Sunday, 25 August 2013
കോട്ടും ടൈയും ധരിച്ച കെര്‍ക്ക് സന്യാസി
കൂനൂരിലെ ആശ്രമത്തിലേക്ക് കടന്നുചെല്ലുകയാണ് ഗുരു നിത്യചൈതന്യയതി. ആശ്രമത്തിലെ ആചാര്യന്‍ സ്വാമി ഏണസ്റ്റ് കെര്‍ക്കിനെ കാണുകയാണ് ഉദ്ദേശ്യം. തല മുണ്ഡനം ചെയ്ത് കാവി ഉടുത്ത ഒരു സായ്പ് ഇപ്പോള്‍ ഇറങ്ങിവരുമെന്ന് കരുതി. പക്ഷേ, കണ്ടത് കോട്ടും ടൈയും പാന്റ്‌സും ഷൂസുമൊക്കെ ധരിച്ച ഒരാള്‍. സായ്പാണെങ്കിലും വീട്ടിലിരിക്കുമ്പോള്‍ ടൈ കെട്ടുമോ? ജീവിതകാലം മുഴുവന്‍ ഒരു മുണ്ടും തോര്‍ത്തും മാത്രം ധരിച്ചുനടന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ഇത്ര ആര്‍ഭാടമായി സദാസമയവും ഒരുങ്ങിയിരിക്കുന്നത് ശരിയാണോ? ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്. എല്ലാറ്റിനും ഉത്തരമെന്നതുപോലെ സായ്പ് പറഞ്ഞു: ഇതെന്റെ ഗുരുസ്മരണയാണ്. പിന്നെ അതിഥിയോട് അക്കഥ വിശദീകരിച്ചു അദ്ദേഹം.
ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.
പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍.
സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.
ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.
തെക്കോട്ടുള്ള യാത്രയില്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി വര്‍ഷങ്ങള്‍ താമസിച്ചു. ആര്യസമാജത്തിലും ബ്രഹ്മസമാജത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നെ തിരുവണ്ണാമലയിലെ നിത്യമൗനത്തെ തേടിയിറങ്ങി. ആയിരക്കണക്കിന് ജ്യോതിര്‍ലിംഗങ്ങളാല്‍ നിറഞ്ഞ തിരുവണ്ണാമലയില്‍ ഇരുന്ന് പുഞ്ചിരിക്കുന്നു രമണമഹര്‍ഷി. അദ്ദേഹം വീണ്ടും തെക്കോട്ട് വിരല്‍ചൂണ്ടി. ആ ചൂണ്ടുവിരലിന്റെ ദിശ പിന്തുടര്‍ന്ന് എത്തിയത് ശിവഗിരിയില്‍.
കെര്‍ക്ക് എത്തിയ ഇടയ്ക്ക് ശിവഗിരി ഒരു അപൂര്‍വ വിവാഹത്തിന് വേദിയായി. കൊല്ലം പരവൂര്‍ സ്വദേശിയായ കരുണാകരന്‍ എന്ന ഗുരുഭക്തന്‍ തൊഴില്‍തേടി ജര്‍മ്മനിയില്‍ പോയി. അവിടെവച്ച് മാര്‍ഗരറ്റ് എന്ന യുവതിയുമായി പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ ശ്രമിച്ച ഇവരെ ബന്ധുക്കള്‍ എതിര്‍ത്തു. കടല്‍കടന്നുള്ള യാത്രപോലും മതാചാരപ്രകാരം നിഷിദ്ധമായ കാലത്ത് അന്യമതസ്ഥയും അന്യനാട്ടുകാരിയുമായ യുവതിയുമായി വിവാഹം ആലോചിക്കാനേ വയ്യ. വീട്ടുകാര്‍ ഉപേക്ഷിച്ചു. അവര്‍ അഭയം തേടി എത്തിയതാണ് ശിവഗിരിയില്‍. രണ്ടു സംസ്‌കാരങ്ങള്‍ ഏകമാകുന്ന കാര്യമല്ലേ, നമുക്ക് നടത്തിക്കളയാം എന്നായിരുന്നു ഗുരുമൊഴി. ശാരദാമഠത്തിന്റെ മുന്നില്‍ വിവാഹചടങ്ങുകള്‍ ആരംഭിച്ചു. ഇരുവര്‍ക്കും ഗുരു വരണമാല്യം എടുത്തുനല്കി. കെര്‍ക്കിന് ഈ ചടങ്ങോടെ ഒരു കാര്യം ബോധ്യമായി, താന്‍ അന്വേഷിച്ചു നടന്ന പൂര്‍ണ്ണപ്രജ്ഞനായ ഗുരു ഇതുതന്നെ. നവദമ്പതികളെ ആശീര്‍വദിച്ചുകൊണ്ട് രണ്ടുവാക്ക് പറഞ്ഞാല്‍ കൊള്ളാമെന്നുതോന്നി. പക്ഷേ അക്കാര്യം മനസ്സില്‍ ഒളിപ്പിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ ശബ്ദമുയര്‍ന്നു.
