സ്കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തിന് അപരിചതമല്ല. ഏതു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്യ്രം ഇന്ത്യന്‍ ഭരണഘടന പൌരനു നല്‍കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പാഠഭാഗം ‘മതമില്ലാത്ത ജീവന്‍' എന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടു നടന്ന വിവാദം ഓര്‍ക്കുമല്ലോ. വലിയ പ്രക്ഷോഭങ്ങള്‍ക്കും നിരപരാധിയായ ഒരു അധ്യാപകന്റെ ദാരുണമായ കൊലപാതകത്തിനും അതു കാരണമായി.
എന്നാല്‍, സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനാധിപത്യപരമായ സംവാദമായി ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ മാറുന്നില്ല എന്നതു സങ്കടകരമാണ്. അതിന്റെ മുഖ്യ ഉദാഹരണമാണ് ഗുരുവുമായി ബന്ധപ്പെട്ടു വന്ന മേല്‍ പ്രസ്താവിച്ച പാഠഭാഗം കേരളത്തില്‍ ഒരു ചര്‍ച്ചയായില്ല എന്നത്. അങ്ങിങ്ങ് ഒറ്റപ്പെട്ട ചില പ്രസ്താവങ്ങള്‍ മാത്രമാണുണ്ടായത്. ഗുരുവിന്റെ കുത്തകാവകാശം ഏറ്റുവാങ്ങി നടക്കുന്ന എസ് എന്‍ ഡി പി നേതാക്കള്‍ പോലും കണ്ണടച്ചു കളഞ്ഞു. എങ്ങനെ കണ്ണടക്കാതിരിക്കും. സര്‍ സി.പി.യുടെ വിദഗ്ധമായ ഇടപെടല്‍ മൂലം ആ സംഘടന ചരിത്രത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയല്ലോ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാലം മുതല്‍ ഇന്ത്യയില്‍ സവര്‍ണ്ണ ഫ്യൂഡല്‍ പ്രമാണിത്തത്തിനും വൈദീക പൌരോഹിത്യ സംസ്കാരത്തിനും പോറലേല്‍ക്കുമ്പോള്‍ മാത്രമാണ് ധൈഷണിക പ്രക്ഷോഭങ്ങളുണ്ടാകുന്നത്. ഗുരുവിനെതിരായ തെററായ പരാമര്‍ശത്തില്‍ കേരളം എന്തുകൊണ്ട് കണ്ണടച്ചു? ഭാവി തലമുറക്കു മുന്നില്‍ ശ്രീനാരായണനെ താഴ്ത്തിക്കെട്ടുന്ന പ്രസ്താവനക്കെതിരെ എന്തുകൊണ്ട് സംവാദങ്ങള്‍ ഉണ്ടായില്ല?
ധൈഷണിക രംഗത്ത് ഒരു കാലത്ത് കേരളത്തിന്റെ അനിഷേധ്യ നേതൃത്വമായിരുന്ന ഗുരുശിഷ്യരുടെ കാലം കഴിഞ്ഞുവെന്ന് ഈ സംഗതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എഴുത്തച്ഛനുശേഷം കേരളം കണ്ട ഏറ്റവും വലിയ കവി, കേവലം നാലു പതിറ്റാണ്ടു നീണ്ട ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മപ്രപഞ്ചത്തെ സൌന്ദര്യാത്മകമായി വിവര്‍ത്തനം ചെയ്ത മഹാകവി എസ് എന്‍ ഡി പി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു എന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ആശയങ്ങളെ കെട്ടഴിച്ചുവിട്ട് സംവാദത്തിന്റെ കൊമ്പുപിടിച്ച് തന്റെ വഴിക്കു നടത്തിച്ചിരുന്ന സി വി കുഞ്ഞിരാമന്‍, ഗുരുവിന്റെ ജീവിതമന്ത്രം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയാക്കി മാറ്റിയ ടി കെ മാധവന്‍, നിവര്‍ത്തന പ്രക്ഷോഭകാലത്ത് വിഖ്യാതമായ കോഴഞ്ചേരി പ്രസംഗംകൊണ്ട് കേരളത്തിലെ അധസ്ഥിതന്റെ നട്ടെല്ലു നിവര്‍ത്തിയ സി കേശവന്‍, ജാതിക്കും മതത്തിനുമൊപ്പം ദൈവത്തെക്കൂടി തള്ളിക്കളഞ്ഞ ഗുരുവിന്റെ ഏറ്റവും വത്സലശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍. ഒരു യുഗം അവസാനിക്കുകയാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വേദികളിലും സദസ്സുകളിലും ചെല്ലുമ്പോള്‍ വായനയുടേയും ചിന്തയുടേയും അഭാവം വല്ലാതെ ബോധ്യപ്പെടുന്നു. അക്കങ്ങള്‍കൊണ്ട് ജീവചരിത്രമെഴുതാനുള്ള തത്രപ്പാടിലാണ് എല്ലാവരും.
