Monday 28 January 2019

നിസ്വാർത്ഥ കർമ്മവും മാനവികസ്പർശവും - കെ. ആർ. കിഷോർ

"അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു 
കൃപണധോന്മുഖനായികിടന്നു ചെയ്യൂ-
ന്നപജയ കർമ്മ മവന്നു വേണ്ടി മാത്രം"
- ആത്മോപപദേശശതകം- ശ്ലോകം 23
ശ്രീനാരായണ ഗുരു
( അഹർന്നിശം= രാപകൽ, കൃപണത = പിശുക്കു, സങ്കുചിതചിത്തം, കൃപാലു = ദയാലു, അപജയകർമ്മം = തോൽക്കാനുള്ള പ്രവൃത്തി)
അനുകമ്പയുള്ളവൻ അഥവാ ദയാലുവായ ഒരാൾ അപരനുവേണ്ടി യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പി ക്കാതെ, രാപകലില്ലാതെ നിർലോഭമായി, അനായാസമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ, പിശുക്കൻ അഥവാ സങ്കുചിതചിത്തനായ ഒരാൾ മുഖം കുനിച്ചു, അവനവനിലേക്ക് മാത്രം നോക്കി ക്കൊണ്ട് ഇടതടവില്ലാതെ വളരെ പണിപ്പെട്ടുചെയ്യുന്ന പ്രവൃത്തികൾ അവനുവേണ്ടിമാത്രമുള്ളതാണ്. ഇങ്ങനെ സ്വാർത്ഥമായ പ്രവൃത്തികൾ ചെയ്യുന്ന ലുബ്ധന്റെ പ്രവർത്തികൾ അവനെ നാശത്തിലേക്കാണ് നയിക്കുക, എന്നാൽ നിസ്വാർത്ഥമായ കർമ്മങ്ങൾ അമൂല്യങ്ങളായിരിക്കും. ഇതാണ് ഈ ശ്ലോകം പ്രത്യക്ഷമായി പറയുന്നത്.
സാമൂഹികമായ ലക്ഷ്യവും, നേട്ടവും നന്മയുമാകണം എല്ലാ കർമ്മത്തിന്റെയും ആത്യന്തിക ലക്ഷ്യമെന്നും, ആ നേട്ടം കൈവരിക്കാത്തതും നന്മയുളവാക്കാത്തതുമായ കർമ്മങ്ങൾ ക്ഷുദ്രവും, ക്ഷണികവും, ദുർബ്ബലവും ആണെന്നാണ് ഗുരുവിന്റെ ഈ വരികളിലെ വിവക്ഷ.
നിരവധിസങ്കീർണതകളും,വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിച്ചുകൊണ്ടാണ് ജീവിതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആ ജീവിതപ്രയാണത്തിൽ, എന്ത് ചെയ്യണം, എങ്ങനെപ്രവർത്തിക്കണം, ഏതാണ് ആത്യന്തികമായ കർമ്മഫലം എന്നെയൊക്കെയുള്ള സങ്കീർണ്ണതകൾ മനുഷ്യന്റെ മുന്നിൽ ചോദ്യങ്ങളുന്നയിക്കുമ്പോൾ, സാധാരണ മനുഷ്യൻ അസ്വസ്ഥരാവുക സ്വാഭാവികമാണ്. ഉത്തര ങ്ങൾക്കുവേണ്ടി അന്വേഷണമാരംഭിക്കുന്നവന് ക്രിയാത്മകവും, ഗുണകരവുമായ ഉത്തരങ്ങൾ നൽകു കയാണ് ഗുരു ചെയ്യുന്നത്.
മനുഷ്യനൊരു സാമൂഹിക ജീവിയാണെന്ന വസ്തുതയെ അംഗീകരിക്കാത്ത വ്യക്തിവാദങ്ങൾ കൊണ്ട് ദർശനം രൂപീകരിച്ച നിരവധി വീക്ഷണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ എല്ലാം സാമൂഹികമായ വീക്ഷണത്തിലൂടെ സമീപിക്കുമ്പോൾ മാത്രമാണ് ഓരോ പ്രവൃത്തിയുടെയും നന്മയും മേന്മയും നിര്ണയിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യത്തി ലാണ് ഗുരുദർശനം വികസിപ്പിക്കുന്നത്.
