Friday 16 August 2013

സത്യവ്രതസ്വാമികള്‍

1893-ല്‍ ചങ്ങനാശ്ശേരി താലൂക്കിലെ മാമ്പുഴക്കരയിലെ ഒരു നായര്‍ തറവാട്ടില്‍ ജനിച്ച അയ്യപ്പന്‍ പിള്ള ജാതിചിന്തകള്‍ക്കൊപ്പമാണ്‌ വളര്‍ന്നത്‌. 1916 ല്‍ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ആലുവായിലെത്തി. അതുവരെ ജാതിചിന്തയും സവര്‍ണ്ണ മേധാവിത്വവും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ അദൈ്വതാശ്രമത്തില്‍ വിശ്രമിക്കുന്നതായി അറിഞ്ഞ്‌ ആശ്രമത്തിലേക്ക്‌ ചെന്നു. 

ആ തേജോമയമായ രൂപം ദര്‍ശിച്ചതോടെ തന്റെ അന്തരംഗത്തില്‍ ഒരു അഭൗമശക്തി പ്രവഹിക്കുന്നതായി തോന്നി. വെളുത്ത്‌ ദൃഢഗാത്രനായ അയ്യപ്പന്‍പിള്ള ഗുരുസന്നിധിയില്‍ ഭവ്യതയോടെ നിന്നു. ആഗതന്റെ മനോഭാവം അറിഞ്ഞ ഗുരു അടുത്തുവിളിച്ച്‌ കുശലപ്രശ്‌നങ്ങള്‍നടത്തി. പിന്നെ അവിടെനിന്നും പോവാന്‍ മടിയായി. പോയാല്‍ പിന്നെയും വരാമല്ലോ എന്ന്‌ അര്‍ത്ഥഗര്‍ഭമായി പറഞ്ഞ്‌ ഗുരു അയ്യപ്പന്‍പിള്ളയെ യാത്രയാക്കി.

ചങ്ങനാശ്ശേരിയിലെ വിട്ടില്‍ചെന്നെങ്കിലും അയ്യപ്പന്‍പിള്ളയുടെ മനസ്സ്‌ ആലുവായിലെ ഗുരുവിന്റെ സമീപത്തുതന്നെയായിരുന്നു. അമ്മയോട്‌ അനുവാദം വാങ്ങി അയ്യപ്പന്‍പിള്ള വീട്‌ ഉപേക്ഷിച്ച്‌ യാത്രയായി. ഗുരുസമക്ഷം എത്തിയ അയ്യപ്പന്‍ പിള്ളയെ അദൈ്വതാശ്രമം സംസ്‌കൃത പാഠശാലാ അധ്യാപകനായി നിയോഗിച്ചു.

1918 ല്‍ ഗുരുദേവന്‍ സിലോണ്‍ സന്ദര്‍ശിച്ചവേളയില്‍ അയ്യപ്പന്‍പിള്ളയും ഒപ്പംപോയി. ശ്രീനാരായണ സിദ്ധാന്തങ്ങള്‍, മതപരിഷ്‌കരണം, ഏകമതം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍നടത്തി. അങ്ങനെ സിലോണില്‍വച്ച്‌ ഗുരുദേവന്‍ അയ്യപ്പന്‍പിള്ളയെ സത്രവ്രതന്‍ എന്ന്‌ നാമകരണം ചെയ്‌തു. കുറേക്കാലം സിലോണില്‍ ഗുരുദേവന്റെ കല്‌പനപ്രകാരം കഴിഞ്ഞു. 1923ല്‍ ആലുവ അദൈ്വതാശ്രമം സെക്രട്ടറിയായി കേരളത്തിലുടനീളം സഞ്ചരിച്ച്‌ ശ്രീനാരായണ ധര്‍മ്മം പ്രചരിപ്പിക്കുകയായിരുന്നു നിയോഗം. ഇക്കാലത്ത്‌ ടി.കെ.മാധവനെ പരിചയപ്പെടുകയും മദ്യവര്‍ജ്ജനം, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശം തുടങ്ങിയ സമരങ്ങളില്‍ നേതൃത്വം വഹിച്ചു.

1925 ലെ വിജയദശമിദിവസം ഗുരുദേവന്‍ തന്റെ പിന്‍ഗാമിയായി ബോധാനന്ദസ്വാമിയെ അഭിഷേകം ചെയ്‌തു. ആ ധന്യമുഹൂര്‍ത്തത്തില്‍ ഗുരു ശിഷ്യരെയെല്ലാം കാവിവസ്‌ത്രം നല്‍കി സന്യാസിദീക്ഷയേറ്റുവാങ്ങാന്‍ ക്ഷണിച്ചു. സത്യവ്രതന്റെ ഊഴമെത്തി. സത്യവ്രതന്‌ കാവിവേണ്ട. സത്യവ്രതന്‌ കാവി അകത്താണ്‌. എന്നുപറഞ്ഞ്‌ ഗുരു തന്റെ സന്യാസിശിഷ്യന്‌ തുടര്‍ന്നും വെള്ളവസ്‌ത്രം ധരിക്കാന്‍ അനുമതിനല്‍കി.

1924 ല്‍ ആലുവായില്‍ നടന്ന സര്‍വ്വമതസമ്മേളനത്തില്‍ സത്യവ്രതസ്വാമികളുട സംഘാടനപാടവം തെളിഞ്ഞു. സമ്മേളനത്തിന്റെ ആമുഖമായി നടത്തിയ സ്വാഗതപ്രസംഗം ഏവരുടെയും മുക്തകണ്‌ഠ പ്രശംസക്ക്‌ പാത്രമാക്കി. പരോപകാരവും സാമൂഹ്യസേവനവുമായിരുന്നു സത്യവ്രതന്റെ പ്രവര്‍ത്തനമേഖല. പരിചിതരേയും അപരിചിതരേയും ഒരുപോലെ സഹായിക്കുക അദ്ദേഹത്തിന്‌ വ്രതംപോലെയായിരുന്നു.

ഒരിക്കല്‍ അമ്മയെകാണാന്‍ സത്യവ്രതസ്വാമികള്‍ നാട്ടിലെത്തി. അന്ന്‌ ഒരിക്കല്‍ വഞ്ഞിമറിഞ്ഞ്‌ വെള്ളത്തില്‍ വീണുപോയവരെ രക്ഷിക്കാന്‍ സ്വാമി പുഴയില്‍ ചാടി ധാരാളംപേരെ രക്ഷപെടുത്തി. അന്ന്‌ ജ്വരബാധയുണ്ടായത്‌ വകവയ്‌ക്കാതെയായിരുന്നു ഈ പ്രവര്‍ത്തി. ഇത്‌ ജ്വരം വര്‍ധിപ്പിച്ചു. വൈദ്യന്മാര്‍ക്കും ഡോക്‌ടര്‍മാര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 1927 ല്‍ അദ്ദേഹം മഹാസമാധിയായി. സത്യവ്രതന്‍ സത്യവ്രതനായിത്തന്നെ ജീവിച്ചുമരിച്ചു എന്നാണ്‌ ഗുരു ആ വിയോഗമറിഞ്ഞ്‌ മൊഴിഞ്ഞത്‌


കടപ്പാട് :  ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment