ഗദ്യപ്രാര്‍ത്ഥന സാധാരണ ജനത്തിന്റെ ആവശ്യത്തിലേക്ക് ഗുരു എഴുതിയിരിക്കുന്ന പ്രാര്‍ത്ഥനയാണ്. ഭജനത്തിനും മനനത്തിനും ഇത് ഉപകരിക്കും. ഇതിലൂടെ ഈശ്വരദര്‍ശനം സാധ്യമാകുന്ന ധ്യാനത്തിലേക്ക് കടക്കാന്‍ സാധിക്കും. ആത്മീയാന്വേഷണത്തിലൂടെ ഈശ്വരാന്വേഷണവും ഭൗതികതലത്തിലെ തന്റെ ദുഃഖ ദുരിതകാരണവും പരിഹാരവും ഇവിടെ അന്വേഷണ വിഷയമാണ്.
ദൈവദശകത്തിലെ ഒന്നൊന്നായ് എണ്ണിയെണ്ണി എന്ന വരികള്‍ ഓര്‍ക്കുക. ഗദ്യപ്രാര്‍ത്ഥനയിലും അന്വേഷണം ആരംഭിക്കുന്നത്‌് കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂഷ്‌മം കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു എന്ന വരികളിലൂടെയാണ്. കാണപ്പെടുന്ന ജഡരൂപം സ്ഥൂലവും അതിനുള്ളിലുള്ള സങ്കല്‌പരൂപം സൂക്ഷ്‌മവും ആ സങ്കല്‌പരൂപത്തിന് അപ്പുറമുള്ള അവ്യക്തരൂപം കാരണവും അണ്. സങ്കല്‌പരൂപം മനസ്സ് ബുദ്ധിയെന്നിവയും അവ്യക്തരൂപം അതിനെ അതിക്രമിക്കുമ്പോഴുള്ള നിരാകാര സ്വരൂപവുമാണ്. അത് ബ്രഹ്മസ്വരൂപമാണ്. ശരീരാന്ധര്‍ ഭാഗത്ത് വസിക്കുന്ന പരമാത്മസ്വരൂപം ബുദ്ധിമനസ്സുകളിലൂടെയാണ് പ്രപഞ്ചത്തെ അനുഭവിക്കുന്നത്. ശുദ്ധജഡത്തില്‍ സങ്കല്‌പരൂപവും അവ്യക്തരൂപവും അന്തര്‍ലീനമായിക്കിടപ്പുമുണ്ട്. മൂന്നിന്റേയും സൂക്ഷ്‌മതലം വിവേചിച്ച് അറിയുമ്പോള്‍ മൂന്നും അവ്യക്തരൂപമായ നിരാകാരസ്വരൂപത്തില്‍നിന്ന് ഉണ്ടായി അതില്‍തന്നെ ലയിക്കുന്നതാണ് എന്ന് അറിയാന്‍ സാധിക്കുന്നു. അതാണ് പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍ ലയിക്കുന്നതാണ് എന്നു പറഞ്ഞിരിക്കുന്നത്.
അപ്പോള്‍ പരമാത്മാവല്ലാതെ മറ്റ് എന്തുണ്ട്. ആത്മോപദേശ ശതകത്തില്‍ ....നിലമോട് കാറ്റുതീയും വെളിയും അഹംകൃതി വിദ്യയും മനസ്സും അലകളും ആഴിയുമെന്നുവേണ്ട എല്ലാവുലകും ഉയര്‍ന്ന് അറിവായി മാറിടുന്നു.......... എന്ന ഭാഗം ശ്രദ്ധിക്കുക......
വിഷയ വാസനകളാണ് പാപകര്‍മ്മങ്ങളില്‍ പെടുത്തുന്നത്. കാമക്രോധാദികള്‍ ബുദ്ധിയെ നയിക്കുമ്പോള്‍ പാപം ജനിക്കുന്നു. പരമാത്മസ്വരൂപം അറിവാണ്. അറിവ് പ്രകാശമാണ് അറിവായ പ്രകാശസ്വരൂപം ബുദ്ധിയെ തെളിയിച്ച് സ്വാത്ത്വികമായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പാപങ്ങളെ ഉണ്ടാക്കുന്ന വിഷയവാസനകള്‍ നശിക്കുകതന്നെ ചെയ്യും. തിരിച്ചു വരാന്‍ പാടില്ലാത്തവിധം നശിക്കും എന്നതിനെ സൂചിപ്പിക്കാനാണ് വറുത്തുകളയുന്ന എന്ന് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ധ്യാനിക്കേണ്ട സ്വരൂപം അറിവായിരിക്കുന്ന ഈ ആത്മസ്വരൂപത്തിനെയാണ്. ആ ധ്യാനം പരമാനന്ദം അനുഭവിക്കാന്‍ ഇടവരുത്തുന്നതുമാണ്. അതിന് പരമാത്മസ്വരൂപത്തിന്റെ അനുഗ്രഹത്തിനായി ആദ്യം വിനയാന്വിതരായി യാചിക്കുന്നു.(ഉണ്ടാകേണമേ..... ed sഎന്ന്. വിനയം ഇല്ലെങ്കില്‍ അറിവുമില്ല. അനുഗ്രഹവുമില്ല. ഇന്ന് വിദ്യസമ്പന്നരില്‍ നഷ്‌ടമായിരിക്കുന്നതും അതാണ്).
