനത്തെ ശക്തമാക്കാം?
by
സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
...............................................

ജീവിച്ചിരുന്നപ്പോള് തന്നെ കളങ്കമേല്ക്കാത്ത ഗുണഗണങ്ങളോടു കൂടിയ ആ ഭഗവദ്പാദങ്ങളെ ഭക്തജനങ്ങള് തങ്ങളുടെ മാര്ഗ്ഗവും ലക്ഷ്യവുമായ പരമഗുരുവും പരമ ദൈവതവുമായി ആരാധിച്ചു. അങ്ങനെ ചതയതാരം ജീവിതവിജയത്തിന്റെ താരകനക്ഷത്ര മായിത്തീര്ന്നു. അതിന്റെ മഹിമാവിശേഷത്തെ മഹാകവി ആശാന് ഇങ്ങനെ പാടി വച്ചിട്ടുണ്ട്.

'വരുമാറില്ലഹോ കാണുക വിഗതോത്സവം നാളില്

ഒരു കാലത്തും സ്വാമിതന് തിരുനക്ഷത്രം'

ഉത്സവഛായ പകര്ന്ന ആഘോഷങ്ങളോടെ എക്കാലവും ചതയം തിരുനാളിന്റെ പ്രാധാന്യം വര്ദ്ധിച്ചുകൊണ്ടേയിരിക്കും.

'ചിങ്ങച്ചതയമേ ഞങ്ങള്ക്കു നേര്വഴികാട്ടും ദ്രുവതാരമേ

മംഗളദേവത കത്തിച്ചുകാണിച്ച ഭാഗ്യത്തില് കൈവിളക്കേ

ഞങ്ങളില് നീ ഗുരുപാദസ്മരണ വളര്ത്തിയും കാത്തുകൊണ്ടും

പൊങ്ങിവിയത്തില് വിളങ്ങുക ലോകത്തില് പുണ്യപ്രഭാപൂരമേ'

എന്നു ഗുരുദേവപ്രശിഷ്യനായ ഗീതാനന്ദസ്വാമികള് പാടിയത് എത്രയും ഹൃദയസ്പൃക്കും സത്യസന്ധവുമാണ്. ഇന്ന് ശ്രീകൃഷ്ണപരമാത്മാവിന്റെ 'അഷ്ടമിരോഹിണി'പോലെ ഭഗവാന് ബുദ്ധന്റെ 'ബുദ്ധപൗര്ണമി'പോലെ, 'ഗുരുപൂര്ണിമപോലെ 'ചതയംതിരുനാള്' എങ്ങും വിളങ്ങി നില്ക്കുന്നു.
https://chat.whatsapp.com/CLGemYxekrsKdtrQ4RxN0T
ഗുരുദേവന് സശീരനായിരുന്ന കാലത്ത് തന്നെ ചതയം പുണ്യദിനമായി കണ്ടുകൊണ്ട് ഒരു മണ്ഡകാലം നീണ്ടുനില്ക്കുന്ന ഉപാസനാസമ്പ്രദായത്തിന് തൃപ്പാദശിഷ്യനായ ദിവ്യശ്രീ. ബോധാനന്ദസ്വാമികള് തുടക്കം കുറിച്ചതായി 'ധര്മ്മം' തുടങ്ങിയ പഴയപത്രരേഖ കളില് കാണുന്നു. ഇന്നും ശിവഗിരിയിലെ പ്രതിമാസവിശേഷങ്ങളില് ഏറ്റവും പ്രാധാന്യ ത്തോടെ ചതയം തിരുനാള് കൊണ്ടാടുന്നു. ധാരാളം ഭക്തജനങ്ങള് അന്നേദിവസം ശിവഗിരി യിലെത്തി ഭഗവത് ദര്ശനവും ഗുരുപൂജയും നടത്തി ധന്യരായി ശാന്തനമസ്ക്കരാ മടങ്ങുന്നു. ശിവഗിരിയിലെ സന്യാസിമാരുടെയും സബ്രഹ്മചാരികളുടെയും നേതൃത്വത്തില് മഹാസമാധി മന്ദിരാങ്കണത്തില് സത്ഗ്രന്ഥപാരായണവും സമാധിപീഠത്തില് സമൂഹാര്ച്ചനയും നടത്തുന്നു. സായംസന്ധ്യകളില് എങ്ങും നിറഞ്ഞുനില്ക്കുന്ന ചതയതാരത്തിന്റെ പ്രഭയേറ്റു വാങ്ങിയ ആലക്തിക ദീപഛവിയാല് മഹാസമാധിമന്ദിരം ചതയസന്ധ്യയൊരുക്കുന്നു. ഗുരുദേവന്റെ അലൗകികസാന്നിദ്ധ്യം ആര്ക്കും അന്തരാത്മാവിനെ തഴുകുന്ന സമ്മോഹന നിമിഷങ്ങളാണത്. പൂര്വ്വപുണ്യസുകൃതം ചെയ്തവര്ക്കേ ശിവഗിരിയിലെത്തി ഇത് നുകരാനാവൂ. ഇപ്പോള് ശിവഗിരി കൂടാതെ ചെമ്പഴന്തിയിലെ ഭഗവാന്റെ അവതാരഗൃഹം, മരുത്വാമലയിലെ തപോഭൂമി, ചാലക്കുടിയിലെ ഗായത്രി ആശ്രമം എന്നിവിടങ്ങളിലും ക്ഷേത്രങ്ങളിലും ചതയവ്രതപൂജ ഭക്തിപൂര്വ്വം നടത്തിപ്പോരുന്നു. വ്രതാനുഷ്ഠാനം സംബന്ധിച്ച് ഭക്തജനങ്ങളുടെ അറിവിലേക്കായി ചില നിര്ദ്ദേശങ്ങള് ചുരുക്കമായി ഇവിടെ പ്രതിപാദിക്കുന്നു.