ഒരുവ്യക്തി, തന്റെസ്വാർത്ഥനേട്ടങ്ങളുടെ ലക്ഷ്യത്തിലേക്കു അനവരതം എത്രയും കഷ്ടപ്പെട്ട് പ്രവർത്തിച്ച്‌ മുന്നേറുമ്പോൾ, ആ നേട്ടങ്ങൾ അയാൾക്ക് മാത്രം, അല്ലെങ്കിൽ അയാളുടെ ഇടുങ്ങിയ ചുറ്റുവട്ടങ്ങളിലേക്കു മാത്രം ചുരുങ്ങിപ്പോവുകയുമാണ്.നന്മയും നേട്ടവും ഗുണങ്ങളും പരസ്പരം പങ്കുവെക്കണമെന്ന സാമൂഹികാടിസ്ഥാനദർശനമാണ് ഗുരു മുന്നോട്ട് വെക്കുന്നത്. ഒരാൾ ചെയ്യുന്ന ഏതുപ്രവർത്തനവും വിശാലമായ ലക്ഷ്യത്തി ലേക്കുള്ള യാത്രയാണെങ്കിൽ, അപരന്റെ നേട്ടമാണതിന്റെ ലക്ഷ്യമെങ്കിൽ, ആ പ്രവർത്തനം എല്ലാവരിലേക്കും വാപിക്കുകയും ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ആ പ്രവർത്തനം എത്ര ചെറുതാണെങ്കിലുംപോലും അത് വിപുലമാവുകയും മനുഷ്യസമൂഹ ത്തിന്റെ മൊത്തത്തിലുള്ള ഗുണത്തിനായി ഭവിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനം എത്രതന്നെ ആത്മാർത്ഥമായാലും, എത്രത്തോളം മനസ്സും ശരീരവും അർപ്പിച്ചാലും, നീണ്ടസമയവും അർത്ഥവും അതിനു വേണ്ടി അർപ്പിച്ചാലും, അതിന്റെ ലക്ഷ്യം നിങ്ങളുടെ സ്വാർത്ഥസുഖം മാത്രമാണെങ്കിൽ, ആ പ്രവൃത്തിയുടെ വ്യാപ്തം കുറയുകയും വികാസം ഇല്ലാതാവുകയും ആ കർമ്മം ആത്യന്തി കമായി പരാജയപ്പെടുകയും ചെയ്യുന്നു. കാരണം, സമൂഹത്തിനു ഗുണകരമല്ലാതെ ഇടുങ്ങിയ താൽപര്യമുള്ള ഏതു പ്രവർത്തിയുടെയും അനന്തരഫലം പരാജയമാണ്.
ഈ ഭൂമിയും പ്രകൃതിയും പ്രപഞ്ചവും ഏതെങ്കിലും വ്യക്തിയുടെ മാത്രം സ്വകാര്യസ്വത്തല്ല. ഈ ഭൂമി, കൃഷിയിടം, വാസസ്ഥലം, കടൽ, പുഴ, തടാകം, വഴികൾ, മലകൾ, പൂങ്കാവനങ്ങൾ ഒന്നും തന്നെ ആരുടേയും സ്വകാര്യ സ്വത്തല്ല. എല്ലാം മനുഷ്യനും ഈഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്. ഇനിയും ജനിക്കാനും ജീവിക്കാനുമുള്ളതാണ്. ഓരോരുത്തരും വര്ഷങ്ങള്ക്കു മുമ്പേ, ഇതെന്റെയെന്നും അത് നിന്റെയെന്നും പറഞ്ഞു അധികാരമുപയോഗിച്ചു, ബലം പ്രയോഗിച്ചു, കൈവശപ്പെടുത്തിയതാണ്. അങ്ങനെ സ്വകാര്യസ്വത്തിന്റെ ആവിര്ഭാവത്തോടയാണ്, സ്വകാര്യ ജീവിതവും സ്വകാര്യസന്തോഷങ്ങളും സ്വകാര്യസുഖങ്ങളും ആസ്വദിക്കാൻ മനുഷ്യൻ അമിതാസക്ത നാവുന്നതു. അതോടുകൂടി, കരുത്തുള്ളവൻ നേടുകയും,. ദുർബല വിഭാഗം കഷ്ടതകള നുഭവിക്കാനും തുടങ്ങി. ദുർബലന്റെ ദുരിതങ്ങൾക്കറുതി വരുത്താത്ത കർമ്മമാണ്‌ സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടിയുള്ള കർമ്മം. അതിൽ സ്വന്തം വ്യക്തിനേട്ടമേയുള്ളൂ. അതാണ്, സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി ഒരാൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് പരാജയമാവുമെന്നു ഗുരു തീർപ്പു കൽപ്പിക്കുന്നത്. ദുർബ്ബലനും പാർശ്വവത്കൃതനും നിരാലമ്പനും പാവപ്പെട്ടവനും ഈ ഭൂമിയിൽ അവശേഷിക്കുന്നിടത്തോളം കാലം, അവനു വേണ്ടിയല്ലാതെ ഏതെങ്കിലും കർമ്മം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പരാജയമാണ്. മറിച്ച്. അപരനന്മക്കു വേണ്ടിയുള്ള കർമ്മങ്ങൾ എത്ര ചെറുതായാലും അത് മഹത്തരകുമെന്നും ഗുരു പറയുന്നു.
https://www.facebook.com/photo.php?fbid=1831470303632098&set=a.161659353946543&type=3&theater&ifg=1
Image may contain: 1 person

0 comments:

Post a Comment