അയ്യാ വൈകുണ്ഠസ്വാമികളുടെ ചരിത്രപരമായ പ്രാധാന്യം ഈ ലേഖകന്‍ ഒട്ടും കുറച്ചു കാണുന്നില്ല. ചാന്നാര്‍ ലഹളക്കും, മേല്‍ശീലാ കലാപത്തിനും കാരണമായ ആത്മീയോര്‍ജ്ജം അദ്ദേഹമാണ് തിരുവിതാംകൂറിന് പ്രധാനം ചെയ്തത്. ഈ മട്ടിലൊരു ചരിത്രാന്വേഷണം നടത്തിയാല്‍ നവോത്ഥാനത്തിന്റെ പ്രാരംഭകനെ വൈകുണ്ഠ സ്വാമികള്‍ക്കു മുന്‍പും അന്വേഷിക്കേണ്ടി വരും. കണ്ടെത്താനും കഴിയും. ഒരു സുപ്രഭാതത്തിലല്ലല്ലോ ഏതെങ്കിലുമൊന്ന് ആരംഭിക്കുന്നത്. അതുപോലെ ചട്ടമ്പിസ്വാമികളുടെ സാമുദായിക പരിഷ്കരണങ്ങളും ജീവിത ദര്‍ശനവും അനുപമമാണ്. ചട്ടമ്പിസ്വാമികളോ നാരായണഗുരുവോ ആരാണ് മുമ്പന്‍ എന്ന തര്‍ക്കത്തിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. ചരിത്രത്തിലൂടെ കടന്നു പോകുമ്പോഴെല്ലാം ഈ രണ്ട് മഹത് വ്യക്തികളും സമശീര്‍ഷരും പരസ്പരം ആദരിക്കുന്നവരുമായിട്ടാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പരസ്പരം വിമര്‍ശിക്കാനും പരിഹസിക്കാനും ഇരുവരും സ്വാതന്ത്യ്രമെടുത്തിട്ടുമുണ്ട്.
പക്ഷേ, കേരളീയ നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ സ്ഥാനം വേറിട്ടു തന്നെ അടയാളപ്പെടുത്തേണ്ടി വരും. ഗുരുക്കരുടേയും സന്യാസിമാരുടേയും കാര്യത്തില്‍ ഇന്ത്യ പൊതുവെ എന്നതുപോലെ കേരളവും സമ്പന്നമാണ്. എത്രയോ മട്ടിലുള്ള സന്യാസിമാര്‍. ഒന്നിനൊന്ന് വേര്‍തിരിഞ്ഞ നൂറു പുഷ്പങ്ങള്‍ പോലെ നമുക്കുണ്ട്. അഗാധ പണ്ഡിതരും സൂക്ഷ്മാന്വേഷികളും അക്കൂട്ടത്തിലുണ്ട്. സ്വാമി അഗ്നിവേശിനേപ്പോലുള്ള പ്രക്ഷോഭകാരികളുണ്ട്. ആത്മീയത വിറ്റ് കോടാനുകോടി സ്വത്തു സമ്പാദിച്ച ബാബാ രാംദേവിനേപ്പോലുള്ളവരുണ്ട്. അധികാരത്തിന്റെ ഇടനാഴിയില്‍ മാത്രം കണ്ടുവരുന്ന ചന്ദ്രസ്വാമിയേപ്പോലുള്ള ജനുസ്സുകളും.