ചതയവ്രതത്തിന്റെ കാലദൈര്ഘ്യം എത്ര?

ചതയം തിരുനാളിന്റെ തലേനാള് രാത്രി തുടങ്ങി, ചതയം തിരുനാളിന് സായം സന്ധ്യക്ക് നടത്തുന്ന വിശേഷാല് പൂജയോടെ ചതയവ്രതം അവസാനിപ്പിക്കാം. എന്നാല് ചതയദിനത്തിനും മൂന്നുനാള്മുമ്പ് തന്നെ വ്രതാനുഷ്ഠാനത്തിന് നാം നമ്മെത്തനന്നന്നെ പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി മത്സ്യം, മാംസം, മദ്യം തുടങ്ങി വ്രതഭംഗം വരുത്തുന്നതെല്ലാം ഉപേക്ഷിക്കുന്നു. സായംസന്ധ്യക്കുള്ള സന്ധ്യാവന്ദനം അഥവാ നിത്യപാര്ത്ഥന ചിട്ടയോടെ പൂര്വ്വാധികം ഭക്തിപുരസ്സരം നടത്തുന്നു. പ്രാര്ത്ഥന യ്ക്ക്ശേഷം ഹൃദയപത്മത്തില് ഗുരുദേവന്റെ സ്വരൂപം കണ്ടുകൊണ്ട് 108 പ്രാവശ്യം ''ഓം നമോ നാരായണായ'' എന്ന അഷ്ടാക്ഷരീമന്ത്രം ജപിക്കണം. കൂടാതെ ഗുരുദേവസംബന്ധി യായ ആത്മീയഗ്രന്ഥങ്ങള് പാരായണം ചെയ്യണം.

വീടും പരിസരവും പ്രത്യേകിച്ച് പൂജാമുറിയും എല്ലാ വിധത്തിലും ശുചിയായി ഒരുക്കണം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. 

