താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം)
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു.
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.
https://www.facebook.com/sreenarayanaguru.in/photos/a.395157290505114/1176927898994712/?type=3&theater
0 comments:
Post a Comment