Friday, 23 August 2013

നാരായണ ഗുരു കേവലം ഒരു ഭൗതികവാദിയല്ല

ഡോ. ബി. അശോക്   [ Published on Thu, 08/22/2013 ]

ഇക്കഴിഞ്ഞ ദിവസം ശിവഗിരിയില്‍ നടന്ന വൈദിക താന്ത്രിക ശാസ്ത്രത്തെ സംബന്ധിച്ച സെമിനാറില്‍ ഞാനാദരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, വി.എസ്. അച്യുതാനന്ദനും ബിനോയ് വിശ്വവും നാരായണ ഗുരുദേവന്‍െറ താന്ത്രിക-വൈദിക നിലപാടുകളെ വിലയിരുത്തുകയുണ്ടായി. വൈദിക താന്ത്രിക മതത്തില്‍ യുക്തിചിന്തയുടെയും അവശരുടെ ഭൗതിക ഉന്നതിയുടെയും ഘടകങ്ങള്‍ സന്നിവേശിപ്പിച്ച് മധ്യകാലഘട്ടത്തിലെ ബുദ്ധമതത്തിന്‍െറ അപചയത്തിനുശേഷം നമ്മുടെ വൈദിക പാരമ്പര്യത്തെ സ്ഫുടീകരിച്ച മഹാ ഋഷിയായി (വിപ്ളവകാരിയായി) ഗുരുവിനെ ഇരുവരും വിലയിരുത്തുകയുണ്ടായി.

സമകാലീന സമൂഹത്തില്‍ ശ്രീനാരായണീയരിലുള്‍പ്പെടെ ഉയര്‍ന്നുവരുന്ന പൗരോഹിത്യത്തിലും ഗര്‍വിലും ധൂര്‍ത്തിലും സ്വാഭാവികമായും മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഈ സോഷ്യലിസ്റ്റ് നേതാക്കള്‍ ആശങ്കയും രേഖപ്പെടുത്തി. വി.എസിന്‍െറ ഭാഷയില്‍, അരുവിപ്പുറത്ത് സ്വയം മുങ്ങിയെടുത്ത ‘പാറക്കഷണത്തില്‍’ ഈശ്വരീയത സന്നിവേശിപ്പിച്ചുകൊണ്ട് സാമ്പ്രദായിക വൈദിക പാരമ്പര്യത്തെയാകെ ഗുരു നിഷേധിക്കുകയും ചൂഷണാത്മകമായി അതു സൃഷ്ടിച്ച് നിലനിര്‍ത്തിയിരുന്ന വൈദികസമൂഹത്തിന്‍െറ ഉച്ചനീചത്വങ്ങളെ അട്ടിമറിക്കുകയും ചെയ്തു. മതത്തിന്‍െറ പേരില്‍ നടക്കുന്ന ചൂഷണങ്ങളുടെ തിരസ്കാരവും മതത്തിന്‍െറ ഭൗതിക വിമോചനത്തിലുമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെഊന്നല്‍.

‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന’ എന്ന ഗുരുവചനം ഗുരുവിന്‍െറ ഭൗതികാവശ്യങ്ങളോടുള്ള ദൈവികശാസ്ത്രകാരന്‍െറ ഉറച്ച അനുകൂല നിലപാടായും വ്യാഖ്യാനിക്കപ്പെട്ടു. ഗുരുവിന്‍െറ വിമോചന ശാസ്ത്രം കേരളത്തില്‍ നല്ല വേരോട്ടം നേടിക്കൊടുത്തത് ഇടതുപക്ഷ രാഷ്ട്രീയത്തിനാണെന്നും നിഗമനമുണ്ടായി.
എന്നാല്‍, ഗുരുവിനെ ഭൗതികരംഗത്തെ ഉച്ചനീചത്വങ്ങള്‍ക്കും സമൂഹത്തിലെ അധികാരക്രമം മാറ്റുന്നതിനും ഒക്കെ ഉപകരിച്ച ഒരു കേവല ഭൗതിക വിമോചകനായി (Liberator) കാണുന്നത്, ഗുരുവിനെക്കുറിച്ചുള്ള പരിമിതമായ വിലയിരുത്തലായിപ്പോകും എന്നാണ് ഞാന്‍ ഭയക്കുന്നത്. അദ്ദേഹം ആത്മാന്വേഷിയും ഈശ്വര സാക്ഷാത്കാരം മാത്രം ലക്ഷ്യമിട്ടയാളുമായിരുന്നു. ഗുരുവിന്‍െറ ഭൗതികതയിലുള്ള എല്ലാ ഇടപെടലും സന്ദര്‍ഭവശാല്‍ ഉരുത്തിരിഞ്ഞുവന്ന നിയോഗസമാനമായ യാദൃച്ഛികതകളാണ്. ഗുരുവിന്‍െറ ഉന്നത വിദ്യാഭ്യാസം മുഴുവന്‍ അതിഭൗതികതയിലാണ്. സാമൂഹിക വിമര്‍ശത്തിലൂടെയും പ്രതികരണപരമായ വര്‍ധിത കോപത്തിലൂടെയും സംഘടനയിലൂടെയും സമരത്തിലൂടെയും സാമൂഹികമാറ്റത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയുമല്ല ഗുരുദേവന്‍ തന്‍െറ ദര്‍ശനം സ്വായത്തമാക്കുന്നത്. ഗുരുദേവന്‍െറ ‘ശ്രീകൃഷ്ണദര്‍ശന ശ്ളോകം’ മുതല്‍ പിള്ളത്തടത്തില്‍ അദ്ദേഹം ധ്യാനിച്ച് ആത്മസാക്ഷാത്കാരം നേടിയ ബാലസുബ്രഹ്മണ്യ മന്ത്രത്തിലൂടെ സഞ്ചരിച്ച് കുണ്ഡലിനിപ്പാട്ട് വരെ മനനം ചെയ്ത് നോക്കൂ. എവിടെയാണ് ഭൗതിക അസമത്വത്തോടോ സാമൂഹിക വ്യവസ്ഥയോടോ ഉള്ള പ്രത്യക്ഷ പ്രതിഷേധം. ഒരു ഭൗതികാവസ്ഥയോടും അദ്ദേഹം പ്രതികരിക്കുന്നുമില്ല, പ്രതിഷേധിക്കുന്നുമില്ല.
പിന്നീടുള്ള ഉപദേശശ്ളോകങ്ങള്‍ മാറ്റി വെച്ചാല്‍ ആധികാരിക കൃതികള്‍ മുഴുവന്‍ ആത്മീയാന്വേഷണം മാത്രമാണ്. ഭൗതികമായ അന്വേഷണമേയല്ല ഗുരുവിന്‍െറ രീതി. അവധൂതനായി അലഞ്ഞിരുന്നപ്പോള്‍ ഗുരു ജാതിമതഭേദമില്ലാതെ സമൂഹത്തിലെ അവശതയില്‍ അനുകമ്പ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

