Wednesday 18 December 2013

സ്വാമി സുധീഷാനന്ദ ശിവശതകം വായിച്ചോ?............by സജീവ് കൃഷ്ണൻ

കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ നൽകിവരുന്ന "ഗുരുവരുൾ' പംക്തിയിൽ "ശിവശതക'ത്തിന്റെ വ്യാഖ്യാനം നൽകിത്തുടങ്ങിയ സമയത്ത് ഒരു ദിവസം റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഫോൺ വിളിച്ചു:
"ഗുരുദേവന്റെ ദാർശനിക കൃതികളല്ലേ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ഇതുപോലുള്ള സ്‌തോത്രകൃതികൾ ഗുരു ആദ്യകാലത്ത് എഴുതിയതല്ലേ? അവയൊക്കെ ഇനിയും പ്രചരിപ്പിക്കണോ?'

"എല്ലാവരും ദാർശനികരായിട്ടില്ലല്ലോ? ഭക്തിയിൽ തുടക്കക്കാരും ഇനിയും തുടങ്ങാൻ മടിച്ചിരിക്കുന്നവരും വഴിതെറ്റിപ്പോയവരും ഏറെയുണ്ട്. അവർക്കു വേണ്ടിയാണ് ശിവശതകം കൊടുക്കുന്നത്' എന്ന് അദ്ദേഹത്തോടു പറയുമ്പോൾ പണ്ട് നാട്ടിൽ ചിരപരിചിതനായിരുന്ന സുധീഷിനെക്കുറിച്ചാണ് ഓർമ്മവന്നത്. ശിവശതകത്തെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നുവെങ്കിൽ സുധീഷിനെ രക്ഷപ്പെടുത്താമായിരുന്നു...
നാട്ടിൽ അന്ന് നാലാൾ കൂടുന്നിടത്തൊക്കെ സംസാരവിഷയമായിരുന്നു ആ ചെറുപ്പക്കാരൻ. ചാരായഷാപ്പിന്റെ ബെഞ്ചിൽ കുടിച്ചു ബോധമറ്റുകിടക്കുന്നവൻ. നാൽക്കവലയിൽ പരസ്യമായി അടിപിടികൂടുന്നവൻ. താന്തോന്നിയായ മകനെ പെറ്റുപോയതിന്റെ വ്യഥകളിൽ കരഞ്ഞുരുകി ജീവിക്കുന്ന അമ്മ സുലോചനയെക്കുറിച്ച് ഓർക്കുമ്പോൾ ആളുകൾ അവനെ ശപിക്കും.

ഒരു അവധിദിവസം നാട്ടിൽനിന്ന് കുറച്ചകലെയുള്ള ആശ്രമത്തിലേക്ക് തീർത്ഥാടനത്തിനു പോയവരുടെ വാഹനത്തിൽ സുധീഷുമുണ്ടായിരുന്നു. മനസോടെ പോയതല്ല. രാത്രി മദ്യപിച്ചുവന്നപ്പോൾ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ കയറിക്കിടന്ന് ഉറങ്ങി. വിളിച്ച് എഴുന്നേൽപ്പിച്ചാൽ തല്ലുമോ എന്നു പേടിച്ച് തീർത്ഥാടകർ അനങ്ങിയില്ല. കള്ളിന്റെ കെട്ടുവിട്ടപ്പോൾ പ്രാർത്ഥനയും മറ്റും കേൾക്കുന്നു. എവിടെയാണെന്നറിയില്ല. എഴുന്നേറ്റുചെന്ന് ആ പ്രാർത്ഥനാസദസിൽ ഇരുന്നു. ഏതോ മായികവലയത്തിൽ എന്നതുപോലെ ആ നിമിഷംമുതൽ സുധീഷ് ഭക്തിയുടെ ലഹരിയിലേക്ക് വീണു. മദ്യം എങ്ങനെയാണോ അയാളെ അടിമയാക്കി വച്ചിരുന്നത് അതേപോലെ ഭക്തിയും അയാളെ അടിമയാക്കി. തിരിച്ചെത്തിയ അയാൾ പിന്നെ കുളിയും ജപവും അമ്പലവാസവുമായി. ഏതു കല്ലിനെയും കമിഴ്ന്നുവീണ് തൊഴും. അങ്ങനെ സുധീഷിന്റെ കള്ളുജീവിതംപോലെ ഭക്തിജീവിതവും നാട്ടിൽ സംസാരവിഷയമായി. കുറച്ചുനാൾ കഴിഞ്ഞ് സുധീഷ് കാവിയുടുത്തു.