ചതയം തിരുനാളിന് തലേന്ന് രാത്രി ഷഷ്ഠിവ്രതത്തിന് എന്ന പോലെ അരി മുതലായ ധാന്യാഹാരങ്ങള് ഒഴിവാക്കി കുറേക്കൂടെ സാത്വികമായ പഴവര്ഗ്ഗങ്ങളടങ്ങിയ ലഘുഭക്ഷണം കഴിക്കുക. ചതയം തിരുനാളിന് രാവിലെ ബ്രാഹ്മമുഹൂര്ത്തത്തില് ഉണര്ന്ന് കുളികഴിഞ്ഞ് വീട്ടിലെ പൂജാമുറിയിലുള്ള ഗുരുദേവചിത്രത്തിന് മാലചാര്ത്തി പുഷ്പാലങ്കൃതമാകുക. (മഞ്ഞ പുഷ്പങ്ങള് ഉപയോഗിച്ചാല് നന്ന്) നിലവിളക്ക് വിധിപ്രകാരം കൊളുത്തിയതിനു ശേഷം നിത്യേന ചൊല്ലുന്ന പ്രാര്ത്ഥനകള് ജപിക്കുക. രാവിലെ 6.15-ന് മൗനസാന്ദ്രമായ അന്തരീക്ഷത്തില് ഗുരുദേവസ്വരൂപധ്യാനത്തില് ലയിക്കണം.

6.15 എന്ന സമയത്തിന്റെ സവിശേഷതയെന്ത്?

ഗുരുദേവന്റെ തിരുവവതാരവര്ഷവും സമയവും ശിവഗിരിമഠം അംഗീകരിച്ചിട്ടുള്ളത് 1855 ആഗസ്റ്റ് 28 (1031 ചിങ്ങം 14) ചതയദിനത്തില് രാവിലെ 6.15-എന്നതാണ്. അതിനാല് അവതാരമുഹൂര്ത്തത്തെ സ്മരിച്ചുകൊണ്ടാണ് 6.15 എന്ന സമയം സ്വീകരിച്ചിട്ടുള്ളത്. ധ്യാനം 6.10-ന് ആരംഭിച്ച് 10 മിനിട്ടിനുള്ളില് ഇഷ്ടമുള്ളത്ര സമയം ആകാം. എന്നാല് 6.15-ന് ധ്യാനത്തില് ലയിച്ചിരിക്കണം എന്ന് മാത്രം.

ഈ ദിവ്യമുഹൂര്ത്തത്തിലുള്ള ധ്യാനം ഗുരുഭക്തര് നിത്യസാധനയായി അനുഷ്ഠിക്കാമോ?

തീര്ച്ചയായും അനുഷ്ഠിക്കാവുന്നതാണ്. ലോകത്തെമ്പാടുമുള്ള ഗുരുഭക്തര് പ്രഭാതത്തില് എഴുന്നേറ്റ് കുളിയും ഗുരുവന്ദനവും പ്രാര്ത്ഥനയും നിര്വ്വഹിച്ചതിന് ശേഷം ഇപ്രകാരം നിശ്ചിതമായ സമയാധിഷ്ഠിതമായി ഒരു ധ്യാനസമ്പ്രദായം കൂടി അനുവര്ത്തി ച്ചാല് അത് വ്യക്തികള്ക്കും, ശ്രീനാരായണസമൂഹത്തിനും വലിയ ശക്തിയും ചൈതന്യവും ഐക്യവും പ്രദാനം ചെയ്യുന്നതാണ്. ചതയവ്രതസാധനയില് ഈ ധ്യാനസമ്പ്രദായത്തിന്റെ അനുഷ്ഠാനത്തിന് ഒരു മുടക്കും വരാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനുശേഷം ചെയ്യേണ്ടതെന്ത്?

