Thursday 15 August 2013

ശിവഗിരി മഠം സ്ഥാപിച്ച കാലത്ത് ഗുരുദേവ൯ നല്കിയ ഈ ഉപദേശം കുമാരനാശാ൯ 1083 (1907) ചിങ്ങം 13 - ാം തീയതി പ്രസിദ്ധപെടുത്തി.

മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് സുഖത്തെയാണ്. ലൌകികമായും വൈദികമായും നടത്തപ്പെട്ടുവരുന്ന എല്ലാ സഭകളുടെയും പരമാവധിയും ഇതു തന്നെ. ക്ഷണഭംഗുരങ്ങളായ വിഷയസുഖങ്ങളെക്കാള്
മനുഷ്യാത്മാവിന് അധികം പ്രിയം കാണുന്നത് സുചിരമായി, ശാശ്വതമായി, വിളങ്ങുന്ന സുഖത്തിലാണ്. ഇതിനെ ലക്ഷീകരിച്ചു കൊണ്ടു മനുഷ്യാത്മാവ് ഒരു മഹത്തായ യാത്ര ചെയ്യുകയാണ്. ഒരോ സമുദായങ്ങള് എത്ര കണ്ട് ആന്തരമായ പരിഷ്കാരത്തെ പ്രാപിക്കുന്നുവോ അത്രകണ്ട് ഈ സുഖ പ്രാപ്തിയുടെ അളവും ഭേദപ്പെട്ടുകൊണ്ടിരിക്കും.
ശാരീരികമായും മാനസികമായും ആത്മീയമായുമുള്ള സ൪വ ശ്രേയസ്സുകളും ഒരു സമുദായത്തിനു വന്നു ലഭിക്കുന്നതില് സമുദായാംഗങ്ങളുടെ മതനിഷ്ഠയും സദാചാരവും വലുതായി സഹായിക്കുന്നതാണ്. ഇവയെ സമുദായത്തിലുള്ള എല്ലാ വരുത്തിക്കൂട്ടുവാ൯ ആരാധനസ്ഥങ്ങളും ക്ഷേത്രങ്ങളും വളരെ ഉപയുക്തമാണെന്നു കണ്ടു വരുന്നു. എന്നാല് അവയെല്ലാം ഉണ്ടാകുന്നതിനു സമുദായാംഗങ്ങളുടെ ധനസംബന്ധമായ അഭ്യുദയവും അത്യന്താപേക്ഷിതമാകുന്നു. ഇതിനു കൃഷി, കച്ചവടം, സാങ്കേതിക വിദ്യാഭ്യാസം മുതലായവ പരിഷ്കരിച്ചിരിക്കേണ്ടതാണ്. ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. വാസ്തവത്തില് ഒരേ ഉദ്ദേശ്യത്തോടെ പ്രവ൪ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവ൪ത്തിയാല് ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യ സമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാ൯ ആത്മീയമായും ലൌകികമായും ഉള്ള സ൪വ്വവിധ ഏ൪പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്.


കടപ്പാട് : ശ്രീനാരായണ ഗുരു വചനാമൃതം

0 comments:

Post a Comment