ഈ സന്യാസി സമൂഹത്തില്‍ ശ്രീനാരായണന്‍ ആര്? എന്ത്? എന്ന സംഗതി നമ്മുടെ കുഞ്ഞുങ്ങള്‍ അറിയണം. കേരളം ശ്രീനാരായണഗുരുവിന് മുമ്പും പിമ്പും എന്ന മട്ടില്‍ കൃത്യമായി വേര്‍പിരിഞ്ഞതിന്റെ ചരിത്രം അവര്‍ പഠിക്കണം. അതു പഠിപ്പിക്കാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല, തലതിരിഞ്ഞ ഏതോ ഒരുവക താല്പര്യംകൊണ്ട് കുഞ്ഞുങ്ങളെ തെറ്റിദ്ധാരണയിലേക്ക് നയിക്കാനാണ് പാഠപുസ്തക കമ്മിറ്റി പരിശ്രമിച്ചത്.
ഇത്രയേറെ ദൂരവ്യാപകമായ ഒരു ജൈത്രയാത്രക്ക് കേരളത്തെ പ്രാപ്തമാക്കാന്‍ ഗുരുവിന് എങ്ങനെ കഴിഞ്ഞു എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ ചെറു ലേഖനത്തില്‍ ശ്രമിക്കുന്നില്ല. ഒന്നുമാത്രം പറയാം. അതുവരെയുള്ള ഗുരുക്കരെല്ലാം സമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീനാരായണഗുരു സമൂഹത്തെ പഠിക്കാനാണ് പരമാവധി പരിശ്രമിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ഒരുപക്ഷേ കേരളം കണ്ട ഏറ്റവും വലിയ വിധ്വംസക പ്രവര്‍ത്തിയായിരുന്നു അത്. ഇന്നും കേരളത്തിലെ സവര്‍ണ്ണ പൌരോഹിത്യം ആ നടപടി സഹിച്ചിട്ടില്ല. കാല്‍നൂറ്റാണ്ടിനുശേഷം കളവങ്കോടത്തുവെച്ച് വിഗ്രഹത്തിനു പകരം വെറുമൊരു കണ്ണാടി പ്രതിഷ്ഠിക്കുമ്പോള്‍ കേരളത്തിലെ നദികളില്‍കൂടി ഒരുപാട് വെള്ളം ഒഴുകി പോയ്ക്കഴിഞ്ഞിരുന്നു. കേരളത്തിലെ ജനസമൂഹം അത്രകണ്ട് വളര്‍ന്നിരുന്നു.
‘ഒരുപക്ഷേ നാളേറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് ക്ഷേത്രങ്ങള്‍ ആവശ്യമില്ലാതെ വരും. അന്ന് നാടൊട്ടുക്കു നടന്ന് ക്ഷേത്രങ്ങള്‍ പണിത ഒരാള്‍ എന്നു പറഞ്ഞ് കേരളീയര്‍ എന്നെ കുറ്റപ്പെടുത്തുമോ?' എന്ന് ഒരു ഘട്ടത്തില്‍ ഗുരു സന്ദേഹിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം ആത്മഗതം ചെയ്യുന്നു: 'ക്ഷേത്രങ്ങള്‍ എന്ന നിലയില്‍ നാം ഈ പണിയുന്നത് കെട്ടിടങ്ങള്‍ ആണല്ലോ. ഭാവികേരളത്തിന് ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആതുരാലയങ്ങളോ, വ്യാപാര സ്ഥാപനങ്ങളോ ആക്കി മാറ്റി ഉപയോഗിക്കാമല്ലോ.' ഇങ്ങനെ സമാശ്വാസംകൊള്ളുന്ന ഒരു സന്യാസിയെ ഇന്ത്യയിലെന്നല്ല ലോകത്തിലൊരിടത്തും ഒരാള്‍ക്കും വേറെ തിരഞ്ഞു കണ്ടെത്താനാവില്ല. അതായിരുന്നു ഗുരു. കേരളീയ നവോത്ഥാനത്തിന്റെ ഗുരു.