1888ലെ അരുവിപ്പുറം പ്രതിഷ്ഠ നിശ്ചമായും നവ കേരളത്തിന്‍െറ ആധ്യാത്മികമായ പുന$പ്രതിഷ്ഠയാണ്. കേരളം സാമൂഹികശാസ്ത്രപരമായി ഊന്നുന്ന ആണിക്കല്ലാണ് അരുവിപ്പുറത്തെ ആ ‘പാറക്കഷണം.’ ഇത്തരം ഒരു അപൂര്‍വ പ്രതിഷ്ഠയില്‍ അന്നത്തെ വൈദികര്‍ ചെയ്തുപോന്നിരുന്ന ക്രൂരമായ മൃഗബലികളൊക്കെ ഗുരു എന്നേക്കും തുടച്ചുനീക്കി. മുഹൂര്‍ത്തം നോക്കിയില്ളെങ്കിലും മികച്ച സമയത്താണ് ഗുരു പ്രതിഷ്ഠ നടത്തിയത്. ‘ഇളനീരും മിഴിനീരും’ കൊണ്ടാണ് ഗുരു പ്രതിഷ്ഠകളില്‍ ശിലകളെ ഉണര്‍ത്തി ഈശ്വരചൈതന്യം കുടിയിരുത്തുന്നത്.
ഇതൊക്കെ ഭൗതികവാദത്തിന്‍െറ തലത്തില്‍ നടക്കുന്ന വിശകലനങ്ങളെ പരിമിതപ്പെടുത്തുന്ന കാര്യങ്ങളാണ്. ഹിന്ദു മതത്തിന്‍െറ ബിംബകല്‍പനകള്‍ പലപ്പോഴും സമത്വദര്‍ശികളെ കുഴക്കാറുണ്ട്. താന്ത്രികരീതിയിലെ അടിസ്ഥാന ശിലകള്‍, ഉദാഹരണത്തിന് ‘ഐം, ഹ്രീം, ശ്രീ’ എന്ന ബീജാക്ഷരങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു, ‘ഓം’ എന്ന സംജ്ഞയുടെയും ‘പരിശുദ്ധ ട്രിനിറ്റിയുടെയും ക്രിസ്തീയതയിലെ അര്‍ഥതലങ്ങളെന്ത്, പ്രവാചകനും മലക്കുകളും വിശ്വാസിയും അല്ലാഹുവും തമ്മിലുള്ള ബന്ധമെന്ത് തുടങ്ങിയ അന്വേഷണങ്ങളിലൊന്നും അവര്‍ അധികം മുന്നേറാറില്ല. ഇവിടെ അവര്‍ ദൈവശാസ്ത്രം പഠിക്കാന്‍ മിനക്കെടില്ല. ഉപനിഷത്തുക്കളും ബ്രാഹ്മണങ്ങളും വേദപുസ്തകവും നബിവചനവും പൂര്‍ണമായും അപഗ്രഥിക്കാറുമില്ല. ക്രിസ്തുമതത്തില്‍ തന്നെ ചേര്‍ക്കാന്‍ വന്ന പാതിരിമാരോട് ‘നാം ആ മതത്തില്‍ മുമ്പേ ഉള്ളതാണല്ളോ’ എന്നു പുഞ്ചിരിച്ചതും ‘പരമേശപവിത്ര പുത്രനെയും മുത്തു നബിയെയും’ കാരുണ്യത്തിന്‍െറയും അനുകമ്പയുടെയും സാക്ഷാത്കര്‍ത്താക്കളായി ഗുരു ‘അനുകമ്പാദശകത്തില്‍’ കണ്ടതും ഭൗതികവാദത്തിലൂന്നുന്ന വ്യാഖ്യാതാക്കള്‍ ഗുരുവില്‍ കാണാറില്ല. ഊന്നല്‍ ‘മനസ്സിലാക്കലിലും’ ‘അനുകമ്പ’യിലുമാണ്. മാറ്റത്തിലല്ല, ശക്തിയിലല്ല, ‘കരുണ’യിലാണ് ഗുരുവിന്‍െറ ഊന്നല്‍. ‘മതം’മാറ്റമല്ല, ‘മനം’മാറ്റമാണ് അദ്ദേഹത്തിന്‍െറ ലക്ഷ്യം.

‘ദൈവദശക’ത്തിലെ ‘അന്നവസ്ത്രാദി മുട്ടാതെ’ ഗുരുവിന്‍െറ ‘അപ്പത്തിന്‍െറ’ പ്രശ്നത്തോടുള്ള പ്രായോഗിക പ്രതികരണമായി ഭൗതികവാദികള്‍ പലപ്പോഴും എടുത്തുപറയാറുണ്ട്. എന്നാല്‍, നാലു ഖണ്ഡിക താഴെ വരുന്ന ‘നീയല്ളോ മായയും... മായയെ നീക്കി സായുജ്യം നല്‍കുമാര്യനും’ അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കും. ഉപനിഷത്തുക്കളും പിന്നീടെത്രയോ കഴിഞ്ഞ് ക്രിസ്തുവിനും നബിതിരുമേനിക്കുമുണ്ടായ തിരുവെളിപാടുകളുടെ തലത്തിലാണ് ഗുരു ചിന്തിക്കുന്നതും സ്വന്തം പ്രവൃത്തിയെ ചിട്ടപ്പെടുത്തുന്നതും.