സായ്പ് രണ്ടുവാക്ക് പറയും,അപ്പോള്‍ എല്ലാം ഭംഗിയാകും. തന്റെ മനോഗതം ഗുരു അറിഞ്ഞിരിക്കുന്നു. അത് കെര്‍ക്കിന് വലിയ അത്ഭുതമായി. ആംഗലഭാഷയില്‍ കെര്‍ക്ക് ഗുരുവിന്റെ വിശാലവീക്ഷണത്തെക്കുറിച്ചും സന്യാസത്തിന്റെ പരിശുദ്ധിയില്‍ ഗുരു നിര്‍മിക്കുന്ന നവലോകക്രമത്തെക്കുറിച്ചും അദ്ദേഹം കുറഞ്ഞ വാക്കുകളില്‍ ഘനഗംഭീരമായി സംസാരിച്ചു. ശ്രീനാരായണധര്‍മസംഘം രൂപീകരിച്ചപ്പോള്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗമായി ഏണസ്റ്റ് കെര്‍ക്ക്. കെര്‍ക്കിന്റെ വിശ്വവിജ്ഞാനവും പാശ്ചാത്യചിന്താഗതികളും അവര്‍ണ്ണവിഭാഗത്തിന്റെ സമഗ്രപുരോഗതിക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നാണ് ഗുരു ആലോചിച്ചത് .
കടപ്പാട് : അജി ദിവാകര്‍
(sources _ Gurukula face book page)
1 comments:
ഏതു എറണാസ്ടോ ആണെങ്കിലും കിര്‍ക്കന്‍ ആണെങ്കിലും ക്രിസ്ത്യാനിയായി ജനിച്ചു എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.അവർണ ഹിന്ദുക്കൾ മുതൽ ഹിന്ദു രാജാക്കന്മാർ വരെ വിദ്യാഭ്യാസം മേടിച്ചത് ക്രിസ്ത്യാനികൾ വേർതിരിവില്ലാതെ അത് നല്കാൻ തയാറായത് കൊണ്ടാണ് ,ഏറ്റവും വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞൻമാർ പോലും അടിയുറച്ച ക്രിസ്ത്യാനികൾ ആയിരുന്നു.ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാടാര് സ്ത്രീകള്ക്ക് മാറ് മറയ്ക്കുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊണ്ട് 1859 –ല് മാറ് മറയ്ക്കല് സമരം മിഷനറിമാർ വിജയകരമായി പൂര്ത്തിയാക്കുമ്പോള് ശ്രീനാരായണഗുരു കേവലം 4 വയസ്സ് പ്രായമുള്ള ബാലന് ആയിരുന്നു.ഈ നാട് സമ്പൂര്ണത സാക്ഷരത കൈവരിക്കാന് സഹായകരമായത് ക്രിസ്ത്യന് മിഷനറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവര്ത്തനനങ്ങളാണ്. കൃസ്ത്യന് പാതിരിമാര് നടത്തിയ സാമൂഹ്യ മാറ്റം വിപ്ലവകരമാണ്. അവരെ നന്ദിയോടെ സ്മരിക്കാതെ മലയാളി അക്ഷരം പഠിക്കുന്നത് പോലും നന്ദികേടാണ്.ഈ ബ്ലോഗിൽ ഈഴവന്റെ ഇന്നത്തെ സാമൂഹ്യ ഉയർച്ചക്ക് കാരണക്കാരായ ക്രൈസ്തവ മിഷനറിമാരെ സ്മരിച്ചു കണ്ടില്ല .
Post a Comment