Saturday, 12 January 2019
പത്രാധിപർ ടി.കെ നാരായണൻ - (2010 ഏപ്രിൽ ലക്കം ഭാഷാപോഷിണി മാസികയിൽ ജി പ്രിയദർശൻ എഴുതിയ ലേഖനം)
നവോഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതുജീവിതത്തിൽ ജ്വലിച്ചുനിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു ടി.കെ നാരായണൻ (1882 -1939 )."പത്രാധിപർ" എന്ന വിശേഷണം കൂടാതെ അദ്ദേഹത്തിന്റെ പേര് പറയുന്നവർ ചുരുക്കമായിരുന്നു.ടി.കെ മാധവൻ അതിനുശേഷമാണ് 'പത്രാധിപർ" എന്ന അപരാഭിധാനത്താൽ വിഖ്യാതനാകുന്നത് .പരവൂർ കേശവനാശാൻ,കുമാരനാശാനുശേഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും അനന്തരം ഹൈക്കോടതി ജഡ്ജി എൻ.കുമാരൻ,കോട്ടയം ദിവാൻ പേഷ്കാർ ആയിരുന്ന ബി.പരമു തുടങ്ങി അനേകം സമുന്നതന്മാരായ സാമൂഹ്യപ്രവർത്തകർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ജന്മം നൽകിയ കൊല്ലം പരവൂരിലെ കാർത്തിക്കഴികത്തു കുടുംബത്തിലാണ് ടി.കെ നാരായണൻ ജനിച്ചത്.അക്കാലത്തു ഇംഗ്ലീഷ് അറിയാവുന്ന ചുരുക്കം ചില ഈഴവരിലെ ഒരാളായിരുന്നു അദ്ദേഹം.
കൊല്ലത്തു ഇംഗ്ലീഷ് മിഷണറിസ്കൂളിൽ ചേർന്ന് പഠിച്ചു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ലോവർ സെക്കണ്ടറി പരീക്ഷ പാസ്സായി.മദ്രാസിൽ പോയി പഠിച്ചു എഫ് .എ ബിരുദവും നേടിയശേഷം കുറേക്കാലം അധ്യാപകവൃത്തിയിൽ കഴിഞ്ഞു.വിദ്യാഭ്യാസക്കാലത്തു തന്നെ ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ എഴുതുവാനും,പ്രസംഗിക്കുവാനും സമർത്ഥൻ എന്ന് പേരെടുത്തിരുന്നു.അധ്യാപകവൃത്തി ഉപേക്ഷിച്ചു "ഇംഗ്ലീഷ് ട്യൂഷൻ ഹോം" എന്നൊരു സ്ഥാപനം കൊല്ലത്തു നടത്തി.ഏറെ വിദ്യാർത്ഥികളെ ആകർഷിച്ച ആ സ്ഥാപനം അടച്ചുപൂട്ടിയിട്ടാണ് തനിക്കു മനസ്സിനിണങ്ങിയ പാത്രപ്രവർത്തനത്തിൽ ടി.കെ വ്യാപരിച്ചു തുടങ്ങിയത്.മലയാള മനോരമയുടെ മാതൃകയിൽ പതിനായിരം രൂപയുടെ മൂലധനത്തോടുകൂടി കേരളഭൂഷണം എന്നൊരു കമ്പനി രൂപീകരിച്ചു അതിന്റെ മേൽനോട്ടത്തിൽ 1891 -ൽ പരവൂർ കേശവനാശാന്റെ പ്രാതിനിധ്യത്തിൽ പരവൂരിൽ നിന്നും പുറപ്പെടുവിച്ചുതുടങ്ങിയ "സുജനാനന്ദിനി" പത്രത്തിലാണ് ടി.കെ നാരായണൻ ആദ്യം പത്രാധിപരാകുന്നത്.തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യപത്രമാണ് "സുജനാനന്ദിനി".1097 -ലെ നായരീഴവ ലഹളക്കാലത്തു ഈ പത്രമാഫീസും പ്രസ്സും തീവച്ചു നശിപ്പിക്കപ്പെട്ടു.ആ പശ്ചാത്തലത്തിൽ കുമാരനാശാൻ എഴുതിയതാണ് " ഉദ്‌ബോധനം" എന്ന വിസവേതരമായ സ്വാതന്ത്യ ഗീതം.
