Thursday 24 January 2019

ഒരിക്കലും വാടാത്ത ആശാന്റെ വീണപൂവ്!

1083 -ല്‍ പാലയ്ക്കാട്ട് വെച്ച് കുമാരനാശാന്‍ രചിച്ച ഒരു ഖണ്ഡകാവ്യമാണ് വീണപൂവ്. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും വെറും 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുകാവ്യം അനശ്വരശോഭയും സൗന്ദര്യവും പരത്തിക്കൊണ്ട് സഹൃദയജനലക്ഷങ്ങളെ ഇന്നും ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാള സാഹിത്യ നഭോ മണ്ഡലത്തിലെ വെള്ളിനക്ഷത്രമാകുന്നു ആശാന്റെ വിശ്രുതമായ ഈ കാവ്യശില്പം! അമൃതനിഷ്യന്ദിയായ ഈ കാവ്യസുധയുടെ:
‘ഹാ പുഷ്പമേ അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ’
എന്ന ആരംഭ വരികളോ
‘ആരോമലാ ഗുണഗണങ്ങളിണങ്ങി, ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹവാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞു പോകാ?’
എന്നുള്ള സരളമധുരവും മനോനന്ദനീയവുമായ നാലു പാദങ്ങളോ ഈണത്തില്‍ ചൊല്ലി സന്തോഷിക്കാത്ത മലയാളികള്‍ മുന്‍തലമുറയില്‍ ചുരുക്കമാണ്.
പ്രൗഢസുന്ദരങ്ങളായ ആശയങ്ങള്‍ കൊണ്ടും, ഹൃദയഹാരികളായ വര്‍ണ്ണനകളും ഉപമാലങ്കാരങ്ങളും കവിത്വഗുണങ്ങള്‍ കൊണ്ടും, പ്രസന്നമധുരമായ ആവിഷ്ക്കരണ ശൈലി കൊണ്ടും, സര്‍വ്വോപരി ചിന്തോദ്യോതങ്ങളായ തത്വചിന്തകള്‍ കൊണ്ടും ഇത്രത്തോളം, വൈകാരികാനുഭൂതി ഉളവാക്കാന്‍ പര്യാപ്തമായ മറ്റൊരു കാവ്യവും മലയാളഭാഷയില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സാഹിത്യ നഭോമണ്ഡലത്തില്‍ അത്ഭുതപൂര്‍വ്വമായ പ്രകാശത്തോടു കൂടിയ ഒരു ജ്യോതിസ്സിന്റെ ആവിര്‍ഭാവത്തെയാണ് വീണപൂവ് കുറിക്കുന്നത്. എന്നാണ് പണ്ഡിത വരേണ്യനായിരുന്ന മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുള്ളത്.
ആശാന്‍ കവിതകളുടെ കരിംകാതല്‍ സ്‌നേഹമാകുന്നു. ഒരു വലിയ സ്‌നേഹാരാധകനായിരുന്നു മഹാകവി കുമാരനാശാന്‍. അതെ, ആശാന്റെ എല്ലാ കൃതികളുടെയും ഉയിരും ഉടലും ഓജസ്സും തേജസ്സും വിശ്വംഭരിയായ സ്‌നേഹമാകുന്നു. വീണപൂവിലും, നളിനിയിലും ലീലയിലുമൊക്കെ ആനന്ദദായകമായ ആ സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നു.
‘സ്‌നേഹമാണഖില സാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം’
………………………………………………………….
‘സ്‌നേഹം താന്‍ ശക്തി ജഗത്തില്‍
സ്‌നേഹം താനാനന്ദമാര്‍ക്കും’
ഇതാണ് ആശാന്റെ സ്‌നേഹ ദര്‍ശനം
വീണപൂവില്‍, പുഷ്പവും മനുഷ്യജീവിതവും തമ്മില്‍ വ്യത്യസമൊന്നും ഇല്ലെന്നും, നമ്മളെല്ലാവരും ഒന്നാകുന്നു, സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങള്‍ തന്നെയാകുന്നു നമ്മളെല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് എന്നുമുള്ള സത്യം ഹൃദയാവര്‍ജ്ജകമായ ഭാഷയില്‍ കവി സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതീവ ക്ഷണികമായ പൂവിന്റെ ജീവിതത്തെയും വേര്‍പാടിനെയും ഓര്‍ത്തും കവി വിലപിക്കുകയും ചെയ്യുന്നു.
‘എന്നാലുമുണ്ടെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?’
അതുല്യ മനോഹരമായ ജീവിത ദര്‍ശനം! ഈ ചിന്താധാര മാനവരാശിയുടെ ഹൃദയങ്ങളെ ഭരിച്ചിരുന്നെങ്കില്‍ ഭൂമിയിലെ മനുഷ്യ ജീവിതം എത്രയോ ധന്യവും സന്തുഷ്ടപൂര്‍ണ്ണവുമായിരുന്നേനേം!
