" പ്രസ്തുത ദിവസം പുലർന്നു . ഗുരുദേവൻ ചിന്താമഗ്നനായി കാണപ്പെട്ടു . ദിന കൃത്യങ്ങൾ പോലും ഓർമ്മിപ്പിക്കേണ്ടിയിരുന്നു. പ്രതിഷ്ഠയ്ക്കുദ്ദേശിച്ച പാറപ്പരപ്പിൽ എല്ലാം സജ്ജമായി .നേരം പാതിരാ യോടു സമീപിച്ചു . ഗുരുദേവൻ സ്നാനം ചെയ്യാൻ പുറപ്പെട്ടു . കൂടുതൽ താഴ്ചയുള്ളതായി കരുതപ്പെട്ടിരുന്ന ഒരു കയത്തിലാണ് ( ശങ്കരൻ കുഴി ) ഗുരുദേവൻ ഇറങ്ങി ച്ചെന്നത് . ആ ഭാഗത്താരും ഇറങ്ങാറില്ല. കാരണം ആ കുഴിയുടെ ആഴം കണ്ടവരില്ല .രണ്ടു മൂന്നു പേർ ആ കുഴിയിൽ മുമ്പ് മരണമടഞ്ഞിട്ടുണ്ട് . ശിഷ്യഗണങ്ങളുടെ തടസ്സങ്ങളൊന്നും സ്വാമി വകവച്ചില്ല. ഭക്തന്മാരുടെ സങ്കീർത്തനങ്ങളും മറ്റും മുഴങ്ങുന്നുണ്ട് . ചുരുക്കം ചില ശിഷ്യന്മാർ മാത്രം ഗുരുദേവൻ ഇറങ്ങിയ ഭാഗത്ത് ശ്രദ്ധിച്ചു നിൽക്കുന്നു . സമയം അതിക്രമിക്കുന്നു . അവിടുന്നു പൊങ്ങി വരുന്നില്ല. വിവരമറിഞ്ഞ പലരും ആ ഭാഗത്തു വന്നു നിൽപ്പായി , വിഷമിച്ചു പലരും മാറത്തു കൈവച്ചുപോയി . ഒരു വാക്കു പറയാൻ ആർക്കും നാവു പൊങ്ങുന്നില്ല . അരുവി മാത്രം ജയഭേരി മുഴക്കുന്നു . പലർക്കും പരിഭ്രമം പരമകാഷ്ഠയിലെത്തി .
അപ്പോൾ കാണാം സ്വാമികൾ വലതുകൈയ്യിലൊരു വിഗ്രഹം പൊക്കിപ്പിടിച്ച് , ഇടതു കൈ കായികാഭ്യാസികളുടെ പാടവത്തോടെ പായൽ പറ്റിയ പാറച്ചെരുവിൽ ഊന്നിപ്പൊങ്ങി പ്രത്യക്ഷനാകുന്നു . ആറ്റിൽ നിന്ന് അങ്ങനെ ഉദിച്ചു പൊങ്ങിയ ഭഗവാന്റെ മുഖം നേരേനോക്കുവാൻ എനിക്കു കഴിഞ്ഞില്ല . അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തിന്റെ തേജസ്റ്റ് . അതൊരു വികസിച്ച അരുണാരവിന്ദം പോലെയായിരുന്നു . കണ്ണുകളുടെ ദീപ്തി പറയാനാവതല്ല . പരമ ശാന്തതയ്ക്കു പകരം ആ മുഖത്ത് അത്യുജ്ജലമായ കാന്തിയാണ് കളിയാടിയത് . പൂജാസാമാനങ്ങൾ എടുത്തു കൊടുത്തതു ഞാനായിരുന്നു . അപ്പോഴൊന്നും ഗുരുദേവന്റെ മുഖത്തു നോക്കുവാനെനിക്കു ധൈര്യം വന്നില്ല.
ആ സമയത്ത് മുകളിലുള്ള ആകാശത്ത് ഒരു കാന്തി പ്രസരമുണ്ടായതു ഞാൻ സ്പഷ്ടമായിക്കണ്ടു . അതിപ്പോഴും എന്റെ ഓർമ്മയിൽ പുത്തനായിത്തന്നെയിരിക്കുന്നു .ആ പ്രഭയുടെ വിശേഷം ശിവലിംഗം പീ0ത്തിൽ ലയിച്ചുവെന്നുള്ളതാണ് . അതുറപ്പിക്കാൻ അഷ്ട ബന്ധം വേണ്ടി വന്നില്ല. ഇങ്ങനെയാണ് ഗുരുദേവൻ അവിടത്തെ അവതാരത്തിന്റെ അത്ഭുതാംശം വെളിപ്പെടുത്തിയത് . ഒരു ശനിയാഴ്ചയായിരുന്നു അന്നത്തെ ശിവരാത്രി . ആയിടയ്ക്കാണ് ഗുരു ശിവശതകം പൂർത്തിയാക്കിയത്
https://www.facebook.com/photo.php?fbid=590099521462218&set=a.111688645969977&type=3&theater&ifg=1
Posted in:
0 comments:
Post a Comment