വിഗ്രഹങ്ങള്‍ എന്തിന്? ക്ഷേത്രങ്ങള്‍ എന്തിന്? അതിന്റെ യാതൊരാവശ്യവുമില്ല എന്ന് ബോധാനന്ദന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് ഗുരുസന്നിധിയില്‍ വെച്ചാണ്. ഗുരു നിശ്ശബ്ദനായി കേട്ടിരുന്നു. അനുയായികള്‍ ചോദിച്ചു. അങ്ങെന്താണ് നിശ്ശബ്ദനാകുന്നത്? അങ്ങ് നാട്ടില്‍ മുഴുവന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നു. അങ്ങയുടെ പ്രിയശിഷ്യന്‍ പറയുന്നു ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്ന്. ആരുടെ അഭിപ്രായമാണ് ശരി? ഗുരു പറഞ്ഞു: 'രണ്ടും ശരിയാണ്. ബോധാനന്ദന്‍ പറഞ്ഞത് വിജ്ഞരെ സംബന്ധിച്ചു ശരി. നാം പറയുന്നത് അജ്ഞരെ സംബന്ധിച്ച് ശരി.'
ഗുരു കളവങ്കോടത്തെത്തിയത് സാധാരണ മട്ടിലുള്ള ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തയ്യാര്‍ ചെയ്തു വെച്ചിരുന്നു. പ്രതിഷ്ഠാ സമയം കാത്ത് ഗുരു മുറിയില്‍ വിശ്രമിക്കുകയാണ്. അപ്പോള്‍ മുറിക്കു പുറത്ത് കുറേ യുവാക്കള്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. രണ്ടു ചേരിയായി നിന്ന് അവര്‍ വാദിക്കുകയാണ്. ഒരു കൂട്ടര്‍ പറയുന്നു: ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത് അന്ധവിശ്വാസമാണ്. മറ്റേ കൂട്ടര്‍ വാദിച്ചു: ക്ഷേത്രങ്ങള്‍ ആത്മായോല്‍ക്കര്‍ഷത്തിന് അത്യാവശ്യമാണ്. ഗുരു ആ സംവാദത്തില്‍ ഇടപെട്ടില്ല.
പ്രതിഷ്ഠക്കുള്ള മഹൂര്‍ത്തമായി. സംഘാടകര്‍ ഗുരുവിനെ വിളിച്ചു. അദ്ദേഹം അവരോട് ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?' ‘സംഘടിപ്പിക്കാം.' അവര്‍ പറഞ്ഞു.
അങ്ങനെ, പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹം മാറ്റിവെച്ച് ഗുരു കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരന്‍. നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക. അതു തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടാണ് ഇ മാധവന്‍ ‘സ്വതന്ത്ര സമുദായം' എഴുതിയത്. ഈഴവര്‍ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കണമെന്ന് ചേര്‍ത്തലയിലെ യുവജനസഭ എസ് എന്‍ ഡി പി യോട് പ്രമേയം മൂലം ആവശ്യപ്പെട്ടത് ആലപ്പുഴയില്‍ കേരളത്തിലെ ആദ്യത്തെ പൊതു പണിമുടക്ക് നടന്നത്. കളവങ്കോടത്തിനു തൊട്ടുള്ള വയലാറില്‍ ചെറുത്തു നില്‍പ്പിന്റെ വാരിക്കുന്തം ഉയര്‍ന്നത്.
അരുവിപ്പുറത്തെ പ്രതിഷ്ഠാ സമയത്ത് ഗുരുവിന്റെ കണ്ണു നിറഞ്ഞൊഴുകിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കളവങ്കോടത്തുവെച്ച് വിജ്ഞാനികളുടെ കേരളം ഉയര്‍ന്നു വരുന്നതു കണ്ട് ഗുരുവിന്റെ കണ്ണു നിറഞ്ഞു കാണും.
അശോകന്‍ ചരുവില്‍
കാട്ടൂര്‍.പി.ഒ
തൃശ്ശൂര്‍ ജില്ല
680702
phone. 9447618659, 9447755401, 04712447190
Source : http://www.nellu.net/component/content/article/225.html
0 comments:
Post a Comment