സ്‌നേഹഗായകനും മഹാദാര്‍ശനികനുമായിരുന്ന ഈ മഹാകവി ഇംഗ്ലണ്ടിലായിരുന്നു ജനിക്കുകയും സാഹിതി സേവയും ചെയ്തിരുന്നതെങ്കില്‍ ഷെല്ലിയെയും കീറ്റ്‌സിനെയും മില്‍ട്ടനെയും വേര്‍ഡ്‌സ് വര്‍ത്തിനെയും പോലെ അവിടുത്തെ ജനങ്ങള്‍ നാടടക്കം അദ്ദേഹത്തെയും നെഞ്ചിലേറ്റി ആദരിച്ചേനേം! ദാര്‍ശനിക മഹാത്മ്യം നിറഞ്ഞ് ശോഭ പരത്തുന്ന വീണപൂവ് എന്ന ഈ ഒരൊറ്റ കൃതി മാത്രം അതിനു മതിയായിരുന്നു താനും.
മറ്റുള്ളവരുടെ ഗുണഗണങ്ങളെയും സര്‍ഗ്ഗാത്മകമായ കഴിവുകളെയുമൊക്കെ അംഗീകരിച്ചാദരിക്കുവാന്‍ വളരെ വൈമനസ്യമുള്ള സങ്കുചിത മാനസ്സരുമാകുന്നു പ്രായേണ മലയാളികള്‍. ഇക്കാരണത്താല്‍ തന്നെയാകുന്നു മഹാകവികളായിരുന്ന കുമാരനാശാനും, ലള്ളത്തോളിനും, ഉള്ളൂരിനും ചങ്ങമ്പുഴയ്ക്കും, കെ.വി. സൈമണും, പ്രഗത്ഭരും പ്രശസ്തരുമായിരുന്ന മറ്റുപല മലയാള സാഹിത്യപ്രതിഭകള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരവും പുരസ്ക്കാരങ്ങളും തങ്ങളുടെ ജീവിതകാലത്ത് കിട്ടാതെ പോയതും.
ചൈതന്യമറ്റ് നിലത്തു വീണു കിടന്ന നിസ്സാരമായൊരു പൂവിനെ ഇതിവൃത്തമാക്കി കൊണ്ട് പ്രേമം, പ്രേമഭംഗം, ദുഃഖം, ക്ഷണികത, മരണം മുതലായ മനുഷ്യജീവിതത്തിന്റെ എല്ലാ ദശകളെയും പ്രതിഫലിപ്പിച്ചുകൊണ്ട് ഉത്കൃഷ്ടവും മധുരമനോജ്ഞവുമായ ഒരു കാവ്യശില്പം രചിച്ച ആശാന്റെ സര്‍ഗ്ഗശക്തിയെയും അത്ഭുതകരമായ പ്രതിഭാവിലാസത്തെയും നാം എത്ര അഭിനന്ദിച്ചാലും അത് അധികമായിപ്പോകയില്ല.
‘കണ്ണേ മടങ്ങുക, കരഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതു താന്‍ ഗതി സാദ്ധ്യമെന്തു-
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!’
എന്നു പറഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിപ്പിക്കുന്നതെങ്കിലും നശ്വരമായ മര്‍ത്യജീവിതത്തെപ്പറ്റി അത്രയ്ക്ക് നിരാശപ്പെടേണ്ട കാര്യമില്ലെന്നും, ആശാന്‍ മറ്റൊരിടത്ത് നമ്മേ ഓര്‍പ്പിക്കുകയും ചെയ്യുന്നു.
‘ഉല്‍പ്പന്നമായതു നശിക്കും അണുക്കള്‍ നില്‍ക്കും,
ഉല്‍പ്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്‍പ്പത്തി ഓര്‍മ്മ ഗതിപോലെ വരും ജഗത്തില്‍
കല്‍പ്പിച്ചിടുന്നിവിടെയിങ്ങനെ യാഗമങ്ങള്‍’
അനര്‍ഘവും അപ്രമേയവുമായ സ്‌നേഹം തന്നെയാകുന്നു വീണപൂവിനെയും ഒരിക്കലും പൊലിയാത്ത നിത്യഭാസുരമായൊരു കമനീയ കാവ്യശില്‍പ്പമാക്കി തീര്‍ത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ സന്ദേശം നിരാശതയോ, വ്യര്‍ത്ഥതയോ അല്ല. പ്രത്യുത നിത്യതയിലേക്കുള്ള പ്രത്യാശ തന്നെയാകുന്നു!
വീണപൂവ് എന്ന അതിമനോഹരമായ ഈ കാവ്യം മലയാളികളുടെ അഭിമാനമാണ്. ഒരിക്കലും വാടാത്തതും സുഗന്ധം പരത്തുന്നതുമായ നിതാന്ത സുന്ദരമായ ഒരു പുഷ്പമായികാലാതിവര്‍ത്തിത്വത്തോടു കൂടി കൈരളിയെ എക്കാലവും അത് ആനന്ദിപ്പിച്ചുകൊണ്ടിരിക്കും. “A thing of beauty is a joy forever” എന്ന് കീറ്റസ് പറഞ്ഞു വെച്ചിട്ടുള്ളത് അനിഷേധ്യമായൊരു സത്യവുമാണല്ലോ.
തോമസ് ഫിലിപ്പ് റാന്നി
https://www.facebook.com/photo.php?fbid=609057656219052&set=a.107200743071415&type=3&theater&ifg=1
Image may contain: 2 people, text

0 comments:

Post a Comment