ഇനി ചില സത്യങ്ങളെ തിരിച്ചറിയുകയാണ്. നാം മാംസചക്ഷുസുകൊണ്ട് കാണുന്നതൊന്നും സത്യമായിട്ടുള്ളതല്ല. ശരീരം ത്യജിക്കേണ്ടിവരുന്നു. അത് ജീര്‍ണ്ണിച്ച് നാശമടയുന്നു. അതും സത്യമല്ല. ഇതെല്ലാം സ്വപ്‌നത്തില്‍ എന്നപോലെയാണ്. ഇപ്പോള്‍ എനിക്ക് ബോധ്യമാവുന്നു ഞാന്‍ ശരീരമല്ല പരമാത്മസ്വരൂപമായ അറിവാണ് എന്ന്. ആ ആത്മസ്വരൂപം ഈ നശ്വര ശരീരത്തെ സ്വീകരിച്ചതാണ്. ശരീരം ഉണ്ടാകുന്നതിനു മുമ്പും (ജഡവസ്‌തുക്കള്‍ ഉണ്ടാകുന്നതിനുമുമ്പും) ഞാന്‍ എന്ന ആത്മസ്വരൂപം ഉണ്ടായിരുന്നു. അത് അറിവായി പ്രകാശിച്ച് അനശ്വരമായി നിലനില്‍ക്കും. അങ്ങനെയുള്ള പരമസത്യം സാക്ഷാത്‌കരിച്ചപ്പോള്‍ എനിക്ക് മരണമില്ല, ജനനം ഇല്ല, ദാരിദ്ര്യം, രോഗം ഭയം ഇതൊന്നുമില്ല. ഈ മഹത്തായ അറിവ് എന്നില്‍ ഉണര്‍ത്തിയത് പരമാത്മസ്വരൂപമാണ്. അതിന് നാശമില്ലാത്തതുകൊണ്ട് എന്നില്‍ ഉണര്‍ത്തിയ ആ വാക്കും നാശമില്ലാത്തതാണ്. അതിനെ എന്റെ ഭൗതിക-സുഷുപ്‌തി അവസ്ഥകളില്‍ സ്‌മരിക്കാന്‍ സാധിക്കുമാറാകേണമേ. അങ്ങനെ സ്‌മരിക്കുമ്പോള്‍ പരമാത്മസ്വരൂപന്‍ ബുദ്ധിയില്‍ വിളങ്ങിനില്‍ക്കും. അപ്പോള്‍ എന്നില്‍ വിഷയവാസന ഉണ്ടാവുമെങ്കില്‍ അത് അറിവായ ആ സ്വരൂപം കവര്‍ന്ന് ഇല്ലാതാക്കും. എനിക്ക് പരമാനന്ദം അനുഭവമാകും. ഈ ശരീരത്തില്‍ ഇരുന്ന് നീ എന്നില്‍ അര്‍പ്പിച്ച കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് ശരീരം ത്യജിക്കുന്നതുവരെ ഷഡ്‌വൈരികളുടെ അക്രമത്തില്‍നിന്ന് രക്ഷിച്ച് ശരീരം ത്യജിക്കുമ്പോള്‍ നിന്നില്‍ അസ്‌പന്ദമാകാന്‍, വിലയം പ്രാപിക്കാന്‍ നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകുമാറാകേണമേ.
ശരീരത്തില്‍ കുടിപാര്‍ത്തിരിക്കുന്ന പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുകയാണ്. ഇവിടെ വിഷയവാസനകളാണ് മനുഷ്യനെ ദുഃഖദുരിതത്തിലകപ്പെടുത്തി മാര്‍ഗ്ഗഭ്രംശം വരുത്തുന്നത്.ഈ കൃതി ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ച് മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഇന്നും ഇങ്ങനെതന്നെ ഗ്രഹിച്ച് വശമാക്കിയിരിക്കുന്നു. ഇതിലെ തെറ്റുകള്‍ ഞാന്‍ സ്വയം സ്വീകരിക്കുന്നു. എന്നും എല്ലാം ലളിതമായി പഠിക്കാനാണ് എനിക്ക് താല്‌പര്യം. നിങ്ങള്‍ക്ക് ഇത് ഗ്രഹിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
0 comments:
Post a Comment