ഗുരുവിന്‍െറ ഭൗതികനിഷേധം അദ്ദേഹത്തിന്‍െറ ഗദ്യ പ്രാര്‍ഥനയിലുണ്ട്. ‘നാം ശരീരമല്ല, അറിവാകുന്നു’ എന്നു ഗുരു പറയുന്നു. ഭൗതികവാദി ഇതിനെയെങ്ങനെയാണ് സമീപിക്കുക? ഗുരുവിനെ ഇ.എം.എസ് വിലയിരുത്തുന്നത് ശ്രദ്ധിക്കൂ: ‘ഗുരു നടത്തിയത് നൂറിലധികം ക്ഷേത്രങ്ങളുടെ സ്ഥാപനമാണ്. എന്നാല്‍, അവയില്‍ വളര്‍ന്നത് സമത്വവും ഭൗതിക-ആധുനിക വിദ്യാഭ്യാസവും പുരോഗതിയുമാണ്; അന്ധവിശ്വാസവും അനാചരണവുമല്ല. ഗുരു പ്രവര്‍ത്തിച്ചത് ആത്മന്‍െറ അന്വേഷണത്തിലാണ്. എന്നാല്‍, സമുദായത്തിനെ അത് മോചിപ്പിച്ചു. കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തെ-ഇടതു പക്ഷത്തെ മുഖ്യമായും അത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വളക്കൂറുള്ള മണ്ണൊരുക്കി.’

ഒന്നിനെ അന്വേഷിക്കുക; മറ്റൊന്ന് കണ്ടത്തെുക. കണ്ടത്തെിയത് മറ്റൊന്നായതുകൊണ്ട് സമൂഹം ഗുരുവിന്‍െറ ദര്‍ശനത്തെ ഭാഗികമായി മാത്രമേ ഉള്‍ക്കൊണ്ടു എന്നേ കരുതാനാവൂ. ദാര്‍ശനികന്‍െറ പരിമിതിയല്ല, ദര്‍ശനം തേടിയവരുടെ പരിമിതിയാണ് കാണുന്നത്. നയിച്ചവന്‍െറയല്ല പ്രശ്നം, നയിക്കപ്പെട്ടവരുടേതാണ്. ‘അപ്പത്തില്‍’ പലരുടെയും അന്വേഷണം നിലച്ചുപോയി എന്നേയുള്ളൂ.