ധ്യാനം കഴിഞ്ഞാല് ഗുരുദേവന്റെ ആത്മോപദേശശതകം തുടങ്ങിയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള് കുറെ സമയം പാരായണം ചെയ്യണം. ഈയവസരത്തില് ഗുരുദേവസുപ്രഭാതം ചൊല്ലാവുന്നതാണ്. കൂടാതെ ഹരിനാമകീര്ത്തനത്തിന്റെ രീതിയില് വിരചിതമായ 'ഗുരുനാമകീര്ത്തനം' ജപിക്കുന്നതും ഉത്തമമാണ്. (രണ്ടും അന്യത്ര ഈ ഗ്രന്ഥത്തില് ചേര്ത്തിട്ടുണ്ട്) തുടര്ന്ന് സമര്പ്പണശ്ലോകങ്ങള് ചൊല്ലി മംഗളാരതിയും നിര്വ്വഹിച്ച് (കര്പ്പൂരാരാധന) ഗൃഹത്തിലുള്ള പ്രഭാതസാധന അവസാനിപ്പിക്കാം. ഗുരുദേചിത്രത്തിന് മുമ്പില് കൊളുത്തിയ വിളക്ക് അന്നേദിവസം സായംസന്ധ്യവരെ കെടാവിളക്കായി സൂക്ഷിക്കുന്നത് നന്നായിരിക്കും. അതിനെതുടര്ന്ന് ചതയപൂജ നടത്താനുദ്ദേശിക്കുന്ന കേന്ദ്രത്തിലേക്ക് വ്രതമനുഷ്ഠിക്കുന്നവര് എത്തിച്ചേരണം. പ്രസ്തുതകേന്ദ്രം ഗുരുദേവന് പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളോ ഗുരുമന്ദിരങ്ങളോ ഇതര പുണ്യസ്ഥലങ്ങളോ ആകാം. അവിടെ ചതയപൂജയ്ക്കുള്ള സംവിധാനങ്ങള് ക്രീമകരിച്ചിരിക്കണം. മാത്രമല്ല സ്ഥിരമായി ഒരു കേന്ദ്രം ഇതിനായി തെരഞ്ഞെടുക്കേണ്ടതുമാണ്.

എന്തൊക്കെ ക്രമീകരണങ്ങളാണ് ചെയ്യേണ്ടത്?

ഗുരുമന്ദിരവും പരിസരവും ശുചിയാക്കി വച്ചിരിക്കണം എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ! ഗുരുദേവന്റെ പ്രതിമയോ ചിത്രമോ മാലചാര്ത്തി അലങ്കരിച്ച് വയ്ക്കുക. അതിന് മുമ്പില് ഭക്തജനങ്ങള്ക്ക് സമൂഹമായിരുന്ന് പ്രാര്ത്ഥിക്കുവാനും മറ്റും സൗകര്യം ഉണ്ടാ യിരിക്കണം.

പ്രാര്ത്ഥനാക്രമം

വന്നുചേര്ന്ന ഭക്തജനങ്ങള് നേരത്തെ മുന്കൂട്ടി നിശ്ചയിച്ച ഒരു സമയത്ത് സമൂഹ പ്രാര്ത്ഥന ആരംഭിക്കണം. പ്രാര്ത്ഥനക്കായി ചമ്രം പടിഞ്ഞിരിക്കുന്നതാണുത്തമം. ജപിക്കേണ്ട പ്രസ്തുത പ്രാര്ത്ഥനകളുടെ ക്രമം ചുവടെ ചേര്ക്കുന്നു.

'ഓം' എന്ന മന്ത്രാക്ഷരി മൂന്നുപ്രാവശ്യം ദീര്ഘമായി ജപിക്കുക. തുടര്ന്ന് 1. ഗുരുധ്യാനം (ഗുരുര് ബ്രഹ്മാ...) 2. ഗുരുസ്തവം (നാരായണമൂര്ത്തേ...) 3. ദൈവദശകം (ദൈവമേ കാത്തുകൊള്കങ്ങ്..) 4. ഇശാവസ്യോപനിഷത്ത് (ഈശന് ജഗത്തിലെല്ലാം...) 5. അനുകമ്പാദശകം (ഒരു പീഢയെറുമ്പിനും ...) 6. ഗുരുഷഡ്ക്കം (ഓം ബ്രഹ്മണേ..) 7. ഗദ്യപ്രാര്ത്ഥന (കാണപ്പെടുന്നതൊക്കെയും...) 8. സമര്പ്പണശ്ലോകങ്ങള് (1. നമാമമി നാരായണ... ) 2. അന്യഥാ ശരണം... 3. ത്വമേവ മാതാ... 4. അസതോ മ സദ്ഗമയ ... 5. പൂര്ണമദ... എന്നീ പ്രാര്ത്ഥനകള് സമൂഹമായി ചൊല്ലുക. പ്രാര്ത്ഥനകള് നല്ലവണ്ണം അറിയാവുന്ന ഒരാള് ചൊല്ലിക്കൊടുക്കുന്നതും മറ്റുള്ളവര് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും. പ്രാര്ത്ഥന കഴിഞ്ഞ് ഗുരുദേവചിത്രത്തിന് മുമ്പില് കര്പ്പൂരാരാധന നടത്തി തീര്ത്ഥവും പ്രസാദവും സ്വീകരിക്കുക.



