Monday 28 January 2019

നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി

1825ൽ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഗുരുവിന്റെ നവോത്ഥാന വിപ്ളവത്തിന് വഴിയൊരുക്കി രക്തസാക്ഷിയായ മുൻഗാമിയാണ്.
തീണ്ടൽ, തൊടീൽ തുടങ്ങിയ ചാതുർവർണ്യ വ്യവസ്ഥകൾ നിലനിന്നിരുന്ന അന്നത്തെ കാലഘട്ടത്തിൽ, മൃഗതുല്യരായും അസംഘടിതരായും കഴിഞ്ഞിരുന്ന അവർണ സമുദായങ്ങളുടെ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി, അനീതികൾക്കെതിരെ പടപൊരുതിയ ധീരാത്മാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ഈ ഒറ്റയാൾ പോരാട്ടത്തിൽ, 49-ാം വയസ്സിൽ സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് ബലി കൊടുക്കേണ്ടിവന്നു.
ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിന്റെ കടലോര പ്രദേശമായ ആറാട്ടുപുഴ വില്ലേജിലെ ഏറ്റവും സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലായിരുന്നു വേലായുധപ്പണിക്കരുടെ ജനനം.
എല്ലാവർക്കും ആരാധന നടത്താവുന്ന ഒരു ശിവക്ഷേത്രം 1851ൽ ആറാട്ടുപുഴ മംഗലത്തു നിർമ്മിച്ചുകൊണ്ടാണ് വേലായുധപ്പണിക്കർ തന്റെ കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചത്. 1852ൽ മാവേലിക്കര കണ്ടിയൂർ മറ്റം വിശ്വനാഥ ഗുരുക്കളെ (അബ്രാഹ്മണൻ) കൊണ്ടാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിച്ചത്. വേലായുധപ്പണിക്കർ ശിവക്ഷേത്രം സ്ഥാപിച്ചതിൽ സവർണരിലെ ജാതിക്കോമരങ്ങൾ അരിശംകൊണ്ടെങ്കിലും വേലായുധപ്പണിക്കരെ എതിർക്കുവാനുള്ള തന്റേടം ആർക്കുമുണ്ടായില്ല.1858ലെ മേൽമുണ്ട് സമരമാണ് ഇതിനുശേഷമുള്ള ഒരു പ്രധാന സംഭവം. അക്കാലത്ത് അവർണ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു. ഒരു തുണ്ട് തുണികൊണ്ട് മാറുമറച്ച് കായംകുളം കമ്പോളത്തിൽ പോയ ഈഴവ യുവതിയുടെ മാറിൽ കിടന്ന തുണി വലിച്ചുകീറിയ സവർണർ അവളുടെ മാറിൽ വെള്ളമൊട്ട് പിടിപ്പിച്ചു വിട്ടു. ഇതറിഞ്ഞ് വേലായുധപണിക്കരും സംഘവും കമ്പോളത്തിലെത്തി ഈ ജാതിക്കോമരങ്ങളെ അടിച്ചു വീഴ്ത്തിയശേഷം മേൽമുണ്ടുകൾ വാങ്ങി വിതരണം ചെയ്തു.
1860ലെ മൂക്കുത്തി സമരമാണ് മറ്റൊരു വഴിത്തിരിവ്. പന്തളത്ത് ഒരു ഈഴവ യുവതി നാട്ടുനടപ്പ് ലംഘിച്ച് മൂക്കുത്തി ധരിച്ചു. കലി കയറിയ സവർണർ ഈ യുവതിയുടെ മൂക്കുത്തി വലിച്ചുപറിച്ച് നിലത്തിട്ട് ചവിട്ടി അരച്ചു. ഇതിന് പ്രതികാരം ചെയ്യാൻ ആറാട്ടുപുഴ വേലായുധപണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വർണമൂക്കുത്തികളുമായിട്ടാണ്.
1866ൽ കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു.
1874 ജനുവരി 8-ാം തീയതി രാത്രിയിൽ ഒരു കേസിന്റെ കാര്യത്തിനായി തണ്ടുവലിക്കുന്ന ബോട്ടിൽ വേലായുധപണിക്കർ കൊല്ലത്തേക്ക് യാത്ര തിരിച്ചതായിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. പണിക്കർ നല്ല ഉറക്കത്തിലായി കഴിഞ്ഞിരുന്നു. തണ്ടു വലിക്കാർ ബോട്ട് തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു കേവ് വള്ളത്തിലെത്തിെയ ചിലർ പണിക്കരെ ഒരു അത്യാവശ്യകാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ബോട്ടിൽ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കർ ശിക്ഷിച്ചു വിട്ടിരുന്ന മുൻ കാര്യസ്ഥൻ തൊപ്പിയിട്ട കിട്ടൻ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ബോട്ടിൽ കയറിയ തൊപ്പിയിട്ട കിട്ടൻ ഗാഢനിദ്ര‌യിലായിക്കഴിഞ്ഞ പണിക്കരുടെ മുന്നിൽ എത്തി. ആ തേജോ രൂപം കണ്ടപ്പോൾ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ കേസരിയുടെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. അങ്ങനെ പ്രശസ്തിയുടെയും കർമ്മശേഷിയുടെയും മൂർദ്ധന്യത്തിൽ 1874ൽ ജനുവരി 9നു ആറാട്ടുപുഴ വേലായുധപണിക്കർ എന്ന വിപ്ളവകാരി രക്തസാക്ഷിയായി.
ആലുംമൂട്ടിൽ എം. രാധാകൃഷ്ണൻ
(ആറാട്ടുപുഴ വേലായുധപണിക്കർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനാണ് ലേഖകൻ)
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2724449207694042/?type=3&theater&ifg=1

Image may contain: 2 people

1 comments:

ആ ദീപ്തസ്മരണയ്ക്കു മുമ്പിൽ പ്രണാമം!!!

Post a Comment