ഗുരു വാസ്തവത്തില്‍ ഹിന്ദു മതത്തിലെ അവര്‍ണരെയല്ല സംഘടിപ്പിച്ചത്. അവരെ അകറ്റിനിര്‍ത്തി മതം സുഖഭോഗ സൗകര്യമാക്കി സമൂഹത്തെ ആകെ വക്രീകരിച്ചിരുന്ന ശക്തികളുടെ കണ്ണിലെ തിമിരപാടയാണ് ഗുരു സ്വന്തം കണ്ണുനീരാല്‍ കഴുകിയകറ്റിയത്. ഇതുപോലെ ആരാധനാലയത്തെ കച്ചവടത്തുരുത്താക്കിയ പുരോഹിതവര്‍ഗത്തെയാണ് ക്രിസ്തു അടിച്ചോടിക്കുന്നത്. അവിടെയുള്ള ബലി മൃഗങ്ങളെ സ്വതന്ത്രരാക്കുന്ന അനുകമ്പയുടെ ചാട്ടവാര്‍ അടിയാണിത്. മനുഷ്യരാശിയെ മോചിപ്പിച്ചതിന് കുരിശില്‍ തറക്കപ്പെട്ട ക്രിസ്തു തന്നെ പീഡിപ്പിച്ചവരെയോര്‍ത്താണ് വ്യാകുലനാവുന്നത്. നാജിറയിലെ പള്ളി ഇസ്ലാമികമല്ലാത്ത ആരാധകര്‍ക്കുകൂടി തുറന്നിട്ടുനബി തിരുമേനി വിശ്വാസിയുടെ അറിവില്ലായ്മ അകറ്റാനാണ് പരമകാരുണികനോട് പ്രാര്‍ഥിക്കുന്നത്.
പ്രാഥമികമായും വിശ്വാസപ്രപഞ്ചത്തിലെ ‘ഭേദചിന്ത’ മാറ്റി ക്ഷേത്രത്തെയും ബിംബത്തെയും മനുഷ്യരാശിക്കാകെ അനുഭവവേദ്യമാക്കിയ സനാതനിയായ ‘അദൈ്വതി’യാണ് ഗുരു നാരായണന്‍. ഗുരു തുറന്നുതന്ന ഉല്‍കൃഷ്ടമായ അറിവിന്‍െറ പ്രപഞ്ചമാണ് കേരളത്തിലെ ഭൗതിക വാദിയുടെപോലും കരുത്തായ ആത്മീയ കാതല്‍. മണ്ഡലകാലത്ത് ഇരുമുടി കെട്ടി അയ്യപ്പന്മാരാകുന്ന കമ്യൂണിസ്റ്റുകളും പൊങ്കാലക്കാലത്ത് ഭഗവതിസേവക്കാരാവുന്ന സോഷ്യലിസ്റ്റുകളും, ഹജ്ജ് ചെയ്യുന്ന ഇടതു പക്ഷക്കാരും കുര്‍ബാന ചെയ്യുന്ന മാര്‍ക്സിസ്റ്റുകളും കേരളത്തിലുണ്ടാവുന്നത് അവരുടെ കാപട്യമോ ഇരട്ടത്താപ്പോ അധീരതയോ അല്ല. അവര്‍ സമത്വ ദര്‍ശനം തരാത്തതു തിരയുകയാണ്. ശരീരത്തിന്‍െറ വിശപ്പുകള്‍ക്കപ്പുറമുള്ള ആത്മീയ ഭാഗം അവര്‍ തീര്‍ക്കുകയാണ്. ലോകത്തിന്‍െറ തിരക്കിലെ ഒറ്റപ്പെടല്‍ അവര്‍ അനുഭവിക്കുന്ന ഒരു തരം സ്വയം സ്ഫുടം ചെയ്യാന്‍ ‘സ്വാമി ശരണം’ എന്ന് ആര്‍ത്തുവിളിക്കുന്നതും പതിനെട്ടാം പടി കയറുന്നതും ‘അമ്മേ ശരണം’ എന്നു ആറ്റുകാലില്‍ ആര്‍ത്തലക്കുന്നതും അതേ വ്യക്തി വൈകീട്ട് ഉശിരോടെ ‘ഇന്‍ക്വിലാബ്’ സിന്ദാബാദ് എന്നു വിളിച്ച് പ്രകടനം നടത്തുന്നതും ഒരു പരസ്പര വൈരുധ്യവുമുള്ള പ്രവൃത്തികളല്ല. രണ്ടും രണ്ടു മണ്ഡലത്തിലുള്ള മനുഷ്യന്‍െറ ധ്യാനങ്ങളാണ്, രണ്ടു പ്രാര്‍ഥനകളാണ്, വയറിനും മനീഷക്കും ഉള്ള വേറിട്ട ചികിത്സകളാണ്. രണ്ടു കുറവുകള്‍ക്ക് രണ്ടു മരുന്നുകള്‍ ഒന്നിച്ച് കഴിക്കുന്നു എന്നേയുള്ളൂ.

ഡോ. ബി. അശോക്   (കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ )
Source : http://www.madhyamam.com/news/241219/130822

0 comments:

Post a Comment