ഗുരുധര്മ്മ പ്രബോധനം:-

ഭക്തജനങ്ങള് പ്രസാദം സ്വീകരിച്ചതിന് ശേഷം നിര്ദ്ദിഷ്ട സ്ഥാനങ്ങളില് ഇരിക്കുക തുടര്ന്ന് ഗുരുധര്മ്മപ്രബോധനത്തിലേക്ക് പ്രവേശിക്കുകയായി. അത് നിര്വ്വഹിക്കേണ്ടത് ഗുരുദേവന്റെ കൃതികളെയും ജീവിതത്തെയും സമഗ്രമായി പഠിച്ചറിഞ്ഞ, പരിശീലനം സിദ്ധിച്ച ഒരു ഗുരുധര്മ്മപ്രചാരകന് ആയിരിക്കണം. ഗുരുദേവന്റെ ജീവിതത്തെയും ദര്ശന ത്തെയും കോര്ത്തിണക്കി ആത്മീയതയ്ക്ക് പ്രാധാന്യം നല്കുന്ന വിഷയമാ യിരിക്കണം പ്രഭാഷണത്തിന് തെരഞ്ഞെടുക്കേണ്ടത്. പ്രഭാഷകരെ ലഭിക്കാത്തപക്ഷം ഗുരുദേവചരിത ത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളും കൃതികളും ഗുരുദേവതിരുവായ്മൊഴികളും സദ്ഗ്രന്ഥ ങ്ങളും ഒരാള് വായിച്ച് വിശദീകരിക്കുക. കൂടാതെ ഗുരുദേവവിരചിതമായ ദേവതാ സ്തുതികളും ഗുരുദേവസങ്കീര്ത്തനങ്ങളും താളമേളങ്ങളോടെ ഭക്തി പൂര്വ്വം ആലാപനം ചെയ്യാവുന്നതാണ്. ഗുരുധര്മ്മപ്രബോധനം കഴിഞ്ഞ് മദ്ധ്യത്തില് ഒരു നിലവിളക്ക് വച്ച് ഭക്തജനങ്ങള് അതിന്റെ ചുറ്റുമിരുന്ന് ഗുരുദേവപൂജാ-പുഷ്പാഞ്ജലി സ്ത്രോത്രം ഇരു വിടണം. 108 ശ്ലോകങ്ങളുള്ള ഈ പൂജാസ്തോത്രം (ഈ പുസ്തകത്തില് അന്യത്ര ചേര്ത്തിട്ടുണ്ട്) ജപിക്കുന്നത് തികച്ചും ഐശ്വര്യപ്രദമായിരിക്കും. ഓരോ ശ്ലോകങ്ങള് ചൊല്ലു മ്പോഴും നിലവിളക്ക് ഗുരുസ്വരൂപമായികണ്ട് ഗുരുദേവതൃപ്പാദങ്ങളില് പുഷ്പമിട്ട് നമസ്ക്കരി ക്കണം. (നിലവിളക്കിന്റെ ചുവട്ടില് അര്പ്പിക്കണം. ആളുകള് കൂടുന്നതനുസരിച്ച് വിളക്കിന്റെ എണ്ണവും കൂടുതലാക്കണം. പ്രസ്തുതഅര്ച്ചനയ്ക്ക് ഗുരുദേവസഹസ്രനാമ വുമാകാം) ഇതിനുശേഷം ഗുരുമന്ദിരത്തിന് മുമ്പില് രണ്ടുവരിയായി നിന്ന് ഗുരുപൂജയില് പങ്കുചേരണം. അതിന്റെ വിധി താഴെ ചേര്ക്കുന്നു.