എസ്.എൻ.ഡി.പി യാഗത്തിന്റെ അസ്ഥിവാരം ഉറപ്പിച്ച കുമാരനാശാനോടും സംഘടനാ സൗധം പടുത്തുയർത്തിയ ടി.കെ മാധവനോടുമൊപ്പം ടി.കെ നാരായണനുംഉണ്ടായിരുന്നു.യോഗത്തിന്റെ ശക്തമായ വാഗിന്ദ്രിയമായി വിവേകോദയം മാസിക സമാരംഭിച്ച (1904 )ച്ചപ്പോൾ അതിന്റെ മാനേജരായും അദ്ദേഹം സേവനം അനുഷ്ടിച്ചു.ആശാന്റെ നിർബന്ധപ്രകാരം 1916 ,1917 വർഷങ്ങളിൽ യോഗത്തിന്റെ സംഘടനാ സെക്രെട്ടറിയുമായും പ്രവർത്തിച്ചു.
1911 -ൽ മയ്യനാട്ടുനിന്നും കേരള കൗമുദി തുടങ്ങിയപ്പോൾ അതിലെ പ്രധാന ലേഖകരിൽ ഒരാൾ നാരായണനായിരുന്നു.അമ്മുക്കുട്ടി, ഭാനുവൈദ്യർ,മുതലായ കമനീയ കഥകളും അദ്ദേഹം കൗമുദിയിൽ എഴുതിയതായി ആത്മകഥയിൽ സി.കേശവൻ പ്രസ്താവിക്കുന്നു.കുറേക്കാലം കൗമുദിയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.അക്കാലത്തെ അനേകം പത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികാവിലാസത്താൽ പ്രശോഭിതങ്ങളായി.അഭിപ്രായ ധീരതയും സ്വതന്ത്ര ചിന്തയും സരളമധുരമായ ഗദ്യരീതിയും ആണ് അവയുടെ മുഖമുദ്രകൾ.ഏറ്റവുമൊടുവിൽ സി.കേശവന്റെ കൗമുദി പത്രത്തിലും അദ്ദേഹം വിരഹിച്ചു.ഒന്നാം ലോകമഹായുദ്ധക്കാലത്തു "പാഞ്ചജന്യം" എന്നൊരു പത്രം അദ്ദേഹം നടത്തിയെങ്കിലും അപായയുസ്സായിപ്പോയി.ടി.കെ മാധവന്റെ മുഖ്യപത്രാധിപത്യത്തിൽ കൊല്ലത്തുനിന്നും "ദേശാഭിമാനി" പത്രം പ്രചരിച്ചുതുടങ്ങിയപ്പോൾ (1915 ഏപ്രിൽ 15 ) നല്ലൊരു എഴുത്തുകാരനും പത്രപ്രവർത്തകനും എന്ന് പേരെടുത്തുകഴിഞ്ഞിരുന്ന ടി.കെ നാരായണനായിരുന്നു അതിന്റെ പ്രിന്ററും പുബ്ലിഷറും, പത്രാധിപരും.കുറേക്കഴിഞ്ഞപ്പോൾ പത്രാധിപരും പത്ര ഉടമസ്ഥരും തമ്മിൽ എന്തോ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും അഞ്ച് ആഴ്ച ദേശാഭിമാനി മുടങ്ങുകയും ചെയ്തു.തുടർന്ന് ദേശാഭിമാനിയുടെ പത്രാധിപത്യം പൂർണ്ണമായും ടി,കെ മാധവൻ ഏറ്റെടുത്തു.ഇതിനിടയിൽ "അമൃത ഭാരതി" എന്നൊരു പത്രവും സ്വന്തമായി കുറേക്കാലം പ്രചരിപ്പിക്കുകയുമുണ്ടായി അദ്ദേഹം .എഴുത്തുകാരെയും പുസ്തക പ്രസാധകരെയും സംഘടിപ്പിച്ചുകൊണ്ട് 1925 -ൽ "മലയാളം വ്യവസായ കമ്പനി" (ക്ലിപ്തം) എന്നൊരു സംഘടന രെജിസ്റ്റർചെയ്തു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു.പിൽക്കാലത്ത് രൂപംകൊണ്ട സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ മാതൃകയിൽ ജന്മമെടുത്ത ആദ്യസ്ഥാപനം ഇതാണെന്നു തോന്നുന്നു.