വീടിനുമുന്നിൽ ഒരു ആശ്രമം കെട്ടി. ഒരു കാർഡ്ബോർഡിൽ "സ്വാമി സുധീഷാനന്ദ' എന്ന് പേരും എഴുതിവച്ചു. ആദ്യമൊക്കെ പരിഹസിച്ചെങ്കിലും ചിലരൊക്കെ ഭക്തരായി അടുത്തുകൂടി. അതോടെ ആശ്രമത്തിൽ ഒച്ചയനക്കമൊക്കെ വന്നു. അവിടെ പതിവായി എത്തിയിരുന്ന ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. അങ്ങനെ ആശ്രമജീവിതം ഉപേക്ഷിച്ച് വിവാഹിതനായി. എന്നിട്ടും ഭക്തിമാർഗംവിട്ടില്ല. മുഴുവൻസമയവും ഭജനതന്നെ. അമിത ഭക്തിയിൽനിന്ന് ഭർത്താവിനെ മോചിപ്പിക്കാൻ ഭാര്യയ്ക്ക് ബന്ധുജനങ്ങളിൽനിന്ന് ലഭിച്ച ഉപദേശം വീണ്ടും മദ്യത്തിലേക്കും മാംസത്തിലേക്കും അയാളെ കൊണ്ടുവരിക എന്നതായിരുന്നു. നല്ല ഭൗതികജീവിതം ആഗ്രഹിച്ച് ഭാര്യ അയാൾക്ക് മദ്യവും മാംസവുമൊക്കെ നൽകി. സുധീഷ് വീണ്ടും അതിന് അടിമയായി. വഴിയിൽത്തന്നെ കുടിച്ചുബോധമറ്റു കിടപ്പായി. നാട്ടിലെ വിപ്‌ളവകാരികൾ ഭക്തിയുടെ ദോഷവശമായി അയാളെ ചൂണ്ടിക്കാട്ടി. അവർ ചോദിച്ചു, "ഇത്രയുംനാൾ അവൻ പൂജിച്ച ദൈവം ഇപ്പോൾ വന്ന് അവനെ രക്ഷിക്കാത്തതെന്ത്?' എല്ലാദിവസവും ക്ഷേത്രദർശനത്തിനു പോകുന്ന യുവാക്കളെക്കണ്ടാൽ പിന്നെ ആളുകൾ ചോദിക്കും? "എന്താ സുധീഷാനന്ദയ്ക്ക് പഠിക്കുകയാണോ?'

ഒന്നോർത്താൽ എല്ലാവരിലും സുധീഷാനന്ദമാർ ഉണ്ട്. അംശത്തിലും അളവിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നുമാത്രം. ഭൗതികജീവിതത്തിലാണ്ടുപോയാൽ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. ഭക്തിമാർഗത്തിൽവന്നാലോ എല്ലാം വിട്ട് അതിനുപിന്നാലെയായി. ഭക്തിക്ക് മൂർച്ചകൂട്ടാൻ ബ്രഹ്മചാരിയോ സംന്യാസിയോ ആകാൻ ശ്രമിക്കും ചിലർ. ആ തീരുമാനം എടുക്കുന്ന നിമിഷംതൊട്ട് കാമദേവൻ പിന്നാലേകൂടും. ഒരുദിവസം സ്വാമിയുടെ "കള്ളം' വെളിയിൽച്ചാടും. അതോടെ എല്ലാം കഴിയും. മനുഷ്യന് അനുഷ്ഠിക്കാൻ പ്രയാസമുള്ള വ്രതം ബ്രഹ്മചര്യമാണ്. അത് കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ വിവാഹജീവിതത്തിൽ പ്രവേശിക്കണം എന്ന് ഗുരുദേവൻ മൊഴിഞ്ഞിട്ടുണ്ട്. വിവാഹജീവിതം എന്നത് വിഷയസുഖത്തിനുവേണ്ടിയല്ല. ഒരു ധർമ്മാചരണമാണ്. ലോകത്തിന്റെ നിലനില്പിനാവശ്യമായ ധർമ്മാചരണം. അതുകൊണ്ടാണ് ബ്രഹ്മചര്യത്തേക്കാൾ നല്ല ഭക്തിമാർഗം ഗൃഹസ്ഥാശ്രമമാണെന്ന് ഗുരു മൊഴിഞ്ഞത്.

ഭൗതികവും ആത്മീയവും രണ്ടല്ല, ഒന്നുതന്നെയാണെന്ന് ഗുരു മൊഴിഞ്ഞിട്ടുണ്ട്. അച്ചടക്കവും അനുകമ്പയുമുള്ള ജീവിതക്രമം നിലനിറുത്താനാണ് നാം ദൈവത്തെ ആശ്രയിക്കേണ്ടത്. ബ്രഹ്മചര്യവും സംന്യാസവും വളരെ ക്‌ളേശകരമായ സത്യാന്വേഷണമാർഗമാണ്. അതിലേക്ക് കടന്നുവരുന്നവർ ആദ്യവസാനം പ്രകൃതിയാൽ പരീക്ഷിക്കപ്പെടും. ആ പരീക്ഷകൾ എന്തൊക്കെയാണ്, അതിനെ എങ്ങനെയൊക്കെ അതിജീവിച്ച് സത്യദർശനത്തിലേക്ക് എത്താം എന്നൊക്കെ വ്യക്തമായ അറിവുപകർന്നുനല്കുന്നുണ്ട് ഗുരുദേവൻ രചിച്ച ശിവശതകം. ജന്മനാ വാസനാമുക്തനായിട്ടും സത്യാന്വേഷണമാർഗത്തിൽ പ്രകൃതി ഗുരുസ്വാമിയെ മാനസികമായും ശാരീരികമായും വലിയ പരീക്ഷണങ്ങളിൽപ്പെടുത്തിയിട്ടുണ്ട്. അതിൽനിന്നൊക്കെ ആത്മാവിനും ശരീരത്തിനും പോറൽപോലുമേൽക്കാതെ, സത്യാന്വേഷണം ചെയ്ത് എങ്ങനെ പൂർണനായിത്തീരാം എന്ന് വ്യക്തമാക്കിയതാണ് ഗുരുദേവന്റെ മനുഷ്യജന്മം.

ആരാധനാമൂർത്തിയെ ഈ ജഗത്തിന്റെ ഏകാധാരമായ ബ്രഹ്മസ്വരൂപമായിക്കണ്ട് ഭജിച്ചു തുടങ്ങണമെന്ന് ശിവശതകത്തിൽ ഗുരുദേവൻ മൊഴിയുന്നു. പിന്നെ രൂപങ്ങൾവിട്ട് കാര്യവിചാരത്തിലേക്ക് വരണം. സ്വന്തം ജീവിതംകൊണ്ട് സാക്ഷാത്കരിക്കേണ്ട ലക്ഷ്യം തെളിഞ്ഞുകിട്ടാൻ ഉപാസനാമൂർത്തിയോട് കേണപേക്ഷിക്കണം. അതിലേക്കുള്ള ആദ്യപടിയെന്നവിധം അവനവന്റെ വിഷയവാസനകളുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനനം ചെയ്ത് തിരിച്ചറിയണം. അതിന്റെ ഓരോ ചെറുവേരുകൾപോലും വേദനയില്ലാതെ പിഴുതുമാറ്റാൻ ഇഷ്ടദൈവത്തിന്റെ സഹായം തേടണം. വിഷയവാസനകൾ അകറ്റാൻ ഏറ്റവും പ്രായോഗികമായ രീതി ഈശ്വരവിചാരത്തോടെ അവയിലൊക്കെ മിതമായി വ്യാപരിക്കുക എന്നതാണ്. ക്രമേണ അവയെ അതിജീവിക്കാൻ ശ്രമിക്കണം. അടിച്ചമർത്തിക്കൊണ്ടും പിടിച്ചുകെട്ടിക്കൊണ്ടും വിഷയവാസനകളെ അതിജീവിക്കാൻ ശ്രമിച്ചാൽ ഒരു കാളക്കൂറ്റന്റെ ഗതിവേഗത്തോടെ അവ നമ്മിലേക്കുതന്നെ പാഞ്ഞടുക്കും. രക്ഷപ്പെടാനുള്ള വിദ്യ വശമാകാത്തവർ വീണുപോകും. അവരാണ് ഭക്തിമാർഗത്തിൽ സ്വയം"കളങ്കിത'രാകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ആരാധനാമൂർത്തിക്ക് സർവവും സമർപ്പിച്ച് അവിടുത്തെ ഇച്ഛപ്രകാരം ജീവിച്ചുകൊള്ളാം എന്നു പ്രതിജ്ഞയെടുക്കുന്നത്. അതോടെ കർമ്മമാർഗം തെളിയും.

എന്താണ് പരമാത്മാവ്? എന്താണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം? എന്താണ് ഈ പ്രപഞ്ചത്തിന്റെ രഹസ്യം? ഇതൊക്കെ വിധിയാംവണ്ണം വെളിപ്പെടുത്തുന്നുണ്ട് ശിവശതകം. ശിവശതകം ശ്രദ്ധാപൂർവം പഠിച്ചാൽ സന്മാർഗിയായ ഗൃഹസ്ഥനാവാം. ബ്രഹ്മചാരിക്ക് പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിക്കാം. സംന്യാസിക്ക് സർവസംഗപരിത്യാഗിയായ ജനോപകാരിയാവാം. സുധീഷാനന്ദമാർക്ക് ജീവിതത്തെക്കുറിച്ച് ശരിയായ ബോധം തെളിഞ്ഞുവരികയും ചെയ്യും.

Source : http://news.keralakaumudi.com/news.php?nid=854c7442c5be82e526e2c6bfab141e0c#.UqwaRgV7OuQ.facebook

0 comments:

Post a Comment