ഗുരുപൂജ

ഉച്ചയ്ക്ക് 12 മണിയോടെ ഗുരുപൂജ ആരംഭിക്കണം. ഗുരുദേവന് നിവേദിക്കുവാന് ശിവഗിരിയിലെ മാതൃകസ്വീകരിച്ച് ചോറും കറികളും ഒരുക്കാവുന്നതാണ്. വ്രതശുദ്ധിയുള്ള വരായിരിക്കണം. പ്രസ്തുത നിവേദ്യം പാകം ചെയ്യേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗുരുമന്ദിരത്തിനകത്ത് വൈദികന് ഗുരുപുഷ്പാഞ്ജലി ചെയ്ത് ഗുരുപൂജ നടത്തുമ്പോള് വെളിയില് ഭക്തജനങ്ങള് രണ്ടുവരിയായി നിന്നു ''ഓം നമോ നാരായണയ'' എന്നോ ''ഓം ശ്രീനാരായണപരമ ഗുരുവേ നമഃ'' എന്നോ മന്ത്രം ജപിക്കണം. നിവേദ്യം സമര്പ്പിച്ചതിന് ശേഷം സമൂഹപ്രാര്ത്ഥന നടത്തണം. ഇനി മംഗളരതിയും (കര്പ്പൂരാരാധന) നടത്തി പ്രസാദം സ്വീകരിച്ചതിന് ശേഷം എല്ലാവരും ഒന്നിച്ച് ഭക്ഷണത്തിനാ യി ഇരിക്കുക. എല്ലാവരുടെയും ഇലയില് ഒരു ഭാഗത്ത് നിവേദ്യച്ചോറ് ആദ്യം വിളമ്പുക. തുടര്ന്ന് മറ്റ് ഉപദംശങ്ങളും വിളമ്പുക. ഭക്ഷണത്തിനിരുന്ന എല്ലാവര്ക്കും വിളമ്പിത്തീര്ന്നതിന് ശേഷമേ കഴിച്ചു തുടങ്ങാവൂ. ഭക്ഷണം വിളമ്പുന്ന സമയത്തു എല്ലാവരും ഭക്തിപൂര്വ്വം 'ഗുരുമംഗളാ ഷ്ടകം' (അന്യത്ര ചേര്ത്തിട്ടുണ്ട്) ജപിക്കണം. എല്ലാവരും ചേര്ന്ന് ബ്രഹ്മാര്പ്പണം ചൊല്ലി - ഗുരുദേവ നിവേദ്യപ്രസാദം ആഹരിച്ചു തുടങങ്ങുക. ഇതോടെ തലേ ദിവസം ആരംഭിച്ച ഉപവാസവ്രതത്തിന് സമാപ്തി കുറിക്കുകയായി.

വ്രതപര്യവസാനം

ഗുരുപൂജ ഭക്ഷണം എന്നിവയ്ക്ക് ശേഷം സൗകര്യപ്രദമെങ്കില് ഗുരുധര്മ്മ പ്രബോധനവും ഭജനയും സായംസന്ധ്യവരെ തുടരാവുന്നതാണ്. സന്ധ്യക്ക് ദീപാരാധനയും സമൂഹപ്രാര്ത്ഥനയും നടത്തി സമര്പ്പിക്കുന്നതോടെ ചതയവ്രതം പര്യവസാനിക്കുന്നു. ഉച്ചയ്ക്ക് ശേഷം ഈ ചടങ്ങുകള്, ഒത്തുചേര്ന്നിരിക്കുന്ന കേന്ദ്രത്തില് വച്ച് നടത്തുവാന് സൗകര്യപ്പെടാത്തപക്ഷം അവരവരുടെ വീട്ടില്വച്ച് സമൂഹപ്രാര്ത്ഥനയും മംഗളാരതിയും നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്. വീട്ടില് രാവിലെ കൊളുത്തികെടാതെ സൂക്ഷിച്ചിരിക്കുന്ന ദീപം ഇതോടെ അണക്കാവുന്നതുമാണ്.

ചതയവ്രതത്തിന്റെ ഭാഗമായി ഗുരുമന്ദിരങ്ങള് കേന്ദ്രീകരിച്ച് വൈകിട്ട് വിശേഷാല് പൂജ, പ്രഭാഷണം, ഭജന തുടങ്ങിയവ യൂത്ത്മൂവ്മെന്റിന്റെയും മറ്റും പ്രത്യേക ചുമതലയില് നടത്തുന്നത് നന്നായിരിക്കും.

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക

0 comments:

Post a Comment