ഇന്ത്യൻ ദേശീയതയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ടി.കെ വിദ്യാഭ്യാസക്കാലത്തു കോട്ടും സൂട്ടും ആയിരുന്നു വേഷം.പിൽക്കാലത്ത് പൂർണ്ണമായും ശുഭ്രഖദർവസ്ത്രധാരിയായി മാറി.മാർക്സിയൻ ധനതത്വ ശാസ്ത്രം അദ്ദേഹം ഗാഢമായി പഠിച്ചിരുന്നു .അവകാശസംരക്ഷണാർത്ഥം കൊല്ലത്തു തൊഴിലാളികളെ ആദ്യമായി സംഘടിപ്പിക്കുകയും 1915 ൽ ഒരു പണിമുടക്ക് നടത്തി വിജയിപ്പിക്കുകയുംചെയ്ത അഭിമാനകരമായ ചരിത്രവും ടി.കെയ്ക്കുണ്ട്.അവസാനകാലത്തു ആര്യസമാജത്തിലും അദ്ദേഹം പ്രവർത്തിച്ചു.തല്സംബന്ധമായ ചില ഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു.
സമുന്നതനായിരുന്ന ഒരു സാഹിത്യകാരനായിരുന്നു ടി.കെ നാരായണൻ.അദ്ദേഹത്തിന്റെ "ഹനുമാന്റെ പൂണൂൽ"എന്ന കൃതി യാഥാസ്തികരെ വിറളിപിടിപ്പിച്ചതിനു അതിരില്ലെന്നു കേട്ടിട്ടുണ്ട്.ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം , ഗുരു സശരീരനായിരിക്കുമ്പോൾ തന്നെ എഴുതി (1921 ) ആദ്യമായി ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയെന്ന പ്രാധാന്യവും ടി.കെ യ്ക്ക് അവകാശപ്പെട്ടതാണ്.ആധികാരിക വിവരങ്ങളുടെ ആകരമായ ആ ഗ്രന്ഥത്തിന് ഒരു പുതിയ പതിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.ശ്രീരാമകൃഷ്ണ പരമഹംസൻ ,സ്വാമി വിവേകാനന്ദൻ,രാജാറാം മോഹൻ റോയ് ,പരവൂർ കേശവനാശാൻ തുടങ്ങിയ ജീവചരിത്രങ്ങളും അദ്ദേഹത്തിന്റെ രചനകളിൽ പെടുന്നു.ക്‌ഷേക്സ്പിയർ നാടകങ്ങൾക്ക് ചാൾസ് ലാംബും അദ്ദേഹത്തിന്റെ സഹോദരിയും ചേർന്ന് തയ്യാറാക്കിയ ഹ്രസ്വഹൃദയങ്ങളായ ഗദ്യാവിഷ്കാരങ്ങൾ ടി.കെ മലയാളത്തിലേക്ക് പരിഭാഷപെപടുത്തുകയുണ്ടായി.ടെംപെസ്റ്റിന്റെ പരിഭാഷ "മന്ദാകിനി" എന്നപേരിൽ 1917 -ൽ പുറത്തുവന്നു.ജീവകാരുണ്യം തുടങ്ങിയ ബാലസാഹിത്യ കൃതികളും അദ്ദേഹത്തിന്റെ രചനകളിൽപ്പെടുന്നു.1939 -ൽ സിംഗപ്പൂരിൽവച്ചു ഒരു പ്രസംഗ പര്യടനത്തിനിടയിൽ അസുഖം ബാധിച്ചാണ് അദ്ദേഹം മരണമടഞ്ഞത്.കോട്ടയം ജില്ലാ.സൂപ്രണ്ടായി അടുത്തകാലത്ത് റിട്ടയർ ചെയ്ത കെ.എൻ ബാൽ ഐ.പി.എസ് അദ്ദേഹത്തിന്റെ എട്ടുമക്കളിൽ ഏറ്റവും ഇളയ പുത്രനാണ്.
(2010 ഏപ്രിൽ ലക്കം ഭാഷാപോഷിണി മാസികയിൽ ജി പ്രിയദർശൻ എഴുതിയ ലേഖനം)
https://www.facebook.com/photo.php?fbid=785086895161241&set=pcb.785087271827870&type=3&theater
0 comments:
Post a Comment