Thursday 24 January 2019

ജനുവരി 18 മൃത്യുഞ്ജയൻ തന്ത്രി സമാധി ദിനം.

1898 ൽ പുറത്തേപ്പറമ്പിൽ കുഞ്ഞന്റെ മകനായി കുഞ്ഞുകുഞ്ഞ് ജനിച്ചു. 12-ാം വയസിൽ ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ശിവഗിരിയിൽ വച്ച് ശങ്കരൻ പരദേശി സ്വാമിയിൽ നിന്നും താന്ത്രികം പഠിച്ച് 1931 ൽ ശ്രീകുമാരമംഗലം ക്ഷേത്രശാന്തിയായി . പിന്നീട് ക്ഷേത്രം തന്ത്രിയായും സേവനം ചെയ്തു. ശ്രീകുമാരമംഗലം ദേവസ്വം ഭരണസമിതി അംഗമായും പ്രവർത്തിച്ചു. ജന്മഗൃഹം ഒഴികെ ഉള്ള സ്ഥാവര ജംഗമ വസ്തുവകകൾ ശ്രീകുമാരമംഗലം ക്ഷേത്രത്തിന് ദാനം നൽകി.
1981 ജനുവരി 18 ന് സമാധിയായി.
ശ്രീകുമാരമംഗലം ക്ഷേത്ര പ്രതിഷ്ഠയ്ക്കു സ്വാമി തൃപ്പാദങ്ങൾ കുമരകത്ത് എത്തുമ്പോൾ ചൂണ്ടക്കോലുമായി ഈട്ടിറമ്പിലൂടെ നടക്കുന്ന "കുട്ടിക്കോണകക്കാരൻ" കുഞ്ഞൂഞ്ഞിനെ കണ്ടു. തൃപ്പാദങ്ങൾ കൈകാട്ടി വിളിച്ചപ്പോൾ ഓടിയെത്തിയ കുഞ്ഞൂഞ്ഞിന് സ്വാമി കൽക്കണ്ടവും ഉണക്കമുന്തിരിയും കൊടുത്തു. എന്നിട്ട് പറഞ്ഞു " സാധു ജീവികളെ ഉപദ്രവിക്കരുത് " . അന്നു മുതൽ ജീവിതാവസാനം വരെ ഗുരുവാണികളെ അനുസരിച്ചു കൊണ്ടാണ് കുഞ്ഞൂഞ്ഞ് ജീവിച്ചത്. ഈ സംഭവത്തിനു ഏതാനും വർഷങ്ങൾക്കു ശേഷം സ്വാമികൾ കുഞ്ഞൂഞ്ഞിനെ ശിവഗിരിയിലേയ്ക്കു കൊണ്ടുപോയി. ഏതാണ്ട് പതിനഞ്ച് വയസ്സു പ്രായമുള്ളപ്പോൾ കുഞ്ഞൂഞ്ഞിന് ജ്വരം ബാധിച്ചു . ആ സമയം സ്വാമികൾ വടക്കൻ ദിക്കുകളിലെ യാത്രയിൽ ആയിരുന്നു. സ്വാമികൾ ശിവഗിരിയിൽ എത്തുമ്പോൾ മരണാസന്നനായ കുഞ്ഞൂഞ്ഞിനെയാണ് കണ്ടത്‌ . കുഞ്ഞൂഞ്ഞിന്റെ നെറ്റിയിൽ തടവിക്കൊണ്ട് സ്വാമികൾ പറഞ്ഞു " ഉം... സാരമില്ല ഭേദമായിക്കൊള്ളും . ഇനി മുതൽ നീ മൃത്യുഞ്ജയൻ ആണ് ". ( മൃത്യുവെ ജയിച്ചവൻ - മൃത്യുഞ്ജയൻ)
സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്താൽ മരണത്തെ ജയിച്ച കുഞ്ഞൂഞ്ഞ് ശിഷ്ടകാലം അറിയപ്പെട്ടത് മൃത്യുഞ്ജയൻ എന്ന പേരിലാണ്. നാട്ടുകാരുടെ തന്ത്രി സ്വാമിയായി , സ്വിദ്ധ പുരുഷനായി 83-ാം വയസ്സിലാണ് സമാധിയായത് . പഴയ തലമുറക്കാർക്ക് ഇന്നും ആരാധ്യദേവതയാണ് തന്ത്രി സ്വാമി.
ശ്രീകുമാരമംഗലം ക്ഷേത്ര മതിൽക്കെട്ടിനു വെളിയിൽ വടക്ക്-കിഴക്ക് ഭാഗത്താണ് ബ്രഹ്മശ്രീ മൃത്യുഞ്ജയൻ തന്ത്രിയുടെ സമാധി. തന്ത്രി സ്വാമിയുടെ ശിഷ്യരിൽ പ്രമുഖനായ കുമരകം ഗോപാലൻ തന്ത്രി അവർകൾ മുൻകൈ എടുത്തു നിർമ്മിച്ചതാണ് ഇന്നു കാണുന്ന സ്മൃതി മണ്ഡപം.
ശ്രീകുമാരമംഗലം ദേവസ്വം ജനുവരി 18 തന്ത്രി സ്വാമി അനുസ്മരണം നടത്തി വരുന്നു .
 - സന്തോഷ് , കുമരകം
Image may contain: 1 person, closeup

0 comments:

Post a Comment